19 July 2008
കൈക്കൂലി - ആര്‍. രാധാകൃഷ്ണന്‍1987 -ലെ സംഭവം . എഞ്ചിനീയറിംഗ് ബിരുദം കഴിഞ്ഞ് പാലക്കാട്ടെ കേന്ദ്ര ഗവ. സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡില്‍ ടെസ്റ്റിനും ഇന്റര്‍വ്യൂനുമായി സ്വദേശമായ ഹരിപ്പാട്ടു നിന്ന് ബസ്സില്‍ പാലക്കാട്ടെത്തി. ട്രെയിന്‍ യാത്ര വളരെ കുറച്ചു മാത്രമേ ചെയ്തിട്ടുള്ളൂ. ടെസ്റ്റും ഇന്റര്‍വ്യൂവും കഴിഞ്ഞപ്പോള്‍ സമയം വൈകുന്നേരം ഏഴു മണി കഴിഞ്ഞു. ടെസ്റ്റ് പാസ്സായി ഇന്റര്‍വ്യൂവും കഴിഞ്ഞതല്ലേ? ഇത്തവണ ട്രെയിനില്‍ തിരിച്ച് പോകാം എന്ന് സ്വയം തീരുമാനിച്ചു- ഒറ്റക്ക് ഈ ടെസ്റ്റും പാസ്സാകുമോ എന്ന് നോക്കാം. തിരിച്ചു പോകാന്‍ ട്രെയിന്‍ ഏതെങ്കിലും കിട്ടുമോ എന്നറിയാന്‍ അവിടെ ടി.എ. തന്ന ഉദ്യോഗസ്ഥനോട് ചോദിച്ചു. കണ്ണൂര്‍ ഡീലക്സ് ഉണ്ടല്ലോ എന്ന മറുപടി. 'കണ്ണൂര്‍ ഡീലക്സ്' എന്ന ഒരു മലയാള സിനിമയും അതിലെ പാട്ടും കേട്ടിട്ടുള്ളതല്ലാതെ അത് പാലക്കാട് വഴിയാണോ എന്ന തീര്‍ച്ചയൊന്നുമില്ലാത്തതിനാല്‍ നേരിട്ട് റെയില്‍വേ സ്റ്റേഷനിലേക്ക് തിരിച്ചു. റയില്‍വേ സ്റ്റേഷന്‍ ചോദിച്ചപ്പോള്‍ പാലക്കാട്, ഒലവക്കോട് എന്നീ രണ്ട് സ്റ്റേഷനുകള്‍ എന്നെ വീണ്ടും കണ്‍ഫ്യൂഷനാക്കി. ദീര്‍ഘ ദൂര ട്രെയിനുകള്‍ കടന്നു പോകുന്നത് ഒലവക്കോട് എന്ന പാലക്കാട് ജംഗ്ഷനാണെന്നും മറ്റേത് മീറ്റര്‍ ഗേജുകള്‍ മാത്രമായ പാലക്കാട് ടൌണാണെന്നും ഒന്നും അന്നറിയില്ലല്ലോ - അവസാനം ഒലവക്കോട് ടിക്കറ്റ് കൌണ്ടറിലെയാളോട് ക്ലാസ്സ് എറണാകുളം ടിക്കറ്റ് ചോദിച്ചപ്പോള്‍ ഏതു ട്രെയിനിലാണ് എന്ന മറുചോദ്യം- 'കണ്ണൂര്‍ ഡീലക്സ്' എന്ന എന്റെ ഉത്തരം കേട്ടപ്പോള്‍ അയാള്‍ പറഞ്ഞു. അത് ഇതു വഴിയല്ല. ഷൊര്‍ണ്ണൂര്‍ വഴിയാണ് കണ്ണൂരില്‍ നിന്നും വരുന്നത്. വീണ്ടും കണ്‍ഫ്യൂഷന്‍- അയാള്‍ ഉപായം പറഞ്ഞു തന്നു- കൂടെ ടിക്കറ്റും തന്നു എറണാകുളത്തിന്. ഇവിടെ നിന്ന് പാസഞ്ചറില്‍ ഷൊര്‍ണ്ണൂരില്‍ ഇറങ്ങുക. ഡിലക്സ് രാത്രി വൈകിയേ അവിടെ എത്തൂ. ട്രെയിന്‍ യാത്ര പതിവാക്കുന്ന ഞാന്‍ അങ്ങിനെ കൂട്ടുകാരാരുമില്ലാതെ ഒറ്റയ്ക്ക് ആദ്യമായി യാത്ര തുടങ്ങി. എറണാകുളം ടിക്കറ്റ് എടുത്ത ഞാന്‍ ജനറല്‍ കംപാര്‍ട്ട്മെന്റിലെ തടി സീറ്റിലിരുന്ന് ഉറങ്ങിപ്പോയി. കാരണം യാത്രയുടെ ആദ്യപടി വിജയിച്ച് ഇരിക്കുകയല്ലേ? എറണാകുളം കഴിഞ്ഞ് പിറവം ആയപ്പോഴാണ് ഉണര്‍ന്നത്. അപ്പോള്‍ എനിക്ക് പേടിയായി.ഇപ്പോള്‍ ഞാന്‍ ഇരിക്കുന്നത് 'കണ്ണൂര്‍ ഡീലക്സിലല്ല' - ഒരു കള്ള വണ്ടിയിലാണ്. (VKN) കഥയിലെ പോലെ പിറവം കഴിഞ്ഞപ്പോഴാണ് ഞാന്‍ കയറിയത് 'കള്ള വണ്ടി'യിലാണെന്ന് മനസ്സിലായത്. എറണാകുളം വരയേ ടിക്കറ്റുള്ളൂ- ഇനി എന്താ ചെയ്യുക? അടുത്തിരുന്ന യാളോട് സഹായം ചോദിച്ചു. അയാള്‍ പറഞ്ഞു- "പേടിക്കണ്ട കോട്ടയം രാവിലെ 4 മണിയോടെ എത്തും. അവിടെ നിന്ന് ഇത്തിരി മുന്നോട്ട് ട്രാക്കിലൂടെ നടന്നാല്‍ ടിക്കറ്റ് എക്സാമിനറെ വെട്ടിച്ച് പുറത്തു കടക്കാം. ആളുകള്‍ അതു വഴി പോകുന്നത് കണ്ടിട്ടുണ്ട്"- ആ കള്ള വണ്ടിയില്‍ നിന്ന് കോട്ടയത്ത് ഞാനിറങ്ങി. ആദ്യമായി ഒരു കള്ളന്റെ മുഖഭാവത്തോടെ. ട്രാക്കിലൂടെ നടന്നപ്പോള്‍ സഹയാത്രികന്റെ വഴി പറച്ചില്‍ ശരിയാണെന്ന് തോന്നി. പക്ഷെ ഇരുട്ട് - ആരുമില്ല കൂടെ. അപ്പോഴാണ് പിറകില്‍ നിന്നൊരു പിടി വീഴുന്നത്- റെയില്‍വേ പോലീസ് ! യഥാര്‍ത്ഥമായ കാര്യങ്ങള്‍ അയാളോട് അവതരിപ്പിച്ചെങ്കിലും ഇരുട്ടത്ത് അയാളുടെ മുഖം കാണാന്‍ കഴിയുമായിരുന്നില്ല. പക്ഷേ എന്റെ കൈയ്യിലെ അയാളുടെ പിടിയുടെ ശക്തിയില്‍ അതു ഏറ്റില്ല എന്നെനിക്ക് ബോധ്യമായി. ഞാന്‍ ടിക്കറ്റ് എടുത്തു കാണിക്കാനായി ഇടത്തെ കയ്യ് പോക്കറ്റിലെക്ക് കൊണ്ടുപോയപ്പോള്‍ പോലീസുകാരന്‍ എന്റെ മറ്റെ കയ്യിലെ പിടി വിട്ടു. അപ്പോഴാണ് എന്റെ common sense പ്രവര്‍ത്തിച്ചത്. ഏതു പോലീസുകാരനും ഒരു കൈക്കൂലി പ്രതീക്ഷിക്കുന്നു എന്ന സാധാരണ ജ്ഞാനം. എന്റെ കയ്യില്‍ തടഞ്ഞ രൂപ ഇരുട്ടത്ത് അയാളുടെ കയ്യില്‍ വച്ചുകൊടുത്തപ്പോള്‍ അയാള്‍ എന്നോട് പറയുകയാണ് - ദാ, ഇടതുവശത്ത് ഇരുമ്പ് വേലി പൊളിഞ്ഞത് കണ്ടോ- അതിലൂടെ അപ്പുറത്ത് ഇറങ്ങിയാല്‍ മതി. പ്രൈവറ്റ് ബസ്സ് കിട്ടും- പോക്കറ്റിലെ രൂപ വെറും 5 രൂപയായിരുന്നെന്നും പിന്നീട് എനിക്ക് മനസ്സിലായി. ഇരുട്ടത്ത് ആ പോലീസുകാരനെ ഞാനോ അയാള്‍ക്ക് എന്നെയോ തിരിച്ചറിയാന്‍ സാധിച്ചില്ല- അങ്ങിനെ ജീവിതത്തില്‍ ആദ്യത്തെ 5 രൂപ കൈക്കൂലി മുഖം ഇല്ലാത്ത പോലീസുകാരന് വഴി പറഞ്ഞു തരാന്‍ കൊടുത്തു- ഇത്തരം എത്ര വഴികള്‍ എത്രയോ ആളുകള്‍ എത്രയോ പേര്‍ക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്- ഇരുട്ടത്തും വെളിച്ചത്തും- ഇപ്പോഴും - Labels: r-radhakrishnan |
1 Comments:
ഒരു കണക്കിന് അറിയാതിരിയ്ക്കുകാ നല്ലത്.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്