18 October 2008
പ്രണയത്തിന് വില പതിനായിരം രൂപ - ഭാഗം 1 - റഫീക്ക് വടക്കാഞ്ചേരി1995-1998 "പ്രണയത്തിന്‍ മുല്ലേ... കണ്ണിമ ചിമ്മാതെ ഞാനിരുന്നിട്ടും.. എപ്പോഴാണു നീ ഞാനറിയാതെ പൂത്തത്..." കോളേജിന്റെ മുന്നിലുള്ള വിജയേട്ടന്റെ ചായ ക്കടയില്‍ വച്ച് മജ്നുവിന്റെ കടലാസ് കെട്ടില്‍ നിന്നും ഈ നാലു വരി ക്കവിത കണ്ടെടുക്കുമ്പോള്‍ എനിക്ക് ഉറപ്പായിരുന്നു ഇത് എഴുതിയതു മജ്നു അല്ല എന്ന്. കുടുംബ പരമായി അവര്‍ എഴുത്തുകാരാണ്, പക്ഷെ അത് കഥയും കവിതയും എഴുതുന്ന തരം എഴുത്തല്ലെന്നു മാത്രം, ആ പാരമ്പര്യമനുസരിച്ച് മജ്നു എഴുതിയാല്‍ ഈ കവിത ഇങ്ങനെ ആവും. "189/1920 നമ്പരിലുള്ള ടി വസ്തുവില്‍ തെക്കു പുഴയും വടക്കു റോഡും അതിരു നിശ്ചയിച്ച ഒന്നരേക്കര്‍ ഭൂമിയില്‍, മേല്‍ വിശദമാക്കിയ ടി മുല്ല, കരാറുകാരന്‍ കണ്ണിമ ചിമ്മാതെ കാത്തിരുന്നിട്ടും ഒന്നാം കക്ഷിയുടെ അറിവോ സമ്മതമോ കൂടാതെ പൂത്തിരിക്കുന്നു." അതെ ആധാരം എഴുത്ത്, പ്രമാണം എഴുത്ത്, ഇതൊക്കെയാണ് അവര്‍ പാരമ്പര്യമായി ചെയ്യുന്നത്. അതു കൊണ്ട് മജ്നു കവിത യെന്ന അബദ്ധം കാണിക്കാന്‍ വഴിയില്ല. മജ്നു ഇപ്പോള്‍ കോളെജില്‍ പഠിക്കുന്നില്ല. ഡിഗ്രിക്ക് പ്രൈവറ്റായി ചേര്‍ന്നു. ഒപ്പം പിതാവിന്റെ എഴുത്തില്‍ അസിസ്റ്റന്റ് നിയമനവും ആയി. ഇടക്ക് പഴയ കൂട്ടുകാരെ സന്ദര്‍ശിക്കാനാണ് കോളെജിലെക്കുള്ള ഈ വരവ്. പക്ഷെ ഞങ്ങളെ കാണാനെന്ന പേരിലുള്ള ഈ വരവിന്റെ പിന്നില്‍ ഇതു വരെ റിലീസ് ചെയ്യാത്ത ഒരു പ്രണയം ഉണ്ടോ എന്ന സംശയം അവിടെ കൂട്ടുകാരില്‍ ചിലര്‍ ഉയര്‍ത്തിയിരുന്നു. എന്തായാലും നാലു വരി ക്കവിതയുടെ രൂപത്തില്‍ മജ്നുവിനെ കയ്യോടെ പൊക്കിയിരിക്കുന്നു. വിജയേട്ടന്റെ കടയിലെ ചായ തണുത്തു തുടങ്ങി. എന്തു പറയണം എന്നറിയാതെ മജ്നു എന്നെ തന്നെ നോക്കി ഇരിക്കുകയാണ്. ഞങ്ങള്‍ ചായ ക്കടയില്‍ നിന്നും ഇറങ്ങി നടന്നു. കോളേജിനു പുറത്ത് റോഡിലേക്ക് തണല്‍ വിരിച്ച മാവിന്റെ തണുപ്പില്‍ ഞാന്‍ ഇരിപ്പുറപ്പിച്ചു. മജ്നു റോഡില്‍ മലര്‍ന്നു കിടന്നു. ഞാനോര്‍ത്തു ഇവന്‍ ചെമ്മീന്‍ ഫെയിം പരീക്കുട്ടിക്കു പഠിക്കുകയാണോ എന്ന്. ഒരു ദയനീയമായ പ്രണയം അവന്റെ കണ്ണിലുണ്ട്. കണ്ണിമ ചിമ്മാതെ കാത്തിരുന്നിട്ടും അറിയാതെ പൂത്ത പ്രണയത്തിന്റെ മുല്ല. ഞാന്‍ ആലോചിച്ചു നോക്കി. ആരാവും ആ നായിക? ഉത്തരം കിട്ടാത്ത ചോദ്യം? ആ നാലു വരി കവിത എഴുതിയ പേപ്പര്‍ ഞാനെടുത്ത് മഹാനായ ഷെര്‍ലക്ക് ഹോംസിനെ മനസ്സില്‍ ധ്യാനിച്ച് സൂക്ഷ്മമായി പരിശോധിച്ചു. റൂള്‍ പെന്‍സില്‍ കൊണ്ടാണ് കവിത എഴുതിയിരിക്കുന്നത്, മാത്രമല്ല എഴുതിയതിനു ചുറ്റിലുമായി ഒന്നു രണ്ട് പൂക്കളും ഇലകളും ഭംഗിക്കു വേണ്ടി വരച്ചു ചേര്‍ത്തിരിക്കുന്നു. ഒരു നോട്ട് ബുക്കില്‍ നിന്നും ധൃതി പിടിച്ചു കീറിയെടുത്ത പോലെ ഉള്ള ഒരു പേജ് ആണ് അത്. എഴുതാന്‍ ഉപയോഗിച്ച റൂള്‍ പെന്‍സിലിനും പ്രത്യേകത ഉണ്ട്. HB2 സീരീസില്‍ വരുന്ന തരം പെന്‍സിലാണ് അത്. സാധാരണ സയന്‍സ് പഠിക്കുന്ന കുട്ടികളാണ് റെക്കോര്‍ഡ് വരക്കുന്നതിനു ഈ പെന്‍സില്‍ ഉപയോഗിക്കുക. ഒന്നു കൂടി സൂക്ഷ്മമായി പറഞ്ഞാല്‍ ബോട്ടണി, സുവോളജി വിദ്യാര്‍ത്ഥികള്‍. സുവോളജി മെയിന്‍ അക്കാലത്ത് കോളെജില്‍ ഇല്ല. പിന്നെ ബോട്ടണി. യെസ്. ഇത് ബോട്ടണിയിലെ ആരോ കൊടുത്തതാണ്. കവിതക്കൊപ്പം വരച്ചു ചേര്‍ത്ത ഇലകള്‍ കണ്ടാലറിയാം സ്ഥിരമായി പച്ചിലകള്‍ വരക്കുന്ന ആരോ ആണ് ഈ കക്ഷി എന്ന്. ശ്ശെടാ... അതാരാണ് ബോട്ടണിയില്‍ നിന്നും, ഈ അന്തം കുന്തം ഇല്ലാത്ത മജ്നുവിന് ഇത്രയും മനോഹരമായ പ്രണയം സമ്മാനിച്ചത്. മനസ്സില്‍ പല മുഖങ്ങളും തെളിഞ്ഞു. അവസാനം ഒരാളില്‍ ചെന്നു നിന്നു. ലൈല! മഴവില്ലിന്റെ നിറങ്ങള്‍ കടം കൊണ്ട ദുപ്പട്ടയണിഞു ക്യാമ്പസില്‍ എത്താറുള്ള സുന്ദരി ക്കുട്ടി. അതെ. അത് മറ്റാരും ആവില്ല. ലൈല തന്നെ. ഞാനുറപ്പിച്ചു. മജ്നൂ... ഞാന്‍ വിളിച്ചു. അവന്‍ കിടന്ന കിടപ്പില്‍ തന്നെ എന്നെ നോക്കി. "സത്യം പറയണം. ലൈല അല്ലെ നിന്റെ പ്രണയത്തിന്റെ മുല്ല"? മജ്നു വിശ്വാസം വരാതെ ചാടിയെഴുന്നേറ്റു. ഞാന്‍ അതെങ്ങിനെ മനസ്സിലാക്കി എന്നറിയാതെ അവന്‍ വാ പൊളിച്ചിരുന്നു. ക്യാമ്പസിലെ എന്റെയും നല്ല സുഹൃത്താണ് ലൈല. അതു കൊണ്ട് ആ നിമിഷം മുതല്‍ അവരുടെ പ്രണയത്തിന്റെ മൂക സാക്ഷിയായി ഞാന്‍ മാറി. ആശംസകള്‍ നേര്‍ന്ന് ഞാന്‍ പിരിഞ്ഞു. വര്‍ഷാവസാനം ഒരു ഡാം തുറന്നു വിട്ട പോലെ കോളെജിലെ കൂട്ടുകാരെല്ലാവരും ജീവിതത്തിലേക്ക് ഒഴുകി പ്പോയി. പുതിയ തലമുറ ക്യാമ്പസിന്റെ സജീവതയിലേക്ക് പെയ്തിറങ്ങി... - റഫീക്ക് വടക്കാഞ്ചേരി ഇപ്പോള്‍ ദുബായ് ഏഷ്യാനെറ്റ് റേഡിയോയില്‍ സൌണ്ട് എഞ്ചിനീയറാണ് ലേഖകന്‍ ബ്ലോഗ് : www.radiorafeek.blogspot.com ഇ മെയില്‍ വിലാസം : rafeeknm at gmail dot com അടുത്ത ഭാഗം Labels: rafeek-vadakkanchery |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്