19 July 2008

കൈക്കൂലി - ആര്‍. രാധാകൃഷ്ണന്‍



1987 -ലെ സംഭവം . എഞ്ചിനീയറിംഗ്‌ ബിരുദം കഴിഞ്ഞ്‌ പാലക്കാട്ടെ കേന്ദ്ര ഗവ. സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡില്‍ ടെസ്റ്റിനും ഇന്റര്‍വ്യൂനുമായി സ്വദേശമായ ഹരിപ്പാട്ടു നിന്ന് ബസ്സില്‍ പാലക്കാട്ടെത്തി. ട്രെയിന്‍ യാത്ര വളരെ കുറച്ചു മാത്രമേ ചെയ്തിട്ടുള്ളൂ. ടെസ്റ്റും ഇന്റര്‍വ്യൂവും കഴിഞ്ഞപ്പോള്‍ സമയം വൈകുന്നേരം ഏഴു മണി കഴിഞ്ഞു.





ടെസ്റ്റ്‌ പാസ്സായി ഇന്റര്‍വ്യൂവും കഴിഞ്ഞതല്ലേ? ഇത്തവണ ട്രെയിനില്‍ തിരിച്ച്‌ പോകാം എന്ന് സ്വയം തീരുമാനിച്ചു- ഒറ്റക്ക്‌ ഈ ടെസ്റ്റും പാസ്സാകുമോ എന്ന് നോക്കാം.




തിരിച്ചു പോകാന്‍ ട്രെയിന്‍ ഏതെങ്കിലും കിട്ടുമോ എന്നറിയാന്‍ അവിടെ ടി.എ. തന്ന ഉദ്യോഗസ്ഥനോട്‌ ചോദിച്ചു. കണ്ണൂര്‍ ഡീലക്സ്‌ ഉണ്ടല്ലോ എന്ന മറുപടി.




'കണ്ണൂര്‍ ഡീലക്സ്‌' എന്ന ഒരു മലയാള സിനിമയും അതിലെ പാട്ടും കേട്ടിട്ടുള്ളതല്ലാതെ അത്‌ പാലക്കാട്‌ വഴിയാണോ എന്ന തീര്‍ച്ചയൊന്നുമില്ലാത്തതിനാല്‍ നേരിട്ട്‌ റെയില്‍വേ സ്റ്റേഷനിലേക്ക്‌ തിരിച്ചു.




റയില്‍വേ സ്റ്റേഷന്‍ ചോദിച്ചപ്പോള്‍ പാലക്കാട്‌, ഒലവക്കോട്‌ എന്നീ രണ്ട്‌ സ്റ്റേഷനുകള്‍ എന്നെ വീണ്ടും കണ്‍ഫ്യൂഷനാക്കി. ദീര്‍ഘ ദൂര ട്രെയിനുകള്‍ കടന്നു പോകുന്നത്‌ ഒലവക്കോട്‌ എന്ന പാലക്കാട്‌ ജംഗ്ഷനാണെന്നും മറ്റേത്‌ മീറ്റര്‍ ഗേജുകള്‍ മാത്രമായ പാലക്കാട്‌ ടൌണാണെന്നും ഒന്നും അന്നറിയില്ലല്ലോ - അവസാനം ഒലവക്കോട്‌ ടിക്കറ്റ്‌ കൌണ്ടറിലെയാളോട്‌ ക്ലാസ്സ്‌ എറണാകുളം ടിക്കറ്റ്‌ ചോദിച്ചപ്പോള്‍ ഏതു ട്രെയിനിലാണ്‌ എന്ന മറുചോദ്യം-




'കണ്ണൂര്‍ ഡീലക്സ്‌' എന്ന എന്റെ ഉത്തരം കേട്ടപ്പോള്‍ അയാള്‍ പറഞ്ഞു.




അത്‌ ഇതു വഴിയല്ല. ഷൊര്‍ണ്ണൂര്‍ വഴിയാണ്‌ കണ്ണൂരില്‍ നിന്നും വരുന്നത്‌.




വീണ്ടും കണ്‍ഫ്യൂഷന്‍-




അയാള്‍ ഉപായം പറഞ്ഞു തന്നു-




കൂടെ ടിക്കറ്റും തന്നു എറണാകുളത്തിന്‌.




ഇവിടെ നിന്ന് പാസഞ്ചറില്‍ ഷൊര്‍ണ്ണൂരില്‍ ഇറങ്ങുക. ഡിലക്സ്‌ രാത്രി വൈകിയേ അവിടെ എത്തൂ.




ട്രെയിന്‍ യാത്ര പതിവാക്കുന്ന ഞാന്‍ അങ്ങിനെ കൂട്ടുകാരാരുമില്ലാതെ ഒറ്റയ്ക്ക്‌ ആദ്യമായി യാത്ര തുടങ്ങി. എറണാകുളം ടിക്കറ്റ്‌ എടുത്ത ഞാന്‍ ജനറല്‍ കംപാര്‍ട്ട്മെന്റിലെ തടി സീറ്റിലിരുന്ന് ഉറങ്ങിപ്പോയി. കാരണം യാത്രയുടെ ആദ്യപടി വിജയിച്ച്‌ ഇരിക്കുകയല്ലേ?




എറണാകുളം കഴിഞ്ഞ്‌ പിറവം ആയപ്പോഴാണ്‌ ഉണര്‍ന്നത്‌. അപ്പോള്‍ എനിക്ക്‌ പേടിയായി.ഇപ്പോള്‍ ഞാന്‍ ഇരിക്കുന്നത്‌ 'കണ്ണൂര്‍ ഡീലക്സിലല്ല' - ഒരു കള്ള വണ്ടിയിലാണ്‌. (VKN) കഥയിലെ പോലെ പിറവം കഴിഞ്ഞപ്പോഴാണ്‌ ഞാന്‍ കയറിയത്‌ 'കള്ള വണ്ടി'യിലാണെന്ന് മനസ്സിലായത്‌. എറണാകുളം വരയേ ടിക്കറ്റുള്ളൂ-




ഇനി എന്താ ചെയ്യുക? അടുത്തിരുന്ന യാളോട്‌ സഹായം ചോദിച്ചു.




അയാള്‍ പറഞ്ഞു- "പേടിക്കണ്ട കോട്ടയം രാവിലെ 4 മണിയോടെ എത്തും. അവിടെ നിന്ന് ഇത്തിരി മുന്നോട്ട്‌ ട്രാക്കിലൂടെ നടന്നാല്‍ ടിക്കറ്റ്‌ എക്സാമിനറെ വെട്ടിച്ച്‌ പുറത്തു കടക്കാം.




ആളുകള്‍ അതു വഴി പോകുന്നത്‌ കണ്ടിട്ടുണ്ട്‌"-




ആ കള്ള വണ്ടിയില്‍ നിന്ന് കോട്ടയത്ത്‌ ഞാനിറങ്ങി. ആദ്യമായി ഒരു കള്ളന്റെ മുഖഭാവത്തോടെ.




ട്രാക്കിലൂടെ നടന്നപ്പോള്‍ സഹയാത്രികന്റെ വഴി പറച്ചില്‍ ശരിയാണെന്ന് തോന്നി. പക്ഷെ ഇരുട്ട്‌ -




ആരുമില്ല കൂടെ.



അപ്പോഴാണ്‌ പിറകില്‍ നിന്നൊരു പിടി വീഴുന്നത്‌-




റെയില്‍വേ പോലീസ്‌ !




യഥാര്‍ത്ഥമായ കാര്യങ്ങള്‍ അയാളോട്‌ അവതരിപ്പിച്ചെങ്കിലും ഇരുട്ടത്ത്‌ അയാളുടെ മുഖം കാണാന്‍ കഴിയുമായിരുന്നില്ല.





പക്ഷേ എന്റെ കൈയ്യിലെ അയാളുടെ പിടിയുടെ ശക്തിയില്‍ അതു ഏറ്റില്ല എന്നെനിക്ക്‌ ബോധ്യമായി.




ഞാന്‍ ടിക്കറ്റ്‌ എടുത്തു കാണിക്കാനായി ഇടത്തെ കയ്യ്‌ പോക്കറ്റിലെക്ക്‌ കൊണ്ടുപോയപ്പോള്‍ പോലീസുകാരന്‍ എന്റെ മറ്റെ കയ്യിലെ പിടി വിട്ടു.




അപ്പോഴാണ്‌ എന്റെ common sense പ്രവര്‍ത്തിച്ചത്‌.




ഏതു പോലീസുകാരനും ഒരു കൈക്കൂലി പ്രതീക്ഷിക്കുന്നു എന്ന സാധാരണ ജ്ഞാനം. എന്റെ കയ്യില്‍ തടഞ്ഞ രൂപ ഇരുട്ടത്ത്‌ അയാളുടെ കയ്യില്‍ വച്ചുകൊടുത്തപ്പോള്‍ അയാള്‍ എന്നോട്‌ പറയുകയാണ്‌ -




ദാ, ഇടതുവശത്ത്‌ ഇരുമ്പ്‌ വേലി പൊളിഞ്ഞത്‌ കണ്ടോ- അതിലൂടെ അപ്പുറത്ത്‌ ഇറങ്ങിയാല്‍ മതി.




പ്രൈവറ്റ്‌ ബസ്സ്‌ കിട്ടും-



പോക്കറ്റിലെ രൂപ വെറും 5 രൂപയായിരുന്നെന്നും പിന്നീട്‌ എനിക്ക്‌ മനസ്സിലായി. ഇരുട്ടത്ത്‌ ആ പോലീസുകാരനെ ഞാനോ അയാള്‍ക്ക്‌ എന്നെയോ തിരിച്ചറിയാന്‍ സാധിച്ചില്ല-




അങ്ങിനെ ജീവിതത്തില്‍ ആദ്യത്തെ 5 രൂപ കൈക്കൂലി മുഖം ഇല്ലാത്ത പോലീസുകാരന്‌ വഴി പറഞ്ഞു തരാന്‍ കൊടുത്തു-




ഇത്തരം എത്ര വഴികള്‍ എത്രയോ ആളുകള്‍ എത്രയോ പേര്‍ക്ക്‌ പറഞ്ഞു കൊടുക്കുന്നുണ്ട്‌-




ഇരുട്ടത്തും വെളിച്ചത്തും-




ഇപ്പോഴും -




Labels:

1 അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ഒരു കണക്കിന് അറിയാതിരിയ്ക്കുകാ നല്ലത്.

20 July, 2008  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



07 July 2008

അന്വേഷണാത്മകമീ ജീവിതം - സാദിഖ് കാവില്‍

അന്വേഷണാത്മക പത്ര പ്രവര്‍ത്തനം ഏതൊരു ജേണലിസ്റ്റിന്റെയും മനസ്സിലെ ഒടുങ്ങാത്ത ത്വരയാണ്‌. ജോനാതന്‍ ക്വിറ്റ്‌നി, ജാക്‌ ആന്‍ഡേഴ്‌സന്‍ തുടങ്ങിയ അന്വേഷണാത്മക പത്ര പ്രവര്‍ത്തനത്തിലെ പ്രമുഖരെ ക്കുറിച്ച്‌ വായിച്ച്‌ വശായതു കൊണ്ടാണെ ന്നൊന്നും വീമ്പളക്കുന്നില്ല, ഈ മേഖലയില്‍ ഒരു കൈ നോക്കാന്‍ ആഗ്രഹം തോന്നിയതിന്‌ പിന്നില്‍ പ്രത്യേകിച്ച്‌ കാരണ മൊന്നു മില്ലായിരുന്നു. മറ്റുള്ളവരുടെ `ഛര്‍ദ്ദില്‍' മാത്രം എത്ര നാള്‍ എടുത്തു കൊണ്ടിരിക്കും. സ്വാഭാവികമായും ഉള്ളിലുണ്ടായ ആഗ്രഹം പക്ഷെ, തല്ലു കൊള്ളാതെ വലിയൊരു സംഭവത്തോടെ അവസാനിച്ചത്‌ മരിച്ചു പോയ അന്വേഷണാത്മക ജേണലിസ്റ്റുകളുടെ പുണ്യം കൊണ്ടായിരിക്കാം.




വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കാസര്‍കോട്‌ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കു മ്പോഴാണ്‌ കര്‍ണാടകയോട്‌ ചേര്‍ന്ന ഒരു കുഗ്രാമത്തില്‍ ഒരു കൊലപാതകം നടന്നത്‌. അവിടെ ആരോ ഒരു യുവാവിനെ കൊന്ന്‌ ചാക്കിലാക്കി സമീപത്തെ ഹാജിയാരുടെ പറമ്പിലെ പൊട്ട ക്കിണറ്റില്‍ തള്ളിയിരിക്കുന്നു. എന്നാല്‍ പ്രതികളെ കുറിച്ച്‌ യാതൊരു സൂചനയും പോലീസിന്‌ ലഭിച്ചില്ല. അങ്ങനെ വിസ്‌മൃതിയിലേക്ക്‌ നീങ്ങുന്ന കൊലപാതകങ്ങളില്‍ ഒരെണ്ണം കൂടി. എന്നാല്‍ ഇതൊന്നു അന്വേഷിച്ചു നോക്കാന്‍ മനസ്സ്‌ പറഞ്ഞു. അങ്ങനെ ഗണേഷ്‌ എന്ന മറ്റൊരു പത്ര പ്രവര്‍ത്തക സുഹൃത്തിനേയും കൂട്ടി ഞാനെന്റെ ബൈക്കില്‍ യാത്ര തിരിച്ചു.




പ്രതീക്ഷിച്ചതു പോലെ അത്ര എളുപ്പമായിരുന്നില്ല സംഭവ സ്ഥലത്ത്‌ എത്തിപ്പെടാന്‍. കൊടും വനത്തിലൂടെ കുറച്ച്‌ ദൂരം യാത്ര ചെയ്യണം. വനത്തിലെ ഒരാള്‍ക്ക്‌ നടന്നു പോകാവുന്ന ഇടവഴിയിലൂടെ വളരെ കഷ്‌ടപ്പെട്ട്‌ ബൈക്ക്‌ സഞ്ചരിച്ചു. നട്ടുച്ച. ചുറ്റും വന്‍ വൃക്ഷങ്ങളും മറ്റുമാണെങ്കിലും ഒരിലയനക്കം പോലുമില്ല. പൂച്ച വാലുകള്‍ നിറഞ്ഞ പറമ്പുകള്‍ പിന്നിട്ടാണ്‌ സംഭവ സ്ഥലത്തെത്തിയത്‌. ആകെ ഭീതിപ്പെടുത്തുന്ന അന്തരീക്ഷം.




ദൈവമേ, വന്നു പെട്ടു പോയല്ലോ എന്നോര്‍ത്തെങ്കിലും അന്വേഷണാത്മക പത്ര പ്രവര്‍ത്തകര്‍ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. വനത്തില്‍ ഇതു പോലുള്ള പരീക്ഷണങ്ങളെ അതി ജീവിക്കണമെന്ന്‌ ആരൊക്കെയോ പ്രേരിപ്പിച്ചതിനാല്‍ ഉദ്യമം തുടരാന്‍ തന്നെ തീരുമാനിച്ചു.




സംഭവ സ്ഥലത്തിനടുത്ത്‌ ഒരു ഓല മേഞ്ഞ കുടിലും മറ്റ്‌ രണ്ട്‌ ഓടിട്ട വീടുകളുമു ണ്ടായിരുന്നെങ്കിലും അവിടെയൊന്നും ആള്‍ പെരുമാറ്റം കണ്ടില്ല. എന്നാല്‍ വീടുകളില്‍ നിന്ന്‌ ജനാലകളിലൂടെ തങ്ങള്‍ക്കു നേരെ ചില കണ്ണുകള്‍ പാഞ്ഞു വരുന്നത്‌ അനുഭവപ്പെട്ടു.




പരിസരത്തുള്ള ഏതോ വീട്ടില്‍ സ്വഭാവ ദൂഷ്യമുള്ള ഒരു സ്‌ത്രീ താമസിക്കുന്നുണ്ടെന്നും അവര്‍ക്ക്‌ ഈ കൊലപാതകവുമായി ബന്ധമുണ്ടെന്നും ഇതിനകം ചില രഹസ്യ കേന്ദ്രങ്ങളില്‍ നിന്ന്‌ ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു. ഏതായാലും ആ വീട്ടില്‍ നിന്ന്‌ തന്നെ അന്വേഷണം തുടങ്ങാമെന്ന്‌ ഞങ്ങള്‍ തീരുമാനിച്ചു.




ഓല മേഞ്ഞ വീടിന്റെ ചാണകം മെഴുകി വൃത്തിയാക്കിയ മുറ്റത്ത്‌ ആളനക്കം കേട്ടപ്പോള്‍ അങ്ങോട്ട്‌ ചെന്ന്‌ ആ സ്‌ത്രീയെ പ്പറ്റി അന്വേഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.




വീട്ട്‌ മുറ്റത്തേക്ക്‌ കാലെടുത്തു കുത്താന്‍ നോക്കുമ്പോള്‍ പെട്ടെന്നൊരു പട്ടി കുരച്ചു കൊണ്ട്‌ മുന്നോട്ട്‌ വന്നു. ഞങ്ങള്‍ ഭയന്നു വന്ന വഴിയെ ഇത്തിരി ഓടിയ ശേഷം നിന്നു തിരിഞ്ഞു നോക്കിയപ്പോള്‍ പട്ടിയെ ഒരു യുവതി പിടിച്ചു കൊണ്ടു വീട്ടിലേക്ക്‌ പോകുന്നു.




നെഞ്ചിടിപ്പ്‌ നിലച്ചു. സമാധാനത്തിന്റെ സൈറണ്‍ ദീര്‍ഘ നിശ്വാസമായി പുറത്തേക്ക്‌ വന്നു. ഏതായാലും ആ സ്‌ത്രീയോട്‌ തന്നെ ചോദിക്കാനുറച്ചു ഇത്തിരി അറച്ച റച്ചാണെങ്കിലും അങ്ങോട്ട്‌ ചെന്നു. ഞങ്ങള്‍ മുരടനക്കി പട്ടിയുടെ സ്ഥിതി പരിശോധിച്ച പ്പോള്‍ ആ യുവതി വന്നു എന്താണെ ന്നര്‍ത്ഥത്തില്‍ ഞങ്ങളെ നോക്കി.




മുപ്പത്തഞ്ച്‌ വയസ്സ്‌ പ്രായം തോന്നിക്കുന്ന എണ്ണ ക്കറുപ്പുള്ള യുവതി. തൊട്ടു പിന്നാലെ മധുര പ്പതിനെട്ട്‌ വയസ്സുള്ള `ഫോട്ടോ കോപ്പി' വന്നെങ്കിലും ആ യുവതി അവളെ എന്തോ പറഞ്ഞ്‌ പെട്ടെന്ന്‌ അകത്തേ ക്കോടിച്ചു. "ആ ജഡം കിടന്ന കിണര്‍ ഏതാണെന്ന്‌ കാണിക്കാമോ?“ - ഞാന്‍ ചോദിച്ചപ്പോള്‍ അത്ര താത്‌പര്യമില്ലാതെ അവര്‍ തൊട്ടടുത്തെ പറമ്പിലേക്ക്‌ കൈ ചൂണ്ടിയ ശേഷം ഒരക്ഷരം ഉരിയാടാതെ വീട്ടിനുള്ളിലേക്ക്‌ മടങ്ങാന്‍ ഒരുങ്ങി. അപ്പോള്‍ ഉടന്‍ ഗണേഷ്‌ ചോദിച്ചു: ``അല്ല.. മറ്റൊരു കാര്യം കൂടി അറിയണമായിരുന്നു. ഇവിടെ ഇത്തിരി ചീത്തയായ ഒരു യുവതി താമസിക്കുന്ന ഒരു വീടുണ്ടല്ലോ, അതേതാണെന്ന്‌ പറയാമോ..?''




ദഹിപ്പിക്കുന്ന ഒരു നോട്ടമായിരുന്നു മറുപടി. മുഖം വെട്ടിച്ചു കൊണ്ട്‌ അവര്‍ വീട്ടിന്‌ നേരെ ധൃതിയില്‍ നടന്നു. അപ്പോള്‍ പട്ടി മുമ്പത്തേക്കാള്‍ രൂക്ഷമായി കുരയ്‌ക്കാന്‍ തുടങ്ങി. രംഗം അത്ര പന്തിയല്ലെന്ന്‌ തോന്നി ഞാനും ഗണേഷും പെട്ടെന്ന്‌ തിരിച്ചു നടന്നു.




അപ്പോഴേക്കും തൊട്ടടുത്ത പറമ്പുകളിലെ വീടുകളില്‍ നിന്ന്‌ ആരൊക്കെയോ പുറത്തിറങ്ങി ഞങ്ങളെ കാര്യമായി നോക്കുന്നത്‌ കണ്ടു. അപ്പോള്‍ ഞങ്ങള്‍ അങ്ങോട്ട്‌ വെച്ചു പിടിച്ചു. സ്വയം പരിചയപ്പെടുത്തി. `ഓ അതായിരുന്നോ കാര്യം.. ഞങ്ങള്‍ കരുതി...' എന്ന്‌ ഒരു സ്‌ത്രീ അര്‍ധ യോക്തിയില്‍ നിര്‍ത്തിയ പ്പോഴാണ്‌ എണ്ണ ക്കറുപ്പിന്റെ നൂറഴകുള്ള ആ യുവതിയുടെ രൂക്ഷമായ പെരുമാറ്റത്തിന്‌ പിന്നിലെ കാരണം മനസ്സിലായത്‌. ഇപ്പോള്‍ പട്ടാപ്പകലും തുടങ്ങിയോ പരിപാടി എന്ന അത്ഭുതത്തില്‍ അയല്‍വാസികള്‍ ഞങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുക യായിരുന്നുവത്രെ. ഇനി യാരെങ്കിലു മവിടെ എത്തിയാല്‍ വളഞ്ഞ്‌ പെരുമാറിയ ശേഷം പോലീസിലേ ല്‍പിക്കാനായിരുന്നു നാട്ടു കൂട്ടത്തിന്റെ തീരുമാനം.




ആ വീട്ടുകാര്‍ക്ക്‌ ആരാണ്‌ കൊല നടത്തിയതെന്നും മറ്റുമുള്ളതിന്റെ ഒരേകദേശ സൂചന ലഭിച്ചിരുന്നു. എന്നാല്‍ പോലീസിനെ ഭയന്ന്‌ അവര്‍ അതാരോടും ഇതു വരെ പറയാത്തതാണ്‌. പിന്നീട്‌ അവരില്‍ നിന്നൊക്കെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊലപാതകിയെ ക്കുറിച്ചുള്ള മര്‍മ്മ പ്രധാനമായ ചില വിവരങ്ങള്‍ ഞങ്ങള്‍ക്ക്‌ ലഭിച്ചു.




അതിതാണ്‌: കേരളത്തിന്റെ ഏതോ തെക്കന്‍ ജില്ലയില്‍ നിന്ന്‌ കുടിയേറിയവരാണ്‌ ആ സ്വഭാവ ദൂഷിണിയും കുടുംബവും. അവരുടെ ഭര്‍ത്താവ്‌ എന്നയാളാണ്‌ അഞ്ച്‌ സെന്റ്‌ സ്ഥലം സ്വന്തമാക്കി കുടില്‍ കെട്ടി അവരെ ഇവിടെ യെത്തിച്ചത്‌. `ഭര്‍ത്താവ്‌' പിന്നീട്‌ വരാതാവുകയും മുമ്പൊരിക്കല്‍ അയാളുടെ കൂടെയെത്തിയ മറ്റൊരാള്‍ അതിന്‌ പകരമായി ഇടയ്‌ക്കിടെ വരികയും ഭര്‍ത്താവിന്റെ റോള്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്‌തു. അങ്ങനെയിരിക്കെ അയാള്‍ പിന്നീട്‌ തന്റെ സുഹൃത്തുക്കളെ യൊന്നന്നായി കൂട്ടി വന്നു. കലാപരിപാടികള്‍ ഒക്കെയും രാത്രിയായിരുന്നു. ഇതൊക്കെ അയല്‍പക്കത്തുകാരെ രോഷം കൊള്ളിച്ചു എന്ന്‌ പ്രത്യേകിച്ച്‌ പറയേണ്ടതില്ലല്ലോ.




അങ്ങനെയിരിക്കെ കൊലപാതകം നടന്ന ദിവസത്തിന്റെ തലേന്ന്‌ ആ വീട്ടില്‍ നിന്ന്‌ ഒരു നിലവിളി അയല്‍പക്കക്കാര്‍ കേട്ടു. ആ സ്‌ത്രീയായിരുന്നു നിലവിളിച്ചത്‌. പക്ഷെ, അവരുടെ കാര്യത്തില്‍ ഇടപെടാന്‍ താത്‌പര്യമില്ലാത്തതു കൊണ്ട്‌ ആരുമതത്ര കാര്യമാക്കിയില്ല. രണ്ട്‌ ദിവസം കഴിഞ്ഞ്‌ ഹാജിക്കാടെ പറമ്പില്‍ പഴുത്തോല യെടുക്കാന്‍ ചെന്ന സ്‌ത്രീകളാണ്‌ കിണറ്റില്‍ നിന്ന്‌ അസഹനീയമായ ദുര്‍ഗന്ധ മുയരുന്നത്‌ കണ്ട്‌ മറ്റുള്ളവരെ വിവരമറിയിച്ചത്‌. ആളുകള്‍ ചെന്നു നോക്കിയപ്പോള്‍ ചപ്പു ചവറുകള്‍ ക്കിടയില്‍ ഒരു ചാക്ക്‌ കെട്ട്‌ കിടക്കുന്നത്‌ കണ്ടു. ഉടന്‍ പോലീസിനെ വിവരമറിയിക്കുകയും അവര്‍ എത്തി അപരിചിതനായ യുവാവിന്റെ ചീഞ്ഞളിഞ്ഞ ജഡം പുറത്തെടുക്കുകുയും ചെയ്‌തു.




ഇത്രയുമായ സ്ഥിതിക്ക്‌ കാര്യം ഏത്‌ പൊലീസുകാരനും പിടികിട്ടുമല്ലോ. ആ സ്‌ത്രീയെ ചോദ്യം ചെയ്‌താല്‍ പ്രതിയെ ഉടന്‍ വലയിലാക്കാന്‍ സാധിക്കുമെന്ന്‌ ഞങ്ങള്‍ അന്നത്തെ പോലീസ്‌ ഇന്‍സ്‌പെക്‌ടറെ അറിയിച്ചു.




ഊര്‍ജസ്വലനായ എസ്‌.ഐ ഉടന്‍ സംഭവ സ്ഥലം പരിശോധിച്ചു. യുവതിയെ കസ്റ്റഡിയി ലെടുത്ത്‌ ചോദ്യം ചെയ്‌തപ്പോള്‍ തന്റെ ജാരന്‍ ഭര്‍ത്താവ്‌ അയാളുടെ ഒരു സുഹൃത്തിനെ കൊന്ന്‌ പൊട്ട ക്കിണറ്റിലിട്ടു എന്ന്‌ മാത്രമെ തനിക്കറിയാവൂ എന്നായിരുന്നു മൊഴി. എന്നാല്‍ അയാളിപ്പോള്‍ കര്‍ണാടകയിലെ ഒരു ക്രഷറില്‍ തൊഴിലാളിയാണ്‌. കൊല നടത്തിയ ശേഷം ഇങ്ങോട്ട്‌ വന്നിട്ടില്ല. കുറച്ച്‌ നാള്‍ കഴിഞ്ഞ്‌ സംഭവം ആറി ത്തണുക്കുമ്പോള്‍ വരാമെ ന്നായിരുന്നുവത്രെ പറഞ്ഞിരുന്നത്‌. എന്നാല്‍ ഇടയ്‌ക്കിടെ ആ യുവതി അങ്ങാടിയില്‍ ചെന്ന്‌ അയാളുടെ ജോലി സ്ഥലത്തിനടുത്തെ ബുത്തിലേക്ക്‌ ഫോണ്‍ ചെയ്‌ത്‌ `ഭര്‍ത്താവി'നെ വിവരം ധരിപ്പിക്കാറുണ്ടായിരുന്നു. പിന്നീട്‌ പോലീസിന്റെ നിര്‍ദേശ പ്രകാരം അയാളെ മംഗലാപുരത്തെ റെയില്‍വേ സ്റ്റേഷനിലേക്ക്‌ വരാന്‍ പറയുകയും അങ്ങനെ പോലീസ്‌ എളുപ്പത്തിലയാളെ വലയിലാക്കുകയും ചെയ്‌തു.




ഏകദേശം അമ്പതിനോ ടടുത്ത്‌ പ്രായമുള്ള യാളായിരുന്നു പ്രതി. യുവതിയുടെ മകളെ കാഴ്‌ചവെയ്‌ക്കാമെന്ന്‌ പറഞ്ഞ്‌ കൂടെ ജോലി ചെയ്യുന്ന വേലായുധന്‍ എന്ന യുവാവിനെ കൂട്ടി ക്കൊണ്ടു വരികയും അയാളുടെ കൈവശ മുണ്ടായിരുന്ന 10,000 രൂപ തട്ടിയെടുക്കാന്‍ വേണ്ടി തൊട്ടടുത്തെ മുള്‍ച്ചെടികള്‍ ക്കിടയിലിരുത്തി നന്നായി മദ്യപിപ്പിച്ച ശേഷം തലയ്‌ക്ക്‌ കല്ലു കൊണ്ടിടിച്ച്‌ കൊലപ്പെടുത്തി ചാക്കില്‍ കെട്ടി പൊട്ട ക്കിണറ്റില്‍ തള്ളുകയുമായിരുന്നു. കൊന്ന ശേഷം ചാക്കെടുക്കാന്‍ വേണ്ടി യുവതിയുടെ വീട്ടില്‍ ചെന്നപ്പോള്‍ ധരിച്ചിരുന്ന വസ്‌ത്രത്തില്‍ മുഴുവന്‍ രക്തം കണ്ട്‌ ഭയന്നായിരുന്നു യുവതി അന്ന്‌ നിലവിളിച്ചത്‌.




എന്നാല്‍ ഇതൊന്നുമല്ല രസം. കുറച്ചു ദിവസം കഴിഞ്ഞ്‌ കാസര്‍കോട്‌ സ്റ്റേഷനിലെ ഒരു കോണ്‍സ്റ്റബിള്‍ പറഞ്ഞാണ്‌ വിവരമറിഞ്ഞത്‌. ഭാസ്‌ക്കരന്‍ എന്ന വ്യാജ പേരുള്ള ആ പ്രതിയെയും കൊണ്ട്‌ രണ്ട്‌ പോലീസുകാര്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തിയപ്പോള്‍ അവിടുത്തെ വാര്‍ഡര്‍മാരും മറ്റും ഞെട്ടിപ്പോയത്രെ. ``ഇത്‌ നമ്മുടെ റിപ്പര്‍ ഉമ്മറല്ലേ...!'' പൊലീസുകാര്‍ പരസ്‌പരം പറഞ്ഞു. ``ദൈവമേ, ഈ കൊടും കുറ്റവാളിയെയും കൊണ്ടാണോ നിങ്ങള്‍ രണ്ടുപേര്‍ മാത്രം ഇവിടേക്ക്‌ വന്നത്‌?''-ജയില്‍ സൂപ്രണ്ട്‌ കാസര്‍കോട്‌ നിന്നെത്തിയ പോലീസുകാരോട്‌ ചോദിച്ചു. നിരവധി കൊലപാതക ക്കേസുകളിലെയും കവര്‍ച്ചാ കേസുകളിലെയും മുഖ്യ പ്രതി, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന്‌ തന്നെ രണ്ട്‌ വര്‍ഷം മുമ്പ്‌ ചാടിപ്പോയ കൊടും കുറ്റവാളി. നിരവധി പേരുകളിലറിയപ്പെടുന്ന ആ അവതാരമാണ്‌ മുന്നില്‍ ജീവനോടെ നില്‍ക്കുന്നത്‌!!.




ഈ സംഭവത്തില്‍ ജോലിയില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ട പോലീസുകാരെ വിവരമറിയിക്കാന്‍ സഹപ്രവര്‍ത്ത കരിലൊരാള്‍ ഉടന്‍ ടെലിഫോണ്‍ ബുത്തിലേക്കോടിയത്രെ.





-സാദിഖ്‌ കാവില്‍, സബ്‌ എഡിറ്റര്‍, മിഡിലീസ്റ്റ്‌ ചന്ദ്രിക, ദുബായ്‌
ബ്ലോഗ്: http://kaavil.blogspot.com/

Labels:

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്