13 January 2009
സൂസന്‍ കഥ പറയുമ്പോള്‍ - ഭാഗം 2 - റഫീഖ് വടക്കാഞ്ചേരി
ഒരു ഇലക്ഷന്‍ കാലം. കെ. എസ്. യു. നേതാവായ "മിസ്റ്റര്‍ എക്സ്" ഞെട്ടിക്കുന്ന ഒരു ആവശ്യവുമായി എസ്. എഫ്. ഐ. പാളയത്തില്‍ വന്നു. മിസ്റ്റര്‍ എക്സിനും മറ്റു കുറച്ചു പേര്‍ക്കും അവരുടെ കയ്യിലിരുപ്പിന്റെ ഗുണം കൊണ്ട് കെ. എസ്. യു. കോളേജ് ഇലക്ഷനു മത്സരിക്കാന്‍ സീറ്റ് കൊടുത്തില്ല. അതു കൊണ്ട് അവര്‍ "സേവ് കെ. എസ്. യു." എന്ന പേരില്‍ റിബല്‍ പ്രവര്‍ത്തനം നടത്താന്‍ പോകുന്നു. യുദ്ധ കാലാടിസ്ഥാനത്തില്‍ ഒരു നോട്ടീസ് ഡ്രാഫ്റ്റ് ചെയ്തു കൊടുക്കണം. നോട്ടീസില്‍ ഇപ്പോഴുള്ള നേതൃ നിരയെ കണക്കിനു ചീത്ത വിളിച്ചു കൊണ്ടുള്ള വാചകങ്ങളായിരുന്നു ഏറെയും. ഒരു കമ്പ്യൂട്ടര്‍ പ്രിന്റ് എടുത്തു കൊടുത്താല്‍ ആ വര്‍ഷത്തെ ഇലക്ഷന്‍ ചിലപ്പോള്‍ ആകെ കലങ്ങും. എരുമപ്പെട്ടിയില്‍ നിന്നുള്ള ഒരു ശിഹാബാണ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി അവനെയാണ് ഏറെ ചീത്ത വിളിച്ചിരിക്കുന്നത്. ശത്രുവിന്റെ ശത്രു മിത്രം എന്ന സ്കീമില്‍ പ്പെടുത്തിയാണ് എക്സിന്റെ എസ്. എഫ്. ഐ. ക്യാമ്പിലേക്കുള്ള ഈ വരവ്.
എസ്.എഫ്.ഐ ഇലക്ഷന്‍ ചാര്‍ജ് ഉണ്ടായിരുന്ന ശിവ പ്രസാദിനോട് ഞാന്‍ കാര്യം പറഞ്ഞു. പക്ഷെ ശിവന്‍ ആ ആവശ്യം നിഷ്കരുണം തള്ളി ക്കളഞ്ഞു. അത്തരം മോശം കളികളിലൂടെ എസ്. എഫ്. ഐ. ക്ക് യൂണിയന്‍ പിടിച്ചെടുക്കേണ്ട കാര്യം ഇല്ല എന്നും, എക്സ് ഈ ആവശ്യത്തിനു വന്നത് വേറെ ആരും അറിയില്ലെന്നും ഉറപ്പ് കൊടുത്തു. എക്സ് പോയി ക്കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു. നമ്മള്‍ പ്രിന്റ് എടുത്തു കൊടുത്തില്ലെങ്കിലും, എക്സ് എവിടെ നിന്നെങ്കിലും പ്രിന്റ് എടുത്തു കൊണ്ട് വന്ന് ഈ നോട്ടീസ് കോളെജില്‍ വിതറും. അത്ര മാത്രം ദേഷ്യം ഉണ്ട് അവനു സീറ്റ് നിഷേധിച്ചതില്‍. ഉടനെ ഞങ്ങള്‍ ഒരു തീരുമാനത്തില്‍ എത്തി. ഇന്നു രാത്രി ക്യാമ്പസില്‍ ഒന്നു പോയി നോക്കാം. "മിസ്റ്റര്‍ എക്സ്" കരിങ്കാലി പ്പണി ചെയ്തോ എന്നറിയാമല്ലോ. രാത്രി ഏതാണ്ട് 12 മണിയോട് കൂടി വടക്കാഞ്ചേരിയില്‍ നിന്നും ഞാനും ശിവനും ബൈക്കെടുത്ത് കോളേജിനടുത്തു എത്തി. കുറച്ചു ദൂരെ ബൈക്ക് നിറുത്തി. അടുത്തെങ്ങും ആരും ഇല്ല എന്നു ഉറപ്പു വരുത്തിയ ശേഷം മതില്‍ ചാടി ഉള്ളില്‍ കടന്നു. എന്നോട് ലൈബ്രറിക്കു സമീപം നില്‍ക്കാന്‍ പറഞ്ഞ് വാച്ച്മാന്‍ സോമേട്ടന്‍ ഉറക്കമായോ എന്നു നോക്കാന്‍ ശിവന്‍ കാന്റീനിന്റെ അടുത്തു സോമേട്ടന്‍ താമസിക്കുന്ന മുറിക്കരികിലേക്ക് നീങ്ങി, ശിവന്‍ ഇരുട്ടിലേക്ക് മറഞ്ഞു. കോളേജ് കെട്ടിടത്തിലെ റ്റ്യൂബ് ലൈറ്റിന്റെ വെളിച്ചം മുറ്റത്തെ മരങ്ങള്‍ ക്കിടയില്‍ കാറ്റിനൊപ്പം ഒളിച്ചു കളിക്കുന്നു. സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ വെട്ടം അകത്തേക്ക് കുറച്ചു പരന്നു വീഴുന്നുണ്ട്. വാച്ചില്‍ നോക്കിയപ്പോള്‍ സമയം 1 മണി ആവാന്‍ പോകുന്നു. ലൈബ്രറിയുടെ അടുത്തു നിന്നു രണ്ട് മൂന്നു ചുവട് മുന്നിലേക്ക് വച്ചപ്പോള്‍ ഒരു ഐസ് ക്യൂബില്‍ ചവിട്ടിയ ഞെട്ടലോടെ കാല് ഞാന്‍ പിന്നിലേക്ക് വലിച്ചു. അവിടെ ആരോ നില്‍ക്കുന്നു. സൂസന്‍. കയ്യില്‍ ഒരു പുസ്തകവുമായി സൂസന്‍ ലൈബ്രറിക്ക് സമീപം നില്‍ക്കുന്നു. തണുപ്പു അരിച്ചരിച്ച് കയറി എന്റെ തല മുഴുവന്‍ തരിച്ചു. എനിക്ക് ഒന്നനങ്ങാന്‍ പോലും പറ്റുന്നില്ല. ചുറ്റിലും ചെമ്പക ക്കാടുകള്‍ പൂത്തുലഞ്ഞ പോലെ . വര്‍ഷങ്ങളായി മനസ്സില്‍ ചേക്കേറിയ ഭീതി കൊണ്ടും, രാത്രി ഒരു മണി നേരത്തെ ആ സാഹചര്യം കൊണ്ടും സൂസന്റെ സാന്നിദ്ധ്യം ശക്തമായി ഞാന്‍ അറിഞ്ഞു. പേടിച്ച് വിറച്ചു പോയ ഞാന്‍ ഒരു കണക്കിന് ചുമരില്‍ പിടിച്ചു നിന്നു. എനിക്കുറക്കെ കരയണം എന്നുണ്ട്. ശബ്ദം തൊണ്ടയില്‍ കുടുങ്ങി... ഞാന്‍ സൂസനേയും സൂസന്‍ എന്നേയും നോക്കി. സൂസന്‍ ഒന്നു ചിരിച്ച പോലെ തോന്നി...? എനിക്ക് എന്താണു സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന് മനസ്സിലാവും മുമ്പ് സൂസന്‍ എന്റെ നേരെ കൈ നീട്ടി... ഇനി സോമേട്ടനെ നോക്കാന്‍ പോയ ശിവന്‍ പറഞ്ഞത്. ശിവന്‍ തിരിച്ചു വന്നു നോക്കുമ്പോള്‍ ലൈബ്രറി വാതിലിനരികില്‍ ഞാന്‍ വീണു കിടക്കുകയായിരുന്നു. ശിവന്‍ ആകെ പേടിച്ചു പോയി. എന്നെ കുലുക്കി വിളിച്ചാണത്രെ ഉണര്‍ത്തിയത്. ഒരു പക്ഷെ ആ ചുമരില്‍ ചാരി നിന്ന് ഞാന്‍ ഉറങ്ങിയിട്ടുണ്ടാവാം. അതൊരു സ്വപ്നമാവാം. സൂസനെ അങ്ങനെയാണ് കണ്ടത് എന്ന് കരുതാനാണ് എനിക്ക് ഇന്നും ഇഷ്ടം. ഒരു കാര്യം ഉറപ്പാണ് വര്‍ഷങ്ങളിത്ര കഴിഞ്ഞിട്ടും ഇന്നും ഇതു വരെ ഞാന്‍ അറിയാത്ത ഒരു മഞ്ഞു കാലം പോലെ സൂസനെ കുറിച്ചുള്ള ഓര്‍മ്മകള്‍ കടന്നു വരുന്നു. ചെമ്പക ക്കാടുകള്‍ പൂത്തുലഞ്ഞ പോലെ ആ സാന്നിദ്ധ്യം ഞാന്‍ അറിയുന്നു. മരണത്തിലേക്ക് സ്വയം ഇറങ്ങും മുമ്പ് സൂസന്‍ ഒന്നു തിരിഞ്ഞു നോക്കിയി ട്ടുണ്ടായിരിക്കാം... സാഹോദര്യത്തിന്റെ, സൌഹൃദത്തിന്റെ ഒരു പിന്‍വിളിക്കായി... - റഫീക്ക് വടക്കാഞ്ചേരി ഇപ്പോള്‍ ദുബായ് ഏഷ്യാനെറ്റ് റേഡിയോയില്‍ സൌണ്ട് എഞ്ചിനീയറാണ് ലേഖകന്‍ ബ്ലോഗ് : www.radiorafeek.blogspot.com ഇ മെയില്‍ വിലാസം : rafeeknm at gmail dot com ഭാഗം 1 Labels: rafeek-vadakkanchery |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്