കേരളത്തിലെ കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി രൂക്ഷം:മുകുള്‍ വാസ്നിക്

October 22nd, 2013

ന്യൂഡെല്‍ഹി: കേരളത്തില്‍ കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി രൂക്ഷമാണെന്നും ഭരണവും പാര്‍ട്ടിയും പരസ്പര വിശ്വാസം ഇല്ലാതെ രണ്ടു വഴിക്കാണെന്നും കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്ക്. സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ പാര്‍ട്ടി അറിയുന്നില്ല. പരസ്യ പ്രസ്ഥാവന പാടില്ലെന്ന നിര്‍ദേശം ആരും പാലിക്കുന്നില്ലെന്നും ഇത് പ്രശനങ്ങളെ കൂടുതല്‍ രൂക്ഷമാക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്രൂപ്പ് പോര് താഴെ തട്ടില്‍ വരെ രൂക്ഷമാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ വരുന്ന ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു. കേരളത്തിലെ പാര്‍ട്ടി നേതാക്കന്മാരുമായി കൂടിക്കാഴ്ച നടത്തിയും വിവിധ യോഗങ്ങളില്‍ പങ്കെടുത്തും തയ്യാറാക്കിയ റിപ്പോര്‍ട്ട് അദ്ദേഹം കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറും.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on കേരളത്തിലെ കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി രൂക്ഷം:മുകുള്‍ വാസ്നിക്

നരേന്ദ്ര മോഡിക്ക് പിന്തുണ; എതിര്‍പ്പുകളെ കാര്യമാക്കുന്നില്ലെന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍

October 22nd, 2013

കൊച്ചി:നരേന്ദ്ര മോഡിയെ പിന്തുണച്ചതിനു തനിക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്ന് ജസ്റ്റിസ്റ്റ് വി.ആര്‍.കൃഷ്ണയ്യര്‍. തന്നെ സന്ദര്‍ശിക്കുവാന്‍ എത്തിയ ആര്‍.എസ്.എസ് സര്‍ സംഘചാലകുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. സത്യസന്ധനായ നേതാവ് എന്ന നിലയിലാണ് താന്‍ മോഡിയെ പിന്തുണച്ചതെന്നും മോഡിയുടെ കീഴില്‍ ഗുജറാത്ത് വലിയ നേട്ടങ്ങള്‍ കൈവരിക്കുമെന്നും കൃഷ്ണയ്യര്‍ പറഞ്ഞു. ഇരുപത് മിനിട്ട് നീണ്ട കൂടിക്കാഴ്ചക്കിടെ കൃഷ്ണയ്യര്‍ക്ക് ആര്‍.എസ്.എസുമായി ബന്ധപ്പെട്ട ചില പുസ്തകങ്ങള്‍ മോഹന്‍ ഭഗത് നല്‍കി. താന്‍ രചിച്ച ഒരു ഗ്രന്ഥം കൃഷ്ണയ്യര്‍ മോഹന്‍ ഭഗത്തിനു സമ്മാനിച്ചു. നവമ്പര്‍ 15 നു തൊണ്ണൂറ്റൊമ്പത് വയസ്സ് തികയുന്ന കൃഷ്ണയ്യര്‍ക്ക് മുന്‍ കൂട്ടി പിറന്നാള്‍ ആശംസയും നേര്‍ന്നാണ് മോഹന്‍ ഭഗത് മടങ്ങിയത്.

ഈ മാസം 25 മുതല്‍ നടക്കുന്ന ആര്‍.എസ്.എസ് ദേശീയ നിര്‍വ്വാഹക സമിതിയില്‍ പങ്കെറ്റുക്കുവാനാണ് മോഹന്‍ ഭഗവത് കൊച്ചിയില്‍ എത്തിയത്. കൃഷ്ണയ്യരെ സന്ദര്‍ശിക്കുവാന്‍ മോഹന്‍ ഭഗത്തിനൊപ്പം ഏതാനും ആര്‍.എസ്.എസ് നേതാക്കന്മാരും ഉണ്ടായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on നരേന്ദ്ര മോഡിക്ക് പിന്തുണ; എതിര്‍പ്പുകളെ കാര്യമാക്കുന്നില്ലെന്ന് ജസ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍

കെ.ബി.ഗണേശ് കുമാറും യാമിനി തങ്കച്ചിയും വിവാഹ മോചിതരായി

October 22nd, 2013

തിരുവനന്തപുരം: കെ.ബി.ഗണേശ് കുമാര്‍ എം.എല്‍.എയും യാമിനി തങ്കച്ചിയും വിവാഹ മോചിതരായി. പരസ്പരം യോജിച്ച് മുന്നോട്ട് പോകുവാന്‍ കഴിയില്ലെന്ന് കൌണ്‍സിലിംഗില്‍ ഇരുവരും വ്യക്തമാക്കിയതിനെ തുടര്‍ന്ന് തിരുവനന്തപുരം കുടുമ്പ കോടതിയാണ് ഇവര്‍ക്ക് വിവാഹ മോചനം അനുവദിച്ചത്. സംവിധായകന്‍ ഷാജികൈലാസിനും അഭിഭാഷകനും ഒപ്പമാണ് ഗണേശ്കുമാര്‍ കോടതിയില്‍ എത്തിയത്. ഇതിനിടെ സംയുക്ത വിവാഹ മോചന ഹര്‍ജി ഫയല്‍ ചെയ്യാനായി ഉണ്ടാക്കിയ കരാര്‍ ഗണേശ് കുമാര്‍ ലംഘിച്ചതായി യാമിനി തങ്കച്ചി നേരത്തെ സത്യവാങ്മൂലം കോടതിയെ അറിയിച്ചിരുന്നു.

കോടതിക്ക് പുറത്ത് കാത്തു നിന്ന മാധ്യമപ്രവര്‍ത്തകരോട് ഗണേശ് കുമാര്‍ പ്രതികരിച്ചില്ല. വിവാഹമോചനക്കാര്യത്തില്‍ തീരുമാനമായെന്നും ഇനി ജീവിതം നല്ല നിലയില്‍ മുന്നോട്ട് പോകുമെന്നാണ് വിശ്വാസമെന്നും യാമിനി തങ്കച്ചി പറഞ്ഞു. കുടുമ്പ പ്രശ്നങ്ങളെ തുടര്‍ന്ന് ഉണ്ടായ വിവാദത്തെ തുടര്‍ന്ന് ഗണേശ് കുമാറിനു മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നിരുന്നു. പരസ്ത്രീബന്ധം ഉള്‍പ്പെടെ ഗുരുതരമായ ആരോപണങ്ങളാണ് യാമിനിതങ്കച്ചി ഗണേശ് കുമാറിനെതിരെ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ആരോപിച്ചത്. തുടര്‍ന്ന് യാമിനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ ഗണേശ്കുമാറിനു പരസ്യമായി ഖേദം പ്രകടിപ്പിക്കേണ്ടിയും വന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on കെ.ബി.ഗണേശ് കുമാറും യാമിനി തങ്കച്ചിയും വിവാഹ മോചിതരായി

നസ്രിയ തമിഴില്‍ നിന്നും അകലുന്നു?

October 21st, 2013

കണ്ണടച്ച് തുറക്കും മുമ്പെ തമിഴ് സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് മലയാളിയായ നസ്രിയ. നസ്രിയ അഭിനയിച്ച ചിത്രങ്ങള്‍ വന്‍ വിജയവുമായി. ഫേസ് ബുക്കില്‍ ഏറ്റവും അധികം പേര്‍ പിന്തുടരുന്ന താരമാണ് നസ്രിയ. ഇതൊക്കെ ആണെങ്കിലും നെയ്യാണ്ടി എന്ന ചിത്രത്തിലെ ചില രംഗങ്ങളുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തെ തുടര്‍ന്ന് ഇവര്‍ തമിഴ് സിനിമയില്‍ നിന്നും അകലുന്നതായി സൂചന. തന്റേതെന്ന് തെറ്റിദ്ധരിപ്പിക്കും വിധം ചില രംഗങ്ങള്‍ സിനിമയില്‍ ചേര്‍ത്തു എന്ന് ആരോപിച്ച് ചിത്രത്തിന്റെ സംവിധായകന്‍ സര്‍ ഗുണനെതിരെ നസ്രിയ പരാതി നല്‍കിയിരുന്നു.
പിന്നീട് പ്രശ്നം ഒത്തു തീര്‍പ്പായെങ്കിലും തമിഴ് സിനിമാ ഇന്റസ്ട്രിയില്‍ ഒരു കുഴപ്പക്കാരി എന്ന ഇമേജ് നസ്രിയക്ക് ഉണ്ടായി. ഇതേ തുടര്‍ന്ന് നസ്രിയയെ നായികയാക്കി പ്ലാന്‍ ചെയ്തിരുന്ന ചില ചിത്രങ്ങളില്‍ നിന്നും ഒഴിവാക്കിയതായി വാര്‍ത്തകള്‍ ഉണ്ട്. നെയ്യാണ്ടി ബോക്സോഫീസില്‍ ചലനം ഉണ്ടാക്കിയില്ലെങ്കിലും നസ്രിയയുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. ചിത്രത്തിന്റെ പരാജയ കാരണം നസ്രിയയുടെ തലയില്‍ കെട്ടിവെക്കുവാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്.

ജ്യോതികയെ പോലെ തമിഴില്‍ വലിയ താരമാകും എന്ന് കരുതിയിരിക്കുമ്പോളാണ് നെയ്യാണ്ടി വിവാദം നസ്രിയയുടെ കരിയറില്‍ കറുപ്പ് വീഴ്ത്തിയത്. ശരീര പ്രദര്‍ശനം നടത്തുവാന്‍ തയ്യാറല്ല എന്ന് ആവര്‍ത്തിച്ചു പറയുന്ന നടിയാണ് നസ്രിയ. സംവിധായകനെതിരെ താരതമ്യേന പുതുമുഖ നടി പരാതിയുമായി രംഗത്തെത്തിയത് തമിഴ് സിനിമയില്‍ വലിയ വിവാദത്തിനു തിരികൊളുത്തുകയും ചെയ്തു. കരിയറില്‍ വലിയ ദോഷം ഉണ്ടാക്കും എന്ന് മനസ്സിലായിട്ടും തന്റെ വ്യക്തിത്വത്തെ അടിയറ വെക്കാതെ ഇത്തരം ഒരു നടപടി സ്വീകരിച്ചതിനെ അനുകൂലിച്ച് നിരവധി പേര്‍ അഭിപ്രായപ്പെട്ടിരുന്നു. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാനോടൊപ്പം സലാല മൊബൈത്സ് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നു എന്നതാണ് പുതിയ വാര്‍ത്തകള്‍.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on നസ്രിയ തമിഴില്‍ നിന്നും അകലുന്നു?

കെ.രാഘവന്‍ മാസ്റ്റര്‍ക്ക് വിട

October 20th, 2013

കണ്ണൂര്‍: സംഗീത സംവിധായകന്‍ പത്മശ്രീ കെ.രാഘവന്‍ മാസ്റ്റര്‍ക്ക് (99) കേരളം വിട നല്‍കി. തലശ്ശേരി ജില്ലാ കോടതി പരിസരത്തുള്ള സെന്റിനറി പാര്‍ക്കിനു സമീപത്തായിരുന്നു ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ ഭൌതിക ശരീരം സംസ്കരിച്ചത്. ബി.എം.പി സ്കൂളില്‍ പൊതു ദര്‍ശനത്തിനു വച്ച ശേഷം വന്‍ ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രാഘവന്‍ മാസ്റ്റര്‍ ശനിയാഴ്ച പുലര്‍ച്ചയോടെ ആയിരുന്നു അന്തരിച്ചത്.

1954-ല്‍ നീലക്കുയില്‍ എന്ന ചിത്രത്തില്‍ രാഘവന്‍ മാസ്റ്റര്‍ ഈണമിട്ട ഗാനങ്ങള്‍ വന്‍ തരംഗമായി. അറുപതിലധികം ചിത്രങ്ങള്‍ക്കായി നാനൂറോളം ഗാനങ്ങള്‍ക്കും, നിരവധി നാടക ഗാനങ്ങള്‍ക്കും ഈണമിട്ടിട്ടുണ്ട്. ഏതാനും സിനിമകള്‍ക്ക് പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്. ആയിരത്തോളം ലളിതഗാനങ്ങള്‍ക്കും ഈണം ഒരുക്കിയിട്ടുണ്ട്. 2010-ല്‍ രാജ്യം അദ്ദേഹത്തിനു പത്മശ്രീ നല്‍കി രാജ്യം ആദരിച്ചു. ജെ.സി.ഡാനിയേല്‍ പുരസ്കാരം അടക്കം നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

രാഷ്ടീയ സാംസ്കാരിക രംഗത്തെ പലരും രാഘവന്‍ മാസ്റ്റര്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്തിയെങ്കിലും സിനിമാ-സംഗീത രംഗത്തു നിന്നും പ്രശസ്തര്‍ ആരും അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്തിയില്ല എന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടവരുത്തിയിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on കെ.രാഘവന്‍ മാസ്റ്റര്‍ക്ക് വിട

Page 110 of 112« First...102030...108109110111112

« Previous Page« Previous « കെ. രാഘവന്‍ മാസ്റ്റര്‍ ഓര്‍മ്മയായി
Next »Next Page » നള ചരിതം ആട്ടക്കഥ ഒക്ടോബര്‍ 22 മുതല്‍ 25 വരെ »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha