സഞ്ജയ് ദത്തിനെന്താ കൊമ്പുണ്ടോ?

March 26th, 2013

sanjay-dutt-epathram

മുംബൈ : മാർച്ച് 12 1993. ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം നടന്ന ദിനം. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനത്തെ നടുക്കിയ 13 ബോംബ് സ്ഫോടനങ്ങളാണ് ഒരൊറ്റ ദിവസം കൊണ്ട് ഭീകരർ സംഘടിതമായി നടത്തിയത്. 250 പേർ കൊല്ലപ്പെട്ടു 700 ലേറെ പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ദാവൂദ് ഇബ്രാഹിമിന്റെ കുപ്രസിദ്ധമായ ഡി കമ്പനിയായിരുന്നു സ്ഫോടനങ്ങൾക്ക് പുറകിൽ. ദുബായിൽ വെച്ചാണ് ഭീകരരെ ഈ ആക്രമണത്തിനായി തെരഞ്ഞെടുത്തത്. ആയുധങ്ങൾ എത്തിച്ചു കൊടുത്തത് പാക്കിസ്ഥാൻ ചാര സംഘടനയായ ഐ. എസ്. ഐ. യും.

പ്രധാന പതികളായ ദാവൂദ് ഇബ്രാഹിമിനേയോ ദാവൂദിന്റെ അനുചരനായ ടൈഗർ മേമനേയോ അറസ്റ്റ് ചെയ്യാൻ ഇന്ത്യക്കായില്ലെങ്കിലും സ്ഫോടന പദ്ധതിയുടെ ഭാഗമായി ആയുധങ്ങൾ സൂക്ഷിച്ചു വെച്ച് ഭീകരരെ സഹായിച്ച ഒട്ടേറെ പേരെ അന്വേഷണ ഉദ്യോഗസ്ഥർ പിടികൂടി. ഇവർക്കെതിരെ ഭീകര വിരുദ്ധ നിയമം (TADA – Terrorist and Disruptive Activities (Prevention) Act) പ്രകാരം കേസെടുക്കുകയും സുപ്രീം കോടതി ശിക്ഷ പ്രഖ്യാപിക്കുകയും ചെയ്തു.

ഭീകരർക്ക് വേണ്ടി ആയുധം സൂക്ഷിച്ചവരിൽ ഒരാൾക്ക് വേണ്ടി ഇപ്പോൾ ഒട്ടേറെ സാമൂഹ്യ രാഷ്ട്രീയ പ്രമുഖർ രംഗത്തു വന്നിരിക്കുന്നു. അറസ്റ്റിലായ 100 ഓളം പേരിൽ ഇയാൾക്കെതിരെ മാത്രം ഭീകര വിരുദ്ധ നിയമ പ്രകാരമുള്ള കുറ്റങ്ങൾ വിചാരണാ വേളയിൽ തന്നെ നീക്കം ചെയ്യാൻ ഇയാളുടെ പണക്കൊഴുപ്പിനും താര പ്രഭയ്ക്കും കഴിഞ്ഞു. ഈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്മാരെ ഫോണിൽ ബന്ധപ്പെടുകയും, ഇവരെ നേരിട്ട് കാണുകയും കെട്ടിപ്പിടിക്കുകയും ചെയ്ത ആളാണ് ഇയാൾ.

ഇതാണ് സഞ്ജയ് ദത്തിന്റെ കഥ. ഇന്ത്യയിലെ അതി ശക്തമായ ബോളിവുഡ് സിനിമാ വ്യവസായമാണ് ഇയാളുടെ തൊഴിൽ മേഖല എന്ന ഒറ്റക്കാരണം കൊണ്ടാണ് ഇയാൾക്കെതിരെ ഇപ്പോൾ പിന്തുണയുമായി പല പ്രമുഖരും രംഗത്ത് വന്നത്. ഇത്തരമൊരു കേസിൽ പ്രതിയുടെ മാതാ പിതാക്കൾ സിനിമാ നടന്മാർ ആയിരുന്നു എന്നതോ അച്ഛനും സഹോദരിയും പാർലമെന്റ് അംഗങ്ങളാണ് എന്നതോ പ്രധാനമാവാൻ പാടില്ലാത്തതാണ്.

എന്നിട്ടും സഞ്ജയ് ദത്തിന് വേണ്ടി ഏറ്റവും ശക്തമായ പിന്തുണയുമായി മുന്നോട്ട് വന്നത് പ്രസ് കൌൺസിൽ ഓഫ് ഇന്ത്യയുടെ അദ്ധ്യക്ഷൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു തന്നെയാണ്.

സഞ്ജയ് ദത്തിനെ 5 കൊല്ലം തടവിന് ശിക്ഷിച്ച് മണിക്കൂറുകൾക്കകം ജസ്റ്റിസ് കട്ജു മഹാരാഷ്ട്രാ ഗവർണർക്ക് കത്തയച്ചു. സഞ്ജയ് ദത്തിനെ ഭരണഘടനയുടെ 161ആം വകുപ്പിലെ പ്രത്യേക അധികാരം ഉപയോഗിച്ച് മാപ്പ് നൽകണമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. ഇതിന് കാരണമായി പറഞ്ഞത് ഇവയും:

1. സഞ്ജയ് ദത്ത് ഇത്രയും നാൾ കൊണ്ട് “ഒരുപാട്” കഷ്ടതകൾ അനുഭവിച്ചു.
2. ഒട്ടേറെ ആക്ഷേപങ്ങളും മാനഹാനിയും അനുഭവിച്ചു.
3. ഒരു പാട് തവണ കോടതിയിൽ പോകേണ്ടി വന്നു.

നിയമം ഭേദിച്ചാൽ കോടതിയിൽ പോകേണ്ടി വരും എന്ന് മറ്റാരേക്കാളും നന്നായി ജസ്റ്റിസ് കട്ജുവിന് അറിയാം. മറ്റ് പ്രതികളും “ഒരുപാട്” അനുഭവിച്ചില്ലേ ജസ്റ്റിസ് കട്ജു?

4. വിദേശത്ത് ഷൂട്ടിങ്ങിന് പോകാൻ സഞ്ജയ് ദത്തിന് കോടതിയുടെ അനുമതി തേടേണ്ടി വന്നു.
5. അദ്ദേഹത്തിന് ബാങ്ക്‍ ലോൺ ലഭിക്കുന്നില്ല.
6. ഇതിനോടകം അദ്ദേഹം18 മാസം ജയിലിൽ കഴിഞ്ഞു.

ഇതിലെന്താ അദ്ഭുതം? ജാമ്യം ലഭിച്ച അദ്ദേഹം തന്റെ തൊഴിൽ ചെയ്ത് ഒട്ടേറെ പണം സമ്പാദിച്ചു. പിന്നെ 18 മാസം എന്നത് ഇദ്ദേഹത്തിന് ലഭിച്ച ശിക്ഷയുടെ 18 ശതമാനം മാത്രമേ ആവുന്നുള്ളൂ.

7. സഞ്ജയ് ദത്തിന് ഭാര്യയും രണ്ട് കൊച്ചു കുട്ടികളുമുണ്ട്.

ഭീകര വിരുദ്ധ നിയമപ്രകാരം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി ഒരു വർഷത്തിന് ശേഷമാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. സുപ്രീം കോടതിയിൽ നിന്നും അന്തിമ വിധി വരുമെന്ന് അറിഞ്ഞിട്ടും കുടുംബ ജീവിതവുമായി മുന്നോട്ട് പോവാൻ ഇദ്ദേഹം തന്നെയാണ് തീരുമാനിച്ചത്. പിന്നെങ്ങനെ ഒരു കുടുംബം ഉണ്ട് എന്നത് ഇയാൾക്ക് മാപ്പ് നൽകാൻ കാരണമാവും?

8. ഇയാൾ ഭീകരനാണെന്നോ ഇയാൾക്ക് മുംബൈ സ്ഫോടനത്തിൽ പങ്കുണ്ടെന്നോ തെളിയിക്കപ്പെട്ടിട്ടില്ല.

ശരിയാണ്. എന്നാൽ ആയുധ നിയമപ്രകാരം അതീവ ഗുരുതരമായ കുറ്റത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികളെ പോലെ ഭീകര വിരുദ്ധ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട ഇയാൾക്കെതിരെ ഈ നിയമപ്രകാരമുള്ള കുറ്റങ്ങൾ നീക്കം ചെയ്തതിനെ ഒട്ടേറെ നിയമ വിദഗ്ദ്ധർ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. മുംബൈ നഗരത്തിൽ അനധികൃതമായി ആയുധം കൈവശം വെയ്ക്കുന്നത് തന്നെ അത്യന്തം കുറ്റകരമാണ് എന്നിരിക്കെ മുംബൈ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ ഭീകരർക്ക് വേണ്ടി ആയുധം സൂക്ഷിച്ചത് അതീവ ഗുരുതരം തന്നെ. സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരുമായി ഇയാൾ നേരിട്ട് കാണുകയും സംസാരിക്കുകയും ഫോണിൽ ബന്ധപ്പെടുകയും ചെയ്തത് കൂടി കണക്കിലെടുക്കുമ്പോൾ കുറ്റം കൂടുതൽ സങ്കീർണ്ണമാവുന്നു.

9. ഇയാളുടെ അച്ഛനും അമ്മയും സമൂഹ നന്മയ്ക്കായി പ്രവർത്തിച്ചവരാണ്.

അതുകൊണ്ടെന്താ? ഇവരുടെ സദ്കർമ്മങ്ങളുടെ പുണ്യം ഇയാളുടെ ക്രിമിനൽ പശ്ചാത്തലത്തെ ലഘൂകരിക്കും എന്നാണോ ജസ്റ്റിസ് കട്ജു ഉദ്ദേശിക്കുന്നത്? ജ്യോതിഷത്തിൽ ഇങ്ങനെ പറയാം. എന്നാൽ നിയമത്തിൽ ഇങ്ങനെയൊന്നുമില്ല. അത് ജസ്റ്റിസിന് അറിയില്ലേ?

10. സഞ്ജയ് ദത്ത് തന്റെ സിനിമകളിൽ മഹാത്മാ ഗാന്ധിയുടെ സന്ദേശം പ്രചരിപ്പിക്കുകയും മഹാത്മജിയുടെ ഓർമ്മകൾ പുനരുജ്ജീവിപ്പിക്കുകയും ചെയ്തു.

???????????. കാര്യങ്ങൾ ഇതിലും അപഹാസ്യമാവുന്നതെങ്ങനെ? മുന്നാഭായ് സഞ്ജയ് ദത്ത് അഭിനയിച്ച ഒരു ഹിന്ദി സിനിമയിലെ സാങ്കൽപ്പിക കഥാപാത്രമാണ്. ഖൽ നായൿ മുതലായ സിനിമകളിൽ ഒട്ടേറെ ദുഷ്ട കഥാപാത്രങ്ങളേയും ഇയാൾ അവതരിപ്പിച്ചിട്ടുണ്ട്. അത്കൊണ്ട്?

ജസ്റ്റിസ് മാർക്കണ്ഡേയ കട്ജും കേവലം വൈകാരികമായാണ് ഇതിനെ സമീപിക്കുന്നത്. നിയമപരമായി സഞ്ജയ് ദത്തിനെ പിന്തുണയ്ക്കാൻ കഴിയില്ല എന്ന ഉത്തമ ബോദ്ധ്യത്തോടെ തന്നെയാവണം അദ്ദേഹം ഈ തന്ത്രം സ്വീകരിച്ചത്. അല്ലാതെ നിയമം അറിയാഞ്ഞിട്ടാവാൻ വഴിയില്ലല്ലോ.

ഇതിനിടെ സഞ്ജയ് ദത്തിന് മാപ്പ് നൽകുകയാണെങ്കിൽ ദാവൂദിന്റെ അനുചരൻ അബു സലെം ഏൽപ്പിച്ച ബാഗിൽ ആയുധങ്ങളാണ് എന്നറിയാതെ സൂക്ഷിക്കുകയും ഇതേ കേസിൽ സഞ്ജയ് ദത്തിനോടൊപ്പം പിടിയിലാവുകയും ചെയ്ത തന്റെ 71 കാരിയായ അമ്മൂമ്മയേയും വിട്ടയയ്ക്കണം എന്ന് കേസിലെ ഒരു പ്രതിയായ സൈബുന്നിസാ ഖാസിയുടെ മകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

മാപ്പ് നൽകാനുള്ള ഗവർണ്ണറുടെ പ്രത്യേക അധികാരവും നിയമ വിശകലനത്തിന് വിധേയമാണ് എന്നും ഇത് പൊതു നന്മയ്ക്കായി മാത്രം പ്രയോഗിക്കാൻ ഉള്ളതാണ് എന്നും നിയമ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

Comments Off on സഞ്ജയ് ദത്തിനെന്താ കൊമ്പുണ്ടോ?

കുര്യന് ചാണ്ടി താങ്ങ്

February 3rd, 2013

oommen-chandy-epathram

തിരുവനന്തപുരം : സൂര്യനെല്ലി കേസ് ഹൈക്കോടതി കൈകാര്യം ചെയ്ത രീതിയെ നിശിതമായി വിമർശിക്കുകയും കേസിൽ പുനർ വിചാരണ നടത്തണം എന്നും സുപ്രീം കോടതി ആവശ്യപ്പെട്ട സാഹചര്യത്തിൽ തന്നെ ബലാൽസംഗം ചെയ്തവരുടെ കൂട്ടത്തിൽ രാജ്യസഭാ ഉപാദ്ധ്യക്ഷനും പ്രമുഖ കോൺഗ്രസ് നേതാവുമായ പി. ജെ. കുര്യനും ഉണ്ടായിരുന്നു എന്ന പീഢനത്തിന് ഇരയായ പെൺകുട്ടിയുടെ വെളിപ്പെടുത്തലിന് എതിരെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പരസ്യമായി രംഗത്തു വന്നു.

17 വർഷം മുൻപ് പറഞ്ഞ ആരോപണങ്ങളാണ് ഇപ്പോഴും ആവർത്തിക്കുന്നത്. ഇത് പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ്. കോടതി വരെ നിരപരാധി എന്ന് കണ്ടെത്തിയ ഒരാളെ ഇത്തരത്തിൽ കടന്നാക്രമിക്കാനുള്ള ശ്രമവും അത് പോലെ തന്നെ തെറ്റാണ് എന്ന് ഉമ്മൻ ചാണ്ടി പത്ര സമ്മേളനത്തിനിടയിൽ പറഞ്ഞു.

സിബി മാത്യൂസിന്റെ ഇടപെടൽ കൊണ്ടാണ് കുര്യൻ രക്ഷപ്പെട്ടത് എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ജോഷ്വയുടെ വെളിപ്പെടുത്തലിനെ സംബന്ധിച്ച ചോദ്യത്തിന് അത് അവർ തമ്മിലുള്ള പ്രശ്നങ്ങളാണ് കാരണം എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

17 വർഷം മുൻപ് പറഞ്ഞ പരാതിയിൽ പെൺകുട്ടി ഇപ്പോഴും ഉറച്ചു നിൽക്കുന്നുണ്ടല്ലോ എന്നും പീഢിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ വാക്കുകളിൽ സർക്കാരിന് വിശ്വാസമില്ലേ എന്നുമുള്ള ചോദ്യത്തിന് ഉമ്മൻ ചാണ്ടി മറുപടി പറഞ്ഞില്ല.

- ജെ.എസ്.

വായിക്കുക: , , , ,

Comments Off on കുര്യന് ചാണ്ടി താങ്ങ്

പ്രധാനമന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്ന് ഡൽഹി കോടതി

January 31st, 2013

manmohansingh-laughing-epathram

ന്യൂഡൽഹി : 2 ജി സ്പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെതിരെയും ദയാനിധി മാരനെതിരെയും കേസെടുക്കാൻ ആവില്ലെന്ന് ഡൽഹി കോടതി വ്യക്തമാക്കി. കേസ് ഇപ്പോൾ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയെ ഹരജിക്കാർ സമീപിക്കണം എന്നും കോടതി വ്യക്തമാക്കി. പരാതിക്കാർ ആരോപിച്ച വിഷയങ്ങളിൽ തങ്ങൾ അന്വേഷണം നടത്തുന്നുണ്ടെന്ന് സി. ബി. ഐ. കോടതിയെ അറിയിച്ചതായും കോടതി വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , ,

Comments Off on പ്രധാനമന്ത്രിക്കെതിരെ കേസെടുക്കാനാവില്ലെന്ന് ഡൽഹി കോടതി

ഡീസൽ വില ഇന്ന് മുതൽ വർദ്ധിക്കും

January 18th, 2013

petroleum-money-epathram

ന്യൂഡൽഹി : ഡീസൽ വിലയുടെ മേൽ സർക്കാരിന് ഉണ്ടായിരുന്ന നിയന്ത്രണം എടുത്തുമാറ്റി പകരം എണ്ണ കമ്പനികൾക്ക് വില നിശ്ചയിക്കാം എന്ന സർക്കാർ തീരുമാനം പുറത്തിറങ്ങി മണിക്കൂറുകൾക്കകം എണ്ണ കമ്പനികൾ യോഗം ചേർന്ന് വില വർദ്ധിപ്പിക്കുവാൻ തീരുമാനിച്ചു. ഇന്ന് 50 പൈസ വർദ്ധിപ്പിക്കുവാനാണ് ഇവർ തീരുമാനിച്ചിരിക്കുന്നത്. പ്രതിമാസം 50 പൈസ വീതം വർദ്ധിപ്പിക്കുവാനും യോഗത്തിൽ തീരുമാനമായി. ഇതോടെ വർഷത്തിൽ ഡെസ്സൽ വില 6 രൂപ വർദ്ധിക്കും എന്ന് ഉറപ്പായി.

ഒരു ലിറ്റർ ഡെസ്സൽ വില്ക്കുമ്പോൾ 9.6 രൂപ നഷ്ടം എണ്ണ കമ്പനികൾ സഹിക്കുന്നു എന്നാണ് കമ്പനികളുടെ കണക്ക്. ഈ നഷ്ടം നികത്തും വരെ വില വർദ്ധനവ് തുടരാനാണ് സർക്കാർ വില നിർണ്ണയത്തിനുള്ള അവകാശം കമ്പനികൾക്ക് നൽകിയിരിക്കുന്നത് എന്നും സർക്കാർ നിയന്ത്രണം പൂർണ്ണമായി എടുത്തു കളഞ്ഞതല്ല എന്നുമാണ് സർക്കാർ നിലപാട്. ഡീസൽ വില നിയന്ത്രണം ഉപേക്ഷിക്കണം എന്ന കേൽക്കർ കമ്മിറ്റി നിർദ്ദേശം നടപ്പിലാക്കുക മാത്രമാണ് തങ്ങൾ ചെയ്യുന്നത് എന്നാണ് പെട്രോളിയം മന്ത്രി എം വീരപ്പ മൊയ്ലി പറഞ്ഞത്.

അന്താരാഷ്‌ട്ര കമ്പോള വിലയ്ക്ക് അനുസൃതമായി വില കൂട്ടാനും കുറയ്ക്കാനും ഈ നടപടി മൂലം കഴിയും എന്ന് സര്‍ക്കാര്‍ അവകാശ പ്പെടുന്നുണ്ടെങ്കിലും വില കൂടുകയല്ലാതെ കുറയും എന്ന് പ്രതീക്ഷിക്കാന്‍ വകയില്ല. വില നിയന്ത്രണം ഒഴിവാക്കിയ പെട്രോളിന്റെ കാര്യത്തിൽ അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡ്‌ ഓയലിന്റെ വില വര്‍ദ്ധിച്ചപ്പോഴൊക്കെ ഇന്ത്യയില്‍ വില വര്‍ദ്ധനവ്‌ ഉണ്ടായിട്ടുണ്ടെങ്കിലും അന്താരാഷ്‌ട്ര വിപണിയില്‍ വന്‍ ഇടിവുകള്‍ ഉണ്ടായപ്പോഴൊന്നും ഇന്ത്യയിലെ വിലകളില്‍ കാര്യമായ കുറവ്‌ വന്നിട്ടില്ല.

manmohansingh-mukeshambani-epathramപ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മുകേഷ്‌ അംബാനിയോടൊപ്പം

മുകേഷ്‌ അംബാനിയുടെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ഏറെ നാളായി നടന്നു വരുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തിന്റെ ഫലമാണ് ഈ തീരുമാനം എന്ന വിമര്‍ശനം അസ്ഥാനത്തല്ല. ഇന്ത്യയില്‍ സ്വന്തം സ്വകാര്യ എണ്ണപ്പാടങ്ങളില്‍ എണ്ണ ഖനനം നടത്തുന്ന അംബാനിക്ക് ഈ നടപടി മൂലം ഉണ്ടാവുന്ന ഗുണങ്ങള്‍ ഏറെയാണ്. സബ്സിഡി ലഭിയ്ക്കുന്ന പൊതു മേഖലാ എണ്ണ കമ്പനികളോട് മത്സരിക്കാനാവാതെ രാജ്യമെമ്പാടുമുള്ള മൂവായിരത്തിലേറെ റിലയന്‍സ്‌ പെട്രോള്‍ പമ്പുകള്‍ മുൻപ് അടച്ചു പൂട്ടിയിട്ടുണ്ട്. പെട്രോളിന്റെ സബ്സിഡി നിര്‍ത്തിയതോടെ പൊതു മേഖലാ പമ്പുകളിലെ വില കുതിച്ചുയരുകയും ചെയ്തു. ഇതോടെ റിലയന്‍സിന്റെ പൂട്ടിയ പമ്പുകള്‍ വീണ്ടും തുറന്നു.

റിലയൻസിന്റെ അന്തിമ ലക്ഷ്യം ഇത് മാത്രമല്ല. പൊതു മേഖലാ എണ്ണ കമ്പനികള്‍ അന്താരാഷ്‌ട്ര വിപണിയിലെ വില നിലവാരത്തിനനുസരിച്ച വിലകള്‍ നിശ്ചയിക്കുമ്പോൾ‍, സ്വന്തം എണ്ണപ്പാടങ്ങളില്‍ നിന്നും ഖനനം നടത്തുന്ന റിലയന്‍സിന് വില ഒരല്‍പം കുറച്ചു വിറ്റ്, വിപണി പിടിച്ചടക്കുകയുമാവാം. വില നിയന്ത്രണം ഒഴിവായതോടെ പൊതു മേഖലാ എണ്ണ കമ്പനികളുടെ ഓഹരികള്‍ വിറ്റഴിക്കുന്നതിനും നിയന്ത്രണം ഉണ്ടാവില്ല. അതോടെ ഈ കമ്പനികളുടെ ഓഹരികള്‍ സ്വന്തമാക്കി, ഇവയുടെ നിയന്ത്രണം കൂടി സ്വകാര്യ കമ്പനികള്‍ ഏറ്റെടുക്കുന്ന കാലം വിദൂരമല്ല.

സാമൂഹിക ഉത്തരവാദിത്തം എന്ന ഒരു ജനാധിപത്യ സര്‍ക്കാരിന്റെ പ്രാഥമിക ധര്‍മ്മം മറന്നുള്ള ഈ നടപടിയോടെ ജനങ്ങളുടെ മേല്‍ വരുന്ന അധിക ഭാരം ചിന്തിയ്ക്കാനാവുന്നതിനും അപ്പുറത്താണ്. അടിസ്ഥാന ഗതാഗത ഇന്ധനമായ ഡീസലിന്റെ വിലയില്‍ വരുന്ന വര്‍ദ്ധനവ്‌ ഉപ്പ് മുതല്‍ കര്‍പ്പൂരം വരെ എല്ലാ സാധനങ്ങളുടെയും വില വര്‍ദ്ധനവിന് കാരണമാകും. പ്രത്യേകിച്ചും മിക്ക ചരക്കുകള്‍ക്കും അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിൽ‍.

- ജെ.എസ്.

വായിക്കുക: , ,

Comments Off on ഡീസൽ വില ഇന്ന് മുതൽ വർദ്ധിക്കും

ഡീസല്‍ വില നിയന്ത്രണാധികാരവും എണ്ണ കമ്പനികള്‍ക്ക്

January 17th, 2013

ന്യൂഡെല്‍ഹി:ഡീസല്‍ വില നിയന്ത്രണത്തിനുള്ള അധികാരം രാജ്യത്തെ എണ്ണ കമ്പനികള്‍ക്ക് നല്‍കുവാന്‍ കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. അന്താരാഷ്ട വിപണിയിലെ വിലനിലവാരം അനുസരിച്ചായിരിക്കും ഇനി ഇന്ത്യയില്‍ ഡീസലിന്റെ വില നിശ്ചയിക്കുക. വ്യാഴാച ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. സമയബന്ധിതമായി ഡീസല്‍ വില വര്‍ദ്ധിപ്പിക്കുവാനാണ് കമ്പനികള്‍ക്ക് അധികാരം നല്‍കുന്നത്. വീടൊന്നിന് ഒമ്പത് പാചക വാതക സിലിണ്ടറുകള്‍ നല്‍കുവാനും കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു. പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലിയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്.

2010-ല്‍ പെട്രോള്‍ വില നിയന്ത്രണാധികാരം എണ്ണ കമ്പനികള്‍ക്ക് നല്‍കിയതിനെ തുടര്‍ന്ന് രാജ്യത്ത് പെട്രോള്‍ വിലയില്‍ 31 ശതമാനത്തോലം വിലവര്‍ദ്ധനവ് ഉണ്ടായി. 26 തവണ പെട്രോളിനു വിലവര്‍ദ്ധനവുണ്ടായി. ഡീസല്‍ വില നിയന്ത്രണത്തിനുള്ള അധികാരം കമ്പനികള്‍ക്ക് നല്‍കുന്നതിലൂടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് അടക്കം വന്‍ വില വര്‍ദ്ധനവ് ഉണ്ടാകുവാന്‍ സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ഡീസല്‍ വില നിയന്ത്രണാധികാരവും എണ്ണ കമ്പനികള്‍ക്ക്

Page 20 of 25« First...10...1819202122...Last »

« Previous Page« Previous « പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ നടപടി അംഗീകരിക്കാനാകില്ല: വി. എസ്.
Next »Next Page » അല്‍ ഐനില്‍ കൊയ്ത്തുത്സവം »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha