നമോവിചാറിനു പുറകെ പോപ്പുലര്‍ ഫ്രണ്ട് വിമതരും സി.പി.എമ്മിലേക്ക്

February 8th, 2014

കണ്ണൂര്‍: ബി.ജെ.പി വിമതരുടെ സംഘടനയായ നമോവിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നതിനു പുറകെ പോപ്പുലര്‍ ഫ്രണ്ടിന്റെ വിമതരും സി.പി.എമ്മിലേക്ക് ചേക്കേറുന്നു. വര്‍ഗ്ഗീയതയ്ക്കെതിരെ വിട്ടുവീഴ്ചയില്ല എന്ന നിലപാട് ആവര്‍ത്തിക്കുമ്പോളാണ് നമോവിചാര്‍ മഞ്ച് പ്രവര്‍ത്തകര്‍ക്ക് പുറകെ പോപ്പുലര്‍ ഫ്രണ്ടിനേയും സ്വീകരിക്കുവാന്‍ സി.പി.എം ഒരുങ്ങുന്നത്. വിവാദമായ ആയുധ പരിശീലനം നടന്ന നാറാത്തും പരിസരത്തും നിന്നുമുള്ള നൂറോളം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് സി.പി.എമ്മില്‍ ചേരുന്നത്. പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാ മാര്‍ച്ച് കണ്ണൂരില്‍ എത്തുമ്പോള്‍ ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

നമോവിചാര്‍ മഞ്ചുകാരെ സി.പി.എമ്മിലേക്ക് കൊണ്ടുവന്ന ജില്ലാ സെക്രട്ടറി പി.ജയരാജന്‍ തന്നെയാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വിമതര്‍ക്കും പാര്‍ട്ടിയിലേക്ക് കടന്നുവരുവാന്‍ വഴിയൊരുക്കുന്നത്. കഴിഞ്ഞ ദിവസം പി.ജയരാജന്‍ പങ്കെടുത്ത യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എത്തി ഇതു സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ഒരു വര്‍ഷം മുമ്പ് ഡി.വൈ.എഫ്.ഐയില്‍ ചേര്‍ന്ന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ടുകാര്‍ ആക്രമിച്ചിരുന്നു. ഇതേ തുടര്‍ന്നുണ്ടായ അഭിപ്രായ വ്യത്യാസങ്ങളാണ് ഒരു വിഭാഗത്തെ സി.പി.എമ്മിലേക്ക് ചേരുവാനുള്ള തീരുമാനത്തില്‍ എത്തിച്ചത്.

സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പങ്കെടുത്ത വിപുലമായ പരിപാടിയിലാണ് ബി.ജെ.പി മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ആയിരുന്ന ഒ.കെ. വാസു മാസ്റ്ററുടെ നേതൃത്വത്തില്‍ ഉള്ള പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നത്. ഒ.കെ. വാസുമാസ്റ്ററേയും സംഘത്തേയും പാര്‍ട്ടിയില്‍ അംഗങ്ങളാകുന്നതിനെ വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെ ഒരു വിഭാഗം എതിര്‍ത്തിരുന്നു എങ്കിലും ഔദ്യോഗിക പക്ഷം അത് അംഗീകരിച്ചില്ല. അതിനു തൊട്ടു പുറകെയാണ് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നും ഉള്ള പ്രവര്‍ത്തകരെ സ്വീകരിക്കുവാനുള്ള തീരുമാനം.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on നമോവിചാറിനു പുറകെ പോപ്പുലര്‍ ഫ്രണ്ട് വിമതരും സി.പി.എമ്മിലേക്ക്

ടി.പി. വധക്കേസ്: പ്രതികളെ കോടിയേരിയും സംഘവും ജയിലില്‍ സന്ദര്‍ശിച്ചു

February 2nd, 2014

തൃശ്ശൂർ: ടി.പി. വധക്കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട പ്രതികളെ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ ഉള്ള സി.പി.എം. നേതാക്കള്‍ തൃശ്ശൂര്‍ വിയ്യൂരിലെ ജയിലില്‍ സന്ദര്‍ശിച്ചു. പ്രതികളെ ജയിലില്‍ മര്‍ദ്ദിച്ചതായുള്ള വിവരം അറിഞ്ഞതിനെ തുടര്‍ന്ന് പാര്‍ട്ടി തീരുമാനം അനുസരിച്ചാണ് അവരെ കാണാന്‍ എത്തിയതെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സത്യമറിയുവാന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നേരിട്ട് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജയിലില്‍ സി. സി. ടി. വി. ഇല്ലാത്ത സ്ഥലത്തു കൊണ്ടു പോയി മര്‍ദ്ദിക്കുകയായിരുന്നു എന്നും ഇവരില്‍ പലര്‍ക്കും ഗുരുതരമായ പരിക്കുണ്ടെന്നും സംഘം പറഞ്ഞു.

ടി.പി. വധക്കേസില്‍ സി.പി.എമ്മിനു പങ്കില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോളാണ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗവും എം.എൽ.എ. മാരും അടങ്ങുന്ന സംഘം വാടകക്കൊലയാളികള്‍ എന്ന് കോടതി പരാമര്‍ശിച്ച കൊടി സുനി അടക്കം ഉള്ള പ്രതികളെ അടക്കം സന്ദര്‍ശിച്ചത്. ഇവരുടെ അവകാശങ്ങള്‍ക്കായി പൊരുതുമെന്നും കോടിയേരി വ്യക്തമാക്കി. വ്യാഴാ‍ഴ്ചയാണ് പ്രതികളെ കണ്ണൂരില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റിയത്. എം.എൽ.എ. മാരായ ബാബു. എം. പാലിശ്ശേരി, ബി.ഡി. ദേവസ്സി, സി. രവീന്ദ്ര നാഥ്, കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എ. സി. മൊയ്തീന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , ,

Comments Off on ടി.പി. വധക്കേസ്: പ്രതികളെ കോടിയേരിയും സംഘവും ജയിലില്‍ സന്ദര്‍ശിച്ചു

തിരൂരിലെ ആക്രമണം: ഉത്തരവാദിത്വം എസ്.ഡി.പി.ഐ ഏറ്റെടുത്തു

February 2nd, 2014

തിരൂര്‍: തിരൂരില്‍ പട്ടാപകല്‍ സി.പി.എം പ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിന്റെ ഉത്തരവാദിത്വം എസ്.ഡി.പി.ഐ ഏറ്റെടുത്തു. സി.പി.എം പുത്തൂര്‍ ലോക്കല്‍ കമ്മറ്റി അംഗങ്ങളായ എ.കെ.മജീദ് , അര്‍ഷാദ് എന്നിവര്‍ സഞ്ചരിച്ചിരുന്ന കാറുതടഞ്ഞു നിര്‍ത്തി പരസ്യമായി മാരകായുധങ്ങളുപയോഗിച്ച് ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ആദ്യം എസ്.ഡി.പി.ഐ സംഭവത്തില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്ന് പറഞ്ഞിരുന്നു. എന്നാല്‍ വ്യക്തമായ തെളിവുകള്‍ പുറത്തുവന്നതോടെ നേരത്തെ ഉണ്ടായ ആക്രമണത്തിന്റെ സ്വാഭാവികമായ പ്രതികരണമാണ് തിരൂരില്‍ ഉണ്ടായതെന്ന് അവര്‍ വ്യക്തമാക്കി. പോലീസ് അറസ്റ്റ് ചെയ്ത നാലു പേരും എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ ആണെന്ന് ജില്ലാ പ്രസിഡണ്ട് വി.ടി.ഇക്രമുല്‍ ഹഖ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷം വിജയിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നടന്ന ആഹ്ലാദ പ്രകടനത്തിനിടയിലേക്ക് എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ ബൈക്ക് ഓടിച്ച് കയറ്റിയതിനെ തുടര്‍ന്ന് ചെറിയ തോതില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതിന്റെ പ്രതികാരമായാണ് സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകര്‍ ചികിത്സയിലാണ്.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on തിരൂരിലെ ആക്രമണം: ഉത്തരവാദിത്വം എസ്.ഡി.പി.ഐ ഏറ്റെടുത്തു

കളിയിൽ അൽപ്പമല്ല കാര്യം

January 30th, 2014

angry-birds-spy-epathram

ഹെൽസിങ്കി: ലോകമെമ്പാടുമുള്ള സ്മാർട്ട് ഫോണുകളിലൂടെ അത്യധികം ജനപ്രീതി നേടിയ “ആങ്ക്രി ബേർഡ്സ്” എന്ന കളിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. ബുധനാഴ്ച്ച പുലർച്ചെയാണ് സംഭവം നടന്നത് എന്ന് കളിയുടെ ഉപജ്ഞാതാക്കളായ റോവിയോ എന്റർടെയിന്മെന്റ് എന്ന ഫിൻലൻഡ് ആസ്ഥാനമായ കമ്പനിയുടെ വക്താക്കൾ അറിയിച്ചു.

ഹാക്കർമാരുടെ ഉദ്ദേശം വ്യക്തമല്ലെങ്കിലും ഈ കളി കളിക്കുന്നവരുടെ സ്മാർട്ട് ഫോണുകൾ വഴി സ്വകാര്യ വിവരങ്ങൾ അമേരിക്കൻ ബ്രിട്ടീഷ് ചാര സംഘടനകൾ ചോർത്തുന്നതായി കഴിഞ്ഞ ദിവസം എഡ്വേർഡ് സ്നോഡൻ വെളിപ്പെടുത്തിയിരുന്നു. സ്മാർട്ട് ഫോണിൽ ആങ്ക്രി ബേർഡ്സ് എന്ന കളി കളിക്കുന്നവരുടെ ഫോണുകളിലൂടെ ഇത്തരത്തിൽ വിവരങ്ങൾ ചോർത്തുന്ന രഹസ്യം പുറത്തായത് ലോകമെമ്പാടും വൻ ആശങ്കയാണ് ഉയർത്തിയത്. ഇതിനോടുള്ള പ്രതികരണമാവാം ഈ കമ്പനിയുടെ വെബ് സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട സംഭവം എന്ന് കരുതപ്പെടുന്നു.

ഒരു ചാര സംഘടനയുമായി തങ്ങൾ ചേർന്ന് പ്രവർത്തിക്കുകയോ തങ്ങലുടെ ഉപയോക്താക്കളുടെ വിവരങ്ങൾ കൈമാറുകയോ ചെയ്തിട്ടില്ലെന്ന് കമ്പനി അറിയിച്ചു.

- ജെ.എസ്.

വായിക്കുക: , , , ,

Comments Off on കളിയിൽ അൽപ്പമല്ല കാര്യം

ടി.പി. വധം: 11 പേര്‍ക്ക് ജീവപര്യന്തം

January 28th, 2014

jail-prisoner-epathram

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടെ 11 പ്രതികള്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ. പാനൂര്‍ എരിയാ കമ്മറ്റി അംഗം പി. കെ. കുഞ്ഞനന്തന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ. സി. രാമചന്ദ്രന്‍, കണ്ണൂര്‍ കുന്നോത്ത് പറമ്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറി ട്രൌസര്‍ മനോജ് എന്നീ 3 സി. പി. എം. നേതാക്കള്‍ക്കും എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, എസ്. സിജിത്ത് എന്നീ 7 കൊലയാളി സംഘാംഗങ്ങള്‍ക്കും കൊലയാളികള്‍ക്ക് ഇന്നോവ കാര്‍ സംഘടിപ്പിച്ചു നല്‍കിയ വാഴപ്പടച്ചി റഫീഖ് എന്നിവര്‍ക്കുമാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. തടവ് കൂടാതെ 50,000 രൂപ പിഴയും അടക്കണം. ആയുധങ്ങള്‍ ഒളിപ്പിച്ചതിനും തെളിവ് നശിപ്പിച്ചതിനും മുപ്പത്തിമൂന്നാം പ്രതിയായ ലംബു പ്രദീപനു മൂന്നു വര്‍ഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു. അഡീഷ്ണല്‍ സെഷന്‍സ് ജഡ്ജി ആർ. നാരായണ പിഷാരടിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഇതില്‍ സ്ഫോടക വസ്തു കൈവശം വെച്ച കേസില്‍ കൊടി സുനിക്ക് പത്തു വര്‍ഷം തടവും കിര്‍മാണി മനോജിന് അഞ്ചുവര്‍ഷം തടവും ജീവപര്യന്തത്തിനു പുറമെ ശിക്ഷ ലഭിച്ചിട്ടുണ്ട്.

പി.കെ. കുഞ്ഞനന്തന്‍ ഉള്‍പ്പെടുന്ന മൂന്നംഗ സി.പി.എം. നേതാക്കള്‍ക്കെതിരെ കൊലപാതക ഗൂഢാലോചനാ കുറ്റവും, ഏഴംഗ കൊലയാളി സംഘത്തിന് എതിരെ നരഹത്യ, കലാപം സൃഷ്ടിക്കൽ, മാരകായുധം കൈവശം വെക്കല്‍ എന്നീ കുറ്റങ്ങളുമാണ് കോടതി കണ്ടെത്തിയത്. മറ്റു രണ്ടു പ്രതികള്‍ക്കെതിരെ കൊലപാതക പ്രേരണയും തെളിവു നശിപ്പിക്കലുമാണ് ചാര്‍ത്തപ്പെട്ട കുറ്റങ്ങൾ.

രാവിലെ കോടതിയും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. കടുത്ത സുരക്ഷാ ഏര്‍പ്പാടുകള്‍ കോടതിക്കും പരിസരത്തും പോലീസ് ഏര്‍പ്പെടുത്തിയിരുന്നു. പതിനൊന്നു മണിയോടെ കോടതിയില്‍ എത്തിയ ജഡ്ജി പതിനഞ്ചു മിനിറ്റു കഴിഞ്ഞപ്പോള്‍ ശിക്ഷ വിധിച്ചു. കൊലയ്ക്ക് പിന്നില്‍ രാഷ്ടീയ പകയാണെന്നും, മുന്‍ കൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് കൊല നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. സി.പി.എം. വിട്ട് ആർ.എം.പി. രൂപീകരിച്ച ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസ് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമാണെന്നും പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും വധശിക്ഷ ഒഴിവാക്കണമെന്ന് പ്രതിഭാഗം വാദിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on ടി.പി. വധം: 11 പേര്‍ക്ക് ജീവപര്യന്തം

Page 50 of 56« First...102030...4849505152...Last »

« Previous Page« Previous « സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് അബുദാബിയില്‍
Next »Next Page » പാം ചെറുകഥാ മത്സരം 31ന് »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha