തൃണമൂൽ കൈവിട്ടു

September 19th, 2012

mamata-banerjee-epathram

ന്യൂഡൽഹി : യു.പി.എ. സർക്കാരിന്റെ രണ്ടാമത്തെ വലിയ കക്ഷിയായ തൃണമൂൽ കോൺഗ്രസ് യു.പി.എ. സഖ്യത്തിൽ നിന്നും പിൻവാങ്ങി. അഴിമതി, ചില്ലറ വ്യാപാര രംഗത്തെ വിദേശ നിക്ഷേപം, ഡീസൽ വില വർദ്ധനവ് എന്നീ വിഷയങ്ങളിൽ തങ്ങളുടെ എതിർപ്പിന് അടിവരയിട്ടു കൊണ്ട് മൻമോഹൻ സിങ് സർക്കാരിന് ഒരു കനത്ത പ്രഹരം ഏൽപ്പിച്ചു കൊണ്ടാണ് മമത യു. പി. എ. മുന്നണിക്കുള്ള പിന്തുണ പിൻവലിക്കുന്നത്.

തങ്ങളുടെ മന്ത്രിമാർ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 3 മണിക്ക് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് രാജി സമർപ്പിക്കും എന്ന് പിന്തുണ അവസാനിപ്പിച്ച കാര്യം അറിയിച്ചു കൊണ്ട് തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി പാർട്ടിയിലെ മുതിർന്ന നേതാക്കളും ഭാരവാഹികളും ലോൿ സഭാ അംഗങ്ങളും പങ്കെടുത്ത യോഗത്തിന് ശേഷം പ്രഖ്യാപിച്ചു.

സർക്കാരിനെ പുറമെ നിന്നും പിന്തുണയ്ക്കുന്ന കാര്യവും മമത തള്ളിക്കളഞ്ഞു. തന്റെ തീരുമാനം അർദ്ധ മനസ്സോടെയല്ല. കൽക്കരി, കള്ളപ്പണം, രാസവള വില എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങളെ കുറിച്ചും മമത പരാമർശിച്ചു. കൽക്കരി വിവാദത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് വിദേശ നിക്ഷേപ തീരുമാനം ഇപ്പോൾ പ്രഖ്യാപിച്ചത് എന്ന് മമത ആരോപിച്ചു.

തരം താണ ഭീഷണി രാഷ്ട്രീയമാണ് കോൺഗ്രസിന്റേത്. ഏതെങ്കിലും ഒരു കക്ഷിയുമായി അഭിപ്രായ ഭിന്നത ഉണ്ടായാൽ കോൺഗ്രസ് മറ്റൊരു കക്ഷിയെ തേടി പോകും. മായാവതിയുമായി പ്രശ്നമുണ്ടായാൽ മുലായം, മുലായവുമായി പ്രശ്നമുണ്ടായാൽ നിതീഷ് കുമാർ എന്നിങ്ങനെ. 5 കോടിയോളം വരുന്ന ചില്ലറ വിൽപ്പനക്കാരെ വഴിയാധാരം ആക്കുന്ന നയമാണ് വിദേശ നിക്ഷേപം. വൻ ദുരന്തമാണ് സർക്കാർ വരുത്തി വെയ്ക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ പോലും ഈ നയം വിജയം കണ്ടിട്ടില്ല. കോൺഗ്രസ് അനുവർത്തിച്ചു വരുന്ന ഭീഷണി രാഷ്ട്രീയത്തിന് അറുതി വരുത്താൻ ആരെങ്കിലും പൂച്ചയ്ക്ക് മണി കെട്ടേണ്ടത് ആവശ്യമായിരുന്നു.

വിദേശ നിക്ഷേപത്തെ കുറിച്ചുള്ള തന്റെ എതിർപ്പ് താൻ കോൺഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയെ നേരിട്ട് അറിയിച്ചതാണ്. എന്നാൽ പ്രയോജനമുണ്ടായില്ല. നമ്മൾ പ്രതികരിച്ചില്ലെങ്കിൽ പെൻഷൻ മേഖലയിലും കോൺഗ്രസ് വിദേശ കമ്പനികളെ ക്ഷണിച്ചു വരുത്തും. ജന ദ്രോഹ നയങ്ങളെ തങ്ങൾ പല്ലും നഖവും ഉപയോഗിച്ചു തന്നെ പാർലമെന്റിൽ ചെറുക്കും. വിശ്വാസ്യത നഷ്ടപ്പെട്ട സർക്കാരാണിത്. കള്ളപ്പണം തിരികെ കൊണ്ടു വരാൻ എന്തു കൊണ്ട് കോൺഗ്രസ് മടി കാണിക്കുന്നു എന്നും മമത ചോദിച്ചു.

- ജെ.എസ്.

വായിക്കുക: , , , , ,

Comments Off on തൃണമൂൽ കൈവിട്ടു

വിദേശ നിക്ഷേപം സംസ്ഥാനങ്ങൾ തള്ളി

September 15th, 2012

walmart-epathram

ലഖ്നൌ : ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കില്ലെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ നയം എന്തുമാകട്ടെ, തങ്ങളുടെ സംസ്ഥാനത്തിലെ ചില്ലറ വ്യാപാരികളെ സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധമാണ്. ബഹുജൻ സമാജ് വാദി പാർട്ടി നേതാവ് മായാവതിയും വിദേശ നിക്ഷേപത്തിന് എതിരെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. യു. പി. എ. സർക്കാരിനെ പുറമെ നിന്ന് പിന്തുണയ്ക്കണമോ എന്ന കാര്യം തങ്ങൾ ഒക്ടോബറിൽ തീരുമാനിക്കും എന്ന് മായാവതി പറയുന്നു.

ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിച്ചു കൊണ്ട് ഇന്നലെ കേന്ദ്ര സർക്കാർ പ്രഖ്യാപനം നടത്തിയെങ്കിലും ഇത് സംസ്ഥാനങ്ങളുടെ അനുമതിയ്ക്ക് വിധേയമായി മാത്രമായിരിക്കും നടപ്പിലാക്കുക. കേരളം, ഗുജറാത്ത്, തമിഴ്നാട്, പശ്ചിമ ബംഗാൾ, ബീഹാർ, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ ഈ നടപടിയെ തള്ളിക്കളഞ്ഞിട്ടുണ്ട്. മമതാ ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസ് യു.പി.എ. സഖ്യത്തിൽ നിന്നും പുറത്തു പോകുമെന്ന് ഭീഷണി മുഴക്കി കഴിഞ്ഞു. ഗ്യാസ് സിലിണ്ടർ സബ്സിഡിയും, ഡീസൽ വില വർദ്ധനവും അടക്കം ജനദ്രോഹപരമായ നീക്കങ്ങൾ ഉടൻ പിൻവലിച്ചില്ലെങ്കിൽ കടുത്ത നടപടികൾ സ്വീകരിക്കും എന്ന് മമത തന്റെ ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: , , , ,

Comments Off on വിദേശ നിക്ഷേപം സംസ്ഥാനങ്ങൾ തള്ളി

വിദേശ നിക്ഷേപ തീരുമാനം അഴിമതിയിൽ നിന്നും ശ്രദ്ധ തിരിക്കാൻ

September 15th, 2012

coal-gate-manmohansingh-epathram

ന്യൂഡൽഹി : ചില്ലറ വ്യാപാര രംഗത്ത് വിദേശ നിക്ഷേപം അനുവദിക്കാനുള്ള മന്മോഹൻ സിങ്ങിന്റെ പ്രഖ്യാപനം അഴിമതി ആരോപണങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാനുള്ള അടവാണ് എന്ന് ബി.ജെ.പി. പ്രതികരിച്ചു. ഈ പ്രഖ്യാപനത്തിന്റെ സമയം ഈ സംശയം ജനിപ്പിക്കുന്നു എന്ന് പാർട്ടി വക്താവ് ഡൽഹിയിൽ അറിയിച്ചു. സുപ്രീം കോടതി കല്ക്കരി അഴിമതി സംബന്ധിച്ച് പ്രധാനപ്പെട്ട 6 ചോദ്യങ്ങൾ ഉന്നയിച്ച ദിവസം തന്നെ വിദേശ നിക്ഷേപം അനുവദിക്കുന്ന പ്രഖ്യാപനം നടത്തിയത് അഴിമതിയിൽ നിന്നും “പരിഷ്ക്കരണ” ത്തിലേക്ക് ശ്രദ്ധ തിരിച്ചു വിടാനാണ് എന്ന് മുതിർന്ന ബി.ജെ.പി. നേതാവ് അദ്വാനി തന്റെ ബ്ലോഗിൽ എഴുതി.

(മുകളിലെ കാർട്ടൂൺ : സുധീർനാഥ്)

- ജെ.എസ്.

വായിക്കുക: , , , ,

Comments Off on വിദേശ നിക്ഷേപ തീരുമാനം അഴിമതിയിൽ നിന്നും ശ്രദ്ധ തിരിക്കാൻ

പ്രധാനമന്ത്രി ഡീസല്‍ വിലവര്‍ദ്ധനവിനെ ന്യായീകരിക്കുന്നു

September 15th, 2012

manmohan-singh-time-epathram

ന്യൂഡല്‍ഹി: ഡീസല്‍ വില വര്‍ദ്ധനവിനെതിരെ രാജ്യമെങ്ങും ശക്തമായ പ്രതിഷേധം അലയടിക്കുമ്പോള്‍ വില വര്‍ദ്ധനയെ ന്യായീകരിച്ച് പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് രംഗത്തെത്തി. പന്ത്രണ്ടാം പഞ്ച വത്സര പദ്ധതിയുടെ കരട് രേഖ അംഗീകരിക്കുവാന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പ്രധാനമന്ത്രി ഡീസല്‍ വില വര്‍ദ്ധനവ് ശരിയായ ദിശയിലുള്ള ചുവടു വെപ്പാണെന്ന് പറഞ്ഞ് വില വര്‍ദ്ധനവിനെ ന്യായീകരിച്ചത്. പെട്രോളിയം ഉല്പന്നങ്ങളുടെ ആഗോള വിലയുമായി ഇന്ത്യയിലെ ഇന്ധന വില യോജിച്ചു പോകുന്നില്ലെന്നും ശരിയായ രീതിയിലുള്ള വില നിര്‍ണ്ണയം ഇവിടെ നിര്‍ണ്ണായക മാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

യു. പി. എ. യിലെ പ്രമുഖ ഘടക കക്ഷിയായ തൃണമൂല്‍ ഉള്‍പ്പെടെ വിവിധ സംഘടനകള്‍ വില വര്‍ദ്ധനവിനെതിരെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തില്‍ ബി. ജെ. പി. യും ഇടതു പക്ഷ കക്ഷികളും ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ജനങ്ങളുടെ പ്രശ്നങ്ങളില്‍ നിന്നും അകന്ന് നിന്നു കൊണ്ട് കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ക്കാണ് യു. പി. എ. സര്‍ക്കാര്‍ മുന്‍ തൂക്കം നല്‍കുന്നതെന്നും ഇത് രാജ്യത്തെ പട്ടിണിയും കര്‍ഷക ആത്മഹത്യയും വര്‍ദ്ധിക്കുമെന്നും ഇടതു പക്ഷം കുറ്റപ്പെടുത്തി. പെട്രോളിന്റെ വില ഇടയ്ക്കിടെ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ കൂടെ ഡീസല്‍ വിലയും വര്‍ദ്ധിക്കുന്നതോടെ രാജ്യത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് വന്‍ കുതിച്ച് ചാട്ടം ഉണ്ടാകും. ഉപഭോഗ സംസ്ഥാനമായ കേരളത്തെ ഇത് ഗുരുതരമായി ബാധിക്കും.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on പ്രധാനമന്ത്രി ഡീസല്‍ വിലവര്‍ദ്ധനവിനെ ന്യായീകരിക്കുന്നു

ചാവക്കാട് ദര്‍ശന തീയേറ്ററും ഓര്‍മ്മയാകുന്നു

September 13th, 2012
ചാവക്കാട്: ചാവക്കാട്ടെ സിനിമ ആസ്വാദകര്‍ക്ക് ദര്‍ശന തീയേറ്റര്‍ ഒരു ഓര്‍മ്മയാകുന്നു. ആറുപതിറ്റാണ്ടിന്റെ ചരിത്രം പേറുന്ന സിനിമാ തീയേറ്ററുകളില്‍ ഉണ്ടായിരുന്ന അവസാന കണ്ണിയായ  ദര്‍ശന തീയേറ്റര്‍ പൊളിച്ചു തുടങ്ങി. ഏതാണ്ട് അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂ എന്ന പേരില്‍ ആയിരുന്നു ചാവക്കാട്ടേ ‘സിനിമാ കൊട്ടക’  കളുടെ തുടക്കം. കാണികള്‍ക്കിരിക്കുവാന്‍ തറയും, ബെഞ്ചും, കസേരയുമായി വിവിധ ക്ലാസുകള്‍. ഇതു പൂട്ടിയതിനെ തുടര്‍ന്ന് അനിത എന്ന ഒരു ഓലക്കൊട്ടക ഗുരുവായൂര്‍ റോഡില്‍ ആരംഭിച്ചു. ഇതും അധിക കാലം നിലനിന്നില്ല. പിന്നീട് സെര്‍ലീന വന്നു. അധികവും ഹിന്ദി-തമിഴ് ചിത്രങ്ങളായിരുന്നു ഇവിടെ പ്രദര്‍ശിപ്പിച്ചിരുന്നത്. സെര്‍ളീന പിന്നീട് പുതുക്കി പണിതു. ഇടയ്ക്ക് മുംതാസ് എന്നൊരു സിനിമാശാലയും ചാവക്കാട്ട് ഉയര്‍ന്നു വന്നു. എങ്കിലും അതും പിന്നീട് പൂട്ടിപോയി. അതിനു ശെഷമാണ് റസാഖ് എന്ന വ്യക്തിയുടെ ഉടമസ്ഥതയില്‍ ദര്‍ശനയുടെ വരവ്. സിനിമകള്‍ക്കായി സെര്‍ലീനയും ദര്‍ശനയും പരസ്പരം മത്സരിച്ചതോടെ ചാവക്കാട്ടുകാര്‍ക്ക് സിനിമയുടെ ചാകരക്കാലമായി. സെര്‍ലീന മറ്റൊരു ഗ്രൂപ്പ് ഏറ്റെടുത്തുവെങ്കിലും അധികകാലം അവിടെ പ്രദര്‍ശനം നടന്നില്ല. ഇതിനിടയില്‍ ദര്‍ശനയുടെ ഉടമ റസാഖ് മരിച്ചതോടെ ദര്‍ശനയുടെ ദുര്‍ദശയും ആരംഭിച്ചു. തൊട്ടടുത്ത നഗരങ്ങളായ ഗുരുവായൂരിലും കുന്ദം കുളത്തുമെല്ലാം കൂടുതല്‍ സൌകര്യങ്ങള്‍ ഉള്ള തീയേറ്ററുകളില്‍ ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ തുടങ്ങി.   ഇതോടൊപ്പം ഗള്‍ഫുകാരുടെ വീടുകളില്‍ കളര്‍ ടി.വിയും വീഡിയോയും മറ്റും വന്നതോടെ ആളുകള്‍ തീയേറ്ററുകളില്‍ വരുന്നത് കുറഞ്ഞു. പ്രേക്ഷകരുടെ എണ്ണം കുറഞ്ഞതോടെ തീയേറ്റര്‍ ഉടമകള്‍ തീയേറ്റര്‍ പൂട്ടുവാന്‍ തീരുമാനിച്ചു.  നസീറിന്റേയും, ജയന്റേയും, മധുവിന്റേയും, ജയഭാരതിയുടേയും, ഷീലയുടേയും സില്‍ക്ക് സ്മിതയുടേയും മുതല്‍ മോഹന്‍ ലാല്‍ മമ്മൂട്ടി വരെ ഉള്ള വരുടെ ചിത്രങ്ങള്‍ നിറഞ്ഞോടിയ പഴയകാല സ്മൃതികള്‍ പേറി ഏറേ നാളായി പൂട്ടിക്കിടന്ന ദര്‍ശന ഇനി ചാവക്കാട്ടുകാ‍രുടെ മനസ്സില്‍ ഓര്‍മ്മചിത്രമാകുകയാണ്.

ചാവക്കാട് സെന്ററിനും ബസ്റ്റാന്റിനും ഇടയിലാണ് തീയേറ്റര്‍ നിലനില്‍ക്കുന്ന സ്ഥലം. അതിനാല്‍ തന്നെ  ചാവക്കാടിന്റെ കണ്ണായ സ്ഥലത്ത് ഉള്ള ഈ ഭൂമിക്ക്  കോടികള്‍ വിലവരും. വലിയ തോതില്‍ വികസനം വരുന്ന ചാവക്കാടിനെ സംബന്ധിച്ച്  ഇടുങ്ങിയ റോഡുകളും സ്ഥല ദൌര്‍ലഭ്യവും വലിയ പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ദര്‍ശന തീയേറ്റര്‍ നിലനില്‍ക്കുന്നിടത്ത് ഒരു ഷോപ്പിങ്ങ് കോപ്ലക്സോ, കല്യാണമണ്ഡപമോ ഇവിടെ ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ട്.

- എസ്. കുമാര്‍

വായിക്കുക:

Comments Off on ചാവക്കാട് ദര്‍ശന തീയേറ്ററും ഓര്‍മ്മയാകുന്നു

Page 54 of 55« First...102030...5152535455

« Previous Page« Previous « കൂടംകുളം: ആണവ നിലയത്തിനെതിരെ കടലില്‍ കഴുത്തറ്റം വെള്ളത്തിലിറങ്ങി പ്രതിഷേധം
Next »Next Page » അലുവാലിയയുടെ പരാമർശം ഭൂമാഫിയയെ സഹായിക്കാൻ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha