പഞ്ചായത്ത് തിരഞ്ഞെടുപ്പ്: പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തിനു വീണ്ടും ഇരുട്ടടി

July 30th, 2013

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ ഇടതു പക്ഷത്തിനു കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസ്സ് തൂത്ത് വാരി. സി.പി.എം കോട്ടകള്‍ പോലും തൃണമൂലിനു മുമ്പില്‍ നിലം പൊത്തി. കോണ്‍ഗ്രസ്സിനും കനത്ത പരാജയമാണ് ബംഗാളില്‍ ഉണ്ടായത്. മമത ബാനര്‍ജിയ്ക്കെതിരെ സി.പി.എം നിരവധി ആരോപണങ്ങള്‍ ഉയര്‍ത്തിയിരുന്നെങ്കിലും ജനങ്ങള്‍ അത് തള്ളുകയാണുണ്ടായതെന്ന് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നു. വീവിധ പഞ്ചായത്തുകളിലായി 3000 സീറ്റുകളില്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. നന്ധിഗ്രാമുള്‍പ്പെടുന്ന ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയില്‍ തൃണമൂല്‍ മുന്നേറ്റം നടത്തിയത് ശ്രദ്ദേയമാണ്. വെസ്റ്റ് മിഡ്നാപൂരില്‍ 59 സീറ്റുകളും സിങ്കൂരില്‍ 16-ല്‍ 12 സീറ്റും തൃണമൂല്‍ കരസ്ഥമാക്കി.കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിന് പതിറ്റാണ്ടുകള്‍ നീണ്ട ഇടതു ഭരണത്തെ തൂത്തെറിഞ്ഞുകൊണ്ടായിരുന്നു മമത ബാനര്‍ജി മുഖ്യമന്ത്രിയായത്. ഒരേ സമയം ഇടതുപക്ഷത്തിനോടും കോണ്‍ഗ്രസ്സിനോടും ഏറ്റുമുട്ടിയാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഉള്ള തൃണമൂല്‍ കോണ്‍ഗ്രസ്സ് വീണ്ടും മുന്നേറ്റം നടത്തുന്നത്.

ഈ നില തുടര്‍ന്നാല്‍ 2014-ലെ ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന്റെ കോട്ട എന്ന് അറിയപ്പെടുന്ന ബംഗാളില്‍ ദയനീയമായ പരാജയമാകും ഉണ്ടാകുക. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഫ് ഭരണത്തോടുള്ള ജനങ്ങളുടെ രോഷം ലോക്‍സഭാ തിരഞ്ഞെടുപ്പില്‍ വോട്ടാക്കാമെന്ന് കരുതുന്ന ഇടതു പക്ഷത്തിനു പക്ഷെ ബംഗാള്‍ കൈവിടും എന്നതിന്റെ സൂചനയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ്സിന് കേരളത്തിലും ബംഗാളിലും വലിയ പ്രതീക്ഷയര്‍പ്പിക്കാനില്ലെന്ന് വ്യക്തം.

- എസ്. കുമാര്‍

വായിക്കുക: ,

Comments Off on പഞ്ചായത്ത് തിരഞ്ഞെടുപ്പ്: പശ്ചിമ ബംഗാളില്‍ ഇടതുപക്ഷത്തിനു വീണ്ടും ഇരുട്ടടി

ജനാധിപത്യത്തിനുമേൽ ജുഡീഷ്യറിയുടെ കടന്നുകയറ്റം

July 13th, 2013

judge-hammer-epathram

ന്യൂഡൽഹി : ജയിലിൽ കഴിയുന്ന രാഷ്ട്രീയക്കാർക്ക് തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ യോഗ്യത നിഷേധിച്ച സുപ്രീം കോടതി വിധി ജനാധിപത്യ വിരുദ്ധവും ജനാധിപത്യത്തിനു മേലുള്ള ജുഡീഷ്യറിയുടെ കടന്നു കയറ്റവുമാണ് എന്ന് സി. പി. ഐ. (എം.) പോളിറ്റ് ബ്യൂറോ പ്രസ്താവിച്ചു.

കോടതി ശിക്ഷിക്കുന്ന ജനപ്രതിനിധിയെ ശിക്ഷാ വിധിയുടെ അന്ന് മുതൽ അയോഗ്യനാക്കണം എന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധിയ്ക്കെതിരെയും പ്രസ്താവനയിൽ പരാമർശമുണ്ട്. മേൽ കോടതിയിൽ അപ്പീൽ പോകുന്നതിനായി അനുവദിച്ചിട്ടുള്ള മൂന്ന് മാസം സമയം അംഗമായി തുടരാം എന്ന ജന പ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണ് ഈ വിധി എന്ന് സി.പി. ഐ. (എം.) ചൂണ്ടിക്കാട്ടി.

പോലീസ് കസ്റ്റഡിയിലോ ജയിലിലോ കഴിയുന്ന ഒരു പൌരന് തെരഞ്ഞെടുപ്പിൽ അയോഗ്യത കൽപ്പിക്കുന്നത് ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണ്. വിചാരണയോ കുറ്റപത്രമോ സമർപ്പിക്കപ്പെടാതെ പോലീസ് കസ്റ്റഡിയിൽ കഴിയുകയോ വിചാരണാ തടവിൽ കയുകയോ ചെയ്യുന്നവർക്ക് തെരഞ്ഞെടുപ്പിൽ മൽസരിക്കാനുള്ള അവകാശം നിഷേധിക്കുന്നത് ഭരണത്തിൽ ഇരിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ രാഷ്ട്രീയമായി ഒതുക്കാനുള്ള അവസരം ഒരുക്കും. ലക്ഷക്കണക്കിന് വിചാരണ തടവുകാരുള്ള ഇന്ത്യൻ നിയമ വ്യവസ്ഥയിൽ ഈ വിധി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടും എന്ന് തീർച്ചയാണ്.

- ജെ.എസ്.

വായിക്കുക: , , ,

Comments Off on ജനാധിപത്യത്തിനുമേൽ ജുഡീഷ്യറിയുടെ കടന്നുകയറ്റം

അഡ്വാനി-മോഡി പോര്; ബി.ജെ.പി പിളര്‍പ്പിലേക്കോ?

June 20th, 2013

ന്യൂഡെല്‍ഹി: ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവ് എല്‍.കെ.അഡ്വാനിയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും തമ്മിലുള്ള അഭിപ്രായ ഭിന്നത പാര്‍ട്ടിയെ പിളര്‍പ്പിലേക്ക് നയിക്കുകയാണോ എന്ന് രാഷ്ടീയ വൃത്തങ്ങള്‍ ഉറ്റു നോക്കുന്നു. നരേന്ദ്ര മോഡിയെ തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷനാക്കിയ നടപടിയ്ക്കെതിരെ പരസ്യമായി രംഗത്ത് വന്ന അഡ്വാനി പാര്‍ട്ടിയിലെ പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ രാജിവെച്ചിരുന്നു. തുടര്‍ന്ന് ആര്‍.എസ്.എസ് നേതൃത്വം ഇടപെട്ടാണ് അഡ്വാനിയെ അനുനയിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം അഡ്വാനിയുടെ വിശ്വസ്ഥരില്‍ പ്രധാനിയായ സുധീന്ദ്ര കുല്‍ക്കര്‍ണി നരേന്ദ്ര മോഡിയേയും, ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ് സിങ്ങിനേയും പരിഹസിച്ചു കൊണ്ടും വിമര്‍ശിച്ചു കൊണ്ടും എഴുതിയ ലേഖനം കീഴടങ്ങാന്‍ തയ്യാറല്ല എന്ന അഡ്വാനി പക്ഷത്തിന്റെ നിലപാട് വ്യക്തമാക്കുന്നു. ജ്യോത്സ്യന്റെ വാക്ക് വിശ്വസിച്ച് പ്രധാനമന്ത്രിയാകുമെന്ന് വിശ്വസിച്ചിരിക്കുന്ന കപട ബുദ്ധിജീവിയായാണ് രാജ്‌നാഥ് സിങ്ങിനെ പരിഹസിക്കുന്നത്.ഗുജറാത്തില്‍ മറ്റു ബി.ജെ.പി നേതാക്കളെ വളരുവാന്‍ അനുവദിക്കാത്ത ആളാണ് നരേന്ദ്ര മോഡിയെന്നും പറയുന്ന കുല്‍ക്കര്‍ണി അദ്ദേഹത്തെ ഏകാധിപതിയായിട്ടാണ് വിശേഷിപ്പിക്കുന്നത്. ഇത്തരം ഒരാള്‍ ദേശീയ നേതൃത്വത്തില്‍ ഇത്രയും വലിയ സ്ഥാനങ്ങള്‍ കരസ്ഥമാക്കിയതെന്ന് കുല്‍ക്കര്‍ണി ചോദിക്കുന്നത്. 85-ആം വയസ്സിലും അഡ്വാനി പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുവാന്‍ യോഗ്യനാണെന്ന് കുല്‍ക്കര്‍ണി പറയുന്നു.

ബി.ജെ.പിയെ കെട്ടിപ്പടുക്കുവാന്‍ ദശകങ്ങളായി യത്നിച്ച ഒരാളെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞു കൊണ്ട് മുന്നോട്ട് പോകുന്നത് നല്ലതല്ലെന്ന് ലേഖകന്‍ പറയുന്നു. 2005-ലെ ജിന്ന വിവാദത്തിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്തുവാന്‍ ഗൂഢാലോചന നടത്തിയെന്ന് പറയുന്ന കുല്‍ക്കര്‍ണി ഇക്കാര്യത്തില്‍ ആര്‍.എസ്.എസിനെ കുറ്റപ്പെടുത്തുന്നുണ്ട്. ലേഖനം പുറത്ത് വന്നതിനു ശേഷം ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭഗവതുമായി അഡ്വാനി കൂടിക്കാഴ്ച നടത്തി. ബി.ജെ.പിയിലേയും ദേശീയ രാഷ്ടീയത്തിലെയുംപുതിയ സംഭവ വികാസങ്ങളും ഇരുവരും ചെച്ച ചെയ്തതായാണ് സൂചന.

പ്രധാനമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ന്നു വരുന്നതിനുള്ള നരേന്ദ്ര മോഡിയുടെ ശ്രമങ്ങളെ തകര്‍ത്തുകൊണ്ടാണ് അഡ്വാനിയുടെ രാജിയും ഒപ്പംതന്നെ ബീഹാര്‍ മുഖ്യമന്ത്രി നിധീഷ് കുമാര്‍ എന്‍.ഡി.എ സഖ്യം വിട്ടതും. ബി.ജെ.പി സഖ്യത്തോടെ ബീഹാറില്‍ ഭരണം നടത്തിവന്ന സഖ്യം വിട്ട് നിധീഷ് കുമാര്‍ കോണ്‍ഗ്രസ്സ് പിന്തുണയോടെ വിശ്വാസ വോട്ട് നേടുകയും ചെയ്തു. നരേന്ദ്രമോഡിയുടെ നിലപാടുകളോട് എന്നും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന നിധീഷിന്റെ ചേരിമാറ്റം ബി.ജെ.പിയിലും പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ജയലളിത ഒഴികെ എന്‍.ഡി.യെ സഖ്യത്തെ അനുകൂലിക്കുന്ന ഭൂരിപക്ഷം കക്ഷികളും ബി.ജെ.പിയില്‍ സുഷമ സ്വരാജ് ഉള്‍പ്പെടെ ഉള്ള നേതാക്കളും അഡ്വാനിയെ അനുകൂലിക്കുന്നവരാണ്. എന്നാല്‍ ആര്‍.എസ്.എസിന്റെ പിന്തുണയോടെ കടന്നുവന്ന മോഡിയെ പ്രത്യക്ഷത്തില്‍ എതിര്‍ത്തുകൊണ്ട് ബി.ജെ.പിയിലെ മുന്‍ നിര നേതാക്കള്‍ രംഗത്ത് വരുന്നുമില്ല. എന്നാല്‍ ഉള്‍ത്തളങ്ങളില്‍ പുകയുന്ന അസംതൃപ്തി മറ നീക്കി പുറത്ത് വന്നാല്‍ അത് ബി.ജെ.പിയുടെ പിളര്‍പ്പിലേക്കാവും നയിക്കുക.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on അഡ്വാനി-മോഡി പോര്; ബി.ജെ.പി പിളര്‍പ്പിലേക്കോ?

നിതീഷ് ബി.ജെ.പി. പിളർപ്പ് ഞായറാഴ്ച്ച പ്രഖ്യാപിക്കും

June 14th, 2013

nitish_modi_bjp_nda-epathram

പാട്ന : ബി.ജെ.പി. യുമായുള്ള കൂട്ട് കെട്ട് വിടുന്ന കാര്യം ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഞായറാഴ്ച്ചയോടെ പ്രഖ്യാപിക്കും എന്ന് സൂചന. യാത്രയ്ക്ക് ശേഷം പാട്നയിൽ തിരിച്ചെത്തിയ അദ്ദേഹം ബി.ജെ.പി. യുമായുള്ള ബന്ധം വേർപെടുന്ന കാര്യം അസന്ദിഗ്ദ്ധമായി വ്യക്തമാക്കി. കാര്യങ്ങൾ ഇത്രയേറെ വഷളായ സ്ഥിതിക്ക് ഇനി കടുത്ത തീരുമാനങ്ങൽ സ്വീകരിക്കാനുള്ള സമയം ആഗതമായിരിക്കുന്നു എന്ന് നിതീഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

- ജെ.എസ്.

വായിക്കുക: ,

Comments Off on നിതീഷ് ബി.ജെ.പി. പിളർപ്പ് ഞായറാഴ്ച്ച പ്രഖ്യാപിക്കും

അഡ്വാനി രാജിവെച്ചു; ബി.ജെ.പിയില്‍ പ്രതിസന്ധി രൂക്ഷം

June 10th, 2013

ന്യൂഡെല്‍ഹി: മുതിര്‍ന്ന ബി.ജെ.പി നേതവ് എല്‍.കെ.അഡ്വാനി പ്രധാനപ്പെട്ട പാര്‍ട്ടി പദവികള്‍ രാജിവെച്ചു. ബി.ജെ.പിയുടെ ദേശീയ നിര്‍വ്വാഹക സമിതി, പാര്‍ളമെന്ററി ബോര്‍ഡ്, തിരഞ്ഞെടുപ്പ് സമിതി എന്നിവയില്‍ നിന്നും രാജിവെച്ചു കൊണ്ടുള്ള കത്ത് ബി.ജെ.പി അധ്യക്ഷന്‍ രാജ്‌നാഥ സിങ്ങിനാണ് നല്‍കിയത്. പാര്‍ട്ടിയുടെ ഇപ്പോഴത്തെ പോക്ക് ശരിയല്ലെന്നും അടിസ്ഥാന ആശയങ്ങളില്‍ നിന്നും വ്യതിചലിച്ച് നേതാക്കളുടെ വ്യക്തിപരമായ അജണ്ടകളുമായി പാര്‍ട്ടി നിലകൊള്ളുന്നതില്‍ ദു:ഖമുണ്ടെന്നും പാര്‍ട്ടിയുമായി ഒത്തു പോകാനാകില്ലെന്നും അഡ്വാനിയുടെ രാജിക്കത്തില്‍ പറയുന്നു.എന്നാല്‍ അഡ്വാനിയുടെ രാജി അംഗീകരിക്കുന്നില്ലെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. മുതിര്‍ന്ന നേതാക്കള്‍ അഡ്വാനിയെ അനുനയിപ്പിക്കുവാന്‍ ശ്രമിച്ചു വരികയാണ്. മുതിര്‍ന്ന നേതാവായ അഡ്വാനിയുടെ രാജി കനത്ത പ്രതിസന്ധിയാണ് ബി.ജെ.പിക്ക് സൃഷ്ടിച്ചിട്ടുള്ളത്.അഡ്വാനിയുടെ രാജി ദൌര്‍ഭാഗ്യകരമായിപ്പോയെന്ന് പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ ലോക്സഭാ തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷനാക്കുവാനുള്ള പാര്‍ട്ടി തീരുമാനമാണ് അഡ്വാനിയുടെ രാജിക്ക് കാരണമായത്. മോഡിയെ അധ്യക്ഷനാക്കുവാനുള്ള തീരുമാനത്തോട് നേരത്തെ തന്നെ അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ഗോവയില്‍ നടന്ന ദേശീയ നിര്‍വ്വാഹക സമിതിയില്‍ നിന്നും വിട്ടു നില്‍ക്കുകയും ചെയ്തു. എന്നാല്‍ അഡ്വാനിയുടെ വിയോപ്പിനെ വകവെക്കാതെ കഴിഞ്ഞ ദിവസം സമാപിച്ച നിര്‍വ്വാഹക സമിതിയോഗം നരേന്ദ്ര മോഡിയെ തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങളുടെ അധ്യക്ഷ ചുമതല ഏല്പിക്കുകയും ചെയ്തു. ഇതിനു ശേഷം രാജ്‌നാഥ് സിങ്ങ് അഡ്വാനിയുമായി സംസാരിച്ചിരുന്നെങ്കിലും അനുരഞ്ചനത്തിനു വഴങ്ങുവാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. നരേന്ദ്ര മോഡിയുടെ നേതൃനിരയിലേക്കുള്ള കടന്നു വരവില്‍ അദ്ദെഹം നേരത്തെ തന്നെ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. അതിനിടെ കഴിഞ്ഞ ദിവസം മോഡി അനുകൂലികള്‍ അഡ്വാനിയുടെ വീടിനു മുമ്പില്‍ പ്രകടനം നടത്തിയത് അദ്ദേഹത്തെ പ്രകോപിക്കുകയും ചെയ്തു.

നരേന്ദ മോഡിയുടെ ദേശീയ രാഷ്ടീയത്തിലേക്കുള്ള കടന്നു വരവും അദ്ദേഹത്തിനു പാര്‍ട്ടിയില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണയും അഡ്വാനിയ്ക്ക് എതിര്‍പ്പുണ്ടാക്കിയിരുന്നു. പല വേദികളിലും അദ്ദേഹം ഇത് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. അതിനിടയില്‍ ദേശീയ നിര്‍വ്വാഹക സമിതിയില്‍ നരേന്ദ്ര മോഡിക്ക് അനുകൂലമായ തീരുമാനം അഡ്വാനി പക്ഷത്തിനു വലിയ തിരിച്ചടിയായി. മോഡിയെ തിരഞ്ഞെടുപ്പ് സമിതിയുടെ കണ്‍‌വീനര്‍ സ്ഥാനം നല്‍കിയാല്‍ മതിയെന്ന അഡ്വാനി വിഭാഗത്തിന്റെ ഒത്തുതീര്‍പ്പ് നിര്‍ദ്ദേശത്തെ തള്ളിക്കൊണ്ട് അധ്യക്ഷസ്ഥാനം നേടിയെടുത്തു. പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ അഡ്വാനിയെ സംബന്ധിച്ച് തന്റെ രാഷ്ടീയ ജീവിതത്തിലെ കനത്ത തിരിച്ചടിയാണ് മോഡി പക്ഷം നല്‍കിയത്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on അഡ്വാനി രാജിവെച്ചു; ബി.ജെ.പിയില്‍ പ്രതിസന്ധി രൂക്ഷം

Page 39 of 41« First...102030...3738394041

« Previous Page« Previous « ഉന്നത വിജയം നേടിയവരെ ഇസ്‌ലാമിക് സെന്റര്‍ ആദരിക്കും
Next »Next Page » മന്ത്രിക്കാര്യത്തില്‍ അനൌദ്യോഗിക ചര്‍ച്ചകള്‍ നടന്നു: ചെന്നിത്തല »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...
മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha