ആര്‍.എസ്.എസ് കാര്യവാഹകിന്റെ കൊലപാതകം: കണ്ണൂരില്‍ ബി.ജെ.പി ഹര്‍ത്താല്‍

December 2nd, 2013

കണ്ണൂര്‍: കണ്ണൂരില്‍ ആര്‍.എസ്.എസ് കാര്യവാഹകിനെ സി.പി.എം കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പി ഹര്‍ത്താല്‍ ആചരിക്കുന്നു. ഇന്നലെയാണ് പയ്യന്നൂര്‍ ടൌണ്‍ കാര്യവാഹക് വിനോദ് കുമാറിനെ(27) ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിച്ച് കൊലപ്പെടുത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് ബി.ജെ.പി പ്രവര്‍ത്തകരുടെ നില ഗുരുതരമാണ്. ഓടിരക്ഷപ്പെടുവാന്‍ ശ്രമിച്ച വിനോദിനെയും സുഹൃത്തുക്കളേയും സി.പി.എം അക്രമി സംഘം മാരകായുധങ്ങളുമായി പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. പെരുമ്പ ദേശീയ പാതയില്‍ നിന്നും അല്പം അകലെ ചിറ്റാരിക്കൊവ്വല്‍ വയലില്‍ തലക്ക് വെട്ടേറ്റും മര്‍ദ്ദനമേറ്റും ഗുരുതരമായി പരിക്കേറ്റ് കിടക്കുകയായിരുന്നു വിനോദ്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തിയാണ് വിനോദിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ ആയില്ല. സ്റ്റുഡിയോ ജീവനക്കാരനായ വിദ്നോദ് പയ്യന്നൂര്‍ പഴയ ബസ്റ്റാന്റിനു സമീപം വാടക വീട്ടിലാണ് താമസിക്കുന്നത്. വിപിന്‍, വിജില്‍ ചന്ദ്രന്‍ എന്നിവര്‍ സഹോദരങ്ങളാണ്

കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ അനുസ്മരണ യോഗത്തില്‍ പങ്കെടുക്കുവാന്‍ വാഹനത്തില്‍ പോകുകയായിരുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് സി.പി.എം ആക്രമണം ഉണ്ടായത്. സി.പി.എമ്മിന്റെ കൊടിമരവും ഫ്ലക്സ് ബോര്‍ഡുകളും തകര്‍ത്തു എന്ന് ആരോപിച്ചായിരുന്നു സംഘര്‍ഷം ഉണ്ടയത്. വിഅരം അറിഞ്ഞതിനെ തുടര്‍ന്ന് പലയിടങ്ങളിലും സി.പി.എം- ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദന്‍ ദിനാചരണം കഴിഞ്ഞ് മടങ്ങിയവര്‍ക്ക് നേരെയും സി.പി.എം ആക്രമണം ഉണ്ടായി.സംഭവ സ്ഥലത്ത് കനത്ത പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്ലീനം പരാജയപ്പെട്ടത് മറച്ചു വെക്കുവാനും നിരാശരായ അണികളെ പിടിച്ചു നിര്‍ത്തുവാനുമാണ് സി.പി.എം കണ്ണൂരില്‍ കൊലപാതകം നടത്തിയതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍ പറഞ്ഞു. കണ്ണൂരിലെ സമാധാനാന്തരീക്ഷം തകര്‍ക്കുവാനുള്ള സി.പി.എമ്മിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on ആര്‍.എസ്.എസ് കാര്യവാഹകിന്റെ കൊലപാതകം: കണ്ണൂരില്‍ ബി.ജെ.പി ഹര്‍ത്താല്‍

തിരുവനന്തപുരം ലോക്‍സഭാ സീറ്റ് സി.പി.ഐയില്‍ നിന്നും തട്ടിയെടുക്കുവാന്‍ സി.പി.എം ശ്രമം

November 21st, 2013

തിരുവനന്തപുരം: ത്രികോണ മത്സരം നടക്കുന്ന മണ്ഡലമായ തിരുവനന്തപുരം ലോക്‍സഭാ സീറ്റ് സി.പി.ഐയ്യില്‍ നിന്നും തട്ടിയെടുക്കുവാന്‍ സി.പി.എം നീക്കം. വരുന്ന ലൊക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ കനത്ത മത്സരം ഉണ്ടാകുമെന്നും അതിനാല്‍ വിജയ സാധ്യത കണക്കിലെടുത്ത് സി.പി.എം ഏറ്റെടുക്കണമെന്നുമാണ് സി.പി.എം ജില്ലാ കമ്മറ്റിയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന കമ്മറ്റിക്ക് കത്തും നല്‍കി. എന്നാല്‍ സീറ്റ് വിട്ട് നല്‍കില്ലെന്ന് സി.പി.ഐ ജില്ലാ നേതൃത്വം പറഞ്ഞു. ശക്തമായ നേതൃത്വത്തിന്റെ അഭാവം നിമിത്തം ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന സി.പി.ഐയെ സംബന്ധിച്ച് സി.പി.എമ്മിന്റെ സമ്മര്‍ദ്ദം ശക്തമായല്‍ സി.പി.ഐക്ക് മണ്ഡലം വിട്ടു നല്‍കുകയോ മറ്റേതെങ്കിലും മണ്ഡലം പകരം സ്വീകരിക്കുകയോ ചെയ്യേണ്ടിവരും എന്നാണ് സൂചനകള്‍.

ഘടക കക്ഷികളില്‍ നിന്നും സീറ്റുകള്‍ എറ്റെടുക്കുന്നതും വിജയസാധ്യത കുറഞ്ഞ മണ്ഡലങ്ങള്‍ നല്‍കുന്നതും കാലങ്ങളായി സി.പി.എം നടത്തിവരുന്ന അജണ്ടയാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയസാധ്യത കുറഞ്ഞ വയനാട് സീറ്റ് സി.പി.ഐക്ക് നല്‍കിയെങ്കിലും സി.പി.ഐക്ക് സ്വാധീനം കുറഞ്ഞ അവിടെ ഒരു ലക്ഷത്തില്‍പരം വോട്ടിനാണ് എം.ഐ.ഷാനവാസ് വിജയിച്ചത്. ആര്‍.എസ്.പിയുടെ സീറ്റുകളും ഇപ്രകാരം സി.പി.എം സ്വന്തമാക്കിയിരുന്നു. സീറ്റ് സംബന്ധിച്ച തര്‍ക്കങ്ങളാണ് നിന്നും എം.പി.വീരേന്ദ്ര കുമാര്‍ നയിക്കുന്ന സോഷ്യലിസ്റ്റ് ജനത ഇടതു മുന്നണീയില്‍ നിന്നും യു.ഡി.എഫിലേക്ക് മാറുവാന്‍ കാരണമായത്.

കോണ്‍ഗ്രസ്സിലെ ശശി തരൂരാണ് നിലവില്‍ തിരുവനന്തപുരത്തു നിന്നുമുള്ള എം.പി. ബി.ജെ.പിക്ക് സ്വാധീനമുള്ള കേരളത്തിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളില്‍ ഒന്നാണ് തിരുവനന്തപുരം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ശക്തമായ പ്രകടനം കാഴ്ചവെച്ച ഒ.രാജഗോപാലിനെ ഇത്തവണയും ഇവിടെ നിന്നും ബി.ജെ.പി മത്സരിപ്പിക്കും എന്ന സൂചനയുണ്ട്.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on തിരുവനന്തപുരം ലോക്‍സഭാ സീറ്റ് സി.പി.ഐയില്‍ നിന്നും തട്ടിയെടുക്കുവാന്‍ സി.പി.എം ശ്രമം

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് താമരശ്ശേരി ബിഷപ്പ്

November 21st, 2013

കോഴിക്കോട്: കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ ജാലിയന്‍ വാലാബാഗ് ആവര്‍ത്തിക്കുമെന്നും രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്നും താമരശ്ശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍. റിപ്പോര്‍ട്ടിനെതിരായ സമരം തുടരുമെന്നും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കി ഒരു റിപ്പോര്‍ട്ടും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പശ്ചിമഘട്ട സമര സമിതിയുടെ ഏകദിന ഉപവാസത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്. സമരത്തില്‍ അക്രമികള്‍ നുഴഞ്ഞു കയറിയതായും അക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ ഇടത് വലത് സംഘടനകള്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരെ ഉള്ള സമരത്തിനിടയില്‍ കഴിഞ്ഞ ആഴ്ചയില്‍ ഫോറസ് റേഞ്ച് ഓഫീസും നിരവധി പോലീസ് വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. ആക്രമണങ്ങളില്‍ നിരവധി പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും സര്‍ക്കാരിനു കോടികളുടെ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. ഫോറസ്റ്റ് ഓഫീസ് കത്തിച്ചതിനെ തുടര്‍ന്ന് വിവിധ കോടതികളില്‍ നടന്നു കൊണ്ടിരിക്കുന്ന പല കേസുകളുമായി ബന്ധപ്പെട്ട നിര്‍ണ്ണായക രേഖകള്‍ ഇത് മൂലം നഷ്ടപ്പെട്ടിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

Comments Off on കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകുമെന്ന് താമരശ്ശേരി ബിഷപ്പ്

ലാവ്‌ലിന്‍ വിധി: കേരളം ഭരണ മാറ്റത്തിലേക്കോ?

November 5th, 2013

pinarayi-vijayan-epathram

തിരുവനന്തപുരം: എസ്. എന്‍. സി. ലാവ്‌ലിന്‍ കേസിന്റെ പ്രതിപട്ടികയില്‍ നിന്നും സി. പി. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഒഴിവാക്കിക്കൊണ്ടുള്ള സി. ബി. ഐ. കോടതിയുടെ വിധി കേരള രാഷ്ടീയത്തില്‍ നിര്‍ണ്ണായകമാകുന്നു. കേരളത്തില്‍ ഒരു ഭരണമാറ്റത്തിലേക്ക് ഈ വിധി എത്തിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്. ലാവ്‌ലിന്‍ കേസില്‍ പിണറായി ഉള്‍പ്പെട്ടതോടെ ഉണ്ടായതിനേക്കാള്‍ വലിയ മാറ്റമായിരിക്കും അദ്ദേഹം ഈ കേസില്‍ നിന്നും ഒഴിവാക്കപ്പെട്ടതോടെ ഉണ്ടാകുക. രാഷ്ടീയ ശത്രുക്കളും പാര്‍ട്ടിയിലെ വിമതരും നിരന്തരം ഈ കേസിന്റെ പേരില്‍ പിണറായിയെ വേട്ടയാടിക്കൊണ്ടിരുന്നു. എന്നാല്‍ ചങ്കൂറ്റത്തോടെ അത്തരം ആരോപണങ്ങളെ നേരിട്ടു എങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അഴിമതിക്കാരന്‍ എന്ന കരിനിഴല്‍ പേറി നില്‍ക്കേണ്ടി വന്ന പിണറായി വിജയന്‍ ആ ആരോപണത്തില്‍ നിന്നും വിമുക്തനാക്കപ്പെട്ടിരിക്കുന്നു. വേട്ടയാടലിന്റെ ഒരു ഘട്ടം അവസാനിച്ചു, മഹാ നേതാക്കന്മാർ, മുന്‍ കമ്യൂണിസ്റ്റുകള്‍ മുതല്‍ ആന്റി കമ്യൂണിസ്റ്റുകള്‍ വരെ എനിക്കെതിരെ ഒന്നിച്ചു എന്നാണ് വിധിയെ തുടര്‍ന്ന് നടത്തിയ പ്രതികരണത്തില്‍ പിണറായി വിജയന്‍ പറഞ്ഞത്.

സി. പി. എമ്മിലെ വിഭാഗീയതയെ രൂക്ഷമാക്കിയതില്‍ ഈ കേസ് വലിയ പ്രാധാന്യം വഹിച്ചിട്ടുണ്ട്. സി. പി. എമ്മിലെ ഉള്‍പ്പാര്‍ട്ടി പോരാട്ടങ്ങളില്‍ വി. എസ്. അച്യുതാനന്ദൻ എന്നും ഒളിഞ്ഞും തെളിഞ്ഞും ആയുധമാക്കിയിരുന്നതില്‍ പ്രധാനപ്പെട്ടത് ലാവ്‌ലിന്‍ കേസായിരുന്നു. ജനകീയനായ വി. എസ്. ലാവ്‌ലിന്‍ കേസില്‍ താന്‍ സി. എ. ജി. റിപ്പോര്‍ട്ടിനെ വിശ്വസിക്കുന്നു എന്ന് പറഞ്ഞ് പിണറായി വിജയനെ പ്രതിരോധത്തിലാക്കിയപ്പോള്‍ പാര്‍ട്ടി ദേശീയ നേതൃത്വം പിണറായി വിജയനൊപ്പം നിലകൊണ്ടു. പാര്‍ട്ടി വിഭാഗീയതയുടേ പെരില്‍ പോളിറ്റ് ബ്യൂറോ വി. എസ്. അച്യുതാനന്ദനെതിരെ നിരവധി തവണ നടപടിയെടുത്തു. ലാവ്‌ലിന്‍ കേസിന്റെ പേരില്‍ ഉയര്‍ത്തിയ ആരോപണങ്ങളുടെ പേരില്‍ കൂടെയാണ് പാര്‍ട്ടിയുടെ പരമോന്നത കമ്മറ്റിയായ പോളിറ്റ് ബ്യൂറോയില്‍ നിന്നും വി. എസിനു പുറത്ത് പോകേണ്ടി വന്നത്. നിരന്തരമായി അച്ചടക്ക നടപടികള്‍ക്ക് വിധേയനാകുന്ന വി. എസ്. പാര്‍ട്ടിയ്ക്ക് അനഭിമതനായിട്ട് കാലമേറെയായി. വി. എസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണമെന്ന അഭിപ്രായം ശക്തമാണ്. എന്നാല്‍ ജനങ്ങളില്‍ നിന്നും ലഭിക്കുന്ന പിന്തുണയാണ് വി. എസിന്റെ വലിയ ബലം.

പിണറായിക്ക് അനുകൂലമായ ഈ വിധിയോടെ വരാനിരിക്കുന്നത് വലിയ രാഷ്ടീയ മാറ്റങ്ങള്‍ ആയിരിക്കുമെന്നാണ് രാഷ്ടീയ നിരീക്ഷകര്‍ കരുതുന്നത്. നേരിയ ഭൂരിപക്ഷം മാത്രം ഉള്ള ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഉള്ള യു. ഡി. എഫ്. ഭരണം താഴെ വീഴുന്നതും പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്നും വി. എസ്. അച്യുതാനന്ദനെ സി. പി. എം. മാറ്റുന്നതും ഉള്‍പ്പെടെ ഉള്ള സംഭവ വികാസങ്ങള്‍ക്ക് വരും ദിനങ്ങള്‍ സാക്ഷ്യം വഹിച്ചേക്കാം എന്ന് കരുതുന്നവര്‍ ഉണ്ട്. ലാവ്‌ലിന്‍ കേസ് നില നില്‍ക്കുന്ന പശ്ചാത്തലത്തില്‍ എൽ. ഡി. എഫ്. അധികാരത്തില്‍ വന്നാല്‍ പിണറായി വിജയന് മുഖ്യമന്ത്രിയാകുവാന്‍ തടസ്സങ്ങള്‍ ഉണ്ട്. എന്നാല്‍ പ്രതിപട്ടികയില്‍ നിന്നും നീക്കം ചെയ്യപ്പെട്ടതോടെ ആ പ്രതിസന്ധി മാറിയിരിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ യു. ഡി. എഫ്. ഭരണത്തിനെതിരെ ശക്തമായ ജനവികാരമാണ് നിലനില്‍ക്കുന്നത്. അതോടൊപ്പം യു. ഡി. എഫില്‍ പ്രശ്നങ്ങള്‍ രൂക്ഷവുമാണ്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയും മുഖ്യമന്ത്രിയും തമ്മിലും ഘടക കക്ഷികള്‍ തമ്മിലും ഉള്ള ഏകോപനം പലപ്പോഴും നഷ്ടപ്പെടുന്നു. ഭരണവും പാര്‍ട്ടിയും രണ്ടു വഴിക്കാണെന്ന് ഭരണ കക്ഷി നേതാക്കന്മാര്‍ക്ക് തന്നെ അഭിപ്രായമുണ്ട്. സോളാര്‍ വിവാദവും മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന്‍ സലിം രാജിന്റെ വിഷയവും സര്‍ക്കാറിന്റെ പ്രതിച്ഛായയ്ക്ക് മങ്ങല്‍ ഏല്പിച്ചു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എൽ. ഡി. എഫ്. സമരങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുന്നു.

ഇപ്പോള്‍ ഭരണത്തെ തള്ളി താഴെയിട്ടാല്‍ സ്വാഭാവികമായും വി. എസ്. വീണ്ടും മുഖ്യമന്ത്രിയാകണം എന്ന ആവശ്യം സമൂഹത്തില്‍ നിന്നും ഉയരാന്‍ ഇടയുണ്ട്. എം. എൽ. എ. മാരെ വിലക്കെടുത്ത് ഭരണം അട്ടിമറിക്കുവാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നാണ് സി. പി. എം. നേതാക്കള്‍ നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. അങ്ങിനെയെങ്കില്‍ 2014-ലെ ലോൿ സഭാ തിരഞ്ഞെടുപ്പിനൊപ്പം സംസ്ഥാനം ഒരു നിയമ സഭാ തിരഞ്ഞെടുപ്പിലേക്ക് പോയാലും അല്‍ഭുതപ്പെടാനില്ല എന്നാണ് രാഷ്ടീയ നിരീക്ഷകര്‍ നല്‍കുന്ന സൂചന.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on ലാവ്‌ലിന്‍ വിധി: കേരളം ഭരണ മാറ്റത്തിലേക്കോ?

ലാവ്‌ലിന്‍ കേസ്: പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി

November 5th, 2013

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെ ആറുപേരെ പ്രതിപ്പട്ടികയില്‍ നിന്നും സി.ബി.ഐ കോടതി ഒഴിവാക്കി. സി.ബി.ഐയുടെ കുറ്റപത്രവും കോടതി മടക്കി. തിരുവനന്തപുരം സി.ബി.ഐ. പ്രത്യേക കോടതിയിലെ ജഡ്ജി ആര്‍.രാ‍ജുവാണ് പിണറായി ഉള്‍പ്പെടെ ഉള്ള ചില പ്രതികള്‍ വിടുതല്‍ ഹര്‍ജി പരിഗണിച്ചത്. ഇതില്‍ രണ്ടു പേരുടെ വിടുതല്‍ ഹര്‍ജി കോടതി തള്ളി. കേസില്‍ ഏഴാം പ്രതിയായിരുന്നു പിണറായി വിജയന്‍. അദ്ദേഹത്തെ കൂടാതെ ഊര്‍ജ്ജവകുപ്പ് മുന്‍ പ്രിസിപ്പല്‍ സെക്രട്ടറി കെ.മോഹന ചന്ദ്രന്‍, കെ.എസ്.ഈ.ബി മുന്‍ ചെയര്‍മാന്‍ പി.എ.സിദ്ധാര്‍ഥ മേനോന്‍, മുന്‍ ജോയന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് തുടങ്ങിയവരും പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയവരില്‍ പെടുന്നു.

കേസ് അന്വേഷണം നടത്തിയ സി.ബി.ഐ സംഘത്തിനു പ്രതികള്‍ക്കെതിരായ ഗൂഢാലോചന തെളിയിക്കുവാന്‍ ആയിട്ടില്ലെന്ന് കോടതി പറഞ്ഞു. മുന്‍ വൈദ്യുത മന്ത്രിയായിരുന്ന ജി.കാര്‍ത്തികേയനെ കേസില്‍ പ്രതിചേര്‍ക്കണമെന്ന സി.ബി.ഐയുടെ ആവശ്യവും കോടതി തള്ളി. രാഷ്ടീയ ലക്ഷ്യത്തോടെയാണ് തനിക്കെതിരെ കുറ്റങ്ങള്‍ ചുമത്തിയതെന്നും ലാ‌വ്‌ലിന്‍ കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുവാന്‍ താന്‍ ഗൂഢാലോചന നടത്തിയിട്ടില്ലെന്നും പിണറായി വിജയന്‍ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

പള്ളിവാസല്‍, പന്നിയാര്‍, ചെങ്കുളം ജല വൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിനു കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിനുമായി കരാര്‍ ഉണ്ടാക്കിയതിലൂടെ സംസ്ഥാനത്തിനു 370 കോടി രൂപ നഷ്ടം സംബവിച്ചു എന്നതായിരുന്നു ആരോപണം. മലബാര്‍ കാന്‍സര്‍ സെന്ററിനു ലഭിക്കേണ്ടിയിരുന്ന 98.3 കോടി രൂപയുടെ ഗ്രാന്റില്‍ 89.32 കോടി രൂപയോളം നഷ്ടമായെന്ന് സി.എ.ജി കണ്ടെത്തിയിരുന്നു. കേസ് 2007 ജനുവരിയില്‍ സി.ബി.ഐ അന്വേഷണത്തിനു വിടുകയായിരുന്നു. 2009 ജനുവരിയിലാണ് മുന്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ പ്രതിചേര്‍ത്തത്.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on ലാവ്‌ലിന്‍ കേസ്: പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി

Page 50 of 52« First...102030...4849505152

« Previous Page« Previous « കെ. എം. സി. സി. ‘ഹരിത കേരളം’ സംഘടിപ്പിച്ചു
Next »Next Page » ലാവ്‌ലിന്‍ വിധി: കേരളം ഭരണ മാറ്റത്തിലേക്കോ? »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha