ഇടപ്പള്ളി മലയാള കവിതയിലെ കാല്പനിക വിപ്ലവം

July 5th, 2012

edappally-raghavan-pillai-epathram

മലയാള കവിതയിൽ കാല്പനിക വിപ്ലവം കൊണ്ടുവന്ന ഇടപ്പള്ളി രാഘവൻ പിള്ള (1909 ജൂൺ 30 – 1936 ജൂലൈ 5) ഓര്‍മ്മയായിട്ട് 76 വര്‍ഷങ്ങള്‍ പിന്നിടുന്നു. ഇടപ്പള്ളിയുടെ കാവ്യ സപര്യയെ ഓര്‍ത്തു കൊണ്ട് കവിയായ അസ്മോ പുത്തന്‍ ചിറ എഴുതിയ ‘ഇടപ്പള്ളി’ എന്ന കവിത.

ഇടപ്പള്ളി

പ്രണയമെന്നുടെ ജീവിതസര്‍വ്വസ്വം
പാടികോള്‍മയിര്‍കൊള്ളിച്ച നിന്‍ യൗവ്വനം
വേദനതിന്നു ദുരിതപര്‍വ്വം കടന്ന്
ശാശ്വത സത്യത്തിലെത്തിയോര്‍മ്മയായി.

ചിരിയില്‍ പൊതിഞ്ഞ സ്നേഹ പ്രകടനം
ച്യുതിയിലെക്കുള്ളറിയാവഴികളും
പ്രതീക്ഷ നല്‍കി മോഹിപ്പിക്കും വചസ്സും
സാത്വീകനാം നിനക്കന്യമേ ജീവിതം.

അകളങ്കഹൃത്തുക്കളൊന്നുപോലും
തകരാതിരുന്നിട്ടില്ലീയുലകിലെന്ന്
സത്യംചെയ്യുന്ന നിന്റെ പ്രവചനങ്ങള്‍
അന്വര്‍ത്ഥമാകുന്നുണ്ടീനൂറ്റാണ്ടിലും.

പുല്ലാകാം പുസ്തകജ്ഞാനമെന്നാകിലും
പുലരിതന്‍ പുല്ലാങ്കുഴല്‍ വിളിക്കൊപ്പം
പ്രകൃതി കനിഞ്ഞരുളും സുരഭില
പ്രപഞ്ചസത്യം തൊട്ടറിയിച്ചവന്‍ നീ.

ഇന്നോളവും കേട്ടിതില്ലിതുപോലൊരു
രാഗവൈഖരിയെന്ന് പരസ്പരം
കണ്മിഴിക്കുന്നു സഹൃദയര്‍ കണ്ടെത്തുന്നു
നവഭാവനസൌന്ദര്യ ശില്പങ്ങള്‍.

വിരഹവിപഞ്ചിക മീട്ടിമീട്ടിനിന്‍
മരണമണിനാദം സ്വയം മുഴക്കി
നാടുനീങ്ങി നീ കാല്പനീകമുദ്രയാല്‍
മലയാളകവിതയില്‍ പ്രായശ്ചിത്തം.

അസ്മോ പുത്തന്‍ചിറ

തന്റെ മരണ പത്രത്തിൽ ഇടപ്പള്ളി ഇങ്ങനെ എഴുതി:

ഞാൻ ഒന്നുറങ്ങിയിട്ട് ദിവസങ്ങൾ അല്ല, മാസങ്ങൾ വളരെയായി. കഠിനമായ ഹൃദയ വേദന; ഇങ്ങനെ അല്പാല്പം മരിച്ചു കൊണ്ട് എന്റെ അവസാന ദിനത്തെ പ്രതീക്ഷിക്കുവാൻ ഞാനശക്തനാണ്. ഒരു കർമ്മ വീരനാകുവാൻ നോക്കി; ഒരു ഭ്രാന്തനായി മാറുവാനാണ് ഭാവം.

സ്വാതന്ത്ര്യത്തിനു കൊതി; അടിമത്തത്തിനു വിധി. മോചനത്തിനു വേണ്ടിയുള്ള ഓരോ മറിച്ചിലും ഈ ചരടിനെ കൊടുമ്പിരി കൊള്ളിക്കുക മാത്രമാണ് ചെയ്യുന്നത്.

എന്റെ രക്ഷിതാക്കൾ എനിക്കു ജീവിക്കാൻ വേണ്ടുന്നത് സന്തോഷത്തോടും സ്നേഹത്തോടും തരുന്നുണ്ടാകും. പക്ഷേ, ഈ ഔദാര്യമെല്ലാം എന്റെ ആത്മാഭിമാനത്തെ പാതാളം വരെയും മർദ്ദിച്ചു കൊണ്ടിരിക്കുന്നു. ഇത് മഹാ ഭാരമായിട്ടാണ് തീരുന്നത്. ഞാൻ ശ്വസിക്കുന്ന വായു ആകമാനം അസ്വാതന്ത്ര്യത്തിന്റെ വിഷ ബീജങ്ങളാൽ മലീമസമാണ്. ഞാൻ കഴിക്കുന്ന ആഹാരമെല്ലാം ദാസ്യത്തിന്റെ കല്ലു കടിക്കുന്നവയാണ്. ഞാൻ ഉടുക്കുന്ന വസ്ത്രം പോലും പാരതന്ത്ര്യത്തിന്റെ കാരിരുമ്പാണി നിറഞ്ഞതാണ്.

പ്രവർത്തിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക, സ്നേഹിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക, ആശിക്കുവാൻ എന്തെങ്കിലുമുണ്ടായിരിക്കുക – ഈ മൂന്നിലുമാണ് ലോകത്തിലെ സുഖം അന്തർഭവിച്ചിരിക്കുന്നത്. ഇവയിലെല്ലാം എനിക്ക് നിരാശതയാണ് അനുഭവം. എനിക്ക് ഏക രക്ഷാമാർഗ്ഗം മരണമാണ്. അതിനെ ഞാൻ സസന്തോഷം വരിക്കുന്നു. ആനന്ദപ്രദമായ ഈ വേർപ്പാടിൽ ആരും നഷ്ടപ്പെടുന്നില്ല; ഞാൻ നേടുന്നുമുണ്ട്. മനസാ വാചാ കർമ്മണാ ഇതിൽ ആർക്കും ഉത്തരവാദിത്തമില്ല. സമുദായത്തിന്റെ സംശയദൃഷ്ടിയും നിയമത്തിന്റെ നിശിതഖഡ്ഗവും നിരപരാധിത്വത്തിന്റെ മേൽ പതിക്കരുതേ!

എനിക്ക് പാട്ടു പാടുവാൻ ആഗ്രഹമുണ്ട്; എന്റെ മുരളി തകർന്നു പോയി – കൂപ്പുകൈ!

ഇടപ്പള്ളി രാഘവൻ പിള്ള
കൊല്ലം,
21-11-1111

ഇടപ്പള്ളി രാഘവൻ പിള്ളയുടെ ആത്മഹത്യയ്ക്ക് തൊട്ടടുത്ത ദിവസം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെട്ട അദ്ദേഹത്തിന്റെ കവിതയാണ് ‘മണിനാദം’. കവിതയിൽ നിന്ന് ഏതാനും വരികൾ:

മണിനാദം

അനുനയിക്കുവാനെത്തുമെൻകൂട്ടരോ-
ടരുളിടട്ടെയെന്നന്ത്യയാത്രാമൊഴി:

മറവിതന്നിൽ മറഞ്ഞു മനസ്സാലെൻ-
മരണഭേരിയടിക്കും സഖാക്കളേ!

സഹതപിക്കാത്ത ലോകമേ!-യെന്തിലും
സഹകരിക്കുന്ന ശാരദാകാശമേ!

കവനലീലയിലെന്നുറ്റ തോഴരാം
കനകതൂലികേ! കാനനപ്രാന്തമേ!

മധുരമല്ലാത്തൊരെൻ മൗനഗാനത്തിൻ
മദതരളമാം മാമരക്കൂട്ടമേ!

പിരിയുകയാണിതാ, ഞാനൊരധഃകൃതൻ
കരയുവാനായ്പ്പിറന്നൊരു കാമുകൻ!

മണലടിഞ്ഞു മയങ്ങിക്കിടക്കട്ടെ
പ്രണയമറ്റതാമീ മൺപ്രദീപകം!

(മണിനാദം)

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on ഇടപ്പള്ളി മലയാള കവിതയിലെ കാല്പനിക വിപ്ലവം

ശബ്ദിക്കുന്ന കലപ്പ നിലച്ചപ്പോള്‍

July 2nd, 2012

ponkunnam-varkey-epathram

പൊൻകുന്നം വർക്കി എന്ന മലയാളത്തിന്റെ സ്വന്തം കഥാകാരന്‍ നമ്മെ വിട്ടുപോയിട്ട് എട്ടു വര്ഷം തികയുന്നു (ജൂലൈ 1, 1911 – ജൂലൈ 2, 2004) മലയാള സാഹിത്യത്തിൽ പുരോഹിതവർഗ്ഗത്തിന്റെയും അധികാരപ്രഭുക്കളുടെയും കൊള്ളരുതായ്മകൾക്കെതിരെ രോഷത്തിന്റെ വിത്തുപാകിതയായിരുന്നു വർക്കിയുടെ രചനകൾ. ജീവിതാവസാനം വരെ താൻ ഉയർത്തിപ്പിടിച്ച വിശ്വാസങ്ങളിൽ അദ്ദേഹം ഉറച്ചുനിന്നു. ജീവിതത്തിന്റെ മധ്യാഹ്നംവരെയേ എഴുതിയുള്ളെങ്കിലും വർക്കി മലയാള സാഹിത്യത്തിനു നൽകിയ സംഭാവനകൾ വിലമതിക്കാനാവത്തതാണ്‌.
‘തിരുമുൽക്കാഴ്ച’ എന്ന ഗദ്യകവിതയുമായാണ്‌ വർക്കി സാഹിത്യ രംഗത്തേക്കു കടന്നത്‌. 1939-ലായിരുന്നു ഇത്‌. പ്രഥമകൃതിക്കുതന്നെ മദ്രാസ്‌ സർവ്വകലാശാലയുടെ സമ്മാനം ലഭിച്ചു. ശബ്ദിക്കുന്ന കലപ്പ എന്ന പ്രശസ്തമായ കഥയും ഇദ്ദേഹത്തിന്റെതാണ്. രോഷത്തിന്റെ കനലുകൾവിതച്ച രചനകള്‍ പലരേയും പൊള്ളിച്ചു. കഥകൾ മതമേലധ്യക്ഷന്മാരെയും അധികാരവർഗ്ഗത്തെയും വിളറിപിടിപ്പിച്ചു. കഥകൾ എഴുതിയതിന്റെ പേരിൽ അധികാരികൾ വർക്കിയെ അധ്യാപന ജോലിയിൽനിന്നു പുറത്താക്കി. തിരുവതാംകൂർ ദിവാൻ ഭരണത്തെ എതിർത്തതിന്റെ പേരിൽ 1946-ൽ ആറുമാസം ജയിലിൽക്കിടക്കേണ്ടി വന്നു. നാടകവും ചെറുകഥയുമുൾപ്പടെ അൻപതോളം കൃതികൾ വർക്കിയുടേതായി പ്രസിദ്ധപ്പെടുത്തി. എണ്ണപ്പെട്ട ചില മലയാള സിനിമകൾക്ക്‌ കഥയും സംഭാഷണവും രചിച്ചിട്ടുണ്ട്‌. പുരോഗമന കലാസാഹിത്യ സംഘടനയുടെ സെക്രട്ടറിയായി അഞ്ചുവർഷത്തോളം പ്രവർത്തിച്ചു. എഴുത്തുകാരുടെ കൂട്ടായ്മക്കായി രൂപീകൃതമായ സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിന്റെയും നാഷണൽ ബുക്ക്‌ സ്റ്റാളിന്റെയും സ്ഥാപകരിലൊരാളായിരുന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ്‌ എക്സിക്യുട്ടീവ്‌ അംഗം എന്നീനിലകളിലും പ്രവർത്തിച്ചു. താൻ തുടങ്ങിവച്ച പുരോഗമന സാഹിത്യ സംരംഭങ്ങൾക്ക്‌ അദ്ദേഹം ജീവിതാവസാനംവരെ ഊർജ്ജം പകർന്നു. 2004 ജൂലൈ 2-ന് പാമ്പാടിയിലുള്ള വസതിയിൽ വച്ചാണ് പൊന്‍കുന്നം വര്‍ക്കി മരണമടഞ്ഞത്.

- ഫൈസല്‍ ബാവ

വായിക്കുക: ,

Comments Off on ശബ്ദിക്കുന്ന കലപ്പ നിലച്ചപ്പോള്‍

ഷാബു കിളിത്തട്ടിലിന് പാറപ്പുറത്ത്‌ പുരസ്കാരം

June 30th, 2012

shabu-kilithattil-epathram

ദുബായ്: അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ പാറപ്പുറത്തിന്റെ സ്മരണാര്‍ത്ഥം പ്രവര്‍ത്തിക്കുന്ന പാറപ്പുറത്ത്‌ ഫൌണ്ടേഷന്‍ പ്രവാസി മലയാളികള്‍ക്കായി സംഘടിപ്പിച്ച മൂന്നാമത് ചെറുകഥാ പുരസ്കാരത്തിന്നു ഷാബു കിളിത്തട്ടില്‍ അര്‍ഹനായി. പതിനായിരത്തി ഒന്ന് രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ജൂലൈ ആറിന് ദുബായില്‍ നടക്കുന്ന പാറപ്പുറത്ത്‌ അനുസ്മരണ സമ്മേളനത്തില്‍ നല്‍കുമെന്ന് ഫൌണ്ടേഷന്‍ ഭാരവാഹികളായ സുനില്‍ പാറപ്പുറത്ത്‌, പോള്‍ ജോര്‍ജ് പൂവതെരില്‍, റോജിന്‍ പൈനുംമൂട് എന്നിവര്‍ അറിയിച്ചു.

നാല്പതില്‍ പരം ചെറുകഥകളില്‍ നിന്നുമാണ് ഷാബുവിന്റെ “ജഡകർത്തൃകം” എന്ന കഥ ഒന്നാമതെത്തിയത്. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അദ്ധ്യക്ഷനായ സമിതിയാണ് കഥകള്‍ മൂല്യ നിര്‍ണയം ചെയ്തത്.

ദുബായിലെ അറേബ്യന്‍ റേഡിയോ നെറ്റ്‌വര്‍ക്കിന്റെ ഹിറ്റ് 96.7 എഫ്. എം. ചാനലില്‍ വാര്‍ത്താ വിഭാഗം തലവനായ ഷാബു ചിറയന്‍കീഴ്‌ കിളിത്തട്ടില്‍ മുരളീധരന്‍ നായരുടെയും സരസ്വതി അമ്മയുടെയും മകനാണ്. അനസൂയ ഭാര്യയും ജാനവ്‌ മകനുമാണ്.

അല്‍ ഐന്‍ ഇന്ദിര ഗാന്ധി വീക്ഷണം ഫോറത്തിന്റെ സി. പി. ശ്രീധര മേനോന്‍ മാദ്ധ്യമ പുരസ്കാരം, സ്വരുമ ദുബായ്, സഹൃദയ പടിയത്ത്, കൊല്ലം പ്രവാസി അസോസിയേഷന്‍ എന്നിവയുടെ മാദ്ധ്യമ പുരസ്കാരങ്ങളും ഷാബുവിന് ലഭിച്ചിട്ടുണ്ട്.

യു.എ.ഇ. യിലെ മാദ്ധ്യമ രംഗത്ത് സജീവമായി നിൽക്കെ തന്നെ പ്രവാസികളുടെ പ്രശ്നങ്ങളിൽ നേരിട്ട് ഇടപെടുവാനും, മാദ്ധ്യമ ശ്രദ്ധ ജനകീയ വിഷയങ്ങളിലേക്ക് ഫലപ്രദമായി തിരിച്ചു വിട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ രാഷ്ട്രീയ നേതൃത്വത്തിൽ സമ്മർദ്ദം ചെലുത്താനും അധികാര ദുഷ്പ്രഭുത്വത്തിനെതിരെ പോരാടാനും ഷാബുവിന് കഴിഞ്ഞിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , ,

Comments Off on ഷാബു കിളിത്തട്ടിലിന് പാറപ്പുറത്ത്‌ പുരസ്കാരം

വേണം മറ്റൊരു കേരളം : ഇന്ത്യന്‍ അസോസിയേഷനില്‍ സെമിനാര്‍

June 28th, 2012

ഷാര്‍ജ : ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറി കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാര്‍ ജൂണ്‍ 29 വെള്ളിയാഴ്ച വൈകിട്ട് ഏഴു മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ലൈബ്രറി ഹാളില്‍ നടക്കും.

സെമിനാറില്‍ ‘വേണം മറ്റൊരു കേരളം’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ പ്രസിഡണ്ടും കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്‌ അസിസ്റ്റന്റ്‌ ഡയറക്ടറുമായിരുന്ന കെ. കെ. കൃഷ്ണകുമാര്‍ സംസാരിക്കും.

വിവര ങ്ങള്‍ക്ക് വിളിക്കുക : 06 56 10 845.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on വേണം മറ്റൊരു കേരളം : ഇന്ത്യന്‍ അസോസിയേഷനില്‍ സെമിനാര്‍

ലിയോ ടോള്‍സ്റ്റോയി ലോക സാഹിത്യത്തിലെ മഹാപ്രതിഭ

November 20th, 2011

tolstoy-epathram

റഷ്യന്‍ എഴുത്തുകാരനും ചിന്തകനുമായ ലിയോ ടോള്‍സ്റ്റോയി എന്ന മഹാനായ എഴുത്തുകാരന്‍ ഈ ലോകത്തോട്‌ വിട പറഞ്ഞിട്ട് ഇന്നേക്ക് 101 വര്ഷം തികയുന്നു 1910 നവംബര്‍ 20നാണ് അദ്ദേഹം മരണമടഞ്ഞത്‌. റഷ്യന്‍ ജീവിതത്തിന്റെ തനതായ ആവിഷ്കാരത്തിന്റേയും മുനുഷ്യജീവിതത്തിലേയും ചരിത്രത്തിലേയും പ്രശ്നങ്ങളോടുള്ള സമഗ്രമായ സമീപനത്തിന്റേയും പേരില്‍ ടോള്‍സ്റ്റോയിയുടെ രചനകള്‍ ശ്രദ്ധിക്കപ്പെട്ടു. ഒരു ചിന്തകനെന്ന നിലയില്‍, അക്രമാരഹിത പ്രതിരോധമെന്ന ആശയത്തില്‍ അദ്ദേഹം പ്രത്യേകം ഊന്നല്‍ നല്‍കി. അഹിംസാമാര്‍ഗ്ഗം പിന്തുടര്‍ന്ന മഹാത്മാ ഗാന്ധി,മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ തുടങ്ങിയവര്‍, വലിയൊരളവോളം അദ്ദേഹത്തോട് ആശയപര മായി കടപ്പെട്ടിരിക്കുന്നു. യുദ്ധവും സമാധാനവും, അന്നാ കരേനിന എന്നിവയാണ് അദ്ദേഹത്ത്തിറെ ഏറ്റവും പ്രശസ്തമായ കൃതികള്‍. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ റഷ്യയുടെമേലുണ്ടായ നെപ്പോളിയന്റെ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍, മനുഷ്യചരിത്രത്തിന്റെ ഗതിയെ നിശ്ചയിക്കുന്നതെന്താണെന്ന് അന്വേഷിക്കുകയാണ് ടോള്‍സ്റ്റോയി  യുദ്ധവും സമാധാനവും എന്ന കൃതിയിലൂടെ ചെയ്യുന്നത്. മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട തന്റെ ആദ്യ രചനയായ  ബാല്യം കൗമാരം യൗവ്വനം എന്ന ജീവചരിത്രസംബന്ധിയായ കൃതിയായിരുന്നു. സാധാരണ വായനക്കാര്‍‍ക്ക് രുചിക്കത്തക്കവണ്ണം, ലളിതമായ ശൈലിയില്‍ എഴുതപ്പെട്ട കഥകളാണ്. ഒരുമനുഷ്യന് എത്രമാത്രം ഭൂമിവേണം എന്ന പ്രസിദ്ധകഥ ഇതിന് ഒരുദാഹരണമാണ്.

- ഫൈസല്‍ ബാവ

വായിക്കുക: ,

Comments Off on ലിയോ ടോള്‍സ്റ്റോയി ലോക സാഹിത്യത്തിലെ മഹാപ്രതിഭ

Page 49 of 49« First...102030...4546474849

« Previous Page « മൈക്കള്‍ ജാക്സന്‍റെ മരണത്തിന് ഡോക്ടര്‍ ഉത്തരവാദി
Next » ക്രിക്കറ്റ് സ്‌റ്റേഡിയം കഴുകി ഫുട്‌ബോള്‍ താരങ്ങള്‍ ബൂട്ട് വാങ്ങി »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha