ഗജരാജന്‍ തായങ്കാവ് മണികണ്ഠന് കണ്ണീരോടെ വിട

March 25th, 2014

തൃശ്ശൂര്‍: ആനപ്രേമികളേയും തായങ്കാവ് വാസികളേയും കണ്ണീരിലാഴ്ത്തിക്കൊണ്ട് ഗജരാജന്‍ തായങ്കാവ് മണ്‍കണ്ഠന്‍ (33) വിടവാങ്ങി. ഇന്നലെ രാവിലെ ആറരയോടെ ആയിരുന്നു ചൂണ്ടല്‍ തായങ്കാവ് ക്ഷേത്രപരിസരത്ത് ആന ചരിഞ്ഞത്. കേരളത്തിലെ തലയെടുപ്പുള്ള ആനച്ചന്തങ്ങളില്‍ ഒന്നായിരുന്നു മണികണ്ഠന്‍. 25 വര്‍ഷം മുമ്പാണ് 85,000 രൂപയ്ക്ക് പറമ്പിക്കുളം ഫോറസ്റ്റ് റേഞ്ച് ഓഫില്‍ നിന്നും വാങ്ങി നാട്ടുകാര്‍ ഇവനെ തായങ്കാവ് ക്ഷേത്രത്തില്‍ നടയ്ക്കിരുത്തിയത്. അന്നിവനു പ്രായം കഷ്ടിച്ച് എട്ടു വയസ്സ്. കുസൃതിത്തരങ്ങളുമായി നാട്ടുകാരുടെ കണ്ണിലുണ്ണിയായി അവന്‍ വളര്‍ന്നു. യൌവ്വനത്തിലേക്ക് കടന്നതോടെ നാടന്‍ ആനകളുടെ കൂട്ടത്തിലെ ഉയരക്കേമനായി മാറി. ശാന്ത സ്വഭാവവും ഉയരവും അഴകും ഒത്തിണങ്ങിയ മണികണ്ഠനു കേരളത്തിലെ ഉത്സവപ്പറമ്പുകളില്‍ വലിയ ഒരു ആരാധകവൃന്ദം ഉണ്ട്.

ആനയെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലേക്ക് ഏറ്റെടുക്കുവാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു എങ്കിലും നാട്ടുകാരുടെ ശക്തമായ എതിര്‍പ്പും കോടതി ഇടപെടലും വന്നതോടെ അത് ഒഴിവായി.കുറച്ച് കാലമായി വയറിനു അസുഖം മണികണ്ഠനെ അലട്ടുവാന്‍ തുടങ്ങിയിട്ട്. ഡോ.ടി.എസ്.രാജീവിന്റെ നേതൃത്വത്തില്‍ ആനയെ ചികിത്സിച്ചിരുന്നത്.

ആന ചരിഞ്ഞത് അറിഞ്ഞ് ആയിരക്കണക്കിനു ആളുകളാണ് തായങ്കാവിലേക്ക് എത്തിയത്. ഇതിനിടയില്‍ മണികണ്ഠന്റെ ജഡം സംസ്കരിക്കുവാന്‍ കൊണ്ടു പോകുന്നതിനെതിരെ ഒരുവിഭാഗം നാട്ടുകാര്‍ ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെ രംഗത്തെത്തി. ആന സംരക്ഷണ ട്രസ്റ്റിന്റെ ഭാരവാഹികളും പാപ്പാനും സ്ഥലത്തില്ലാതെ ജഡം കൊണ്ടു പോകുവാന്‍ സമ്മതിക്കില്ലെന്ന് അവര്‍ പറഞ്ഞു. പാപ്പാന്‍ ആനയെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി അവര്‍ ആരോപിച്ചു. മുമ്പും ആനകളെ ക്രൂരമായി മര്‍ദ്ദിച്ച് അംഗവൈകല്യം വരുത്തിയ കുപ്രസിദ്ധമായ ചരിത്രം ഉള്ള പാപ്പാന്‍ ആണ് മണികണ്ഠന്റെ ഒന്നാം പാപ്പാനായി ജോലി ചെയ്തിരുന്നത്. വിവരം അറിഞ്ഞ് സംഭവ പോലീസ് സംഭവ സ്ഥാലത്തെത്തി പ്രതിഷേധക്കാര്‍ക്കെതിരെ ലാത്തിവീശി. അതിനു ശേഷമാണ് ആനയുടെ ജഡം മറവ് ചെയ്യുന്നതിനായി വാളയാര്‍ കാട്ടിലേക്ക് കൊണ്ടു പോയത്. ആനയോടുള്ള ആദരസൂചകമായി വൈകീട് കടകള്‍ അടച്ചു അനുശോചന യോഗവും ചേര്‍ന്നു.മണികണ്ഠന്റെ അകാല വിയോഗത്തില്‍ ദുബായ് ആനപ്രേമി സംഘം അനുശോചനം രേഖപ്പെടുത്തി.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ഗജരാജന്‍ തായങ്കാവ് മണികണ്ഠന് കണ്ണീരോടെ വിട

സലോമിയുടെ ആത്മഹത്യ; ന്യൂമാന്‍ കോളേജിനെതിരെ പ്രതിഷേധം ഉയരുന്നു

March 20th, 2014

മൂവാറ്റുപുഴ: മതനിന്ദ ആരോപിച്ച് ഒരു സംഘം മതമൌലികവാദികളാല്‍ കൈവെട്ടി മാറ്റപ്പെട്ട അധ്യാപകന്‍ പ്രൊ.ടി.ജെ. ജോസഫിന്റെ ഭാര്യ സലോമി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ന്യൂമാന്‍ കോളേജ് മാനേജ്മെന്റിനെതിരെ പ്രതിഷേധം ഉയരുന്നു. വിവാദമായ ചോദ്യപേപ്പര്‍ കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് പ്രൊ.ടി.ജെ. ജോസഫിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ തിരിച്ചെടുക്കുവാന്‍ കോളേജ് മാനേജ്മെന്റ് തയ്യാറായില്ല. ഇതേ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷം മൂലമാണ് സലോമി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അതിനാല്‍ ന്യൂമാന്‍ കോളേജ് മാനേജ്മെന്റിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്നാണ് ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

ഇന്നലെയാണ് സലോമി ജോസഫ്(49) തൂങ്ങിമരിച്ച നിലയില്‍ അവരുടെ വീട്ടില്‍ കാണപ്പെട്ടത്. വിവാദമായ ചോദ്യപ്പേപ്പര്‍ തയ്യാറാക്കിയെന്ന ആരോപണത്തെ തുടര്‍ന്ന് പ്രൊ.ജോസഫിനെ കോളേജില്‍ നിന്നും സസ്പെന്റ് ചെയ്തിരുന്നു. പ്രവാചക നിന്ദ ആരോപിച്ച് 2010 ജൂലായ് 4 ഞായറാഴ്ച പള്ളിയില്‍ പ്രാര്‍ഥന കഴിഞ്ഞ് മടങ്ങുമ്പോള്‍ ഒരു സംഘം മതമൌലികവാദികള്‍ പ്രൊഫസറും കുടുമ്പവും സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ചു. അദ്ദേഹത്തിന്റെ കൈപത്തി വെട്ടിമാറ്റി. ഇതിനെ തുടര്‍ന്ന് കുറേ നാള്‍ ചികിത്സയില്‍ കഴിയേണ്ടിയും വന്നു. ജോലി നഷ്ടപ്പെടുകയും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്ന് പ്രൊ.ജോസഫും കുടുമ്പവും കടുത്ത ദാരിദ്രത്തില്‍ ആയിരുന്നു കഴിഞ്ഞു വന്നിരുന്നത്.

കേസില്‍ അനുകൂല വിധി വന്നതോടെ അദ്ദേഹത്തെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കും എന്ന പ്രതീക്ഷയിലായിരുന്നു കുടുമ്പം. എന്നാല്‍ കോടതി കുറ്റവിമുക്തനാക്കിയിട്ടും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുവാനോ പ്രൊഫസര്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ നല്‍കുവാനോ കോളേജ് അധികൃതര്‍ തയ്യാറായില്ല. ഈ മാസം മാര്‍ച്ച് 31 നു ജോലിയില്‍ നിന്നും വിരമിക്കും മുമ്പ് അദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുത്താല്‍ പെന്‍ഷന്‍ ലഭിക്കും എന്ന പ്രതീക്ഷയിലായിരുന്നു കുടുമ്പം. എന്നാല്‍ പ്രൊഫസറുടെ പ്രശ്നം മഹാത്മാഗാന്ധി സര്‍വ്വകലാശാല ട്രിബ്യൂണലിന്റെ മുമ്പിലാണെന്ന് പറഞ്ഞ് ന്യൂമാന്‍ കോളേജ് മാനേജ്മെന്റ് അദ്ദേഹത്തെ തിരിച്ചെടുക്കുന്നത് നീട്ടിക്കൊണ്ടു പോകുകയാണ് എന്ന് ആരോപണം ഉണ്ട്.

- എസ്. കുമാര്‍

വായിക്കുക: , , , , , , , ,

Comments Off on സലോമിയുടെ ആത്മഹത്യ; ന്യൂമാന്‍ കോളേജിനെതിരെ പ്രതിഷേധം ഉയരുന്നു

അബ്ദുള്ളക്കുട്ടി എം.എല്‍.എയെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു

March 12th, 2014

കണ്ണൂര്‍: അബ്ദുള്ളക്കുട്ടി എം.എല്‍.എയെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു. കണ്ണൂര്‍ പയ്യാമ്പലം ബീച്ചിനു സമീപമുള്ള ഹോട്ടലില്‍ കോണ്‍ഗ്രസ്സ് യോഗത്തില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു അബ്ദുള്ളക്കുട്ടി. ഈ സമയത്താണ് ഹോട്ടലിലേക്ക് ഇരച്ചു കയറിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ അബ്ദുള്ളക്കുട്ടിയെ കയ്യേറ്റം ചെയ്തത്. ഉന്തിനും തള്ളിനുമിടയില്‍ അബ്ദുള്ളക്കുട്ടി നിലത്ത് വീണു. പോലീസെത്തിയാണ് എം.എല്‍.എയെ രക്ഷപ്പെടുത്തിയത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

സോളാര്‍ തട്ടിപ്പ് കേസില്‍ കുറ്റാരോപിതയായ സരിത എസ്.നായര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അബ്ദുള്ളക്കുട്ടി രാജിവെക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അബ്ദുള്ളക്കുട്ടിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹോട്ടലിനു പുരത്തും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.

സരിത എസ്.നായരുടെ പരാതിപ്രകാരം ബലാത്സംഗത്തിനും പുറമെ സ്ത്രീകളുടെ അന്തസ്സിനു കളങ്കം വരുത്തി, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളാണ് അബ്ദുള്ളക്കുട്ടിയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഐ.പി.സി 354എ,376,506 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം തിരുവനന്തര്‍പുരം വനിതാപോലീസ് കേസെടുത്തിട്ടുള്ളത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് എം.എല്‍.എയ്ക്കെതിരെ കേസെടുത്തിട്ടുള്ളത്.

- എസ്. കുമാര്‍

വായിക്കുക: , , , , , ,

Comments Off on അബ്ദുള്ളക്കുട്ടി എം.എല്‍.എയെ കണ്ണൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തു

ടി.പി. വധം: 11 പേര്‍ക്ക് ജീവപര്യന്തം

January 28th, 2014

jail-prisoner-epathram

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടെ 11 പ്രതികള്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ. പാനൂര്‍ എരിയാ കമ്മറ്റി അംഗം പി. കെ. കുഞ്ഞനന്തന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗം കെ. സി. രാമചന്ദ്രന്‍, കണ്ണൂര്‍ കുന്നോത്ത് പറമ്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറി ട്രൌസര്‍ മനോജ് എന്നീ 3 സി. പി. എം. നേതാക്കള്‍ക്കും എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി.കെ. രജീഷ്, മുഹമ്മദ് ഷാഫി, എസ്. സിജിത്ത് എന്നീ 7 കൊലയാളി സംഘാംഗങ്ങള്‍ക്കും കൊലയാളികള്‍ക്ക് ഇന്നോവ കാര്‍ സംഘടിപ്പിച്ചു നല്‍കിയ വാഴപ്പടച്ചി റഫീഖ് എന്നിവര്‍ക്കുമാണ് ജീവപര്യന്തം ശിക്ഷ ലഭിച്ചത്. തടവ് കൂടാതെ 50,000 രൂപ പിഴയും അടക്കണം. ആയുധങ്ങള്‍ ഒളിപ്പിച്ചതിനും തെളിവ് നശിപ്പിച്ചതിനും മുപ്പത്തിമൂന്നാം പ്രതിയായ ലംബു പ്രദീപനു മൂന്നു വര്‍ഷത്തെ തടവ് ശിക്ഷയും കോടതി വിധിച്ചു. അഡീഷ്ണല്‍ സെഷന്‍സ് ജഡ്ജി ആർ. നാരായണ പിഷാരടിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഇതില്‍ സ്ഫോടക വസ്തു കൈവശം വെച്ച കേസില്‍ കൊടി സുനിക്ക് പത്തു വര്‍ഷം തടവും കിര്‍മാണി മനോജിന് അഞ്ചുവര്‍ഷം തടവും ജീവപര്യന്തത്തിനു പുറമെ ശിക്ഷ ലഭിച്ചിട്ടുണ്ട്.

പി.കെ. കുഞ്ഞനന്തന്‍ ഉള്‍പ്പെടുന്ന മൂന്നംഗ സി.പി.എം. നേതാക്കള്‍ക്കെതിരെ കൊലപാതക ഗൂഢാലോചനാ കുറ്റവും, ഏഴംഗ കൊലയാളി സംഘത്തിന് എതിരെ നരഹത്യ, കലാപം സൃഷ്ടിക്കൽ, മാരകായുധം കൈവശം വെക്കല്‍ എന്നീ കുറ്റങ്ങളുമാണ് കോടതി കണ്ടെത്തിയത്. മറ്റു രണ്ടു പ്രതികള്‍ക്കെതിരെ കൊലപാതക പ്രേരണയും തെളിവു നശിപ്പിക്കലുമാണ് ചാര്‍ത്തപ്പെട്ട കുറ്റങ്ങൾ.

രാവിലെ കോടതിയും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. കടുത്ത സുരക്ഷാ ഏര്‍പ്പാടുകള്‍ കോടതിക്കും പരിസരത്തും പോലീസ് ഏര്‍പ്പെടുത്തിയിരുന്നു. പതിനൊന്നു മണിയോടെ കോടതിയില്‍ എത്തിയ ജഡ്ജി പതിനഞ്ചു മിനിറ്റു കഴിഞ്ഞപ്പോള്‍ ശിക്ഷ വിധിച്ചു. കൊലയ്ക്ക് പിന്നില്‍ രാഷ്ടീയ പകയാണെന്നും, മുന്‍ കൂട്ടി ആസൂത്രണം ചെയ്ത പ്രകാരമാണ് കൊല നടത്തിയതെന്നും കോടതി നിരീക്ഷിച്ചു. സി.പി.എം. വിട്ട് ആർ.എം.പി. രൂപീകരിച്ച ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസ് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമാണെന്നും പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും വധശിക്ഷ ഒഴിവാക്കണമെന്ന് പ്രതിഭാഗം വാദിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on ടി.പി. വധം: 11 പേര്‍ക്ക് ജീവപര്യന്തം

ടി.പി. വധം: പാര്‍ട്ടി കുറ്റ വിമുക്തമായെന്ന് പിണറായി വിജയന്‍

January 22nd, 2014

pinarayi-vijayan-epathram

ന്യൂഡെല്‍ഹി/തിരുവനന്തപുരം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ കോടതി വിധിയിലൂടെ പാര്‍ട്ടി പൂര്‍ണ്ണമായും കുറ്റ വിമുക്തമായതായും, വിധി പാര്‍ട്ടിക്ക് ആശ്വാസം നല്‍കുന്നതാണെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കോടതി വിധിയെ എതിര്‍ക്കുന്നില്ലെന്നും ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ട് പടയങ്കണ്ടി രവീന്ദ്രന്‍, മോഹനന്‍ മാസ്റ്റര്‍ എന്നിവരെ മുന്‍ നിര്‍ത്തി പാര്‍ട്ടിക്കെതിരെ വ്യാപകമായ ഗൂഢാലോചന നടന്നെന്നും കോടതി വിധിയിലൂടെ അത് പൊളിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പി.കെ. കുഞ്ഞനന്തന്‍ നിരപരാധിയാണെന്നാണ് പാര്‍ട്ടി മനസ്സിലാക്കുന്നതെന്ന് പിണറായി പറഞ്ഞു.

വിധിയില്‍ പൂര്‍ണ്ണ തൃപ്തിയില്ലെന്നും എന്നാല്‍ വിധിയോടെ സി.പി.എമ്മിന്റെ പങ്ക് വ്യക്തമായെന്നും ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമ പറഞ്ഞു. സി.ബി.ഐ. അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു. പൂര്‍ണ്ണമായ ശിക്ഷാവിധി വരട്ടെ എന്നും കോടതി വിധി പഠിച്ച ശേഷം പ്രതികരിക്കാമെന്നുമാണ് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞത്.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on ടി.പി. വധം: പാര്‍ട്ടി കുറ്റ വിമുക്തമായെന്ന് പിണറായി വിജയന്‍

Page 20 of 25« First...10...1819202122...Last »

« Previous Page« Previous « ടി.പി. ചന്ദ്രശേഖരന്‍ വധം: 12 പേർ കുറ്റക്കാരെന്ന് കോടതി
Next »Next Page » സേവന മികവിന് മലയാളികളെ ആദരിച്ചു »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha