അദ്ധ്യാപകന്റെ കൈ വെട്ടിയ കേസില്‍ ഒരാള്‍ കൂടെ അറസ്റ്റില്‍

October 18th, 2012

syro-malabar-church-tj-joseph-epathram

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ പ്രൊഫ. ടി. ജെ. ജോസഫികന്റെ കൈ വെട്ടിയ കേസില്‍ ഒരാളെ കൂടെ എൻ. ഐ. എ. അറസ്റ്റു ചെയ്തു. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനായിരുന്ന ആലുവ അശോകപുരം പാറേക്കാട്ടില്‍ നൌഷാദാ‍ണ് അറസ്റ്റിലായത്. മലപ്പുറത്ത് തിരൂര്‍ പയ്യനങ്ങാടിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. അക്രമി സംഘത്തിനു അകമ്പടി പോയ സംഘത്തിന്റെ തലവനായിരുന്നു നൌഷാദ്. പ്രതിയെ പതിനാലു ദിവസത്തേക്ക് എൻ. ഐ. എ. കോടതി റിമാൻഡ് ചെയ്തു.

2010 ജൂലായ് നാലിനായിരുന്നു കേരള മനഃസ്സാക്ഷിയെ നടുക്കിയ താലിബാൻ മോഡല്‍ അക്രമ സംഭവം നടന്നത്. പള്ളിയില്‍ പോയി പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുകയായിരുന്ന പ്രൊഫ. ജോസഫിനെ പിന്തുടര്‍ന്ന സംഘം വഴിയില്‍ വെച്ച് വാഹനം തടയുകയും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം കൈ വെട്ടി മാറ്റുകയായിരുന്നു. പ്രൊഫ. ജോസഫ് തയ്യാറാക്കിയ മലയാളം ചോദ്യപ്പേപ്പറില്‍ മത നിന്ദാപരമായ പരാമര്‍ശം ആരോപിച്ചായിരുന്നു അദ്ധ്യാപകന്റെ കൈ വെട്ടിയത്.

കേരള പോലീസ് ആദ്യം അന്വേഷിച്ച കേസ് പിന്നീട് അതിന്റെ ഗൌരവം കണക്കിലെടുത്ത് തീവ്രവാദക്കേസുകള്‍ അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സിക്ക് വിടുകയായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on അദ്ധ്യാപകന്റെ കൈ വെട്ടിയ കേസില്‍ ഒരാള്‍ കൂടെ അറസ്റ്റില്‍

ഹജ്ജ് പെരുന്നാള്‍ ഒക്ടോബര്‍ 26 വെള്ളിയാഴ്ച

October 17th, 2012

hajj-epathram
സൗദി അറേബ്യ : പരിശുദ്ധ ഹജ്ജിലെ സുപ്രധാന കര്‍മമായ അറഫാ സംഗമം ഒക്ടോബര്‍ 25ന് ആയിരിക്കും. തിങ്കളാഴ്ച അസ്തമയ ത്തിനു ശേഷം ദുല്‍ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല. ആയതിനാല്‍ മാസാരംഭം ബുധനാഴ്ച ആണെന്ന് സൗദി സുപ്രീം ജുഡീഷ്യറിയും പണ്ഡിത സഭയും തീരുമാനിക്കുക യായിരുന്നു.

ഇത് പ്രകാരം ഹജ്ജിലെ പ്രധാന അനുഷ്ഠാനമായ അറഫാ സംഗമം ഒക്ടോബര്‍ 25 വ്യാഴാഴ്ചയും ഹജ്ജ് പെരുന്നാള്‍ ഒക്ടോബര്‍ 26 വെള്ളിയും ആയിരിക്കും.

- കറസ്പോണ്ടന്‍റ്

വായിക്കുക:

Comments Off on ഹജ്ജ് പെരുന്നാള്‍ ഒക്ടോബര്‍ 26 വെള്ളിയാഴ്ച

എന്‍ക്രിസ്റ്റോസ് 2012 നടത്തി

October 17th, 2012

orthodox-church-en-christos-2012-ePathram
അബുദാബി : ഓര്‍ത്തഡോക്‌സ് യുവജന പ്രസ്ഥാനം അബുദാബി യൂണിറ്റ്, വിവിധ ഓര്‍ത്തഡോക്‌സ് സഭകള്‍ ചേര്‍ന്ന് ക്രിസ്തുവില്‍ നാം ഒന്നാണ് എന്ന അര്‍ഥം വരുന്ന എന്‍ക്രിസ്റ്റോസ് 2012 അബുദാബി സെന്റ്‌ജോര്‍ജ് കത്തീഡ്രല്‍ അവതരിപ്പിച്ചു.

അര്‍മേനിയന്‍ ഓര്‍ത്തഡോക്‌സ്, കോപ്പറ്റിക് ഓര്‍ത്തഡോക്‌സ്, എത്യോപ്യന്‍ ഓര്‍ത്തഡോക്‌സ്, റഷ്യന്‍ ഓര്‍ത്തഡോക്‌സ്, മലങ്കര ഓര്‍ത്തഡോക്‌സ് എന്നീ സഭ കളില്‍ നിന്നുള്ള വിശ്വാസികള്‍ പങ്കെടുത്തു.

ബ്രഹ്മഭാവന എന്ന വിഭാഗ ത്തില്‍ പങ്കെടുത്ത സഭാംഗങ്ങള്‍ അവരവരുടെ ദേശാനുബന്ധമായ പാരമ്പര്യത്തെ ക്കുറിച്ച് വിവരിക്കുകയും ആരാധനാ ഗീതങ്ങള്‍ ആലപിക്കുകയും പാരമ്പര്യ കലകള്‍ അവതരിപ്പിക്കുകയും ചെയ്തു.

en-christos-2012-in-kathedral-ePathram

അഗാപ്പെ എന്ന വിഭാഗ ത്തില്‍ വന്നു ചേര്‍ന്ന വിശ്വാസികള്‍ എല്ലാവരും ചേര്‍ന്ന് കത്തിച്ച മെഴുകു തിരികളുമായി പ്രാര്‍ഥനയില്‍ പങ്കെടുത്തു. സ്‌നേഹ വിരുന്നോടു കൂടി പരിപാടികള്‍ സമാപിച്ചു.

മലങ്കര ഓര്‍ത്തഡോക്‌സ് സഭാ തുമ്പമണ്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ കുറിയാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്ത, അല്‍മേനിയന്‍ ഓര്‍ത്തഡോക്‌സ് സഭ യിലെ വൈദികന്‍ ഫാ. അരാംദേക്കര്‍ മെഞ്ചന്‍, എത്യോപ്യന്‍ സഭയിലെ ദിമിത്രിയോസ് മെത്രാപ്പൊലീത്ത, വൈദികരായ ഫാ.വോള്‍ഡേ ഗബ്രീയേല്‍, ഫാ. ജെറമിയ, ഫാ.ഗെബ്രിഹാനാ, റഷ്യന്‍ സഭയിലെ ഫാ. പാവിയോ എന്നിവര്‍ നില വിളക്കു തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിച്ചു.

അബുദാബി ഇടവക വികാരി ഫാ. വി. സി. ജോസ്, സഹ വികാരി ഫാ. ചെറിയാന്‍ കെ. ജേക്കബ്, യുവജന പ്രസ്ഥാനം സെക്രട്ടറി ജോര്‍ജ് മാത്യു എന്നിവര്‍ നേതൃത്വം നല്‍കി.

- കറസ്പോണ്ടന്‍റ്

വായിക്കുക:

Comments Off on എന്‍ക്രിസ്റ്റോസ് 2012 നടത്തി

ബാലഗോകുലം പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പി. സി. വിഷ്ണുനാഥ്

October 16th, 2012

shobha-yatra-epathram

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തിയേയും ബാലഗോകുലത്തെയും പറ്റി താന്‍ നടത്തിയ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ടും എം. എല്‍. എ. യുമായ പി. സി. വിഷ്ണുനാഥ്. മാനവിക യാത്രയ്ക്കിടെ അമ്പലപ്പുഴയില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ ബാലഗോകുലത്തിലൂടെ വളര്‍ന്നു വരുന്ന കുട്ടികള്‍ നാളത്തെ വര്‍ഗ്ഗീയ വാദികളായി മാറുമെന്നാണ് വിഷ്ണുനാഥ് പരാമര്‍ശിച്ചത്. ഇതിനെതിരെ ബാലഗോകുലവും ശ്രീകൃഷ്ണ ഭക്തരും രംഗത്തെത്തിയതോടെ പരാമര്‍ശം വിവാദമാകുകയായിരുന്നു.

പി. സി. വിഷ്ണുനാഥ്  മാപ്പു പറയണമെന്ന്  ബാലഗോകുലം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വിഷ്ണുനാഥിന്റെ ആരോപണത്തിന് തെളിവെന്താണെന്നും ഇക്കാ‍ര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കണമെന്നും ബാലഗോകുലം സംസ്ഥാന പൊതു കാര്യദര്‍ശി വി. ഹരികുമാര്‍ ആവശ്യപ്പെട്ടു. കുട്ടികള്‍ക്കായി മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്തയിലെ സംഘടനായി ഐക്യരാഷ്ട്ര സഭ ബാലഗോകുലത്തെ തിരഞ്ഞെടുത്തിട്ടുണ്ടെന്നും 2005ല്‍ പുതുപ്പള്ളിയിലെ ശോഭയാത്ര ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണെന്നും സി. എച്ച്. മുഹമ്മദ് കോയ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ശ്രീകൃഷ്ണ ജയന്തി അവധി ദിനമായി പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് ഉള്‍പ്പെടെ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലും വിഷ്ണുനാഥിനെതിരെ പ്രതിഷേധം ശക്തമായി ക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ശ്രീകൃഷ്ണ ജയന്തിയെ വര്‍ഗ്ഗീയവല്‍ക്കരിച്ചു എന്ന പേരില്‍ തെറ്റിദ്ധരിപ്പിക്കുവാനാണ് സംഘ പരിവാര്‍ ശ്രമിക്കുന്നതെന്നും രഹസ്യ അജണ്ട പുറത്തായതിന്റെ പരിഭ്രാന്തിയിലാണ് അവരെന്നും പി. സി. വിഷ്ണുനാഥ് പ്രതികരിച്ചു. അഭിപ്രായം പറഞ്ഞാല്‍ ഭീഷണിപ്പെടുത്തി പിന്മാറ്റാമെന്ന ധാരണ ഫാസിസ്റ്റ് നയമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

- എസ്. കുമാര്‍

വായിക്കുക: , , ,

Comments Off on ബാലഗോകുലം പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പി. സി. വിഷ്ണുനാഥ്

Page 86 of 86« First...102030...8283848586

« Previous Page « ഇന്റര്‍‌നെറ്റില്‍ ഉസ്താദ് ഹോട്ടല്‍ കാണുന്നതിനു വിലക്ക്
Next » യുവതിയെ പീഢിപ്പിക്കാന്‍ ശ്രമിച്ചതിന് റാണി മുഖര്‍ജിയുടെ സഹോദരന്‍ അറസ്റ്റില്‍ »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha