വിക്രം മലയാളത്തില്‍ തിരിച്ചെത്തുന്നു

August 3rd, 2010

vikram-aishwarya-raavan-epathram

ഒരു ഇടവേളയ്ക്ക് ശേഷം വിക്രം മലയാളത്തില്‍ തിരിച്ചെത്തുന്നു. റോഷന്‍ ആന്‍ഡ്രൂസ്  സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ആണ് വിക്രമിന്റെ മടങ്ങി വരവ്. ഡല്‍ഹി പശ്ചാത്തലമാക്കി യുവ തിരക്കഥാ കൃത്തുക്കളായ ബോബി – സഞ്ജയ് ടീം ആണ് ഈ ചിത്രത്തിന്റെ കഥ ഒരുക്കുന്നത്. ഇക്കഴിഞ്ഞ ദിവസം സംവിധായകന്‍ വിക്രമിനോട് ഈ കഥ പറയുകയും, കഥ കേട്ട് ഏറെ താല്പര്യം തോന്നിയ വിക്രം ചിത്രത്തില്‍ അഭിനയിക്കുവാന്‍ തയ്യാറാവുകയുമായിരുന്നു.

ഇന്ദ്രപ്രസ്ഥം, സൈന്യം, ധ്രുവം തുടങ്ങി നിരവധി മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും തമിഴ് സിനിമയാണ് വിക്രം എന്ന അഭിനേതാവിനെ തിരിച്ചറിഞ്ഞ് ശക്തമായ നായക കഥാപാത്രങ്ങള്‍ നല്‍കിയത്.   പിതാമഹനിലേയും മറ്റും അഭിനയത്തിനു നിരവധി പുരസ്കാരങ്ങള്‍ വിക്രമിനെ തേടിയെത്തി. കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കു വേണ്ടി കഠിനാദ്ധ്വാനം ചെയ്യാന്‍ തയ്യാറുള്ള നടനാണ് വിക്രം.  അടുത്തയിടെ റിലീസ് ചെയ്ത രാവണ്‍ എന്ന മണിരത്നം ചിത്രത്തില്‍ രണ്ടു ഭാഷകളിലായി (തമിഴിലും ഹിന്ദിയിലും) രണ്ടു വ്യത്യസ്ഥ കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട്  അസൂയാവഹമയ അഭിനയ പ്രകടനമാണ് വിക്രം കാ‌ഴ്ച വെച്ചത്.

- എസ്. കുമാര്‍

വായിക്കുക:

അഭിപ്രായം എഴുതുക »

യു.എ.ഇ.യുടെ പ്രിയ ഗായിക കൃഷ്ണപ്രിയ

August 2nd, 2010

krishnapriya-epathramചുരാ ലിയാ ഹൈ തുംനെ ജോ ദില്‍ കോ… യാദോം കീ ബാരാത്ത് എന്ന സിനിമയിലെ ഹൃദയ ഹാരിയായ ഈ ഗാനം കഴിഞ്ഞ ദിവസം അതി മനോഹരമായി ടെലിവിഷനില്‍ പാടി കേട്ട പലര്‍ക്കും അത് പാടിയ സുന്ദരിയായ ഗായികയുടെ ആദ്യത്തെ ടെലിവിഷന്‍ അവതരണമായിരുന്നു അതെന്ന് വിശ്വസിക്കാനായില്ല. അത്ര അയത്ന ലളിതമായിട്ടാണ് കൃഷ്ണപ്രിയ ആ ഗാനം ആലപിച്ചത്.

തികച്ചും ഒരു സംഗീത കുടുംബമാണ് കൃഷ്ണപ്രിയയുടെത്. ഷാര്‍ജ സിമെന്റ്സില്‍ ഉദ്യോഗസ്ഥനായ അച്ഛന്‍ നന്ദകുമാര്‍ യു.എ.ഇ. യിലെ അറിയപ്പെടുന്ന സിത്താര്‍ കലാകാരനാണ്. അദ്ധ്യാപികയായ അമ്മ ലക്ഷ്മി മേനോന്‍ ഒരു തികഞ്ഞ ശാസ്ത്രീയ സംഗീത കലാകാരി കൂടിയാണ്. ഇങ്ങനെയൊരു കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന കൃഷ്ണപ്രിയ ഒരു ഗായികയായത് സ്വാഭാവികം. വീട്ടില്‍ വെച്ചു സഹോദരന്‍ സഞ്ജയ്‌ കൃഷ്ണയോടൊപ്പം ചെറുപ്പം മുതല്‍ തന്നെ സംഗീതം അഭ്യസിച്ചു. നഗരത്തില്‍ നിന്നും ദൂരെ മാറി ഫാക്ടറിയോട് ചേര്‍ന്നുള്ള ടൌണ്‍ഷിപ്പില്‍ താമസിച്ചിരുന്നത് കൊണ്ട് അധിക നാള്‍ സംഗീത പഠനം തുടരാന്‍ സാധിച്ചില്ല. എന്നാല്‍ കാലക്രമേണ ഇവര്‍ സ്വന്തമായി തങ്ങളുടെ കലാ സപര്യ തുടര്‍ന്നു.

krishnapriya-singer-epathram

കൃഷ്ണപ്രിയ

സഞ്ജയ്‌ കൃഷ്ണ ഗിത്താറില്‍ വൈദഗ്ദ്ധ്യം നേടിയപ്പോള്‍ കൃഷ്ണപ്രിയ നൃത്തം അഭ്യസിച്ചു. സ്ക്കൂളില്‍ പഠിക്കുന്ന കാലത്ത് ഹിന്ദുസ്ഥാനി സംഗീത പരിശീലനം തുടര്‍ന്ന കൃഷ്ണപ്രിയ തിരുമുറ്റം, ദല എന്നീ സംഘടനകള്‍ നടത്തുന്ന വാര്‍ഷിക കലാ മല്‍സരങ്ങളില്‍ സ്ഥിരം വിജയിയായിരുന്നു.

അച്ഛനമ്മമാരുടെ പ്രോത്സാഹനവും, സഹോദരന്റെ സഹായവും കൂടി ആയതോടെ സ്വന്തമായൊരു ശൈലി രൂപപ്പെടുത്തിയെടുത്ത കൃഷ്ണപ്രിയ വ്യത്യസ്ത സംഗീത സംവിധായകരുടെ ഗാനങ്ങള്‍ വ്യത്യസ്ത ശൈലികളില്‍ ആലപിക്കുന്നതില്‍ വൈദഗ്ദ്ധ്യം നേടി. ഹരിഹരനും എ. ആര്‍. റഹ്മാനും തന്റെ കാണപ്പെട്ട ദൈവങ്ങളാണെന്ന് പറയുന്നു കൃഷ്ണപ്രിയ.

അച്ഛന്റെ സുഹൃത്തുക്കള്‍ ചേര്‍ന്ന് രൂപം നല്‍കിയ ഒരു സ്വകാര്യ സംഗീത ട്രൂപ്പിനോടൊപ്പം പാടി തുടങ്ങിയ കൃഷ്ണപ്രിയ പെട്ടെന്ന് തന്നെ യു.എ.ഇ. യിലെ സുഹൃദ്‌ സദസ്സുകള്‍ക്ക് പ്രിയങ്കരിയായി. ജയ്‌ ഹിന്ദ്‌ ടെലിവിഷന്‍ ചാനലിലെ മെമ്മറീസ് ആന്‍ഡ്‌ മെലഡീസ് എന്ന പരിപാടിയില്‍ പാടിയതോടെ കൃഷ്ണപ്രിയ മലയാളി സംഗീത പ്രേമികളുടെ ഇടയില്‍ ഏറെ ചര്‍ച്ചാ വിഷയവുമായി. അനായാസമായ ശൈലിയില്‍ ഇമ്പമാര്‍ന്ന ശബ്ദത്തില്‍ ആലപിച്ച ഹൃദ്യമായ ആ ഗാനം കൃഷ്ണപ്രിയയെ ലോകമെമ്പാടുമുള്ള മലയാളി ശ്രോതാക്കളുടെ പ്രിയങ്കരിയാക്കി.

ഇതേ തുടര്‍ന്ന് ഒട്ടേറെ അവസരങ്ങളാണ് കൃഷ്ണപ്രിയയെ തേടി വന്നത്. ഗാനമേളകള്‍, ആല്‍ബങ്ങള്‍, ചാനലുകളില്‍ അവതാരിക എന്നിങ്ങനെയുള്ള അവസരങ്ങള്‍ക്ക് പുറമേ നിരവധി സിനിമകളില്‍ പിന്നണി പാടുവാനുള്ള അവസരങ്ങളും കൃഷ്ണപ്രിയയെ തേടി വന്നു കൊണ്ടിരിക്കുന്നു.

സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണവും തനിക്ക്‌ ലഭിച്ചെങ്കിലും അഭിനയത്തിലേറെ തനിക്ക്‌ ഒരു ഗായികയാവാനാണ് ഇഷ്ടം എന്ന് ദുബായിലെ മണിപ്പാല്‍ സര്‍വകലാശാലയില്‍ നിന്നും മീഡിയ ആന്‍ഡ്‌ കമ്മ്യൂണിക്കേഷനില്‍ ബി. എ. ബിരുദം നേടിയ കൃഷ്ണപ്രിയ പറയുന്നു. ഒരിക്കലെങ്കിലും കൃഷ്ണപ്രിയയുടെ ഗാന നിര്ഝരിയുടെ മാധുര്യം അനുഭവിച്ചവര്‍ക്കാര്‍ക്കും വ്യത്യസ്തമായ ശബ്ദത്താല്‍ അനുഗ്രഹീതയായ യു.എ.ഇ. യുടെ ഈ പ്രിയ കലാകാരിയുടെ മോഹം പൂവണിയുമെന്നതില്‍ സംശയമുണ്ടാവില്ല.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

അഭ്രപാളിയിലെ ചിത്രകാരന്‍ വിട പറഞ്ഞിട്ട് 12 വര്‍ഷം

July 30th, 2010

bharathan-epathramഅപൂര്‍വ്വമായി വിസ്മയങ്ങള്‍ക്കും നിരന്തരമായി വിരസതകള്‍ക്കും സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്ന മലയാള സിനിമയെ സംബന്ധിച്ചേടത്തോളം ഭരതന്‍ എന്ന പ്രതിഭയുടെ അസാന്നിധ്യം വലിയ ഒരു വിടവാണ് സൃഷ്ടിച്ചത്. ഭരത് അവാര്‍ഡുകള്‍ പല തവണ വാങ്ങിയ അഭിനയ പ്രതിഭകളുടെ സമകാലിക സിനിമകള്‍ പ്രേക്ഷകനു മുമ്പില്‍ പേക്കൂത്തുകളായി അധ:പതിച്ചു കൊണ്ടിരിക്കുന്നു. അമരവും താഴ്വാരവും വൈശാലിയും വെങ്കലവുമെല്ലാം ഇന്നും ജീവസ്സുറ്റ ചലച്ചിത്ര അനുഭവമായി പ്രേക്ഷകനു അനുഭവ വേദ്യമാകുന്നു.

ഒരു കാന്‍‌വാസിലെന്ന പോലെ കടുത്ത ചായക്കൂട്ടുകള്‍ കൊണ്ട് ഭരതന്‍ എന്ന (ചല)ച്ചിത്രകാരന്‍ അഭ്രപാളിയില്‍ വരച്ചിട്ട ദൃശ്യങ്ങള്‍ ഒട്ടും പൊലിമ നഷ്ടപ്പെടാതെ പ്രേക്ഷക മനസ്സിലേക്ക് പകര്‍ത്തപ്പെട്ടു.

വടക്കാഞ്ചേരി യ്ക്കടുത്ത് എങ്കക്കാട് പാലിശ്ശേരി പരമേശ്വരന്‍ നായരുടേയും കാര്‍ത്യായനി അമ്മയുടേയും മകനായി 1946 നവംബര്‍ 14നായിരുന്നു ഭരതന്റെ ജനനം. വടക്കാഞ്ചേരി ഗവണ്മെന്റ് സ്കൂളില്‍ പഠനം. തുടര്‍ന്ന് ചിത്രകലയോടുള്ള താല്പര്യം മൂലം തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. പ്രശസ്ത സിനിമാ സംവിധായകനും ചിത്രകാരനുമായിരുന്ന പി‍. എന്‍. മേനോന്റെ അനുഗ്രഹത്തോടെ സിനിമയിലേക്ക്. ആദ്യം കലാ സംവിധായക സഹായിയായി അദ്ദേഹ ത്തോടൊപ്പം കൂടി. തുടര്‍ന്ന് കലാ സംവിധായകനായും പരസ്യ കലാകാരനായും പ്രവര്‍ത്തിച്ച ഭരതന്റെ പ്രതിഭ വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയപ്പെട്ടു. വിന്‍സെന്റിന്റെ സംവിധാന സഹായിയായി ചെണ്ട എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചു.

പി. പത്മരാജന്‍ എന്ന അത്യല്യ പ്രതിഭയുടെ തൂലികയില്‍ നിന്നും പിറവിയെടുത്ത പ്രയാണം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ സംവിധായകന്‍ എന്ന നിലയില്‍ തുടക്കം കുറിച്ചു. പ്രയാണം അതു വരെ നില നിന്നിരുന്ന പല സിനിമാ സങ്കല്പങ്ങളേയും പൊളിച്ചെഴുതി. ഭരതന്‍ – പത്മരാജന്‍ കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചു.

രതിയെ മലയാള സിനിമയില്‍ ക്ലാസിക്കല്‍ തലത്തിലേക്ക് ഉയര്‍ത്തിയത് ഈ കൂട്ടുകെട്ടായിരുന്നു. കൌമാര രതി സ്വപനങ്ങള്‍ക്ക് വര്‍ണ്ണച്ചാര്‍ത്തു നല്‍കിയ രതി നിര്‍വ്വേദം ഈ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു. രതി നിര്‍വ്വേദവും, തകരയും, ലോറിയും, തുടര്‍ന്ന് വന്ന നിരവധി സിനിമകളും ആ സവിശേഷമായ ഭരതന്‍ ടച്ച് പ്രേക്ഷകനു പകര്‍ന്നു നല്‍കി.

എം. ടി. എന്ന അതികായന്റെ തിരക്കഥയുടെ കരുത്തില്‍ ഒരു ദാസിയുടെ മകളായ വൈശാലി യുടെ കഥ ഭരതന്‍ തിരശ്ശീലയിലേയ്ക്ക് പകര്‍ത്തിയപ്പോള്‍ അത് മലയാള സിനിമയിലെ ഒരു ക്ലാസിക്ക് ആയി മാറി. വാത്സ്യായനന്റെ കാമസൂത്രം പഠിച്ച വൈശാലി യിലൂടെ സ്ത്രീ സൌന്ദര്യത്തിന്റെ വശ്യതയെ കാനനത്തിന്റെ പശ്ചാത്തലത്തിലും കൊടും വറുതിയിലായ അംഗ രാജ്യത്തിന്റെ പൊടി പടലങ്ങള്‍ നിറഞ്ഞ പശ്ചാത്തലത്തിലും, കലാപരമായ സാധ്യത ഒട്ടും ചോര്‍ന്നു പോകാതെ അനിതര സാധാരണമായ കയ്യടക്കത്തോടെ ഭരതന്‍ ആവിഷ്കരിച്ചു.

വൈശാലി എന്ന ചിത്രത്തില്‍ ഉടനീളം ഒരു ചിത്രകാരന്റെ കരസ്പര്‍ശം പ്രേക്ഷകനു അനുഭവ വേദ്യമായി. മഹാഭാരതത്തിലെ ഏതാനും വരികളില്‍ ഒതുങ്ങിയ വൈശാലിയുടെ കഥയ്ക്ക് ഇത്രയും മികച്ച ഒരു ദൃശ്യാവിഷ്കാരം ഒരു പക്ഷെ ഭരതനു മാത്രമേ നല്‍കുവാന്‍ ആകൂ.

എം. ടി. യുടെ തന്നെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത താഴ്വാരവും മറ്റൊരു മഹത്തായ സൃഷ്ടിയായി പരിണമിച്ചു.

ജോണ്‍ പോള്‍ എന്ന തിരക്കഥാ കൃത്തിനെ മലയാള സിനിമക്ക് സമ്മാനിച്ചതും ഭരതന്‍ ആയിരുന്നു. ചാമരം എന്ന ചിത്രത്തിലൂടെ ആരംഭിച്ച ഭരതന് ‍- ജോണ്‍ പോള്‍
കൂട്ടുകെട്ടില്‍ നിന്നും പിറന്നതും മികച്ച ചിത്രങ്ങളായിരുന്നു. പ്രണയവും, കുടുംബ ബന്ധങ്ങളും അവരുടെ ചിത്രങ്ങളില്‍ മനോഹരമായി അവതരിപ്പിക്കപ്പെട്ടു. മര്‍മ്മരം,
ഓര്‍മ്മയ്ക്കായി, കാറ്റത്തെ കിളിക്കൂട്, കാതോടു കാതോരം, ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടം തുടങ്ങി ഒരു പിടി ചിത്രങ്ങള്‍. ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടം ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ടു.

കാക്കനാടന്റെ നിരവധി രചനകള്‍ ഭരതന്റെ ചിത്രങ്ങള്‍ക്ക് പ്രേരകമായിട്ടുണ്ട്.

ലോഹിതദാസ് – ഭരതന്‍ കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചത് അമരവും, വെങ്കലവും, പാഥേയവും പോലുള്ള മികച്ച സിനിമകളായിരുന്നു. ദേശീയ തലത്തില്‍ അമരം മമ്മൂട്ടിക്കും, കെ. പി. എ. സി. ലളിതയ്ക്കും അംഗീകാരങ്ങള്‍ നേടിക്കൊടുത്തു.

തമിഴ് സിനിമയിലേയ്ക്കും ഭരതന്റെ പ്രതിഭ കടന്നു ചെന്നു. ആവാരം പൂ എന്ന ചിത്രം മലയാളത്തിലെ തകരയുടെ റീമേക്കായിരുന്നു, പ്രയാണം സാവിത്രി എന്ന പേരിലും തമിഴില്‍ നിര്‍മ്മിക്കപ്പെട്ടു . ഇന്ത്യന്‍ സിനിമയിലെ അഭിനയ സാമ്രാട്ടുകളായ ശിവാജി ഗണേശനും കമലഹാസനും ഒന്നിച്ച തേവര്‍ മകന്‍ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ നേടി. ഭരതന്റെ ചിത്രങ്ങളോട് എന്നും വലിയ താല്പര്യം കാണിച്ചിരുന്ന കമലഹാസന്‍ തന്നെ ആയിരുന്നു ഈ ചിത്രത്തിന്റെ നിര്‍മ്മാണം.

ഉത്രാളിക്കാവിലെ ഉത്സവത്തിനു എങ്കക്കാട് വിഭാഗത്തിനൊപ്പം എത്തുന്ന ഭരതനെ അവിടെ കെട്ടിയാടിയിരുന്ന കോലങ്ങളിലെ കടും വര്‍ണ്ണങ്ങളും ഉത്സവാന്തരീക്ഷവും താളബോധവും വളരെയധികം സ്വാധീനി ച്ചിരുന്നെന്ന് അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലേയും ദൃശ്യങ്ങളില്‍ മിന്നി മറയുന്ന ബിംബങ്ങളും സംഗീതവും വ്യക്തമാക്കുന്നു.
ചിലമ്പിലേയും, കാതോടു കാതോരത്തിലേയും, കേളിയിലേയും മറ്റും ഗാനങ്ങള്‍ ഭരതനിലെ സംഗീത സംവിധാകനെയും മലയാളിക്ക് മനസ്സിലാക്കി ക്കൊടുത്തു.

ഒടുവില്‍ അപ്രതീക്ഷിതമായി സര്‍ഗ്ഗധനനായ ആ കലാകാരന്‍ 1998 ജൂലൈ 30ന് നമ്മെ വിട്ടു പിരിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോഹിത ദാസ്‌ അനുസ്മരണ ഹ്രസ്വ സിനിമാ മല്‍സരം

July 28th, 2010

lohithadas-epathramഅബുദാബി : അകാലത്തില്‍ പിരിഞ്ഞു പോയ  പ്രമുഖ ചലച്ചിത്ര കാരന്‍ ലോഹിത ദാസിന്‍റെ  അനുസ്മ രണാര്‍ത്ഥം അബുദാബി മലയാളി സമാജം കലാ വിഭാഗം സംഘടിപ്പി ക്കുന്ന  ഹ്രസ്വ സിനിമാ മല്‍സരം ജൂലായ്‌ 31 ശനിയാഴ്ച വൈകീട്ട് 7 മണിക്ക് സമാജം അങ്കണത്തില്‍ നടക്കും. 

നാല് പതിറ്റാണ്ടായി യു. എ. ഇ. യിലെ കലാ സാംസ്കാരിക രംഗത്ത്‌ പ്രമുഖ സ്ഥാനം വഹിക്കുന്ന അബുദാബി മലയാളി സമാജം  ആദ്യമായി ട്ടാണ് ഇങ്ങിനെ ഒരു സിനിമാ മല്‍സരം ഒരുക്കുന്നത്. തിരക്കഥാ കൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ മികച്ച രചനകള്‍ മാത്രം നല്‍കിയ ലോഹിത ദാസ്‌ എന്നാ പ്രതിഭ യുടെ പേരില്‍ അവതരി പ്പിക്കുന്ന ഹ്രസ്വ സിനിമാ മത്സര ത്തിലേക്ക് യു. എ. ഇ. യുടെ  വിവിധ ഭാഗങ്ങളില്‍ നിന്നും മികച്ച പ്രതികരണ മാണ് ലഭിച്ചത്‌ എന്ന്‍ സംഘാടകര്‍ പറഞ്ഞു.

samajam-banner-epathram

ഇരുപത്തി അഞ്ചോളം സൃഷ്ടികള്‍ ലഭിച്ചതില്‍ നിന്നും 15 ചിത്രങ്ങള്‍ മത്സര ത്തിലേക്ക് തിരഞ്ഞെടുത്തു എന്നും ആ ചിത്രങ്ങള്‍ ആയിരിക്കും ജൂലായ്‌ 31 ന് പ്രദര്‍ശിപ്പിച്ച് വിധി നിര്‍ണ്ണ യിക്കുക എന്നും സമാജത്തില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തില്‍ സമാജം ഭാരവാഹി കള്‍ അറിയിച്ചു. 
 

adms-short-film-press-meet-epathram

സമാജം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍

കുറ്റമറ്റ രീതിയില്‍ വിധി നിര്‍ണ്ണ യിക്കുന്ന തിനായി നാട്ടില്‍ നിന്നും എത്തിയ പ്രമുഖ നാടക പ്രവര്‍ത്ത കരായ അമല്‍ രാജ്, ലക്ഷ്മി അമല്‍ എന്നിവരും യു. എ. ഇ. യിലെ പ്രഗല്‍ഭ രായ രണ്ടു ചലച്ചിത്ര പ്രവര്‍ത്തകരും വിധി കര്‍ത്താക്കള്‍ ആയിരിക്കും. ആദ്യം പ്രഖ്യാപിച്ചിരുന്ന എട്ട് അവാര്‍ഡു കള്‍ കൂടാതെ നടന്‍, നടി, സംവിധായകന്‍ എന്നീ വിഭാഗ ങ്ങളില്‍  രണ്ടാം സ്ഥാന ക്കാര്‍ക്ക് കൂടി  പുരസ്കാര ങ്ങള്‍ നല്‍കും.  അന്തരിച്ച പ്രശസ്ത നടന്‍ മുരളി യുടെ സ്മരണാര്‍ത്ഥം, അദ്ദേഹ ത്തിന്‍റെ നാമധേയത്തില്‍ മികച്ച നടനുള്ള പുരസ്കാരം  സമര്‍പ്പിക്കും എന്നും കലാ വിഭാഗം സിക്രട്ടറി  ബിജു കിഴക്കനേല പറഞ്ഞു.

adms-amalraj-lakshmi-epathram

അമല്‍ രാജ്, ലക്ഷ്മി അമല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍

പ്രസിഡന്‍റ് മനോജ്‌ പുഷ്കര്‍, ജനറല്‍ സിക്രട്ടറി യേശു ശീലന്‍,  കലാവിഭാഗം സിക്രട്ടറി മാരായ ബിജു കിഴക്കനേല,  നിസ്സാര്‍, ട്രഷറര്‍ ജയപ്രകാശ്‌, അമല്‍ രാജ്, ലക്ഷ്മി അമല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളന ത്തില്‍ പങ്കെടുത്തു.
 
വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ പ്രശസ്ത കൃതിയായ ‘പ്രേമലേഖനം’ നാടക രൂപത്തില്‍ അവതരിപ്പിച്ചു കഴിഞ്ഞതിനു ശേഷ മായിരുന്നു അമല്‍ രാജ്, ലക്ഷ്മി അമല്‍ എന്നിവര്‍ കഥാപാത്ര ങ്ങളുടെ വേഷ വിധാനത്തില്‍ വാര്‍ത്താ സമ്മേളന ത്തിന് എത്തിയത്.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മീരാ വാസുദേവ് വിവാഹ മോചിതയായി

July 27th, 2010

meera-vasudev-epathramതന്മാത്ര എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ നടി മീരാ വാസുദേവ് വിവാഹ മോചിതയായി. 2005ല്‍ ആയിരുന്നു മീരാ വാസുദേവും ഛായാഗ്രാഹകന്‍ അശോക് കുമാറിന്റെ മകന്‍ വിശാല്‍ അഗള്‍വാളുമായുള്ള വിവാഹം. അസ്വാരസ്യങ്ങളെ തുടര്‍ന്ന് വിവാഹ ബന്ധം വേര്‍പെടു ത്തുന്നതിനായി അവര്‍ രണ്ടു വര്‍ഷം മുന്‍പ് മദ്രാസിലെ കുടുംബ കോടതിയെ സമീപിച്ചിരുന്നു. പ്രശ്നം ഒത്തുതീര്‍ക്കുവാന്‍ കോടതി ശ്രമിച്ചെങ്കിലും യോജിച്ചു പോകുവാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി യതോടെ കഴിഞ്ഞ ദിവസം കോടതി അവര്‍ക്ക് വിവാഹ മോചനം അനുവദിച്ചു. ഭര്‍ത്താവില്‍ നിന്നും ജീവനാംശം പ്രതീക്ഷിക്കുന്നില്ലെന്ന് അവര്‍ കോടതിയില്‍ വ്യക്തമക്കി.

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും നിരവധി ചിത്രങ്ങളിലും സീരിയലുകളിലും മീര അഭിനയിച്ചിട്ടുണ്ട്.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

137 of 170« First...1020...136137138...140150...Last »

« Previous Page« Previous « ത്രില്ലറില്‍ നിന്നും പൂനം കൌര്‍ പുറത്ത്
Next »Next Page » ലോഹിത ദാസ്‌ അനുസ്മരണ ഹ്രസ്വ സിനിമാ മല്‍സരം »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine