ജി. അരവിന്ദന്‍

March 14th, 2011

g-aravindan-epathram

മലയാള സിനിമയെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച ജി. അരവിന്ദന്‍ എന്ന മഹാനായ ചലച്ചിത്രകാരന്‍ , കാര്‍ട്ടൂണിസ്റ്റ്, എഴുത്തുകാരന്‍ നമ്മെ വിട്ടു പോയിട്ട് ഇന്നേക്ക് രണ്ടു പതിറ്റാണ്ട് തികയുന്നു. ധിഷണാ ശാലിയായ ഈ കലാകാരന്‍റെ വലിയ ലോകവും ചെറിയ മനുഷ്യരും എന്ന കാര്‍ട്ടൂണുകള്‍ നമ്മെ ഏറെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. തമ്പ്, കുമ്മാട്ടി, കാഞ്ചന സീത, പോക്കുവെയില്‍, എസ്തപ്പാന്‍, ചിദംബരം, ഒരിടത്ത്‌, വാസ്തുഹാര, എന്നീ ചിത്രങ്ങള്‍ മലയാളത്തിനു സമ്മാനിച്ച അദ്ദേഹത്തിനു നിരവധി തവണ അന്താരാഷ്ട്ര, ദേശീയ, സംസ്ഥാന പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ലോക സിനിമാ ചരിത്രത്തില്‍ അരവിന്ദന്‍ എന്ന ചലച്ചിത്രകാരന്‍ ഇന്ത്യയുടെ അഭിമാനമാണ്. 1991 മാര്‍ച്ച് 14നാണ് ആ മഹാനായ കലാകാരന്‍ നമ്മെ വിട്ടു പോയത്‌.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

പി. ജെ. ആന്റണി

March 14th, 2011

pj-antony-epathram

മലയാള സിനിമ യിലേക്ക് നിര്‍മാല്യത്തിലൂടെ ആദ്യ ദേശീയ അവാര്‍ഡ്‌ എത്തിച്ച പി. ജെ. ആന്‍റണി എന്ന വലിയ നടന്‍ നമ്മെ വിട്ടു പോയിട്ട് ഇന്നേക്ക് 32 തികയുന്നു. നിര്‍മാല്യത്തിലെ വെളിച്ചപ്പാടിനെ ഓര്‍ക്കാത്തവര്‍ ആരുണ്ട്? മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു അത്. 1979 മാര്‍ച്ച് 14നാണ് പി. ജെ. ആന്‍റണി മരണമടഞ്ഞത്.

-

വായിക്കുക:

അഭിപ്രായം എഴുതുക »

ഗിരീഷ് പുത്തഞ്ചേരി: ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം

February 10th, 2011

gireesh-puthenchery-epathram

ദൈവത്തിന്റെ കൈയ്യൊപ്പുള്ള മനോഹര ഗാനങ്ങള്‍ മലയാളിക്കു സമ്മാനിച്ച ഗാന രചയിതാവിന്റെ സ്മരണക്ക് ഇന്ന് ഒരു വയസ്സ്. അസാധാരണമായ കാവ്യ സിദ്ധി കൊണ്ട് അനുഗ്രഹീത നായിരുന്നു ഗിരീഷ് പുത്തഞ്ചേരി. ഒരു തലമുറയുടെ തന്നെ ചലച്ചിത്ര സംഗീത ഭാവുകത്വത്തിന് പുതിയൊരു നിര്‍വ്വചനം കൊടുത്ത പ്രതിഭ. പ്രണയവും വിരഹവും ജീവിതവും സന്തോഷവും സങ്കടവുമൊക്കെ അക്ഷരങ്ങളിലൂടെ ചാലിച്ചെടുത്ത് മനസുകളില്‍ നിറയ്ക്കാനുള്ള അസാധാരണമായ സിദ്ധി അദ്ദേഹത്തി നുണ്ടായിരുന്നു. ചക്രവാളത്തിനപ്പുറം എന്ന ചിത്രത്തിലെ ആദ്യ ഗാനം മുതല്‍, ജോണി വാക്കറിലെ ശാന്തമീ രാത്രിയില്‍ എന്ന ശ്രദ്ധേയമായ ആദ്യത്തെ ഗാനം മുതല്‍ ഹിറ്റുകളുടെ പരമ്പരയ്ക്ക് തുടക്കം കുറിച്ച ദേവാസുരത്തിലെ സൂര്യകിരീടം വീണുടഞ്ഞു മുതല്‍ ഒടുവിലത്തെ രചന വരെ ഓരോന്നും ഈ വരദാനത്തിന്റെ സ്പഷ്ടമായ അടയാളങ്ങളാണ്.

കഥാ സന്ദര്‍ഭങ്ങള്‍ക്ക് അനുയോജ്യമായ രീതിയില്‍ എഴുതാനുള്ള സാമര്‍ഥ്യവും ചാരുതയും എന്നതു പോലെ തന്നെ ഈണത്തിനനുസരിച്ച് വരികളെഴുതുക എന്ന സമ്പ്രദായത്തിന്റെ അതിരുകള്‍ക്കുള്ളിലും ഈ പുത്തഞ്ചേരി ക്കാരന്റെ വാക്കുകള്‍ക്ക് വല്ലാത്തൊരു കാവ്യ ഭംഗി യുണ്ടായി രുന്നുവെന്നതും ശ്രദ്ധേയം. പാട്ടിന്റെ കഥയെഴുത്തു കാരനായി അദ്ദേഹം വിജയ സോപാനങ്ങള്‍ പതിയെ കയറി. ആഴവും പരപ്പുമുള്ളതായിരുന്നു അദ്ദേഹത്തിന്റെ രചനകള്‍. വല്ലാത്തൊരു വശ്യതയും അവയ്ക്കു സ്വന്തം. അകതാരില്‍ ആവര്‍ത്തനത്തിന്റെ ആനന്ദം വിരിയിക്കുന്ന സൗമ്യഭാവം. ആകാശ വാണിക്കായി ലളിത ഗാനങ്ങള്‍ രചിച്ചായിരുന്നു ഗാന രചനാ രംഗത്തേയ്ക്ക് ഗിരീഷിന്റെ പ്രവേശം. ചലച്ചിത്ര ഗാന മേഖലയിലേയ്ക്ക് കാലം തെറ്റിയാണ് തന്റെ വരവെന്ന് പലപ്പോഴും വിശ്വസിച്ചിരുന്ന ഗിരീഷ് പക്ഷെ, രണ്ടു ദശകങ്ങള്‍ കൊണ്ട് മലയാളത്തിനും മലയാളിക്കും അഭിമാനമായി മാറി.

ഏഴു പ്രാവശ്യം മികച്ച ഗാന രചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. അഗ്നിദേവന്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, പുനരധിവാസം, രാവണപ്രഭു, നന്ദനം, ഗൗരീശങ്കരം, കഥാവശേഷന്‍ എന്നീ ചിത്രങ്ങളിലെ ഗാനങ്ങളാണ് ഗിരീഷിനെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ആമ്പല്ലൂരമ്പലത്തില്‍ ആറാട്ട്- മായാമയൂരം, ഹരിമുരളീരവം- ആറാം തമ്പുരാന്‍, ഗോപികേ ഹൃദയമൊരു വെണ്‍ശംഖുപോലെ -നന്ദനം, ഒരു രാത്രി കൂടി -സമ്മര്‍ ഇന്‍ ബത്‌ലഹേം, കരിമിഴിക്കുരുവിയെ കണ്ടില്ല -മീശ മാധവന്‍, കണ്ണാടിക്കൂടും കൂട്ടി… (പ്രണയവര്‍ണങ്ങള്‍), ആരൊരാള്‍ പുലര്‍മഴയില്‍ (പട്ടാളം), എന്റെ എല്ലാമെല്ലാം അല്ലേ (മീശമാധവന്‍), തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായി (രസികന്‍), ജൂണിലെ നിലാമഴയില്‍- നമ്മള്‍ തമ്മില്‍, ചാന്തുതൊട്ടില്ലേ ചന്ദനപ്പൊട്ടില്ലേ (ബനാറസ്) എനിക്കു പാടാന്‍- ഇവര്‍ വിവാഹിതരായാല്‍… പ്രണയത്തിന്റെ കൈലാസത്തിലേയ്ക്കുള്ള തീര്‍ഥയാത്രയിലെ സഹയാത്രികരായി വരികള്‍.

വിഷാദത്തിന്റെ കണ്ണീര്‍നനവ് ആര്‍ദ്രമായി അവശേഷിപ്പിക്കുന്ന ഗാനങ്ങളും ഈ തൂലികയില്‍ നിന്നും കടലാസിലേയ്ക്ക് പകര്‍ന്നു. ഇന്നലെ എന്റെ നെഞ്ചിലെ- ബാലേട്ടന്‍, അമ്മ മഴക്കാറിനു കണ്‍നിറഞ്ഞു- മാടമ്പി. ഏതു വികാരം അടങ്ങിയതായാലും, ഗിരീഷിന്റെ പാട്ടുകള്‍ എന്തുകൊണ്ട് ജനങ്ങളേറ്റു പാടി എന്നതിനു ഒരുത്തരമേയുള്ളൂ. തലമുറകള്‍ക്കതീതമായി ഓരോരുത്തരും അവയെ ഇഷ്ടപ്പെട്ടു. അര്‍ഥഗര്‍ഭമായ വരികള്‍ കാല്‍പ്പനികതയുടെ ഭാവുകത്വത്തിന്റെയും ആസ്വാദകര്‍ക്ക് ഈ ഗാനങ്ങളോടുള്ള ആകര്‍ഷണീയതയുടെയും അളവു കൂട്ടിയെന്നതും വാസ്തവം. മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ -കന്മദം, ഒരു കിളി പാട്ടു മൂളവേ- വടക്കുംനാഥന്‍, തികച്ചും ഗ്രാമീണസൗന്ദര്യത്തിന്റെ നിഷ്‌കളങ്കതയുടെ പര്യായങ്ങളായി എത്രയോ പാട്ടുകള്‍…

കാല്‍പ്പനിക ലോകത്ത് തീര്‍ത്തും സ്വതന്ത്രനായി വിഹരിച്ച ഈ കവി ഭഗവാനായി അര്‍പ്പിച്ചത് കളഭവും തന്റെ മനസും കൂടിയാണ്. സൂര്യപ്രഭയും നീലനിലാവും ഒരുപോലെ സ്വായത്തമായിരുന്ന കവിക്ക് പ്രണയത്തിന്റെ സംഗീതം ഹൃദയങ്ങളിലെത്തിക്കാന്‍ സാധിച്ചു. നിലാവിനെയും മേഘത്തെയും മഴയെയും വെയിലിനെയും കിളിയെയും കാറ്റിനെയുമൊക്കെ ഒരു കുട്ടിയുടെ നിഷ്‌കളങ്കതയോടെ വീക്ഷിച്ചു. അദ്ദേഹത്തിന്റെ അനശ്വരമായ ഗാനങ്ങള്‍ ഇന്നും മലയാളികളില്‍ അസ്തമിക്കാതെ നിലകൊള്ളുന്നു.

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പത്മരാജന്‍ ചലച്ചിത്രോത്സവം

September 2nd, 2010

padmarajan-epathram

ചങ്ങരംകുളം ‘കാണി’ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പത്മരാജന്‍ സംവിധാനം ചെയ്ത ഏതാനും ആദ്യകാല ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. പെരുവഴിയമ്പലം, കള്ളന്‍ പവിത്രന്‍, നവമ്പറിന്റെ നഷ്ടം എന്നീ ചിത്രങ്ങളും പത്മരാജന്റെ സാഹിത്യ സിനിമാ ജീവിതത്തെ ആസ്‌പദമാക്കി രാജേഷ് മേനോന്‍ സംവിധാനം ചെയ്ത ‘കടല്‍ക്കാറ്റില്‍ ഒരു ദൂത് ’ എന്ന ഡോക്യുമെന്ററി യുമാണ് പ്രദര്‍ശിപ്പിക്കുന്നത്. പ്രദര്‍ശനാനന്തരം രാജേഷ്‌ മേനോനുമായി മുഖാമുഖവും ഉണ്ടായിരിക്കും.

മലയാള സാഹിത്യത്തിന്റെയും സിനിമയുടെയും ഒരു ഘട്ടത്തെ പ്രതിനിധീകരിക്കുന്ന ആളാണ്‌ പത്മരാജന്‍. തിരക്കഥാകൃത്തെന്ന നിലയ്ക്കും സംവിധായകനെന്ന നിലയ്ക്കും മലയാള സിനിമാ ഭാവുകത്വത്തെ പരിവര്‍ത്തന വിധേയമാക്കിയതില്‍ പത്മരാജന്റെ പങ്ക്‌ വലുതാണ്‌. എഴുപതുകളില്‍ ആരംഭിക്കുന്ന മലയാളത്തിലെ നവ സിനിമാ പരീക്ഷണങ്ങള്‍ക്ക്‌ തന്റേതായ ഒരു പാത സൃഷ്‌ടിച്ചെടുക്കുന്നതിന്‌ അദ്ദേഹത്തിന്‌ കഴിഞ്ഞു.

“പെരുവഴിയമ്പലം” ആണ്‌ (1978) പ്രഥമ ചിത്രം. ഈ ചിത്രത്തിന്‌ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും, മികച്ച പ്രാദേശിക സിനിമയ്ക്കുള്ള ദേശീയ പുരസ്കാരവും ലഭിക്കുകയുണ്ടായി. ഈ ചിത്രത്തിലൂടെയാണ്‌ അശോകന്‍ സിനിമാ രംഗത്തെത്തുന്നത്‌.

actor-ashokan-epathram

പെരുവഴിയമ്പലത്തില്‍ അശോകന്‍

അവസാന ചിത്രമായ “ഞാന്‍ ഗന്ധര്‍വ്വന്‍” (1991) വരെയുള്ള എല്ലാ ചിത്രങ്ങളും ഒന്നിനൊന്നു വ്യത്യസ്‌തവും മലയാളിക്ക്‌ പരിചിതമെങ്കിലും അതു വരെ ആവിഷ്‌ക്കരിക്ക പ്പെട്ടിട്ടില്ലാത്ത മേഖലകളുടെ ആഖ്യാനങ്ങളുമായിരുന്നു. തിരക്കഥാകൃത്ത്‌ എന്നതിനു പുറമെ മലയാളത്തിലെ മികച്ച ചെറുകഥാ കൃത്തും നോവലിസ്റ്റുമായിരുന്നു അദ്ദേഹം. എഴുത്തിന്റെ ഈ പിന്‍ബലമാണ്‌ മികച്ച തിരക്കഥകളും ചിത്രങ്ങളും സൃഷ്‌ടിക്കാന്‍ അദ്ദേഹത്തെ പ്രാപ്‌തനാക്കിയത്‌. “നക്ഷത്രങ്ങളേ കാവല്‍ ” എന്ന നോവലിന്‌ അദ്ദേഹത്തിന്‌ കേരള സാഹിത്യ അക്കാദമി പുരസ്കാരവും (1972) ലഭിച്ചു.

navambarinte-nashtam-epathram

നവംബറിന്റെ നഷ്ടം

സെപ്തംബര്‍ 5ന് കാലത്ത് 9.30 മുതല്‍ ചങ്ങരംകുളം കൃഷ്ണാ മൂവീസിലാണ് പ്രദര്‍ശനം. പത്മരാജന്‍ എന്ന പ്രതിഭയ്ക്കു വേണ്ടി ഒരു ദിവസം മാറ്റി വെച്ച്‌ കാണിയോടൊപ്പം എലാവരും പങ്കെടുക്കണം എന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.

സമയം ചിത്രം വര്‍ഷം ദൈര്‍ഘ്യം അഭിനേതാക്കള്‍
09:30 പെരുവഴിയമ്പലം 1979 95 മിനിറ്റ്‌ അശോകന്‍, ഗോപി, അസീസ്, കെ.പി.എ.സി. ലളിത
11:00 കടല്‍ക്കാറ്റില്‍ ഒരു ദൂത് 2009 81 മിനിറ്റ്‌  
14:00 കള്ളന്‍ പവിത്രന് 1981 110 മിനിറ്റ്‌ അടൂര്‍ ഭാസി, ഗോപി, നെടുമുടി വേണു
16:00 നവമ്പറിന്റെ നഷ്ടം 1982 131 മിനിറ്റ്‌ മാധവി, പ്രതാപ് പോത്തന്‍, സുരേഖ

 

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അഭ്രപാളിയിലെ ചിത്രകാരന്‍ വിട പറഞ്ഞിട്ട് 12 വര്‍ഷം

July 30th, 2010

bharathan-epathramഅപൂര്‍വ്വമായി വിസ്മയങ്ങള്‍ക്കും നിരന്തരമായി വിരസതകള്‍ക്കും സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്ന മലയാള സിനിമയെ സംബന്ധിച്ചേടത്തോളം ഭരതന്‍ എന്ന പ്രതിഭയുടെ അസാന്നിധ്യം വലിയ ഒരു വിടവാണ് സൃഷ്ടിച്ചത്. ഭരത് അവാര്‍ഡുകള്‍ പല തവണ വാങ്ങിയ അഭിനയ പ്രതിഭകളുടെ സമകാലിക സിനിമകള്‍ പ്രേക്ഷകനു മുമ്പില്‍ പേക്കൂത്തുകളായി അധ:പതിച്ചു കൊണ്ടിരിക്കുന്നു. അമരവും താഴ്വാരവും വൈശാലിയും വെങ്കലവുമെല്ലാം ഇന്നും ജീവസ്സുറ്റ ചലച്ചിത്ര അനുഭവമായി പ്രേക്ഷകനു അനുഭവ വേദ്യമാകുന്നു.

ഒരു കാന്‍‌വാസിലെന്ന പോലെ കടുത്ത ചായക്കൂട്ടുകള്‍ കൊണ്ട് ഭരതന്‍ എന്ന (ചല)ച്ചിത്രകാരന്‍ അഭ്രപാളിയില്‍ വരച്ചിട്ട ദൃശ്യങ്ങള്‍ ഒട്ടും പൊലിമ നഷ്ടപ്പെടാതെ പ്രേക്ഷക മനസ്സിലേക്ക് പകര്‍ത്തപ്പെട്ടു.

വടക്കാഞ്ചേരി യ്ക്കടുത്ത് എങ്കക്കാട് പാലിശ്ശേരി പരമേശ്വരന്‍ നായരുടേയും കാര്‍ത്യായനി അമ്മയുടേയും മകനായി 1946 നവംബര്‍ 14നായിരുന്നു ഭരതന്റെ ജനനം. വടക്കാഞ്ചേരി ഗവണ്മെന്റ് സ്കൂളില്‍ പഠനം. തുടര്‍ന്ന് ചിത്രകലയോടുള്ള താല്പര്യം മൂലം തൃശ്ശൂര്‍ ഫൈന്‍ ആര്‍ട്സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്നു. പ്രശസ്ത സിനിമാ സംവിധായകനും ചിത്രകാരനുമായിരുന്ന പി‍. എന്‍. മേനോന്റെ അനുഗ്രഹത്തോടെ സിനിമയിലേക്ക്. ആദ്യം കലാ സംവിധായക സഹായിയായി അദ്ദേഹ ത്തോടൊപ്പം കൂടി. തുടര്‍ന്ന് കലാ സംവിധായകനായും പരസ്യ കലാകാരനായും പ്രവര്‍ത്തിച്ച ഭരതന്റെ പ്രതിഭ വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയപ്പെട്ടു. വിന്‍സെന്റിന്റെ സംവിധാന സഹായിയായി ചെണ്ട എന്ന ചിത്രത്തില്‍ പ്രവര്‍ത്തിച്ചു.

പി. പത്മരാജന്‍ എന്ന അത്യല്യ പ്രതിഭയുടെ തൂലികയില്‍ നിന്നും പിറവിയെടുത്ത പ്രയാണം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ സംവിധായകന്‍ എന്ന നിലയില്‍ തുടക്കം കുറിച്ചു. പ്രയാണം അതു വരെ നില നിന്നിരുന്ന പല സിനിമാ സങ്കല്പങ്ങളേയും പൊളിച്ചെഴുതി. ഭരതന്‍ – പത്മരാജന്‍ കൂട്ടുകെട്ട് മലയാള സിനിമയ്ക്ക് മികച്ച ചിത്രങ്ങള്‍ സമ്മാനിച്ചു.

രതിയെ മലയാള സിനിമയില്‍ ക്ലാസിക്കല്‍ തലത്തിലേക്ക് ഉയര്‍ത്തിയത് ഈ കൂട്ടുകെട്ടായിരുന്നു. കൌമാര രതി സ്വപനങ്ങള്‍ക്ക് വര്‍ണ്ണച്ചാര്‍ത്തു നല്‍കിയ രതി നിര്‍വ്വേദം ഈ കൂട്ടുകെട്ടിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു. രതി നിര്‍വ്വേദവും, തകരയും, ലോറിയും, തുടര്‍ന്ന് വന്ന നിരവധി സിനിമകളും ആ സവിശേഷമായ ഭരതന്‍ ടച്ച് പ്രേക്ഷകനു പകര്‍ന്നു നല്‍കി.

എം. ടി. എന്ന അതികായന്റെ തിരക്കഥയുടെ കരുത്തില്‍ ഒരു ദാസിയുടെ മകളായ വൈശാലി യുടെ കഥ ഭരതന്‍ തിരശ്ശീലയിലേയ്ക്ക് പകര്‍ത്തിയപ്പോള്‍ അത് മലയാള സിനിമയിലെ ഒരു ക്ലാസിക്ക് ആയി മാറി. വാത്സ്യായനന്റെ കാമസൂത്രം പഠിച്ച വൈശാലി യിലൂടെ സ്ത്രീ സൌന്ദര്യത്തിന്റെ വശ്യതയെ കാനനത്തിന്റെ പശ്ചാത്തലത്തിലും കൊടും വറുതിയിലായ അംഗ രാജ്യത്തിന്റെ പൊടി പടലങ്ങള്‍ നിറഞ്ഞ പശ്ചാത്തലത്തിലും, കലാപരമായ സാധ്യത ഒട്ടും ചോര്‍ന്നു പോകാതെ അനിതര സാധാരണമായ കയ്യടക്കത്തോടെ ഭരതന്‍ ആവിഷ്കരിച്ചു.

വൈശാലി എന്ന ചിത്രത്തില്‍ ഉടനീളം ഒരു ചിത്രകാരന്റെ കരസ്പര്‍ശം പ്രേക്ഷകനു അനുഭവ വേദ്യമായി. മഹാഭാരതത്തിലെ ഏതാനും വരികളില്‍ ഒതുങ്ങിയ വൈശാലിയുടെ കഥയ്ക്ക് ഇത്രയും മികച്ച ഒരു ദൃശ്യാവിഷ്കാരം ഒരു പക്ഷെ ഭരതനു മാത്രമേ നല്‍കുവാന്‍ ആകൂ.

എം. ടി. യുടെ തന്നെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത താഴ്വാരവും മറ്റൊരു മഹത്തായ സൃഷ്ടിയായി പരിണമിച്ചു.

ജോണ്‍ പോള്‍ എന്ന തിരക്കഥാ കൃത്തിനെ മലയാള സിനിമക്ക് സമ്മാനിച്ചതും ഭരതന്‍ ആയിരുന്നു. ചാമരം എന്ന ചിത്രത്തിലൂടെ ആരംഭിച്ച ഭരതന് ‍- ജോണ്‍ പോള്‍
കൂട്ടുകെട്ടില്‍ നിന്നും പിറന്നതും മികച്ച ചിത്രങ്ങളായിരുന്നു. പ്രണയവും, കുടുംബ ബന്ധങ്ങളും അവരുടെ ചിത്രങ്ങളില്‍ മനോഹരമായി അവതരിപ്പിക്കപ്പെട്ടു. മര്‍മ്മരം,
ഓര്‍മ്മയ്ക്കായി, കാറ്റത്തെ കിളിക്കൂട്, കാതോടു കാതോരം, ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടം തുടങ്ങി ഒരു പിടി ചിത്രങ്ങള്‍. ഒരു മിന്നാ മിനുങ്ങിന്റെ നുറുങ്ങു വെട്ടം ദേശീയ തലത്തിലും ശ്രദ്ധിക്കപ്പെട്ടു.

കാക്കനാടന്റെ നിരവധി രചനകള്‍ ഭരതന്റെ ചിത്രങ്ങള്‍ക്ക് പ്രേരകമായിട്ടുണ്ട്.

ലോഹിതദാസ് – ഭരതന്‍ കൂട്ടുകെട്ട് മലയാളിക്ക് സമ്മാനിച്ചത് അമരവും, വെങ്കലവും, പാഥേയവും പോലുള്ള മികച്ച സിനിമകളായിരുന്നു. ദേശീയ തലത്തില്‍ അമരം മമ്മൂട്ടിക്കും, കെ. പി. എ. സി. ലളിതയ്ക്കും അംഗീകാരങ്ങള്‍ നേടിക്കൊടുത്തു.

തമിഴ് സിനിമയിലേയ്ക്കും ഭരതന്റെ പ്രതിഭ കടന്നു ചെന്നു. ആവാരം പൂ എന്ന ചിത്രം മലയാളത്തിലെ തകരയുടെ റീമേക്കായിരുന്നു, പ്രയാണം സാവിത്രി എന്ന പേരിലും തമിഴില്‍ നിര്‍മ്മിക്കപ്പെട്ടു . ഇന്ത്യന്‍ സിനിമയിലെ അഭിനയ സാമ്രാട്ടുകളായ ശിവാജി ഗണേശനും കമലഹാസനും ഒന്നിച്ച തേവര്‍ മകന്‍ മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്കാരം അടക്കം നിരവധി അംഗീകാരങ്ങള്‍ നേടി. ഭരതന്റെ ചിത്രങ്ങളോട് എന്നും വലിയ താല്പര്യം കാണിച്ചിരുന്ന കമലഹാസന്‍ തന്നെ ആയിരുന്നു ഈ ചിത്രത്തിന്റെ നിര്‍മ്മാണം.

ഉത്രാളിക്കാവിലെ ഉത്സവത്തിനു എങ്കക്കാട് വിഭാഗത്തിനൊപ്പം എത്തുന്ന ഭരതനെ അവിടെ കെട്ടിയാടിയിരുന്ന കോലങ്ങളിലെ കടും വര്‍ണ്ണങ്ങളും ഉത്സവാന്തരീക്ഷവും താളബോധവും വളരെയധികം സ്വാധീനി ച്ചിരുന്നെന്ന് അദ്ദേഹത്തിന്റെ പല ചിത്രങ്ങളിലേയും ദൃശ്യങ്ങളില്‍ മിന്നി മറയുന്ന ബിംബങ്ങളും സംഗീതവും വ്യക്തമാക്കുന്നു.
ചിലമ്പിലേയും, കാതോടു കാതോരത്തിലേയും, കേളിയിലേയും മറ്റും ഗാനങ്ങള്‍ ഭരതനിലെ സംഗീത സംവിധാകനെയും മലയാളിക്ക് മനസ്സിലാക്കി ക്കൊടുത്തു.

ഒടുവില്‍ അപ്രതീക്ഷിതമായി സര്‍ഗ്ഗധനനായ ആ കലാകാരന്‍ 1998 ജൂലൈ 30ന് നമ്മെ വിട്ടു പിരിഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

13 of 15« First...10...121314...Last »

« Previous Page« Previous « ലോഹിത ദാസ്‌ അനുസ്മരണ ഹ്രസ്വ സിനിമാ മല്‍സരം
Next »Next Page » യു.എ.ഇ.യുടെ പ്രിയ ഗായിക കൃഷ്ണപ്രിയ »



ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
രജനികാന്ത് ചിത്രത്തിൽ മഞ്...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...
എവിടെ ജോണ്‍?...
ജോസ് പ്രകാശിന് ജെ. സി ഡാ...
നടന്‍ ജഗതിശ്രീകുമാറിനു കാ...
ബാരി മികച്ച ചിത്രം; വിദ്യ...
ജോണ്‍ അബ്രഹാം പ്രത്യേക പു...
പത്മശ്രീ ഭരത് ഡോക്ടര്‍ സര...
പ്രണയം : മലയാളിയുടെ ലൈംഗി...
ബ്ലെസിയുടെ ‘പ്രണയം’ കോപ്...
കോളിളക്കം വീണ്ടും വരുന്നു...
എം. ജി. ശ്രീകുമാറും പാട്ട...
പ്രാഞ്ചിയേട്ടന്‍റെ ഒന്നാം...
ആദാമിന്റെ മകന്‍ അബുവിനു വ...
നടി ശ്വേതാ മേനോന്‍ വിവാഹി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine