2000 ആണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ച മൊണ്ടാഷ് മൂവി ക്ലബ് അതിന്റെ എട്ടാം വാര്‍ഷികത്തില്‍ മഞ്ചേരിയില്‍ സംഘടിപ്പിച്ച ചലച്ചിത്ര മേളയില്‍ 100 സിനിമകള്‍ പ്രദര്‍ശിപ്പിച്ചു. ഇവ എങ്ങനെ തരം തിരിച്ചു കാണിച്ചു എന്നത് ശ്രദ്ധേയമാണ്.
സമകാലിക ലോക സിനിമ, മലയാള സിനിമ 2007, സമകാലിക ഇന്ത്യന്‍ സിനിമ, സമകാലിക മാസ്‌റ്റേഴ്‌സ്, ഇന്ത്യന്‍ ഡോക്യുമെന്ററി / ഹ്രസ്വ ചിത്രങ്ങള്‍, ആനിമേഷന്‍, മ്യൂസിക് വീഡിയോ, ഹോമേജ്, റെട്രോസ്‌പെക്‍ടീവ്, വൈക്കം മുഹമ്മദ് ബഷീര്‍ സെന്റിനറി തുടങ്ങിയ വൈവിധ്യമാര്‍ന്ന വിഭാഗങ്ങളിലായാണ് മൂന്ന് വേദികളിലായി നാലു ദിവസമായി നടന്ന മേളയില്‍ സിനിമകള്‍ പ്രദര്‍ശിപ്പിച്ചത്.
മൈക്കലാഞ്ചലോ ആന്റോണിയോണി, ഇംഗ്‌മെര്‍ ബെര്‍ഗ്‌മാന്‍, ഭരത് ഗോപി എന്നിവരുടെ രചനകള്‍ ഹോമേജ് വിഭാഗത്തിലും പെദ്രോ അല്‍മദോവാര്‍, അകികുരിസ്‌മാക്കി, ലാര്‍സ് വോണ്‍ട്രയര്‍, അലക്‍സാണ്ടര്‍ സുഖറോവ്, ടി.വി.ചന്ദ്രന്‍ എന്നിവരുടെ സിനിമകള്‍ സമകാലിക മാസ്‌റ്റേഴ്‌സ് വിഭാഗത്തിലും കാണിച്ചു. ചിലിയന്‍ സംവിധായകന്‍ മിഗ്വല്‍ ലിറ്റിന്റെ സിനിമകള്‍, സ്പാനിഷ് മാസ്‌റ്റര്‍ കാര്‍ലോസ് സോറയുടെ സിനിമകള്‍ എന്നിവ റെട്രോസ്‌പെക്‍ടീവ് വിഭാഗത്തിന് ലോകോത്തര മികവാണ് നല്‍കിയത്.
ലോക സിനിമയിലെ കുലപതികളുടെ നിരവധി രചനകള്‍ പല വിഭാഗങ്ങളിലായി പ്രദര്‍ശിപ്പിച്ച ചലച്ചിത്ര മേളയിലെ ഉല്‍ഘാടന ചിത്രം 'പെര്‍ഫിയൂം-ദി സ്‌റ്റോറി ഓഫ് എ മര്‍ഡറര്‍' ആയിരുന്നു എന്നത് ശ്രദ്ധേയമായി. ഡിജിറ്റല്‍ യുഗത്തില്‍ സിനിമ എന്തായിരിക്കും എങ്ങനെയായിരിക്കണം എന്ന ചോദ്യത്തിന്റെ മനോഹരമായ ഉത്തരമായ 'റണ്‍ ലോല റണ്‍' എന്ന പ്രസിദ്ധമായ സിനിമയുടെ സംവിധായകന്‍ ടോം ടയ്‌ഇകവറിന്റെ ഏറ്റവും പുതിയ ചിത്രമാണിത്. അതിനു തൊട്ടു മുന്‍പ് പ്രദര്‍ശിപ്പിച്ച ഷാജഹാന്‍ എന്ന മലപ്പുറം ജില്ലക്കാരന്റെ 'മോണിംഗ് സണ്‍ഡെ' എന്ന ഒരു മിനിറ്റ് ആനിമേഷന്‍ ചിത്രം. ഇതൊക്കെ തന്നെ മൊണ്ടാഷ് ചലച്ചിത്ര മേളയെ അവിസ്മരണീയമാക്കി.
വൈക്കം മുഹമ്മദ് ബഷീറിന്റെ നൂറാം ജന്മ വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരുക്കിയ സിനിമകള്‍ ബഷീറിന്റെ സര്‍ഗ സൃഷ്‌ടികളുടെ അഭ്രാന്തരങ്ങളാല്‍ ബഷീര്‍ എന്ന മൗലിക സൃഷ്‌ടാവിനെ മാത്രമല്ല പച്ച മനുഷ്യനേയും വ്യക്തമാക്കുന്ന ഡോക്യുമെന്ററി കൊണ്ടും കാലോചിതമായ സ്മരണികയായി.
ബീനാപോള്‍, ഡോ. സി.എസ്. വെങ്കിടേശ്വരന്‍, ആര്‍.പി.അമുദന്‍ എന്നിവര്‍ ജൂറി അംഗങ്ങളായ മൊണ്ടാഷ് ചലച്ചിത്ര മേളയില്‍ ഒരു ഫിലിം സൊസൈറ്റിയുടെ സ്‌പിരിറ്റ് ഉള്‍ക്കൊള്ളുന്ന സിനിമകള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നതെന്ന് പ്രത്യേകം അഭിപ്രായപ്പെട്ടിരുന്നു. 16 എം.എം. മെമ്മറീസ്, മൂവ്‌മന്റ് ആന്റ് എ മെഷീന്‍ (സംവിധാനം: കെ.ആര്‍.മനോജ്) മികച്ച ഡോക്യുമെന്ററിക്കും കളിയൊരുക്കം (സംവിധാനം: സുനില്‍) നല്ല ഹ്രസ്വ ചിത്രത്തിനും പുരസ്കാരങ്ങള്‍ നേടി. അഭിനേത്രി (എ.വി.ശശിധരന്‍), കാഴ്‌ചപ്പാടം (പി.പി.സലിം) എന്നിവ ഡോക്യുമെന്ററിക്കുള്ള രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അവസാനത്തെ ഇല (ഷെറി), പ്ലാനിംഗ് (സുദേവന്‍) എന്നിവ യഥാക്രമം ഹ്രസ്വ ചിത്രത്തിനുള്ള രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. സി.എന്‍.കരുണാകരന്‍ രൂപകല്‍പന ചെയ്ത ശില്‍പം, കാഷ് അവാര്‍ഡ്, പ്രശസ്തിപത്രം എന്നിവ ആയിരുന്നു അവാര്‍ഡ്.
നിലമ്പൂര്‍ ആയിഷ, കെ.ആര്‍.മോഹനന്‍, അവിറ റബേക്ക, ബാബു തിരുവല്ല, ജി.പി.രാമചന്ദ്രന്‍, ഷഹബാസ് അമന്‍, എം.സി.രാജനാരായണന്‍, കെ.ജി.മോഹന്‍ കുമാര്‍, എസ്.സുരേഷ് ബാബു, ഹ്രസ്വചിത്ര / ഡോക്യുമെന്ററി സംവിധായകര്‍ തുടങ്ങിയര്‍ നാലു ദിവസങ്ങളിലായി നടന്ന ഉദ്ഘാടന സമാപന സമ്മേളനങ്ങളിലും ഓപ്പണ്‍ ഫോറത്തിലും പങ്കെടുത്തു. തമിഴ് ഡോക്യുമെന്ററി സംവിധായകന്‍ ആര്‍.പി.അമുദന്റെ 'ദി റോഡ്’ അന്താരാഷ്‌ട്ര പ്രീമിയര്‍ മൊണ്ടാഷ് മേളയില്‍ ആയത് അഭിനന്ദനാര്‍ഹമാണ്.
തന്റെ അടുത്ത ഡോക്യുമെന്ററി കേരളത്തിലെ ജാതി വ്യവസ്ഥയെ കുറിച്ചായിരിക്കും എന്ന് ഫെസ്‌റ്റിവല്‍ കഴിഞ്ഞ് മഞ്ചേരി പ്രദേശ പരിസരങ്ങളില്‍ സഞ്ചരിച്ച ആര്‍.പി.അമുദന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കേരളത്തിലെ അദൃശ്യമായ ജാതി സമ്പ്രദായത്തിന്റെ ഉള്ളറകളിലേക്കാണ് അദ്ദേഹം ക്യാമറ കൊണ്ട് പോകുന്നത്. ഇനിയും മൊണ്ടാഷ് മേളയില്‍ അദ്ധേഹത്തിന്റെ സാന്നിധ്യം ഉണ്ടാവുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ മഞ്ചേരി എന്ന ചെറുപട്ടണം അന്താരാഷ്‌ട്ര ചലച്ചിത്ര മേള ഭൂപടത്തില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. അടുത്ത വര്‍ഷവും മൊണ്ടാഷ് മേള കൂടുതല്‍ പുതുമകളോടെ ലോക സിനിമാ പരീക്ഷണങ്ങളുടെ പരിഛേദമാകും എന്ന് പ്രതീക്ഷിക്കാം.
അയച്ചു തന്നത്: Salih Kallada
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്