06 October 2008
വായനയുള്ള സംവിധായകരുടെ അഭാവമാണ് നല്ല കഥകളുള്ള മലയാള സിനിമകള്‍ ഉണ്ടാകാത്തതിന് കാരണം - ഷീല
മസ്കറ്റ് : മസ്കറ്റിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്റെ 2008 ലെ സാംസ്കാരിക പുരസ്കാരം ഷീല ഏറ്റു വാങ്ങി. അന്‍പതിനായിരം രൂപയും പ്രശസ്തി പത്രവും ആയിരുന്നു പുരസ്കാരം. നല്ല സാഹിത്യ കൃതികള്‍ വായിച്ചു ശീലമുള്ള സംവിധായകര്‍ ഇല്ലാത്തതാണ് നല്ല കഥകളുള്ള സിനിമകള്‍ മലയാളത്തില്‍ ഉണ്ടാവത്തതിന് ഒരു പ്രധാന കാരണമെന്ന് ചടങ്ങില്‍ പ്രസംഗിയ്ക്കവേ ഷീല അഭിപ്രായപ്പെട്ടു. അതു കൊണ്ടു തന്നെ പല പടങ്ങളിലും അഭിനയിക്കാന്‍ വിമുഖത കാട്ടാറുമുണ്ടന്ന് അവര്‍ പറഞ്ഞു. ഇന്ന് സംവിധായകന് നല്ല കഥയ്ക്കു വേണ്ടി നല്ല നോവലുകള്‍ കണ്ടു പിടിച്ചു വായിക്കാന്‍ സമയവും ക്ഷമയുമില്ല. ഹിറ്റായ ഏതെങ്കിലും ഒരു അന്യ ഭാഷാ ചിത്രം കണ്ടാല്‍ പുതിയ പടത്തിനുള്ള ത്രെഡായി. നടിമാര്‍ക്ക് പ്രാധാന്യമുള്ള ചിത്രങ്ങളും ഇപ്പോള്‍ ഉണ്ടാവുന്നില്ല എന്നവര്‍ പറഞ്ഞു. അറുനൂറ്റി എഴുപതു ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. പ്രേം നസീറുമായി ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിച്ചതിന് ലിംകാ ഗിന്നസ് ബുക്കില്‍ സ്ഥാനവും ലഭിച്ചു.
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്റെ മൂന്നു ദിവസം നീണ്ടു നിന്ന ഓണാഘോഷ സമാപന സമ്മേളനത്തില്‍ വിശിഷ്ടാതിഥി ആയെത്തിയതാണ് ശ്രീമതി ഷീല. ഒക്ടോബര്‍ ഒന്നാം തീയതി ബുധനാഴ് ച വൈകിട്ട് എട്ടു മണിക്ക് ലീ ഗ്രാന്‍ഡ് ഹാളില്‍ നടന്ന ആഘോഷങ്ങള്‍ ഇന്ത്യന്‍ സ്ഥാനപതി ശ്രീ അനില്‍ വാധ്വ ഭദ്ര ദീപം കൊളുത്തി ഉത്ഘാടനം ചെയ്തു. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം കണ്‍വീനര്‍ ശ്രീമാന്‍ ഏബ്രഹാം മാത്യൂ സ്വാഗതവും സാംസ്കാരിക വിഭാഗം കോഡിനേറ്റര്‍ ശ്രീ താജുദ്ദീന്‍ നന്ദിയും പറഞ്ഞു. ഐ എസ് സി ചെയര്‍മാന്‍ ഡോ സതീഷ് നമ്പ്യാര്‍, ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിയും ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി ശ്രീ അനില്‍ വാധ്വയുടെ പത്നിയുമായ ശ്രീമതി ദീപാ ഗോപാലന്‍ വാധ്വ തുടങ്ങിയവരും സമ്മേളനത്തില്‍ പങ്കെടുത്തു. തുടര്‍ന്ന് അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച കലാ പരിപാടികളും ഉണ്ടായിരുന്നു. സംഘടന കഴിഞ്ഞ രണ്ടു മാസമായി നടത്തിയ ഓണാഘോഷ മത്സരങ്ങളില്‍ മുപ്പത്തിയേഴ് ഇനങ്ങളിലായി ആയിരത്തില്‍ പരം മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. ഇതിലെ വിജയികള്‍ക്ക് ഒക്ടോബര്‍ 2 ന് ഇതേ ഹാളില്‍ നടന്ന സാംസ്കാരിക സമ്മേളനത്തില്‍ നടി ഷീല സമ്മാന ദാനം നിര്‍വഹിച്ചു. മൂന്നാം തിയതി വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് അംഗങ്ങളുടെ സംഗീത വിരുന്നിന്റെ അകമ്പടിയോടെ ആരംഭിച്ച വിഭവ സമൃദ്ധമായ ഓണ സദ്യ 4 മണിയോടെ അവസാനിച്ചപ്പോള്‍ രണ്ടായിരത്തോളം പേര്‍ പങ്കെടുത്തിരുന്നു. - ഈ. ജി. മധു, മസ്കറ്റ് Labels: sheela
- e പത്രം
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്