കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല നടന്‍ മോഹന്‍ ലാലിന് ഓണററി ഡി. ലിറ്റ്. നല്‍കി ആദരിച്ചു. "സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത ചരിത്ര സന്ദര്‍ഭങ്ങളില്‍ കേന്ദ്ര ബിന്ദുവായി നില്‍ക്കാന്‍ തനിക്ക് സാധിച്ചിട്ടുണ്ട് എന്ന് തനിക്ക് ലഭിച്ച ഡോക്ടറേറ്റ് പദവി സ്വീകരിച്ചു കൊണ്ട് മോഹന്‍ ലാല്‍ പറഞ്ഞു.
"മഹദ് ജന്മങ്ങളുടെ താങ്ങും തലോടലും താന്‍ അനുഭവിച്ചിട്ടുണ്ട്. എന്നാല്‍ അപ്പോഴൊന്നും അനുഭവിക്കാത്ത അനുഭൂതി ഞാനിപ്പോള്‍ അനുഭവിക്കുന്നു. പുരാതനമായ വട വൃക്ഷത്തിന്റെ ചുവടെ, തെളിഞ്ഞ പൊയ്കയുടെ തീരത്ത് നില്‍ക്കുന്നതു പോലെ...". സംസ്‌കൃതത്തിനു വേണ്ടി ബുദ്ധനെ പ്പോലും വിമര്‍ശിച്ച വിവേകാനന്ദനെ ഓര്‍മ്മിച്ച്, കാവാലത്തിന്റെ കൂടെയുള്ള സംസ്‌കൃത നാടകാനുഭവങ്ങള്‍ പങ്കു വെച്ച്, ഭാഷയുടെ അദൃശ്യ ധാരകളിലേക്ക് അദ്ദേഹം നടന്നു. ഏതോ യുഗ സന്ധിയില്‍ മണ്ണില്‍ മറഞ്ഞു പോയ സരസ്വതീ നദി പോലെയാണ് സംസ്‌കൃതം. മനുഷ്യന്റെ മനസ്സിന്റെ അടരുകളില്‍ എവിടെയോ അത് മറഞ്ഞു കിടക്കുന്നു. അറിവിനു വേണ്ടിയല്ല, സംസ്‌കാരത്തിനു വേണ്ടി അതിനെ തിരിച്ചെടുത്തേ തീരൂ" - ലാല്‍ പറഞ്ഞു.
കാലടി സര്‍വകലാശാലയുടെ ബിരുദം തനിക്ക് വലിയ ഒരു ഉത്തരവാദിത്തമാണ് തരുന്നത്. അഭിനയത്തിന്റെ വഴി താന്‍ തിരഞ്ഞെടുത്തപ്പോള്‍ അച്ഛന്‍ വിലക്കിയില്ല. "ഞാന്‍ പഠിച്ച് വലിയ ആളാകണം എന്ന് അച്ഛന്‍ മനസ്സു കൊണ്ട് ആഗ്രഹിച്ചി ട്ടുണ്ടാകുമോ? എങ്കില്‍ എനിക്ക് കിട്ടിയ ഈ ഉന്നത ബിരുദം അദ്ദേഹത്തെ സന്തോഷിപ്പിച്ചിരിക്കണം". പഠിപ്പ് പൂര്‍ത്തിയാക്കിയിട്ടു പോരേ അഭിനയം എന്ന് പണ്ട് ആകുലപ്പെട്ട അച്ഛനെ ലാല്‍ പ്രസംഗത്തില്‍ ഓര്‍മിച്ചു.
കാണികളുടെ മുന്‍ നിരയില്‍ നിറഞ്ഞ മനസ്സോടെയിരുന്ന അമ്മയ്ക്കു മുന്നില്‍ ശങ്കരാചാര്യര്‍ അമ്മയെ ക്കുറിച്ചെഴുതിയ വരികള്‍ ഉദ്ധരിച്ചാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.
മോഹന്‍ ലാലിനെ കൂടാതെ സംസ്‌കൃത പണ്ഡിതന്‍ പ്രൊഫസര്‍ എം. എച്ച്. ശാസ്ത്രികള്‍, ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി എന്നിവരെയും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഓണററി ഡി. ലിറ്റ്. നല്‍കി ആദരിച്ചു. സര്‍വകലാശാല ക്യാംപസില്‍ നടന്ന ചടങ്ങില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആര്‍. എസ്. ഗവായിയാണ് ബഹുമതി പത്രം സമ്മാനിച്ചത്.
വിദ്യാഭ്യാസ മന്ത്രി എം. എ. ബേബി, വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ജെ. പ്രസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
മോഹന്‍ ലാലിന് ബിരുദം സമ്മാനിയ്ക്കാനുള്ള സര്‍വകലാ ശാലയുടെ തീരുമാനത്തെ പ്രമുഖ സാംസ്‌ക്കാരിക നായകന്‍ ഡോ. സുകുമാര്‍ അഴീക്കോട് നേരത്തെ വിമര്‍ശിച്ചിരുന്നു. അഭിനയ മികവിന് ആണ് ഡോക്ടറേറ്റ് നല്‍കുന്നത് എങ്കില്‍ അത് കഥകളി നടനായ കലാമണ്‌ഡലം ഗോപിക്കാണ് നല്‍കേണ്ടത്. മമ്മൂട്ടിക്ക് ഒപ്പമെത്താനാണ് മോഹന്‍ലാല്‍ സംസ്‌കൃത സര്‍വകലാ ശാലയുടെ ഡോക്‌ടറേറ്റ് സംഘടിപ്പിക്കാന്‍ ശ്രമിക്കുന്നത് എന്നും ഡോ. സുകുമാര്‍ അഴീക്കോട് പറഞ്ഞു.
ലെഫ്. കേണല്‍ യൂണിഫോം പരസ്യങ്ങളില്‍ അഭിനയിച്ച് വരുമാനം ഉണ്‌ടാക്കുവാന്‍ മോഹന്‍ലാല്‍ ഉപയോഗിച്ചതിനെയും ഡോ. സുകുമാര്‍ അഴീക്കോട് നിശിതമായി വിമര്‍ശിച്ചു. ഒരു ആഭരണ ശാലയുടെ ഉദ്‌ഘാടനത്തിന്റെ പരസ്യത്തില്‍ മോഹന്‍ലാല്‍ സൈനിക യൂണിഫോമില്‍ പ്രത്യക്ഷപ്പെട്ടതിനെ പരാമര്‍ശിച്ചായിരുന്നു ഈ വിമര്‍ശനം. ഖാദിയുടെ ഗുഡ്‌വില്‍ അംബാസിഡറായി മോഹന്‍ലാലിനെ നിയമിക്കാനുള്ള തീരുമാനത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്തിരിയണം എന്നും ഡോ. സുകുമാര്‍ അഴീക്കോട് ആവശ്യപ്പെട്ടു.
-
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്