20 June 2008
ടീനേജ് മാതൃത്വം മനപൂര്‍വ്വം
അമേരിക്കയിലെ ഗ്ലൌചെസ്റ്റര്‍ ഹൈസ്കൂളിലെ പതിനേഴ് വിദ്യാര്‍ഥിനികള്‍ ഒരേ സമയം ഗര്‍ഭിണികളായത് മനപൂര്‍വ്വമാണെന്ന് സ്കൂള്‍ അധികൃതര്‍ വെളിപ്പെടുത്തി. സാധാരണ വര്‍ഷത്തില്‍ മൂന്നോ നാലോ ഗര്‍ഭം വിദ്യാര്‍ഥിനികള്‍ക്കിടയില്‍ ഈ സ്കൂളില്‍ പതിവുള്ളതാണത്രെ. എന്നാല്‍ ഇത്തവണ ഇത് പതിനേഴായി വര്‍ധിച്ചതാണ് ഇത് സ്കൂള്‍ അധികൃതരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണം. അമേരിക്കയിലെ ബോസ്റ്റണ്‍ നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഗ്ലൌചെസ്റ്റര്‍ എന്ന പട്ടണത്തിലെ ഈ വിദ്യാലയത്തിലെ ഈ വര്‍ഷത്തെ അസാധാരണ ഗര്‍ഭധാരണത്തെ പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് മാര്‍ച്ചിലാണ്.
ഇതിനെ കുറിച്ച് അന്വേഷണം നടത്തിയ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഞെട്ടിക്കുന്ന ഒരു വസ്തുതയാണ് കണ്ടുപിടിച്ചത്. ഈ പെണ്‍കുട്ടികള്‍ തമ്മില്‍ തമ്മില്‍ ഒരു ഉടമ്പടി ഉണ്ടാക്കിയിരുന്നുവത്രെ. ഒരേ സമയം ഗര്‍ഭിണികളായി കുഞ്ഞുങ്ങളെ പ്രസവിക്കാനായിരുന്നു ഇവരുടെ ഉടമ്പടി. ഇവരെല്ലവരും 16 വയസില്‍ താഴെ മാത്രം പ്രായം ഉള്ളവരാണ്. ഇവരെ ഗര്‍ഭിണികളാക്കിയവരെ പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. ഇരുപത് വയസുള്ള ആണ്‍കുട്ടികളാണ് അച്ഛന്മാരില് പലരും. 24 വയസുള്ള ഒരു തെരുവ് തെണ്ടിയാണ് പല ഗര്‍ഭങ്ങള്‍ക്കും കാരണം എന്നും സ്കൂള്‍ പ്രിന്‍സിപ്പള്‍ വെളിപ്പെടുത്തി. ഹോളിവുഡില്‍ അടുത്തയിടെ ഉണ്ടായ ചില പ്രശസ്ത ടീനേജ് ഗര്‍ഭധാരണങ്ങളാണ് ഈ പ്രതിഭാസത്തിന് ഉത്തേജനം ആയത് എന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. ജനപ്രീതി നേടിയ ചില ഹോളിവുഡ് സിനിമകളും ടീനേജ് ഗര്‍ഭധാരണത്തെ ആഘോഷിച്ചു കൊണ്ട് ഇറങ്ങുകയുണ്ടായി. പല പ്രശസ്ത നടിമാരും അടുത്ത കാലങ്ങളില്‍ പ്രസവിയ്ക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ടീനേജ് വിദ്യാര്‍ഥിനികളെ സ്വാധീനിച്ചിട്ടുണ്ടാവാം എന്നും പ്രിന്‍സിപ്പല്‍ പറയുന്നു. എന്നാല്‍ ഇങ്ങനെ സിനിമയേയും മറ്റും പഴി ചാരുന്നത് സമൂഹത്തിന് തങ്ങളുടെ കര്‍ത്തവ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള ഒരു പുക മറ മാത്രമാണെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുകയുണ്ടായി. സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നുണ്ടെങ്കിലും ഗര്‍ഭ നിരോധന ഉപാധികള്‍ ഇപ്പോഴും ടീനേജുകാര്‍ക്കിടയില്‍ എളുപ്പം ലഭ്യമല്ല. ഹൈസ്കൂളുകളിലെ ക്ലിനിക്കുകളില്‍ ഗര്‍ഭ പരിശോധനകള്‍ പതിവായി നടത്തുവാനുള്ള സംവിധാനം ഉണ്ടെങ്കിലും, അത് പതിവായി വിദ്യാര്‍ഥിനികള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും, ഗര്‍ഭ നിരോധന ഉപാധികള്‍ ഈ ക്ലിനിക്കുകളില്‍ ലഭ്യമല്ല. ഇവ ഏറ്റവും അടിയന്തരമായി സ്കൂളുകളില്‍ ലഭ്യമാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് അധികൃതര്‍ അറിയിച്ചു. ആത്മവിശ്വാസത്തിന്റെ കുറവും സ്നേഹിക്കാന്‍ ആളില്ലാത്തതുമാണ് ചെറുപ്പത്തിലേ ഒരു കുഞ്ഞിന്റെ അമ്മയാകുവാന്‍ ഈ കൊച്ചു പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നത് എന്നാണ് ചില മനശ്ശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ വിദ്യാഭ്യാസ പ്രക്രിയയ്ക്ക് ഇവരുടെ മുന്നില്‍ ശുഭാപ്തി വിശ്വാസവും വ്യക്തമായ ലക്ഷ്യങ്ങളും ഉണ്ടാക്കി കൊടുക്കാന്‍ കഴിയാത്തതാണ് ഈ പ്രശ്നത്തിന് കാരണം എന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ വിലയിരുത്തല്‍. വിദ്യാര്‍ഥികളെ തങ്ങളുടെ ഭാവിയുമായി ബന്ധപ്പെടുത്താന്‍ വിദ്യാഭ്യാസത്തിന് കഴിയണം. വിദ്യാര്‍ഥികള്‍ക്ക്, ഒരു കുഞ്ഞിനെ പ്രസവിയ്ക്കുകയും വളര്‍ത്തുകയും അല്ലാത്ത, ഒരു ഭാവിയെ പറ്റി ഉള്ള വ്യക്തമായ കാഴ്ചപ്പാടുണ്ടാവണം. അങ്ങനെ ഒരു വ്യക്തമായ ജീവിത ലക്ഷ്യമില്ലെങ്കില്‍ പിന്നെ മാതൃത്വം ഇവരുടെ ഒരു സ്വാഭാവിക ലക്ഷ്യമായി മാറുന്നു. -ഗീതു Labels: geethu |
1 Comments:
So long as the concepts of single parent and legal parent are there, there would be such baby mothers.Moreover its America, the cradel of fantacy fancy and vanity. Geethu I dont feel surprised to read it as it happended in AMERICAAAA......
Jayaprakash T.S
Maldives.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്