28 July 2008
പാര്‍ലമെന്ററി വ്യാമോഹം അഥവാ മോഹം
ആന മെലിഞ്ഞാല്‍ ആലയില്‍ കെട്ടുന്നൊരു ഏര്‍പ്പാട് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയിലുണ്ട്. അങ്ങിനെ തന്നെയാണ് വേണ്ടതും. ഇവിടെ ഇപ്പോഴത്തെ സൈദ്ധാന്തിക പ്രശ്‌നം ആന മെലിഞ്ഞുവോ അതോ ചെരിയാനായി എന്നത് സിക്രട്ടറിയുടെ വെറും തോന്നലോ എന്നതാണ്.
ലവലേശം മെലിഞ്ഞിട്ടില്ല മാത്രമല്ല ലേശം കൊഴുത്തിട്ടുമുണ്ട് എന്നു തന്നെയാണ് ആനയുടെ നിലപാട്. അടുത്ത കാലം വരെ മദപ്പാടു കാട്ടിയിട്ടുമുണ്ട്. ഒരു ഘട്ടത്തില്‍ നിയന്ത്രണം വിട്ട് പാഞ്ഞടുത്തത് പരമോന്നത നീതി പീഠത്തിനടുത്തേക്കാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആയുസ്സിന്റെ ബലം കൊണ്ട് അത്യാപത്തൊന്നും സംഭവിച്ചില്ല. പായുന്നത് ആനയാണെങ്കില്‍ പിന്നാലെ ഉണ്ടാവുക പിള്ളേരായിരിക്കും. ലേശം ബുദ്ധിയുറച്ചവര്‍ ഓടുക എതിര്‍ ദിശയിലായിരിക്കും. മൊത്തം പിള്ളേരു കളിയായിരുന്നതു കൊണ്ട് ചിന്നം വിളിച്ചു കൊണ്ട് സഖാവും പിന്നാലെ ബാക്കിയുള്ളവരും കൂടിയായപ്പോള്‍ സംഗതി ജഗ പൊഗ. എല്ലാവരും കൂടി ജുഡീഷ്യറിയെ നിലയ്‌ക്കു നിര്‍ത്തി തിരിച്ചിങ്ങു പോന്നു. സഖാവ് പണ്ട് വേറൊരു കാര്യം കൂടി പറഞ്ഞിരുന്നു. സഭയിലെ അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ തോന്നിയ പോലെ അവരവര്‍ തന്നെ വര്‍ദ്ധിപ്പിക്കുകയും പാസാക്കുകയും ചെയ്യുന്നത് ഒരു സഭയ്‌ക്ക് നിരക്കാത്ത സംഗതിയാണെന്ന്. കുഞ്ചന്‍ നമ്പ്യാര്‍ പാടിയ പോലെ വാലുള്ള വാനരര്‍ക്കും ചിതം വരാത്ത സംഗതി. അന്നപ്പറഞ്ഞ തല്ലാതെ പിന്നെ ഒരക്ഷരം ഉരിയാടിയതായി അറിവില്ല. സുപ്രീം കോടതിക്കെതിരെ സര്‍വ്വ കക്ഷി പ്രാര്‍ത്ഥന നടത്തി പ്രമേയിക്കുന്നതില്‍ കാണിച്ച ശുഷ്‌കാന്തി അവിടെ കാണിച്ചതായി അറിവില്ല. സര്‍വ്വ കക്ഷി പ്രാര്‍ത്ഥന സംഘടിപ്പിച്ച നേരത്ത് ബി.ജെ.പി. ക്കാരങ്ങാനും അങ്ങോട്ടു വന്നാല്‍ അതു വഴിയേ ഞാന്‍ സ്ഥലം വിടും എന്നൊന്നും സഖാവ് പറഞ്ഞിട്ടുമില്ല. ഇപ്പോള്‍ മാത്രമാണ് സഖാവിന് ബി.ജെ.പി. യോടൊപ്പം ഒപ്പു വെയ്‌ക്കുന്നതില്‍ മന പ്രയാസം. അവിടെയാണ് സൈദ്ധാന്തിക പ്രശ്‌നങ്ങളുടെ മല വെള്ള പ്പാച്ചില്‍. ബസു യെച്ചൂര്യാദി ചാറ്റര്‍ജിമാര്‍ പുരയ്‌ക്ക് തീ വെച്ച് പ്രശ്‌നം പരിഹരിക്കുന്നതിന് ആദ്യമേ എതിരായിരുന്നു. പുരയില്ലാത്ത കാരാട്ടിനാണെങ്കില്‍ തീയെ പേടിക്കേണ്ടതുമില്ല. മാത്രമല്ല പുര പാളുന്നതു കണ്ടാലേ തൃപ്‌തിയാവൂ എന്നൊരു നിലപാടും. ഇ.എം.എസ്സിന്റെ ഞാന്‍ പിടിച്ച മുയല്‍ കാഴ്‌ചപ്പാട് അടിമുടി ആവേശിച്ചു കളഞ്ഞു. ജനറല്‍ സിക്രട്ടറിയെ പുറത്താക്കി പാര്‍ട്ടിയെ രക്ഷിക്കുന്ന ഒരു മായാജാലം പ്രസ്ഥാനത്തില്‍ ഇന്നു വരേ അരങ്ങേറിയിട്ടില്ലെന്നു തോന്നുന്നു. സിക്രട്ടറിക്ക് തീ വെക്കാന്‍ തോന്നിയാല്‍ മേമ്പ്രന്റെ കടമ ചുട്ടു കത്തിച്ചു കൊടുക്കലാണ്. അപ്പോഴാണ് ഒരു അമരസിംഹന്‍ എന്നൊരു മാലാഖയും അവശ്യത്തിന് കറന്‍സികളും പ്രത്യക്ഷപ്പെടുന്നത്. എന്തു വന്നാലും സര്‍ക്കാരിനെ രക്ഷിക്കും. സര്‍ക്കാരിനെ എതിര്‍ക്കുന്നവരെയും രക്ഷിക്കും എന്നൊരു സുന്ദരമായ വാഗ്‌ദാനം. പിന്നെ നല്ലത് ആരാന്റെ ചിലവില്‍ സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്തുകയാണ്. ലോക ചരിത്രത്തില്‍ ആദ്യമായ സ്‌പീക്കര്‍ നിഷ്‌പക്ഷനായി. അതു കൊണ്ട് തത്‌കാലം രാജി വച്ച് കൊടി പിടിക്കുവാന്‍ ആളെ വേറെ നോക്കണം. നിഷ്‌പക്ഷനായ ആള്‍ സിക്രട്ടറിക്കൊരു ലിഖിതം കൊടുത്തു വിട്ടു. ബി.ജെ.പി. യോടൊപ്പം വോട്ടു ചെയ്യുക ആലോചിക്കുവാനേ പറ്റുകയില്ല. നിഷ്‌പക്ഷം തലയ്‌ക്കു പിടിച്ചാല്‍ പിന്നെ എഴുത്ത് ഇങ്ങിനെയായിരിക്കും. നിഷ്‌ബീജേപീപക്ഷം. ഉറക്കം തൂങ്ങി പണ്ട് കിടക്കയില്‍ വീണ പോലെ ദേവെഗൗഡ പ്രധാനമന്ത്രിയായത് ചരിത്രം. യഥാ ഗൗഡാ തഥാ ബസു എന്നാകുമായിരുന്നു. ഭാഗ്യം ഓര്‍ യോഗം ഒരു ചാന്‍സ് ബസുവിന്റെ തലയിലും വന്നു വീണു. പോരെങ്കില്‍ എല്ലാ ബൂര്‍ഷ്വാസികളും കൂടി വന്ന് വിപ്ലവകാരി തന്നെ ഭരിക്കണം ഇല്ലെങ്കില്‍ ഞങ്ങള്‍ പട്ടിണി കിടന്നോ തൂങ്ങിയോ ചത്തു കളയും. അങ്ങിനെ തലയിലെഴുത്തല്ലേ ആയി ക്കളയാം എന്നു പറഞ്ഞ് മൂപ്പര്‍ ഇരുന്നിടത്തു നിന്നു എഴുന്നേല്‍ക്കുമ്പോള്‍ തന്നെ വന്നെ തിരുമേനിയുടെ തിട്ടൂരം. തലയിലെഴുത്തില്‍ വിപ്ലവകാരികള്‍ക്ക് വിശ്വാസമില്ലെങ്കിലും അതു മായ്‌ക്കാനുള്ള തിരുമേനിയുടെ കഴിവിനെ ആളുകള്‍ അന്നേ സമ്മതിച്ചതാണ്. പാര്‍ട്ടി പിളര്‍ത്തിയാലും ശരി പ്രധാനമന്ത്രിയായി തൊഴിലാളി വര്‍ഗത്തെ രക്ഷിക്കണം എന്നായിരുന്നു ഇപ്പോഴത്തെ സ്‌പീക്കറുടെ അന്നത്തെ രഹസ്യ നിലപാട്. തിരുമേനിയിലെ ജോസഫ് സ്റ്റാലിനെ നന്നായി പരിചയമുണ്ടായിരുന്ന ബസു തലയിലെഴുത്തല്ല തല തന്നെ മായ്‌ഞ്ഞു പോയാലും ശരി അതു വേണ്ടെന്നു പദേശിക്കുകയായിരുന്നു. അതായത് ഇനിയൊരു പിളര്‍പ്പ് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ശിഷ്യനെ ബോധിപ്പിച്ചു. തിരുമേനിയുടെ കൈ കൊണ്ടായിരിക്കും രാഷ്ട്രീയ അന്ത്യം എന്നത് ഭംഗിയായി അവതരിപ്പിച്ചു രക്ഷപ്പെട്ടു. പിന്നീട് അത് ചരിത്ര പരമായ മണ്ടത്തരമായി പുനരവതരിച്ചു. ചരിത്രം എപ്പോഴും അങ്ങിനെയാണ്. അത് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. എന്നാല്‍ ആവര്‍ത്തിക്കുക എപ്പോഴും മന്ദബുദ്ധികളുടെ തലയില്‍ മാത്രമായിരിക്കുകയും ചെയ്യും. ബി.ജെ.പിയോടൊപ്പം വോട്ടു ചെയ്യില്ലെന്ന് പറഞ്ഞ സ്‌പീക്കറെ തിരഞ്ഞെടുത്തത് ബി.ജെ.പിക്കാരും കൂടിയാണ്. അവറ്റകള്‍ വോട്ടു ചെയ്‌ത സ്ഥിതിക്ക് ഇനി ഞാന്‍ ഈ പടി ചവുട്ടുകയില്ലെന്ന് മൂപ്പരു പണ്ടു പറയേണ്ടതായിരുന്നു. പാര്‍ട്ടി ഗ്രന്ഥത്തില്‍ ഈ മാരക രോഗത്തിന് ഒരു പേരുണ്ട്. പാര്‍ലമെന്ററി വ്യാമോഹം. പണ്ടങ്ങിനെ യായിരുന്നു എത്ര വിചാരിച്ചാലും കയറി പ്പറ്റാന്‍ കഴിയാത്ത ഒരിടമായിരുന്നതു കൊണ്ട് അന്നത് 'വ്യാമോഹം' എന്നറിയപ്പെട്ടു. പൂമുഖത്തൂടെ കയറി വരാന്‍ പറ്റാത്തവര്‍ക്ക് തലയില്‍ മുണ്ടു സഹിതം പിന്നാമ്പുറം സഭാ കവാടത്തില്‍ കൂടി കടന്നു മറിയാമെന്നുള്ള നിലയെത്തിയ സ്ഥിതിക്ക് പാര്‍ലമെന്ററി 'മോഹം' എന്നു തന്നെ തിരുത്താനുള്ള സമയമായി. - നിത്യന്‍ http://nithyayanam.blogspot.com/ http://indianpolitrix.blogspot.com/ Labels: nithyan |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്