31 July 2008
പോഡ് കാസ്റ്റ് - മുത്തശ്ശി പത്രം വീണ്ടും നുണ പറയുന്നു - അഭിലാഷ് .എം.എ.
മലയാളത്തിലെ ഒരു പ്രമുഖ പത്രം അതിന്റെ പാരമ്പര്യം കൊണ്ട് അറിയപ്പെടുന്നത് മുത്തശ്ശി പത്രമെന്നാണ്. ഇന്റെര്‍ നെറ്റില്‍ മലയാളം വിപ്ലവ സമാനമായ മുന്നേറ്റം നടത്തിയപ്പോള്‍ മുത്തശ്ശിയും വെറുതെയിരുന്നില്ല. എന്നാല്‍ ഇ മലയാളം മുഴുവന്‍ തങ്ങളുടേ താണെന്ന് വരുത്തി ത്തീര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ അവരുടേത്. പോഡ് കാസ്റ്റിനെക്കുറിച്ചുള്ള അവരുടെ അവകാശ വാദം അതാണ് തെളിയിക്കുന്നത്.
ഇതിനെതിരെ പ്രമുഖ മലയാളം ബ്ലോഗര്‍മാര്‍ രംഗത്ത് എത്തിക്കഴിഞ്ഞു. മലയാളത്തിലെ അദ്യകാല ബ്ലോഗറായ കണ്ണൂരാന്‍ പ്രതികരിക്കുന്നതിങ്ങനെ: "ഇന്നു മനോരമ ഓൺലൈൻ നോക്കിയപ്പോൾ ഹോം പേജിൽ "Pod Cast മലയാളത്തിൽ ആദ്യമായി" എന്നു കാണുന്നു.എത്രയോ കാലമായി പല മലയാളം ബ്ലോഗേഴ്സും പോഡ്കാസ്റ്റ് ചെയ്യുന്നുണ്ട്, അവയൊക്കെ മലയാളത്തിൽ തന്നെയാണു താനും. കൈപ്പള്ളിയുടെ ആദ്യ പോഡ് കാസ്റ്റ് 2006 സപ്തംബര്‍ 26ന് എന്നാണ് കാണുന്നത്. ജോയുടെ എം പോഡ് 2005ല്‍ ആരംഭിച്ചതാണ്. കിരൺസിന്റെ പാട്ടുകൾ, ഡി.പ്രദീപ് കുമറിന്റെ ദൃഷ്ടിദോഷം തുടങ്ങി നിരവധി പോഡ് കാസ്റ്റ് ബ്ലോഗുകളുണ്ടെന്നിരിക്കെ മനോരമ എങ്ങിനെ ഇത്തരം അവകാശവാദം ഉന്നയിച്ചു എന്നത് അമ്പരപ്പിക്കുന്നു. മനോരമയുടെ അവകാശവാദം ശുദ്ധ അസംബന്ധം തന്നെ." കൂടുതല്‍ ഇവിടെ മുത്തശ്ശി പത്രത്തിന്റെ അവകാശ വാദം കേള്‍ക്കുമ്പോള്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ എട്ടുകാലി മമ്മൂഞ്ഞിനെ ഓര്‍മ്മ വന്നാല്‍ അതിശയിക്കേണ്ടതില്ല. - അഭിലാഷ് എം.എ. Labels: abhilash-m-a |
29 July 2008
ആണവ കരാറിലെ കുരുക്കുകള്‍ - സി. ആര്‍. നീലകണ്ഠന്‍
ഏറെ വിവാദവും സംവാദവും ഉയര്‍ത്തി വിട്ടിരിക്കുന്നതും ദേശീയ രാഷ്ട്രീയത്തില്‍ നിര്‍ണായക പ്രത്യാഘാതം ഉണ്ടാക്കിയതുമായ ഇന്ത്യ - യു. എസ്. ആണവ കരാര്‍ സംബന്ധിച്ച് സാധാരണ ജനങ്ങള്‍ക്ക് ഇപ്പോഴും കാര്യമായ ധാരണയൊന്നുമില്ല. ഇന്ത്യയ്ക്ക് ഊര്‍ജ്ജം ആവശ്യമാണ്. പെട്രോളിയം വിലകള്‍ കുതിച്ചുയരുന്നു. (കേരളത്തില്‍ മഴയില്ല, ലോഡ് ഷെഡിലാണ്) ആണവ ഊര്‍ജ്ജം ഇല്ലാതെ നില നില്‍ക്കാന്‍ ആവില്ല. അതു കിട്ടാന്‍ വേണ്ടി ഉള്ള ഒരു കരാര്‍ ആണ് ഇത് എന്ന് ധരിച്ച് ഇതിനെ കണ്ണടച്ച് പിന്‍താങ്ങുന്നവര്‍ ഒരു വശത്ത്. ഇത് യു. എസ്. സാമ്രാജ്യത്വത്തിന് കീഴ് പ്പെടലാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യവും പരമാധികാരവും നഷ്ടപ്പെടും, ഇറാനെതിരായി ഇന്ത്യ യുദ്ധം ചെയ്യേണ്ടി വരും തുടങ്ങിയ വാദങ്ങള്‍ ഉയര്‍ത്തി മറുവശവും രംഗത്തുണ്ട്. എന്നാല്‍ അല്‍പ്പം ചൂഴ്ന്നിറങ്ങി ചോദിച്ചാല്‍ വെറും വാചക കസര്‍ത്തും കക്ഷി രാഷ്ട്രീയവും കൊണ്ട് മറുപടി പറയുവാന്‍ ആണ് മിക്കവരും ശ്രമിയ്ക്കുന്നത്. ഇതു കൊണ്ട് തന്നെ നിഷ്പക്ഷമായി നിന്നു വീക്ഷിക്കുന്നവര്‍ക്ക് ഒന്നും മനസ്സിലാകില്ല. രാഷ്ട്രീയത്തിന്റെ ഗതി വിഗതികളില്‍ താല്പര്യമില്ലാത്ത വലിയൊരു വിഭാഗം, ഊര്‍ജ്ജ ലഭ്യത ഉണ്ടാകും എന്നു കരുതി കരാറിനു അനുകൂലം ആകുന്നു എന്ന പ്രശ്നവും ഉണ്ട്. അതു കൊണ്ടു തന്നെ വസ്തു നിഷ്ഠമായി ഇത് വിശകലനം ചെയ്യേണ്ടതുണ്ട്.
- സി. ആര്‍. നീലകണ്ഠന്‍ സമ്പൂര്‍ണ ലേഖനം ഇവിടെ വായിക്കുക ലേഖനം pdf രൂപത്തില്‍ ഡൌണ്‍ലോഡ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. Labels: c-r-neelakantan |
28 July 2008
പാര്‍ലമെന്ററി വ്യാമോഹം അഥവാ മോഹം
ആന മെലിഞ്ഞാല്‍ ആലയില്‍ കെട്ടുന്നൊരു ഏര്‍പ്പാട് മാര്‍ക്‌സിസ്റ്റു പാര്‍ട്ടിയിലുണ്ട്. അങ്ങിനെ തന്നെയാണ് വേണ്ടതും. ഇവിടെ ഇപ്പോഴത്തെ സൈദ്ധാന്തിക പ്രശ്‌നം ആന മെലിഞ്ഞുവോ അതോ ചെരിയാനായി എന്നത് സിക്രട്ടറിയുടെ വെറും തോന്നലോ എന്നതാണ്.
ലവലേശം മെലിഞ്ഞിട്ടില്ല മാത്രമല്ല ലേശം കൊഴുത്തിട്ടുമുണ്ട് എന്നു തന്നെയാണ് ആനയുടെ നിലപാട്. അടുത്ത കാലം വരെ മദപ്പാടു കാട്ടിയിട്ടുമുണ്ട്. ഒരു ഘട്ടത്തില്‍ നിയന്ത്രണം വിട്ട് പാഞ്ഞടുത്തത് പരമോന്നത നീതി പീഠത്തിനടുത്തേക്കാണ്. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ആയുസ്സിന്റെ ബലം കൊണ്ട് അത്യാപത്തൊന്നും സംഭവിച്ചില്ല. പായുന്നത് ആനയാണെങ്കില്‍ പിന്നാലെ ഉണ്ടാവുക പിള്ളേരായിരിക്കും. ലേശം ബുദ്ധിയുറച്ചവര്‍ ഓടുക എതിര്‍ ദിശയിലായിരിക്കും. മൊത്തം പിള്ളേരു കളിയായിരുന്നതു കൊണ്ട് ചിന്നം വിളിച്ചു കൊണ്ട് സഖാവും പിന്നാലെ ബാക്കിയുള്ളവരും കൂടിയായപ്പോള്‍ സംഗതി ജഗ പൊഗ. എല്ലാവരും കൂടി ജുഡീഷ്യറിയെ നിലയ്‌ക്കു നിര്‍ത്തി തിരിച്ചിങ്ങു പോന്നു. സഖാവ് പണ്ട് വേറൊരു കാര്യം കൂടി പറഞ്ഞിരുന്നു. സഭയിലെ അംഗങ്ങളുടെ ആനുകൂല്യങ്ങള്‍ തോന്നിയ പോലെ അവരവര്‍ തന്നെ വര്‍ദ്ധിപ്പിക്കുകയും പാസാക്കുകയും ചെയ്യുന്നത് ഒരു സഭയ്‌ക്ക് നിരക്കാത്ത സംഗതിയാണെന്ന്. കുഞ്ചന്‍ നമ്പ്യാര്‍ പാടിയ പോലെ വാലുള്ള വാനരര്‍ക്കും ചിതം വരാത്ത സംഗതി. അന്നപ്പറഞ്ഞ തല്ലാതെ പിന്നെ ഒരക്ഷരം ഉരിയാടിയതായി അറിവില്ല. സുപ്രീം കോടതിക്കെതിരെ സര്‍വ്വ കക്ഷി പ്രാര്‍ത്ഥന നടത്തി പ്രമേയിക്കുന്നതില്‍ കാണിച്ച ശുഷ്‌കാന്തി അവിടെ കാണിച്ചതായി അറിവില്ല. സര്‍വ്വ കക്ഷി പ്രാര്‍ത്ഥന സംഘടിപ്പിച്ച നേരത്ത് ബി.ജെ.പി. ക്കാരങ്ങാനും അങ്ങോട്ടു വന്നാല്‍ അതു വഴിയേ ഞാന്‍ സ്ഥലം വിടും എന്നൊന്നും സഖാവ് പറഞ്ഞിട്ടുമില്ല. ഇപ്പോള്‍ മാത്രമാണ് സഖാവിന് ബി.ജെ.പി. യോടൊപ്പം ഒപ്പു വെയ്‌ക്കുന്നതില്‍ മന പ്രയാസം. അവിടെയാണ് സൈദ്ധാന്തിക പ്രശ്‌നങ്ങളുടെ മല വെള്ള പ്പാച്ചില്‍. ബസു യെച്ചൂര്യാദി ചാറ്റര്‍ജിമാര്‍ പുരയ്‌ക്ക് തീ വെച്ച് പ്രശ്‌നം പരിഹരിക്കുന്നതിന് ആദ്യമേ എതിരായിരുന്നു. പുരയില്ലാത്ത കാരാട്ടിനാണെങ്കില്‍ തീയെ പേടിക്കേണ്ടതുമില്ല. മാത്രമല്ല പുര പാളുന്നതു കണ്ടാലേ തൃപ്‌തിയാവൂ എന്നൊരു നിലപാടും. ഇ.എം.എസ്സിന്റെ ഞാന്‍ പിടിച്ച മുയല്‍ കാഴ്‌ചപ്പാട് അടിമുടി ആവേശിച്ചു കളഞ്ഞു. ജനറല്‍ സിക്രട്ടറിയെ പുറത്താക്കി പാര്‍ട്ടിയെ രക്ഷിക്കുന്ന ഒരു മായാജാലം പ്രസ്ഥാനത്തില്‍ ഇന്നു വരേ അരങ്ങേറിയിട്ടില്ലെന്നു തോന്നുന്നു. സിക്രട്ടറിക്ക് തീ വെക്കാന്‍ തോന്നിയാല്‍ മേമ്പ്രന്റെ കടമ ചുട്ടു കത്തിച്ചു കൊടുക്കലാണ്. അപ്പോഴാണ് ഒരു അമരസിംഹന്‍ എന്നൊരു മാലാഖയും അവശ്യത്തിന് കറന്‍സികളും പ്രത്യക്ഷപ്പെടുന്നത്. എന്തു വന്നാലും സര്‍ക്കാരിനെ രക്ഷിക്കും. സര്‍ക്കാരിനെ എതിര്‍ക്കുന്നവരെയും രക്ഷിക്കും എന്നൊരു സുന്ദരമായ വാഗ്‌ദാനം. പിന്നെ നല്ലത് ആരാന്റെ ചിലവില്‍ സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്തുകയാണ്. ലോക ചരിത്രത്തില്‍ ആദ്യമായ സ്‌പീക്കര്‍ നിഷ്‌പക്ഷനായി. അതു കൊണ്ട് തത്‌കാലം രാജി വച്ച് കൊടി പിടിക്കുവാന്‍ ആളെ വേറെ നോക്കണം. നിഷ്‌പക്ഷനായ ആള്‍ സിക്രട്ടറിക്കൊരു ലിഖിതം കൊടുത്തു വിട്ടു. ബി.ജെ.പി. യോടൊപ്പം വോട്ടു ചെയ്യുക ആലോചിക്കുവാനേ പറ്റുകയില്ല. നിഷ്‌പക്ഷം തലയ്‌ക്കു പിടിച്ചാല്‍ പിന്നെ എഴുത്ത് ഇങ്ങിനെയായിരിക്കും. നിഷ്‌ബീജേപീപക്ഷം. ഉറക്കം തൂങ്ങി പണ്ട് കിടക്കയില്‍ വീണ പോലെ ദേവെഗൗഡ പ്രധാനമന്ത്രിയായത് ചരിത്രം. യഥാ ഗൗഡാ തഥാ ബസു എന്നാകുമായിരുന്നു. ഭാഗ്യം ഓര്‍ യോഗം ഒരു ചാന്‍സ് ബസുവിന്റെ തലയിലും വന്നു വീണു. പോരെങ്കില്‍ എല്ലാ ബൂര്‍ഷ്വാസികളും കൂടി വന്ന് വിപ്ലവകാരി തന്നെ ഭരിക്കണം ഇല്ലെങ്കില്‍ ഞങ്ങള്‍ പട്ടിണി കിടന്നോ തൂങ്ങിയോ ചത്തു കളയും. അങ്ങിനെ തലയിലെഴുത്തല്ലേ ആയി ക്കളയാം എന്നു പറഞ്ഞ് മൂപ്പര്‍ ഇരുന്നിടത്തു നിന്നു എഴുന്നേല്‍ക്കുമ്പോള്‍ തന്നെ വന്നെ തിരുമേനിയുടെ തിട്ടൂരം. തലയിലെഴുത്തില്‍ വിപ്ലവകാരികള്‍ക്ക് വിശ്വാസമില്ലെങ്കിലും അതു മായ്‌ക്കാനുള്ള തിരുമേനിയുടെ കഴിവിനെ ആളുകള്‍ അന്നേ സമ്മതിച്ചതാണ്. പാര്‍ട്ടി പിളര്‍ത്തിയാലും ശരി പ്രധാനമന്ത്രിയായി തൊഴിലാളി വര്‍ഗത്തെ രക്ഷിക്കണം എന്നായിരുന്നു ഇപ്പോഴത്തെ സ്‌പീക്കറുടെ അന്നത്തെ രഹസ്യ നിലപാട്. തിരുമേനിയിലെ ജോസഫ് സ്റ്റാലിനെ നന്നായി പരിചയമുണ്ടായിരുന്ന ബസു തലയിലെഴുത്തല്ല തല തന്നെ മായ്‌ഞ്ഞു പോയാലും ശരി അതു വേണ്ടെന്നു പദേശിക്കുകയായിരുന്നു. അതായത് ഇനിയൊരു പിളര്‍പ്പ് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ശിഷ്യനെ ബോധിപ്പിച്ചു. തിരുമേനിയുടെ കൈ കൊണ്ടായിരിക്കും രാഷ്ട്രീയ അന്ത്യം എന്നത് ഭംഗിയായി അവതരിപ്പിച്ചു രക്ഷപ്പെട്ടു. പിന്നീട് അത് ചരിത്ര പരമായ മണ്ടത്തരമായി പുനരവതരിച്ചു. ചരിത്രം എപ്പോഴും അങ്ങിനെയാണ്. അത് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. എന്നാല്‍ ആവര്‍ത്തിക്കുക എപ്പോഴും മന്ദബുദ്ധികളുടെ തലയില്‍ മാത്രമായിരിക്കുകയും ചെയ്യും. ബി.ജെ.പിയോടൊപ്പം വോട്ടു ചെയ്യില്ലെന്ന് പറഞ്ഞ സ്‌പീക്കറെ തിരഞ്ഞെടുത്തത് ബി.ജെ.പിക്കാരും കൂടിയാണ്. അവറ്റകള്‍ വോട്ടു ചെയ്‌ത സ്ഥിതിക്ക് ഇനി ഞാന്‍ ഈ പടി ചവുട്ടുകയില്ലെന്ന് മൂപ്പരു പണ്ടു പറയേണ്ടതായിരുന്നു. പാര്‍ട്ടി ഗ്രന്ഥത്തില്‍ ഈ മാരക രോഗത്തിന് ഒരു പേരുണ്ട്. പാര്‍ലമെന്ററി വ്യാമോഹം. പണ്ടങ്ങിനെ യായിരുന്നു എത്ര വിചാരിച്ചാലും കയറി പ്പറ്റാന്‍ കഴിയാത്ത ഒരിടമായിരുന്നതു കൊണ്ട് അന്നത് 'വ്യാമോഹം' എന്നറിയപ്പെട്ടു. പൂമുഖത്തൂടെ കയറി വരാന്‍ പറ്റാത്തവര്‍ക്ക് തലയില്‍ മുണ്ടു സഹിതം പിന്നാമ്പുറം സഭാ കവാടത്തില്‍ കൂടി കടന്നു മറിയാമെന്നുള്ള നിലയെത്തിയ സ്ഥിതിക്ക് പാര്‍ലമെന്ററി 'മോഹം' എന്നു തന്നെ തിരുത്താനുള്ള സമയമായി. - നിത്യന്‍ http://nithyayanam.blogspot.com/ http://indianpolitrix.blogspot.com/ Labels: nithyan |
22 July 2008
ഇന്ന് ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനം
ഇന്ന് ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ദിനമാണ്. ഇന്ത്യയുടെ താല്‍പര്യങ്ങള്‍ അമേരിക്കക്ക് അടിയറ വെയ്ക്കുന്ന ആണവ ക്കരാറില്‍ ഒപ്പിടരുതെന്ന ഇടതു പക്ഷത്തിന്റെ നിര്‍ദ്ദേശത്തെ ധിക്കരിച്ച യു പി എ സര്‍ക്കാറിന്റെ നടപടിയില്‍ പ്രതിഷേധിച്ച് ഇടതു പക്ഷം പിന്തുണ പിന്‍വലിച്ചപ്പോള്‍ ഭുരിപക്ഷം നഷ്ടപ്പെട്ട സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടാന്‍ നിബന്ധിതമാകുകയായിരുന്നു.
എന്നാല്‍ ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ കേട്ടു കേള്‍വി പോലുമില്ലാത്ത തരത്തിലുള്ള നെറി കെട്ട കുതിര ക്കച്ചവടത്തിന്നാണ് കോണ്‍ഗ്രസ്സ് ഇറങ്ങി പ്പുറപ്പെട്ടത്. അമേരിക്കയുടെ സഹായത്തോടെ പണവും അധികാരവും ഉപയോഗിച്ച് ഭരിക്കാനുള്ള കൃത്രിമ ഭുരിപക്ഷം ഒപ്പിക്കുക വഴി ജനാധിപത്യ പ്രക്രിയക്കു നേരെത്തെന്നെ ശക്തമായ വെല്ലുവിളിയാണ് ഉയര്‍ത്തിയിരിക്കുന്നത്. ജനങ്ങള്‍ തിരെഞ്ഞെടുത്തയക്കുന്ന ജന പ്രതിനിധികള്‍ ചില സന്നിഗ്ദ്ധ ഘട്ടത്തില്‍ വന്‍ തുക കൊഴ വാങ്ങിച്ച് നാടിനെ ഒറ്റി ക്കൊടുക്കുന്ന സ്ഥിതി ജനാധിപത്യ വ്യവസ്ഥക്കു തന്നെ തീരാ കളങ്കമാണ്. പണം കൊടുത്ത് വാങ്ങുന്ന ഭൂരുപക്ഷം ഉപയോഗിച്ച് നാടിനെ വില്‍ക്കാനുള്ള ഡീല്‍ ഉറപ്പിക്കാണ് നമ്മുടെ ലീഡര്‍മര്‍ തുനിഞ്ഞിരിക്കുന്നത്. ജനാധിപത്യ വ്യവസ്ഥക്കു തന്നെ തിരാ കളങ്കം ചാര്‍ത്തിയിട്ടുള്ള ഈ വഞ്ചകരെ തിരെഞ്ഞടുത്തയച്ച ജനം കൈകാര്യം ചെയ്തില്ലെങ്കില്‍ പ്രതികരണ ശേഷി നഷ്ടപ്പെട്ട നപുംസകങ്ങളെന്ന് ചരിത്രം അവരുടെ മുഖത്തു നോക്കി വിളിക്കും.പൊതു ജനങ്ങളെ കഴുതകളായി ചിലര്‍ പറയുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്. ഇവര്‍ തിരെഞ്ഞെടു ത്തയക്കുന്ന പ്രതിനിധികളെ വിലക്ക് വാങ്ങുന്ന കച്ചവടത്തിന്ന് പറയേണ്ടത് കഴുത കച്ചാവടമെന്നാണ്. ജനാധിപത്യത്തിന്റെ ഈ ദുര്‍ഗ്ഗതിയോര്‍ത്ത് കേഴുക ഭാരതനാടെ... ലജ്ജിക്കുക ഒരോ ഇന്ത്യക്കാരനും - Narayanan veliancode Labels: narayanan-veliancode 1 Comments:
Links to this post: |
19 July 2008
അധ്യാപകനെ ചവിട്ടിക്കൊന്നു - വിഷ്ണു പ്രസാദ്
പ്രൈമറി സ്ക്കൂള്‍ അധ്യാപകരുടെ ക്ലസ്റ്റര്‍ യോഗങ്ങള്‍ നടക്കുന്ന സ്കൂളുകള്‍ക്ക് മുന്നില്‍ സംസ്ഥാനമാകെ യൂത്ത് ലീഗുകാര്‍ പാഠ പുസ്തകം പിന്‍വലിക്കണ മെന്നാവശ്യപ്പെട്ട് ഇന്ന് ( ജൂലായ് 19, ശനി) പ്രതിഷേധ സമരം നടത്തിയിരുന്നു. മലപ്പുറം ജില്ലയില്‍ ഈ പ്രതിഷേധം അക്രമാസക്ത മാവുകയും ക്ലസ്റ്ററില്‍ പങ്കെടുക്കാ നെത്തിയ മലപ്പുറം വാലില്ലാപ്പുഴ സ്കൂളിലെ പ്രധാനാ ധ്യാപകനായ ജെയിംസ് അഗസ്റ്റിന്‍ മര്‍ദ്ദനത്തിന് ഇരയാവുകയും ആശുപത്രി യിലേക്ക് എത്തിക്കുന്ന തിനിടയില്‍ മരിക്കുകയും ചെയ്തു. പാഠ പുസ്തകത്തിന്റെ പേരില്‍ തുടര്‍ച്ചയായി നടന്നു വരുന്ന അക്രമങ്ങളാണ് ഒരധ്യാപകന്റെ മരണത്തില്‍ കലാശിച്ചിരിക്കുന്നത്.
ഇന്നലെയും പല ക്ലസ്റ്റര്‍ യോഗങ്ങള്‍ക്കു നേരെയും അക്രമം നടന്നു. കഴിഞ്ഞ മാസം നടന്ന ക്ലസ്റ്റര്‍ യോഗത്തിലും പ്രതിഷേധക്കാര്‍ കടന്നു കയറി അക്രമങ്ങള്‍ നടത്തിയിരുന്നു. എങ്കിലും ഒരാളുടെ ജീവനെടുക്കും വരെ ഈ കളി തുടരുമെന്ന് ആരും കരുതിയതേ ഇല്ല. പല അക്രമികളും പാഠപുസ്തകം വായിച്ചു നോക്കുക പോലും ചെയ്യാതെയാണ് ഇത്തരം അക്രമ സമരങ്ങളില്‍ ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നത്. വിവരക്കേടിന്റെ പര്യായ പദമായിരിക്കു കയാണ് യൂത്ത് ലീഗ് എന്ന സംഘടന. മതേതര ത്വത്തിന്റെ പേരു പറഞ്ഞ് മത വര്‍ഗ്ഗീയത വളര്‍ത്തുകയാണ് പാഠ പുസ്തകത്തെ അനാവശ്യമായി എതിര്‍ക്കുന്നതിലൂടെ പല സംഘടനകളും ചെയ്തു കൊണ്ടിരിക്കുന്നത്. പാഠ പുസ്തക പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇമ്മാതിരിയുള്ള രക്ത ദാഹികളായ ജാതി മത സംഘടനകള്‍ക്കും അവരുടെ പിണിയാളുകള്‍ക്കും മുന്നില്‍ മുട്ടു മടക്കരുത്. പാഠപുസ്തകത്തില്‍ നിന്ന് ഒരു വരി പോലും മാറ്റരുത്. മതങ്ങള്‍ക്കും ജാതികള്‍ക്കും അടിയറ വെക്കാത്ത മനസ്സാക്ഷിയുള്ള എല്ലാ മനുഷ്യരും ഈ അക്രമത്തില്‍ പ്രതിഷേധിക്കുക. - വിഷ്ണു പ്രസാദ് Labels: vishnuprasad 3 Comments:
Links to this post: |
14 July 2008
കോണ്‍ഗ്രസുകാരോട് വിനയപൂര്‍വ്വം
- ജോസഫ് പുലിക്കുന്നേല്‍ (Editor, Osana Weekly)
ക്രൈസ്‌തവ വിദ്യാലയ മാനേജ് മെന്റുകള്‍ തന്ത്ര പൂര്‍വം ആരംഭിച്ച പാഠ പുസ്‌തക വിവാദം കോണ്‍ഗ്രസ് ഏറ്റെടുത്തതില്‍, ഒരു പഴയ കോണ്‍ഗ്രസു കാരനെന്ന നിലയില്‍ എനിക്ക് അത്ഭുതവും സങ്കടവും തോന്നി. ഇന്ത്യ ലക്ഷ്യമാക്കുന്ന മതേതരത്വ ദര്‍ശനവും ന്യൂന പക്ഷാ വകാശ സംരക്ഷണ വുമെല്ലാം കോണ്‍ഗ്രസിന്റെ സമുന്നതരായ നേതാക്കന്മാരുടെ ചിന്താ സന്താനങ്ങ ളായിരുന്നു. മതേതരത്വത്തെ അതിന്റെ പൂര്‍ണാ ര്‍ത്ഥത്തില്‍ സമൂഹത്തില്‍ നില നിര്‍ത്തുന്നതിലും ന്യൂന പക്ഷങ്ങളുടെ വിദ്യാഭ്യാസാ വകാശം യഥാര്‍ത്ഥ അവകാശികളായ ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് ലഭിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാനും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് രാഷ്‌ട്രീയമായ കടമയുണ്ട്. കോണ്‍ഗ്രസും വിദ്യാഭ്യാസരംഗവും: ഞാന്‍ ചരിത്രത്തി ലേയ്‌ക്ക് ഒന്നു തിരിഞ്ഞു നോക്കട്ടെ. സര്‍ സി.പി. രാമസ്വാമി അയ്യരുടെ കാലത്താണ് ആദ്യമായി പ്രൈമറി വിദ്യാഭ്യാസം സ്റ്റേറ്റിന്റെ കടമയെന്ന നിലയില്‍ ഗവണ്മെന്റ് ഏറ്റെടുക്കണമെന്നും അദ്ധ്യാപകര്‍ക്ക് സര്‍ക്കാര്‍ ശമ്പളം കൊടുക്കണ മെന്നുമുള്ള നയം ആവിഷ്‌ക്കരിച്ചത്. സര്‍ സി പിയുടെ രാഷ്‌ട്രീയ നയങ്ങളെ എതിര്‍ത്തിരുന്ന കോണ്‍ഗ്രസിലെ എന്‍ ശ്രീകണ്‌ഠന്‍ നായരെപ്പോലുള്ള ഉല്‍പ തിഷ്‌ണുക്കള്‍ സി പി യുടെ വിദ്യാഭ്യാസ നയത്തെ അന്ന് അനുകൂലിച്ചു. അന്ന് സ്റ്റേറ്റ് കോണ്‍ഗ്രസ് നേതാവായിരുന്ന പട്ടം താണു പിള്ള വരെ ഈ നയത്തെ അനുകൂലിച്ചു. എന്നാല്‍ അന്ന് രാഷ്‌ട്രീയ കാരണങ്ങളാല്‍ വിദ്യാലയ മാനേജ്‌മെന്റുകളുടെ സമരത്തെ അനുകൂലിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായി. സി. പി. യുടെ വിദ്യാഭ്യാസ നയം ശരിയാണെന്നും എന്നാല്‍ അത് നടപ്പിലാക്കേണ്ടത് ഒരു ജനാധിപത്യ ഗവണ്മെന്റാണെ ന്നുമായിരുന്നു അന്ന് കോണ്‍ഗ്രസിന്റെ നിലപാട്. ഇന്ത്യയ്‌ക്കു സ്വാതന്ത്ര്യം കിട്ടുകയും തിരു-കൊച്ചി സംയോജിച്ചൊരു സംസ്ഥാനമായി ത്തീരുകയും ചെയ്‌തപ്പോള്‍ അധികാരത്തിലിരുന്ന കോണ്‍ഗ്രസ് ഗവണ്മെന്റ് 1952-ല്‍ വിദ്യാഭ്യാസ പരിഷ്‌കരണ ത്തിനായി പനമ്പള്ളി പദ്ധതി ആവിഷ്‌കരിച്ചു. ഇതിനെ അന്ന് മാനേജ് മെന്റുകള്‍ ശക്തമായി എതിര്‍ത്തു. 1958-ലെ വിദ്യാഭ്യാസ ബില്ലിനെയും ക്രൈസ്‌തവ മാനേജ് മെന്റുകള്‍ മുച്ചൂടും എതിര്‍ത്തു. രാഷ്‌ട്രീയമായ കാരണങ്ങളാല്‍ അന്ന് മാനേജ് മെന്റിന്റെ അവകാശ വാദങ്ങളെ അനുകൂലിക്കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമായി. അന്നു മുതല്‍ ഇന്നു വരെ ഒരു ഗവണ്മെന്റും - കോണ്‍ഗ്രസായാലും കമ്മ്യൂണിസ്റ്റായാലും - പുരോഹിതരുടെ വിദ്യാലയ സാമ്രാജ്യത്തെ നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടു വരുന്നതിനെ ഈ കുത്തകകള്‍ ശക്തമായി എതിര്‍ത്തു. 1972-ല്‍ കോണ്‍ഗ്രസ് ഗവണ്മെന്റ് യൂണിവേഴ്‌സിറ്റി ബില്‍ അവതരിപ്പിച്ചപ്പോഴും സംഘടിത സഭാധികാരം അതിനെ എതിര്‍ക്കുകയുണ്ടായി. ഉമ്മന്‍ ചാണ്ടിയും എ കെ ആന്റണിയും സ്വാശ്രയ വിദ്യാഭ്യാസത്തെ നിയന്ത്രിക്കുന്നതിന് ബില്ല് കൊണ്ടു വന്നപ്പോള്‍ ഈ വിദ്യാഭ്യാസ കച്ചവടക്കാര്‍ ശക്തമായി എതിര്‍ത്തു എന്ന് ഓര്‍ക്കുക. പൗരന്മാരുടെ ചിന്താ സ്വാതന്ത്ര്യം സംരക്ഷിക്കുമെങ്കില്‍ മാത്രമേ ഒരു ജനാധിപത്യ വ്യവസ്ഥിതിക്ക് സുഗമമായി പ്രവര്‍ത്തിക്കാനാവൂ എന്ന് കോണ്‍ഗ്രസ് കണ്ടു. കേന്ദ്രീകൃതമായ സാമ്പത്തിക ശക്തി നില നിന്നാല്‍ പൗര സ്വാതന്ത്ര്യത്തിന്റെ ലംഘന മാകുമെന്ന് കോണ്‍ഗ്രസ് നേതാക്കന്മാ ര്‍ക്കറിയാ മായിരുന്നു. അങ്ങനെയാണ് നാട്ടു രാജാക്കന്മാര്‍ക്കും ജന്മി സമ്പ്രദായത്തിനു മെതിരെ കോണ്‍ഗ്രസ് നീങ്ങിയത്. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയെ നിയന്ത്രിക്കുന്ന ബാങ്കുകളെയും ഇന്‍ഷുറന്‍സ് കമ്പനികളെയും ദേശസാ ല്‍ക്കരിച്ചു കൊണ്ട് കോണ്‍ഗ്രസ് സാമ്പത്തിക കേന്ദ്രീകരണത്തിന് തടയിടുകയുണ്ടായി. കേരളത്തിലെ 60 ശതമാനത്തോളം വിദ്യാലയങ്ങളുടെ മാനേജ്‌മെന്റ് ക്രൈസ്‌തവ മതാധികാരിക ളുടേതാണ്. ഇന്ന് വിദ്യാഭ്യാസ രംഗം വമ്പിച്ച കച്ചവട മേഖലയായി മാറി ക്കഴിഞ്ഞു എന്ന് അറിയാത്ത കോണ്‍ഗ്രസുകാരില്ല. ഇതിനെതിരെ ചെറു വിരലനക്കിയാല്‍ അതിന് തടയിടുന്നതിന് പണം വാരിയെറിഞ്ഞ് സമരങ്ങള്‍ നടത്താന്‍ സഭാധികാരത്തിന് കഴിയും. പുരോഗമന പരമായ എല്ലാ രാഷ്‌ട്രീയ ചിന്തകളെയും വിശകലനങ്ങളെയും നിയമ നിര്‍മ്മാണത്തെയും മുഷ്‌ടി ബലംകൊണ്ട് നേരിടാന്‍ മാത്രം ഇന്നത്തെ വിദ്യാഭ്യാസ കച്ചവടക്കാര്‍ ശക്തരായി ക്കഴിഞ്ഞു. ഇന്ത്യയുടെ ദേശീയ ലക്ഷ്യങ്ങളായ മതേതരത്വ വീക്ഷണത്തെ നില നിര്‍ത്തുകയും പരി പോഷിപ്പി ക്കുകയും ചെയ്യണ മെങ്കില്‍ അതിനുള്ള പശ്ചാത്തല മൊരുക്കേണ്ടത് വിദ്യാലയങ്ങളിലാണ്. ഭരണ ഘടന 25, 26 വകുപ്പുകളില്‍ മത സ്വാതന്ത്ര്യം എല്ലാ മതങ്ങള്‍ക്കും നല്‍കുന്നു. 1972-ലെ യൂണിവേ ഴ്‌സിറ്റി ബില്‍ പ്രക്ഷോഭണ കാലത്ത് കെ എസ് യു ക്കാരും യൂത്ത് കോണ്‍ഗ്രസുകാരും വിളിച്ചു പറഞ്ഞ മുദ്രാവാക്യം കേട്ടത് അഭിമാനത്തോടെ ഞാന്‍ ഓര്‍ക്കുന്നു. ക്രൈസ്‌തവ രക്തം ഞങ്ങളിലില്ല, ഹൈന്ദവ രക്തം ഞങ്ങളിലില്ല; മുസ്ലീം രക്തം ഞങ്ങളിലില്ല; ഞങ്ങളിലുള്ളത് മാനവ രക്തം.? കോണ്‍ഗ്രസിന്റെ പുത്തന്‍ തലമുറ ഒരു പുത്തന്‍ രാഷ്‌ട്രീയ പരിതോവസ്ഥ സൃഷ്‌ടിക്കു ന്നതിനുള്ള കുഴലൂത്തായാണ് അന്ന് അതിനെ എന്നെ പ്പോലെയുള്ളവര്‍ കണ്ടത്. കെ എസ് യു വിനും യൂത്ത് കോണ്‍ഗ്രസിനും ജന്മം കൊടുത്തു നയിച്ച കോണ്‍ഗ്രസ് യുവാക്കന്മാര്‍ മതേതര ത്വത്തിന്റെ വക്താക്കളായി മാറി. എം എ ജോണും, എ കെ ആന്റണിയും വയലാര്‍ രവിയുമെല്ലാം മത നിരപേക്ഷ മായി വിവാഹം ചെയ്‌തു. വഴി വിട്ടുള്ള ഈ യാത്ര മതേതര ത്വത്തിന്റെ ശക്തമായ സന്ദേശമാണ് യുവ ജനങ്ങള്‍ക്ക് നല്‌കിയത്. ഇവരെ രാഷ്‌ട്രീയമായി മുച്ചൂടും നശിപ്പി ക്കുന്നതിന് കത്തോലിക്കാ സഭാധികാരികള്‍ പരിശ്രമിച്ചതും ഓര്‍ക്കുന്നു. പക്ഷേ കേരളത്തിലെ ജനങ്ങളുടെ അന്തര്‍ ദാഹമായിരുന്ന മതേതര സമൂഹ സൃഷ്‌ടിക്ക് നേതൃത്വം നല്‍കിയ ഇവരില്‍ ചിലര്‍ക്കെങ്കിലും ഇന്ന് ഇന്ത്യയുടെ ഭരണചക്രം കൈയിലെടുക്കാന്‍ അവസരം ലഭിച്ചു. ഒരു കാലത്ത് പള്ളിയുടെ വക്താക്കളായി കോണ്‍ഗ്രസില്‍ പ്രവേശിച്ചവര്‍ പുത്തന്‍ നേതൃത്വത്തിന്റെ വരവോടെ കോണ്‍ഗ്രസില്‍ നിന്നും പുറംതള്ളപ്പെട്ടു. അങ്ങനെ കോണ്‍ഗ്രസ് വീണ്ടും കേരള രാഷ്‌ട്രീയത്തില്‍ ശക്തമായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ കോണ്‍ഗ്രസിന്റെ എതിര്‍ രാഷ്‌ട്രീയ പാര്‍ട്ടിയാണ്. അതു പോലെ തന്നെ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്‌ട്രീയ എതിരാളിയാണ്. പക്ഷേ ജന നന്മകരമായ നയങ്ങളും നിയമങ്ങളും കോണ്‍ഗ്രസ് ആവിഷ്‌കരി ച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്‍ കാലങ്ങളില്‍ പിന്തുണ നല്‌കിയിട്ടുണ്ട്. ജമീന്താരി നിര്‍മ്മാര്‍ജ്ജനം, ബാങ്കുകളുടെയും ഇന്‍ഷുറന്‍സിന്റെയും ദേശ സാല്‍ക്കരണം മുതലായ നിയമങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്തുണ നല്‌കി എന്നോര്‍ക്കുക. കഴിഞ്ഞ 50 കൊല്ല ക്കാലമായി കേരളത്തില്‍ രാഷ്‌ട്രീയ അസ്ഥിരത വിതയ്‌ക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികളെ കാലാ കാലങ്ങളായി കടമെടുക്കുന്ന ഒരു വന്‍ ശക്തിയായി പള്ളി അധികാരികള്‍ മാറിയിരി ക്കുകയാണ്. എല്ലാ സാമൂഹ്യ നീതിക്കും വിരുദ്ധമായി നില കൊള്ളുന്ന ഈ വിദ്യാലയ സെമിന്താരീ വ്യവസ്ഥയ്‌ക്ക് കടിഞ്ഞാണിടാന്‍ പുരോഗമന വാദികളായ കോണ്‍ഗ്രസുകാരും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയും തയ്യാറാവേണ്ടതല്ലേ? കെ എസ് യു ക്കാരും യൂത്ത് കോണ്‍ ഗ്രസ്‌കാരും മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്. ഇവിടുത്തെ ക്രൈസ്‌തവര്‍ക്ക് ഈ വിദ്യാലയങ്ങളുടെ നടത്തിപ്പില്‍ യാതൊരു പങ്കാളിത്തവുമില്ല. മാത്രമല്ല, കാനോന്‍ നിയമത്തിലൂടെ കേരളത്തിലെ എല്ലാ പള്ളികളും സ്ഥാപനങ്ങളും മെത്രാന്മാര്‍ സ്വന്തമാക്കി യിരിക്കുകയുമാണ്. അവരിന്ന് യഥാര്‍ത്ഥത്തില്‍ നാട്ടു രാജാക്കന്മാരെ പ്പോലെ സഭയുടെ സ്ഥാപനങ്ങളെയും സമ്പത്തിനെയും ഭരിക്കുന്നു. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ക്രൈസ്‌തവ മത പുരോഹിതരാണ്. പട്ടണങ്ങളിലും ഗ്രാമാന്തരങ്ങളിലും കൊമേഴ്‌സ്യല്‍ കോംപ്ലക്‌സുകള്‍ വരെ പണിതും അണ്‍ എയ്‌ഡഡ് സ്‌കൂളുകള്‍ സ്ഥാപിച്ചും ഒരു പുതിയ അരാഷ്‌ട്രീയ സമ്പന്ന വര്‍ഗ്ഗത്തെ ഇവര്‍ സൃഷ്‌ടിക്കുകയാണ്. ഇതറിയുന്നവരാണ് ഈ തലമുറയിലെ യുവാക്കള്‍ എന്നു ഞാന്‍ മനസ്സിലാക്കുന്നു. ആ യുവാക്കളെ ദേശീയ വികാരത്തിലേക്ക് കൊണ്ടു വന്ന് വര്‍ഗ്ഗീയതയുടെ വേരറുക്കാനും മത പുരോഹിതരില്‍ കേന്ദ്രീകൃതമായ വിദ്യാഭ്യാസ രംഗത്തെ രക്ഷിക്കാനും കോണ്‍ഗ്രസ് തയാറാകേണ്ടതല്ലേ? വിവാദ പാഠ പുസ്‌തകത്തിലെ വിവാദ ഭാഗങ്ങള്‍ ഞാന്‍ വായിച്ചു. മത വിരുദ്ധമായ ഒറ്റ വാചകം പോലും അതില്‍ കണ്ടില്ല. പക്ഷേ ഒരു പുത്തന്‍ സമൂഹത്തിന്റെ സൃഷ്‌ടിക്കു വേണ്ടി തലമുറകളെ ബോധവല്‍ക്കരിക്കാന്‍ അത് ഉതകും. പക്ഷേ നമ്മുടെ ഈ സമൂഹത്തില്‍ മതേതരത്വ ത്തിന്റെ നില നില്‍പാണ് രാഷ്‌ട്ര ലക്ഷ്യം. ഇത് മനസ്സിലാക്കി കോണ്‍ഗ്രസിലെ യുവ ജനങ്ങള്‍ പ്രവര്‍ത്തിക്കു ന്നില്ലെങ്കില്‍ ഉണര്‍ന്നും ഉയര്‍ന്നും ചിന്തിക്കുന്ന യുവാക്കന്മാര്‍ക്ക് കോണ്‍ഗ്രസ് ഒരു ആകര്‍ഷണ കേന്ദ്രമല്ലാ തെയാകും. കോണ്‍ഗ്രസ് ഇന്ത്യയിലെ ഏറ്റവും വലിയ മതേതര രാഷ്‌ട്രീയ കക്ഷിയാണ്. മതേതര വ്യവസ്ഥയെ തകിടം മറിക്കുന്ന സാമൂഹ്യ ശക്തികള്‍ക്ക് ബലം കൊടുത്തു കൊണ്ട് ഇത്തരം സമരത്തെ സഹായിക്കുന്നത് ?? മുതലയ്‌ക്ക് തീറ്റി കൊടുത്ത് ശക്തി പകരുന്നതു പോലെ അപകടകര മാണെന്ന് ഓര്‍ത്താല്‍ നന്ന്. അയച്ചു തന്നത്: നാരായണന്‍ വെളിയന്‍കോട് Labels: joseph-pulikunnel |
04 July 2008
റിയാലിറ്റി ഷോ ക്രൂരതയ്ക്ക് കുട്ടികളെ മാതാപിതാക്കള്‍ വിട്ട് കൊടുക്കരുത്
ഇത് പറഞ്ഞത് കേന്ദ്ര മന്ത്രി രേണുകയാണ്. ഒരു റിയാലിറ്റി ഷോ ജഡ്ജിയുടെ കമെന്റ് കേട്ട് തളര്‍ന്ന് വീണ ഷിന്‍ജിനി എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ നട്ടെല്ലിന് ചികിത്സയിലായിരുന്നിട്ടും മാതാപിതാക്കള്‍ നൃത്ത പരിപാടിയില്‍ പങ്കെടുപ്പിച്ചത് ശരിയായില്ല. സ്ത്രീകളെ മാന്യമല്ലാതെ മാധ്യമങ്ങളില്‍ ചിത്രീകരിയ്ക്കുന്നതിന് എതിരെ ഉള്ള നിയമത്തെ പറ്റി ഒരു ചര്‍ച്ചയില്‍ പങ്കെടുക്കവെ ആണ് മന്ത്രി ഇത് പറഞ്ഞത്. ഒരു ടിവി ചാനലില്‍ ഒരു കൊച്ചു പെണ്‍കുട്ടി ഒരു അശ്ലീല ഗാനത്തിനൊപ്പം തികച്ചും അശ്ലീലമായി ചുവടു വെയ്ക്കുന്നത് കാണാനിടയായി. ഇത്തരം മാതാപിതാക്കളോട് എന്ത് പറയാനാണ്? പലപ്പോഴും പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ തന്നെയാണ് സമൂഹത്തില്‍ സ്ത്രീകള്‍ ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ക്ക് കാരണം. ഇത് സ്ത്രീകള്‍ക്ക് ശരിയായ ബോധവല്‍ക്കരണത്തിന്റെ അഭാവം മൂലമാണെന്നും താന്‍ കരുതുന്നു എന്ന്‍ മന്ത്രി പറയുന്നു.
ബാംഗളൂരിലെ നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷിന്‍ജിനി സെന്‍ഗുപ്ത എന്ന പതിനാറുകാരി ബംഗാളി ടെലിവിഷന്‍ ചാനലായ ഇ ടിവി യിലെ ധൂം മചാ ലേ ധൂം എന്ന നൃത്ത പരിപാടിയില്‍ പങ്കെടുത്തതായിരുന്നു. നൃത്തത്തെ തുടര്‍ന്ന് ജഡ്ജിമാര്‍ നടത്തിയ ക്രൂരമായ പരിഹാസം സഹിയ്ക്കാനാവതെയാണ് ഈ കൊച്ചു പെണ്‍കുട്ടി കുഴഞ്ഞു വീണത്. മെയ് 19 നായിരുന്നു സംഭവത്തിന് ആസ്പദമായ ഷൂട്ടിങ് നടന്നത്. മത്സരത്തില്‍ നിന്നും എലിമിനേറ്റ് ചെയ്യപ്പെട്ട ഷിന്‍ജിനിയെ പരസ്യമായി പരിഹസിച്ച ജഡ്ജിമാരുടെ മുന്നില്‍ കരയാതെ പിടിച്ചു നിന്ന പെണ്‍കുട്ടി പക്ഷെ കടുത്ത വിഷാദത്തിന് അടിമപ്പെടുകയായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തനിയ്ക്ക് ഉറക്കെ വാവിട്ട് കരയണമെന്നാണ് തോന്നിയത് എന്ന് ഷിന്‍ജിനി സ്റ്റേജില്‍ നിന്നും ഇറങ്ങി അമ്മയോട് പറഞ്ഞ ഉടന്‍ കുഴഞ്ഞു വീണു. ജൂണ്‍ 11ന് നില വഷളായതിനെ തുടര്‍ന്ന് ഷിന്‍ജിനിയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രി അധികൃതര്‍ കൂടുതല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ കല്‍ക്കട്ട മെഡിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് അയച്ചു. അഞ്ചു ദിവസം ഇവിടെ ചികിത്സയില്‍ കഴിഞ്ഞെങ്കിലും നിലയില്‍ വലിയ മാറ്റമില്ലാതെ തുടര്‍ന്നു. കടുത്ത മാനസിക ആഘാതത്തെ തുടര്‍ന്ന് ഗുരുതരവും സങ്കീര്‍ണ്ണവുമായ മാനസിക തകരാറ് സംഭവിച്ചിട്ടുണ്ട് എന്നാണ് വിദഗ്ദ്ധരുടെ നിഗമനം. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സക്കായി ഷിന്‍ജിനിയെ ബാംഗ്ലൂരിലെ നിംഹാന്‍സില്‍ പ്രവേശിപ്പിച്ചു. സംസാര ശേഷി നഷ്ടപ്പെട്ട ഷിന്‍ജിനി തനിയ്ക്ക് അത്യാവശ്യമായ കാര്യങ്ങള്‍ കടലാസില്‍ എഴുതിയാണ് അമ്മയോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചലന ശേഷിയും നഷ്ടപ്പെട്ട് കിടയ്ക്കുകയാണ് തന്റെ മകള്‍ എന്ന് അമ്മ സിബാനി സെന്‍ ഗുപ്ത പറയുന്നു. ഷിന്‍ജിനി ഇതാദ്യമായ് അല്ല ഇങ്ങനെ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുന്നത്. ടെലിവിഷന്‍ സീരിയലുകളിലും മറ്റും അഭിനയിച്ചിട്ടുള്ള ഷിന്‍ ജിനി ഓഗസ്റ്റില്‍ റിലീസ് ചെയ്യുന്ന ഒരു ബംഗാളി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം ഒരു തിക്താനുഭവം ആദ്യമായാണ് നേരിടേണ്ടി വന്നത് എന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു. നിംഹാന്‍സിലെ ചികിത്സയ്ക്ക് ഫലം കണ്ട് തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച ചെറിയ തോതില്‍ ആശുപത്രി മുറിയില്‍ ഒരാളുടെ സഹായത്തോടെ അല്‍പ്പം നടക്കുവാനും കഴിഞ്ഞു എന്ന് ബന്ധുക്കള്‍ പറഞ്ഞു. അഞ്ച് ശതമാനം നില മേച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. സാധാരണ ഭക്ഷണം കഴിച്ച് തുടങ്ങിയ ഷിന്‍ജിനി പൂര്‍ണ്ണമായി സുഖപ്പെടുവാന്‍ കുറേയേറെ നാള്‍ വേണ്ടി വരും എന്നാണ് നിഗമനം. ഇതിനിടെ റിയാലിറ്റി ഷോ ജഡ്ജി ഷിന്‍ജിനിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയുണ്ടായി. ആശുപത്രി ചിലവുകള്‍ മുഴുവനായി റിയാലിറ്റി ഷോ നിര്‍മ്മാതാവ് വഹിയ്ക്കുമെന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ അറിയിച്ചു. ഷിന്‍ജിനി നേരത്തേ നട്ടെല്ലിനുണ്ടായ അസ്വസ്ഥതയ്ക്ക് ചികിത്സയില്‍ ആയിരുന്നു എന്നും ഇവര്‍ ആരോപിക്കുന്നു. ഹൈദരാബാദില്‍ നട്ടെല്ലിന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഷിന്‍ജിനിക്ക് കൂടുതല്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാവാതെ നോക്കണം എന്ന് അന്ന് പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നതാണ്. സീരിയല്‍, സിനിമാ അഭിനയത്തില്‍ നിന്നും ടിവി ഷോകളില്‍ നിന്നുമെല്ലാം വിട്ട് നില്‍ക്കണം എന്നും ഉപദേശിച്ചിരുന്നു. എന്നാല്‍ ഇതൊന്നും വക വെയ്ക്കാതെ തങ്ങളുടെ മകളെ ഇവര്‍ റിയാലിറ്റി ഷോയില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുകയായിരുന്നു. റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്നവര്‍ സ്റ്റേജില്‍ വെച്ചുണ്ടാകാവുന്ന ഏത് സാഹചര്യങ്ങളും നേരിടാന്‍ തയ്യാറായി തന്നെ വരുന്നതാണ്. അതാണ് റിയാലിറ്റി ഷോകളുടെ സവിശേഷതയും. ഇത് ആരുടേയും ഭാവി രൂപപ്പെടുത്തുവാനോ ആരേയും സിനിമാ താരമാക്കുവാനോ വേണ്ടി സംഘടിപ്പിക്കുന്നതല്ല. സൌമ്യമായ പെരുമാറ്റവും മറ്റും ഇവിടെ പ്രതീക്ഷിക്കരുത്. ഇത്തരം മാനസിക സമ്മര്‍ദ്ദം നേരിടാന്‍ കഴിയാത്തവര്‍ ഇതില്‍ പങ്കെടുക്കുകയും അരുത്. പരുഷമായ ജഡ്ജ്മെന്റും പരിഹാസം കലര്‍ന്ന കമന്റുകളും ആണ് ഇത്തരം റിയാലിറ്റി ഷോകളുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നത്. ഏത്ര കൂടുതല്‍ പരിഹാസമാവാമോ അത്രയും കൂടുതല്‍ റേറ്റിങ് വര്‍ദ്ധനവാണ് ചാനലുകള്‍ രേഖപ്പെടുത്തപ്പെടുന്നത്. ഇതിനാല്‍ നിര്‍മ്മാതാക്കളും ചാനലുകളും ഈ പ്രവണതയെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുന്നു. - ഗീതു
Labels: geethu 3 Comments:
Links to this post: |
"കോപ്പിയടിപ്പിച്ച് " വിജയ ശതമാനം കൂട്ടി വിദ്യാഭ്യാസത്തെ വില്‍ക്കുന്നവര്‍
(ഗള്‍ഫിലെ ഒരു പഠിതാവിന്റെ അനുഭവം)
വര്‍ഷങ്ങള്‍ക്കു മുന്‍പ് വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിച്ച് പ്രവാസത്തിലേക്ക് കാലെടുത്തു വക്കുമ്പോള്‍ ഒട്ടും കുറ്റബോധം തോന്നിയിരുന്നില്ല. ആവശ്യത്തിലേറെ വിവരമൊക്കെയുണ്ടെന്ന മിഥ്യാ ധാരണയായിരുന്നു മനസ്സില്‍ ഉണ്ടായിരുന്നത്. വര്‍ഷങ്ങള്‍ കടന്നു പോയപ്പോഴാണ് സ്വന്തം അജ്ഞത അപകര്‍ഷതാ ബോധത്തിന്റെ രൂപത്തില്‍ വേട്ടയാടാന്‍ തുടങ്ങിയത്. അന്വേഷണങ്ങള്‍ക്ക് ഒടുവിലാണ് അബുദാബിയില്‍ ഉള്ള ഒരു ഡിസ്റ്റന്റ് എജ്യുക്കേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ കുറിച്ച് അറിഞ്ഞത്. ഒന്നും പേടിക്കേണ്ട എല്ലാം ശരിയാക്കാം. ആയിരത്തി എണ്ണൂറ്റി അമ്പത് ദിര്‍ഹം അടച്ചോളൂ. ആയിരത്തഞ്ഞൂറ് നാട്ടിലെ രെജിസ്റ്റ്രേഷന്‍ മാറ്റി SDE ആക്കിക്കുന്നതിനും, മുന്നൂറ്റമ്പത് സ്റ്റഡി മെറ്റീരിയല്‍ വരുത്തി ത്തരുന്നതിനും. എല്ലാ അറേഞ്ച്മെന്റും ചെയ്തു തരും. വിജയത്തെ ക്കുറിച്ച് ഒരുത്ക്കണ്ഠയും വേണ്ട. പറഞ്ഞ കാശ് അടച്ചു. മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും അറിയിപ്പു വന്നു. പരീക്ഷക്കുള്ള രെജിസ്റ്റ്രേഷന്‍ ഫീസ് വേറെ ആയിരത്തഞ്ഞൂറ് വേണം. അതും അടച്ചു. പിന്നീട് മുന്നൂറ്റമ്പത് രൂപ പരീക്ഷാ ഫീസ് വേറെ. ഇങ്ങനെ മൂന്ന് വര്‍ഷത്തോളമായി അയ്യായിരത്തോളം ദിര്‍ഹം അടച്ചു. ലീവ് പ്രശ്നമായതിനാല്‍ ഒന്നും രണ്ടും വര്‍ഷം പരീക്ഷ എഴുതാനായില്ല. മൂന്നാം വര്‍ഷമായിട്ടും, “എല്ലാ സഹായവും” വാക്കു തന്ന് കാശു വാങ്ങിയവര്‍ സ്റ്റഡി മെറ്റീരിയല്‍ ഒന്നും തന്നിരുന്നും ഇല്ല. മൂന്നു വര്‍ഷമായി "സര്‍വീസ് ചാര്‍ജ്" മാത്രം 1150 dh വാങ്ങിയവരാണ് എന്നോര്‍ക്കണം. അതിനിടയില്‍ നാട്ടിലേക്ക് മെയില്‍ അയച്ച് സിലബസ് മനസ്സിലാക്കിയിരുന്നു. പല തവണ ഈ ഇന്‍സ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെട്ടപ്പോഴും, ഫീസിന്റെ വിവരങ്ങളല്ലാതെ യാതൊരു കോഴ്സിന്റേയും സിലബസ്സിനെ പ്പറ്റി പ്രിന്‍സിപ്പാള്‍ അടക്കമുള്ള ആര്‍ക്കും ഒരു വിവരവും ഇല്ലായിരുന്നു. അപ്പോഴാണ് അതൊരു സരസ്വതീ ക്ഷേത്രമല്ല, കച്ചവട സ്ഥാപനം മാത്രമാണെന്ന് എനിക്ക് മനസ്സിലായത്. വാങ്ങിയ സര്‍വീസ് ചാര്‍ജിനെ ക്കുറിച്ച് ചോദ്യം ചെയ്തപ്പോള്‍ രണ്ട് ദിവസത്തിനകം എത്തിക്കാം എന്നായിരുന്നു മറുപടി. രണ്ട് ദിവസത്തിനകം എന്നെ ത്തേടിയെത്തിയ കൊറിയര്‍ പാക്ക് തുറന്ന ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി. കാരണം അതെല്ലാം 2004-2007 സിലബസ് അനുസരിച്ചുള്ളതായിരുന്നു. 2005-2008 സിലബസ് മാറിയിരുന്നു. വിളിച്ചു ചോദിച്ചപ്പോള്‍ "ഉവ്വോ?" എന്ന ആശ്ചര്യാ തികേത്തോടെ യുള്ള മറുപടിയായിരുന്നു മറുപടി. പിറ്റേന്നു മുതല്‍ എന്നെ പലരും വിളിക്കാന്‍ തുടങ്ങി. അവിടെ രെജിസ്റ്റെര്‍ ചെയ്ത മറ്റു ഹതഭാഗ്യരായിരുന്നു അത്. ഇതു പോലെ വിളിക്കുമ്പോള്‍ “ഈ നമ്പറില്‍ വിളിച്ച് ചോദിച്ചാല്‍ എല്ലാ വിവരവും അറിയാം” എന്നു പറഞ്ഞ് ഈ സ്ഥാപനത്തിലുള്ളവര്‍ എന്റെ നമ്പര്‍ കൊടുത്തതായിരുന്നു. യൂണിവേഴ്സിറ്റി അധികൃതര്‍ ചതിച്ചതാണ്. അവര്‍ വിവരമൊന്നും തന്നില്ല എന്നായിരുന്നു ഇവരുടെ വാദം. ഇതിനിടയില്‍ ഒന്നാം വര്‍ഷത്തെ ചില പുസ്തകങ്ങള്‍ ശരിയായി എനിക്കെത്തിച്ചു തരികയും ചെയ്തു. ഇതിനിടയില്‍ ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഡിസ്റ്റന്റ് എജ്യുക്കേഷന്‍ സ്ഥാപനത്തെ പ്പറ്റി എനിക്കു വിവരം ലഭിച്ചു. അവിടെ രെജിസ്റ്റെര്‍ ചെയ്ത ചിലരെ പരിചയപ്പെടുകയും ചെയ്തു. അവര്‍ക്കെല്ലാം ഇന്‍സ്റ്റിറ്റ്യൂട്ടുകാര്‍ കൃത്യ സമയത്ത് സിലബസ്സും, സ്റ്റഡി മെറ്റീരിയലും കൊടുത്തിരുന്നു. അപ്പോള്‍ യൂണിവേഴ്സിറ്റി അധികൃതരെ എങ്ങനെ കുറ്റപ്പെടുത്താനാകും? ഒടുവില്‍ കയ്യില്‍ നിന്നും വീണ്ടും കാശുമുടക്കി നാട്ടില്‍ നിന്നും മുഴുവന്‍ പുസ്തകങ്ങളും വരുത്തി, ജോലിക്കും, വീടിനും, കുഞ്ഞുങ്ങള്‍ ക്കുമിടയില്‍ രാവു പകലാക്കി പഠിച്ചു പരീക്ഷക്കെത്തി. അബുദാബി ഇന്‍ഡ്യന്‍ മോഡല്‍ സയന്‍സ് സ്കൂള്‍ ആയിരുന്നു പരീക്ഷാ കേന്ദ്രം. ആദ്യത്തെ ഒന്നു രണ്ട് ദിവസം അവിടെയും ഇവിടെയും ഇരിക്കുന്ന പിള്ളേര്‍ മൊബൈലില്‍ ഫീഡ് ചെയ്ത ഇക്വേഷന്‍ നോക്കുന്നതും, പോക്കെറ്റിനിടയില്‍ നിന്നും തുണ്ടെടുക്കുന്നതും ശ്രദ്ധയില്‍ പ്പെട്ടിരുന്നു. അത്ര കാര്യമാക്കിയില്ല. വര്‍ഷങ്ങളായി പേന കൈ കൊണ്ട് തൊടാത്തതു കൊണ്ട് മൂന്നു മണിക്കൂര്‍ കൊണ്ട് എഴുതി ത്തീര്‍ക്കുന്ന വെപ്രാളത്തില്‍ ഞാന്‍ പരിസരം അത്ര കാര്യമായി വീക്ഷിച്ചും ഇല്ല. മൂന്നാം നാള്‍ ആണ് അതുണ്ടായത്. രണ്ടാം വര്‍ഷ സോഷ്യോളജി വിദ്യാര്‍ത്ഥിയായ മുംബൈക്കാരിയെ എക്സാമിനര്‍ കയ്യോടെ പിടികൂടി. ജീന്‍സിന്റെ ഇരു പോക്കറ്റിലുമായി റ്റെക്സ്റ്റ് ബുക് മുഴുവനായി നിറച്ചാണ് ആ കുട്ടി വന്നിരുന്നത്. പിടിക്കപ്പെട്ട ഉടനെ അവള്‍ പറഞ്ഞു “മേഡം” (പ്രിന്‍സിപ്പാള്‍) അനുമതി തന്നിട്ടാണെന്ന്. മേഡം ഓടി വന്നു അയാളോട് സംസാരിക്കുന്നത് കണ്ടു (അദ്ദേഹം പുതിയ ആളായിരിക്കണം). പിറ്റേന്ന് ഞാന്‍ കുട്ടികളൊട് സംസാരിച്ചു. മേഡം ഉദ്ദേശിക്കുന്ന സഹായം ഇതായിരിക്കണം. ഞങ്ങള്‍ അടച്ച കാശു മുടക്കി നേരത്തിനു സ്റ്റഡി മെറ്റീരിയല്‍ വരുത്തി ത്തരുന്നതല്ല. അവര്‍ പലരേയും രെജിസ്റ്റര്‍ ചെയ്യിക്കുന്നതേ ഈ സഹായം വാഗ്ദാനം ചെയ്താണത്രെ. പിറ്റേന്നു മുതല്‍ യൂണിവേഴ്സിറ്റി അധികൃതര്‍ പരീക്ഷാ ഹാളില്‍ വരാതായി. പകരം വന്നിരുന്നത് ഇവരാണ്. അന്നു ചുറ്റും നോക്കിയ എനിക്ക് ഞെട്ടിക്കുന്ന കാഴ്ചകളാണ് കാണാനായത്. പലരും പരീക്ഷ തുടങ്ങി അവസാനം വരെ ബുക്ക് നോക്കിയാണ് എഴുതുന്നത്. മേഡം അടുത്തു നിന്നിതെല്ലാം നോക്കി ക്കാണുന്നുമുണ്ട്. ഒന്നോ രണ്ടോ ഉത്തരം ചുമ്മാ കോപ്പിയടിക്കുന്നവരെ കണ്ടില്ലെന്നു വക്കാം. ഇത്? ഇതൊക്കെ തന്നെയല്ലെ എല്ലാ വര്‍ഷവും നടക്കുന്നത്? മുന്‍പ് ഞാന്‍ പരീക്ഷക്കു തയ്യാറെടുക്കുന്നു എന്നു പറഞ്ഞപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞിരുന്നു പഠിച്ചു കഷ്ടപ്പെടേണ്ട. ഇന്‍സ്റ്റിറ്റ്യൂട്ടുകാര്‍ എല്ലാം നോക്കി ക്കോളുമെന്ന്. ഒരു നിമിഷം മനസ്സിലൂടെ പല വിധ ചിന്തകള്‍ പാഞ്ഞു പോയി. ഇല്ലാതായി പ്പോയ എന്റെ (മറ്റു പല പരീക്ഷാര്‍ഥികളുടെയും) പകലിലെ സ്വകാര്യ നിമിഷങ്ങള്‍, പകലായി മാറിയ രാത്രികള്‍, നാട്ടില്‍ പ്രതികൂല സാഹചര്യങ്ങളോട് പട വെട്ടി പഠിക്കുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍, മുണ്ട് മുറുക്കി അവരെ പഠിപ്പിക്കുന്ന മാതാപിതാക്കള്‍, അവരുടെ കണ്ണുനീര്‍, സാംസ്ക്കാരികവും, മാനസികവുമായ ഉന്നമനത്തിനായുള്ള വിദ്യാഭ്യാസത്തിന്റെ ഇന്നത്തെ അധഃപതനം, ഒപ്പം ഞാന്‍ നേടാന്‍ പോകുന്ന സര്‍ട്ടിഫിക്കറ്റിനു മറ്റുള്ളവര്‍ക്കു മുന്നില്‍ എന്തു വിലയാണുള്ളത്? (കുറ്റം പറയരുതല്ലോ എന്നെയും അവര്‍ സഹായിക്കും. തൊലിക്കട്ടി മാത്രം മതി. ലിറ്ററല്‍ ആകുക എന്ന ഒരുദ്ദേശമേ ഈ പഠനം തുടരലിനു പിന്നിലുള്ളൂ എന്നു ഞാന്‍ മറുപടി പറഞ്ഞു.) ഇങ്ങനെ കാശു മാത്രം മുടക്കി ഒരു ഉദ്യോഗ ക്കയറ്റത്തിനു സഹായിക്കാന്‍ മാത്രം ഉള്ളതാണോ വിദ്യാഭ്യാസം? (ഇതെഴുതിയിരിക്കുന്ന പഠിതാവിന് ചില കാരണങ്ങളാല്‍ പേര്‍ വെളിപ്പെടുത്താനാകില്ല. ചില നിയമ തടസ്സങ്ങള്‍ കാരണം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പേരും വെളിപ്പെടുത്താനാകില്ല.) Labels: anonymous 4 Comments:
Links to this post: |
4 Comments:
ഇത് കടന്ന കൈയായിപ്പോയി.ഇങ്ങനെ പോയാല്� മലയാളത്തീലെ ആദ്യബ്ലോഗ് ആരംഭിച്ചതിന്റെ പിതൃത്വവും ഇവര്� അവകാശപ്പെടും.�
ജോ എഴുതിയ ഈ ലേഖനവും വായിക്ക്കുമല്ലോ.
http://jocalling.blogspot.com/2008/07/malayala-manorama-podcast-vs-m-pod.html
അങ്ങനെയാണെങ്കില്‍ മനോരമയെക്കാള്‍ മുന്‍പേ മലയാളം വെബ്‌സൈറ്റ് തൂടങ്ങിയാതു ഞാനാണ്.നിഷ്കളാങ്കന്‍ ഓണ്‍ലൈന്‍ ഹോം പോര്‍ട്ടല്‍. അയ്യട
http://smartthoughts.co.in/post/2008/07/29/Malayala-manorama-Podcast-and-Malayanma-podcast.aspx
Check the comments also
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്