11 June 2009
നാനോ കാര്‍ - മോഡിയുടെ ഗുജറാത്ത് മോഡല്‍ വികസനം
ന്യൂഡല്‍ഹി: നാനോ കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ടാറ്റക്ക് നല്‍കിയത് മുപ്പതിനായിരം കോടിയില്‍ അധികം രൂപയുടെ സബസിഡി. വെള്ളവും ഭൂമിയും വൈദ്യുതിയും ഗ്യാസും ഉള്‍പ്പെടെ കോടികളുടെ സൗജന്യമാണ് ടാറ്റക്ക് വേണ്ടി നരേന്ദ്ര മോഡി സര്‍ക്കാര്‍ വാരിക്കോരി നല്‍കിയതെന്ന സര്‍ക്കാരിന്റെ രഹസ്യ രേഖകള്‍ പുറത്തായി.
അറുപത് ബില്ല്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനമുള്ള ലോക കോടീശ്വരനായ ടാറ്റയുടെ വ്യവസായ സാമ്രാജ്യത്തിന് ഗുജറാത്തിലെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എല്ലാ നിയമങ്ങളും മറി കടന്നാണ് കോടികളുടെ സബ്‌സിഡി നല്‍കിയി രിക്കുന്നത്. കാര്‍ ഫാക്ടറി സ്ഥാപിക്കാന്‍ 1,100 ഏക്കര്‍ കൃഷി ഭൂമി സൗജന്യ നിരക്കിലും, 9.750 കോടി രൂപ വെറും 0.1 ശതമാനം പലിശയിലും ആണ് നരേന്ദ്ര മോഡി ടാറ്റക്ക് വേണ്ടി നല്‍കിയത്. സൗജന്യ നിരക്കില്‍ ലഭിച്ച ഭൂമിയുടെ തുകയായ 400.65 കോടിരൂപ എട്ട് തവണകളായി അടച്ചാല്‍മാത്രം മതി അതും രണ്ട് വര്‍ഷത്തെ സര്‍ക്കാര്‍ ഗ്യാരണ്ടിയില്‍. 0.1 ശതമാനം പലിശയില്‍ നല്‍കിയ കോടികള്‍ അടച്ച് തീര്‍ക്കാന്‍ ഇരുപത് വര്‍ഷത്തെ കാലാവധിയും അനുവദിച്ച് കൊണ്ടാണ് നരേന്ദ്രമോഡി ടാറ്റയെ കുടിയിരുത്തിയത്. ബംഗാളില്‍ സ്ഥാപിച്ചിരുന്ന ഫാക്ടറി ഉപകരണങ്ങളും സംവിധാനങ്ങളും ഗുജറാത്തില്‍ എത്തിക്കാന്‍ മോഡി സര്‍ക്കാര്‍ 700 കോടി ചിലവിട്ടതിനു പുറമേ, ടാറ്റയുടെ തൊഴിലാളികള്‍ക്ക് ടൗണ്‍ഷിപ്പ് നിര്‍മ്മിക്കാന്‍ 100 ഏക്കര്‍ ഭൂമിയും അഹമ്മദാബാദില്‍ ഗുജറാത്ത് സര്‍ക്കാര്‍ സൗജന്യമായി നല്‍കി. കൃഷി ഭൂമി വ്യവസായിക ആവശ്യങ്ങള്‍ക്കായി മാറ്റുന്നതിനുള്ള രജിസ്‌ട്രേഷന്‍ ഫീസില്‍നിന്ന് പൂര്‍ണ്ണമായും നാനോ ഫാക്ടറിക്ക് വേണ്ടി സര്‍ക്കാര്‍ ടാറ്റക്ക് നല്‍കിയ ഭൂമിയെ ഒഴിവാക്കി. കര്‍ഷകരില്‍ നിന്ന് വ്യവസായത്തിനായി സര്‍ക്കാര്‍ പിടിച്ചെടുത്ത ഏക്കറുകളാണ് സൗജന്യ നിരക്കില്‍ ടാറ്റക്ക് രജിസ്‌ട്രേഷന്‍ ഫീസിലാതെ നല്‍കിയത്. ഫാക്ടറിയിലേക്കുള്ള കിലോമീറ്റ റുകളോളമുള്ള റോഡ് സൗജന്യമായി നിര്‍മ്മിച്ച് നല്‍കിയ ഗുജറാത്ത് സര്‍ക്കാര്‍, പദ്ധതി പ്രദേശത്ത് എത്തിച്ച 200 കെ വി എ വൈദ്യതി വിതരണത്തെ പൂര്‍ണ്ണമായി നികുതി വിമുക്തമാക്കി. ഫാക്ടറിയിലേക്ക് പ്രകൃതി വാകതകം എത്തിക്കാന്‍ സര്‍ക്കാര്‍ ചിലവില്‍ പൈപ്പ് ലൈന്‍ വലിച്ചു. കൂടാതെ 14,000 ക്യുബിക്ക് മീറ്റര്‍ വെള്ളം സൗജന്യമായി ദിനം പ്രതി ഗുജറാത്ത് സര്‍ക്കാര്‍ നല്‍കും. ഫാക്ടറിയുടെ മാലിന്യ നിക്ഷേപങ്ങളും സര്‍ക്കാര്‍ തന്നെ സംസ്‌ക്കരിക്കും. എല്ലാ വിധ നികുതികളും നിശ്ചിത വര്‍ഷത്തേക്ക് ഒഴിവാക്കും തുടങ്ങി വഴിവിട്ട നിരവധി സൗജന്യങ്ങളാണ് ടാറ്റയുടെ നാനോ കാറിനു വേണ്ടി നരേന്ദ്ര മോഡി നല്‍കുന്നത്. കൊട്ടിഘോഷിച്ച ഗുജറാത്ത് മോഡല്‍ വികസനത്തിനായി വ്യവസായ ഭിമന്‍മാര്‍ക്ക് പൊതു ഖജനാവില്‍ നിന്ന് സര്‍ക്കാര്‍ നല്‍കുന്നത് കണക്കില്ലാത്ത കോടികളാണ് എന്നതിന്റെ തെളിവാണ് ടാറ്റയുടെ നാനോ കാര്‍ വ്യവസായം. ടാറ്റക്ക് നാനോ കാര്‍ ഇറക്കാന്‍ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യങ്ങള്‍ അനുസരിച്ച് കാര്‍ ഫാക്ടറിയുടെ 50 ശതമാനത്തില്‍ അധികം ചിലവ് വഹിക്കുന്നത് ഗുജറാത്ത് സര്‍ക്കാരാണ്. കാര്‍ വിപണിയില്‍ ഇറക്കി ലാഭം കൊയ്യുന്നത് ആകട്ടെ ടാറ്റയും. രാജ്യത്ത് ചിലവു കുറഞ്ഞ കാര്‍ എന്ന ആശയുവുമായി ടാറ്റ 2006 മെയ് മാസത്തില്‍ ആണ് ബംഗാളില്‍ എത്തുന്നത്. സിങ്കൂരിലെ കര്‍ഷരെ കുടി ഒഴിപ്പിച്ച് കാര്‍ ഫാക്ടറി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചതോടെ ടാറ്റ ബംഗാളില്‍ നിന്നും ഗുജറാത്തിലേക്ക് ഫാക്ടറി മാറ്റുകയായിരുന്നു. നിരവധി സൗജന്യങ്ങള്‍ വാഗാദാനം ചെയ്‌താണ് നരേന്ദ്ര മോഡി ടാറ്റയെ ക്ഷണിച്ചതെങ്കിലും ടാറ്റക്ക് നല്‍കിയ സൗജന്യങ്ങള്‍ വ്യക്തമാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ രേഖകള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ചത്. - ബൈജു എം. ജോണ്‍ Labels: baiju-john |
1 Comments:
താങ്കൾ പറഞ്ഞത് വാസ്ഥവം ആണെങ്കിൽ തീർച്ചയായും ഈ പ്രവണത എതിർക്കപ്പെടേണ്ടതാണ്.സർക്കാർ ചിലവിൽ കോടികൾ മുടക്കി സ്വകാര്യ മുതലാളിമാർക്ക് ലാഭം നേടിക്കൊടുക്കുന്നതിനു പരിധിവിട്ടുനടത്തുന്ന സഹായങ്ങൾ പൊതുസമൂഹത്തിന്റെ നികുതിപ്പണവും,ഭൂമിയും ഉപയോഗിക്കുന്നത് ഒരുനിലക്കും നീതീകരിക്കാവുന്നതല്ല.മോഡിയുടെ സ്റ്റെയിൽ താങ്കൾപറയുന്നതാണെങ്കിൽ കർഷകരും താഴെത്തട്ടിലുള്ള ജനങ്ങളും കൂടുതൽ ദുരിതക്കയത്തിലേക്ക് പതിക്കും.
സർക്കാരിനു കൂടെ പങ്കാളിത്വം ഉള്ള രീതിയിൽ ആയിരുന്നു ഇത്രയും തുക ചിലവഴിച്ചിരുന്നെങ്കിൽ അതു സമൂഹത്തിനും ഗവണ്മെന്റിനും കൂടുതൽ ഉപകാരപ്രദം ആകുമായിരുന്നു.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്