20 June 2009

ഛര്‍ദ്ദില്‍ മണക്കുന്ന ന്യൂസ്‌ അവറുകള്‍ - എസ്. കുമാര്‍

news-hour-malayalam-tvലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ ജനങ്ങളിലേക്ക്‌ എത്തിക്കുക എന്ന സുപ്രധാനമായ ധര്‍മ്മമാണ്‌ മാധ്യമങ്ങള്‍ നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്‌. ജനാധിപത്യ സംവിധാനം മാധ്യമങ്ങള്‍ക്ക്‌ ധാരാളം സ്വാതന്ത്ര്യവും, പ്രത്യേക അവകാശങ്ങളും / പരിരക്ഷകളും അനുവദി ച്ചിരിക്കുന്നത്‌ സത്യസന്ധമായും ഭയ രഹിതമായും റിപ്പോര്‍ട്ടുകള്‍ ജനങ്ങളില്‍ എത്തിക്കുവാന്‍ വേണ്ടി ക്കൂടെയാണ്‌. താന്‍ ജീവിക്കുന്ന സമൂഹത്തിലെ ദൈന്യം ദിന സംഭവ വികാസങ്ങള്‍ അറിയുന്നതിനും പ്രതികരി ക്കുന്നതിനും പൗരനെ പ്രാപ്തനാ ക്കുന്നതില്‍ മാധ്യമങ്ങള്‍ നല്‍കുന്ന വാര്‍ത്ത കള്‍ക്ക്‌ വളരെ പ്രാധാന്യമുണ്ട്‌. ഒരു പരിധി വരെ മാധ്യമ വാര്‍ത്തകളെ അടിസ്ഥാന മാക്കി ക്കൊണ്ടാണ്‌ പൊതു സമൂഹത്തിന്റെ അഭിപ്രായങ്ങളും, നിരീക്ഷണങ്ങളും രൂപപ്പെടുന്നത്‌. അതു കൊണ്ടു തന്നെ തങ്ങള്‍ പുറത്തു വിടുന്ന വാര്‍ത്തകള്‍ക്കും വിശകല നങ്ങള്‍ക്കും ഗൗരവ തരമായ പ്രാധാന്യം ആണുള്ളത്‌. കൂട്ടമായി ഒരു വിഭാഗം മാധ്യമങ്ങള്‍ ശ്രമിച്ചാല്‍ പൊതു സമൂഹത്തില്‍ അഭിപ്രായ രൂപീകരണത്തിനു സാധ്യമാകും എന്ന് വ്യക്തം. വിവിധ കാര്യങ്ങളില്‍ പൊതു സമൂഹത്തിനു ഗുണപരമായ അഭിപ്രായ രൂപീകരണത്തിനു ഉതകുന്ന വിധത്തില്‍ ഒരു അഭിപ്രായ രൂപീകരണം സൃഷ്ടിക്കുന്നത്‌ നല്ലതുമാണ്‌. എന്നാല്‍ ഇത്തരം അവസ്ഥ ഗുണപര മല്ലാത്ത വിഷയങ്ങളെ സംബന്ധി ച്ചായാല്‍ അത്‌ വിപരീത ഫലമായി മാറുകയു ചെയ്യും. രാഷ്ടീയ / വാണിജ്യ താല്‍പര്യം മുന്‍ നിര്‍ത്തി വളച്ചൊടി ക്കപ്പെട്ടു കൊണ്ട്‌ അവതരിപ്പിക്കുന്ന വാര്‍ത്തകള്‍ തെറ്റായ സന്ദേശമാണ്‌ സമൂഹത്തിനു നല്‍കുക. പൊതുവില്‍ തങ്ങള്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക്‌ ആധികാരികതയും സമഗ്രതയും നല്‍കുവാന്‍ ഉത്തരവാദിത്വവും സാമൂഹ്യ പ്രതിബദ്ധതയും ഉള്ള മാധ്യമങ്ങള്‍ ശ്രദ്ധിക്കാറുമുണ്ട്‌. ഓരോ മാധ്യമവും നല്‍കുന്ന വാര്‍ത്തകളുടെ ആധികാരികതയും അവതരണ ശൈലിയും ആണ്‌ പൊതുവില്‍ ആ മാധ്യമത്തിന്റെ നിലവാരം നിശ്ചയിക്കുന്നതും.
 
ഇലക്ട്രോണിക് മാധ്യമങ്ങളുടെ കടന്നു വരവോടെ വാര്‍ത്തകള്‍ക്കും പ്രേക്ഷകനും തമ്മില്‍ ഉള്ള ദൂരം കുറഞ്ഞു. ധാരാളം ചാനലുകള്‍ കടന്നു വരിക കൂടെ ചെയ്തതോടെ മാധ്യമ രംഗത്ത്‌ മല്‍സരം വര്‍ദ്ധിക്കുകയും വായനക്കാരെ / പ്രേക്ഷകനെ തങ്ങളിലേക്ക്‌ ആകര്‍ഷിക്കുവാനും റേറ്റിങ്ങ്‌ വര്‍ദ്ധിപ്പിക്കുവാനും ഓരോ മാധ്യമങ്ങളും പരസ്പരം മല്‍സരിക്കുവാന്‍ തുടങ്ങി. ഇതോടെ ഇന്ന വാര്‍ത്ത തങ്ങള്‍ ആദ്യം റിപ്പോര്‍ട്ട്‌ ചെയ്തു എന്ന് സ്ഥാപിക്കുവാന്‍ പല വാര്‍ത്തകളുടേയും സ്ഥിരീകരണം വരുമ്പോളേക്കും ഫ്ലാഷ്‌ ന്യൂസായി പ്രേക്ഷകനു മുമ്പില്‍ എത്തുവാന്‍ തുടങ്ങിയിരിക്കുന്നു. ഊഹാപോ ഹങ്ങളുടേയും കേട്ടു കേള്‍വിയുടേയും അടിസ്ഥാനത്തില്‍ പുറത്തു വിടുന്ന ഈ ഗണത്തില്‍ പെടുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് പിന്നീട്‌ വ്യക്ത മാകാറുമുണ്ട്‌. അതു പോലെ തന്നെ വാണിജ്യ ലക്ഷ്യങ്ങളെ മുന്‍ നിര്‍ത്തി അവതരിപ്പിക്കുന്ന വിനോദത്തിനായുള്ള പരിപാടികളുടെ ലാഘവത്തോടെ വാര്‍ത്തകള്‍ തയ്യാറാക്കുന്നത്‌ യഥാര്‍ത്ഥത്തില്‍ പ്രേക്ഷകനോട്‌ ചെയുന്ന നീതി കേടാണ്‌. പലപ്പോഴും നിലവാര മില്ലാത്തവരെ പോലും ഒന്നാം സ്ഥാനക്കാരന്‍ / കാരി ആക്കുന്ന എസ്‌. എം. എസ്‌. പരിപാടികള്‍ വേണ്ടുവോളം നാം നിത്യേന കണ്ടു കൊണ്ടിരിക്കുന്നു. ഇത്തരത്തില്‍ വാണിജ്യ താല്‍പര്യം മുന്‍ നിര്‍ത്തി വാര്‍ത്തകളെയും വാര്‍ത്താ വിശകലനങ്ങളേയും എസ്‌. എം. എസ്‌. അടിസ്ഥനമാക്കി രൂപപ്പെടുത്തുന്ന തലത്തിലേക്ക്‌ അധ:പതിക്കുന്ന നാളുകളെ കുറിച്ച്‌ വാര്‍ത്തകളെ ഗൗരവമായി കാണുന്ന ചിലരെങ്കിലും ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു.
 
കാലഘട്ട ത്തിനനു സൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ടു കൊണ്ട് തന്നെ രാഷ്ടീയമായാലും കലാ സാംസ്കാരി കമായാലും എഴുത്തായാലും ചര്‍ച്ച ചെയ്യുവാന്‍ താല്‍പര്യപ്പെടുന്ന ഒരു സമൂഹമാണ്‌ മലയാളികളുടേത്‌. പത്ര വായനക്കും ടി.വി / റേഡിയോ ന്യൂസും മലയാളി ജീവിതവുമായി ഇഴ പിരിയുവാന്‍ കഴിയാത്ത ഒരു ബന്ധമാണുള്ളത്‌. എത്ര തിരക്കിനിടയിലും വാര്‍ത്തകള്‍ക്കായി അവന്‍ സമയം കണ്ടെത്തുന്നു. താരതമ്യേന കൂടുതല്‍ ആളൂകള്‍ കാണുക വൈകുന്നേരത്തെ ന്യൂസ്‌ അവറുകള്‍ ആണ്‌. മിക്ക ചാനലുകളിലും ഏതാണ്ട്‌ ഒരേ സമയത്താണിത്‌. അതു കൊണ്ടു തന്നെ പ്രേക്ഷകര്‍ തങ്ങളുടെ ഇഷ്ട ചാനലുകളിലെ വാര്‍ത്തകള്‍ തിരഞ്ഞെടുക്കുന്നു. ഇത്തരം ന്യൂസ്‌ അവര്‍ ‍/ കൗണ്ടര്‍ പോയന്റുകളില്‍ ചര്‍ച്ചകളും വിശകലനങ്ങളൂം ഉള്‍ക്കൊള്ളി ച്ചിട്ടുണ്ടാകും. ഇതില്‍ പല പ്രമുഖകരും ഇതില്‍ പങ്കാളികളായി തങ്ങളുടെ ഭാഗം വിശദീക രിക്കാറുമുണ്ട്‌.
 
വൈവിധ്യമുള്ള വാര്‍ത്തകളും അതിനോട നുബന്ധിച്ചുള്ള ചര്‍ച്ചകളും ആണ്‌ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്‌. എന്നാല്‍ കഴിഞ്ഞ കുറേ നാളുകളായി നമ്മുടെ വാര്‍ത്താ മാധ്യമങ്ങളിലെ വാര്‍ത്തകളിലും അതിനോട നുബന്ധിച്ചുള്ള ചര്‍ച്ചകളിലും കാണുന്ന ഒരു പ്രവണതയാണ്‌ ഒരേ വിഷയം തന്നെ ദിവസങ്ങളോളം വാര്‍ത്തയുടെ നല്ലൊരു സമയവും അപഹരിച്ചു കൊണ്ട്‌ ചര്‍ച്ച ചെയ്യുക എന്നത്‌. ഒരേ ആളുകള്‍ തന്നെ വരികയും പറഞ്ഞ കാര്യങ്ങള്‍ തന്നെ വീണ്ടും വീണ്ടും പറയുകയും ചെയ്യുകയോ അല്ലെങ്കില്‍ യാതൊരു യുക്തിയും ഇല്ലാത്തതു പലപ്പോഴും പ്രേക്ഷകന്റെ സാമാന്യ ബുദ്ധിയേ പോലും ചോദ്യം ചെയ്യുന്ന അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ വരെ ചര്‍ച്ചയിലെ പങ്കാളികള്‍ നിരത്താറുണ്ട്‌. ഉദാഹരണമായി രാജ്യത്ത്‌ മുന്‍പ്‌ ഉണ്ടായിട്ടുള്ളതോ / കീഴ്‌വഴക്കങ്ങള്‍ നിലവിലുള്ളതോ, സുപ്രീം കോടതി വിധികളിലോ മറ്റോ കൃത്യമായി നിര്‍വ്വചിക്ക പ്പെട്ടിട്ടുള്ളതോ ആയ കാര്യങ്ങളെ പോലും കണ്ടില്ലെന്ന് നടിച്ചു കൊണ്ട്‌ ഇനി ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ആരെങ്കിലും തെളിവു സഹിതം തിരുത്തിയാല്‍ അംഗീകരിക്കാതെ ചര്‍ച്ചയില്‍ തുടര്‍ന്നും അഭിപ്രായ പ്രകടനം നടത്തുന്ന വിദ്വാന്മാരെ കൂടെ സഹിക്കേണ്ട ഗതികേടിലാണ്‌ പ്രേക്ഷകന്‍. യഥാര്‍ത്ഥത്തില്‍ ഇതു മൂലം ചാനലിന്റെ മാത്രമല്ല വാര്‍ത്ത കാണുവാന്‍ സമയം മിനക്കെടുത്തി ഇരിക്കുന്ന പ്രേക്ഷകന്റേയും സമയമാണ്‌ നഷ്ടപ്പെടുന്നത്‌.
 
വാര്‍ത്തകള്‍ക്ക്‌ എരിവും പുളിയും നല്‍കുവാനായി അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുന്നതില്‍ അര്‍ത്ഥമില്ല. യാതൊരു പ്രാധാന്യവും ഇല്ലാത്ത വിഷയങ്ങളെ സംബന്ധിച്ച്‌ അനാവശ്യമായ വിവാദങ്ങള്‍ സൃഷ്ടിക്കുവാനും തന്റെ സാന്നിധ്യം വാര്‍ത്തകളില്‍ ഉറപ്പു വരുത്തുവാനും ശ്രമിക്കുന്ന സാംസ്കാരിക (?) പ്രവര്‍ത്തകരെ പൊതു ജനത്തിനു പുച്ഛമാണെങ്കിലും മാധ്യമ ലോകത്തിനു പ്രിയമാണ്‌. ഇതിനെ ഒക്കെ അതിന്റേതായ പ്രാധാന്യത്തോടെ അവഗണിക്കുവാന്‍ മാധ്യമങ്ങള്‍ തയ്യാറാകണം. പരസ്യം വന്നാല്‍ ചാനല്‍ മാറ്റുന്ന പോലെ ആണ്‌ ഇപ്പോള്‍ അഴീക്കോടിന്റെ വിവാദം വന്നാല്‍ ആളുകള്‍ ചാനല്‍ മാറ്റുന്നത്‌.അതുപോലെ മറ്റൊന്ന് സി.പി.എമ്മിലെ ഉള്‍പ്പാര്‍ട്ടി പോരുകളെയും ലാവ്‌ലിന്‍ വിവാദത്തെയും ചുറ്റിപറ്റിയുള്ള ചര്‍ച്ചകള്‍. മിക്കവാറും ഒരേ സംഗതി തന്നെ ആണ്‌ ദിവസവും മലയാളിക്കു മുമ്പില്‍ മല്‍സര ബുദ്ധിയോടെ ചാനലുകള്‍ അവതരിപ്പിക്കുന്നത്‌. അവതാരകനും ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ക്കും ചോദിക്കുവാനും, വിശദീകരിക്കുവാനും വിമര്‍ശിക്കുവാനും ഒരേ കാര്യങ്ങള്‍ തന്നെയേ ഉള്ളൂ എന്ന് പ്രേക്ഷകന്‍ തിരിച്ചറിയുന്നു. ആവര്‍ത്തി ച്ചാവര്‍ത്തിച്ച്‌ അതൊരു ഛര്‍ദ്ദിലിനോടു തുല്യമായ വാര്‍ത്തയാകുന്നു. മലയാളിയുടെ അകത്തളങ്ങളില്‍ ഇത്തരം ന്യൂസവര്‍ ഛര്‍ദ്ദിലുകളുടെ ദുര്‍ഗ്ഗന്ധം വമിക്കുവാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. എന്തു കൊണ്ട് മാധ്യമ പ്രവര്‍ത്തകര് ‍ /മാധ്യമ മുതലാളിമാര്‍ ഇതു തിരിച്ചറിഞ്ഞു കൊണ്ട്‌ പുതിയ വിഷയ ങ്ങളിലേക്ക്‌ കടക്കുന്നില്ല? സ്ഥിരമായി ഒരേ വിഷയങ്ങളുമായി ബന്ധപ്പെടുത്തി ക്കൊണ്ട്‌ വാര്‍ത്തകളിലെ ചര്‍ച്ചകളില്‍ ഒരേ വിഷയങ്ങള്‍ തന്നെ ആവര്‍ത്തിക്കുന്നത്‌ ഏതെങ്കിലും അജണ്ടയുടെ ഭാഗമായിട്ടോ അതോ വാര്‍ത്തകള്‍ ഇല്ലാഞ്ഞിട്ടോ? തീര്‍ച്ചയായും സമകാലിക രാഷ്ട്രീയം എന്നനിലയില്‍ സി. പി. എമ്മുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ക്ക്‌ പ്രാധാന്യം ഉണ്ട്‌. ഇത്തരം വാര്‍ത്തകള്‍ ജനം അറിയേണ്ടതുമുണ്ട്‌. എന്നാല്‍ അതിനെ അനാവശ്യമായി പര്‍വ്വതീ കരിക്കുന്ന തിനോടാണ്‌ വിയോജിപ്പ്‌.
 
നമ്മുടെ നാട്ടിലെ ഏതെങ്കിലും രാഷ്ടീയ പാര്‍ട്ടിയുടെ ഉള്ളിലെ നിലവാരമില്ലത്ത തൊഴുത്തില്‍ കുത്തുകളും അതുമല്ലെങ്കില്‍ ഏതെങ്കിലും സാംസ്കാരിക ജീവികളുടെ വിടുവായത്തങ്ങളും വിഷയങ്ങളാക്കി ക്കൊണ്ട്‌ മെഗാ സീരിയലുകള്‍ പോലെ വലിച്ചു നീട്ടാതെ കാലഘട്ടം ആവശ്യപ്പെടു ന്നതിനനുസരിച്ച്‌ പുതിയ വാര്‍ത്തകളിലേക്കും അവയുടെ വിശകലനത്തിലേക്കും നീങ്ങുവാനും വാര്‍ത്താ വതരണത്തില്‍ പുത്തന്‍ ശൈലികള്‍ അവതരിപ്പിക്കുവാനും നമ്മുടെ മാധ്യമങ്ങള്‍ തയ്യാറാകണം. കേരളത്തിനു പുറത്തും അന്താരാഷ്ട്ര സമൂഹത്തിലും കാര്യമായ ഇടമുള്ളവനാണ്‌ മലയാളി അതു കൊണ്ടു തന്നെ അന്താരാഷ്ട രംഗത്തെയും അന്യ സംസ്ഥാനങ്ങളിലേയും വാര്‍ത്തകള്‍ക്ക്‌ കൂടുതല്‍ ഇടം നല്‍കുവാന്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ട കാലം അതിക്രമി ച്ചിരിക്കുന്നു. (പേരിനു വിദേശ വാര്‍ത്തകള്‍ നല്‍കുന്നില്ല എന്ന് പറയുന്നില്ല). പുത്തന്‍ ആശയങ്ങളെ എപ്പോഴും ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന മലയാളിയുടെ മനസ്സിനെ കൂടെ കണക്കിലെടുത്തു കൊണ്ട്‌ ന്യൂസ്‌ അവറുകള്‍ സജീവമാക്കുവാന്‍ ചാനല്‍ അധികാരികളും ന്യൂസ്‌ എഡിറ്റര്‍മാരും കാര്യമായി ശ്രദ്ധിക്കണമെന്ന് ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ ഈയ്യുള്ളവനും അഭ്യര്‍ത്ഥിക്കുകയാണ്‌.
 
- എസ്. കുമാര്‍
 
 

Labels:

4അഭിപ്രായങ്ങള്‍ (+/-)
Links to this post

4 Comments:

വളരെ ശരിയാണ്‌.ഇപ്പോള്‍ വാര്‍ത്താചനലുകള്‍ കാണാന്‍ താല്‍പര്യമില്ലാതായിരിക്കുന്നു..അത്രയും തരം താണരീതിയിലാണ്‌ വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത്‌...

June 21, 2009 9:09 PM  

ഇന്ന് 23-ജൂൺ-2009 http://www.mathrubhumi.com/php/showArticle.php?general_links_id=128&Farc=
ശ്രീ ടി.വി.ആർ ഷേണായ്‌ തന്റെ കാഴ്ചപ്പാട്‌ കോളത്തിൽ കേരളം ഭൂതകാല വിഷയങ്ങിൽ അഭിരമിക്കാതെ ഭാവിയെ കുറിച്ച്‌ ചർച്ചചെയ്യേണ്ടതിന്റെ ആവശ്യകതയെ പറ്റി ചിന്തോദ്ദീപകമായ ഒരു ലേഖനം എഴുതിയിരിക്കുന്നു.

June 23, 2009 2:53 PM  

കോമഡി അവറുകളായി മാറുകയാണ് പലപ്പോഴും..

June 23, 2009 8:55 PM  

സമൂഹത്തിന്റെ എല്ലാ മേഖലകളെയും ജീര്‍ണത ബാധിച്ചിട്ടുണ്ട് . പക്ഷെ, മാധ്യമ പ്രവര്‍ത്തകര്‍ അത് സമ്മതിച്ചു തരില്ല. എനിക്ക് തോന്നുന്നത് ഏറ്റവും 'അപകടം' പിടിച്ച ജീര്‍ണത പിടിപെട്ടത്‌ ഇവര്‍ക്കാനെന്നാണ്

December 13, 2009 4:13 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്