23 January 2009
ഇന്റര്‍നെറ്റിലെ കൊച്ചു വര്‍ത്തമാനം - ഉണ്ണികൃഷ്ണന്‍ എസ്.
കൊച്ചു വര്‍ത്തമാനങ്ങള്‍ ഇഷ്ടമല്ലാത്തവര്‍ ആരെങ്കിലും ഉണ്ടോ? വിരസത മാറ്റാനായി ഒന്നു പുറത്തേക്കിറങ്ങി, ഒന്നു മിണ്ടി, അല്പം സൊറ പറഞ്ഞു തിരികെ വരുമ്പോള്‍ നമുക്ക് ഉണ്ടാകുന്ന ഉന്മേഷം, അനുഭുതി, അത് അവാച്യമാണ്. നാം എല്ലായ്പ്പോഴും ആഗ്രഹിക്കാ റുണ്ടെങ്കിലും, ജോലി ത്തിരക്കു മൂലമോ, കേള്‍വിക്കാരുടെ അഭാവം മൂലമോ ഈ സൊറ പറച്ചില്‍ ഇന്നത്തെ കാലത്ത് അത്ര എളുപ്പമല്ല.
അല്പം കൂടി കടന്നു ചിന്തിച്ചാല്‍ എന്താണ് ഈ കൊച്ചു വര്‍ത്തമാനങ്ങളുടെ സൌന്ദര്യം? നേരത്തെ എഴുതി തയ്യാറാക്കാത്ത, അപഗ്രഥന - വിശകലങ്ങള്‍ക്കു വിധേയമാക്കാതെ, വളരെ ലളിതമായ ഒരു ആത്മാവിഷ്കാരമാണ് ഓരോ കൊച്ചു വര്‍ത്തമാനവും. ജീവിതത്തില്‍ ഒരിക്കലും അവസാനിക്കാത്ത അഭിനയങ്ങള്‍ക്കും ഭാരിച്ച മൂടു പടങ്ങള്‍ക്കും അവധി നല്‍കി നമ്മുടെ ആത്മാവിനെ സ്വതന്ത്ര മാക്കുന്നു എന്നതാണ് ഇതിന്റെ മഹാത്മ്യം . മുകളില്‍ വിവരിച്ചതൂ പോലെയുള്ള കൊച്ചു വര്‍ത്തമാനങ്ങള്‍ക്ക് ഇന്റര്‍നെറ്റില്‍ വേദി യൊരുക്കുന്ന സംരംഭമാണ് 'twitter'. What are you doing? " എന്ന ലളിതവും ഏറ്റവും ഉപയോഗിക്കുന്നതുമായ ചോദ്യ മാണ് ഇതിന് അടിസ്ഥാന ശില. ഇ മെയിലുകള്‍ക്കും ഫോണ്‍ കാളുകള്‍ക്കും ബ്ലോഗുകള്‍ക്കും ഇടയിലുള്ള സമയത്താണ് യഥാര്‍ഥ ജീവിതം സംഭവിക്കുന്നത് എന്ന തിരിച്ചറിവാണ് കൂടുതല്‍ കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. വളരെ ചുരുങ്ങിയ വാക്കുകളില്‍ നമുക്ക് സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യാം. നമ്മുടെ ഇത്തരം ലഘു സന്ദേശങ്ങളെ മറ്റുള്ളവര്‍ക്ക് പിന്തുടരുകയും ചെയ്യാം. ഉദാഹരണമായി "ഞാന്‍ എന്റെ പ്രിയപ്പെട്ട ചായ ആസ്വദിക്കുന്നു" എന്ന സന്ദേശം, നിസ്സാരമെങ്കില്ലും, അത് നമ്മുടെ സുഹൃത്തിന്റെ അല്ലെങ്കില്‍് നാം ആരാധിക്കുന്ന വ്യക്തിയുടെ പക്കല്‍ നിന്നാകുമ്പോള്‍ അതിന് പ്രസക്തി കൈ വരുന്നു. അത് നമ്മെ സൌഹൃദ വലയങ്ങളുമായി കൂടുതല്‍ അടുപ്പിക്കുന്നു. നാം ഏര്‍പെട്ടിരിക്കുന്ന കാര്യത്തിന്റെ ആസ്വദനത്തിന് ഒരു വിഘാതവും സംഭവിക്കാതെ ആശയം കൈ മാറാം എന്നതാണ് ഇതെന്റെ മറ്റൊരു സവിശേഷത. ഇത്തരം നിസ്സാര സന്ദേശ വിനിമയത്തിന് വേണ്ടി നാം ഫോണ്‍ ചെയ്യുകയോ , ഇമെയില്‍ അയക്കുകയോ ചെയ്യാറില്ല. ഇത്തരം സ്വാഭാവിക സന്ദേശങ്ങള്‍ ഒരു വ്യക്തിയുടെ യഥാര്‍ത്ഥ അഭിപ്രായ പ്രകടനങ്ങള്‍ ആയതിനാല്‍ പരസ്യ രംഗത്തും മാര്‍ക്കറ്റിംഗ് റിസര്‍ച്ച് രംഗത്തും, വലിയ പ്രാധാന്യ മാണ് കല്പിക്കപെടുന്നത്. സന്ദേശങ്ങള്‍ വളരെ ലഘു ആയതിനാല്‍ ഒരു കമ്മ്യൂണിറ്റി സര്‍വീസ് ആയും ഉപയോഗിക്കുന്നുണ്ട്. ഉദാഹരണമായി യൂണിവേഴസിറ്റികളിലെ റിസര്‍ച്ച് ഗ്രൂപ്പ് അംഗ ങ്ങള്‍ക്ക്, താന്‍ വായിച്ച ഒരു പുതിയ ജെര്‍ണലിനെ കുറിച്ചോ, അല്ലെങ്കില്‍ ഒരു പുതിയ ആശയത്തെ കുറിച്ചോ അറിയിക്കണമെങ്കില്‍. അതുമല്ലെങ്കില്‍ ട്രാഫിക് തടസ്സം കാരണം താന്‍ എത്തി ച്ചേരാന്‍ വൈകും എന്നറിയിക്കണമെങ്കില്‍... അങ്ങനെ നീണ്ടു പോകുന്നു ഇതെന്റെ സാധ്യതകള്‍്. ഒരു വ്യക്തിക്കായി അയക്കുന്ന SMS സന്ദേശങ്ങളെക്കാള്‍ മേന്മകള്‍ ഏറെയുണ്ട് twitter സന്ദേശങ്ങള്‍ക്ക്. സന്ദേശങ്ങള്‍ എത്ര കാലം കഴിഞ്ഞും സെര്‍ച്ചിലൂടെ കണ്ടെത്താനും അതിലുടെ അഭിപ്രായ സ്വരുപണം നടത്താനും സാധിക്കുന്നു, പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നവ മാത്രം പരസ്യമാക്കാനും അല്ലാത്തവ ചില ഗ്രൂപ്പുകള്‍ക്ക് മാത്രം കൈമാറ്റം ചെയ്യുവാനുമുള്ള സൗകര്യം എന്നിവ അവയില്‍ ചിലതു മാത്രം. ഇന്റര്‍നെറ്റ് സെല്‍ഫോണിലേക്ക് കുടിയേറുമ്പോള്‍ "മൈക്രോ ബ്ലോഗിങ്ങ്" ആശയങ്ങള്‍ക്ക് പ്രസക്തിയേറുന്നു. കുടുതല്‍ അറിയാനായി www.twitter.com സന്ദര്‍ശിക്കുക. - ഉണ്ണികൃഷ്ണന്‍ എസ്. Labels: unnikrishnan-s |
20 January 2009
വെറുക്കപ്പെട്ടവനെ ഇറക്കി, പുതിയ ഒരാള്‍ വാഴ്ത്തപ്പെടുന്നു
ലോകമെങ്ങും വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ദിനമാണിന്ന്. 2009 ജനുവരി 20. അമേരിക്കയുടെ 44ാമത് പ്രസിഡണ്ടായി ഇന്നാണ് ബറാക് ഒബാമ സ്ഥാനം ഏല്‍ക്കുന്നത് .ലോക ചരിത്രത്തിലെ ഏറ്റവും വെറുക്കപ്പെട്ട അമേരിക്കന്‍ പ്രസിഡന്റ് ബുഷ് പുറത്തു പോകുമ്പോഴാണ്, ലോകത്തിന് ഏറെ പ്രതിക്ഷ ഏകിക്കൊണ്ട് ബറാക് ഒബാമ കടന്ന് വരുന്നത്.
എന്നാല്‍ ആഭ്യന്തര നയങ്ങളിലും വിദേശ നയത്തിലും ബുഷ് ഭരണ കൂടം പിന്തുടരുന്ന നയങ്ങള്‍ മാത്രം ആയിരിക്കും ഒബാമയും പിന്‍തുടരുക എന്ന് ഏകദേശം ഉറപ്പായി തീര്‍ന്നിരിക്കുന്നു. കാരണം ബുഷിന്റെ ഉപദേശകരില്‍ പലരും ഇന്ന് ഒബാമയുടെ ഉപദേശകരായി മാറിയിരിക്കുന്നു. സാര്‍വ്വ ദേശിയ രംഗത്തും ഒബാമയുടെ നയങ്ങള്‍ ബുഷിന്റെ നയങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമല്ല എന്ന് കാണാന്‍ കഴിയും. പലസ്തീനില്‍ ഇസ്രേയല്‍ നടത്തുന്ന എല്ലാ വിധ കടന്നാക്രമണങ്ങളെയും ന്യായീകരിക്കുന്ന രിതിയില്‍ ആണ് ഒബാമയുടെ തിരഞ്ഞെടുപ്പ് കാലത്തെ പ്രതികരണങ്ങള്‍. ഗാസയിലും ലബനാനിലും ഇസ്രേയല്‍ നടത്തി കൊണ്ടിരുന്ന അതിക്രമങ്ങളെ ഇസ്രായേലിന്റെ 'സ്വയ രക്ഷക്കുള്ള അവകാശം' ആയി വ്യാഖ്യാനിച്ച ഒബാമ ഫലസ്തീന്‍ ജനതയുടെ ദുരിതങ്ങളെ സംബന്ധിച്ച് ഒരക്ഷരം ഉരിയാടാന്‍ ഇന്നു വരെ തയ്യാറായിട്ടില്ല. ഇപ്പോഴാകട്ടെ, 1967നു ശേഷം ഉണ്ടായിട്ടുള്ള ഏറ്റവും വലിയ വംശീയ കൂട്ടക്കൊല ഗാസയില്‍ ഇസ്രായേല്‍ കെട്ടഴിച്ചു വിട്ടപ്പോള്‍ ഇസ്രായേല്‍ ഗാസയില്‍ വ്യോമാക്രമണം തുടങ്ങിയ സന്ദര്‍ഭത്തില്‍ 2008 ഡിസംബര്‍ 28ന് ഒബാമയുടെ ഉപദേശകന്‍ ഡേവിഡ് ആക്സില്‍റോഡ് അഭിപ്രായപ്പെട്ടത് ജനാധിപത്യ പരമായി തെരഞ്ഞെടുക്കപ്പെട്ട ഹമാസ് ഭരണം ഭീകരതയാണെന്നും ഇസ്രായേല്‍ ആക്രമണം നീതീകരിക്ക ത്തക്കതാ ണെന്നുമാണ്. എന്നാല്‍ മുന്നാഴ്ച കൊണ്ട് 1200 ല്‍ പരം ആളുകളെ കൊന്നൊടുക്കുകയും പതിനായിരത്തോളം പേര്‍ക്ക് പരിക്ക് പറ്റുകയും ആയിര ക്കണക്കിന് വീടുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തിട്ടു പോലും അമേരിക്കയുടെ നിയുക്ത പ്രസിഡണ്ട് ഒരക്ഷരം ഉരയാടി യില്ലായെന്നത് എത്ര ഖേദകരമാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച പൈശാചിക പ്രവര്‍ത്തി ക്കെതിരെ ഒരക്ഷരം ഉരിയാടാത്ത പുതിയ അമേരിക്കന്‍ പ്രസിഡണ്ടിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനം എങ്ങിനെ ആയിരിക്കു മെന്നതിന്ന് ചിന്തിക്കാവു ന്നതേയുള്ളു. ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞമെന്ന പഴമൊഴി ആണ് ഇവിടെ അര്‍ത്ഥ വത്താകുന്നത്. അധികാര മേറ്റാലുടന്‍ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാമൂഹിക സുരക്ഷാ പദ്ധതികളും സര്‍ക്കാറിന്റെ ചെലവു കുറക്കാനുള്ള പദ്ധതികളൂം നടപ്പാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുമെന്ന് സൂചന നല്‍കി ക്കഴിഞ്ഞു. അതായത് സമ്പന്നന്മാരെ പ്രീണിപ്പിക്കുകയും നിലവിലുള്ള സാമൂഹിക സുരക്ഷാ പദ്ധതികള്‍ പോലും വേണ്ടെന്നു വെച്ച് സാധാരണക്കാരെ ദ്രോഹിക്കുകയും ചെയ്യുന്ന നവ ഉദാര വല്‍ക്കരണ നയങ്ങള്‍ തന്നെ ആയിരിക്കും തന്റെതും എന്ന് പുതിയ പ്രസിഡണ്ടും വ്യക്തമാക്കുന്നു. ഇറാഖിലും അഫ്‌ഗാനി സ്ഥാനിലും മറ്റു ലോകത്തിന്റെ പല ഭാഗങ്ങളിലും കൂലി പ്പട്ടാളത്തെ അയച്ച് അധിനിവേശം നടത്തി രാജ്യങളെ കൊള്ള അടിക്കുകയും പതിനായിരങ്ങളെ കൊന്നൊടുക്കുകയും, ജനങളുടെ ജനാധിപ ത്യാവകാ ശങ്ങളെയും മനുഷ്യാ വകാശത്തെയും ചവിട്ടി മെതിക്കുകയും ചെയ്യുന്ന നീചവും ക്രൂരവും പൈശാചികവുമായ പ്രവര്‍ത്തിക്ക് അന്ത്യം ഉണ്ടാകുമെന്ന് ജനം കരുതുന്നു. ഇത് യാഥാര്‍ത്ഥ്യം ആകുമോ? ഇല്ലാ എന്ന് ഒറ്റ വാക്കില്‍ പറയാന്‍ കഴിയും. മാത്രമല്ല അമേരിക്കന്‍ സാമ്രാജ്യത്വ മോഹികളും അവരുടെ കൂലി പ്പട്ടാളവും ലോക ജനതക്കു മേലെ ആധിപത്യം സ്ഥാപിക്കാന്‍ തീവ്രവാദ ത്തിന്നെതിരായ നീക്കം എന്ന പുകമറ സൃഷ്ടിച്ചി രിക്കുകയാണ്. വരാനിരിക്കുന്ന നാളുകള്‍ നമുക്ക് കാത്തിരുന്ന് കാണാം. - നാരായണന്‍ വെളിയന്‍കോട് Labels: narayanan-veliancode 3 Comments:
Links to this post: |
11 January 2009
അമേരിക്കയിലെ പ്രഥമ ലേഡി പൂച്ചയും ബുഷിന്റെ മനോവിഷമവുംവൈറ്റ് ഹസിലെ പൂച്ച ചത്തു, ബുഷിനു മനോ വിഷമം ! ബുഷ് കുടുംബത്തിലെ അരുമയായ ആ പൂച്ച യുടെ നിര്യാണത്തില്‍ (ഇന്ത്യ എന്നാണു 18 വര്‍ഷത്തോളമായി ബുഷ് കുടുംബത്തിന്റെ സന്തത സഹചാരിയായിരുന്ന ആ പൂച്ചയുടെ പേരത്രെ !!) ബുഷും കുടുംബവും അഗാധമയ ദു:ഖത്തിലാണെന്ന് വാര്‍ത്ത. ബുഷ് കുടുംബത്തിനു പൂച്ചയുടെ വിയോഗം നികത്താനാവാത്ത വിടവാണു സൃഷിടിച്ചിരിക്കുന്നതെന്ന് പ്രസ് സെക്രട്ട്രി പറഞ്ഞുവെന്ന് റിപ്പോര്‍ട്ട്. (വൈറ്റ് ഹൗസ് ന്യൂസ് ഇവിടെ വായിക്കാം ) കേവലം ഒരു പൂച്ചയുടെ വില പോലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കന്‍ സാമ്രാജ്യത്വവും ശിങ്കിടികളും മനുഷ്യമക്കള്‍ക്ക് നല്‍കുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ ഈ ദു:ഖ (?) വാര്‍ത്ത കേട്ട് കരയണോ അതോ ചിരിക്കണോ എന്ന സംശയത്തിലാണ്. അമേരിക്കന്‍ ജാര സന്തതി ഇസ്രാഈല്‍ അതിന്റെ എല്ലാ ക്രൂരതകളോടെയും പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയും പ്രത്യേകം ലക്ഷ്യം വെച്ച് കൊന്നൊടുക്കുമ്പോള്‍ അതില്‍ യാതൊരു മനസാക്ഷി കുത്തുമില്ലാതെ ന്യായീകരണം കണ്ടെത്തുന്ന പിശാചുക്കള്‍ക്ക് മനസ്സില്‍ ദു:ഖമെന്ന വികാരമോ ? പൂച്ചേ, നിന്നോടെനിക്ക് വിരോധമില്ല!. എന്റെ മകള്‍ അവളുടെ പ്രിയ ഇന്നു വിന്റെ അകാല നഷ്ടത്തില്‍ കരയുമ്പോള്‍, ഉപ്പാടെ മോളു തന്നെ എന്ന് പറഞ്ഞ് (ഏഴാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് എന്റെ പ്രിയ പൂച്ചക്കുട്ടിയുടെ നഷ്ടത്തില്‍) വിതുമ്പിയത് ഉമ്മ ഓര്‍മ്മിപ്പിച്ചു. പൂച്ചേ, നിന്റെ യജമാനന്‍ ലോക ജനതയ്ക്ക് നേരെ നടത്തിയ , നടത്തി കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ , അനീതികള്‍ എല്ലാം നിനക്കറിയാ മായിരുന്നുവോ ? ഓ ബുഷ് , നിങ്ങളുടെ മനസ്സിലും ദു:ഖമെന്ന വികാരമു ണ്ടാവുമോ ! അത് പച്ച മനുഷ്യര്‍ക്കു ണ്ടാവുന്നതല്ലേ... ഏതെങ്കിലും ഇന്ത്യക്കാരന്‍ അവന്‍ വളര്‍ത്തുന്ന പട്ടിക്കോ പന്നിക്കോ അമേരിക്ക എന്ന് പേരിട്ട് വിളിച്ചാല്‍ ചിലപ്പോള്‍ ആ കാരണം മതിയാവുമായിരിക്കും സാമ്രാജ്യത്വ കിങ്കരന്മാര്‍ക്ക് ആക്രമണത്തിനുള്ള ന്യായീകരണം ലോകത്തോട് നാണമില്ലാത വിളിച്ചു പറയാന്‍. ബുഷിനെ (സാമ്രാജ്യത്വ ഭീകരരെ ) അളവറ്റ് സ്നേഹിക്കുകയും താലോലിക്കുകയും ചെയ്യുന്നവര്‍ക്ക് ബുഷിന്റെ ഇന്ത്യ* എന്ന ഓമന പൂച്ച ചത്തത് ചില കാര്യങ്ങളിലേക്കുള്ള സൂചനയായി കാണാന്‍ കഴിയുമോ ? - ബഷീര്‍ വെള്ളറക്കാട് * ബുഷിന്റെ പൂച്ചക്ക് ഇന്ത്യ എന്ന പേര് നല്‍കിയതിന് ഇന്ത്യാ രാജ്യവുമായി ബന്ധമില്ല. എല്‍ ഇന്‍ഡിയോ എന്ന ഒരു പ്രശസ്ത ബേസ് ബാള്‍ കളിക്കാരന്റെ പേരിനെ അനുസ്മരിച്ച് സ്നേഹപൂര്‍വം ബുഷിന്റെ ഒന്‍പതു വയസുകാരിയായ മകള്‍ ബാര്‍ബറ ഇട്ടതാണ് ഇന്ത്യ എന്ന പേര്. - പത്രാധിപര്‍ Labels: basheer-vellarakad 4 Comments:
Links to this post: |
10 January 2009
ഗുരുവായൂര്‍ സെക്സ് ടൂറിസത്തിന് പ്രസിദ്ധം
ഒരു നേരമെങ്കിലും കാണാതെ വയ്യ എന്നും പറഞ്ഞ് ഗുരുവായൂരില്‍ എത്തുന്ന ഭക്ത ജന പ്രവാഹത്തിന്റെ മറവില്‍ തഴച്ചു വളരുന്ന സെക്സ് ടൂറിസത്തിന്റെ കഥകള്‍ പുറത്തായതോടെ ഗുരുവായൂരിന് ആഗോള തലത്തില്‍ മറ്റൊരു പ്രസിദ്ധിയും കൈ വന്നിരിക്കുന്നു. കൊച്ചു കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുവാനായി പുതിയ ഇരകളെ അന്വേഷിച്ചെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ "സേഫ് ലിസ്റ്റില്‍" ഉള്ള സ്ഥലങ്ങളില്‍ പ്രമുഖ സ്ഥാനം ആണത്രെ ഗുരുവായൂരിന്. ബാംഗളൂര്‍ ആസ്ഥാനം ആക്കി പ്രവര്‍ത്തിക്കുന്ന ഇക്വേഷന്‍സ് എന്ന സംഘടന നടത്തിയ ചില അന്വേഷണങ്ങള്‍ പുറത്ത് കൊണ്ടു വന്നത് ബി.ബി.സി യാണ്. നാം ആരും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങള്‍.
തങ്ങളുടെ കുട്ടികളെ ടൂറിസ്റ്റുകളുടെ ഉപയോഗത്തിനായി വിട്ടു കൊടുക്കുന്ന മാതാ പിതാക്കള്‍ പറഞ്ഞത് തങ്ങളുടെ കുട്ടികളെ തേടി വിദേശ ടൂറിസ്റ്റുകള്‍ക്ക് പുറമെ നാടന്‍ ടൂറിസ്റ്റുകളും സ്ഥല വാസികളും വരെ വരാറുണ്ടെന്നാണ്. എപ്പോഴും തിരക്കുള്ള ഇവിടത്തെ ഹോട്ടലുകളില്‍ റൂം എടുക്കുന്നവരുടെ മേല്‍ പ്രത്യേകിച്ച് ഒരു നിരീക്ഷണവും പോലീസിന്റെയോ അധികാരികളുടേയോ പക്കല്‍ നിന്നും ഉണ്ടാവാത്തത് ഇവിടങ്ങളില്‍ ഇത്തരം ഇടപാടുകള്‍ നടക്കുവാന്‍ ഏറെ സഹായകരം ആവുന്നു. വിദേശത്തു നിന്നും ടൂര്‍ ബുക്ക് ചെയ്യുമ്പോള്‍ തന്നെ തങ്ങള്‍ക്ക് വേണ്ട കുട്ടികളുടെ പ്രായം പോലും തെരഞ്ഞെടുക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് കഴിയുന്നു. ഇത്തരം ടൂര്‍ സ്ഥാപനങ്ങളും സുരക്ഷിത താവളങ്ങളായി നിര്‍ദ്ദേശിക്കുന്നത് തീര്‍ത്ഥാടന കേന്ദ്രങ്ങളെയാണത്രെ. തിരുപ്പതിയും ഗുരുവായൂരും ആണത്രെ ഇതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്. കേരളത്തില്‍ പോലീസിന്റെയും നിയമ വ്യവസ്ഥയുടെ ദൗര്‍ബല്യം ആണ് ഇതിന് പ്രധാന കാരണം എന്ന് ഇവര്‍ പറയുന്നു. പിടിക്കപ്പെട്ടാലും രക്ഷപ്പെടാന്‍ ഉള്ള സഹായ പ്രാദേശികം ആയി തന്നെ ഇവിടെ നിന്നും ലഭിക്കുമത്രെ. ടീനേജ് പ്രായത്തിലുള്ള പെണ്‍ കുട്ടികള്‍ക്കൊപ്പം 9 മുതല്‍ 16 വയസ്സു വരെ പ്രായമുള്ള ആണ്‍ കുട്ടികള്‍ക്കും വമ്പിച്ച ഡിമാന്‍ഡ് ആണ് ഇവിടെ. പല മാതാ പിതാക്കളും കരുതുന്നത് ആണ്‍ കുട്ടികളെ ഇങ്ങനെ വിട്ട് കൊടുക്കുന്നതില്‍ വലിയ കുഴപ്പം ഇല്ല എന്നാണ്. പെണ്‍ കുട്ടികള്‍ ആണെങ്കില്‍ ആരെങ്കിലും അറിഞ്ഞാല്‍ അത് കുഴപ്പം ആകും, ഇവര്‍ സമൂഹികമായി ഒറ്റപ്പെടും എന്നൊക്കെ കരുതുന്ന ഇവര്‍ പക്ഷെ ആണ്‍ കുട്ടികള്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ ഇല്ല എന്നും കരുതുന്നു. കൂടാതെ ആണ്‍ കുട്ടികള്‍ ഗര്‍ഭം ധരിക്കുകയും ഇല്ലല്ലോ എന്നും ഒരു രക്ഷിതാവ് അഭിപ്രായപ്പെട്ടു എന്ന് ഇക്വേഷന്‍സ് വെളിപ്പെടുത്തുന്നു. അന്‍പത് രൂപ മുതല്‍ ഇരുന്നൂറ് രൂപ വരെ ആണ് ഇവര്‍ക്ക് പ്രതിഫലമായി കിട്ടുന്നത്. സ്വദേശികളും നാട്ടുകാരും വരെ ആവശ്യക്കാരായി എത്താറുണ്ടെങ്കിലും വിദേശികളെയാണ് പൊതുവെ ഇവര്‍ക്ക് താല്പ്പര്യം. കാരണം വിദേശ ടൂറിസ്റ്റുകള്‍ പണത്തിനു പുറമെ സമ്മാനങ്ങളും മിഠായികളും കൊടുക്കുമത്രെ. ചിലരെങ്കിലും വീട്ട് സാമനങ്ങളും വീട് നിര്‍മ്മാണത്തിനുള്ള സഹായവും വരെ ചെയ്തു കൊടുക്കുമത്രെ. ഇവരില്‍ പലരും ദീര്‍ഘ കാലത്തേക്ക് ഇവിടങ്ങളില്‍ വീടെടുത്ത് താമസിക്കും. പലരും ഇംഗ്ലീഷ് ട്യൂഷന്‍ എന്നും സാമൂഹ്യ പ്രവര്‍ത്തനം എന്നൊക്കെ പറഞ്ഞാണത്രെ ഇവരുടെ ഇരകളെ തേടി വീടുകളില്‍ കയറി ചെല്ലുന്നത്. കടുത്ത ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ സ്വയം നശിക്കാതിരിക്കാനും തങ്ങളുടെ അമ്മമാരെ കാഴ്ച വെക്കുന്നത് ഒഴിവാക്കാന്‍ സ്വയമേവ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വശം വദരാവുന്നതും സാധാരണം ആണത്രെ. - ഗീതു Labels: geethu 13 Comments:
Links to this post: |
03 January 2009
കോമ്പ്ലാനും ഹോര്‍ലിക്ക്സും യുദ്ധത്തില്‍
പരസ്യത്തില്‍ മറ്റ് കമ്പനികളുടെ ഉല്‍പ്പന്നത്തെ വിമര്‍ശിക്കുമ്പോഴും അത്യാവശ്യം പ്രതിപക്ഷ ബഹുമാനം കാണിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഹോര്‍ലിക്ക്സും കോമ്പ്ലാനും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന പരസ്യ യുദ്ധത്തില്‍ ഇത്തരം സാമാന്യ മര്യാദകളെ എല്ലാം കാറ്റില്‍ പറത്തി കൊണ്ട് ഹോര്‍ലിക്ക്സ് കോമ്പ്ലാനെയും കോമ്പ്ലാന്‍ ഹോര്‍ലിക്ക്സിനെയും നേരിട്ട് ആക്രമിച്ചിരിക്കുന്നു. പ്രശ്നം ഇപ്പോള്‍ സുപ്രീം കോടതിയിലും എത്തിയിരിക്കുന്നു. കമ്പോളത്തില്‍ തങ്ങളുടെ പേരിനു കളങ്കം വരുത്തി എന്ന് ആരോപിച്ച് ഹോര്‍ലിക്ക്സ് ആണ് കോമ്പ്ലാന് എതിരെ സുപ്രീം കോടതിയില്‍ അന്യായം ബോധിപ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റീസ് കെ. ജി. ബാലകൃഷ്ണനും ജസ്റ്റീസ് പി. സദാശിവവും അടങ്ങുന്ന ബെഞ്ചാണ് പരാതിയിന്മേല്‍ വാദം കേട്ട് കോമ്പ്ലാനെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്.
കോമ്പ്ലാന്‍ തങ്ങളുടെ പരസ്യത്തില്‍ ഹോര്‍ലിക്ക്സ് കുപ്പി കയ്യില്‍ എടുത്ത് കാണിക്കുകയും ഹോര്‍ലിക്ക്സിന്റെ പേരെടുത്ത് പറയുകയും ചെയ്തിട്ടുണ്ട്. ഹോര്‍ലിക്ക്സിലുള്ളത് വില കുറഞ്ഞ വസ്തുക്കളാണ് എന്ന് എടുത്ത് പറയുന്ന പരസ്യം കോമ്പ്ലാന്‍ കുടിച്ചാല്‍ ഉയരം വര്‍ദ്ധിക്കും എന്നും പറയുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ഒരു ഹോര്‍ലിക്ക്സിന്റെ പരസ്യത്തിനു മറുപടിയാണ് ഈ കോമ്പ്ലാന്‍ പരസ്യം. ഈ ഹോര്‍ലിക്ക്സ് പരസ്യത്തില്‍ കോമ്പ്ലാന്റെ പേരെടുത്തു പറയാതെ കോമ്പ്ലാന്റെ പെട്ടി മാത്രമാണ് കാണിക്കുന്നത്. കോമ്പ്ലാന്‍ വാങ്ങിച്ച ഒരു കുടുംബവും ഹോര്‍ലിക്ക്സ് വാങ്ങിച്ച ഒരു കുടുംബവും തമ്മില്‍ നടക്കുന്ന ഒരു സംഭാഷണം ആണ് പരസ്യത്തിന്റെ പശ്ചാത്തലം. കോമ്പ്ലാനില്‍ 23 പോഷകങ്ങള്‍ ഉണ്ടെന്ന പരാമര്‍ശത്തിന് ഹോര്‍ലിക്ക്സിലും 23 പോഷകങ്ങള്‍ ഉണ്ടെന്ന് പറയുന്ന കോമ്പ്ലാന്‍ ബോയ് കോമ്പ്ലാന്‍ തന്റെ ഉയരം കൂട്ടും എന്ന് പറയുന്നു. എന്നാല്‍ ഹോര്‍ലിക്ക്സ് തന്റെ ഉയരം കൂട്ടുക മാത്രമല്ല, തന്റെ കരുത്തും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കുമെന്ന് പറയുന്ന ഹോര്‍ലിക്ക്സ് ബോയ് ഇത് തെളിയിക്കപ്പെട്ടതാണ് എന്ന് കൂടി അവകാശപ്പെടുന്നു. കൂടാതെ ഇതിന്റെ വില കോമ്പ്ലാന്റേതിനേക്കാള്‍ കുറവാണ് എന്നും പരസ്യം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. മറ്റൊരു രസകരമായ വിശേഷം ഈ ഹോര്‍ലിക്ക്സ് പരസ്യം ഒരിക്കല്‍ അബദ്ധത്തില്‍ ബ്രിട്ടീഷ് ടെലിവിഷന്‍ ചാനലില്‍ പ്രദര്‍ശിപ്പിച്ചതാണ്. ബംഗ്ലാദേശ് ടെലിവിഷനില്‍ കാണിക്കാനായി വെച്ച പരസ്യം അബദ്ധ വശാല്‍ ഒരു പരിപാടിക്കിടയില്‍ ബ്രിട്ടീഷ് ടെലിവിഷനില്‍ കാണിക്കുകയായിരുന്നു. എന്നാല്‍ കര്‍ശനമായ പരസ്യ നിയന്ത്രണ നിയമങ്ങള്‍ നിലവില്‍ ഉള്ള ബ്രിട്ടനിലെ അധികൃതര്‍ ഈ പരസ്യം ശ്രദ്ധയില്‍ പെട്ട ഉടന്‍ അത് നിരോധിച്ചു. കുട്ടികളുടെ ഉയരവും കരുത്തും സാമര്‍ത്ഥ്യവും കൂട്ടും എന്ന് പരസ്യത്തില്‍ പറയുന്നത് പൊതു ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നായിരുന്നു ബ്രിട്ടീഷ് അധികൃതര്‍ ഈ പരസ്യം നിരോധിക്കുവാന്‍ ഉള്ള കാരണം. - ഗീതു Labels: geethu |
02 January 2009
താലിബാന് പെണ്‍കുട്ടികളെ ബലമായി വിവാഹം കഴിപ്പിക്കുന്നു
വിനോദ സഞ്ചാരികളുടെ പറുദീസ ആയി ഒരു കാലത്തു പ്രശസ്തം ആയിരുന്ന പാക്കിസ്ഥാനിലെ സ്വാറ്റ് താഴ്വര താലിബാന്‍ പോരാളികളുടെ പിടിയില്‍ ആയിട്ട് കുറെ കാലം ആയി. ജിഹാദിന്റെ പേരില്‍ തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് എതിര്‍ നില്‍ക്കുന്നവരുടെ തല വെട്ടിയും കൊന്നൊടുക്കിയും ഇക്കൂട്ടര്‍ ഈ പ്രദേശം അടക്കി വാഴുന്നു. കോഴിയെ കൊല്ലുന്നത് പോലെയാണ് താലിബാന്‍ മനുഷ്യരെ കൊന്നൊടുക്കുന്നത് എന്ന് പ്രൈമറി സ്കൂള്‍ അധ്യാപകയായ സല്‍മ പറയുന്നു. പാക്കിസ്ഥാനിലെ ഒരു പ്രമുഖ ദിന പത്രമായ ഡോണ്‍നു നല്കിയ ഒരു അഭിമുഖത്തില്‍ ആണ് ഈ വെളിപ്പെടുത്തല്‍. അടുത്തയിടെ ഒരു പുതിയ പ്രവണത കണ്ടു വരുന്നതായും ഇവര്‍ പറയുന്നു. പ്രായ പൂര്‍ത്തിയായ വിവാഹം കഴിക്കാത്ത പെണ്‍ കുട്ടികളുടെ അച്ഛന്‍മാര്‍ ഈ വിവരം അടുത്തുള്ള പള്ളിയില്‍ അറിയിക്കണം എന്ന് താലിബാന്‍ ഉത്തരവിട്ടുവത്രേ. ഈ പെണ്‍ കുട്ടികളെ താലിബാന്‍ പോരാളികള്‍ക്ക് വിവാഹം ചെയ്യാന്‍ വേണ്ടിയാണ് ഇത്. വിവാഹത്തിന് തയ്യാര്‍ ആവാത്തവരെ താലിബാന്റെ നേതൃത്വത്തില്‍ തങ്ങളുടെ പോരാളികളെ കൊണ്ടു ബലമായി കല്യാണം കഴിപ്പിക്കുന്നു എന്നും ഇവര്‍ വെളിപ്പെടുത്തി.
അഫ്ഘാനിസ്ഥാനില്‍ നടപ്പിലാക്കിയത് പോലെയുള്ള നിയന്ത്രണങ്ങള്‍ സ്ത്രീകള്‍ക്ക് മേലെ ഇവിടെയും താലിബാന്‍ നടപ്പിലാക്കിയിട്ടുണ്ട്. ഏഴ് വയസിനു മുകളില്‍ പ്രായമുള്ള പെണ്‍ കുട്ടികള്‍ക്ക് ഒറ്റയ്ക്ക് വീടിനു പുറത്തിറങ്ങാന്‍ വിലക്കുണ്ട്. വിലക്ക് ലംഘിച്ചു വീടിനു പുറത്തിറങ്ങുന്ന പെണ്‍ കുട്ടികളെ ഇവര്‍ വധിക്കുന്നു. സ്ത്രീകള്‍ വീടിനു പുറത്തിറങ്ങുന്നത് ബന്ധുവായ ഒരു പുരുഷന്റെ അടമ്പടിയോടു കൂടെ മാത്രം ആയിരിക്കണം. കൈയില്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് കരുതുകയും വേണം. വിവാഹിതരായ ദമ്പതികള്‍ വീടിനു പുറത്തിറങ്ങുമ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. സ്ത്രീകളുടെ വിദ്യാഭ്യാസം താലിബാന്‍ നേരത്തെ തന്നെ നിരോധിച്ചിരുന്നു. ഇതോടൊപ്പം സ്ത്രീകള്‍ ജോലി ചെയ്യുന്നത് കൂടി നിരോധിച്ചത് സല്‍മയുടെ വിദ്യാര്‍ത്ഥിനികളെ കൂടാതെ സഹ പ്രവര്‍ത്തകരായ അധ്യപികമാരെയും കൂടെ കടുത്ത പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നു. വൃദ്ധരായ മാതാ പിതാക്കള്‍ മാത്രം വീട്ടില്‍ ഉള്ള ഇവരില്‍ പലരും കുടുംബത്തിന്റെ ഏക ആശ്രയം ആണ്. ഇവര്‍ക്ക് ജോലി നഷ്ടപെട്ടാല്‍ ഇവരുടെ കുടുംബത്തിന്റെ കാര്യം പ്രതിസന്ധിയില്‍ ആവും. ഈ കാര്യങ്ങള്‍ പറഞ്ഞ് ഇവരുടെ പ്രശ്നങ്ങള്‍ എഴുതി കൊടുക്കുവാന്‍ ഇവരുടെ പ്രധാന അധ്യാപകന്‍ ഇവരോട് ആവശ്യപ്പെ ട്ടിട്ടുണ്ടത്രേ. ഇത് ഇവര്‍ താലിബാന് അയച്ചു കൊടുത്തു നിയന്ത്രണത്തില്‍ എന്തെങ്കിലും ഇളവ് നേടാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇതിന് പോലും പലര്‍ക്കും ഭയമാണ്. മുന്‍പ് ഇതു പോലെ പെണ്‍ കുട്ടികളുടെ വിദ്യാഭ്യാസത്തെ അനുകൂലിച്ച ബഖ്ത് സേബ എന്ന ഒരു വനിതാ പ്രവര്‍ത്തകയോട് താലിബാന്‍ ഉടന്‍ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇവര്‍ അശരണരായ പെണ്‍ കുട്ടികളുടെ വിവാഹ ചെലവുകള്‍ക്ക് ഉള്ള പണം സ്വരൂപിച്ചു നല്‍കുകയും ദരിദ്രരായ പെണ്‍ കുട്ടികള്‍ക്ക് യൂനിഫോര്‍മും പുസ്തകങ്ങളും മറ്റും എത്തിച്ചു കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇത്തരം എല്ലാ പ്രവര്‍ത്തനങ്ങളും താലിബാന്‍ അനാശാസ്യം എന്ന് മുദ്ര കുത്തിയാണ് സ്ത്രീകളെ അടക്കി നിര്‍ത്തുന്നത്. താലിബാന്റെ ഭീഷണിക്ക് മുന്‍പില്‍ വഴങ്ങാഞ്ഞ ഇവരെ അടുത്ത ദിവസം വീട്ടിലെത്തി വെടി വെച്ചു കൊല്ലുകയായിരുന്നു. ജോലിക്ക് പോയിരുന്ന പന്ത്രണ്ടോളം സ്ത്രീകളെ ഇതു പോലെ "അനാശാസ്യം" എന്ന് മുദ്ര കുത്തി താലിബാന്‍ തന്റെ ഗ്രാമത്തില്‍ കൊന്നൊടുക്കി എന്ന് പേര് വെളിപ്പെടുത്താന്‍ ഭയമുള്ള ഒരു വനിതാ പ്രവര്‍ത്തക പറഞ്ഞു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. - ഗീതു Labels: geethu 2 Comments:
Links to this post: |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്