22 September 2009

മുല്ലപ്പെരിയാര്‍ സര്‍‌വ്വേ അനുമതി - കേരളത്തിന് വന്‍ പ്രതീക്ഷ

mullaperiyar-damമുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതിന് സര്‍വേ നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയത് കേരളത്തിലെ ജനങ്ങള്‍ക്ക് വന്‍ പ്രതീക്ഷയും ആശ്വാസവുമാണ് നല്‍കിയി രിക്കുന്നത്. ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര വന്യ മൃഗ സംരക്ഷണ ബോര്‍ഡ് യോഗമാണ് ഇതു സംബന്ധിച്ച തീരുമാന മെടുത്തത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി‍ ജനങ്ങളുടെ ജീവനും സ്വത്തിനും സം‌രക്ഷണം നല്‍കാന്‍ പുതിയ അണക്കെട്ട് മാത്രമെ പോം‌വഴി യുള്ളുവെന്ന് കേരള നിയമസഭ ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ള അണക്കെട്ടിനു ആയിരം അടി താഴെ 500 മീറ്റര്‍ നീളത്തിലും 50 മീറ്റര്‍ വീതിയിലുമാണ് പുതിയത് നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്നത്.
 
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അപകടകരമായ സ്ഥിതിയെ പ്പറ്റിയോ, അത് തകര്‍‍ന്നാ ലുണ്ടാകുന്ന വന്‍ ദുരന്തത്തെ പ്പറ്റി തമിഴ് നാടിനോ, സുപ്രീം കോടതിക്കോ യാതൊരു വേവലാതിയും ഇല്ലെന്നത് അവരുടെ വാക്കുകളിലും പ്രവര്‍‍ത്തിയിലും കാണുന്നുണ്ട്. അപകടാ വസ്ഥയിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും കൂട്ടണമെന്ന‍ സുപ്രീം കോടതി വിധി കേരളത്തിലെ ജനങ്ങളുടെ ജീവനു യാതൊരു വിലയും കല്‍പിക്കു ന്നില്ലായെ ന്നതിന്റെ തെളിവായിരുന്നു‌. നീതിയും നിയമവും മനുഷ്യന്റെ രക്ഷക്കാ യിരിക്ക ണമെന്ന നിഗമനത്തെയും കാഴ്ചപ്പാടിനെയും ഈ വിധി അപ്പാടെ നിരാകരിക്കുന്നു.
 
111 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ചുണ്ണാമ്പും മണലും ശര്‍ക്കരയും ചേര്‍ത്ത മിശ്രിതം കൊണ്ട്‌ പണി തീര്‍ത്തതാണത്രെ. ഈ അണക്കെട്ടിനാണ്‌ 999 വര്‍ഷത്തെ കരാര്‍ ഉണ്ടാക്കി യിട്ടുള്ളത്‌. ഇതിനു പിന്നിലുള്ള കാപട്യം വിശേഷ ബുദ്ധിയുള്ള വര്‍ക്കൊക്കെ അറിയാവു ന്നതാണ്‌. സാങ്കേതിക വിദ്യ അത്രയ്ക്ക്‌ ഒന്നും വികസിച്ചി ട്ടില്ലാത്ത കാലഘട്ട ത്തില്‍ നിര്‍മ്മിച്ച ഒരു അണക്കെട്ട്‌ ഇത്രയും കാലം നില നിന്നതു തന്നെ അദ്ഭുതമാണ്‌. ഈ അണക്കെട്ടിന്റെ ബല ക്ഷയത്തെ പ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട്‌ ഏകദേശം 30 വര്‍ഷം ആയിരിക്കുന്നു.
 
അത്യന്താധുനിക സാങ്കേതിക മികവൊടെ നിര്‍മ്മിക്കുന്ന ഡാമുകള്‍ക്കു പോലും 50 - 60 വര്‍ഷത്തെ ആയുസ് മാത്രമെ കണക്കാക്കാറുള്ളു. ആ കണക്കിന് 111 വര്‍ഷം പഴക്കമുള്ള അണക്കെട്ടിന് ബല ക്ഷയം സംഭവിച്ചിട്ടുണ്ട്‌ എന്ന നിഗമനം തള്ളി ക്കളയാന്‍ ആര്‍ക്കും കഴിയില്ല. എന്നിട്ടും ഇന്ത്യയുടെ പരമോന്നത നീതി പീഠത്തിന് മനസ്സിലായി ട്ടില്ലായെന്നത്‌ ആശ്ചര്യ ജനകമാണ്‌. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജല നിരപ്പ്‌ 138 അടിയില്‍ നിന്നും ഉയര്‍ന്നു കൊണ്ടിരിക്കുന്നത്‌ പെരിയാറിന്റെ തീരങ്ങളില്‍ താമസിക്കുന്ന ലക്ഷ ക്കണക്കിന് ജനങ്ങളെ അത്യന്തം ഭീതിയില്‍ ആഴ്‌ത്തി യിരിക്കുകയാണ്‌.
 
കേരളത്തിലെ ലക്ഷ ക്കണക്കിന് ജനങ്ങള്‍ക്ക്‌ ജീവ ഹാനി സംഭവിക്കാവുന്ന മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സുപ്രീം കോടതിയും തമിഴ്‌ നാട്‌ സര്‍ക്കാരും കൈ ക്കൊള്ളുന്ന നിലപാട്‌ ഏറെ വേദനാ ജനകമാണ്‌. കേരളത്തിലെ ജനങ്ങള്‍ക്ക്‌ എന്തു സംഭവിച്ചാലും തരക്കേടില്ല, തമിഴ്‌ നാടിന് വെള്ളം മാത്രം കിട്ടിയാല്‍ മതിയെന്ന നിലപാടിന് അനുകൂലമായ വിധിയാണ്‌ സുപ്രീം കോടതിയില്‍ നിന്നും വന്നിട്ടുള്ളത്‌. തമിഴ്‌ നാടിന് കേരളത്തില്‍ നിന്നുള്ള ഒരു നദിയിലെ വെള്ളം മുഴുവന്‍ കൊടുത്തിട്ടും ആ സംസ്ഥാനത്തിലെ ജനങ്ങള്‍ക്ക് ജീവ ഹാനി സംഭവിക്കാവുന്ന രീതിയിലേയ്ക്ക്‌ ഡാമിന്റെ സ്ഥിതി അപകടത്തില്‍ ആയിട്ടു പോലും അത്‌ അംഗീകരി ക്കാത്ത നിഷേധാത്മക നിലപാടാണ്‌ തമിഴ്‌ നാട്‌ കൈ ക്കൊണ്ടിട്ടുള്ളത്‌. ഇത്‌ രണ്ടു സംസ്ഥാനങ്ങള്‍ തമ്മിലുള്ള നല്ല ബന്ധം തുടര്‍ന്നു കൊണ്ടു പോകാന്‍ സഹായകരമല്ല എന്നത് പറയേണ്ടി യിരിക്കുന്നു.
 
കേരളത്തിന് പരമ പ്രധാനം കേരളത്തിലെ ജനങ്ങളുടെ ജീവനാണ്‌. കേരളത്തിലെ ജനങ്ങളുടെ സുരക്ഷിത ത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന ഒന്നിനേയും അംഗീകരി ക്കാനുള്ള ബാധ്യത കേരളത്തിലെ ജനങ്ങള്‍ക്കോ സര്‍ക്കാറിനോ ഇല്ല. ഇത്‌ മിതമായ ഭാഷയില്‍ തമിഴ്‌ നാടിനേയും സുപ്രീം കോടതിയേയും എത്രയും പെട്ടെന്ന് അറിയിച്ചേ മതിയാകു. കേരളത്തിലെ ജനങ്ങള്‍ക്ക്‌ ദോഷ കരമായ യാതൊന്നും കേരള സര്‍ക്കാര്‍ കൈ ക്കൊള്ളില്ലായെന്ന ഉത്തമ ബോധ്യം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്‌. കേരള സര്‍ക്കാര്‍ എടുത്തിട്ടുള്ള പല നിലപാടുകളും ധീരവും പ്രശംസ നീയവുമാണ്‌.
 
മുല്ലപ്പെരിയാര്‍ അണ ക്കെട്ട്‌ തകരുന്ന സ്ഥിതി യുണ്ടായാല്‍ ഫലം ഭയാനക മായിരിക്കും. മുല്ലപ്പെരിയാര്‍ അണ ക്കെട്ടില്‍ നിന്ന് ഒഴുകുന്ന വെള്ളം ഉള്‍ക്കൊള്ളാന്‍ ഇടുക്കി അണ ക്കെട്ടിന് കഴിയില്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം.
 
മുല്ലപ്പെരിയാര്‍ അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ ദുരന്തത്തിന് ഇരയാകുന്നത്‌ ഇടുക്കി കോട്ടയം എറണാകുളം ആലപ്പുഴ പത്തനംതിട്ട തുടങ്ങിയ ജില്ലകളാണ്‌. അതു കൊണ്ടു തന്നെ ഈ പ്രശ്നത്തില്‍ വളരെ ഗൗരവമേറിയ നിലപാടുകളാണ്‌ സര്‍ക്കാറിന് സ്വീകരിക്കാനുള്ളത്‌. വെറും ജാഗ്രതാ നിര്‍ദ്ദേശം മാത്രം കൊടുത്താല്‍ പോരാ. വന്‍ ദുരന്തം മുന്നില്‍ കണ്ടു കൊണ്ടുള്ള മുന്‍ കരുതലുകള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും പരമാവധി സംരക്ഷണം ഉറപ്പു വരുത്തണം.
 
- നാരായണന്‍ വെളിയംകോട്
 
 

Labels:

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



19 September 2009

ആത്മ വിശുദ്ധിയുടെ ചെറിയ പെരുന്നാള്‍ - ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി

eid-ul-fitrഅല്ലാഹുവിനെ സ്തുതിച്ചും ആത്മ വിശുദ്ധിയുടെ കൈവല്ല്യത്തെ നമിച്ചും ആഹ്ലാദത്തിന്റെ അലയൊലികളില്‍ തുടിച്ചും, മുസ്ലിം സമുദായം ചെറിയ പെരുന്നാള്‍ തികവാര്‍ന്ന ഭക്തി ആദരങ്ങളോടെ ആഘോഷിക്കുകയാണ്.
 
മുസ്ലിംകള്‍ക്ക് പ്രധാനമായും രണ്ട് ആഘോഷങ്ങള്‍ ആണുള്ളത്. ഈദുല്‍ ഫിതര്‍ (ചെറിയ പെരുന്നാള്‍ ) മറ്റൊന്ന് ഈദുല്‍ അസ്ഹ, (ബലി പെരുന്നാള്‍ ). കൂടാതെ അന്ത്യ പ്രവാചകനായ മുഹമ്മദ്‌ നബി (സ) യുടെ ജന്മ ദിനത്തേയും ലോക മുസ്ലിംകള്‍ ആഘോഷമായി കൊണ്ടാടുന്നു.
 
പെരുന്നാള്‍ ദിനത്തിലെ പ്രധാനമായ രണ്ട് ആരാധനകളാണ് പെരുന്നാള്‍ നിസ്കാരവും ഫിതര്‍ സകാത്തും. ഹിജ്റ രണ്ടാം വര്‍ഷമാണ്‌ ഇവ ഇസ്ലാം മതത്തില്‍ നിയമ മായത്. സമ്പന്നര്‍ പെരുന്നാള്‍ ദിവസം വിഭവ സമൃദ്ധമായ ആഹാരങ്ങള്‍ കഴിക്കുമ്പോള്‍, സാധുക്കളെ പെരുന്നാള്‍ സുഭിക്ഷമായി ആഘോഷിക്കാന്‍ ഉപകരിക്കുന്നതിന് ഇസ്ലാം പ്രയോഗ വല്‍ക്കരിച്ച ഒരു വിശിഷ്ട പദ്ധതിയാണ് ഫിതര്‍ സക്കാത്ത്‌.
 
ഫിതര്‍ സക്കാത്ത്‌
 
ആര്‍ക്ക് വേണ്ടി കൊടുക്കുന്നുവോ അയാളുടെ നാട്ടിലെ മുഖ്യ ആഹാരമാണ് ഫിതര്‍ സക്കാത്തായി സാധുക്കള്‍ക്ക് വിതരണം ചെയ്യേണ്ടത്‌ (കേരളീയര്‍ അരി). ഒരാള്‍ക്ക്‌ ഒരു സാഹ് വീതമാണ് കൊടുക്കേണ്ടത്‌. ഒരു സാഹ് എന്നാല്‍ മൂന്നു ലിറ്ററും ഇരുന്നൂര്‍ മില്ലി ലിറ്ററുമാണ്. സുമാര്‍ രണ്ടര കിലോ ഗ്രാം തൂക്കം വരും. പക്ഷെ ഇസ്ലാം ഇവിടെ തൂക്കമല്ല പറഞ്ഞിരിക്കുന്നത് അതിനാല്‍ അളവാണ് കണക്കാക്കേണ്ടത്‌. ഏക ദേശം തൂക്കം പറഞ്ഞു എന്ന് മാത്രം. എന്നാല്‍ അരിയുടെ വില കൊടുത്താല്‍ മതിയാകയില്ല (ശാഫി മദ്ഹബ് പ്രകാരം).
 
അവനും അവന്‍ ചിലവ് കൊടുക്കല്‍ നിര്‍ബന്ധമായ ഭാര്യ, സന്താനങ്ങള്‍, തുടങ്ങിയവര്‍ക്കും വേണ്ടി ഒരു ‘സാഹ്’ വീതം ഭക്ഷണ സാധനം ദാനം ചെയ്യേണ്ടതാണ്. അപ്പോള്‍ ഒരു വീട്ടിലെ പത്ത്‌ പേരടങ്ങുന്ന ഒരു ഗൃഹ നാഥന്‍ അവനടക്കമുള്ള പത്ത്‌ പേര്‍ക്ക് വേണ്ടിയും പത്ത്‌ സാഹ് സുമാര്‍ ഇരുപത്തി അഞ്ച് കിലോ ഗ്രാം അരി ദരിദ്രര്‍ക്ക് വിതരണം ചെയ്യല്‍ നിര്‍ബന്ധമാണ്‌.
 
പരിശുദ്ധ ശവ്വാല്‍ മാസപ്പിറവി കണ്ടത് മുതല്‍ ഇത് നിര്‍ബന്ധമാകും. ഫിതര്‍ സക്കാത്ത്‌ പെരുന്നാള്‍ നിസ്കാരത്തിനു മുമ്പ്‌ കൊടുത്ത് വീടേണ്ടതാണ്‌. പെരുന്നാള്‍ ദിവസത്തിന്റെ പിറ്റേ ദിവസത്തേക്ക് മാറ്റി വെക്കാന്‍ പാടില്ല.
 
പെരുന്നാള്‍ നിസ്കാരം
 
പെരുന്നാള്‍ നിസ്കാരം രണ്ട്‌ റകഹത്താണ്. “ചെറിയ പെരുന്നാള്‍ സുന്നത്ത്‌ നിസ്കാരം രണ്ട്‌ റകഹത്ത്‌ ഞാന്‍ നിസ്കരിക്കുന്നു” എന്ന നിയ്യത്തോട് തക്ബീറത്തുല്‍ ഇഹ്റാം ചൊല്ലി വജ്ജ ഹ്ത്ത് ഓതിയ ശേഷം ഏഴ് തക്ബീര്‍ ചൊല്ലണം. പിന്നീട് ഫാത്‌ ഹയും സൂറത്തും ഓതി രണ്ടാം റകത്തില്‍ ഫാതിഹക്ക് മുമ്പായി അഞ്ചും തക്ബീര്‍ ചൊല്ലുക. ബാക്കി എല്ലാം സാധാരണ നിസ്കാരം പോലെ നിര്‍വഹിക്കുക. നിസ്കാരാനന്തരം ഇമാം ഖുത്ത്ബ നിര്‍വഹിക്കുന്നു. ഇതാണ് ചെറിയ പെരുന്നാള്‍ നിസ്കാരത്തിന്റെ ഹ്രസ്വ മായ വിവരണം.
 
ഈദ്‌ കേവലം ഒരു ആഘോഷമല്ല. കുടിച്ചും, പുകച്ചും, കളിച്ചും, മദിച്ചും ആഘോഷിക്കാനുള്ളതല്ല ഈ പെരുന്നാള്‍. ഒരു മാസത്തെ വ്രതാനുഷ്ടാനം കൊണ്ട് നേടിയെടുത്ത ആത്മ വിശുദ്ധിയെയും ഉല്‍ക്കര്‍ഷതയെയും കെടുത്തി കളയുന്ന ഒരു പ്രവണതയിലും നാം പങ്കാളികള്‍ ആവരുത്. പാപ പങ്കിലമായ ഇന്നലെകളെ ഓര്‍ത്ത്‌ നാം ഖേദിക്കുകയും പാപ മുക്തമായ ഒരു നാളെയെ നാം സൃഷ്ടി ക്കുകയും വേണം. അതായിരിക്കട്ടെ ഈ ഈദ്‌ നമുക്ക് നല്‍കുന്ന പ്രചോദനം.
 
അല്ലാഹു അക്ബര്‍ അല്ലാഹു അക്ബര്‍ അള്ളാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്‌
 
Aloor-Mahmood-Haji
 
- ആലൂര്‍ ടി.എ. മഹമൂദ്‌ ഹാജി, ദുബായ്‌
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

വളരെ ഉപകാരപ്രദം,
ഒരു പാടു നന്ദി,
ആലൂര് ഹാജിയിൽ നിന്നും ഇനിയും പ്രതീക്ഷിക്കുന്നു
സ്നേഹട്ത്തേടെ നിഷാര് അഗലാട് & ലത്തീഫ് കോലയിൽ

September 20, 2009 10:46 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



15 September 2009

കേരളത്തെ മദ്യം കുടിക്കുന്നു - നാരായണന്‍ വെളിയംകോട്

mohanlalകേരളിയ സമൂഹത്തില്‍ മദ്യം ഇന്ന് ഒരു മഹാ വിപത്തായി മാറി ക്കഴിഞ്ഞിരിക്കുന്നു. ആഘോഷങ്ങള്‍ ആഹ്ലാദ പ്രദമാക്കാന്‍ മദ്യം ഇന്ന് ഒഴിച്ചു കൂടാന്‍ പറ്റാത്ത വസ്തുവായി മാറിയിരിക്കുന്നു. ഓണവും, വിഷുവും, പെരുന്നാളും, ക്രിസ്തുമസ്സും എന്തിനേറെ, ഹര്‍ത്താലുകള്‍ പോലും മദ്യോത്സ വങ്ങളാക്കി മാറ്റാനാണ് ജനങ്ങള്‍ ശ്രമിക്കുന്നത്. ഓരോ ഉത്സവ കാലഘട്ടങ്ങളിലും കോടികളുടെ മദ്യമാണ് വിറ്റഴിക്കപ്പെടുന്നത്. ഇത് നാള്‍ക്ക് നാള്‍ വര്‍ധിച്ചു കൊണ്ടിരിക്കുന്നു. കേരളത്തില്‍ ജാതി - മത - രാഷ്ട്രിയ ഭേദമന്യേ ജനങ്ങള്‍ മദ്യത്തിന്ന് അടിമപ്പെട്ടു കൊണ്ടിരിക്കുന്നു. കേരളത്തില്‍ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന എല്ലാ വിധ ഗുണ്ടാ വിളയാട്ടങ്ങള്‍ക്കും അക്രമ - അനാശ്യാസ പ്രവര്‍ത്തന ങ്ങള്‍ക്കുമുള്ള ഇന്ധനമായി മദ്യം മാറുന്നു വെന്നതാണ് യാഥാര്‍ത്ഥ്യം.
 
ലോകത്ത് മിക്കവാറും എല്ലാ സ്ഥലങ്ങളിലും മദ്യം ലഭിക്കുന്നുണ്ട്, ഉപയോഗി ക്കുന്നവരുടെ എണ്ണവും വളരെ കൂടുതലാണ്. എന്നാല്‍ കേരളത്തിലേതു പോലെ മദ്യാസക്തിയും ആര്‍ത്തിയുമുള്ള ജനങ്ങളെ വെറെ എവിടെയും കാണാന്‍ കഴിയില്ല. മദ്യ ഷാപ്പുകള്‍‍ക്ക് മുന്നില്‍ മണിക്കൂറുകളോളം ക്ഷമയോടു കൂടി ക്യു നിന്നും, അനധികൃതമായി എളുപ്പ വഴിലൂടെ കിട്ടുന്ന വ്യാജനും വാങ്ങിക്കുടിച്ച് എന്തും ചെയ്യാമെന്ന രിതിയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തുന്നത് അവസാനിപ്പി ക്കേണ്ടതായിട്ടുണ്ട്.
 
പണ്ടൊക്കെ മദ്യപിക്കു ന്നവര്‍ക്ക് സമൂഹം അത്ര വലിയ മാന്യതയൊന്നും കല്പിച്ചിരു ന്നില്ലെങ്കിലും ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. ആദ്യമൊക്കെ മുതിര്‍ന്നവരുടെ ഇടയില്‍ മാത്രം കണ്ടിരുന്ന ഈ പ്രവണത ഇന്ന് ചെറുപ്പക്കാരുടെയും വിദ്യാര്‍ത്ഥികളുടെയും സ്ത്രീകളുടെയും ഇടയിലേക്കും പടര്‍ന്നിരിക്കുന്നു. മദ്യത്തിന്റെ ലഹരിക്ക് അടിമപ്പെ ടുന്നവരുടെ എണ്ണം ദിനം പ്രതി കൂടി വരുന്നു. കേരളത്തിലെ സല്‍ക്കാരങ്ങളില്‍ മദ്യം ഒഴിച്ചു കൂടാന്‍ പറ്റാത്ത വസ്തുവായി മാറി ക്കഴിഞ്ഞിരിക്കുന്നു. വീട്ടില്‍ അച്ഛനും മക്കളും അമ്മയും എല്ലാം ഒന്നിച്ചിരുന്ന് മദ്യം കഴിക്കുന്ന സംസ്കാരം വളര്‍ന്ന് കഴിഞ്ഞിരിക്കുന്നു. മദ്യത്തിന്റെ ലഹരിയില്‍ രക്ത ബന്ധം പോലും മറക്കുന്ന അപകടകരമായ അവസ്ഥ അരാജകത്വത്തിന്റെ പടുകുഴി യിലേക്കാണ് നാടിനെ നയിക്കുന്നത്.
 
മദ്യത്തിന്റെ അമിതമായ ഉപയോഗം അക്രമങ്ങളും അനാശാസ്യ പ്രവര്‍ത്തനങ്ങളും മാത്രമല്ല പരിപാവനമായ നമ്മുടെ കുടുംബ ബന്ധങ്ങളെ പ്പോലും തകര്‍ക്കുന്നുണ്ട്. നിരവധി കുടുംബങ്ങളെ നിത്യ ദാരിദ്ര്യത്തിലേക്ക് നയിക്കുകയും, ഒട്ടനവധി പേരെ നിത്യ രോഗികളാക്കി മാറ്റാനും മദ്യത്തിന്റെ അമിതമായ ഉപയോഗം കാരണമായിട്ടുണ്ട്. കാലാ കാലങ്ങളില്‍ സര്‍ക്കാറിന് കോടികള്‍ ലാഭം കിട്ടുന്നുണ്ടെങ്കിലും അതിലും കൂടുതല്‍ മദ്യം മൂലമുണ്ടാകുന്ന നിത്യ രോഗികളുടെ ചികിത്സക്കായി സര്‍ക്കാര്‍ ചിലവിടേണ്ടതായി വരുന്നുണ്ട്. മാത്രമല്ല, കേരളത്തി ലുണ്ടാകുന്ന വാഹന അപകടങ്ങളില്‍ ഏറിയ പങ്കും മദ്യപിച്ച് വാഹനം ഓടിച്ചതിന്റെ ഫലമായിട്ടാണ് എന്നതാണ് യാഥാര്‍ത്ഥ്യം. വീര്യം കൂട്ടാന്‍ വ്യാജ മദ്യവും വ്യാജ സ്പിരിറ്റും കഴിച്ച് ആരോഗ്യം നശിപ്പിക്കുന്ന ജനങ്ങളെ അതില്‍ നിന്ന് പിന്തിരിപ്പി ക്കേണ്ടതായിട്ടുണ്ട്. ജനങ്ങളെ അപകടകരമായ ഈ മദ്യാസക്തിയില്‍ നിന്ന് മോചിപ്പിക്കാന്‍ ശക്തമായ നിലപാടുകളുമായി സര്‍ക്കാറും സന്നദ്ധ സംഘടനകളും ആത്മാര്‍ത്ഥമായി പരിശ്രമിക്കേ ണ്ടതായിട്ടുണ്ട്.
 
മദ്യം നിരോധിച്ച് ഈ മഹാ വിപത്തിനെ നേരിടാമെന്ന് കരുതുന്നവര്‍ ഇന്നും നമ്മുടെ നാട്ടിലുണ്ട്. ഇത് പ്രായോഗി കമല്ലെന്ന് നാം തിരിച്ചറിഞ്ഞിട്ടും ഇതിന്റെ പിന്നാലെ പോകുന്നത് യാഥാര്‍‍ത്ഥ്യ ങ്ങളില്‍ നിന്ന് ഒളിച്ചോടു ന്നതിന് തുല്യമാണ്. ഇന്ത്യയില്‍ പല സ്ഥലത്തും പലപ്പോഴായി മദ്യ നിരോധനം കൊണ്ടു വന്നെങ്കിലും അതൊന്നും ഫലപ്രദ മായില്ലായെ ന്നതാണ് വസ്തുത. മദ്യം മനുഷ്യനെ കുടിക്കുന്ന ഈ അവസ്ഥ മാറ്റിയെടുക്കാന്‍ വിവേകവും വിശേഷ ബുദ്ധിയുമുള്ള കേരളത്തിലെ ജനങ്ങള്‍ക്ക് കഴിയണം. കേരളത്തിലെ യുവ ജനങ്ങളിലും വിദ്യാര്‍ത്ഥി കളിലും കണ്ടു വരുന്ന മദ്യത്തിന്റെ അമിതമായ ഉപയോഗത്തില്‍ നിന്ന് അവരെ പിന്തിരിപ്പിക്കാന്‍ കേരളത്തിലെ യുവ ജന പ്രസ്ഥാനങ്ങള്‍ക്ക് കഴിയണം. മദ്യത്തിന്റെ അമിതമായ ഉപയോഗം ആരോഗ്യത്തിന് ഹാനികരം മാത്രമല്ല നാടിന് അപമാന കരമാണെന്നും അവരെ ബോധ്യ പ്പെടുത്താനുള്ള ബോധവല്‍ക്കരണവും അനിവാര്യമാണ്.
 
narayanan-veliyancode
 
- നാരായണന്‍ വെളിയംകോട്
 
 

Labels:

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

വളരെ നന്നായിടുണ്ടു ,താങ്കളിൽ നിന്നും ഇനിയും ഒരു പാടു പ്രതീക്ഷിക്കുന്നു.
സ്നേഹതൊടേ നിഷാർ അഗലാട്.

September 16, 2009 5:18 PM  

നല്ല ലേഖനം. കാലോചിതം. ഇനിയും ഇത്തരം എഴുത്ത്‌ പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ
രാജശേഖരന്‍, തിരുവനന്തപുരം.

September 19, 2009 8:19 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



13 September 2009

പ്രതിമകള്‍ ആര്‍ക്കു വേണ്ടി?

mayawatiമണ്മറഞ്ഞ മഹാന്മാരുടേയും മഹതികളുടേയും പ്രതിമകള്‍ കോണ്ട്‌ സമൃദ്ധമാണ്‌ ഇന്ത്യാ മഹാ രാജ്യം. ഗാന്ധിജിയ്ക്കാണെന്ന് തോന്നുന്നു ഇക്കാര്യത്തില്‍ ഒന്നാം സ്ഥാനം. ഒരു ജനത അവര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച മഹാത്മാക്കളുടെ ഓര്‍മ്മയ്ക്കായി സമര്‍പ്പിക്കു ന്നതാണ്‌ പലപ്പോഴും ഇത്തരം പ്രതിമകള്‍.
 
കാലം മാറിയതോടെ പ്രതിമ സ്ഥാപിക്കുന്ന സങ്കല്‍പ്പത്തിന്‌ അപചയം സംഭവിക്കുവാന്‍ തുടങ്ങി. പ്രതിമയാ ക്കപ്പെടുന്ന വ്യക്തിയുടെ മഹത്വമോ സമൂഹത്തിനു നല്‍കിയ സംഭാവനയോ അല്ലാതെ പ്രസ്തുത വ്യക്തി തന്റെ സമുദായത്തിനു / രാഷ്ടീയ പ്രസ്ഥനത്തിനു എന്തു സംഭാവന നല്‍കി, അവര്‍ക്കുള്ള അധികാരത്തിന്റെ അളവ്‌ എന്ത്‌ എന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ ചുരുങ്ങുവാന്‍ തുടങ്ങി. മറ്റു ചിലവ "പ്രതിമാ പ്രതിഷ്ഠകളും" ആയി. അനുയായികള്‍ നാടൊട്ടുക്ക്‌ പ്രതിമ സ്ഥാപിക്കുവാന്‍ തുടങ്ങുകയും എതിര്‍ വിഭാഗക്കാര്‍ അതിന്മേല്‍ ചെരിപ്പു മാലകളിടുകയോ കേടു വരുത്തുകയോ ചെയ്യുവാനും തുടങ്ങി. അതോടെ സ്വാഭാവികമായും ചില പ്രതിമകളെങ്കിലും ഒരു സാമൂഹിക ശല്യമാകുവാനും തുടങ്ങി. പൊതു ജനത്തിന്റെ സ്വൈര്യ ജീവിതത്തിനും പൊതു ഖജനാവിനും ഇത്തരം പ്രതിമകള്‍ ഒരു ബാധ്യതയായി മാറി.
 
ജനങ്ങള്‍ക്കു ചെയ്ത സേവനങ്ങളുടെ പേരില്‍ അവര്‍ ആദര സൂചകമായി തന്റെ പ്രതിമ സ്ഥാപിക്കുന്ന അവസ്ഥ ബുദ്ധിമുട്ടാണെന്ന് കണ്ടതോടെ പലരും സ്വയം പ്രതിമാ നിര്‍മ്മാണത്തിനായി മുന്നോട്ടിറങ്ങി. ഇത്തരത്തില്‍ കോടികള്‍ ചിലവിട്ട്‌ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായ കുമാരി മായാവതി തന്റേയും തന്റെ പാര്‍ട്ടി ചിഹ്നമായ ആനയുടേയുമടക്കം പ്രതിമ സ്ഥാപിക്കുവാന്‍ മുന്നോട്ടു വന്നപ്പോള്‍ സ്വാഭാവികമായും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നു.
 

mayawati-statues

മായാവതിയുടെ പ്രതിമകള്‍

 
ഭാര്യയേയും കുട്ടികളേയും തുച്ഛമായ വിലക്ക്‌ വിറ്റു ജീവിതം മുന്നോട്ടു നീക്കുന്ന ദരിദ്ര നാരായണന്മാരുടെ സ്വന്തം നാടായ ഉത്തര്‍പ്രദേശില്‍ കോടികള്‍ ചിലവിട്ട്‌ ഇത്തരം ഒരു പ്രതിമാ നിര്‍മ്മാണം നടത്തുവാന്‍ ഉണ്ടായ ചേതോ വികാരം എന്തായാലും അത്‌ തികച്ചും അപലപനീയം തന്നെ. പ്രതിമകളും സ്മാരകങ്ങളും അടക്കം ഏകദേശം മൂവ്വായിരം കോടി രൂപയാണിതിനു നീക്കി വെച്ചതെന്ന് കേള്‍ക്കുമ്പോള്‍ അന്നാട്ടുകാരോട്‌ സഹതാപമേ തോന്നൂ. ബ്രാഹ്മണരുടെ കൊടും അവഗണനകള്‍ക്ക്‌ അറുതി വരുത്തുവാന്‍ ഉയര്‍ന്നു വന്ന സ്ത്രീ ജന്മം എന്ന് കരുതി ദളിതുകള്‍ക്ക്‌ ഇവരില്‍ വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ ആ ദളിതുകള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നു വന്ന വനിത തന്നെ "ഈ കൊടും ക്രൂരതയ്ക്കു" മുതിരുമ്പോള്‍ അവരുടെ പ്രതീക്ഷകള്‍ക്ക്‌ മേല്‍ നിഴല്‍ വീഴുകയായിരുന്നു.
 
ഒടുവില്‍ സുപ്രീം കോടതി ഇടപെട്ട്‌ പ്രസ്തുത പ്രതിമാ നിര്‍മ്മാണ മഹാമഹം നിര്‍ത്തി വെച്ചപ്പോള്‍ തീര്‍ച്ചയായും അതവര്‍ക്ക്‌ ഒരു ആശ്വാസമായി ക്കാണും. ജനാധിപത്യം നല്‍കുന്ന അധികാരത്തെയും സര്‍ക്കാര്‍ ഖജനാവിലെ കോടികളെയും സ്വന്തം പ്രശസ്തിയ്ക്കും പ്രതിമാ നിര്‍മ്മാണ ത്തിനുമൊക്കെ ചിലവിടുന്ന ഭരണാധി കാരികള്‍ക്ക്‌ ഇതൊരു മുന്നറിയിപ്പാണ്‌.
 
വില കൊടുത്തു വാങ്ങേണ്ടതല്ല ആദരവും, ജനസമ്മതിയും എന്നും, മറിച്ച്‌ ജനങ്ങള്‍ക്കും സമൂഹത്തിനും ചെയ്യുന്ന സേവനങ്ങളുടേയും ഭരണ പരമായ മികവിന്റേയും പകരമായി സ്വമേധയാ ലഭിയ്ക്കേണ്ടതാണെന്നും ഇനിയെങ്കിലും രാഷ്ടീയ സാമുദായിക നേതാക്കന്മാര്‍ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ജന / സമുദായ നേതാക്കന്മാര്‍ അവര്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാതെ ആഡംഭര ജീവിതം നയിക്കുകയും ജന മനസ്സുകളില്‍ "സ്ഥിര പ്രതിഷ്ഠ നേടുവാനായി" സര്‍ക്കാര്‍ ഖജനാവിലെ നികുതിപ്പണം ധൂര്‍ത്തടിച്ച്‌ പട്ടിണി ക്കോലങ്ങള്‍ക്ക്‌ മുമ്പില്‍ സ്വന്തം പ്രതിമകള്‍ പ്രതിഷ്ഠിക്കുന്നവരെ ജനം തിരസ്കരിക്കും എന്നതില്‍ യാതൊരു സംശയവും വേണ്ട. ഒരവസരം ലഭിച്ചാല്‍ തങ്ങളുടെ ദുരിത പൂര്‍ണ്ണമായ ജീവിതത്തെ നോക്കി കൊഞ്ഞനം കുത്തുന്ന ജന പ്രതിനിധികളുടെ പ്രതിമകളില്‍ ജനം കാര്‍ക്കിച്ചു തുപ്പും. പിന്നീട്‌ ചരിത്രത്തിന്റെ കുപ്പ ത്തൊട്ടികളില്‍ ആയിരിക്കും ഇത്തരക്കാരും ഇവരുടെ പ്രതിമകളും ഇടം പിടിക്കുക.
 
- എസ്. കുമാര്‍
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

kumarthante dalith virodham aanithiloode prakadippikkunnath. maayaavathiyepolullavarude prathimakal ethenkilumkaalath savarnar prathishtikkumo? illa.

appolavar thanne prathishtikkunnu.

dalith prathimakal pothusthlathu vekkunnath ayaale polullavarkk aswasthatha undaakkumaayirikkum.

savarna prathimakalkkoppam dalith prathimakalum irikkattenne..

September 19, 2009 2:16 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



11 September 2009

ഒരു “കുട്ടി” നടന്ന വഴികളിലൂടെ - ഒ.എസ്.എ. റഷീദ്

political-ahammed-kuttyപൊളിറ്റിക്കല്‍ കുട്ടി അല്ലെങ്കില്‍ കുട്ടി സാഹിബ് ... ഏത് പേരെടുത്ത് വിളിച്ചാലും, നിറഞ്ഞ സ്നേഹത്തോടെ നമ്മുടെ മുന്നില്‍ കുട്ടി എന്ന “അഹമ്മദ് കുട്ടി സീതി സാഹിബ്” എത്തിയിരിക്കും. പ്രായവും, ദുബായിലെ ഉഷ്ണ കാറ്റും വക വെക്കാതെ, ദേരയിലെ റിഗ്ഗ സ്ട്രീറ്റിലൂടെ അദ്ദേഹം നടന്ന് നീങ്ങുമ്പോള്‍, എതിരെ കടന്ന് വരുന്നവര്‍ക്ക് അവരവരുടെ ഭാഷയില്‍ അഭിവാദ്യം അര്‍പ്പിക്കുന്നു. അവര്‍ വളരെ സന്തോഷത്തോടെ ആദരവ് പ്രകടിപ്പിക്കുന്നു. കുശലം ചോദിക്കുന്നു.
 
എനിക്കത് വളരെ അത്ഭുതമായി തോന്നി. വാര്‍ദ്ധക്യം തലോടുന്ന വേളയിലും, ചുറു ചുറുക്കോടെ ഉള്ള ഈ പെരുമാറ്റം!
 

political-ahamed-kutty
അന്താരാഷ്ട്ര സാക്ഷരതാ ദിനത്തില്‍ പൊളിറ്റിക്കല്‍ കുട്ടിയെ ആദരിക്കുന്നു

 
കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ ഗള്‍ഫ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍, അന്താരാഷ്ട്ര സാക്ഷരതാ ദിനം ദുബായ് ദേരയിലെ ഫ്ലോറ ഗ്രാന്ഡ് ഹോട്ടലില്‍ നടക്കുന്ന വേളയിലാണ് ഞാന്‍ പൊളിറ്റിക്കല്‍ കുട്ടിയെ ആദ്യമായി നേരില്‍ കാണുന്നത്. മുമ്പ് ടെലിവിഷന്‍ ചാനലുകളില്‍ കൂടി ഇദ്ദേഹത്തെ കുറിച്ച് ഞാന്‍ അറിഞ്ഞിരുന്നു. ചടങ്ങില്‍ അദ്ദേഹത്തെ പ്രത്യേകം ആ‍ദരിച്ചു.
 

political-ahamed-kutty

 
അതിന് ശേഷമുള്ള നന്ദി പ്രസംഗത്തില്‍, ചുരുങ്ങിയ വാക്കുകളില്‍ സരസമായി അദ്ദേഹം സംസാരിച്ചു.
 

political-ahamed-kutty

 
ചടങ്ങ് കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തെ സമീപിച്ചു. എന്റെ ആഗമനോദ്ദേശം അറിയിച്ചു.
 
സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു: “വാ നമ്മുക്ക് കുറച്ച് നടക്കാം”.
 
ഇഷ്ടിക വിരിച്ച ഫുട്ട് പാത്തിലൂടെ ഞങ്ങള്‍ നടന്നു.
 
അറബി, ഇംഗ്ലീഷ്, ഹിന്ദി, പാര്‍സി, ഗുജറാത്തി, തുളു... തുടങ്ങി പതിനെട്ടോളം ഭാഷകള്‍ കൈകാര്യം ചെയ്യുന്ന ആളാണ് പൊളിറ്റിക്കല്‍ കുട്ടി സാഹിബ്.
 
വ്യത്യസ്തമായ ഈ പേരില്‍ അറിയപ്പെടാന്‍ കാരണം അദ്ദേഹത്തിന്റെ ജീവിത യാത്ര തന്നെയാണ്. 1953-ലാണ് കുട്ടി സാഹിബ് ദുബായില്‍ എത്തുന്നത്. ഇന്നത്തെ ദേരയിലെ ഹയാത്ത് റീജന്‍സി ഉളള ഇടത്ത് അന്ന് കടലായിരുന്നു. ബോംബെ യില്‍ നിന്ന് ഗുജറാത്ത് വഴി ലോഞ്ചി ലാണ് അദ്ദേഹം ദേരയില്‍ വന്നത്. പിന്നീട് അദ്ദേഹം അറബി കളുടെ ഇഷ്‌ട തോഴനായി. യു. എ. ഇ. യിലെ പല പ്രശസ്തരായ അറബികളും അദ്ദേഹത്തിന്റെ കളി കൂട്ടുകാരാണ്.
 

political-ahamed-kutty
ഒരു ആദ്യ കാല ചിത്രം

 
ഒരു നല്ല ഫുട്ബോള്‍ കളിക്കാരന്‍ കൂടിയായ ഇദ്ദേഹം, രാജ്യത്ത് ഫുട്ബോളിന്റെ പ്രചാരത്തിന് നല്ല പങ്ക് വഹിച്ചിട്ടുണ്ടെന്ന് പറയുമ്പോള്‍ അതിന്റെ അഭിമാനം ആ മുഖത്ത് വ്യക്തമാകു ന്നുണ്ടായിരുന്നു.
 
യു. എ. ഇ. യില്‍ വന്നിറങ്ങിയപ്പോള്‍ ആദ്യം ചെയ്ത പണി ചുമടെടുക്കലായിരുന്നു. ഇന്നത്തെ പോലെ ഏ. സി. വ്യാപകമല്ലാത്ത ആദ്യ കാലങ്ങളില്‍ ചൂടിന് ശമനം കിട്ടുവാന്‍ ചാക്ക് നനച്ച് അതിന് മുകളില്‍ കിടന്നിട്ടുണ്ട്.
 
പിന്നീട് അദ്ദേഹം ദോഹയിലേക്കും അവിടെ നിന്ന് ബഹറിനിലേക്കും പോകുകയുണ്ടായി.
 
ബഹറിനില്‍ വെച്ച് അദ്ദേഹം ഒരിക്കല്‍ സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായ ജവഹര്‍ ലാല്‍ നെഹ്രു വിനെ പരിചയപ്പെട്ട കഥ പറഞ്ഞു. അദ്ദേഹത്തിന്റെ ഏക മകള്‍ ഇന്ദിരാ ഗാന്ധിയും മക്കളും അന്ന് കൂടെ ഉണ്ടായിരുന്നു. സൌഹൃദത്തിന്റെ ഓര്‍മ്മക്കായി അന്ന് ഒരു ഫോട്ടോയുമെടുത്തു. നെഹ്രു കുടുംബത്തോടുള്ള സ്നേഹം അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞിരുന്നു.
 
ഇടയ്ക്ക് ഒരു സ്വകാര്യം പോലെ പറഞ്ഞു : “ഈ അടുത്ത കാലത്ത് കോണ്‍ഗ്രസ്സ്, രാഷ്ട്രീയമായ ചില പ്രതിസന്ധികളില്‍ പെട്ടപ്പോള്‍ സോണിയയ്ക്ക് ഞാനൊരു കത്തയച്ചു - നിങ്ങള്‍ മോത്തി ലാല്‍ നെഹ്രുവിന്റെ പേരകുട്ടിയാണ്, കരുത്ത് കാണിക്കുക, ധൈര്യപൂര്‍വ്വം മുന്നേറുക - എന്നതായിരുന്നു ഉള്ളടക്കം”
 
സോഷ്യലിസത്തില്‍ ഊന്നിയ നെഹ്രുവിന്റെ രാഷ്ട്രീയ ദര്‍ശനങ്ങളെ കുട്ടി സാഹിബ് ഇഷ്ടപ്പെടുന്നു.
 
കുറച്ച് കാലത്തെ സ്റ്റോര്‍കീപ്പറായുള്ള ജോലി വിരമിച്ച് ബഹറിനില്‍ നിന്ന് അഹമ്മദ് കുട്ടി സീതി പിന്നീട് കുവൈറ്റില്‍ എത്തി. അവിടെയും അധിക കാലം ഉണ്ടായില്ല. ഇറാഖിലും അത് വഴി ലണ്ടനിലും അദ്ദേഹം എത്തി.
 
ലണ്ടനില്‍ വെച്ച് അഹമ്മദ് കുട്ടി സീതി മറ്റൊരു പ്രശസ്ത വ്യക്തിയുമായി പരിചയപ്പെടാന്‍ ഇടയായി. ജവഹര്‍ലാല്‍ നെഹ്രുവിന്റെ ഉറ്റ മിത്രവും, സ്വാതന്ത്ര്യാനന്തരം ഇന്ത്യയുടെ അന്താരാഷ്ട്ര രംഗത്തെ ഇടപെടലുകള്‍ പ്രധാനമായും കൈകാര്യം ചെയ്തിരുന്ന വി. കെ. കൃഷ്ണ മേനോന്‍ ആയിരുന്നു അത്. “എന്നെ അദ്ദേഹത്തിന് വളരെ കാര്യമായിരുന്നു. മലബാര്‍ ബോയ് എന്നാണ് എന്നെ വിളിച്ചിരുന്നത്”, കുട്ടി ഓര്‍ത്തു.
 
ഇങ്ങിനെ പല ദേശങ്ങളിലേയും പ്രവാസങ്ങള്‍ക്ക് ശേഷം 1960 ല്‍ തിരിച്ച് വീണ്ടും യു. എ. ഇ. യില്‍ എത്തി. തനിക്ക് ഇഷ്ടപ്പെട്ട രാജ്യം ഏതെന്ന് ചോദിച്ചാല്‍ “ഹമാരാ ഇന്ത്യ” എന്നായിരിക്കും ഉത്തരം.
 
തനിക്ക് ഒരു പാട് അനുഭവങ്ങള്‍ സമ്മാനിച്ച യു. എ. ഇ. യോടുള്ള കടപ്പാടും അദ്ദേഹം മറച്ച് വെക്കുന്നില്ല.
 
ദുബായിലെ ബ്രിട്ടീഷ് പൊളിറ്റിക്കല്‍ ഏജന്‍സീസില്‍ ജോലി ചെയ്യുന്നതി നിടയിലാണ് അറബികളായ സുഹ്രുത്തുക്ക ള്‍ക്കിടയില്‍ അഹമ്മദ് കുട്ടി സീതി, പൊളിറ്റിക്കല്‍ കുട്ടി ആയത്.
 
പിന്നീട്, മറ്റു ദേശക്കാര്‍ക്കിടയിലും പൊളിറ്റിക്കല്‍ കുട്ടി പ്രിയപ്പെട്ടവനായി. 1972 ല്‍ പുതിയ മേച്ചില്‍ പുറങ്ങള്‍ തേടിയപ്പോഴും, തനിക്ക് ചാര്‍ത്തിയ നാമം കൂടെ തന്നെ ഉണ്ടായിരുന്നു.
 
അന്നത്തെ ദുബായ് മുനിസിപ്പാലിറ്റി ലൈസന്‍സ് വിഭാഗത്തില്‍, സീതിക്ക് ഒരു സുഹ്രുത്തുണ്ടായിരുന്നു - കമാല്‍ ഹംസ എന്ന സുഡാനി. ടൈപ്പിംഗ് സെന്റര്‍‍, ടൈലറിംഗ് ഷോപ്പ് തുടങ്ങി പല മേഖലകളിലും പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചപ്പോള്‍, തന്നെ കമാല്‍ ഹംസ വളരെയധികം സഹായിച്ചിരുന്നു എന്നത് അദ്ദേഹം നന്ദി പൂര്‍വ്വം സ്മരിക്കുന്നു.
 
യു. എ. ഇ. യിലെ മുന്‍ ഭരണ കര്‍ത്താക്കളില്‍ പലരും തന്റെ സുഹ്രുത്തുക്കളായിരുന്നു. ഫോട്ടോഗ്രാഫിയിലും പാചകത്തിലും നല്ല പ്രാവീണ്യമുണ്ട്.
 

political-ahamed-kutty
ചരിത്രം പതിയിരിക്കുന്ന തന്റെ ബാഗില്‍ നിന്നും കുട്ടി പുറത്തെടുക്കുന്ന പാസ്പോര്‍ട്ടുകള്‍ കൌതുകപൂര്‍വ്വം നോക്കി നില്‍ക്കുന്ന കാഴ്‌ച്ചക്കാര്‍

 
തന്റെ ബാഗ് നിറയെ പാസ്‌പോര്‍ട്ടുകളാണ്. പല ദേശങ്ങളുടെയും വിസകള്‍ അതില്‍ പതിപ്പിച്ചിട്ടുണ്ട്... പൊളിറ്റിക്കല്‍ കുട്ടി തന്റെ വിശേഷങ്ങള്‍ തുടരുന്നു.
 
ഇടയ്ക്ക് സംസാരം മുറിഞ്ഞു. അദ്ദേഹം പതുക്കെ കുനിഞ്ഞു. കണ്ട കാഴ്‌ച്ച എന്നില്‍ വീണ്ടും അത്ഭുതമുളവാക്കി...
 
സ്ട്രീറ്റില്‍ മെട്രൊ റെയില്‍വെ യുടെ പണിക്കിടെ അശ്രദ്ധമായി തൊഴിലാളികള്‍ കൂട്ടിയിട്ട ഇഷ്ടികകളിലൊന്ന് ഫുട്ട്പാത്തില്‍ വീണു കിടക്കുന്നു. അദ്ദേഹം അത് പതുക്കെ നീക്കിയിട്ടു - മറ്റു കാല്‍നട യാത്രക്കാര്‍ക്ക് തടസ്സങ്ങളില്ലാതെ നടന്ന് നീങ്ങാന്‍... ദൌത്യം നിര്‍വ്വഹിച്ച് പൊളിറ്റിക്കല്‍ കുട്ടി സംതൃപ്തിയോടെ വീണ്ടും നടന്നു.
 
അഹമ്മദ് കുട്ടി സീതി എന്ന പൊളിറ്റിക്കല്‍ കുട്ടി തൃശൂര്‍ ജില്ലയിലെ ചാവക്കാട് ഒരുമനയൂര്‍ സ്വദേശിയാണ്. 1937 ജൂണ്‍ 15 നാണ് അദ്ദേഹം ജനിച്ചത്. ഇപ്പോള്‍ മലപ്പുറം ജില്ലയില്‍ മമ്പാട് താമസിക്കുന്നു. എല്ലാ റംസാന്‍ കാലത്തും അദ്ദേഹം യു. എ. ഇ. യില്‍ എത്തുന്നു. അദ്ദേഹത്തിന്റെ അറബി സുഹൃത്തുക്കളും മലയാളികളും ഇദ്ദേഹത്തെ സ്വീകരിക്കുന്നു. യാത്ര പറഞ്ഞ് പിരിയുമ്പോള്‍ പൊളിറ്റിക്കല്‍ കുട്ടി പറഞ്ഞു: “ഞാന്‍ ഇനിയും വരും. നിങ്ങളെയൊക്കെ കാണാന്‍. ഇന്‍ശാ അള്ളാഹ്”.
 
അതെ, ഞങ്ങള്‍ കാത്തിരിക്കുകയാണ് - ചരിത്രത്തിന്റെ ഭാഗമായ ഒരു “കുട്ടി” യെ വീണ്ടും കാണാന്‍.
 
O-S-A-Rasheed
 
- ഒ.എസ്.എ. റഷീദ്, ചാവക്കാട്
 
 

Labels:

4അഭിപ്രായങ്ങള്‍ (+/-)
Links to this post

4 Comments:

Best wishes...!

September 13, 2009 9:29 PM  

അദ്ദേഹത്തിന്റെ ഇന്നത്തെ ജീവിതം കൂടി പരാമറ്ശിക്കാമായിരുന്നു...

-RafeeQ Dubai

September 14, 2009 5:19 PM  

Good,Best Wishes..

-Mohammed Chavakkad

September 16, 2009 4:17 PM  

Great and Valuable information

-P.T

September 19, 2009 8:07 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



04 September 2009

ആസിയാന്‍ കരാര്‍ : കേരളത്തിന് മഹാബലിയുടെ ഗതികേട്

kerala-farmerആസിയാന്‍ സ്വതന്ത്ര വ്യാപാര കരാര്‍ മൂലം വാമനന് മൂന്നടി മണ്ണ് ദാനം കൊടുത്ത മഹാബലിയുടെ ഗതിയായിരിക്കും കേരളത്തിന് ഉണ്ടാകുക. കേരളത്തിലെ നാണ്യ വിളകളും സുഗന്ധ വ്യഞ്ജനങ്ങളും ഉല്പാദിപ്പിച്ച് കയറ്റി അയച്ച് അല്ലലില്ലാതെ ജിവിതം നയിക്കുന്ന കര്‍ഷകരെയാണ് അഭിനവ വാമനന്‍ മന്‍‌മോഹന്‍ സിംഗ് ചതിച്ചിരിക്കുന്നത്. മഹാബലി വാമനന് ദാനം ചോദിച്ച മൂന്നടി മണ്ണ് കൊടുത്തതാണ് ഗതികേടാ യതെങ്കില്‍ തേനും പാലും ഒഴുക്കാമെന്ന് പറഞ്ഞ് വന്നവര്‍ക്ക് കൈപ്പത്തി അടയാളത്തില്‍ വോട്ട് നല്‍കിയതാണ് കേരളത്തിന്നും ഇന്ത്യക്കും വിനയാ യിരിക്കുന്നത്. രാജ്യത്തെ മുച്ചൂടും മുടിച്ചേ ഇവര്‍ അടങ്ങുകയുള്ളു.
 
ആസിയാന്‍ രാജ്യങ്ങളുമായി ഇന്ത്യ ഒപ്പിട്ടിരിക്കുന്നത് ഒരു സ്വതന്ത്ര വ്യാപാര കരാര്‍ ആണ്. സ്വതന്ത്രം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ ആര്‍ക്കും ആദ്യം തോന്നുക അതില്‍ സാധാരണ ജനങ്ങളുടെ താല്‍പര്യ സംരക്ഷണത്തിനു പ്രഥമ സ്ഥാനം ഉണ്ടാകും എന്നാണ്. എന്നാല്‍ ആ വാക്കിന്റെ മറ പറ്റി സമ്പന്നരായ ഒരു ചെറു സംഘത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനാണ് നീക്കം. ജനാധിപത്യം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തോന്നുക ജനങ്ങളുടെ, ജന സാമാന്യത്തിന്റെ ആധിപത്യം എന്നാണ്. പക്ഷേ പാര്‍ലമെന്ററി ജനാധിപത്യം സംരക്ഷിക്കുന്നത് മുഖ്യമായി മുതലാളിത്ത താല്‍പര്യങ്ങളാണ് എന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും അറിയാം.
 
സ്വതന്ത്ര വ്യാപാര മേഖലയും ചെയ്യുന്നത് അതു തന്നെ. മുതലാളി ത്തത്തിന്റെ നിരന്തരമായ വളര്‍ച്ചക്ക് കമ്പോളം തുടര്‍ച്ചയായി വികസിച്ചു കൊണ്ടിരിക്കണം. ഓരോ രാജ്യത്തെയും മുതലാളിത്ത ത്തിന്റെയും മുതലാളിത്ത ഉല്‍പാദകരുടെയും ആവശ്യമാണത്. അതിനു തടസ്സമാണ് കഴിഞ്ഞ കാലത്ത് അതത് രാജ്യത്തെ കമ്പോളം അവിടത്തെ ഉല്‍പ്പാദകരെ സംരക്ഷിക്കാന്‍ ഏര്‍പ്പെടുത്തിയ ഇറക്കുമതി ചുങ്കങ്ങളും മറ്റും. ചെറുകിട ഉല്‍പാദകര്‍ക്ക് ഇതാണ് ആവശ്യം. എന്നാല്‍ നിരന്തരം വലുതാകാന്‍ ആഗ്രഹിക്കുന്ന വ്യാപാരികള്‍ക്ക്, പ്രത്യേകിച്ച് കുത്തകയാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ഒരു രാജ്യത്തെ കമ്പോളത്തിനകത്ത് ഒതുങ്ങി നില്‍ക്കാനാവില്ല. വികസിതവും കാര്യമായി വികസിച്ചു കൊണ്ടിരി ക്കുന്നതുമായ രാജ്യങ്ങളിലെ മുതലാളിമാര്‍ക്കാണ് ഈ താല്‍പര്യം ശക്തമായിട്ടുള്ളത്. അവര്‍ക്കു വേണ്ടി അമേരിക്കന്‍ സാമ്രാജ്യ ത്വത്തിന്റെ മുന്‍കയ്യോടെ നടപ്പാക്ക പ്പെടുന്നതാണ് സ്വതന്ത്ര വ്യാപാര കരാറുകള്‍. അക്കൂട്ടത്തില്‍ പെടുന്നതാണ് ആസിയാന്‍ കരാറും.
 
ബ്രൂണെ, മലേഷ്യ, ഇന്തോനേഷ്യ, കമ്പോഡിയ, ലാവോസ്, സിംഗപ്പൂര്‍, വിയറ്റ്നാം, ഫിലിപ്പൈന്‍സ്, തായ്ലന്റ്, മ്യാന്‍മര്‍ എന്നീ രാജ്യങ്ങളാണ് ഈ കരാറിനകത്ത് ഉള്‍പ്പെടുന്നത്. ഈ രാജ്യങ്ങള്‍ക്കുള്ള പ്രധാന പ്രത്യേകത, ഭൂമദ്ധ്യ രേഖയ്ക്ക് സമീപം കിടക്കുന്നു എന്നതാണ്. ഈ രാജ്യങ്ങളിലെ കാലാവസ്ഥയും കേരളത്തിലെ കാലാവസ്ഥയും ഭൂപ്രകൃതിയും തമ്മില്‍ പലതു കൊണ്ടും ബന്ധമുണ്ട്. അതു കൊണ്ടു തന്നെ ഈ രാജ്യങ്ങളില്‍ ഉല്‍പ്പാദി പ്പിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങളും സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കുന്ന വിളകളുമെല്ലാം സമാനമാണ്. മാത്രമല്ല, അതില്‍ പലതിലും നമ്മുടെ നാടിനേക്കാള്‍ ഉല്‍പ്പാദനക്ഷമത ഇവര്‍ക്കുണ്ട് എന്നതുമാണ് വസ്തുത. അതു കൊണ്ട് ഈ രാജ്യങ്ങളിലെ ഉല്‍പന്നങ്ങള്‍ സ്വതന്ത്രമായി കടന്നു വരാന്‍ ഇടയായാല്‍ സംഭവിക്കാന്‍ പോകുന്നത് കേരളത്തിലെ കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിയും എന്നതാണ്. കേരളത്തിലെ പ്രധാനപ്പെട്ട ഉല്‍പ്പന്നങ്ങളെയെല്ലാം ഇത് ബാധിക്കും. കേരളത്തിന്റെ കാര്‍ഷിക മേഖല തകര്‍ന്ന് തരിപ്പണമാവുകയും ചെയ്യും.
 
ആഗോളവല്‍ക്കരണ, ഉദാരവല്‍ക്കരണ നയങ്ങളുടെ കാഴ്ചപ്പാടുകളെ പിന്‍പറ്റി കൊണ്ടു തന്നെയാണ് ആസിയാന്‍ കരാറും നിലവില്‍ വരുന്നത്. ഓരോ രാജ്യവും അതാത് രാജ്യത്തിന്റെ സമ്പദ് ഘടനയെ നില നിര്‍ത്താനും ശക്തിപ്പെടുത്താനും താരീഫ് ചുങ്ക വ്യവസ്ഥകള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഓരോ രാജ്യത്തിന്റെയും സാമ്പത്തിക സ്വാതന്ത്ര്യ ത്തിന്റെ അടിസ്ഥാന ഘടകങ്ങളില്‍ പ്രധാനമായതാണ് ഇത്. അതു പോലെ തന്നെ ഇറക്കുമതി നിയന്ത്രണവും ഇതിന്റെ ഭാഗം തന്നെയാണ്. ആഗോള വല്‍ക്കരണം ചെയ്യുന്ന പ്രധാനപ്പെട്ട കാര്യം ഇത്തരത്തില്‍ രൂപപ്പെട്ടിട്ടുള്ള സാമ്പത്തിക അതിര്‍ത്തികളെ ഇല്ലാതാക്കുക എന്നതാണ്. 1991ല്‍ ആരംഭിച്ച ആഗോള വല്‍ക്കരണ പ്രക്രിയയും ഡബ്ല്യൂ. ടി. ഓ. കരാറും ഇറക്കുമതി ഉദാരവ ല്‍ക്കരണത്തിന്റെ നയങ്ങള്‍ ലോകത്താകമാനം നടപ്പിലാക്കാന്‍ തുടങ്ങി. വികസിത മുതലാളിത്ത രാഷ്ട്രങ്ങളുടെ കയ്യില്‍ ഉല്‍പന്നങ്ങളും ധാരാളം മൂലധനവും ഉണ്ട്. ഇന്ത്യ പോലുള്ള വമ്പിച്ച കമ്പോളം പ്രദാനം ചെയ്യുന്ന രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ നില നിര്‍ത്തിയാല്‍ വികസിത രാഷ്ട്രങ്ങളുടെ ചരക്ക് വില്‍പനയും കൂടുതല്‍ ലാഭം തേടിയുള്ള മൂലധന നിക്ഷേപവും നടക്കില്ല. ഇത് നടന്നില്ലെങ്കില്‍ അവരുടെ സമ്പദ്ഘടന തന്നെ വലിയ പ്രതിസന്ധി യിലേക്ക് മുതലകൂപ്പ് നടത്തും. ഇത് പരിഹരിക്കാനാണ് ചരക്കുകളുടെയും മൂലധനത്തിന്റെയും സ്വതന്ത്രമായ വിനിമയം എന്ന ആശയം ഇവര്‍ മുന്നോട്ടു വെക്കുന്നത്.
 
എന്‍. ഡി. എ. സര്‍ക്കാരിന്റെ കാലത്താണ് ഇതിന്റെ കരട് രൂപം തയ്യാറാക്കപ്പെടുന്നത്. 2003 ഒക്ടോബറില്‍ പ്രധാനമന്ത്രി വാജ്പേയ് കരാറില്‍ ഒപ്പിട്ടു. 2005ല്‍ അന്തിമ കരാര്‍ ഒപ്പിടണ മെന്നായിരുന്നു ധാരണ. അതാണ് ഇപ്പോള്‍ 2009 ഒക്ടോബറില്‍ ഒപ്പിടുന്ന നിലയില്‍ എത്തിയതും. 2010 ജനുവരിയോടെ കരാര്‍ വ്യവസ്ഥകള്‍ പ്രാബല്യത്തില്‍ വരികയും ചെയ്യും. ചര്‍ച്ചകളും കൂടിയാലോ ചനകളും മറ്റുമായി ഒപ്പിടല്‍ നീണ്ടു പോവുകയായിരുന്നു. ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളും തമ്മില്‍ സ്വതന്ത്ര വ്യാപാര മേഖല എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇറക്കുമതി ചുങ്കമേ ഇല്ലാതാക്കി സാധനങ്ങളും സേവനങ്ങളും നിക്ഷേപങ്ങളും സ്വതന്ത്രമായി പ്രവഹിക്കുന്ന നില ഉണ്ടാകും. ഇത് ഏറ്റവും ഗുരുതരമായി ബാധിക്കാന്‍ പോകുന്നത് കേരളത്തെയാണ്.
 
കേരളത്തിന്റെ കാര്‍ഷിക മേഖലയിലെ പ്രധാനപ്പെട്ട സവിശേഷത കൃഷി ഭൂമിയുടെ ഏകദേശം 16 ശതമാനം മാത്രമാണ് ഭക്ഷ്യ വിളകള്‍ കൃഷി ചെയ്യുന്നത് എന്നതാണ്. നാണ്യ വിളകളില്‍ ഊന്നി നില്‍ക്കുന്ന ഇത്തരം ഒരു അവസ്ഥ കേരളത്തില്‍ രൂപീകരിക്ക പ്പെടുന്നതിന് ചരിത്ര പരമായ കാരണങ്ങള്‍ ഉണ്ട്. സുഗന്ധ വ്യഞ്ജനങ്ങള്‍ ഉള്‍പ്പെടെയുള്ള മലഞ്ചരക്കുകള്‍ കേരളം നൂറ്റാണ്ടുകള്‍ക്കു മുമ്പ് തന്നെ ഇവിടെ നിന്ന് കയറ്റി അയച്ചതായിരുന്നു. വിദേശ മാര്‍ക്കറ്റില്‍ പ്രിയമുള്ള വസ്തുക്കളായിരുന്നു ഇവ. ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ആധിപത്യം സ്ഥാപിച്ചപ്പോള്‍ ഇത്തരം ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനായി തോട്ടങ്ങള്‍ ആരംഭിച്ചു. അതിന്റെ തുടര്‍ച്ചയായാണ് നാണ്യ വിള ഉല്‍പാദനത്തിന്റെ രീതി വികസിച്ചു വന്നത്. ആഭ്യന്തരമായ മറ്റ് ചില കാരണങ്ങളും ഇത്തരം ഒരു മാറ്റത്തിന് കാരണമായി; പ്രേരകമായി.
 
സവിശേഷമായ കേരളത്തിന്റെ ഈ സമ്പദ്ഘടന മറ്റ് സംസ്ഥാന ങ്ങളില്‍ നിന്നും വ്യത്യസ്തമായുള്ള ഒരു രീതി ഇവിടെ വളര്‍ത്തിയെടുത്തു. കുരുമുളകിന്റെ രാജ്യത്തെ മൊത്തം ഉല്‍പാദനത്തിന്റെ 88 ശതമാനവും കേരളത്തില്‍ നിന്നാണ്. നാളികേരത്തിന്റെ 46 ശതമാനവും അതിന്റെ കയറ്റുമതിയുടെ 93 ശതമാനവും ഇവിടെ നിന്നാണ്. റബ്ബര്‍ ഉല്‍പാദനത്തിന്റെ 92 ശതമാനം, ഏലം ഉല്‍പാദനത്തില്‍ 72 ശതമാനം എന്നിവയും നമ്മുടെ സംസ്ഥാനത്തിന്റെ സംഭാവനയാണ്. കയറും കശുവണ്ടിയും മല്‍സ്യവും ചേരുന്നതാണ് കേരളത്തിന്റെ കാര്‍ഷിക മേഖലയും അനുബന്ധ ഉല്‍പാദന മേഖലയും. വ്യാവസായികമായി വികസിക്കാത്ത കേരളത്തില്‍ നമ്മുടെ സമ്പദ്ഘടനയുടെ സുപ്രധാന അടിത്തറയാണ് മേല്‍പ്പറഞ്ഞവ. ഗള്‍ഫ് കുടിയേറ്റവും നാണ്യ വിളകളുടെയും അനുബന്ധ മേഖലകളുടെയും കയറ്റുമതിയാണ് നമ്മുടെ സമ്പദ്ഘടനയെ ചലനാത്മകമാക്കി നിര്‍ത്തുന്നത്. എന്നാല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി നമ്മുടെ കയറ്റുമതിയേയും പ്രവാസി മേഖലയേയും തകര്‍ത്തു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആസിയാന്‍ കരാറിലൂടെ സ്ഥിതി ഗതികള്‍ കൂടുതല്‍ വഷളാകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്താന്‍ പോകുന്നത്.
 
കുരുമുളക്, റബ്ബര്‍, തേയില, കാപ്പി, മല്‍സ്യം, നാളികേരം തുടങ്ങിയ ഉല്‍പന്ന ങ്ങള്‍ക്കെല്ലാം ഇതിന്റെ പ്രത്യാഘാതം ഉണ്ടാകും. പാമോയില്‍ കയറ്റുമതി ചെയ്യുന്ന രണ്ട് പ്രധാന ആസിയാന്‍ രാജ്യങ്ങളാണ് മലേഷ്യയും ഇന്തോനേഷ്യയും. ഇതിന്റെ ഉല്‍പാദന ച്ചെലവ് അവിടെ കുറവാണ് എന്ന് മാത്രമല്ല, ഉല്‍പാദന ക്ഷമതയും വളരെ കൂടുതലാണ്. തായ്ലന്റ്, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയവ റബ്ബര്‍ ഉല്‍പാദനത്തിലും ഉല്‍പാദന ക്ഷമതയിലും വളരെ മുന്നിലാണ്. തേയില ഉല്‍പാദന ത്തിലാണെങ്കില്‍ വിയറ്റ്നാമും നമ്മളെക്കാള്‍ ബഹുദൂരം മുന്നിലാണ്. നാളികേരം ഉല്‍പാദനത്തില്‍ ഫിലിപ്പീന്‍സിന്റെ സ്ഥാനവും ഏറെ മുന്നിലാണ്. മണ്ഡരി രോഗവും മറ്റും കാരണം ഏറെ പ്രയാസപ്പെടുന്ന കേരളത്തിലെ നാളികേര കൃഷിയുടെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാവും ഈ കരാര്‍.
 
മത്സ്യോല്‍പ്പാ ദനത്തില്‍ തായ്ലന്റ് പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി വലിയ പ്രതിസന്ധി സൃഷ്ടിക്കും. കേരളത്തിലെ 70 ലക്ഷത്തോളം വരുന്ന പരമ്പരാഗത മല്‍സ്യ തൊഴിലാളികളുടെ ജീവിതം ഇതോടെ പ്രതിസന്ധിയിലാകും. കേരളത്തിലെ ആഭ്യന്തര ശരാശരി മത്സ്യോല്‍പ്പാദനം ഏകദേശം ആറര ലക്ഷം ടണ്ണാണ്. ഇതില്‍ പത്തു ശതമാനമേ കയറ്റുമതി ചെയ്യുന്നുള്ളൂ. കേരളത്തിലെ കടലിനോട് സമാനമായ കാലാവസ്ഥയാണ് ആസിയാന്‍ രാജ്യങ്ങളിലുള്ളത്. അതിനാല്‍ അവിടെ ലഭിക്കുന്ന മത്സ്യവും നമ്മുടേതിനു സമാനമാണ്. സ്വഭാവികമായും നമ്മുടെ കടലോര മേഖലയെ വറുതിയിലേക്ക് നയിക്കാനേ ആസിയാന്‍ കരാര്‍ ഇടയാക്കൂ.
 
ഇന്ത്യന്‍ ഭരണ ഘടനയില്‍ മൂന്നു തരത്തിലുള്ള പട്ടികകളാണ് ഉള്ളത്. കേന്ദ്രത്തിന് പൂര്‍ണ്ണ അധികാരം നല്‍കുന്ന കേന്ദ്ര പട്ടിക. സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കുന്ന സംസ്ഥാന പട്ടിക, കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും അധികാര പരിധിയില്‍ പെടുന്ന കണ്‍കറന്റ് പട്ടിക എന്നിവ. ഇതില്‍ കൃഷി സംസ്ഥാന പട്ടികയില്‍ പെടുന്നു. കേരളത്തിന്റേതു പോലുള്ള കാര്‍ഷിക മേഖലയില്‍ വന്‍ പ്രത്യാഘാതം ഉണ്ടാക്കുന്ന ആസിയാന്‍ കരാര്‍ ഒപ്പിടുമ്പോ ഴുണ്ടാകുന്ന പ്രശ്നങ്ങള്‍ മുഖ്യ മന്ത്രിയുടെ നേതൃത്വത്തിലുള്ള സര്‍വ്വ കക്ഷി സംഘം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. സംസ്ഥാനവുമായി ഈ കാര്യം ചര്‍ച്ച ചെയ്യാമെന്ന ഉറപ്പ് പ്രധാന മന്ത്രി നല്‍കി. കരാറിന്റെ പൂര്‍ണ രൂപം അറിയിക്കാമെന്നും പറഞ്ഞിരുന്നു. എന്നാല്‍ അതെന്തെങ്കിലും ചെയ്യുന്നതിനു മുമ്പ് ധൃതി പിടിച്ച് കരാറില്‍ ഒപ്പിടുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ആണവ കരാറിന്റെ കാര്യത്തില്‍ ഇടതു പക്ഷത്തിനു നല്‍കിയ ഉറപ്പ് അവഗണിച്ചു കൊണ്ട് കരാറില്‍ ഒപ്പിടാന്‍ കാണിച്ച വ്യഗ്രത പോലെ തന്നെയുള്ള ഒന്നായിരുന്നു അത്. പാര്‍ലമെന്റ് പിരിഞ്ഞ് ഏതാനും ദിവസം കഴിഞ്ഞാണ് കരാറില്‍ ഒപ്പിട്ടത്. എന്നാല്‍ ജന ജീവിതത്തെ ഏറെ ബാധിക്കുന്ന ഈ കരാറിന്റെ വിശദാംശങ്ങള്‍ ഇന്ത്യയിലെ പരമോന്നത സഭയായ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ല. തികച്ചും ജനാധിപത്യ വിരുദ്ധമായ രീതിയില്‍ കേരള ജനതയുടെ മേല്‍ ദുരിതം അടിച്ചേല്‍പി ക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്.
 
ആസിയാന്‍ കരാര്‍ പ്രതിസന്ധി ഉണ്ടാക്കും എന്ന കാര്യം യു. ഡി. എഫും. അംഗീകരിക്കുന്നുണ്ട്. അതു കൊണ്ടാണല്ലോ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ഉമ്മന്‍ ചാണ്ടിയും കൂട്ടരും പ്രധാന മന്ത്രിയെ കണ്ടത്. എന്നാല്‍ തങ്ങളുടെ ആശങ്ക തീര്‍ന്നു എന്നതിനു അടിസ്ഥാനമായി അവര്‍ പറഞ്ഞ കാര്യങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണ്. വിശദാംശങ്ങള്‍ പരിശോധി ക്കുമ്പോഴാണ് ഉള്ളു കള്ളികള്‍ വ്യക്തമാവുക. നെഗറ്റീവ് ലിസ്റ്റില്‍ 1460 ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടു ത്തണമെ ന്നായിരുന്നു ഇന്ത്യയുടെ ആദ്യത്തെ വാദം. ഇപ്പോള്‍ അത് 489 ആയി കുറച്ചിരി ക്കുകയാണ്. ഇതിനു പോലും സാധ്യത ഇല്ല എന്നതാണ് കരാര്‍ പരിശോധി ക്കുമ്പോള്‍ വ്യക്തമാകുന്നത്. 1994ല്‍ ചേര്‍ന്ന ആസിയാന്‍ രാജ്യങ്ങളുടെ സമ്മേളനം, മുഴുവന്‍ ഉല്‍പന്നങ്ങളുടെയും തീരുവ 10 വര്‍ഷം കൊണ്ട് 5 ശതമാനമായി കുറയ്ക്കണമെന്ന് തീരുമാനിച്ചതാണ്. 2004 മുതല്‍ ഇന്ത്യയും ആസിയാന്‍ രാജ്യങ്ങളുമായി നടന്ന ചര്‍ച്ചയിലൂടെ ഇന്ത്യയ്ക്കു വേണ്ടി മന്‍മോഹന്‍ സിംഗ് ഗവണ്‍മെന്റ് നെഗറ്റീവ് ലിസ്റ്റ്, തീവ്ര സംരക്ഷിത ലിസ്റ്റ് എന്നിവയി ലുള്ളവയെ സാധാരണ ലിസ്റ്റിലേക്ക് മാറ്റാന്‍ അനുവദിച്ചിട്ടുണ്ട്. അടുത്ത 10 വര്‍ഷം കൊണ്ട് തീരുവ 5 ശതമാനമായി കുറയ്ക്കേണ്ട ഉല്‍പന്നങ്ങള്‍ മാത്രമുള്ള സാധാരണ ലിസ്റ്റിലായി കേരളത്തിലെ മിക്കവാറും എല്ലാ കാര്‍ഷിക ഉല്‍പന്നങ്ങളും. ആ കരാറില്‍ ഇന്ത്യ 2009 ഒക്ടോബറില്‍ ഒപ്പിടാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ ധൃതി പിടിച്ച് കേരളത്തിന്റെ എതിര്‍പ്പ് പരിഗണിക്കാതെ ആഗസ്ത് മധ്യത്തില്‍ തന്നെ ഒപ്പിടുകയാണ് ഉണ്ടായത്. 2010 ജനുവരി ഒന്നോടെ കരാര്‍ നിലവില്‍ വരും. അതോടെ 2017 ആകുമ്പോഴേക്കും ചുങ്കം ഒഴിവാക്കണമെന്ന മുന്‍ധാരണ നേരത്തെയാകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഏഴു കൊല്ലം കഴിഞ്ഞേ അതു കൊണ്ട് പ്രശ്നം ഉണ്ടാകൂ എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. മൂന്നു വര്‍ഷങ്ങ ള്‍ക്കുള്ളില്‍ തന്നെ ആ സ്ഥിതി സംജാതമാകും. ഈ വിളകളെല്ലാം ദീര്‍ഘ കാല വിളകളാണ് എന്ന വസ്തുത ഓര്‍ക്കേണ്ടതുണ്ട്. നിര്‍ദ്ദിഷ്ട കാലയളവിനു ശേഷം ഉണ്ടാകുമെന്ന് ഉറപ്പായ വില ത്തകര്‍ച്ചയുടെ ആഘാതം സമീപ ഭാവിയില്‍ തന്നെ കര്‍ഷകര്‍ നേരിടേണ്ടി വരും എന്നതാണ് യാഥാര്‍ത്ഥ്യം. കാര്‍ഷിക തകര്‍ച്ച തന്നെയാണ് കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നത് എന്ന കാര്യം യു. ഡി.എഫു. കാരും അംഗീകരി ക്കുന്നുവെന്ന് ഇതിനര്‍ത്ഥം.
 
കേരളത്തിലെ കൃഷിക്കാര്‍ സബ്സിഡി ആഗ്രഹി ക്കുന്നവരാണ് എന്ന വിമര്‍ശനവും ഉമ്മന്‍ ചാണ്ടി നടത്തിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ വികസിത മുതലാളിത്ത രാജ്യങ്ങളില്‍ നമ്മുടെ കൃഷിക്കാര്‍ക്ക് ഊഹിക്കാനാവാത്ത തോതില്‍ ഉയര്‍ന്ന സബ്സിഡി ലഭിക്കുന്നുണ്ട് എന്ന കാര്യം ഉമ്മന്‍ ചാണ്ടി വിസ്മരിക്കുകയാണ്. ഇപ്പോഴുള്ള സബ്സിഡി കൂടി പിന്‍വലിച്ചാല്‍ നമ്മുടെ കാര്‍ഷിക മേഖലയുടെ നില എന്തായി ത്തീരുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മൂന്നാം ലോക രാജ്യങ്ങളിലെ സബ്സിഡി പിന്‍വലിപ്പിക്കുക എന്ന ആഗോള വല്‍ക്കരണ നയത്തിന്റെ അതേ കാഴ്ചപ്പാടാണ് ഇദ്ദേഹവും മുന്നോട്ടു വയ്ക്കുന്ന തെന്നര്‍ത്ഥം. വികസിത രാജ്യങ്ങള്‍ നല്‍കുന്ന ഉയര്‍ന്ന സബ്സിഡിയുമായി ബന്ധപ്പെട്ടാണ് ദോഹാ വട്ട ചര്‍ച്ചകളില്‍ ഉള്‍പ്പെടെ തര്‍ക്കങ്ങള്‍ രൂപപ്പെട്ടത് എന്ന കാര്യം ഇവര്‍ വിസ്മരിക്കുകയാണ്.
 
സ്വതന്ത്ര വ്യാപാര മേഖലയായി മാറ്റപ്പെടുന്നതോടെ ഈ രാജ്യങ്ങളിലേക്ക് ഈ മേഖലയില്‍ ഇല്ലാത്ത രാജ്യങ്ങളിലെ ഉല്‍പന്നങ്ങളും ചുങ്കമില്ലാതെയും നിയന്ത്രണ മില്ലാതെയും കടന്നു വരുന്ന അവസ്ഥ ഉണ്ടാകും. അത് നമ്മുടെ സമ്പദ് ഘടനയില്‍ ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. ആസിയാന്‍ കരാറില്‍ ഒപ്പു വെക്കുന്നതോടെ സമസ്ത മേഖലകളിലും തകര്‍ച്ച യുണ്ടാവാന്‍ പോവുകയാണ്. അതോടൊപ്പം ഭക്ഷ്യ സുരക്ഷയെ തകര്‍ക്കുകയും വിലക്കയറ്റം സൃഷ്ടിക്കുകയും ചെയ്യുന്ന സമീപന ത്തിനെതിരെ ജനങ്ങളെ ആകമാനം ഉണര്‍ത്താന്‍ കഴിയുന്ന തരത്തില്‍ ഇത് മാറേണ്ടതുണ്ട്.
 
വ്യാവസായിക ഉല്‍പന്നങ്ങള്‍ നമുക്കു കൂടുതല്‍ കയറ്റി അയയ്ക്കാമെന്ന വാദവും ചിലര്‍ ഉന്നയിക്കുന്നുണ്ട്. ഇതു വസ്തുതാ വിരുദ്ധമാണ്. ഇന്ത്യയേക്കാള്‍ വളരെ മുമ്പ് തന്നെ വ്യവസായ വല്‍ക്കരണം നടന്ന രാജ്യങ്ങളാണ് ആസിയാനില്‍ പെട്ട സിംഗപ്പൂര്‍. ലോകത്തിലെ തന്നെ പ്രമുഖ വ്യാവസായിക കേന്ദ്രമാണ് സിംഗപ്പൂര്‍. മാത്രമല്ല, ജപ്പാനും ചൈനയും പോലുള്ള രാജ്യങ്ങള്‍ ആസിയാനുമായി കരാറില്‍ ഏര്‍പ്പെട്ടു കഴിഞ്ഞു. അതിനാല്‍ അവ ഉല്‍പ്പാദിപ്പിക്കുന്ന വ്യാവസായിക ഉല്‍പന്നങ്ങള്‍ ആസിയാന്‍ രാജ്യങ്ങളിലൂടെ ഇന്ത്യന്‍ കമ്പോളത്തിലേക്ക് വരികയും അത് നമ്മുടെ വ്യാവസായിക മേഖലയെ തന്നെ തകര്‍ക്കുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാകും. 1999 - 2002 കാലഘട്ടത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലുണ്ടാക്കിയ സ്വതന്ത്ര വ്യാപാര കരാറിലൂടെ കുറഞ്ഞ വിലയ്ക്ക് വിയറ്റ്നാം കുരുമുളക് ഇവിടെ എത്തിയ കാര്യം നാം ഓര്‍ക്കുന്നത് നന്ന്. ഇത്തരത്തില്‍ നമ്മുടെ കാര്‍ഷിക വ്യാവസായിക മേഖലകളെ തന്നെ അപകടപ്പെടുത്തുന്ന നിലയിലേക്കാണ് ഈ കരാര്‍ നീങ്ങുന്നത്. ഇത് കേരളത്തിന്റെ കാര്‍ഷിക മേഖലയ്ക്കുള്ള മരണ മണിയാണ്. അതു കൊണ്ട് ഇതിനെ ചെറുത്തേ പറ്റൂ. അതിനുള്ള പോരാട്ടങ്ങള്‍ ഇവിടെ ഉയര്‍ന്നു വരേണ്ടതുണ്ട്.
 
നമ്മുടെ കാര്‍ഷിക മേഖലയെ തകര്‍ത്ത് വിദേശ ശക്തികളുടെ താല്‍പര്യം സംരക്ഷിക്കുന്ന നയത്തി നെതിരായി സംസ്ഥാനത്തിന്റെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കു ന്നതിനായി വലിയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. സാമ്രാജ്യത്വ നയങ്ങളിലൂടെ ഇന്ത്യയുടെ വിവിധ മേഖലകളെ തകര്‍ക്കുന്ന നയത്തി നെതിരായി ട്ടായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ പോരാട്ടം. രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങളെയും സമ്പ്രദായങ്ങളെയും സംരക്ഷിക്കാനുള്ള സമരം കൂടിയായിരുന്നു അത്. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഈ മഹത്തായ പാരമ്പര്യത്തെ പ്രതിനിധീകരിക്കുന്ന വ്യക്തിത്വമാണ് ഗാന്ധിജിയുടേത്. രാജ്യത്തിന്റെ പുരോഗതിക്ക് സാമ്രാജ്യത്വത്തെ തകര്‍ത്താല്‍ മാത്രം പോര, ജന്മിത്വം കൂടി തകരണം എന്ന കാഴ്ചപ്പാട് മുന്നോട്ടു വെക്കുന്നതില്‍ ഗാന്ധിജിക്ക് വന്ന പോരായ്മകളെ ക്കുറിച്ച് നമുക്ക് അഭിപ്രായ വ്യത്യാസം ഉണ്ട്. എന്നാല്‍ ഗാന്ധിജിയുടെ സാമ്രാജ്യത്വ വിരുദ്ധ സമരത്തിന്റെ സമീപനത്തെ നാം എക്കാലവും സ്വാഗതം ചെയ്തിട്ടുള്ളതുമാണ്. ആ കാഴ്ചപ്പാടിനെ ഉള്‍ക്കൊണ്ടു കൊണ്ടാണ് ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ 2ന് ആസിയാന്‍ കരാറിനെതിരായും കേരളത്തെ തകര്‍ക്കുന്ന കേന്ദ്ര നയങ്ങള്‍ ക്കെതിരായും തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ മനുഷ്യ ചങ്ങല തീര്‍ക്കുന്നതിന് സി. പി. ഐ. (എം) സംസ്ഥാന കമ്മിറ്റി തീരുമാനി ച്ചിരിക്കുന്നത്. ഇത് വമ്പിച്ച വിജയമാ ക്കുന്നതിനു കമ്യൂണിസ്റ്റുകാര്‍ മാത്രമല്ല രാജ്യത്തെങ്ങുമുള്ള സാമ്രാജ്യത്വ വിരോധികളും കൃഷിക്കാ രടക്കമുള്ള അദ്ധ്വാനിക്കുന്ന ജനങ്ങളാകെയും അണി നിരക്കേണ്ടതുണ്ട്.
 
- നാരായണന്‍ വെളിയംകോട്
 
 

Labels:

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

വെളിയത്തിന്റെ വെളിവ് അപാരം ആസിയന്‍ കരാര്‍ നടപ്പിലായാല്‍ കേരളം കടലില്‍ തഴ്ന്ന് പോകും മാത്രമല്ല ഇന്ത്യ മറ്റോരു സോമാലിയ ആയിപ്പോകുകയും ചെയ്യു. ഇന്ത്യയെയും കേരളത്തേയും രക്ഷിക്കാന്‍ കമ്മുണിസ്റ്റുകാര്‍ക്കു മാത്രമെ കഴിയൂ മറ്റുഭരണാധികാരികള്‍ ഇന്ത്യ് ഭരിച്ചുമുടിച്ച് അമേരിക്കയിലേക്കോ മറ്റുമുതലാളിത്ത രാജ്യങ്ളീലേക്കൊ ഓടിപ്പോകുകയും ചെയ്യും

December 27, 2009 9:28 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്