03 July 2009
പോയി തുലയൂ, ഇവിടം നിറഞ്ഞു!
ഓസ്ട്രേലിയയിലെ വെള്ളക്കാരുടെ വംശ വെറി ആളി കത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന ഒട്ടേറെ വെബ് സൈറ്റുകളുടേയും ചില ഇന്റര്‍നെറ്റ് അധിഷ്ഠിത സാമൂഹ്യ ശൃംഖലകളുടേയും പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന ടെറി ആന്‍ എന്ന റേഡിയോ അവതാരക ഇന്നലെ പിടിക്കപ്പെട്ടു. ഇവര്‍ നിയന്ത്രിച്ച സൈറ്റുകളില്‍ ഏറ്റവും പ്രധാനവും ഓസ്ട്രേലിയയിലെ വംശ വെറിയന്മാരുടെ ഇടയില്‍ ഏറെ പ്രിയങ്കരവും ആയി തീര്‍ന്ന ഫേസ്ബുക്ക് പേജിന്റെ പേരാണ് "F--- Off, We're Full" എന്നത്. അതിനെ മലയാളത്തില്‍ ഇങ്ങനെ മാത്രമേ വിവര്‍ത്തനം ചെയ്യാന്‍ കഴിയൂ - “പോയി തുലയൂ, ഇവിടം നിറഞ്ഞു!”
ഇവരുടെ നിയന്ത്രണത്തിലുള്ള മറ്റ് ഫേസ്ബുക്ക് പേജുകള്‍ ഇവയാണ്: "Stop the Islamisation of Australia while we still can", "Australian Conservative United Party", the "Australian Protectionist Party", "Australians against Multiculturalism". ഫേസ്ബുക്കില്‍ പ്രകോപനപരമായ ഒട്ടേറെ പരാമര്‍ശങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. ഇംഗ്ലിഷ് ശരിയായി സംസാരിക്കാന്‍ അറിയാത്ത വിദേശ കുടിയേറ്റക്കാരെ ഇവര്‍ പരിഹസിക്കുന്നു. ഇസ്ലാമിക ജീവിത രീതി ഓസ്ട്രേലിയന്‍ ജീവിത ശൈലിയെ നശിപ്പിക്കുന്നു എന്ന് ഇവര്‍ ആരോപിക്കുന്നു. ആക്രമണത്തിന് ഇരയായിട്ടും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് തിരിച്ചു പോവാത്തതെന്ത് എന്ന് ഇവര്‍ ചോദിക്കുന്നു. ആക്രമിക്കപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആക്രമണത്തിന്റെ പേരും പറഞ്ഞ് സഹതാപം തേടി നടക്കുന്നതിനു പകരം തിരികെ സ്വന്തം നാട്ടില്‍ പോയി പഠിക്കുകയാണ് വേണ്ടത്. സര്‍ദാര്‍മാരുടെ തലപ്പാവിനെ പറ്റിയാവണം അവര്‍ ഇന്ത്യക്കാരുടെ തലക്ക് ചുറ്റും ഉള്ള അമേധ്യം (shit) എന്നത് കൊണ്ട് ഉദ്ദേശിച്ചത്. ഇത് തലക്കു ചുറ്റും കിടക്കുന്നത് കൊണ്ട് ഇന്ത്യാക്കാരുടെ തലച്ചോറിന് സാരമായ കുഴപ്പം സംഭവിച്ചിട്ടുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടി. തലച്ചോര്‍ പ്രവര്‍ത്തിക്കാത്തത് കൊണ്ടാണ് അവരെ ഇവിടെ ആരും സ്വാഗതം ചെയ്യുന്നില്ല എന്നത് ഇനിയും ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മനസ്സിലാവാത്തത്. തലയിലേക്ക് ഒരു തോക്ക് കുത്തിക്കയറ്റിയാലെ ഇതൊക്കെ ഇവരുടെ തലയില്‍ കയറൂ എന്നും അവര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ വാര്‍ത്ത ഓസ്ട്രേലിയയിലെ സിഡ്നി മോണിങ് ഹെറാള്‍ഡ് എന്ന പത്രം പുറത്തു വിട്ടതോടെ റേഡിയോ അവതാരിക വെട്ടിലായിരിക്കുകയാണ്. ഇവര്‍ക്കെതിരെ റേഡിയോ സ്റ്റേഷന്‍ നടപടിയുമെടുത്തു. ഇത്തരം പെരുമാറ്റം തങ്ങള്‍ വെച്ചു പൊറുപ്പിക്കില്ല എന്ന് വ്യത്യസ്ത സംസ്ക്കാരങ്ങള്‍ക്ക് വേണ്ടി പരിപാടികള്‍ അവതരിപ്പിക്കുന്ന 2MIA എന്ന റേഡിയോ സ്റ്റേഷന്‍ അധികാരികള്‍ വ്യക്തമാക്കി. ഈ വിവരങ്ങള്‍ തങ്ങള്‍ ഇന്നലെയാണ് അറിഞ്ഞത്. ഇത് തങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ് എന്നും സ്റ്റേഷന്‍ മാനേജര്‍ അറിയിച്ചു. "F--- Off, We're Full" എന്ന ഈ വംശ വെറിയന്‍ മുദ്രാവാക്യം പക്ഷെ ഏറെ ജനപ്രീതി നേടിയിട്ടുണ്ട്. ഓസ്ട്രേലിയന്‍ ദേശീയ ദിന ആഘോഷ വേളയില്‍ ഒട്ടേറെ ചെറുപ്പക്കാര്‍ ഈ മുദ്രാവാക്യം ആലേഖനം ചെയ്ത ടീ ഷര്‍ട്ടുകള്‍ അണിഞ്ഞ് പ്രത്യക്ഷപ്പെട്ടിരുന്നു. പലരും തങ്ങളുടെ ദേഹത്ത് ഇത് വരച്ചു വെക്കുകയും ചെയ്തു. വാഹനങ്ങളുടെ മേല്‍ ഈ മുദ്രാവാക്യം എഴുതിയ സ്റ്റിക്കറുകളും വ്യാപകമായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. എല്ലാ സംസ്കാരങ്ങളേയും പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നതില്‍ ഒരു കാലത്ത് പുകള്‍ പെറ്റ ഓസ്ട്രേലിയയുടെ അടുത്ത കാലത്തെ ഈ വംശീയ അധഃപതനം ഏറെ ആശങ്കകള്‍ ഉളവാക്കുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വത്താല്‍ ബ്രിട്ടനില്‍ നിന്ന് നാട് കടത്തപ്പെട്ട കുറ്റവാളികള്‍ ആണ് ഓസ്ട്രേലിയയിലെ ആദ്യ കുടിയേറ്റക്കാര്‍. ഇവരുടെ പിന്മുറക്കാര്‍ ഇത്തരത്തില്‍ ക്രിമിനല്‍ വാസനകള്‍ കാണിച്ചില്ലെങ്കിലേ അല്‍ഭുതപ്പെടേണ്ടതുള്ളൂ എന്ന്‍ ചിലര്‍ കമന്റുകളില്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. “പോയി തുലയൂ, ഇവിടം നിറഞ്ഞു!” എന്ന് ഈ വെള്ളക്കാരോട് വിളിച്ചു പറയാന്‍ ഇവിടത്തെ മണ്ണിന്റെ മക്കള്‍ ആയ അബോറിജിനുകള്‍ക്ക് സാധിച്ചിരുന്നെങ്കില്‍ എന്ന് ഈ വംശ വെറി കണ്ടു മടുത്ത ഒരു സഹൃദയനായ വെള്ളക്കാരന്‍ തന്നെ ഒരു ഫേസ്ബുക്ക് പേജില്‍ കമന്റ് എഴുതിയത് ശ്രദ്ധേയമാണ്. - ഗീതു Labels: geethu |
02 May 2009
നാല്‍പ്പതാം പിറന്നാളില്‍ അപൂര്‍വ്വ സമ്മാനം
തന്റെ ഭര്‍ത്താവിന്റെ നാല്‍പ്പതാം പിറന്നാളില്‍ ഒരു പുതുമ നിറഞ്ഞ സമ്മാനം കൊടുക്കാന്‍ ആഗ്രഹിച്ച ഷാര്‍ള കുറെ ആലോചിച്ചതിനു ശേഷം കണ്ട് പിടിച്ച സമ്മാനം പക്ഷെ അവരുടെ ജീവിതം തന്നെ മാറ്റി മറിച്ച ഒന്നായിരുന്നു. അമേരിക്കയിലെ നോര്‍ത്ത് കരോലിനായിലെ ഷാര്‍ള മുള്ളര്‍ തന്റെ ഭര്‍ത്താവിന് നല്‍കിയ ആ പിറന്നാള്‍ സമ്മാനം എന്തെന്നോ? അടുത്ത ഒരു വര്‍ഷം മുഴുവനും, അതായത് 365 രാത്രികളില്‍ സെക്സ്.
എന്നാല്‍ പിന്നീട് ഈ ഒരു വര്‍ഷത്തെ കഥ അവര്‍ ഒരു പുസ്തകം ആക്കി എഴുതുകയും ചെയ്തു. ഇപ്പോള്‍ ഈ പുസ്തകം വില്‍പ്പനക്ക് എത്തിയിട്ടുണ്ട്. 365 Nights എന്നാണ് പുസ്തകത്തിന്റെ പേര്. രാത്രികളില്‍ തമ്മില്‍ അടുക്കുന്നത് തങ്ങളെ പകല്‍ കൂടുതല്‍ നല്ല ദമ്പതികള്‍ ആയി ജീവിക്കാന്‍ സഹായിച്ചു എന്ന് ഷാര്‍ള ഓര്‍ക്കുന്നു. വീട്ടിലെ കാര്യങ്ങളില്‍ അഭിപ്രായ വ്യത്യാസം ഇല്ലാതെ തീരുമാനങ്ങള്‍ എടുക്കുവാന്‍ ഇത് സഹായിച്ചു. പതിവായിട്ടുള്ള സെക്സ് തന്നെ വ്യത്യസ്തമായ ഒരു ദൃഷ്ടിയോടെ മറ്റുള്ളവരെ നോക്കാന്‍ പ്രേരിപ്പിച്ചു. എങ്ങനെയുള്ള സ്ത്രീകള്‍ക്കാണ് സെക്സ് കൂടുതല്‍ അനുഭവിക്കാന്‍ കഴിയുന്നത് എന്ന് താന്‍ നിരീക്ഷിച്ചു. സൌന്ദര്യം കൂടുതല്‍ ഉള്ള സ്ത്രീകള്‍ക്കാണോ അതോ തന്നെ പോലുള്ള വീട്ടമ്മമാര്‍ക്കാണോ? പുറം മോടിയില്‍ കാര്യമൊന്നുമില്ല. പലപ്പോഴും താന്‍ ശരീരം വൃത്തിയായും വെടിപ്പായും സൂക്ഷിക്കാറില്ലായിരുന്നു. കാലുകളിലെ രോമം നീക്കം ചെയ്യാത്തപ്പോഴും എന്തിന് വായ് നാറ്റം ഉള്ളപ്പോള്‍ പോലും തന്റെ ഭര്‍ത്താവിന് തന്നില്‍ ആസക്തി തോന്നിയിരുന്നു എന്നും ഇവര്‍ പുസ്തകത്തില്‍ വെളിപ്പെടുത്തുന്നു. എന്നുമുള്ള സെക്സ് തങ്ങളെ മുഷിപ്പിക്കുമോ എന്ന് താന്‍ ഭയന്നു. കുറേ നാള്‍ കഴിയുമ്പോള്‍ പല്ല് തേക്കുന്നതു പോലെയോ കുളിക്കുന്നത് പോലെയോ കേവലം ഒരു ദിനചര്യ ആയി ഇത് മാറുമോ? മൂന്നാം മാസം ഒരു രാത്രി പെട്ടെന്ന് തന്റെ ഭര്‍ത്താവ് പറഞ്ഞു : ഇന്നിപ്പോള്‍ ഇത് 88ാമത്തെ രാത്രിയാണ് തുടര്‍ച്ചയായി. ഇന്ന് ഇനി എനിക്കു വയ്യ. നമുക്ക് നാളെ നോക്കാം. ആറ് മാസം കഴിഞ്ഞപ്പോഴേക്കും കാര്യങ്ങള്‍ കൂടുതല്‍ വഷളായി. പണ്ടൊക്കെ സെക്സ് എന്ന് മനസ്സില്‍ തോന്നുന്നത് തന്നെ തന്നെ ആവേശം കൊള്ളിപ്പിക്കുമായിരുന്നു. ഇപ്പോള്‍ ആവേശം മനഃ പൂര്‍വ്വം വരുത്തേണ്ട ഗതികേടാണ്. സെക്സ് രസകരമാക്കാന്‍ ദിവസവും എന്തെങ്കിലും പുതിയ ആശയം കണ്ടു പിടിക്കണം. എന്നാലേ അയല്‍ക്കാരെ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തുന്ന തരം ആവേശകരമായ സെക്സ് നടക്കൂ. എന്നാല്‍ അപ്പോഴേക്കും ഞങ്ങളുടെ ഒരു വര്‍ഷ കാലാവധി തീരാറായി. എങ്ങനെയെങ്കിലും പുതപ്പിനുള്ളില്‍ ചുരുണ്ടുകൂടി കിടന്നാല്‍ മതി എന്ന് കരുതി കിടപ്പു മുറിയിലെത്തിയാലും താന്‍ ഒരു കാര്യം മനസ്സിലാക്കി. ചിലപ്പോഴൊക്കെ തനിക്ക് വേണ്ടെങ്കിലും താന്‍ ഇത് ചെയ്യേണ്ടി വരും എന്ന്. ഉത്സവ കാലത്ത് ഭര്‍ത്താവിന്റെ വീട്ടുകാരോടൊപ്പം താമസിക്കാന്‍ പോകുന്ന പോലെയോ തനിക്ക് ഒന്നും മനസ്സിലാവാത്ത ക്രിക്കറ്റ് കളി ഭര്‍ത്താവിനോടൊപ്പം ഇരുന്ന് ടിവിയില്‍ കാണുന്നത് പോലെയോ ആണിതും. ഒരു രാത്രി താന്‍ ഭര്‍ത്താവിനോട് പറഞ്ഞു: വരൂ, നമുക്ക് എങ്ങനെയെങ്കിലും ഇതങ്ങ് നടത്താം. അപ്പോള്‍ ഭര്‍ത്താവ് പതുക്കെ ഒരു ദീര്‍ഘ നിശ്വാസത്തോടെ പറഞ്ഞു: കണ്ണ് അടച്ച് കിടന്നോളൂ. ഞാനായിക്കോളാം. അങ്ങനെ അന്നത്തെ രാത്രിയും വിജയകരമായി കഴിഞ്ഞു. തന്റെ ഭര്‍ത്താവിന്റെ നാല്‍പ്പത്തി ഒന്നാം പിറന്നാള്‍ ദിനത്തില്‍ താന്‍ സന്തോഷം കൊണ്ട് തുള്ളി ചാടി. ഇനി ദിവസവും ഇത് വേണ്ടല്ലോ! “ഞാന്‍ അത് ചെയ്തു” എന്ന് പതുക്കെ മൂളി പാട്ട് പാടിയ താന്‍ അന്ന് തികച്ചും സന്തോഷവതിയായിരുന്നു. താന്‍ തന്റെ പ്രിയപ്പെട്ടവന് നല്‍കിയ സമ്മാനം പൂര്‍ണ്ണമാക്കിയതോര്‍ത്ത്. - ഗീതു ഈ പുസ്തകം ആമസോണില്‍ ലഭ്യമാണ്. (e പത്രത്തിന് ഇതില്‍ ലാഭമൊന്നുമില്ല. മുകളിലെ കഥ വായിച്ച പല വായനക്കാരും ഈ പുസ്തകം എവിടെ കിട്ടും എന്ന് ചോദിച്ചതിനാല്‍ ഈ ലിങ്ക് ഇവിടെ കൊടുക്കുന്നു എന്ന് മാത്രം!) Labels: geethu |
10 February 2009
ശ്രീ രാമ സേനക്ക് പിങ്ക് ഷെഡ്ഡി
ഹിന്ദു താലിബാന്‍ എന്ന പേരില്‍ കുപ്രസിദ്ധം ആയ ശ്രീ രാമ സേന “മോറല്‍ പോലീസ്” കളിച്ച് സ്ത്രീകള്‍ക്കു നേരെ ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ തുനിഞ്ഞതിനു മറുപടിയായി ആഗോള തലത്തില്‍ പിങ്ക് ഷെഡ്ഡി കാമ്പെയിന്‍ എന്ന രസകരമായ ഒരു പ്രതിഷേധ മുന്നേറ്റം സംഘടിപ്പിച്ചിരിക്കുന്നു. വാലന്റൈന്‍സ് ഡേ ആഘോഷങ്ങള്‍ സംഘ ബലം പ്രയോഗിച്ച് തടയും എന്നും ഏതെങ്കിലും പെണ്‍കുട്ടിയെ അന്നേ ദിവസം ഏതെങ്കിലും ആണ്‍കുട്ടിയുടെ കൂടെ കണ്ടാല്‍ അവരെ ബലം പ്രയോഗിച്ചു വിവാഹം ചെയ്യിപ്പിക്കും എന്നും പെണ്‍കുട്ടികള്‍ പബില്‍ കയറരുത് എന്നും മറ്റും ആയിരുന്നു ശ്രീ രാമ സേനയുടെ നിയന്ത്രണങ്ങള്‍.
ഇതിനു മറുപടി എന്നവണ്ണം ഫെബ്രുവരി 5നാണ് “ദ പിങ്ക് ഷെഡ്ഡി കാമ്പെയിന്‍” ആരംഭിച്ചത്. കണ്‍സോര്‍ഷ്യം ഓഫ് പബ് ഗോയിങ്, ലൂസ് ആന്‍ഡ് ഫോര്‍വേര്‍ഡ് വിമന്‍” എന്ന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ആണ് ഇത് നടപ്പിലാക്കുന്നത്. അല്ലെങ്കില്‍ തന്നെ ധാരാളം സാമൂഹിക നിയന്ത്രണങ്ങള്‍ക്ക് വിധേയം ആയി ജീവിക്കുന്ന ഇന്ത്യന്‍ സ്ത്രീത്വം ഇനിയും ഒരു “ധാര്‍മ്മിക” സംഘടനയുടെ കൂടി രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സ്വയം വഴങ്ങി കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് ഇവരുടെ പ്രഖ്യാപനം. കാമ്പെയിനില്‍ പങ്കെടുക്കാന്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം. നിങ്ങളുടെ പക്കല്‍ ഉള്ള ഒരു പിങ്ക് നിറമുള്ള ഷെഡ്ഡി നിങ്ങള്‍ വാലന്റൈന്‍സ് ഡേ സമ്മാനം ആയി ശ്രീ രാമ സേനക്ക് അയച്ചു കൊടുക്കുക. നിങ്ങളുടെ കയ്യില്‍ ഇല്ലെങ്കില്‍ ഏറ്റവും വില കുറഞ്ഞ ഒരു ഷെഡ്ഡി വാങ്ങി എങ്കിലും അയക്കുക. അതിന്റെ നിറം പിങ്ക് ആവണം എന്ന് മാത്രം. നിങ്ങള്‍ക്ക് അയക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ രാജ്യം ഒട്ടാകെ വിവിധ സ്ഥലങ്ങളില്‍ ഒരുക്കിയിട്ടുള്ള ഷെഡ്ഡി ശേഖരണ കൌണ്ടറുകളില്‍ ഏല്‍പ്പിച്ചാലും മതി. ശേഖരണ കേന്ദ്രങ്ങളെ പറ്റിയുള്ള വിവരങ്ങള്‍ കാമ്പെയിന്റെ ബ്ലോഗില്‍ ലഭ്യമാണ്. അടുത്തതായി നിങ്ങള്‍ അയക്കുന്ന ഷെഡ്ഡിയുടേയോ അതിന്റെ പാക്കറ്റിന്റേയോ ഒരു ഫോട്ടോ എടുത്ത് കാമ്പെയിന്‍ നടത്തിപ്പുകാര്‍ക്ക് freelancehabba (at) gmail (dot) com എന്ന ഈമെയില്‍ വിലാസത്തില്‍ അയച്ചു കൊടുക്കുക. കൂടെ നിങ്ങള്‍ എത്ര ഷെഡ്ഡി കാമ്പെയിനിലേക്ക് അയച്ചു എന്ന വിവരവും നല്‍കുക. ഇത് മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനം ആയി അവരും ഇതില്‍ പങ്ക് ചേരാന്‍ സഹായിക്കും. സംഘത്തിന്റെ ഫേസ് ബുക്ക് വിലാസത്തില്‍ അയച്ചാലും മതി : മൂന്നാമതായി ചെയ്യാന്‍ ഉള്ളത് വാലന്റൈന്‍സ് ഡേയുടെ അന്നാണ്. വാലന്റൈന്‍സ് ഡേയുടെ ദിവസം നിങ്ങള്‍ ലോകത്ത് എവിടെ ആയിരുന്നാലും ശരി, നിങ്ങള്‍ അടുത്തുള്ള ഒരു പബില്‍ കൂട്ടുകാരും ഒത്ത് പോയി ഒരു ഓറഞ്ച് ജ്യൂസെങ്കിലും ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ പേരില്‍ കുടിക്കുക. ഇതിന്റെ ഫോട്ടോയും വീഡിയോയും എടുത്ത് അതും കാമ്പെയിനിലേക്ക് അയച്ചു കൊടുക്കുക. ഇതെല്ലാം കൂടെ പിന്നീട് ശ്രീ രാമ സേനക്ക് അയച്ചു കൊടുക്കുന്നതാണ്. ഇന്നു വരെ വാലന്റൈന്‍സ് ഡേക്ക് വലിയ പ്രാധാന്യം ഒന്നും കല്‍പ്പിച്ചിട്ടില്ലാത്ത സ്ത്രീകള്‍ വരെ ഇത്തവണ ഈ പ്രതിഷേധ സമരത്തിന്റെ ഭാഗം ആയി വാലന്റൈന്‍സ് ഡേ പ്രതീകാത്മകം ആയെങ്കിലും ആഘോഷിക്കുവാന്‍ ഈ പ്രതിഷേധ സമരം വഴി ഒരുക്കും എന്നാണ് സംഘാടകരുടെ പ്രതീക്ഷ. ലോകമെമ്പാടും നിന്ന് ആയിര കണക്കിനു പേര്‍ ഇതിനോടകം ഈ കാമ്പെയിനുമായി ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതില്‍ സ്ത്രീകള്‍ക്ക് പുറമെ എല്ലാ പ്രായക്കാരുമായ പുരുഷന്മാരും ഉള്‍പ്പെടുന്നു എന്നത് ആശാവഹം ആണെന്ന് ഈ കാമ്പെയിന്റെ ചുക്കാന്‍ പിടിക്കുന്നവര്‍ അഭിപ്രായപ്പെടുന്നു. - ഗീതു Labels: geethu 4 Comments:
Links to this post: |
10 January 2009
ഗുരുവായൂര്‍ സെക്സ് ടൂറിസത്തിന് പ്രസിദ്ധം
ഒരു നേരമെങ്കിലും കാണാതെ വയ്യ എന്നും പറഞ്ഞ് ഗുരുവായൂരില്‍ എത്തുന്ന ഭക്ത ജന പ്രവാഹത്തിന്റെ മറവില്‍ തഴച്ചു വളരുന്ന സെക്സ് ടൂറിസത്തിന്റെ കഥകള്‍ പുറത്തായതോടെ ഗുരുവായൂരിന് ആഗോള തലത്തില്‍ മറ്റൊരു പ്രസിദ്ധിയും കൈ വന്നിരിക്കുന്നു. കൊച്ചു കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുവാനായി പുതിയ ഇരകളെ അന്വേഷിച്ചെത്തുന്ന വിദേശ ടൂറിസ്റ്റുകളുടെ "സേഫ് ലിസ്റ്റില്‍" ഉള്ള സ്ഥലങ്ങളില്‍ പ്രമുഖ സ്ഥാനം ആണത്രെ ഗുരുവായൂരിന്. ബാംഗളൂര്‍ ആസ്ഥാനം ആക്കി പ്രവര്‍ത്തിക്കുന്ന ഇക്വേഷന്‍സ് എന്ന സംഘടന നടത്തിയ ചില അന്വേഷണങ്ങള്‍ പുറത്ത് കൊണ്ടു വന്നത് ബി.ബി.സി യാണ്. നാം ആരും കേള്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഞെട്ടിപ്പിക്കുന്ന ചില സത്യങ്ങള്‍.
തങ്ങളുടെ കുട്ടികളെ ടൂറിസ്റ്റുകളുടെ ഉപയോഗത്തിനായി വിട്ടു കൊടുക്കുന്ന മാതാ പിതാക്കള്‍ പറഞ്ഞത് തങ്ങളുടെ കുട്ടികളെ തേടി വിദേശ ടൂറിസ്റ്റുകള്‍ക്ക് പുറമെ നാടന്‍ ടൂറിസ്റ്റുകളും സ്ഥല വാസികളും വരെ വരാറുണ്ടെന്നാണ്. എപ്പോഴും തിരക്കുള്ള ഇവിടത്തെ ഹോട്ടലുകളില്‍ റൂം എടുക്കുന്നവരുടെ മേല്‍ പ്രത്യേകിച്ച് ഒരു നിരീക്ഷണവും പോലീസിന്റെയോ അധികാരികളുടേയോ പക്കല്‍ നിന്നും ഉണ്ടാവാത്തത് ഇവിടങ്ങളില്‍ ഇത്തരം ഇടപാടുകള്‍ നടക്കുവാന്‍ ഏറെ സഹായകരം ആവുന്നു. വിദേശത്തു നിന്നും ടൂര്‍ ബുക്ക് ചെയ്യുമ്പോള്‍ തന്നെ തങ്ങള്‍ക്ക് വേണ്ട കുട്ടികളുടെ പ്രായം പോലും തെരഞ്ഞെടുക്കാന്‍ ടൂറിസ്റ്റുകള്‍ക്ക് കഴിയുന്നു. ഇത്തരം ടൂര്‍ സ്ഥാപനങ്ങളും സുരക്ഷിത താവളങ്ങളായി നിര്‍ദ്ദേശിക്കുന്നത് തീര്‍ത്ഥാടന കേന്ദ്രങ്ങളെയാണത്രെ. തിരുപ്പതിയും ഗുരുവായൂരും ആണത്രെ ഇതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത്. കേരളത്തില്‍ പോലീസിന്റെയും നിയമ വ്യവസ്ഥയുടെ ദൗര്‍ബല്യം ആണ് ഇതിന് പ്രധാന കാരണം എന്ന് ഇവര്‍ പറയുന്നു. പിടിക്കപ്പെട്ടാലും രക്ഷപ്പെടാന്‍ ഉള്ള സഹായ പ്രാദേശികം ആയി തന്നെ ഇവിടെ നിന്നും ലഭിക്കുമത്രെ. ടീനേജ് പ്രായത്തിലുള്ള പെണ്‍ കുട്ടികള്‍ക്കൊപ്പം 9 മുതല്‍ 16 വയസ്സു വരെ പ്രായമുള്ള ആണ്‍ കുട്ടികള്‍ക്കും വമ്പിച്ച ഡിമാന്‍ഡ് ആണ് ഇവിടെ. പല മാതാ പിതാക്കളും കരുതുന്നത് ആണ്‍ കുട്ടികളെ ഇങ്ങനെ വിട്ട് കൊടുക്കുന്നതില്‍ വലിയ കുഴപ്പം ഇല്ല എന്നാണ്. പെണ്‍ കുട്ടികള്‍ ആണെങ്കില്‍ ആരെങ്കിലും അറിഞ്ഞാല്‍ അത് കുഴപ്പം ആകും, ഇവര്‍ സമൂഹികമായി ഒറ്റപ്പെടും എന്നൊക്കെ കരുതുന്ന ഇവര്‍ പക്ഷെ ആണ്‍ കുട്ടികള്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ ഇല്ല എന്നും കരുതുന്നു. കൂടാതെ ആണ്‍ കുട്ടികള്‍ ഗര്‍ഭം ധരിക്കുകയും ഇല്ലല്ലോ എന്നും ഒരു രക്ഷിതാവ് അഭിപ്രായപ്പെട്ടു എന്ന് ഇക്വേഷന്‍സ് വെളിപ്പെടുത്തുന്നു. അന്‍പത് രൂപ മുതല്‍ ഇരുന്നൂറ് രൂപ വരെ ആണ് ഇവര്‍ക്ക് പ്രതിഫലമായി കിട്ടുന്നത്. സ്വദേശികളും നാട്ടുകാരും വരെ ആവശ്യക്കാരായി എത്താറുണ്ടെങ്കിലും വിദേശികളെയാണ് പൊതുവെ ഇവര്‍ക്ക് താല്പ്പര്യം. കാരണം വിദേശ ടൂറിസ്റ്റുകള്‍ പണത്തിനു പുറമെ സമ്മാനങ്ങളും മിഠായികളും കൊടുക്കുമത്രെ. ചിലരെങ്കിലും വീട്ട് സാമനങ്ങളും വീട് നിര്‍മ്മാണത്തിനുള്ള സഹായവും വരെ ചെയ്തു കൊടുക്കുമത്രെ. ഇവരില്‍ പലരും ദീര്‍ഘ കാലത്തേക്ക് ഇവിടങ്ങളില്‍ വീടെടുത്ത് താമസിക്കും. പലരും ഇംഗ്ലീഷ് ട്യൂഷന്‍ എന്നും സാമൂഹ്യ പ്രവര്‍ത്തനം എന്നൊക്കെ പറഞ്ഞാണത്രെ ഇവരുടെ ഇരകളെ തേടി വീടുകളില്‍ കയറി ചെല്ലുന്നത്. കടുത്ത ദാരിദ്ര്യത്തില്‍ നിന്നും രക്ഷപ്പെടാന്‍ സ്വയം നശിക്കാതിരിക്കാനും തങ്ങളുടെ അമ്മമാരെ കാഴ്ച വെക്കുന്നത് ഒഴിവാക്കാന്‍ സ്വയമേവ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വശം വദരാവുന്നതും സാധാരണം ആണത്രെ. - ഗീതു Labels: geethu 13 Comments:
Links to this post: |
03 January 2009
കോമ്പ്ലാനും ഹോര്‍ലിക്ക്സും യുദ്ധത്തില്‍
പരസ്യത്തില്‍ മറ്റ് കമ്പനികളുടെ ഉല്‍പ്പന്നത്തെ വിമര്‍ശിക്കുമ്പോഴും അത്യാവശ്യം പ്രതിപക്ഷ ബഹുമാനം കാണിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാല്‍ ഹോര്‍ലിക്ക്സും കോമ്പ്ലാനും തമ്മില്‍ ഇപ്പോള്‍ നടക്കുന്ന പരസ്യ യുദ്ധത്തില്‍ ഇത്തരം സാമാന്യ മര്യാദകളെ എല്ലാം കാറ്റില്‍ പറത്തി കൊണ്ട് ഹോര്‍ലിക്ക്സ് കോമ്പ്ലാനെയും കോമ്പ്ലാന്‍ ഹോര്‍ലിക്ക്സിനെയും നേരിട്ട് ആക്രമിച്ചിരിക്കുന്നു. പ്രശ്നം ഇപ്പോള്‍ സുപ്രീം കോടതിയിലും എത്തിയിരിക്കുന്നു. കമ്പോളത്തില്‍ തങ്ങളുടെ പേരിനു കളങ്കം വരുത്തി എന്ന് ആരോപിച്ച് ഹോര്‍ലിക്ക്സ് ആണ് കോമ്പ്ലാന് എതിരെ സുപ്രീം കോടതിയില്‍ അന്യായം ബോധിപ്പിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റീസ് കെ. ജി. ബാലകൃഷ്ണനും ജസ്റ്റീസ് പി. സദാശിവവും അടങ്ങുന്ന ബെഞ്ചാണ് പരാതിയിന്മേല്‍ വാദം കേട്ട് കോമ്പ്ലാനെതിരെ നോട്ടീസ് അയച്ചിരിക്കുന്നത്.
കോമ്പ്ലാന്‍ തങ്ങളുടെ പരസ്യത്തില്‍ ഹോര്‍ലിക്ക്സ് കുപ്പി കയ്യില്‍ എടുത്ത് കാണിക്കുകയും ഹോര്‍ലിക്ക്സിന്റെ പേരെടുത്ത് പറയുകയും ചെയ്തിട്ടുണ്ട്. ഹോര്‍ലിക്ക്സിലുള്ളത് വില കുറഞ്ഞ വസ്തുക്കളാണ് എന്ന് എടുത്ത് പറയുന്ന പരസ്യം കോമ്പ്ലാന്‍ കുടിച്ചാല്‍ ഉയരം വര്‍ദ്ധിക്കും എന്നും പറയുന്നുണ്ട്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ഇറങ്ങിയ ഒരു ഹോര്‍ലിക്ക്സിന്റെ പരസ്യത്തിനു മറുപടിയാണ് ഈ കോമ്പ്ലാന്‍ പരസ്യം. ഈ ഹോര്‍ലിക്ക്സ് പരസ്യത്തില്‍ കോമ്പ്ലാന്റെ പേരെടുത്തു പറയാതെ കോമ്പ്ലാന്റെ പെട്ടി മാത്രമാണ് കാണിക്കുന്നത്. കോമ്പ്ലാന്‍ വാങ്ങിച്ച ഒരു കുടുംബവും ഹോര്‍ലിക്ക്സ് വാങ്ങിച്ച ഒരു കുടുംബവും തമ്മില്‍ നടക്കുന്ന ഒരു സംഭാഷണം ആണ് പരസ്യത്തിന്റെ പശ്ചാത്തലം. കോമ്പ്ലാനില്‍ 23 പോഷകങ്ങള്‍ ഉണ്ടെന്ന പരാമര്‍ശത്തിന് ഹോര്‍ലിക്ക്സിലും 23 പോഷകങ്ങള്‍ ഉണ്ടെന്ന് പറയുന്ന കോമ്പ്ലാന്‍ ബോയ് കോമ്പ്ലാന്‍ തന്റെ ഉയരം കൂട്ടും എന്ന് പറയുന്നു. എന്നാല്‍ ഹോര്‍ലിക്ക്സ് തന്റെ ഉയരം കൂട്ടുക മാത്രമല്ല, തന്റെ കരുത്തും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കുമെന്ന് പറയുന്ന ഹോര്‍ലിക്ക്സ് ബോയ് ഇത് തെളിയിക്കപ്പെട്ടതാണ് എന്ന് കൂടി അവകാശപ്പെടുന്നു. കൂടാതെ ഇതിന്റെ വില കോമ്പ്ലാന്റേതിനേക്കാള്‍ കുറവാണ് എന്നും പരസ്യം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. മറ്റൊരു രസകരമായ വിശേഷം ഈ ഹോര്‍ലിക്ക്സ് പരസ്യം ഒരിക്കല്‍ അബദ്ധത്തില്‍ ബ്രിട്ടീഷ് ടെലിവിഷന്‍ ചാനലില്‍ പ്രദര്‍ശിപ്പിച്ചതാണ്. ബംഗ്ലാദേശ് ടെലിവിഷനില്‍ കാണിക്കാനായി വെച്ച പരസ്യം അബദ്ധ വശാല്‍ ഒരു പരിപാടിക്കിടയില്‍ ബ്രിട്ടീഷ് ടെലിവിഷനില്‍ കാണിക്കുകയായിരുന്നു. എന്നാല്‍ കര്‍ശനമായ പരസ്യ നിയന്ത്രണ നിയമങ്ങള്‍ നിലവില്‍ ഉള്ള ബ്രിട്ടനിലെ അധികൃതര്‍ ഈ പരസ്യം ശ്രദ്ധയില്‍ പെട്ട ഉടന്‍ അത് നിരോധിച്ചു. കുട്ടികളുടെ ഉയരവും കരുത്തും സാമര്‍ത്ഥ്യവും കൂട്ടും എന്ന് പരസ്യത്തില്‍ പറയുന്നത് പൊതു ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്നായിരുന്നു ബ്രിട്ടീഷ് അധികൃതര്‍ ഈ പരസ്യം നിരോധിക്കുവാന്‍ ഉള്ള കാരണം. - ഗീതു Labels: geethu |
02 January 2009
താലിബാന് പെണ്‍കുട്ടികളെ ബലമായി വിവാഹം കഴിപ്പിക്കുന്നു
വിനോദ സഞ്ചാരികളുടെ പറുദീസ ആയി ഒരു കാലത്തു പ്രശസ്തം ആയിരുന്ന പാക്കിസ്ഥാനിലെ സ്വാറ്റ് താഴ്വര താലിബാന്‍ പോരാളികളുടെ പിടിയില്‍ ആയിട്ട് കുറെ കാലം ആയി. ജിഹാദിന്റെ പേരില്‍ തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് എതിര്‍ നില്‍ക്കുന്നവരുടെ തല വെട്ടിയും കൊന്നൊടുക്കിയും ഇക്കൂട്ടര്‍ ഈ പ്രദേശം അടക്കി വാഴുന്നു. കോഴിയെ കൊല്ലുന്നത് പോലെയാണ് താലിബാന്‍ മനുഷ്യരെ കൊന്നൊടുക്കുന്നത് എന്ന് പ്രൈമറി സ്കൂള്‍ അധ്യാപകയായ സല്‍മ പറയുന്നു. പാക്കിസ്ഥാനിലെ ഒരു പ്രമുഖ ദിന പത്രമായ ഡോണ്‍നു നല്കിയ ഒരു അഭിമുഖത്തില്‍ ആണ് ഈ വെളിപ്പെടുത്തല്‍. അടുത്തയിടെ ഒരു പുതിയ പ്രവണത കണ്ടു വരുന്നതായും ഇവര്‍ പറയുന്നു. പ്രായ പൂര്‍ത്തിയായ വിവാഹം കഴിക്കാത്ത പെണ്‍ കുട്ടികളുടെ അച്ഛന്‍മാര്‍ ഈ വിവരം അടുത്തുള്ള പള്ളിയില്‍ അറിയിക്കണം എന്ന് താലിബാന്‍ ഉത്തരവിട്ടുവത്രേ. ഈ പെണ്‍ കുട്ടികളെ താലിബാന്‍ പോരാളികള്‍ക്ക് വിവാഹം ചെയ്യാന്‍ വേണ്ടിയാണ് ഇത്. വിവാഹത്തിന് തയ്യാര്‍ ആവാത്തവരെ താലിബാന്റെ നേതൃത്വത്തില്‍ തങ്ങളുടെ പോരാളികളെ കൊണ്ടു ബലമായി കല്യാണം കഴിപ്പിക്കുന്നു എന്നും ഇവര്‍ വെളിപ്പെടുത്തി.
അഫ്ഘാനിസ്ഥാനില്‍ നടപ്പിലാക്കിയത് പോലെയുള്ള നിയന്ത്രണങ്ങള്‍ സ്ത്രീകള്‍ക്ക് മേലെ ഇവിടെയും താലിബാന്‍ നടപ്പിലാക്കിയിട്ടുണ്ട്. ഏഴ് വയസിനു മുകളില്‍ പ്രായമുള്ള പെണ്‍ കുട്ടികള്‍ക്ക് ഒറ്റയ്ക്ക് വീടിനു പുറത്തിറങ്ങാന്‍ വിലക്കുണ്ട്. വിലക്ക് ലംഘിച്ചു വീടിനു പുറത്തിറങ്ങുന്ന പെണ്‍ കുട്ടികളെ ഇവര്‍ വധിക്കുന്നു. സ്ത്രീകള്‍ വീടിനു പുറത്തിറങ്ങുന്നത് ബന്ധുവായ ഒരു പുരുഷന്റെ അടമ്പടിയോടു കൂടെ മാത്രം ആയിരിക്കണം. കൈയില്‍ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ് കരുതുകയും വേണം. വിവാഹിതരായ ദമ്പതികള്‍ വീടിനു പുറത്തിറങ്ങുമ്പോള്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം. സ്ത്രീകളുടെ വിദ്യാഭ്യാസം താലിബാന്‍ നേരത്തെ തന്നെ നിരോധിച്ചിരുന്നു. ഇതോടൊപ്പം സ്ത്രീകള്‍ ജോലി ചെയ്യുന്നത് കൂടി നിരോധിച്ചത് സല്‍മയുടെ വിദ്യാര്‍ത്ഥിനികളെ കൂടാതെ സഹ പ്രവര്‍ത്തകരായ അധ്യപികമാരെയും കൂടെ കടുത്ത പ്രതിസന്ധിയില്‍ ആക്കിയിരിക്കുന്നു. വൃദ്ധരായ മാതാ പിതാക്കള്‍ മാത്രം വീട്ടില്‍ ഉള്ള ഇവരില്‍ പലരും കുടുംബത്തിന്റെ ഏക ആശ്രയം ആണ്. ഇവര്‍ക്ക് ജോലി നഷ്ടപെട്ടാല്‍ ഇവരുടെ കുടുംബത്തിന്റെ കാര്യം പ്രതിസന്ധിയില്‍ ആവും. ഈ കാര്യങ്ങള്‍ പറഞ്ഞ് ഇവരുടെ പ്രശ്നങ്ങള്‍ എഴുതി കൊടുക്കുവാന്‍ ഇവരുടെ പ്രധാന അധ്യാപകന്‍ ഇവരോട് ആവശ്യപ്പെ ട്ടിട്ടുണ്ടത്രേ. ഇത് ഇവര്‍ താലിബാന് അയച്ചു കൊടുത്തു നിയന്ത്രണത്തില്‍ എന്തെങ്കിലും ഇളവ് നേടാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇതിന് പോലും പലര്‍ക്കും ഭയമാണ്. മുന്‍പ് ഇതു പോലെ പെണ്‍ കുട്ടികളുടെ വിദ്യാഭ്യാസത്തെ അനുകൂലിച്ച ബഖ്ത് സേബ എന്ന ഒരു വനിതാ പ്രവര്‍ത്തകയോട് താലിബാന്‍ ഉടന്‍ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വെക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇവര്‍ അശരണരായ പെണ്‍ കുട്ടികളുടെ വിവാഹ ചെലവുകള്‍ക്ക് ഉള്ള പണം സ്വരൂപിച്ചു നല്‍കുകയും ദരിദ്രരായ പെണ്‍ കുട്ടികള്‍ക്ക് യൂനിഫോര്‍മും പുസ്തകങ്ങളും മറ്റും എത്തിച്ചു കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ ഇത്തരം എല്ലാ പ്രവര്‍ത്തനങ്ങളും താലിബാന്‍ അനാശാസ്യം എന്ന് മുദ്ര കുത്തിയാണ് സ്ത്രീകളെ അടക്കി നിര്‍ത്തുന്നത്. താലിബാന്റെ ഭീഷണിക്ക് മുന്‍പില്‍ വഴങ്ങാഞ്ഞ ഇവരെ അടുത്ത ദിവസം വീട്ടിലെത്തി വെടി വെച്ചു കൊല്ലുകയായിരുന്നു. ജോലിക്ക് പോയിരുന്ന പന്ത്രണ്ടോളം സ്ത്രീകളെ ഇതു പോലെ "അനാശാസ്യം" എന്ന് മുദ്ര കുത്തി താലിബാന്‍ തന്റെ ഗ്രാമത്തില്‍ കൊന്നൊടുക്കി എന്ന് പേര് വെളിപ്പെടുത്താന്‍ ഭയമുള്ള ഒരു വനിതാ പ്രവര്‍ത്തക പറഞ്ഞു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. - ഗീതു Labels: geethu 2 Comments:
Links to this post: |
01 October 2008
പാക്കിസ്ഥാനില്‍ സ്ത്രീകളുടെ നേരെ നടക്കുന്ന അക്രമങ്ങള്‍ - ഗീതു
പാക്കിസ്ഥാനില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളെ പറ്റി ഉള്ള ഈ വീഡിയോ യൂ ട്യൂബില്‍ കണ്ടതാണ്. പാക്കിസ്ഥാനോടുള്ള വിദ്വേഷം അതില്‍ ഉടനീളം കാണാം. അത് കൊണ്ടു തന്നെ അതില്‍ പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ തിരക്കണം എന്ന് തീരുമാനിച്ചു ഗൂഗ് ളില്‍ തിരഞ്ഞു. അപ്പോള്‍ കിട്ടിയ കുറേ ലിങ്കുകള്‍ ആണ് താഴെ കൊടുത്തിരിയ്ക്കുന്നത്.
മുഖ്തരണ്‍ മായ് (30) Mukhtaran Mai മായുടെ 15കാരനായ സഹോദരന്‍ തങ്ങളുടെ കൂട്ടത്തിലെ ഒരു അവിവാഹിതയായ പെണ്‍കുട്ടിയുമായി അടുപ്പത്തിലാണ് എന്ന കുറ്റത്തിനാണ് മായെ പൊതു സ്ഥലത്ത് വെച്ച് കൂട്ട ബലാത്സംഗം ചെയ്തത്. സഫ്രാന്‍ ബീബി (25) Zafran Bibi ഭര്‍ത്താവിന്റെ സഹോദരനാല്‍ ബലാത്സംഗം ചെയ്യപ്പെട്ട സഫ്രാനെ അവിഹിത ബന്ധം എന്ന കുറ്റം ചുമത്തി കല്ലെറിഞ്ഞു കൊല്ലാനാണ് കോടതി വിധിച്ചത്. ജെഹാന്‍ മിന (15) Jehan Mina അമ്മാവനും മച്ചുനനും ബലാത്സംഗം ചെയ്ത ജെഹാന്‍ ഗര്‍ഭിണിയായതോടെ കോടതി ജെഹാനെ അവിഹിത ബന്ധത്തിന് തടവും പൊതു സ്ഥലത്ത് വെച്ച് പത്ത് അടിയും ശിക്ഷ യായി വിധിച്ചു. ജെഹാന്‍ പിന്നീട് ജെയിലില്‍ വെച്ചാണ് തന്റെ കുഞ്ഞിന് ജന്മം നല്‍കിയത്. ശാരി കോമള്‍ (7) Shaari Komal അയല്‍ക്കാരനായ അലി (23) മിഠായി തരാം എന്ന് പറഞ്ഞാണ് ശാരിയെ തന്റെ വീട്ടിലേയ്ക്ക് കൊണ്ട് പോയി ക്രൂരമായി ബലാത്സംഗം ചെയ്തത്. ഡോ. ഷാസിയാ ഖാലിദ് (Shazia Khalid) ഔദ്യോഗിക വസതിയില്‍ തന്റെ കിടപ്പുമുറിയില്‍ വെച്ച് ഈ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തത് പാക്കിസ്ഥാനിലെ ഒരു ഉയര്‍ന്ന പട്ടാള ഉദ്യോഗസ്ഥനായിരുന്നു. പോലീസില്‍ പരാതിപ്പെട്ട ഡോക്ടറെ പോലീസ് മനോരോഗ ചികിത്സയ്ക്കായി മനോരോഗാശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുകയാണ് ഉണ്ടായത്. ഇയാള്‍ നൂറ് ശതമാനം നിരപരാധിയാണെന്ന് പിന്നീട് പ്രസിഡന്റ് മുഷറഫ് പറയുകയുണ്ടായി. ബലാത്സംഗം ആരോപിയ്ക്കുന്നത് പലരും പണം പിടുങ്ങാനും കാനഡയിലേയ്ക്കും മറ്റും കുടിയേറാനും ഉള്ള എളുപ്പ വഴിയായി പ്രയോഗിയ്ക്കുന്നു എന്ന് മുഷറഫ് പറഞ്ഞത് ഏറെ വിവാദം ഉയര്‍ത്തിയിരുന്നു. റുബിന കൌസര്‍ (Rubina Kousar) നിയമവിരുദ്ധമായി ഗര്‍ഭച്ഛിദ്രം നടത്തിക്കൊടുക്കുവാന്‍ വിസമ്മതിച്ച സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സായ റുബിനയെ മൂന്ന് പേര്‍ ചേര്‍ന്നാണ് ബലാത്സംഗം ചെയ്തത്. ആര്‍. പി. (19) Ms. R.P. അന്ധനായ ഒരു യാചകന്റെ പത്തൊന്‍പതുകാരിയായ മകള്‍ വയലില്‍ കൊയ്തു കൊണ്ടിരിയ്ക്കുമ്പോള്‍ സ്ഥലത്തെ മൂന്ന് പ്രമാണിമാര്‍ തോക്ക് ചൂണ്ടി പേടിപ്പെടുത്തി ബലാത്സംഗം ചെയ്തു. ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് പറഞ്ഞ ഇവര്‍ പിന്നീട് മൂന്ന് മാസം ഗര്‍ഭിണിയാവുന്നത് വരെ ദിവസേന വീട്ടിലെത്തി കൂട്ട ബലാത്സംഗം നടത്തി. ഗര്‍ഭിണിയായതിനെ തുടര്‍ന്ന് നിര്‍ബന്ധിച്ച് വിഷം കഴിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെങ്കിലും തക്ക സമയത്ത് ആശുപത്രിയിലെത്തിച്ചതിനാല്‍ പെണ്‍കുട്ടി മരിച്ചില്ല. എന്നാല്‍ മൂന്ന് മാസം വളര്‍ച്ചയെത്തിയ ഭ്രൂണം മരണപ്പെട്ടു. ഇതു വരെ കുറ്റവാളികളെ പിടികൂടിയിട്ടില്ലെന്ന് മാത്രമല്ല ഒട്ടനേകം കള്ള കേസുകളിലായി പെണ്‍കുട്ടിയുടെ ബന്ധുക്കളെല്ലാവരും തന്നെ പോലീസ് പിടിയിലാവുകയും ചെയ്തു. സോണിയാ നാസ് (23) Sonia Naz പോലീസ് കസ്റ്റഡിയിലായ തന്റെ ഭര്‍ത്താവിനെ വിട്ടു കിട്ടാന്‍ ഹേര്‍ബിയസ് കോര്‍പസ് ഹരജി കൊടുത്ത സോണിയ എന്ന ബിസിനസുകാരിയെ ഒരു രാത്രി സ്വന്തം വീട്ടില്‍ വെച്ചാണ് പോലീസ് പിടിച്ചു കൊണ്ടു പോയത്. ഫൈസലാബാദിലെ ഒരു അജ്ഞാത കേന്ദ്രത്തില്‍ വെച്ച് സോണിയയെ പോലീസ് ഇന്‍സ്പെക്ടര്‍ ബലാത്സംഗം ചെയ്യുകയും പോലീസ് സൂപ്രണ്ട് ഇവരുടെ മുഖത്ത് മൂത്രം ഒഴിയ്ക്കുകയും ചെയ്തു. അസ്മാ ഷാ (15) Asma Shah ഒരു പ്രാര്‍ഥനാ യോഗം കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകാന്‍ ബസ് കാത്തു നിന്നതായിരുന്നു അസ്മ. അയല്‍ക്കാരായ രണ്ട് ചെറുപ്പക്കാര്‍ കാറില്‍ വന്ന് വീട്ടില്‍ വിടാം എന്ന് പറഞ്ഞപ്പോള്‍ അസ്മ കാറില്‍ കയറി. കുറച്ച് കഴിഞ്ഞ് കാറില്‍ മൂന്ന് പേര്‍ കൂടി കയറി. അവര്‍ അവളെ ഒരു ഒഴിഞ്ഞ വീട്ടില്‍ കൊണ്ടു പോയി മൂന്ന് ദിവസം ബലാത്സംഗം ചെയ്തു. നാസിഷ് (17) Nazish കോളജിലേയ്ക്ക് പോവുകയായിരുന്ന നാസിഷിനെ മൂന്ന് പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ട് പോയി 37 ദിവസം ബലാത്സംഗം ചെയ്തു. പോലീസില്‍ പരാതിപ്പെട്ട നാസിഷിനോട് പക്ഷെ പോലീസ് പ്രതികളെ രക്ഷിയ്ക്കാനായി മൊഴി മാറ്റി പറയാന്‍ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ച നാസിഷിനെ സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ച് സബ് ഇന്‍സ്പെക്ടറും ഒരു കോണ്‍സ്റ്റബിളും ബലാത്സംഗം ചെയ്തു. കേസിപ്പോള്‍ ലാഹോര്‍ ഹൈക്കോടതിയിലാണ്. പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഈ വീഡിയോ പാക്കിസ്ഥാനെ കുറിച്ചുള്ളത് ആയത് കൊണ്ടു മാത്രം പാക്കിസ്ഥാനില്‍ മാത്രമേ ഇത്തരം അതിക്രമങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും നടക്കുന്നുള്ളൂ എന്ന് കരുതരുത്. ഇന്ത്യയിലെ ചില വാര്‍ത്തകളും നമ്മെ ഞെട്ടിപ്പിയ്ക്കുന്നത് തന്നെ. ബ്ലോഗ് ഇന്നത്തെ ജനകീയ രൂപം പ്രാപിയ്ക്കുന്നതിനു മുന്‍പേ ഇന്റര്‍നെറ്റില്‍ ഉണ്ടായിരുന്ന ഒരു ബ്ലോഗില്‍ നിന്ന്:
Labels: geethu 4 Comments:
Links to this post: |
04 July 2008
റിയാലിറ്റി ഷോ ക്രൂരതയ്ക്ക് കുട്ടികളെ മാതാപിതാക്കള്‍ വിട്ട് കൊടുക്കരുത്
ഇത് പറഞ്ഞത് കേന്ദ്ര മന്ത്രി രേണുകയാണ്. ഒരു റിയാലിറ്റി ഷോ ജഡ്ജിയുടെ കമെന്റ് കേട്ട് തളര്‍ന്ന് വീണ ഷിന്‍ജിനി എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ നട്ടെല്ലിന് ചികിത്സയിലായിരുന്നിട്ടും മാതാപിതാക്കള്‍ നൃത്ത പരിപാടിയില്‍ പങ്കെടുപ്പിച്ചത് ശരിയായില്ല. സ്ത്രീകളെ മാന്യമല്ലാതെ മാധ്യമങ്ങളില്‍ ചിത്രീകരിയ്ക്കുന്നതിന് എതിരെ ഉള്ള നിയമത്തെ പറ്റി ഒരു ചര്‍ച്ചയില്‍ പങ്കെടുക്കവെ ആണ് മന്ത്രി ഇത് പറഞ്ഞത്. ഒരു ടിവി ചാനലില്‍ ഒരു കൊച്ചു പെണ്‍കുട്ടി ഒരു അശ്ലീല ഗാനത്തിനൊപ്പം തികച്ചും അശ്ലീലമായി ചുവടു വെയ്ക്കുന്നത് കാണാനിടയായി. ഇത്തരം മാതാപിതാക്കളോട് എന്ത് പറയാനാണ്? പലപ്പോഴും പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ തന്നെയാണ് സമൂഹത്തില്‍ സ്ത്രീകള്‍ ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ക്ക് കാരണം. ഇത് സ്ത്രീകള്‍ക്ക് ശരിയായ ബോധവല്‍ക്കരണത്തിന്റെ അഭാവം മൂലമാണെന്നും താന്‍ കരുതുന്നു എന്ന്‍ മന്ത്രി പറയുന്നു.
ബാംഗളൂരിലെ നിംഹാന്‍സ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഷിന്‍ജിനി സെന്‍ഗുപ്ത എന്ന പതിനാറുകാരി ബംഗാളി ടെലിവിഷന്‍ ചാനലായ ഇ ടിവി യിലെ ധൂം മചാ ലേ ധൂം എന്ന നൃത്ത പരിപാടിയില്‍ പങ്കെടുത്തതായിരുന്നു. നൃത്തത്തെ തുടര്‍ന്ന് ജഡ്ജിമാര്‍ നടത്തിയ ക്രൂരമായ പരിഹാസം സഹിയ്ക്കാനാവതെയാണ് ഈ കൊച്ചു പെണ്‍കുട്ടി കുഴഞ്ഞു വീണത്. മെയ് 19 നായിരുന്നു സംഭവത്തിന് ആസ്പദമായ ഷൂട്ടിങ് നടന്നത്. മത്സരത്തില്‍ നിന്നും എലിമിനേറ്റ് ചെയ്യപ്പെട്ട ഷിന്‍ജിനിയെ പരസ്യമായി പരിഹസിച്ച ജഡ്ജിമാരുടെ മുന്നില്‍ കരയാതെ പിടിച്ചു നിന്ന പെണ്‍കുട്ടി പക്ഷെ കടുത്ത വിഷാദത്തിന് അടിമപ്പെടുകയായിരുന്നു എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തനിയ്ക്ക് ഉറക്കെ വാവിട്ട് കരയണമെന്നാണ് തോന്നിയത് എന്ന് ഷിന്‍ജിനി സ്റ്റേജില്‍ നിന്നും ഇറങ്ങി അമ്മയോട് പറഞ്ഞ ഉടന്‍ കുഴഞ്ഞു വീണു. ജൂണ്‍ 11ന് നില വഷളായതിനെ തുടര്‍ന്ന് ഷിന്‍ജിനിയെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ആശുപത്രി അധികൃതര്‍ കൂടുതല്‍ വിദഗ്ദ്ധ ചികിത്സയ്ക്കായി പെണ്‍കുട്ടിയെ കല്‍ക്കട്ട മെഡിക്കല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലേയ്ക്ക് അയച്ചു. അഞ്ചു ദിവസം ഇവിടെ ചികിത്സയില്‍ കഴിഞ്ഞെങ്കിലും നിലയില്‍ വലിയ മാറ്റമില്ലാതെ തുടര്‍ന്നു. കടുത്ത മാനസിക ആഘാതത്തെ തുടര്‍ന്ന് ഗുരുതരവും സങ്കീര്‍ണ്ണവുമായ മാനസിക തകരാറ് സംഭവിച്ചിട്ടുണ്ട് എന്നാണ് വിദഗ്ദ്ധരുടെ നിഗമനം. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സക്കായി ഷിന്‍ജിനിയെ ബാംഗ്ലൂരിലെ നിംഹാന്‍സില്‍ പ്രവേശിപ്പിച്ചു. സംസാര ശേഷി നഷ്ടപ്പെട്ട ഷിന്‍ജിനി തനിയ്ക്ക് അത്യാവശ്യമായ കാര്യങ്ങള്‍ കടലാസില്‍ എഴുതിയാണ് അമ്മയോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ ചലന ശേഷിയും നഷ്ടപ്പെട്ട് കിടയ്ക്കുകയാണ് തന്റെ മകള്‍ എന്ന് അമ്മ സിബാനി സെന്‍ ഗുപ്ത പറയുന്നു. ഷിന്‍ജിനി ഇതാദ്യമായ് അല്ല ഇങ്ങനെ ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുന്നത്. ടെലിവിഷന്‍ സീരിയലുകളിലും മറ്റും അഭിനയിച്ചിട്ടുള്ള ഷിന്‍ ജിനി ഓഗസ്റ്റില്‍ റിലീസ് ചെയ്യുന്ന ഒരു ബംഗാളി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരം ഒരു തിക്താനുഭവം ആദ്യമായാണ് നേരിടേണ്ടി വന്നത് എന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു. നിംഹാന്‍സിലെ ചികിത്സയ്ക്ക് ഫലം കണ്ട് തുടങ്ങിയതായി ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച ചെറിയ തോതില്‍ ആശുപത്രി മുറിയില്‍ ഒരാളുടെ സഹായത്തോടെ അല്‍പ്പം നടക്കുവാനും കഴിഞ്ഞു എന്ന് ബന്ധുക്കള്‍ പറഞ്ഞു. അഞ്ച് ശതമാനം നില മേച്ചപ്പെട്ടതായി ആശുപത്രി അധികൃതര്‍ വെളിപ്പെടുത്തി. സാധാരണ ഭക്ഷണം കഴിച്ച് തുടങ്ങിയ ഷിന്‍ജിനി പൂര്‍ണ്ണമായി സുഖപ്പെടുവാന്‍ കുറേയേറെ നാള്‍ വേണ്ടി വരും എന്നാണ് നിഗമനം. ഇതിനിടെ റിയാലിറ്റി ഷോ ജഡ്ജി ഷിന്‍ജിനിയെ ആശുപത്രിയില്‍ സന്ദര്‍ശിക്കുകയുണ്ടായി. ആശുപത്രി ചിലവുകള്‍ മുഴുവനായി റിയാലിറ്റി ഷോ നിര്‍മ്മാതാവ് വഹിയ്ക്കുമെന്ന് ഇയാള്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ അറിയിച്ചു. ഷിന്‍ജിനി നേരത്തേ നട്ടെല്ലിനുണ്ടായ അസ്വസ്ഥതയ്ക്ക് ചികിത്സയില്‍ ആയിരുന്നു എന്നും ഇവര്‍ ആരോപിക്കുന്നു. ഹൈദരാബാദില്‍ നട്ടെല്ലിന് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഷിന്‍ജിനിക്ക് കൂടുതല്‍ മാനസിക സമ്മര്‍ദ്ദം ഉണ്ടാവാതെ നോക്കണം എന്ന് അന്ന് പെണ്‍കുട്ടിയെ ചികിത്സിച്ച ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നതാണ്. സീരിയല്‍, സിനിമാ അഭിനയത്തില്‍ നിന്നും ടിവി ഷോകളില്‍ നിന്നുമെല്ലാം വിട്ട് നില്‍ക്കണം എന്നും ഉപദേശിച്ചിരുന്നു. എന്നാല്‍ ഇതൊന്നും വക വെയ്ക്കാതെ തങ്ങളുടെ മകളെ ഇവര്‍ റിയാലിറ്റി ഷോയില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുകയായിരുന്നു. റിയാലിറ്റി ഷോകളില്‍ പങ്കെടുക്കുന്നവര്‍ സ്റ്റേജില്‍ വെച്ചുണ്ടാകാവുന്ന ഏത് സാഹചര്യങ്ങളും നേരിടാന്‍ തയ്യാറായി തന്നെ വരുന്നതാണ്. അതാണ് റിയാലിറ്റി ഷോകളുടെ സവിശേഷതയും. ഇത് ആരുടേയും ഭാവി രൂപപ്പെടുത്തുവാനോ ആരേയും സിനിമാ താരമാക്കുവാനോ വേണ്ടി സംഘടിപ്പിക്കുന്നതല്ല. സൌമ്യമായ പെരുമാറ്റവും മറ്റും ഇവിടെ പ്രതീക്ഷിക്കരുത്. ഇത്തരം മാനസിക സമ്മര്‍ദ്ദം നേരിടാന്‍ കഴിയാത്തവര്‍ ഇതില്‍ പങ്കെടുക്കുകയും അരുത്. പരുഷമായ ജഡ്ജ്മെന്റും പരിഹാസം കലര്‍ന്ന കമന്റുകളും ആണ് ഇത്തരം റിയാലിറ്റി ഷോകളുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നത്. ഏത്ര കൂടുതല്‍ പരിഹാസമാവാമോ അത്രയും കൂടുതല്‍ റേറ്റിങ് വര്‍ദ്ധനവാണ് ചാനലുകള്‍ രേഖപ്പെടുത്തപ്പെടുന്നത്. ഇതിനാല്‍ നിര്‍മ്മാതാക്കളും ചാനലുകളും ഈ പ്രവണതയെ പ്രോത്സാഹിപ്പിയ്ക്കുകയും ചെയ്യുന്നു. - ഗീതു
Labels: geethu 3 Comments:
Links to this post: |
27 June 2008
മത സൌഹാര്‍ദ്ദം ഔട്ട് ഓഫ് ഫാഷന്‍ ആയോ?വിവാദമായ പാഠഭാഗത്തിന്റെ ചിത്രങ്ങളാണിവ. ഇതില്‍ മത സൌഹാര്‍ദ്ദമാണ് ഉടനീളം പ്രോത്സാഹിപ്പിച്ചിരിയ്ക്കുന്നത്. മത സൌഹാര്‍ദ്ദം പ്രോത്സാഹിപ്പിയ്ക്കുക നമ്മുടെ ഭരണഘടനാപരമായ കര്‍ത്തവ്യമാണ്. എല്ലാ മതങ്ങള്‍ക്കും തുല്യമായ പദവി അനുവദിയ്ക്കുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്ക് അനുസൃതമായി പ്രവര്‍ത്തിയ്ക്കുന്ന ഇടത് പക്ഷ സര്‍ക്കാറിന്റെ നിലപാടിനെ എന്തിനാണ് നമ്മുടെ ദേശീയ പാര്‍ട്ടികള്‍ എതിര്‍ക്കുന്നത്? മത സൌഹാര്‍ദ്ദം പ്രോത്സാഹിപ്പിയ്ക്കുന്നതിനെ മത സംഘടനകള്‍ എതിര്‍ക്കുന്നതിനെ സങ്കുചിതത്വം എന്ന് വിളിയ്ക്കാം. ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളുടെ എതിര്‍പ്പിനെയോ? മതം എന്നാല്‍ അഭിപ്രായം എന്നാണ്. നിരീശ്വരവാദവും ഒരു മതമാണ്. ദൈവം ഇല്ല എന്ന് ഒരു വ്യക്തി വിശ്വസിയ്ക്കാന്‍ ആഗ്രഹിച്ചാല്‍ അതിനെ സ്റ്റേറ്റിന് എതിര്‍ക്കുവാനോ നിരുത്സാഹപ്പെടുത്തുവാനോ കഴിയില്ല എന്നിരിയ്ക്കെ മതനിഷേധവും ഒരു മതം തന്നെ. നിരീശ്വരവാദം പ്രോത്സാഹിപ്പിയ്ക്കുന്നുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പാഠപുസ്തകം പിന്‍വലിയ്ക്കാം എന്ന സര്‍ക്കാര്‍ നിലപാടിനെ ഒരു അഭിഭാഷകന്‍ കോടതിയില്‍ ചോദ്യം ചെയ്യുന്നത് ഈ പശ്ചാത്തലത്തിലാണ്. ഒരു ഇന്ത്യന്‍ പൌരന് ഏത് മതവും സ്വീകരിയ്ക്കാം എന്നത് പോലെ തന്നെ ഏത് മതവും സ്വീകരിയ്ക്കാതിരിയ്ക്കാനും അവകാശം ഉണ്ട്. ഒരു മതത്തിലും വിശ്വസിയ്ക്കാതിരിയ്ക്കാനും. ഈ സ്വാതന്ത്ര്യത്തെ സ്റ്റേറ്റിന് നിരാകരിയ്ക്കാനോ ബഹുമാനിയ്ക്കാതിരിയ്ക്കാനോ ആവില്ല. മതങ്ങള്‍ക്കും അപ്പുറമുള്ള മാനവികതയെ പറ്റി കുട്ടികള്‍ക്ക് ബോദ്ധ്യപ്പെടുത്തുന്ന ഈ പുസ്തകത്താളുകളെ എതിര്‍ക്കുന്നവര്‍ എന്തിനെയാണ് ഭയയ്ക്കുന്നത്? സങ്കുചിതമായ അതിര്‍വരമ്പുകളില്‍ തങ്ങളുടെ അനുയായികളെ വിലക്കി നിര്‍ത്തുവാന്‍ ഇവരെ പ്രേരിപ്പിയ്ക്കുന്നത് എന്താണ്? തങ്ങളുടെ സമുദായത്തിന്റെ ജനസംഖ്യ വര്‍ദ്ധിപ്പിയ്ക്കാന്‍ പരസ്യമായി പ്രോത്സാഹനം ചെയ്യാന്‍ വരെ ധൈര്യപ്പെടുന്ന ഇവര്‍ പ്രബുദ്ധ കേരളത്തിനെ നോക്കി കൊഞ്ഞനം കുത്തുകയാണ്. ഇനിയും ഒരു സഞ്ജയ് ഗാന്ധിയും അടിയന്തരാവസ്ഥയും നമുക്ക് ചിന്തിയ്ക്കാനാവില്ല. എന്നാല്‍ ജനസംഖ്യ വര്‍ധനവ് എന്ന വിപത്തിനെ നാം തിരിച്ചറിഞ്ഞതും ശാസ്ത്രബോധത്തില്‍ അധിഷ്ഠിതമായ ബോധവല്‍ക്കരണത്തിലൂടെ തന്നെ നേരിട്ട് ജനസംഖ്യാ നിയന്ത്രണത്തില്‍ കുറെയൊക്കെ വിജയിച്ചതും ആണ് ഇന്ത്യ ഇന്ന് കൈവരിച്ചിരിക്കുന്ന സാമ്പത്തിക പുരോഗതിയുടെ അടിത്തറ എന്ന് നാം മറന്ന് കൂടാ. നിരുത്തരവാദപരമായ രാഷ്ട്രീയ നാടകങ്ങളിലൂടെ നമ്മുടെ പുരോഗതിയ്ക്ക് വിഘാതമാവുന്ന ഇത്തരം പിന്‍തിരിപ്പന്‍ സ്ഥാപിത താല്‍പ്പര്യക്കാരെയും അവസര വാദികളായ രാഷ്ട്രീയക്കാരെയും നമുക്ക് തിരിച്ചറിയാന്‍ ഉള്ള അവസരമാണ് ഇത്തരം പ്രതിഷേധങ്ങള്‍. -ഗീതു Labels: geethu 5 Comments:
Links to this post: |
23 June 2008
വില്‍ക്കാനുണ്ട് മലയാള സിനിമ
മൂന്ന് സൂപ്പര്‍ സ്റ്റാറുകളെയും 10 സംവിധായകരെയും 5 വര്‍ഷത്തേയ്ക്ക് റിലയന്‍സ് വിലയ്ക്കെടുത്തെന്ന് മാക്ട ഫെഡറേഷന്‍ ആരോപിച്ചു. ബഹുരാഷ്ട്ര കുത്തകകള്‍ക്ക് വേണ്ടിയാണ് ഇവര്‍ മാക്ടയെ പിളര്‍ത്തിയത്. മമ്മൂട്ടി, മോഹന്‍ ലാല്‍, ദിലീപ്, സംവിധായകരായ ജോഷി, റോഷന്‍ ആന്‍ഡ്രൂസ്, സിദ്ദിഖ്, കമല്‍, ഫാസില്‍, പ്രിയദര്‍ശന്‍, രഞ്ജിത്ത്, റാഫി മെക്കാര്‍ട്ടിന്‍, ലാല്‍ ജോസ്, ജോണി ആന്റണി എന്നിവരാണ് കുത്തകകളുമായി കരാറുണ്ടാക്കിയത്.
കോടി കണക്കിന് രൂപ കോഴ വാങ്ങിയാണ് 10 സംവിധായകരും മൂന്ന് സൂപ്പര്‍ താരങ്ങളും കരാര്‍ ഒപ്പിട്ടതത്രെ. ഒരു പാട് ഉപാധികളുള്ള ഈ കരാര്‍ മലയാള സിനിമയെ എന്നെന്നേയ്ക്കുമായി ബഹുരാഷ്ട്ര കുത്തക സിനിമാ വ്യവസായികള്‍ക്ക് അടിയറവ് വെയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. ഇതിന് പിണിയാളുകളായി വര്‍ത്തിയ്ക്കുകയാണ് നമ്മുടെ പ്രിയപ്പെട്ട സൂപ്പര്‍ താരങ്ങളും സംവിധായകരും. അഞ്ചു വര്‍ഷത്തേയ്ക്കുള്ള ഈ കരാറിനു ശേഷം മലയാള സിനിമയുടെ സാങ്കേതിക മികവ് ഉയര്‍ത്താന്‍ വേണ്ടി വിദേശത്തു നിന്നും സാങ്കേതിക വിദഗ്ധരെ കോണ്ടു വരുമെന്നും ഈ കരാര്‍ വ്യവസ്ഥ ചെയ്യുന്നുണ്ട് എന്ന് മാക്ടക്ക് വേണ്ടി സംവിധായകന്‍ വിനയന്‍ വെളിപ്പെടുത്തി. വാള്‍മാര്‍ട്ട്, റ്റാറ്റാ, റിലയന്‍സ്, പിരമിഡ് സൈമിറ എന്നീ കമ്പനികളുമായാണ് ഇത്തരത്തിലുള്ള ഒരു കരാര്‍ ഉണ്ടാക്കിയിട്ടുള്ളത്. റിലയന്‍സ് ഇപ്പോള്‍ നിര്‍മ്മിച്ചു കൊണ്ടിരിക്കുന്ന സിനിമയില്‍ മമ്മുട്ടിയാണ് പ്രധാന വേഷം കൈകാര്യം ചെയ്യുന്നത്. ഷാജി എന്‍. കരുണ്‍ ആണ് ഈ സിനിമയുടെ സംവിധായകന്‍. റിലയന്‍സിന്റെ അടുത്ത പടത്തിലും മമ്മൂട്ടി തന്നെയാണ് നായകന്‍. കമല്‍ ആണ് ഈ പടത്തിന്റെ സംവിധായകന്‍. ഈ കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ റിലയന്‍സ് തീരുമാനിക്കുന്നത് പോലെയായിരിക്കും മലയാള സിനിമയുടെ ഭാവി. ഇപ്പോള്‍ വിപണി കീഴടക്കാന്‍ നിലവിലുള്ള മുന്‍ നിരക്കാരെ വിലയ്ക്കെടുത്ത ഈ ബഹുരാഷ്ട്ര കുത്തകക്കാര്‍ അഞ്ചു വര്‍ഷം കഴിയുന്നതോടെ ഇവരെയും കയ്യൊഴിഞ്ഞ് പൂര്‍ണ്ണമായും മലയാള സിനിമാ വ്യവസായം തങ്ങളുടെ കൈപ്പിടിയിലാക്കും എന്നത് സുനിശ്ചിതമാണ്. (പരസ്യ പ്രസ്താവന നടത്തുമ്പോള്‍ തന്റെ പേര് കൂടി സൂപ്പര്‍ സ്റ്റാര്‍ എന്ന് ചേര്‍ത്തി പറയാന്‍ ദിലീപ് രഹസ്യമായി വിനയനുമായി കോടികളുടെ കരാര്‍ ഉണ്ടാക്കി എന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നു) -ഗീതു Labels: geethu 3 Comments:
Links to this post: |
20 June 2008
ടീനേജ് മാതൃത്വം മനപൂര്‍വ്വം
അമേരിക്കയിലെ ഗ്ലൌചെസ്റ്റര്‍ ഹൈസ്കൂളിലെ പതിനേഴ് വിദ്യാര്‍ഥിനികള്‍ ഒരേ സമയം ഗര്‍ഭിണികളായത് മനപൂര്‍വ്വമാണെന്ന് സ്കൂള്‍ അധികൃതര്‍ വെളിപ്പെടുത്തി. സാധാരണ വര്‍ഷത്തില്‍ മൂന്നോ നാലോ ഗര്‍ഭം വിദ്യാര്‍ഥിനികള്‍ക്കിടയില്‍ ഈ സ്കൂളില്‍ പതിവുള്ളതാണത്രെ. എന്നാല്‍ ഇത്തവണ ഇത് പതിനേഴായി വര്‍ധിച്ചതാണ് ഇത് സ്കൂള്‍ അധികൃതരുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണം. അമേരിക്കയിലെ ബോസ്റ്റണ്‍ നഗരത്തില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയുള്ള ഗ്ലൌചെസ്റ്റര്‍ എന്ന പട്ടണത്തിലെ ഈ വിദ്യാലയത്തിലെ ഈ വര്‍ഷത്തെ അസാധാരണ ഗര്‍ഭധാരണത്തെ പറ്റിയുള്ള റിപ്പോര്‍ട്ടുകള്‍ ആദ്യം പ്രത്യക്ഷപ്പെട്ടത് മാര്‍ച്ചിലാണ്.
ഇതിനെ കുറിച്ച് അന്വേഷണം നടത്തിയ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഞെട്ടിക്കുന്ന ഒരു വസ്തുതയാണ് കണ്ടുപിടിച്ചത്. ഈ പെണ്‍കുട്ടികള്‍ തമ്മില്‍ തമ്മില്‍ ഒരു ഉടമ്പടി ഉണ്ടാക്കിയിരുന്നുവത്രെ. ഒരേ സമയം ഗര്‍ഭിണികളായി കുഞ്ഞുങ്ങളെ പ്രസവിക്കാനായിരുന്നു ഇവരുടെ ഉടമ്പടി. ഇവരെല്ലവരും 16 വയസില്‍ താഴെ മാത്രം പ്രായം ഉള്ളവരാണ്. ഇവരെ ഗര്‍ഭിണികളാക്കിയവരെ പറ്റിയും അന്വേഷണം നടക്കുന്നുണ്ട്. ഇരുപത് വയസുള്ള ആണ്‍കുട്ടികളാണ് അച്ഛന്മാരില്‍ പലരും. 24 വയസുള്ള ഒരു തെരുവ് തെണ്ടിയാണ് പല ഗര്‍ഭങ്ങള്‍ക്കും കാരണം എന്നും സ്കൂള്‍ പ്രിന്‍സിപ്പള്‍ വെളിപ്പെടുത്തി. ഹോളിവുഡില്‍ അടുത്തയിടെ ഉണ്ടായ ചില പ്രശസ്ത ടീനേജ് ഗര്‍ഭധാരണങ്ങളാണ് ഈ പ്രതിഭാസത്തിന് ഉത്തേജനം ആയത് എന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്. ജനപ്രീതി നേടിയ ചില ഹോളിവുഡ് സിനിമകളും ടീനേജ് ഗര്‍ഭധാരണത്തെ ആഘോഷിച്ചു കൊണ്ട് ഇറങ്ങുകയുണ്ടായി. പല പ്രശസ്ത നടിമാരും അടുത്ത കാലങ്ങളില്‍ പ്രസവിയ്ക്കുകയും ചെയ്തിരുന്നു. ഇതെല്ലാം ടീനേജ് വിദ്യാര്‍ഥിനികളെ സ്വാധീനിച്ചിട്ടുണ്ടാവാം എന്നും പ്രിന്‍സിപ്പല്‍ പറയുന്നു. എന്നാല്‍ ഇങ്ങനെ സിനിമയേയും മറ്റും പഴി ചാരുന്നത് സമൂഹത്തിന് തങ്ങളുടെ കര്‍ത്തവ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞു മാറാനുള്ള ഒരു പുക മറ മാത്രമാണെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുകയുണ്ടായി. സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നുണ്ടെങ്കിലും ഗര്‍ഭ നിരോധന ഉപാധികള്‍ ഇപ്പോഴും ടീനേജുകാര്‍ക്കിടയില്‍ എളുപ്പം ലഭ്യമല്ല. ഹൈസ്കൂളുകളിലെ ക്ലിനിക്കുകളില്‍ ഗര്‍ഭ പരിശോധനകള്‍ പതിവായി നടത്തുവാനുള്ള സംവിധാനം ഉണ്ടെങ്കിലും, അത് പതിവായി വിദ്യാര്‍ഥിനികള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും, ഗര്‍ഭ നിരോധന ഉപാധികള്‍ ഈ ക്ലിനിക്കുകളില്‍ ലഭ്യമല്ല. ഇവ ഏറ്റവും അടിയന്തരമായി സ്കൂളുകളില്‍ ലഭ്യമാക്കുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് അധികൃതര്‍ അറിയിച്ചു. ആത്മവിശ്വാസത്തിന്റെ കുറവും സ്നേഹിക്കാന്‍ ആളില്ലാത്തതുമാണ് ചെറുപ്പത്തിലേ ഒരു കുഞ്ഞിന്റെ അമ്മയാകുവാന്‍ ഈ കൊച്ചു പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നത് എന്നാണ് ചില മനശ്ശാസ്ത്ര വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എന്നാല്‍ വിദ്യാഭ്യാസ പ്രക്രിയയ്ക്ക് ഇവരുടെ മുന്നില്‍ ശുഭാപ്തി വിശ്വാസവും വ്യക്തമായ ലക്ഷ്യങ്ങളും ഉണ്ടാക്കി കൊടുക്കാന്‍ കഴിയാത്തതാണ് ഈ പ്രശ്നത്തിന് കാരണം എന്നാണ് വിദ്യാഭ്യാസ വിദഗ്ധരുടെ വിലയിരുത്തല്‍. വിദ്യാര്‍ഥികളെ തങ്ങളുടെ ഭാവിയുമായി ബന്ധപ്പെടുത്താന്‍ വിദ്യാഭ്യാസത്തിന് കഴിയണം. വിദ്യാര്‍ഥികള്‍ക്ക്, ഒരു കുഞ്ഞിനെ പ്രസവിയ്ക്കുകയും വളര്‍ത്തുകയും അല്ലാത്ത, ഒരു ഭാവിയെ പറ്റി ഉള്ള വ്യക്തമായ കാഴ്ചപ്പാടുണ്ടാവണം. അങ്ങനെ ഒരു വ്യക്തമായ ജീവിത ലക്ഷ്യമില്ലെങ്കില്‍ പിന്നെ മാതൃത്വം ഇവരുടെ ഒരു സ്വാഭാവിക ലക്ഷ്യമായി മാറുന്നു. -ഗീതു Labels: geethu 1 Comments:
Links to this post: |
17 June 2008
സ്വര്‍ഗത്തില്‍ വെച്ചല്ല; ഇനി കാലിഫോര്‍ണിയയില്‍ വെച്ചും
സ്വവര്‍ഗ വിവാഹം കഴിക്കാന്‍ ഇനി സ്വര്‍ഗത്തില്‍ പോകേണ്ടതില്ല. ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച മുതല്‍ കാലിഫോര്‍ണിയയില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമ സാധുത ആയി. വിവാഹത്തിനെ പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം മാത്രം എന്ന് വിവക്ഷിക്കുന്ന അമേരിയ്ക്കയിലെ മറ്റു സ്റ്റേറ്റുകള്‍ക്കും സ്വവര്‍ഗ വിവാഹം അംഗീകരിച്ചു കൊണ്ടുള്ള ഈ സുപ്രീം കോടതി വിധിയോടെ ഇനി മാറ്റി ചിന്തിക്കേണ്ടതായി വരും.
വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ സ്ഥനാര്‍ഥിയായ ഒബാമയ്ക്കും സ്വവര്‍ഗ വിവാഹത്തിനോട് അനുകൂല നിലപാടാണുള്ളത്.
കാലിഫോര്‍ണിയ മേയറുടെ സാനിധ്യത്തിലായിരുന്നു വിവാഹം. സുപ്രീം കോടതിയില്‍ നടന്ന കേസിലെ വാദികളായ റോബിനും ഡയേനും വധൂ-വധുക്കളായുള്ള വിവാഹവും ബിവെര്‍ലി ഹില്‍ സില്‍ നടക്കുകയുണ്ടായി. ഞങ്ങളുടെ മനോഹരമായ കഥയുടെ അവസാനമെത്തി എന്നായിരുന്നു റോബിന്റെ പ്രതികരണം. -ഗീതു (വാര്‍ത്തയ്ക്കും ചിത്രങ്ങള്‍ക്കും reutersനോട് കടപ്പാട്) Labels: geethu |
13 June 2008
ആടിനെ പട്ടിയാക്കുന്ന റിയാലിറ്റി ഷോകള്‍ പ്രവാസികളെ തേടി യു.എ.ഇ. യിലും
മലയാളിയുടെ, പ്രത്യേകിച്ചും വളര്‍ന്നു വരുന്ന കുട്ടികളുടേയും ചെറുപ്പക്കാരുടെയും മനോമണ്ഡലത്തെ കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം സ്വാധീനിക്കുവാന്‍ കഴിഞ്ഞത് വിഡ്ഢി പെട്ടികളില്‍ അരങ്ങേറിയ റിയാലിറ്റി ഷോകളായിരുന്നു എന്നതിന് തര്‍ക്കം ഒന്നും ഇല്ല. മൂല്യച്യുതിയും ലക്ഷ്യബോധമില്ലായ്മയും മുഖമുദ്രയായ കാലഘട്ടത്തില്‍ റിയാലിറ്റി ഷോ ജയിച്ച് ഫ്ലാറ്റ് നേടുകയാണ് ജീവിതലക്ഷ്യം എന്ന് നമ്മൂടെ കുട്ടികള്‍ കരുതിയാല്‍ അവരെ കുറ്റം പറയാന്‍ നമുക്ക് ആവാത്ത ഒരു അവസ്ഥയും വന്നെത്തി. അബ്ദുള്‍ കലാം യുവാക്കളില്‍ ജ്വലിപ്പിക്കാന്‍ ശ്രമിച്ച വികസിത ഇന്ത്യയുടെ സ്വപ്നവും, ശാസ്ത്രബോധവും, ഉല്‍ക്കര്‍ഷേച്ഛയും ഒക്കെ 2007ലെ റിയാലിറ്റി സൂനാമിയില്‍ മുങ്ങി പോയതും നമുക്ക് കാണേണ്ടി വന്നു.
നിലവാരം കുറഞ്ഞ പൈങ്കിളി സീരിയലുകള്‍ കണ്ട് മടുത്ത പ്രേക്ഷകര്‍ ഒരു പുതിയ അനുഭവം എന്ന നിലയില്‍ തുടക്കത്തില്‍ റിയാലിറ്റി ഷോകളെ അവേശത്തോടെ സ്വീകരിച്ചു. ഇവയില്‍ ഏറ്റവും മുന്‍പന്തിയില്‍ നിന്നത് ഏഷ്യാനെറ്റിലെ ഐഡിയ സ്റ്റാര്‍ സിംഗര്‍ ആയിരുന്നു. എങ്കിലും ഒട്ടും വൈകാതെ തന്നെ ഇത്തരം ഷോകളുടെ കച്ചവട താല്പര്യങ്ങള്‍ അവ തന്നെ സ്വയം വെളിപ്പെടുത്തുകയായിരുന്നു. ചാനലിന്റെ മൂല്യം വര്‍ദ്ധിപ്പിച്ച് ബഹുരാഷ്ട്ര മാധ്യമ കുത്തകയ്ക്ക് മലയാളത്തിന്റെ ആദ്യത്തെ ഉപഗ്രഹ ചാനലിനെ അടിയറവ് വെയ്ക്കുക എന്നത് മാത്രം ആയിരുന്നു ഇവരുടെ ലക്ഷ്യം. ഇതില്‍ ഇവര്‍ കുറെ ഒക്കെ വിജയിയ്ക്കുകയും ചെയ്തു. വളര്‍ന്നു വരുന്ന കലാകാരന്മാര്‍ക്ക് ഒരു അസുലഭ അവസരമാണ് തങ്ങളുടെ ഷോ എന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ച് കോണ്ടിരുന്ന ഇവര്‍ പക്ഷെ ഈ കുരുന്നുകളെ പരമാവധി വിറ്റു കാശാക്കി കൊണ്ടിരുന്നു. തങ്ങളുടെ വ്യാപാര മേഖല വിപുലീകരിക്കുവാന്‍ നടത്തിയ തെരുവ് പ്രദര്‍ശനങ്ങളില്‍ വരെ ഇവരെ ഉപയോഗിച്ചു കൊണ്ട് കച്ചവട തന്ത്രങ്ങളുടെ ഏറ്റവും അധപതിയ്ക്കപ്പെട്ട മാതൃകയും കേരളത്തിന് കാണേണ്ടി വന്നതും മലയാളിക്ക് മറക്കുവാന്‍ ആവില്ല. തങ്ങളുടെ മറ്റ് അവസരങ്ങള്‍ക്ക് കടിഞ്ഞാണിടുവാനും തത്രപ്പെട്ട ഇവരുടെ കുതന്ത്രങ്ങളില്‍ പ്രതിഷേധിച്ച് ചില മത്സരാര്‍ഥികള്‍ ഇടയ്ക്ക് വെച്ച് മത്സരത്തില്‍ നിന്നും ഇറങ്ങി പോയതും നമ്മള്‍ കാണുകയുണ്ടായി. ഇതിനിടയില്‍ ജഡ്ജിങ്ങിലും ഇതേ താല്പര്യങ്ങള്‍ തല പൊക്കുകയുണ്ടായി. ചാനലിന്റെ ഏറ്റവും വലിയ വിപണിയായ ഗള്‍ഫിലെ പ്രേക്ഷകരെ പ്രീണിപ്പിയ്ക്കാന്‍ വര്‍ഗീയ തന്ത്രം പോലും ഇവര്‍ മെനഞ്ഞു എന്ന് ആരോപണം ഉയര്‍ന്നത് ജഡ്ജിങ്ങില്‍ താളപ്പിഴകള്‍ പ്രത്യക്ഷപ്പെട്ടതോടെയാണ്. പല മികച്ച പ്രകടനങ്ങള്‍ക്കും പ്രതികൂല കമന്റുകള്‍ നല്‍കേണ്ടി വന്നതില്‍ തങ്ങളുടെ അതൃപ്തി ജഡ്ജിമാരുടെ മുഖങ്ങളില്‍ പലപ്പോഴും പ്രകടമായിരുന്നത് കലാസ്നേഹികളായ പ്രേക്ഷകരെ അമ്പരപ്പിച്ചു. പിന്നീട് പ്രേക്ഷകര്‍ കണ്ട എപിസോഡുകള്‍ പലതും വെറും പ്രഹസനങ്ങളായിരുന്നുവത്രെ. ഇതിനെ സ്ഥിരീകരിക്കുവാനെന്നോണം വരാനിരിക്കുന്ന എലിമിനേഷന്‍ റൌണ്ടുകളില്‍ പുറത്താവാന്‍ പോകുന്ന മത്സരാര്‍ഥികളുടെ പേരുകള്‍ കൃത്യമായി തന്നെ ഇന്റര്‍നെറ്റിലും ഇമെയില്‍ വഴിയും ലോകമെമ്പാടും പ്രചരിക്കുകയുണ്ടായി. ഇതോടെ തങ്ങളുടെ കള്ളി വെളിച്ചത്തിലായി എന്ന് മനസിലാക്കിയ ചാനല്‍ പുതിയ എപിസോഡുകള്‍ മെനഞ്ഞുണ്ടാക്കിയതും നാം കണ്ടു. ഇതിലെല്ലാം മറിച്ചുള്ള പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കാന്‍ ഇവര്‍ ശ്രമിച്ചു കൊണ്ടിരുന്നു. ഇതിനായി ഇവര്‍ക്ക് പല എപിസോഡുകളും രണ്ടാമതും ഷൂട്ട് ചെയ്യേണ്ടി വന്നു എന്നും അറിയുന്നു. ഏറ്റവും ഒടുവിലായി ഫൈനല്‍ മെഗാ ഷോ എന്ന പ്രഹസനവും ലൈവായി അരങ്ങേറി കൊണ്ട് മലയാളിയെ ലൈവായി കബളിപ്പിച്ചു. ലൈവായി തങ്ങളെ കബളിപ്പിച്ചു കൊണ്ടിരിക്കുന്ന ആള്‍ ദൈവങ്ങളുടെ സ്വന്തം നാടായ കേരളത്തില്‍ മലയാളിയ്ക്ക് ഇതിലും പുതുമ ഒന്നും തോന്നിയില്ല. ഫൈനലിലെ വിജയിയുടെ പേരില്‍ മത്സരം കഴിഞ്ഞ ഉടന്‍ സമ്മാനമായ ഫ്ലാറ്റിന്റെ പ്രമാണം അതേ സ്റ്റേജില്‍ വെച്ച് നല്‍കിയതും മറ്റൊരു ദിവ്യ ദര്‍ശനമായി മലയാളിക്ക്. കച്ചവട താല്പര്യങ്ങള്‍ കലാപരമായ സത്യസന്ധതയെ മറി കടന്നാല്‍ മലയാളി വെറുതെ ഇരിക്കില്ല എന്ന ചരിത്ര സത്യം വീണ്ടും അടിവര ഇട്ട് കൊണ്ട് റിയാലിറ്റി മാമാങ്കത്തിന്റെ രണ്ടാം പര്‍വം പ്രേക്ഷകര്‍ തിരസ്കരിച്ചത് ചാനലിനെ അങ്കലാപ്പില്‍ ആക്കിയിട്ടുണ്ട് എന്നറിയുന്നു. ഇതിനെ മറികടക്കുവാനും പഴയ ഗൃഹാതുരത്വം പുനര്‍നിര്‍മ്മിച്ച് കാണികളെ വീണ്ടും ആകര്‍ഷിക്കുവാനും ഇവര്‍ നന്നേ പണിപ്പെടുന്ന കാഴച്ചകളാണ് കഴിഞ്ഞ ആഴ്ചകളില്‍ പ്രേക്ഷകര്‍ കണ്ടത്. ഇപ്പോഴിതാ കഴിഞ്ഞ വര്‍ഷത്തെ മത്സരാര്‍ഥികളെയും കൊണ്ട് ഇവര്‍ ഗള്‍ഫിലുമെത്തി. ദുബായിലും അബുദാബിയിലും ഈ കുട്ടികളെ കൊണ്ട് സ്റ്റേജ് ഷോ നടത്തി നേരത്തെ പറഞ്ഞ ഗൃഹാതുരത്വ പുനര്‍നിര്‍മ്മാണ തന്ത്രത്തിന് പ്രവാസികളെ വിധേയരാക്കുകയാണ് നവയുഗ ചാനല്‍ വ്യാപാരികള്‍. - ഗീതു Labels: geethu 8 Comments:
Links to this post: |
1 Comments:
വളരെ പരിതാപകരമായ അവസ്ഥ.. :(
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്