യാത്ര…

June 24th, 2008

മുരളികൃഷ്ണ

ഓമനേ,
വിരഹികള്‍ നമ്മള്‍
ധരയും സൂര്യനും
കണക്കെയെന്കിലും
മുടിയില്‍ നിന്‍ സ്നിഗ്ധ-
മുകില്‍ വിരലുകള്‍
ആരണ്യകാന്ദങ്ങള്‍
അലഞ്ഞു നീങ്ങുമ്പോള്‍….

ഇനിയും,
രാത്രി തന്‍
കറുത്ത തൊണ്ടയില്‍
സുഗന്ധമറ്റ രക്ത-
മുണങ്ങി നില്‍ക്കുമ്പോള്‍
വരണ്ട കണ്ണുകള്‍
ജനല്‍ തിരശ്ശീല
വലിച്ചു താഴ്ത്തുമ്പോള്‍…

ഇനിയുമെന്നാണെന്ന്
നിശബ്ദമാവുന്ന കണ്ണുകള്‍
ഈറനായ് ഇമ താഴ്ത്തുമ്പോള്‍,

”അരുതെന്ന് തടുത്തെന്റെ
കൈത്തണ്ടയമര്‍തുമ്പോഴു-
മച്ചൂ‌ട് പകരുവാന്‍
നീ സഖീ കൊതിച്ചിട്ടില്ലേ?
ഒരു മൃദുസ്മേരം ചുണ്ടില്‍ ഈ
‘മുരളീരവം’ കേള്‍ക്കെ വിടരാറില്ലേ…


ശ്രീ മുരളികൃഷ്ണ കോഴിക്കോട് ജനയുഗം ദിനപത്രത്തില്‍ സബ് എഡിറ്ററാണ്.
അദ്ദേഹത്തിന്റെ ബ്ലോഗ്: http://www.muralikaa.blogspot.com/


- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പ്രണയവിപ്ലവം

June 22nd, 2008

– സുനില്‍ രാജ് സത്യ

കവിതയ്ക്ക് തീ പിടിച്ചപ്പോളാണ്,
എന്റെ – കാഴ്ച നഷ്ടമായത്..!
അന്നു തന്നെയാണ് കാമുകിയുടെ ചുണ്ട് കൂടുതല്‍ ചുവന്നതും,
കവിളുകള്‍ നന്നായ് തുടുത്തതും,
കുച മുകുളങ്ങളില്‍ ദന്തക്ഷതങ്ങള്‍ ഉണ്ടായതും..!
തൂലികത്തുമ്പ് കടലാസ്സില്‍ പതിയുന്നതു പോലെ-
എന്നിലെ വീര്യം അവളില്‍ ലാവയായ് പടര്‍ന്നതും.
അരിവാളും രണപ്പാടുകളും വിപ്ലവത്തിനു ആക്കം കൂട്ടുന്നതു പോലെയാണ്
അടിവയറും, അധരവും എനിക്ക് പ്രണയ വീര്യമുണര്‍ത്തുന്നത്.
കാമത്തിന്റെ,
സ് നേഹത്തിന്റെ മഹാവിപ്ലവം…!!!

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

റോഷിണി

June 14th, 2008

– ജയകൃഷ്ണൻ കാവാലം

ചിതറുമെന്നോർമകൾക്കുള്ളിൽ വസന്തമായ്
ഒഴുകുന്ന കണ്ണീലെ തീർത്ഥരേണുക്കളായ്
ഇടറുന്ന പദഗമന വേഗത്തിൻ താളമായ്
നീറുമെൻ മനസ്സിന്റെ നോവു നീ റോഷിണീ

റോഷിണീ നീ വിടർന്നതും, പിന്നെ-
പടർന്നതും, പൂന്തേൻ കിനിഞ്ഞതും,
എന്നുള്ളിലെരിയുന്ന കാമാഗ്നിയിൽ
ഘൃതമായതും, നാമൊന്നായ് ജ്വലിച്ചതും,

നീണ്ടയിരവുകൾ നീ കാമഗന്ധം പുകച്ചു
കൊണ്ടെന്നിൽ നിറഞ്ഞതും,
നാഗശരീരിയായ് നീയെന്റെ മേനിയിൽ
മാറാടി വീണു തളർന്നതും,

പോരാടിയെന്നൂർജ്ജ ബാഷ്പരേണുക്കളിൽ
നീരാടിയമൃതം നുകർന്നതും,
വിഷപ്പല്ലിറക്കാതെ കണ്ഠപാർശ്വങ്ങളിൽ
തേൻ ചുണ്ടമർത്തിക്കടിച്ചതും,

ഓർമ്മയിലിന്നുമൊരുകനൽച്ചൂടായി
നീറുന്നു, പടരുന്നു, തകരുന്നു ഞാനും
ഏതുഗ്രശാപത്തിന്നഗ്നിനാളങ്ങളാ-
യാളുന്നു ദാഹാർത്തയായിന്നു റോഷിണീ

മേവുന്നു റോഷിണീ നീയൊരു ശിലാശില്പ
ഭംഗിയാർന്നിരവിന്റെ വധുവായി, മധുവായി,
കാമ കേളീ രസലോലയായ് മനസ്സിലെ
കാടു പിടിച്ചൊരീ യക്ഷിത്തറകളിൽ,

ഉദ്യാനഭൂമിതൻ ഹൃദ്സ്പന്ദനങ്ങളിൽ,
വിജ്ഞാനശാലതന്നന്തപ്പുരങ്ങളിൽ,
കാമാർത്തയായിട്ടലഞ്ഞു നീ റോഷിണീ
ആചാര്യ ഭോഗത്തിൽ നിർവൃതി തേടി നീ!

ഗുരുവിലും ഭോഗം തിരഞ്ഞനിന്നുന്മാദ
മദജലം കൊണ്ടീ ധരിത്രിയും വെന്തു പോയ്
മഹിതമാം ജന്മത്തിനർത്ഥം കുറിക്കുന്ന
മഹിതപത്രത്തിൽ കളങ്കം കുറിച്ചു നീ!

അറിയുന്നു,വെങ്കിലും നിന്നെ ഞാനെന്നിലെ
എന്നെയറിഞൊരു മുഗ്ധകുസുമമായ്,
പടരുന്നുവെന്നിലെ നിന്നുടെയോർമ്മയിൽ
തിരയുന്നു നിന്റെ വിഷലിപ്ത ദംശനം

സുപ്രഭാഗർഭത്തിൽ സൂര്യബീജം
വീണുണർന്നവൾ
സൂര്യശോഭയ്ക്കും കളങ്കമായ് വാഴുവോൾ
സപ്രമഞ്ചങ്ങളിൽ രാത്രികൾ ലീലയാൽ
സുപ്രഭാതങ്ങളായ് മാറ്റി രചിക്കുവോൾ
സ്വപ്നവേഗത്തിലെൻ മാറിലെ ചൂടിനാൽ
സ്വർണ്ണകുംഭങ്ങളിൽ ക്ഷീരം ചുരത്തുവോൾ

റോഷിണീ നീ ജന്മ ലക്ഷ്യം വെടിഞ്ഞവൾ
നേരിന്റെ നേരേ പുലഭ്യം പറഞ്ഞവൾ
ലോകസത്യങ്ങൾ തന്നാഭിജാത്യത്തിലേ-
ക്കാലസ്യമോടുറ്റു നോക്കിച്ചിരിച്ചവൾ

രാശിചക്രങ്ങളിൽ ദൈവജ്ഞർ കാണാത്ത-
രോഹിണി നക്ഷത്ര പാപം ചുമക്കുവോൾ,
നാടിൻ സദാചാര മംഗളദീപത്തി-
ലെന്നും കരിന്തിരിയായി രമിപ്പവൾ.

നിൻ ശ്വാസ, നിശ്വാസ സീൽക്കാര നാദത്തി-
ലുന്മത്തനായി, സ്വയം മറന്നുല്ലാസ രതിഭൂതിയിൽ,
സ്വേദ്വ ഗന്ധത്തിലും, അധരധാരാരസത്തിലും,
കര, കായ ദ്രുത ചലന വേഗത്തിലും, ദാഹ പാരവശ്യം
പൂണ്ടുയർന്നു താഴും നിന്റെ കണ്ഠനാളത്തിന്റെ
ചൂടേറ്റു വാടാതെ വാടിക്കൊഴിഞ്ഞവർ

ആ തീക്ഷ്ണ ദൃഷ്ടിതൻ മുനയേറ്റു-
രക്തം ചൊരിഞ്ഞവർ,
ശത കോടി ജന്മപുണ്യങ്ങളെ-
രേതസ്സു ചേർത്തു ഹോമിച്ചവർ,
നീ തീർത്ത കാമസമുദ്രച്ചുഴികളിൽ
അറിയാതെയാഴ്ന്നു മരിച്ചവർ,
നിൻ ഭോഗതൃഷ്ണതൻ ശരമേറ്റു-
മണ്ണിൽ പതിച്ചവർ,
നിന്റെ സാമീപ്യത്തിനായി തപം ചെയ്തു-
തർപ്പണപ്പലകയിൽ രക്തമർച്ചിച്ചവർ…
ചിതറുന്നു പൊലിയുന്നവർക്കൊപ്പമെന്നിലെ
നിന്നിൽ സമർപ്പിച്ച പ്രണയവും മനസ്സും.

ഇനിയില്ല നിന്റെയനന്യമാം മാദക-
ഭ്രമമില്ല; ലോകം ഭ്രമിക്കില്ല നിന്നിൽ.
വിടരില്ല നീയിനി വിഷപരാഗങ്ങൾ തൻ-
ലയഗന്ധമുതിരുന്ന ശോകസൂനങ്ങളായ്.

പടരില്ലയിനിയും നീയാരിലും, പൂന്തേൻ-
കിനിയില്ല, ലഹരിതൻ പാനപാത്രത്തിൽ നീ-
നുരയില്ല, മനസ്സിന്റെയേകാന്ത നിദ്രയിൽ-
തെളിയില്ല ജീവിതസ്വപ്നവർണ്ണങ്ങളായ്.

കരയുവാനല്ലയെൻ തൂലികത്തുമ്പിനാൽ
പൊരുതുവാനായി ജനിച്ചവൻ ഞാൻ!
തളരുവാനല്ലെന്റെയുയിരിൻ പ്രഭാവത്തി-
ലൊരു യുഗം തീർക്കുവാൻ വന്നവൻ ഞാൻ!

ഇരുളിന്റെ വഴികളിലഭിസാരികേ നിന്റെ
ചരിതം തിരുത്തുവാൻ വന്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഭീരുവിന്റെ വിരഹഗാനം

June 1st, 2008

-ഹരി ശങ്കരന്‍ കര്‍ത്താവ്

ചെറു മഴ നൂലില്‍ ഞാന്‍ കോര്‍ത്തു കോര്‍ത്തിട്ടതാം
ഹിമ ബിന്ദു മാലകള്‍ മാഞ്ഞു പോയി.
അതു പോലെ മായുമോ നിന്മനോഹാരിയാം
മലര്‍സത്വമെന്നൊരാ സത്‌ സ്മരണ.

കുളിര്‍ കാറ്റ്‌ വീശുമ്പോള്‍ നിന്‍ മിഴിയിണകളെ
പതിവായ്‌ മറയ്ക്കുന്ന മുടിയിഴപ്പാമ്പുകള്‍
പലവുരു ദംശിച്ചയെന്റെയീ ഹൃദയത്തില്‍
നീലിച്ച ചോരയും വറ്റുകയോ?

പറയാതെ ഞാന്‍ കാത്ത പ്രണയത്തെ
യൊരു തുള്ളി രക്തമായ്‌ മാറ്റി നിന്‍
നെറ്റിയില്‍ കുങ്കുമ പൊട്ടായ്‌ വരയ്ക്കുവാന്‍
വെമ്പിയ നാഡികള്‍, ഇന്നവ മീട്ടുന്ന
രാഗങ്ങളില്‍ തുള്ളി നില്‍ക്കുന്നു
ഭീരുവിന്‍ വിരഹാര്‍ദ്ര ചേതനാ ശൂന്യ സ്വപ്നങ്ങള്‍.

ഒരു നദിക്കരയില്‍ ഞാന്‍ വെറുതെയിരിക്കുകില്‍
വരവായി നിന്‍ മിഴികള്‍-പുഴ മീനുകള്‍.
ഒരു വഞ്ചിയേറി ഞാന്‍ സ്മരണ മുറിക്കുകില്‍
മുതലയായ്‌ മാറുന്നുവെന്റെ വഞ്ചി.

സകലതും ഇരുളായി മാറ്റി മറയ്ക്കുന്നു
നിഴലുകള്‍ വീഴ്ത്തുന്ന മറവി സന്ധ്യ
അതിജീവനത്തിന്റെ തിരിയുമായെത്തുന്ന
പ്രേമാര്‍ദ്ര സ്മരണകള്‍ക്കെന്ത്‌ കാന്തി!

ഇന്നും കൊതിക്കുന്നു നിന്റെ വിയര്‍പ്പിന്റെ
അഗ്നി സമാനമാം ചൂടിനെ ചൂരിനെ
ഒന്നു വെന്തുരുകുവാന്‍ ഒന്നായി ഒഴുകുവാന്‍
പ്രാര്‍ത്ഥിച്ചതൊക്കെയും വെറുതെയായി.

അകലെയാണിന്നു നീ നിന്റെയാ-
പക്വമാം വാക്കുകള്‍ മാറ്റൊലിക്കിളികളായ്‌
സ്മരണ തന്‍ ഗുഹകളില്‍ വെറുതെ ചിലയ്ക്കുന്നു
തല തല്ല്ലി ചാകുവാനായിടാതെ.

ഭയത്താല്‍ മരവിച്ച എന്റെ ബീജങ്ങളില്‍ ഇന്നും
മരിക്കാത്ത നമ്മുടെ പ്രണയത്തിനായി കുറിച്ചീടുന്ന
താരാട്ട്‌ പാട്ടായ ഈ ചത്ത വാക്കുകള്‍
കരളിലെ മുള്ളുകള്‍ കനവിലെ നിലവിളി
അറിയില്ല നീ ഇപ്പോള്‍ ഉറങ്ങുകായാവാം
ഒരു നല്ല കിനാവറിയുകയാവാം.

ഭീരുവിന്‍ പ്രണയത്തിനെന്ത്‌ വില
മറുപടിയില്ല, അതിനര്‍ഹതയും

കവിയുടെ ബ്ലോഗ്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

പെന്‍ഡുലം

April 6th, 2008

മുഹമ്മദ് ശിഹാബ്

നിന്നെയോര്‍ത്ത്
കണ്ണൊന്നടച്ചപ്പോള്‍
ഏകാന്ത ദ്വീപില്‍ വിരുന്നെത്തിയ
ശലഭം
പാതികുടിച്ച ചായക്കോപ്പയില്‍
‍ജീവനൊടുക്കി
പൊതിഞ്ഞുവെച്ച മധുരത്തില്‍ മുങ്ങി
ഉറുമ്പുകളുടെ വിലാപ യാത്ര
ചിന്നിച്ചിതറി
നീ ചിരിച്ച ചിത്രം നോക്കി
ശീര്‍ഷകം കാത്തുകിടന്ന
കവിത
മിനുമിനുത്ത ഉരുളന്‍ കല്ലിന്‍
‍ഭാരത്തില്‍ നിന്ന്
സ്വതന്ത്രത്തിലേക്ക്
കുതറി.
നീ പോയ വഴിദൂരങ്ങളില്‍
ജലാര്‍ദ്ര നയനങ്ങള്‍
‍അലഞ്ഞു വറ്റി
ഋ‍തുക്കള്‍ മാത്രം നിലയ്ക്കാത്ത
പെന്‍ഡുലമായി
സമയമോതികൊണ്ടേയിരുന്നു…

കവിയുടെ ബ്ലോഗ്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

8 of 9« First...789

« Previous Page« Previous « എന്നിട്ടും
Next »Next Page » ഭീരുവിന്റെ വിരഹഗാനം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine