ലാലു പ്രസാദമായി കേരളത്തിന് കോച്ച് ഫാക്ടറി കിട്ടാന്‍ പോകുന്നു. ഓര്‍ക്കുന്നോ, പണ്ടിതൊന്ന് കിട്ടിയതാണ്. പക്ഷേ കപ്പിനും ലിപ്പിനുമിടയ്ക്ക് കിട്ടാതെപോയി. 1980-കളുടെ തുടക്കത്തിലായിരുന്നു അത്. പാലക്കാട്ടേയ്ക്ക് വരാനിരുന്ന ആ ഫാക്ടറി അന്ന് പോയത് പഞ്ചാബിലെ കപൂര്‍ത്തലയിലേയ്ക്ക്. 1986-ലാണ് കപൂര്‍ത്തലയിലെ ഫാക്ടറിയില്‍ നിന്ന് കോച്ചുകള്‍ പാളത്തിലിറങ്ങിത്തുടങ്ങിയത്. ഭക്രാ നംഗലിനൊപ്പം ചെറിയ ക്ലാസില്‍ വെച്ച് പഠിച്ചിട്ടില്ലേ മദ്രാസ് പെരുമ്പൂരിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയെപ്പറ്റി? അതിനു ശേഷമുള്ള രണ്ടാമത്തെ കോച്ച് ഫാക്ടറിയാണ് കപൂര്‍ത്തലയിലേത്. പഞ്ചാബിലെ ഭീകരവാദം തണുപ്പിയ്ക്കാനുള്ള പാക്കേജിന്റെ ഭാഗമായിട്ടായിരുന്നു കേരളത്തിന്റെ നാക്കിലയില്‍ വിളമ്പിയ ശേഷം ആ ചോറ് അന്ന് തിരിച്ചെടുത്തത്. (ബാക്കി എന്തുണ്ടായിരുന്നു? ഒന്നു രണ്ട് ഉപ്പിലിട്ടത് - അച്ചാര്‍ വ്യവസായം!, പൊള്ളയായ ടൂറിസ പപ്പടം...)
1982-ല്‍ അധികാരമേറ്റ കരുണാകര മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്നു ആര്‍. ബാലകൃഷ്ണപിള്ള. അങ്ങനെ മന്ത്രിയായിരിക്കെ എറണാകുളത്ത് ഒരു പാര്‍ട്ടി സമ്മേളനത്തില്‍ അങ്ങേരുടെ ആവേശം അണ പൊട്ടി. "പഞ്ചാബ് മോഡലെങ്കില്‍ പഞ്ചാബ് മോഡല്‍, നമുക്ക് എന്തു ചെയ്തും കോച്ച് ഫാക്ടറി തിരിച്ചു പിടിയ്ക്കണം, നമ്മളോടുള്ള അവഗണന അവസാനിപ്പിയ്ക്കണം". പിറ്റേന്നത് ദേശദ്രോഹക്കേസായി. പുള്ളിയുടെ മന്ത്രിസ്ഥാനം പോയി. (വര്‍ഷങ്ങള്‍ കഴിഞ്ഞ് സുപ്രീം കോടതി കനിഞ്ഞിട്ടാണ് അങ്ങേര്‍ക്ക് കുറ്റമൊഴിവായത്. അപ്പോള്‍ മന്ത്രിസഭയും മാറിയിരുന്നു). പറഞ്ഞത് പിള്ളയായിരുന്നെങ്കിലും അക്കാര്യത്തില്‍ അന്ന് മുഴങ്ങിക്കേട്ട ഏകപ്രതിഷേധം അങ്ങേരുടേതായിരുന്നു.
14 ലക്ഷം ജീവനക്കാരോടെ (2006-2007ലെ കണക്ക്) ലോകത്തിലെ ഏറ്റവും വലിയ എമ്പ്ലോയേഴ്സിലൊന്നാണ് ഇന്ത്യന്‍ റെയില്‍വേ. ഈ പതിനാല് ലക്ഷത്തില്‍ മലയാളികളുടെ എണ്ണം എത്രയെന്ന് തിരക്കുന്നത് ഇവിടെ വിഷയമല്ല. എന്നാല്‍ വലിയൊരു വ്യവസായത്തിന്റെ കാര്യം വരുമ്പോള്‍ തൊഴില്‍ സമരങ്ങളുടേയും ജനസാന്ദ്രതയുടെയും ക്ലീഷേകള്‍ കാട്ടി എത്ര നാള്‍ അവരോ നമ്മളോ കേരളത്തെ ഒഴിവാക്കും? കേരളാ മോഡല്‍ എന്ന സുഖകരമായ പ്രയോഗത്തിന്റെ അദൃശ്യ സഫിക്സായ 'ഗള്‍ഫ്' എന്ന പദം കാണാതിരിക്കും?
വോട്ടെടുപ്പ് ഫലം:
പഞ്ചാബ് മോഡല്‍ എന്ന പ്രയോഗം ദേശദ്രോഹമായിരുന്നുവെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?
അതെ [0%]
അല്ല [60%]
ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ട് ഇനി എന്ത് കാര്യം? [40%]
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്