അതെനിയ്ക്കിഷ്ടപ്പെട്ടു - ന്യൂയോര്‍ക്കിലെ പാവങ്ങള്‍ക്ക് ബംഗ്ലാദേശിന്റെ ലോണ്‍. ഒന്ന് കണ്ണുതിരുമ്മി വീണ്ടും വായിച്ചു. അതെ, സ്വപ്നമൊന്നുമല്ല - ന്യൂയോര്‍ക്കിലെ പാവങ്ങള്‍ക്ക് ബംഗ്ലാദേശ് ബാങ്ക് ലോണ്‍ കൊടുക്കാന്‍ പോകുന്നു.
ക്യാപ്പിറ്റലസിത്തിന്റേയും ഫ്രീ മാര്‍ക്കറ്റ് ഇക്കണോമിയുടേയും കണ്ണില്‍ച്ചോരയില്ലായ്മയുടെ നാട്ടില്‍ നിങ്ങള്‍ക്കൊരു ലോണ്‍ കിട്ടണെങ്കില്‍ നിങ്ങള്‍ക്ക് ക്രെഡിറ്റ് വര്‍ത്തിനെസ്സ് വേണം. നിങ്ങളുടെ ക്രെഡിറ്റ് വര്‍ത്തിനെസ്സും നിങ്ങള്‍ വാങ്ങിച്ച ഗ്രോസറിയുടെ കണക്കും നിങ്ങള്‍ ഒഴിച്ച മൂത്രത്തിന്റെ അളവുമെല്ലാം അവിടത്തെ ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സികളുടെ അടുത്തുചെന്നാല്‍ ഏത് ബാങ്കുകാരനും വാങ്ങാന്‍ കിട്ടും. നിങ്ങളുടെ credit rating മോശമാണെങ്കില്‍ നിങ്ങളുടേ അയല്‍ വക്കത്തുകാരന്‍ പോലും നിങ്ങള്‍ക്ക് വായ്പ തരാത്ത നാട്.
credit worthiness ഇല്ലാതിരിയ്ക്കുമ്പോളാണ് നമുക്ക് ഏറ്റവുമധികം ലോണ്‍ ആവശ്യമുണ്ടാവുക. അപ്പോളാകട്ടെ ഒരു ഡോളര്‍ പോലും കിട്ടേമില്ല - എന്തൊരു വിരോധാഭാസന്‍!
[എനിയ്ക്ക് ഏറ്റവും കുറവ് സ്നേഹത്തിന് അര്‍ഹതയുള്ളപ്പോള്‍ എന്നെ ഏറ്റവും കൂടുതല്‍ സ്നേഹിയ്ക്കണേ. കാരണം അപ്പോളാണ് എനിയ്ക്കേറ്റവും കൂടുതല്‍ സ്നേഹം ആവശ്യം].
പോരാത്തതിന് നിങ്ങള്‍ക്ക് സ്വന്തമായി ഒരു ബാങ്ക് അക്കൌണ്ടും ഇല്ലായെങ്കിലോ? തീര്‍ച്ചയായും ഒരു ലോണ്‍ കിട്ടുമെന്ന് നിങ്ങള്‍ സ്വപ്നം കാണുകയേ വേണ്ട [ലോട്ടറിയടിയ്ക്കുമോയെന്നല്ല, ലോണ്‍ കിട്ടുമോയെന്നാണ് നല്ല മനുഷ്യര്‍ സ്വപ്നം കാണുക!] ഏതാണ്ട് 30 കോടി ജനങ്ങളുള്ള അമേരിയ്ക്കയില്‍ 2.8 കോടി ആളുകള്‍ക്ക് ബാങ്ക് അക്കൌണ്ടില്ലത്രെ. അതിനു പുറമേ 4.47 കോടി ആള്‍ക്കാര്‍ക്ക് ധനകാര്യ സ്ഥാപനങ്ങളില്‍ അവര്‍ക്കാവശ്യമായ അക്സെസ്സുമില്ല. ഇതാണ് ഈ വാര്‍ത്തയുടെ പശ്ചാത്തലം.
മൈക്രോ ഫിനാന്‍സിംഗിലൂടെ നോബല്‍ പ്രൈസ് നേടിയ മുഹമ്മദ് യൂനിസിന്റെ ഗ്രാമീണ്‍ ബാങ്കാണ് ന്യൂയോര്‍ക്കിലെ പാവങ്ങളെ സഹായിക്കാന്‍ ഇറങ്ങിയിരിക്കുന്നത്. ന്യൂയോര്‍ക്കിലെ ജാക്ക്സന്‍ ഹൈറ്റ്സ് എന്ന സ്ഥലത്ത് കുടിയേറി താമസിയ്ക്കുന്ന ചില സ്ത്രീകള്‍ക്ക് കഴിഞ്ഞ മാസം 50,000 ഡോളര്‍ വായ്പ കൊടുത്തുകൊണ്ട് സംഗതി ആരംഭിച്ചു കഴിഞ്ഞു. (1976-ല്‍ ബംഗ്ലാദേശിലെ പാവപ്പെട്ട 42 സ്ത്രീകള്‍ക്ക് 27 ഡോളര്‍ വായ്പ കൊടുത്ത് ആരംഭിച്ചതാണ് ഗ്രാമീണ്‍ ബാങ്ക് എന്ന് ഓര്‍ക്കുമല്ലൊ. ഇന്ന് ബംഗ്ലാദേശിലെ 70 ലക്ഷം ആളുകള്‍ക്കായി 6.5 ബില്യണ്‍ ഡോളറാണ് ഗ്രാമീണ്‍ ബാങ്ക് വായ്പ നല്‍കിയിരിക്കുന്നത്].
മേല്‍പ്പറഞ്ഞ പശ്ചാത്തലത്തിന് പുറമേ സബ്പ്രൈം പ്രതിസന്ധിയും അമേരിക്കയിലെ പാവങ്ങളുടെ കാര്യം കൂടുതല്‍ കട്ടയില്ലാത്ത പുകയാക്കിയിരിക്കുന്നു. [പുകയാണെങ്കില്‍ കട്ടപ്പൊകയെങ്കിലും ആകണം]. ഇതും വരാനിരിയ്ക്കുന്ന സാമ്പത്തികമാന്ദ്യത്തെപ്പറ്റിയുള്ള ഊതിപ്പെരുപ്പിച്ച പേടിയും കാരണം മുത്തൂറ്റുകാര്‍ പോലും നാണിയ്ക്കുന്ന പലിശയ്ക്കാണ് ക്രെഡിറ്റ് റേറ്റിംഗുള്ളവര്‍ക്കുപോലും അവിടെയിപ്പോള്‍ വായ്പ കിട്ടുന്നത്. അപ്പോള്‍ എന്തായിരിക്കും ബാങ്ക് അക്കൌണ്ടില്ലാത്തവരുടെ കാര്യം?
ആ ഒരു പരമദയനീയ അവസ്ഥയിലേയ്ക്കാണ് ഗ്രാമീണ്‍ ബാങ്കിനെപ്പോലെ കണ്ണില്‍ നനവുള്ള ഒരു പ്രസ്ഥാനം കടന്നു ചെല്ലുന്നത്. അമേരിക്കാ, ച്ഛായ്, ലജ്ജാവഹം, ജോണ്‍ പോളിനെക്കൊണ്ട് തിരക്കഥയെഴുതിച്ച് കമ്മ്യൂണിസത്തെ ഭൂലോകത്തു നിന്നേ നീ തുടച്ച് നീക്കിയത് ഇതിനായിരുന്നോ? ദാരിദ്ര്യത്തിലാണ്ടു നില്‍ക്കുന്ന ഒരു മൂന്നാം ലോകരാജ്യത്തിന്റെ ബാങ്കില്‍ നിന്ന് നിന്റെ പൌരന്മാര്‍ക്കും പൌരികള്‍ക്കും ലോണ്‍ വാങ്ങാന്‍? ച്ഛായ്, ലജ്ജാവഹം, ലജ്ജാവഹം.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്