12 May 2008

അച്ചടി മാഗസിനുകളേ, ഇ-തിലേ ഇ-തിലേ...


മനോരമയുടെ രാഷ്ട്രീയത്തോട് കടുത്ത എതിര്‍പ്പുണ്ടെങ്കിലും ന്യൂയോര്‍ക്ക് ടൈംസിനും വാഷിംഗ്ടണ്‍ പോസ്റ്റിനും പിന്നാലെ ലോകമെമ്പാടുമുള്ള ഓണ്‍ലൈന്‍ പത്രങ്ങളില്‍ [അതോ പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകളിലോ?] മനോരമ ഓണ്‍ലൈന് മൂന്നാം സ്ഥാനമാണുള്ളതെന്നു കേട്ടപ്പോളുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വിഷമം [പണ്ണിയത് ഉദ്ദേശിച്ചു തന്നെ].

ഇത് സാധ്യമായതിന് പിന്നില്‍ മനോരമയുടെ പ്രൊഫഷണലിസത്തോടൊപ്പം പ്രൊഫഷണല്‍ ഗതികേടു മൂലമുള്ള മറുനാടന്‍ മലയാളികളുടെ ബാഹുല്യവുമുണ്ട്. ഒപ്പം മലയാള്‍-ഇ എന്ന് പിരിച്ചെഴുതേണ്ടും വിധം പുരോഗമിച്ചിരിക്കുന്ന നമ്മുടെ ഇ-സാക്ഷരതയും. ക്രെഡിറ്റ് കാര്‍ഡ് വഴി പണം വാങ്ങി ഇ-വായന ഓസിയല്ലാതാക്കിയാലും ടോപ് ടെന്നിന്റെ ഉന്നതങ്ങളില്‍ത്തന്നെ മനോരമ വിലസുമെന്നുറപ്പ്. വാര്‍ത്തയോടുള്ള ആക്രാന്തം മലയാളിയെ സംബന്ധിച്ചിടത്തോളം രോഗാതുരം.

അതേസമയം നമ്മുടെ പ്രസിദ്ധമായ വാരികകളും മാസികകളുമൊന്നും ഓണ്‍ലൈനില്‍ ലഭ്യമല്ലായിരുന്നു. തലക്കെട്ടുകളും ആദ്യപാരഗ്രാഫുകളും ഓണ്‍ലൈനില്‍ കാണിച്ചു കൊതിപ്പിച്ച്, അച്ചടിച്ച കുത്തിക്കെട്ട് സാധനം വാങ്ങിപ്പിക്കാനുള്ള ശ്രമമാണ് മനോരമ ഗ്രൂപ്പടക്കം ഇപ്പോളും നടത്തിക്കൊണ്ടിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് വഴി വിദേശമലയാളികള്‍ക്കും വരിക്കാരാവാം. എന്നാല്‍ പോസ്റ്റോ കൊറിയറോ വഴി സാധനം വരും വരെ കാത്തിരിക്കണം.ഇ-ക്കാലത്ത് അതിനാരെക്കിട്ടും?

ഇ-താദ്യമായിപ്പോള്‍ മാറ്റിമറിച്ചിരിക്കുന്നത് കലാകൌമുദിയാണെന്നു തോന്നുന്നു. കലാകൌമുദി എന്നു കേട്ടാല്‍ ബ്ലോഗിംഗ് ചെയ്യുന്ന പലരും വാളെടുക്കുമെന്നറിയാം. എന്നാലും കലാകൌമുദി കാത്തുനിന്ന പ്രീഡിഗ്രിക്കാല ബുധനാഴ്ചകളെ, വന്ന വഴികളെ, ഇളവെയിലേറ്റിരുന്ന മാമ്പൂഞ്ചില്ലകളെ, എങ്ങനെ നീ മറക്കും കുയിലേ?

സാഹിത്യവാരഫലം, എം. പി. നാരായണപിള്ളയുടെ തട്ടുപൊളിപ്പന്‍ ലേഖനങ്ങള്‍ ["വിപ്ലവമിപ്പോള്‍ വരുന്നത് തോക്കിന്‍ കുഴലിലൂടെയല്ല, എം. പി. നാരായണപിള്ളയുടെ വാണക്കുറ്റികളിലൂടെയാണ്" എന്ന് ലാബെല്ലാ രാജന്‍ അക്കാലത്തെ ഒരു കവിതയില്‍], ജയചന്ദ്രന്‍ നായരുടെ തറഞ്ഞുകേറുന്ന എഡിറ്റോറിയലുകള്‍, നമ്പൂതിരിയുടെ പെണ്ണുങ്ങള്‍, രണ്ടാമൂഴം [അതിന് വിശേഷമായി ഉപയോഗിച്ചിരുന്ന ടൈപ്പ്ഫെയ്സ്], ബാലചന്ദ്രന്റെ ഗസല്‍ [അതിന് 200 രൂപയാണ് പ്രതിഫലം കൊടുത്തതെന്നു കേട്ടപ്പോള്‍ ജയചന്ദ്രന്‍ നായരോട് തോന്നിയ ദേഷ്യം], [തിളങ്ങുന്ന ഗദ്യം മാത്രമെഴുതിയ മലയാറ്റൂരിന്റെ] ബ്രിഗേഡിയര്‍ കഥകള്‍, യു. എ. ഖാദറിന്റെ തൃക്കോട്ടൂര്‍ കഥകള്‍, ഇ. എം. അഷ്രഫിന്റേയും സുന്ദറിന്റെയും സദാശിവന്റെയും ഫീച്ചറുകള്‍ [അതിലൊന്നിനെപ്പറ്റി ഈയിടെ വെള്ളെഴുത്ത് എഴുതി. ഓസ്ട്രേലിയയില്‍ നിന്ന് നാട്ടില്‍ വന്നപ്പോള്‍ ആരോ പറഞ്ഞുകേട്ടിട്ടാവണം ഈ ബ്ലോഗ് കണ്ട് സുന്ദര്‍ കമന്റിട്ടിരുന്നു. അങ്ങനെ ഒബ്രിയുടെ ആത്മകഥാപരിഭാഷ വായിച്ച കാലത്തെ പരിചയം പുതുങ്ങി], ഒരു ഓണപ്പതിപ്പില്‍ വായിച്ച, ഒറ്റവായനയില്‍ മനപ്പാഠമായ, സുഗതകുമാരിയുടെ അനുരാഗികള്‍ക്കായ്, അയ്മനം ജോണിന്റെ ഓറിയോണ്‍, കള്ളിക്കാട് രാമചന്ദ്രന്‍, ഈ. വി. ശ്രീധരന്‍... കലാകൌമുദി ഒരു കാലത്ത് വിഷ്ഫുള്‍ തിങ്കിംഗിന്റെ ആവിഷ്കാരമായിരുന്നു.

പേജ് ഹെഡ്ഡറുകളായി വാക്കുകള്‍ക്ക് പകരം ഉപയോഗിച്ചിരുന്ന ഗ്രാഫിക് ഐക്കണുകളാണ് [കവിതയ്ക്ക് പീലി, നോവലിന് പിറ...] കണ്ണുകളുടെ ഓര്‍മയില്‍.

മനുഷ്യനെപ്പോലെ തന്നെയാണ് മനുഷ്യസൃഷ്ടികളും. കയറ്റിറക്കങ്ങള്‍ സ്വാഭാവികം. ജയചന്ദ്രന്‍ നായരും നമ്പൂതിരിയും വാരഫലവും ഒറ്റയടിക്ക് പോയപ്പോള്‍ കലാകൌമുദി ക്ഷീണിച്ചെന്നതു നേര്. എന്നാല്‍ ലന്തന്‍ ബത്തേരി വന്നത് ജയചന്ദ്രന്‍ നായര്‍ എഡിറ്ററല്ലാത്ത സമീപകാല കലാകൌമുദിയിലല്ലേ? ഇപ്പോളുമുണ്ട് മിസ്സാക്കാന്‍ പാടില്ലാത്ത പലതും. ഉദാഹരണത്തിന് ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ടോംസിന്റെ ആത്മകഥ.

ടോംസിന്റെ വരയും യേശുദാസിന്റെ സിനിമാപ്പാട്ടുമെല്ലാമാണ് ഒരുപാട് തലമുറകളില്‍പ്പെട്ട മലയാളികളുടെ അസ്ഥിയിലെ കാത്സിയം [‘അസ്തിയിലെ’ എന്നും വായിക്കാം]. അതുകൊണ്ട് ഹരികുമാറും മറ്റും കാരണമായ കൊസ്രാക്കൊള്ളികളോട് ഞാനങ്ങ് ക്ഷമിച്ചു.

കലാകൌമുദി വാരിക ഇപ്പോള്‍ മുഴുവനായും നെറ്റില്‍ വായിക്കാം. ഒരു വര്‍ഷത്തെ ഇ-വരിസംഖ്യ 1050 രൂപ മാത്രം. സംഗതി ഏത് ക്രെഡിറ്റ് കാര്‍ഡ് വഴിയും കൊടുക്കാം. [ദുബായില്‍ ഒരു കലാകൌമുദിയുടെ വില നാലര ദീര്‍ഹനിശ്വാസമാണെന്നിരിക്കെ ഒരു കൊല്ലത്തെ 52 ഇഷ്യൂസിന് 234 ദിര്‍ഹം വരും. ഏതാണ്ട് 2340 രൂപാ. കാടു വെട്ടി ഉണ്ടാക്കുന്ന കടലാസ് വേസ്റ്റാക്കുന്നില്ലെന്ന പച്ച നിറമുള്ള ന്യായവും കണക്കിലെടുക്കുമ്പോള്‍ എല്ലാം കൊണ്ടും സന്തോഷം [പഴയ വീക്കിലികള്‍ ഇങ്ങനെ കൂട്ടിവെച്ചാല്‍ ഞാനതെല്ലാമിടുത്ത് തീയിടും എന്നാക്രോശിക്കുന്ന ഭാര്യമാരുള്ളവര്‍ക്ക് E-രട്ടിമധുരം]. കലാകൌമുദി മാത്രമല്ല സഹോദരങ്ങളായ വെള്ളിനക്ഷത്രം [മനോരമ വീക്കിലിയുടെ പൈങ്കിളി ഫോര്‍മുല തിരുത്തിക്കുറിച്ച് മനോരമയെക്കൊണ്ട്പോലും അനുകരിപ്പിച്ച മംഗളവും ബാലരമയുടെ ഫോര്‍മുല തിരുത്തിക്കുറിച്ച് ബാലരമയെക്കൊണ്ട് പോലും അനുകരിപ്പിച്ച പൂമ്പാറ്റയുമ്പോലെ നാനയില്‍ നിന്ന് ബാര്‍ബര്‍ഷാപ്പ്-ഡെന്റല്‍ ക്ലിനിക്ക് സിനിമാജേര്‍ണലിസത്തെ അവിടെത്തന്നെക്കിടത്തി തിരുത്തിയെഴുതിയ നക്ഷത്രം], ക്രൈമിന്റെ അനുകരണമായ ഫയര്‍, വനിതകള്‍ക്കുള്ള സ്നേഹിത, ജ്യോതിഷബാധിതര്‍ക്കുള്ള മുഹൂര്‍ത്തം [ഒരമ്പലം കത്തിയാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു എന്നു പറഞ്ഞ സി. കേശവന്റെ പാരമ്പര്യം മറന്നേക്കുക], ആയുരാരോഗ്യം [മാത്തുക്കുട്ടിച്ചായന്റെയും വീരേന്ദ്രച്ചായന്റെയും സമാന ടൈറ്റിലുകള്‍ ഓര്‍ക്കുമ്പോള്‍ ഈ ആ ടൈറ്റിലിന് ഒരുമ്മ.]... എല്ലാം ഒറ്റയ്ക്കോ കൂട്ടായോ ഇങ്ങനെ സ്ക്രീനില്‍ ലഭ്യമാക്കാം.

സമകാലിക മലയാളം വാരികയുടെ ചില പേജുകള്‍ ഇ-ങ്ങനെ പണം കൊടുക്കാതെ തന്നെ വായിക്കാന്‍ കിട്ടുന്നുണ്ട്. എന്നാല്‍ ഒരു മലയാളം മാഗസിന്‍ മുഴുവന്‍ ഇങ്ങനെ കിട്ടുന്നത് ഇതാദ്യമാണെന്ന് തോന്നുന്നു. ഇത് യൂണികോഡ് ആണോ സാങ്കേതികമികവുണ്ടോ എന്നെല്ലാം വിവരമുള്ളവര്‍ പറയട്ടെ.

മനോരമ, മാതൃഭൂമി, മംഗളം, മാധ്യമം വീക്കിലികള്‍, പച്ചക്കുതിര, വനിത, ഗൃഹലക്ഷ്മി, മഹിളാരത്നം, കന്യക, കേരളശബ്ദം, നാന, സിനിമാ ദീപിക, ഭാഷാപോഷിണി, ബാലരമ, ബാലഭൂമി... കൂട്ടരേ, ഇ-തിലേ ഇതിലേ...

0 അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്




രാംമോഹന്‍ പാലിയത്ത്
eMail




ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്