പബ്ലിഷ് ബട്ടണ്‍ ഞെക്കിയാലുടന്‍ ലോകം മുഴുവന്‍ നമ്മുടെ ഗീര്‍വാണം ലഭ്യമാകുമെന്നതും എവിടെ നിന്ന് ആരൊക്കെ വായിക്കാന്‍ എത്തുന്നുണ്ടെന്ന വിവരം അപ്പപ്പോള്‍ ലഭ്യമാകുമെന്നതുമാണ് ബ്ലോഗിംഗ് തരുന്ന രണ്ട് പ്രധാന ലഹരികള്‍. [ലഹരി കൌണ്ടബ് ള്‍ ആണോ, രണ്ട് ലഹരികള്‍ എന്ന് പറയാവോ എന്നെല്ലാം ചോദിച്ച് വരാവുന്ന ഗ്രാമേറിയന്‍സിന്റെ എണ്ണം ബ്ലോഗന്നൂരില്‍ കുറവായത് എന്റെ ഭാഗ്യം.]
കുറച്ചുകാലം കേരളത്തില്‍ ഒരു അച്ചടി മാഗസിന്റെ എഡിറ്ററായിരുന്നതുകൊണ്ട് എന്നെ സംബന്ധിച്ചിടത്തോളം ഇത്തരം കിക്കുകളുടെ വിശകലനം എന്നും interesting തന്നെ [പട്ടയും ഫോറിനും തമ്മിലുള്ള താരതമ്യമൊക്കെ പോലെ]. മാഗസിന്റെ ഒന്നാം ലക്കം ഇറങ്ങിയതിന്റെ പിറ്റേന്ന് എറണാകുളം നോര്‍ത്ത് റെയില്‍.വേ സ്റ്റേഷനില്‍ നില്‍ക്കുമ്പോള്‍ അവിടെയുള്ള മാഗസിന്‍ ഷോപ്പില്‍ വന്ന ഒരാള്‍ നമ്മുടെ മാഗസിന്‍ മറിച്ചു നോക്കി വാങ്ങുന്നതു കാണുമ്പോള്‍, മൂന്നാല് മാസം കഴിഞ്ഞുള്ള ഒരു തീവണ്ടിയാത്രക്കിടയില്‍ മറ്റൊരാള്‍ ആ ലക്കവും വായിച്ചിരിക്കുന്നത് കാണുമ്പോള്‍, മാഗസിന്‍ ഇറങ്ങി അഞ്ചാറ് ലക്കമൊക്കെ പിന്നിട്ട ശേഷം നമുക്ക് ആരാധന തോന്നിയിട്ടുള്ള ഒന്നു രണ്ട് എഴുത്തുകാര്‍ പഴയ ലക്കങ്ങള്‍ ആവശ്യപ്പെട്ട് എഴുതുമ്പോള്‍, അഞ്ചാറ് കൊല്ലം കഴിഞ്ഞ് ഗള്‍ഫില്‍ വെച്ച് പരിചയപ്പെടുന്ന ആള്‍ തന്റെ അളിയന്‍ നാട്ടില്‍ ഷോഗണ്‍ പ്ലസിന്റെ എല്ലാ ലക്കങ്ങളും സൂക്ഷിച്ചുവെച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തുമ്പോള്‍... അപ്പോളൊക്കെ തോന്നിയിട്ടുള്ള ഫീലിംഗ് ഗുഡ് തന്നെയാണ് ബ്ലോഗിന്റെ വായനക്കാരുള്ള സ്ഥലപ്പേരുകള്‍ നോക്കുമ്പോളും അനുഭവപ്പെടുന്നത്.
Google Analytics-നേയും Histats-നേയും വിശ്വസിക്കാമെങ്കില്‍ ഐസ്.ലണ്ടിലും ഇസ്രായേലിലും മാത്രമല്ല ബഹാമാസ്, പാക്കിസ്ഥാന്‍, ചൈന, ടര്‍ക്കി, ബോസ്നിയ ഹെര്‍സഗോവിന, ഗ്രീസ്, സ്വീഡന്‍, തായ്.ലന്‍ഡ്, ശ്രീലങ്ക, ന്യൂസിലന്‍ഡ്, റഷ്യ, പഴയ യൂഗോസ്ലാവ്യ, മെക്സിക്കൊ, ചിലി, അര്‍ജന്റീന, ബ്രസീല്‍, ഗിനി, ഐവറി കോസ്റ്റ്, സൌത്താഫ്രിക്ക, ബുറുണ്ടി, മൊറൊക്കോ, ഈജിപ്ത്, സുഡാന്‍, ഇന്തോനേഷ്യ, ബര്‍മ, നേപ്പാള്‍... ഇവിടെയെല്ലാം സ്ഥിരമായി ബ്ലോഗ് വായിക്കുന്ന മലയാളികളും മലയാളം ബ്ലോഗേഴ്സും ഉണ്ടെന്നറിയുന്നത് അത്ഭുതകരമായ കാര്യം തന്നെ.
അറബിക്കഥ എന്ന സിനിമയിറങ്ങിയ കാലത്താണെന്നു തോന്നുന്നു ഞാന്‍ ലിസ്റ്റില്‍ ക്യൂബയുണ്ടോയെന്ന് നോക്കിയത്. വിദേശികള്‍ക്ക് ജോലി കൊടുക്കാവുന്ന തരം എക്കണോമിയല്ല ക്യൂബയുടേതെന്നറിയാമായിരുന്നു. എംബസിയിലെങ്കിലും ഒരു മലയാളി [മിക്കവാറും ഒരു മേനോന്‍ സഖാവ്]? സി. ആര്‍. പരമേശ്വരനൊക്കെ പരിഹസിച്ചിട്ടുള്ള റഷ്യയിലെ പാട്രിക് ലുമുംബ യൂണിവേഴ്സിറ്റി പോലുള്ള വല്ല ഇടതന്‍ യൂണിവേഴ്സിറ്റിയിലും പഠിക്കുന്ന ഏതെങ്കിലും എറണാകുളം സഖാക്കള്‍? ഇല്ല, കൂബ മാത്രം ലിസ്റ്റില്‍ വന്നിട്ടില്ല. തീര്‍ച്ചയായും അതിന് പല കാരണങ്ങളുണ്ടാകും. എന്നാല്‍ കഴിഞ്ഞ ദിവസം അസോസിയേറ്റ്ഡ് പ്രസ്സ് പറഞ്ഞ കാരണം ഞെട്ടിക്കുന്നതായിരുന്നു. ഇതാ അതിന്റെ സംഗ്രഹം:
ക്യൂബയില്‍ ഇതാദ്യമായി കമ്പ്യൂട്ടര്‍ വില്‍പ്പന തുടങ്ങിഹവാന - ക്യൂബയില്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള മറ്റൊരു നിരോധനം എടുത്തുകളഞ്ഞു. അനാരോഗ്യം മൂലം സ്ഥാനമൊഴിഞ്ഞ സഹോദരന്‍ ഫിഡില്‍ കാസ്ട്രോയെ പിന്തുടര്‍ന്ന് ഫെബ്രുവരി 24-ന് പ്രസിഡന്റായ റൗള്‍ കാസ്ട്രോയാണ് പൊതുജനങ്ങള്‍ക്ക് സ്വകാര്യ ആവശ്യത്തിനായി കമ്പ്യൂട്ടര്‍ വാങ്ങാന്‍ സാധിക്കില്ലെന്ന നിരോധനം നീക്കം ചെയ്തത്. തലസ്ഥാന നഗരമായ ഹവാനയില്‍ മെയ് 2-നാണ് ആദ്യമായി കമ്പ്യൂട്ടറുകള്‍ വില്‍പ്പനയ്ക്കെത്തിയതെന്ന് അസോസിയേറ്റ്ഡ് പ്രസ്സ് റിപ്പോര്‍ട്ടു ചെയ്തു. 780 ഡോളര്‍ ചില്ലറ വില്‍പ്പനവിലയുള്ള ഈ കമ്പ്യൂട്ടറുകള്‍ വാങ്ങാനുള്ള ശേഷി ക്യൂബയില്‍ വളരെയധികം പേര്‍ക്കൊന്നുമില്ലെന്നതാണ് വിരോധാഭാസമെന്നും എപി റിപ്പോര്‍ട്ടു ചെയ്യുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കരിഞ്ചന്തയിലാണ് ക്യൂബയില്‍ കമ്പ്യൂട്ടറുകള്‍ വിറ്റിരുന്നത്. പൊതുജനങ്ങള്‍ അവ ഉപയോഗിക്കുന്നതും നിയമവിരുദ്ധമായിരുന്നു.
നിയമവിരുദ്ധമായി ഇന്റെലിന്റെ സെലറോണ്‍ പ്രോസസ്സറുകളും വിന്‍ഡോസ് എക്സ്പി ഓപ്പറേറ്റിംഗ് സിസ്റ്റവും ഉപയോഗപ്പെടുത്തുന്ന ഈ കമ്പ്യൂട്ടറുകള്‍ പിടികൂടാന്‍ അമേരിയ്ക്കക്ക് സാധിക്കില്ലെന്നതാണ് രസകരമായ മറ്റൊരു വസ്തുത. അമേരിക്കയും ക്യൂബയും തമ്മില്‍ നയതന്ത്രബന്ധങ്ങളില്ലെന്നതു തന്നെ കാരണം. ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഘടകഭാഗങ്ങള്‍ ക്യൂബയില്‍ കൂട്ടിച്ചേര്‍ത്താണ് ഈ കമ്പ്യൂട്ടറുകളുടെ നിര്‍മാണം. അധികം അകലെയല്ലാത്ത അമേരിക്കയില്‍ 80 ഡോളറിന് ഇതിന്റെ ഇരട്ടിയിലേറെ മെമ്മറിയുള്ള കമ്പ്യൂട്ടറുകള്‍ പൊതുവിപണയില്‍ ലഭ്യമാണെന്നതും ശ്രദ്ധേയമായ സംഗതിയാണ്.
കമ്പ്യൂട്ടറുകള്‍ ഇതോടെ പ്രചാരത്തിലാകാന്‍ തുടങ്ങുമെങ്കിലും പ്രമുഖ ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുമൊഴികെ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനുള്ള നിരോധം തുടരുകയാണ്. അതേസമയം നിയമവിരുദ്ധമായി ഈ-മെയില്‍ ഉപയോഗപ്പെടുത്തുന്ന ഒരു ന്യൂനപക്ഷവും ക്യൂബയിലുണ്ട്. ക്രെഡിറ്റ് കാര്‍ഡുകളും നിരോധിക്കപ്പെട്ടിരിക്കുന്നതിനാല്‍ ഓണ്‍ലൈന്‍ ഷോപ്പിംഗിനെപ്പറ്റിയും ഇപ്പോള്‍ ആലോചിക്കേണ്ടതില്ല.
കാറുകള്‍ വാടകയ്ക്കെടുക്കുക, ആഡംബര ഹോട്ടലുകളില്‍ താമസിക്കുക, മൊബൈല്‍ ഫോണ്‍ സ്വന്തമാക്കുക തുടങ്ങിയവയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനങ്ങളും റൗള്‍ എടുത്തുകളഞ്ഞിരുന്നു. എന്നാല്‍ സമ്പദ്‌വ്യവസ്ഥയില്‍ കമ്മ്യൂണിസ്റ്റ് ഗവണ്‍മെന്റിനുള്ള നിയന്ത്രണം ഇപ്പോഴും 90 ശതമാനമായി തുടരുന്നു. 19.50 ഡോളറാണ് ഒരു ക്യൂബന്‍ പൗരന്റെ ശരാശരി മാസവരുമാനം. എങ്കിലും പാര്‍ട്ട്ടൈം ജോലി ചെയ്തും ടൂറിസത്തിലൂടെയും വിദേശത്ത് ജോലി ചെയ്യുന്ന ബന്ധുക്കള്‍ അയക്കുന്നതിലൂടെയും മിക്കവാറും ക്യൂബക്കാരുടെ വരുമാനം ഇതിലേറെയുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
[ക്യൂബയില്‍ ചിലപ്പോള്‍ മുകുന്ദന്മാര്‍ കണ്ടേക്കാം. ഒരിക്കല്‍ വലിച്ചു നോക്കിയപ്പോള്‍ ഒരു ഹവാന ചുരുട്ട് തന്ന കിക്കിനെ അതിശയിപ്പിച്ചുകൊണ്ട് എന്നായിരിക്കും അതിലൊരു മുകുന്ദന്‍ ഒരു ബ്ലോഗ് തുടങ്ങുക?}
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്