സേതുസമുദ്രം പദ്ധതിയെപ്പറ്റിയുള്ള വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. ഹിന്ദുമത വിശ്വാസികള്‍ മുതല്‍ പരിസ്ഥിതി പ്രവര്‍ത്തകരും ഷിപ്പിംഗ് വ്യവസായ വിദഗ്ദരും വരെയുള്ള വ്യത്യസ്ത താല്‍പ്പര്യക്കാരാണ് വ്യത്യസ്ത കാരണങ്ങളാല്‍ പദ്ധതിയെ എതിര്‍ക്കുന്നത്. സുനാമിയുടെ ആഘാതം ഒരളവു വരെ തടഞ്ഞത് ഈ ചിറയാണെന്നാണ് ഒരു വാദം. ഷിപ്പിംഗ് വ്യവസായം ഭീമാകാരന്‍ കപ്പലുകളിലേയ്ക്ക് തിരിയുന്ന ഒരു കാലഘട്ടത്തില്‍ 30,000 ടണ്‍ വരെ മാത്രം ഭാരമുള്ള കപ്പലുകള്‍ക്കേ സേതുസമുദ്രം വഴി കടന്നുപോകാന്‍ കഴിയൂ എന്നിരിക്കെ എന്തിനാണ് ഈ പദ്ധതി എന്നാണ് ഷിപ്പിംഗ് വിദഗ്ദരുടെ ചോദ്യം.ഈ കനാലിന് പന്ത്രണ്ട് മീറ്റര്‍ മാത്രമേ ആഴമുണ്ടാകൂ എന്നതുകൊണ്ടാണത്രെ ഈ പരിമിതി.[പനാമ കനാലിലൂടെ 90,000 ടണ്ണും സൂയസ് കനാലിലൂടെ 1.2 ടണ്ണും ഭാരമുള്ള കപ്പലുകള്‍ക്ക് കടന്നുപോകാം]. ഇതെല്ലാം നാനാവശങ്ങളില്‍ നിന്നുമുള്ള ഹിന്ദു പരിവാറിന്റെ ലോബിയിംഗാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നിരീശ്വരവാദിയായ കരുണാനിധിയുടേയും ഹിന്ദു വോട്ട് തട്ടാന്‍ തക്കം പാര്‍ക്കുന്ന ജയലളിതയുടേയും നിലപാടുകളെയും വിശ്വസിക്കുക വയ്യ. ഏറ്റവും ഒടുവിലത്തെ ഇടപെടലുകള്‍ സുപ്രീം കോടതിയുടേതാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ അഭിപ്രായം കേള്‍ക്കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.
ഒരു അണ്ണാറക്കണ്ണാന്‍ വരെ സഹായിച്ചിട്ടാണ് അങ്ങനെ ഒരു പാലം ഉണ്ടാക്കിയതെന്നാണ് ഹിന്ദുമത വിശ്വാസം [രാമായണത്തിലൊന്നും അങ്ങനെ ഒരു സ്ക്വിറലിനെ കണ്ടില്ലെങ്കിലും കേള്‍ക്കാന്‍ രസമുണ്ടായിരുന്നു ആ കഥ]. സീതയെ തിരിച്ചു പിടിയ്ക്കാനായിരുന്നു പാലം കെട്ടിയത്. തിരിച്ചു പിടിച്ചു. എന്നിട്ടോ? ഗര്‍ഭിണിയായിരിക്കെ കാട്ടിലുപേക്ഷിച്ചു. ഇതിനായിരുന്നോ എന്ന് ആ പാലത്തിന്റെ ആത്മാവ് ചോദിച്ചു കാണുമോ?
ഒരു ഹോളിവുഡ് വാര്‍ ഫിലിമില്‍ കണ്ടിട്ടുണ്ട് ഒരു താല്‍ക്കാലിക പാലം പണിയുന്നതും അക്കരെ കടക്കുന്നതും അക്കരെ കടന്നയുടന്‍ പാലം നശിപ്പിച്ചു കളയുന്നതും. പിന്തുടരുന്ന ശത്രുക്കള്‍ക്ക് പാലം ഉപകാരപ്പെടാതിരിക്കാനാണത്രെ ആ തന്ത്രം. എന്തായാലും don't burn the bridges behind you എന്നൊരു പ്രയോഗമുണ്ട് ഇംഗ്ലീഷില്‍. പിന്നിട്ട പാലങ്ങളെ എപ്പോളാണ് വീണ്ടും ആവശ്യം വരിക എന്നാര്‍ക്കറിയാം. [പിന്നിട്ട വഴികളിലൂടെ വീണ്ടും നടക്കേണ്ടി വരിക, മറന്ന മുഖങ്ങളില്‍ച്ചെന്ന് വീണ്ടും മുട്ടുക... അതൊക്കെ എപ്പോളാണെന്ന് ആര്‍ക്കറിയാം].
പാലം കടക്കുവോളം നാരായണ എന്ന് ശ്രീരാമനും വിചാരിച്ചു കാണുമോ? ആവശ്യം കഴിഞ്ഞ സ്ഥിതിയ്ക്കും ഇനിയൊരു പാലമായി ഉപയോഗിക്കാന്‍ കഴിയാത്തതുകൊണ്ടും അതവിടെത്തന്നെ നിര്‍ത്തേണ്ടതുണ്ടോ? ഒരു പാലം പോയാല്‍ തകരുമോ ഹൈന്ദവ ധര്‍മം?
ഞാന്‍ ഒരു ഹൈന്ദവ ദൈവ വിശ്വാസിയാണ്. എങ്കിലും മനുഷ്യനായി അവതരിച്ച ശ്രീരാമനെ ആരാധിക്കണോയെന്ന് ഇനിയും തീര്‍ച്ചയില്ലാത്ത ഒരാള്‍. അയ്യോ, അല്ല, മനുഷ്യനായി ജീവിച്ചതുകൊണ്ടല്ല ശ്രീരാമനോടുള്ള ആരാധനക്കുറവ്. സത്യം പറഞ്ഞാല്‍ ശ്രീരാമന്റെ മാനവഹൃദയമോര്‍ത്ത് ഹൃദയം നുറുങ്ങാത്ത ഒരു ദിവസം പോലുമില്ല - ഊര്‍മിളയുടെ ഭര്‍ത്താവിന് ഫാമിലി സ്റ്റാറ്റസ് കൊടുക്കാതിരുന്നപ്പോള്‍, ശൂര്‍പ്പണഖയെ നിരസിക്കുന്നതിന് പകരം ലക്ഷണനോട് ചോദിക്ക് എന്ന് പറയുമ്പോള്‍, ബാലിയെ ഒളിയമ്പെയ്യുമ്പോള്‍, ഗര്‍ഭിണിയായ സീതയെ കൊടുംകാട്ടില്‍ ഉപേക്ഷിക്കുമ്പോള്‍... അപ്പോളെല്ലാം ആ മാനവഹൃദയം എങ്ങനെ നുറുങ്ങിപ്പൊടിഞ്ഞിട്ടുണ്ടാകും എന്നോര്‍ക്കുമ്പോള്‍ [ഇതിന് സമാനം മണ്ഡോദരിയുടെ നുറുങ്ങിപ്പൊടിയല്‍ മാത്രം. മറ്റൊരു സുന്ദരിയ്ക്കു വേണ്ടി യുദ്ധം ചെയ്യാനൊരുങ്ങുന്ന ഭര്‍ത്താവിന്റെ വിജയത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക - എങ്ങനെയായിരിക്കും അത്? രാവണന്റെ പൌരുഷവീര്യം കാണാന്‍ മറക്കാത്തവര്‍ എന്താണ് മണ്ഡോദരിയുടെ മനസ്സ് കാണാത്തത്?]...
അതുകൊണ്ട് ഈ പാലത്തിന്റെ വീരസ്യം പറയാന്‍ ഞാനില്ല. മൈനാകത്തെയെന്നതിനേക്കാള്‍ സുനാമിയെ ഉള്ളിലൊതുക്കുന്നവയാണ് വന്‍കടലുകള്‍ എന്നറിയുമ്പോള്‍ ഈ പഴമ്പുരാണങ്ങള്‍ എത്ര ദുര്‍ബലം, അപ്രസക്തം. എങ്കിലും കുട്ടിക്കാലത്ത് ഓരോ തവണ ബ്ലാങ്ങാട്ടെ കടപ്പുറത്തു പോയപ്പോഴും ആ മണല്‍ത്തിട്ടയില്‍ അമ്മ എഴുതിപ്പിച്ചിരുന്ന ഒരു വാചകം ഓര്‍ക്കാതെ വയ്യ: ശ്രീരാമന്‍ ജയിച്ചു, കടലമ്മ തോറ്റു.
പിന്നീട് മുതിര്‍ന്നപ്പോളും ഏത് കടല്‍ത്തീരത്ത് പോയാലും ഒരു തമാശിന് അങ്ങനെ എഴുതുമായിരുന്നു. മെറീനയില്‍, ജൂഹുവില്‍, വെര്‍സോവയില്‍, ജുമൈരയില്‍, അജ്മാനില്‍, ഖോര്‍ഫകാനില്‍, സലാലയില്‍... എല്ലായിടത്തും.
പരാജയത്തേക്കാള്‍ മധുരം പരാജയത്തിന്റെ ഓര്‍മകള്‍ക്കാണ്. പരാജയത്തിന്റെ ഓര്‍മകളുണര്‍ന്ന തിളച്ച മനസ്സുമായി കടലമ്മ വരുന്നതും ആ വാക്കുകള്‍ മായ്ച്ച് വ്യാജമായ ആനന്ദത്തോടെ തിരിച്ചിറങ്ങുന്നതും നോക്കി നില്‍ക്കുമ്പോള്‍ ഒരു നിമിഷം അമ്മയുടെ കയ്യും പിടിച്ച് കടലുകാണാന്‍ നില്‍ക്കുന്ന കുട്ടിയാകാറുണ്ടായിരിക്കണം.
അതോര്‍ക്കുമ്പോള്‍, 48 കിലോമീറ്റര്‍ നീളമുള്ള രാമസേതുവിന്റെ 20 ശതമാനവും നീക്കം ചെയ്തു കഴിഞ്ഞു എന്ന് പത്രത്തില്‍ വായിക്കുമ്പോള്‍, ഇനി ആദ്യം പോകുന്ന കടപ്പുറത്ത് ഇങ്ങനെ എഴുതാന്‍ തോന്നുന്നു: ശ്രീരാമന്‍ തോറ്റു, കടലമ്മ ജയിച്ചു.
മിസ്റ്റര്‍ ശ്രീരാമന്‍, നിങ്ങള്‍ എവിടെ?
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്