അജിതയേയും ഫൂലന്‍ ദേവിയേയും ജാനുവിനേയും ഹീറോസായി കരുതാന്‍ എനിയ്ക്കെന്ത് യോഗ്യത എന്നു ചോദിച്ചാല്‍ ഒന്നുമില്ല എന്നാണുത്തരം. നമ്മുടെ കാലഘട്ടത്തിലെ ഷണ്ഡമായ പുരുഷത്വത്തിന്റേയും രാഷ്ട്രീയമായ ഷണ്ഡതയുടേയും ഒരു പ്രതിനിധി എന്ന നിലയില്‍ അങ്ങനെ സംഭവിച്ചുപോയി എന്നതാണ് അതിന്റെ വിരോധാഭാസം.
ഇവരെ ഇങ്ങനെ ഒറ്റശ്വാസത്തില്‍, ഒരു വാചകത്തില്‍ ഉള്‍പ്പെടുത്തരുതെന്ന് എനിക്കറിയാം. അതുകൊണ്ടുതന്നെ നാലാമതൊരു പെണ്‍ഹീറോവിനെപ്പറ്റി പറയുമ്പോളും അതില്‍ യാതൊരു വിധ സാമാന്യവത്കരണവും ഉദ്ദേശിച്ചിട്ടില്ല.
എന്റെ നാലാമത്തെ പെണ്‍ഹീറോ, കൊളംബിയ എന്ന ലാറ്റിനമേരിക്കന്‍ രാജ്യത്തെ ഏറ്റവും കുപ്രസിദ്ധയായ റെബല്‍ കമാന്റര്‍, നെല്ലി അവില മൊറിനൊ എന്ന കരീന, ഇന്നലെ അവളുടെ നാട്ടിലെ ഗവന്മെന്റിന് കീഴടങ്ങി. ഇന്നലെ ഉച്ചയ്ക്ക്, ഏതോ പന്ന കച്ചവടം കൈകാര്യം ചെയ്യാന്‍ ഞാന്‍ കാറോടിച്ചു പൊയ് ക്കൊണ്ടിരിക്കുമ്പോള്‍ ദുബായിലെ 87.9 എന്ന ബിബിസിയുടെ എഫ്. എം. ചാനലില്‍ കേട്ട അപ്രധാനമായ ഒരു വാര്‍ത്ത.
പ്രീഡിഗ്രിക്ക് പഠിക്കുമ്പോളാണ് ഭരതന്‍ സാര്‍ തുറന്നിട്ടു തന്ന പുസ്തകമുറിയുടെ വാതിലിലൂടെ ഞാനാദ്യം തെക്കേ അമേരിക്കയില്‍ പോകുന്നത്. ഒന്നു രണ്ട് കൊല്ലം കഴിയുമ്പോളേയ്ക്കും തെക്കുമ്പുറവും തെക്കേ നാലുവഴിയും പോല പരിചിതമായി എനിക്ക് തെക്കേ അമേരിക്കയും. മാര്‍കേസിന്റെ ജന്മനാട് എന്ന സ്ഥാനമായിരുന്നു കൊളംബിയയ്ക്ക്. തൊണ്ണൂറുകളില്‍ കൊക്കേയ്ന്‍ കൃഷി വ്യാപകമായതും ലെഫ്ടും റൈറ്റുമായ സമാന്തര റെബലുകളുടെ പാരാമിലിട്ടറി ഫോഴ്സുകള്‍ ഗവണ്മെന്റിന് വെല്ലുവിളിയായതും കൊളംബിയയുടെ ചരിത്രം മാറ്റിമറിച്ചു. ആദിവാസികള്‍, ആഫ്രിക്കന്‍ അടിമകള്‍, അറബി-സ്പാനിഷ് കുടിയേറ്റക്കാര്‍, അവരുടെയെല്ലാം സങ്കരങ്ങള്‍ - കൊളംബിയ പണ്ടേ സങ്കീര്‍ണമായിരുന്നു.
അമേരിക്കയുടെ പിന്തുണയുള്ള, ഓക്സ്ഫോഡില്‍ പഠിച്ച, അല്‍ വാരോ ഉരിബെയാണ് ഇപ്പോള്‍ കൊളംബിയയുടെ പ്രസിഡന്റ്. കരീനയാകട്ടെ റെവലൂഷനറി ആംഡ് ഫോഴ്സസ് ഓഫ് ഓഫ് കൊളംബിയ [FARC] എന്ന ഇടത് ഗറില്ലാ സംഘടനയുടെ ധീരനായികയും.
റാംബോ എന്നാണ് വെസ്റ്റേണ്‍ മീഡിയ കരീനയെ വിളിച്ചത്. ഏതോ സമരവഴിയില്‍ ഒരു കണ്ണും മുലയും നഷ്ടപ്പെട്ട, മുഖത്ത് മുറിവിന്റെ വലിയൊരു കലയുള്ള, ഒരു കൈത്തണ്ടയില്‍ ബുള്ളറ്റ് പാടുകളുള്ള ഫീമെയ് ല്‍ റാംബോ. കൊല, കൊള്ള, തട്ടിക്കൊണ്ടുപോകല്‍... കരീനയുടെ പേരിലുണ്ടായിരുന്ന ചാര്‍ജുകള്‍ അനേകം. 33 കോടി രൂപയാണ് ഗവണ്മെന്റ് കരീനയുടെ തലയ്ക്കിട്ട വില. വാഴത്തോട്ടങ്ങള്‍ നിറഞ്ഞ കരീബിയന്‍ തീരത്തുള്ള ഉരാബ എന്ന തന്റെ ജന്മനാട്ടില്‍ നടന്ന നൂറു കണക്കിന് കൊലപാതകങ്ങള്‍ക്കു പിന്നില്‍ കരീനയുണ്ടെന്നാണ് ഗവണ്മെന്റ് പറയുന്നത്.
2002-ല്‍ 13 പോലീസുകാരെ കൊന്ന സംഭവത്തിലൂടെയാണ് കരീന കുപ്രസിദ്ധയായത്. FARC-യുടെ 350 പേരുള്ള ഒരു വിഭാഗത്തിന്റെ നേതൃത്വമായിരുന്നു കരീനയ്ക്ക്. ഒടുവില്‍ ഇക്കഴിഞ്ഞ മാര്‍ച്ചില്‍ FARC-യുടെ ഭരണത്തലവന്മാരിലൊരാളും കരീനയുടെ ബോസുമായ ഇവാന്‍ റിയോസിനെ അദ്ദേഹത്തിന്റെ അംഗരക്ഷകരിലൊരാള്‍ തന്നെ വെട്ടിക്കൊന്നതാണ് കരീനയെ സമ്മര്‍ദ്ദത്തിലാക്കിയത്.
കീഴടങ്ങിയ ശേഷം മറ്റ് വിമതരോടും കീഴടങ്ങാന്‍ കരീന ആഹ്വാനം ചെയ്തതായാണ് വാര്‍ത്തകള്‍. വാര്‍ത്തകള്‍ എന്നു പറയുമ്പോള്‍ പാശ്ചാത്യ മാധ്യമങ്ങളുടെ വാര്‍ത്തകള്‍ എന്ന് വായിക്കണം. കരീനയെ കൊക്കേയ്ന്‍ കച്ചവടക്കാരിയെന്നും വിളിച്ചിരുന്നു ഇതേ മാധ്യമങ്ങള്‍.
കരീന എങ്ങനെ എന്റെ ഹീറോവായി? അത് കരീനയ്ക്ക് അപമാനമാണെന്ന് എനിക്കറിയാം. ഒരു പക്ഷേ നമ്മുടെ പലരുടേയും ഉള്ളിലുള്ള അപ്പൊളിറ്റിക്കലായ അരാജകവാദത്തിന്റെ വിഷ്ഫുള്‍ തിങ്കിംഗായിരിക്കാം പൊളിറ്റിക്കലായ ഒരു അരാജകവാദിയെ ആരാധിച്ചുപോകുന്നത്.
മരുഭൂമികള്‍ ഇല്ലാതാകുമോ?
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്