03 June 2008
‘ബോളിവുഡ്’ തുലയട്ടെ
ഇന്നലെ ഒരു കുഞ്ഞ് ഇന്റര്‍വ്യൂ വായിച്ചു - നമ്മുടെ മനോജ് നൈറ്റ് ശ്യാമളന്റെ. ഈ ബ്ലോഗിലെ ഇതിനു മുമ്പത്തെ പോസ്റ്റിന് കിട്ടിയ പരിഹാസ കമന്റുകളുമായി ചേര്‍ത്തുവായിക്കുമ്പോള്‍ ഒരു കോയിന്‍സിഡന്‍സ്. ശ്രീനിവാസനും മനോജും കണ്ണൂക്കാരാണല്ലൊ. ഇതിനു മുമ്പത്തെ പോസ്റ്റിന് ആദ്യം കിട്ടിയ കമന്റ് തന്നെ പരിഹാസമായാണ് ഞാനെടുത്തത്. രണ്ടാമത് പരിഹസിച്ചയാള്‍ പക്ഷേ ആദ്യകമന്റിനെ പ്രശംസയായെടുത്തെന്ന് തോന്നുന്നു. നമ്മുടെ ലക്ഷ്യം ശ്രീനിയോ പ്രിയനോ മനോജ് നെല്ലിയാട്ട് ശ്യാമളനോ പോലുമല്ല, ചുരുങ്ങിയ പക്ഷം ഒരു സ്പില്‍ബെര്‍ഗെങ്കിലും വരട്ടെ ഈ ബ്ലോഗില്‍ നിന്ന് ഇന്‍സ്പയേഡ് ആകാന്‍ എന്നാണ് എന്റെ ഈഗോപാലകൃഷ്ണമേനോന്‍ പറയുന്നത്. അതിനയാള്‍ക്ക് മലയാളമറിയില്ലെങ്കില്‍, ദുബായ് എന്ന സിനിമയില്‍ മമ്മൂട്ടി പറയുമ്പോലെ, “ലെറ്റ് ഹിം ലേണ്‍ മലയാളം”. [ഐ ഡോണ്ട് കെയര്‍ എന്നു പറയുന്നില്ല. അങ്ങനെ വിചാരിക്കുകയോ പറയുകയോ ചെയ്യുമ്പഴാണ് നമ്മ ഏറ്റവും കെയര്‍ ചെയ്യണത് എന്ന് ഇന്നലെ മന:പ്പുസ്തകത്തില്‍ വായിച്ചേയുള്ളു].
പരസ്യവ്യവസായത്തിന്റെ ആധുനിക കുലപതികളിലൊരാളായ ലിയോ ബണെറ്റ് പറയുന്നു: “നക്ഷത്രങ്ങളെ പിടിയ്ക്കാന്‍ ചാടുമ്പോള്‍ നക്ഷത്രം കിട്ടണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ഏതായാലും കയ്യില്‍ ചെളിയുമായി നമ്മള്‍ തിരിച്ചുവരില്ല” [When we reach for the stars, we may not quite get one. But we may not come up with a handful of mud either]. സ്മാള്‍ ഡ്രീം ഈസ് എ ബിഗ് സിന്‍ എന്നു പറഞ്ഞപ്പോള്‍ ചിന്മയാനന്ദനും അതു തന്നെ ഉദ്ദേശിച്ചത് [സ്മാള്‍ അടിച്ചാലും ജനം കുടിയന്‍ എന്നു വിളിക്കും, ലാര്‍ജ് അടിച്ചാലും കുടിയനെന്നു വിളിക്കും. എന്നാപ്പിന്നെ ലാര്‍ജ് അടിച്ചൂടേ എന്ന് മലയാളം]. അതുകൊണ്ടാണ് സ്പില്‍ബെര്‍ഗിനെത്തന്നെ ഉന്നം വയ്ക്കാമെന്നു വെച്ചത്. ഇന്റര്‍വ്യൂവില്‍ മനോജ് നൈറ്റ് ശ്യാമളനെ ഇന്റര്‍വ്യൂ ചെയ്തയാളുടെ പേരില്ല.[ഇന്ത്യ അബ്രോഡ് ന്യൂസ് സര്‍വീസിന്റെ [IANS] പേരിലാണ് ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ചിരിക്കുന്നത്]. ഇന്റര്‍വ്യൂവിലെ പെനള്‍ട്ടിമേറ്റ് ചോദ്യം ഇങ്ങനെ: ഹൊറര്‍ സിനിമകള്‍ കണ്ടാണോ താങ്കള്‍ വളര്‍ന്നത്? ഉത്തരം: ഹൊറര്‍ സിനിമകള്‍ എനിക്കിഷ്ടമാണ്. ഒരു ചോദ്യം കൂടി ചോദിച്ച് അവസാനിപ്പിച്ചാല്‍ ഉപകാരമായിരുന്നു - എന്റെ കുടുംബം എന്നെ കാത്തുനില്‍ക്കുകയാണ്. അങ്ങനെ അവസാനചോദ്യം: ഓകെ. നിങ്ങള്‍ നിങ്ങടെ സിനികളില്‍ തല കാട്ടാറുണ്ടല്ലൊ? സുഭാഷ് ഗായ് ആണോ നിങ്ങളുടെ പ്രചോദനം? ഉത്തരം: നിങ്ങളുടെ ചോദ്യത്തിന്റെ രണ്ടാം ഭാഗത്തിനുള്ള ഉത്തരം ‘അല്ല’ എന്നാണ്, കാരണം അതാരാണെന്ന് എനിക്കറിയില്ല. എനിക്കിഷ്ടം തോന്നുന്ന റോളാണെങ്കില്‍ ഞാനഭിനയിച്ചുവെന്നു വരും, അത്രമാത്രം... ആ അവസാനചോദ്യത്തിന് ഉത്തരം പറഞ്ഞ മനോജിന്റെ naivete എനിക്കിഷ്ടപ്പെട്ടു - സുഭാഷ് ഗായോട് എനിക്കൊരു വിരോധവുമില്ലെങ്കിലും. സുഭാഷ് ഗായ് ആരായാലെന്ത്? ഇന്ത്യന്‍ സിനിമ എന്നാല്‍ ഹിന്ദി സിനിമ എന്ന് മാത്രം വിചാരിച്ചുകൊണ്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ പോയാല്‍ ഇങ്ങനെയിരിക്കും. അതോ IANS ചീഫിന്റെ ശത്രുവാണോ സുഭാഷ് ഗായ്? ഇനി ഇതിനൊരു മറുപുറവുമുണ്ട് - ഹിന്ദി സിനിമയെ ബോളിവുഡ് എന്ന് വിളിക്കുന്ന വങ്കത്തം, അടിമത്തം, പാപ്പരത്തം. ഹിന്ദിസിനിമാലോകത്തെ ബുദ്ധിജീവികളായ നാനാ പടേക്കര്‍, മനോജ് വാജ്പൈ തുടങ്ങിയവര്‍ക്ക് മുതല്‍ മഹാകവികളുടെ മക്കളായ ബച്ചനും ഷബാനയ്ക്കും വരെ വെറുപ്പാണത്രെ ഹിന്ദി സിനിമയെ ബോളിവുഡ് എന്ന് വിളിക്കുന്നതിനോട്. പിന്നെ ആര്‍ക്കാണിത് നിര്‍ബന്ധം - മീഡിയക്കോ? അതുപോരാഞ്ഞിപ്പോള്‍ തമിഴ്, മലയാളം, കന്നഡ, തെലുങ്ക് സിനികളേയും വുഡ് ചേര്‍ത്ത പേരുകളിട്ട് വിളിക്കുന്നു. മോളിവുഡ്, കോളിവുഡ്... എന്നതാ ഇത്? ഹോളിവുഡ് പോലെ കോടമ്പാക്കം എന്നൊരു മൊഞ്ചുള്ള പേരുള്ളപ്പോള്‍ വൈ ഈ വൈകൃതം? [ഓഫ്: തുളു ബ്രാഹ്മണരുടെ വകയായുള്ള ഒരടിപൊളി മധുരപലഹാരമാണ് ബോളി. കടലമാവ് നേര്‍പ്പിച്ച് ദോശപോലെ ഉണ്ടാക്കി പഞ്ചസാരപ്പാവില്‍ മുക്കിയെടുത്ത് ഉണ്ടാക്കുന്ന സാധനം. കേരളീയ മലയാളികളുടെ വിശിഷ്ടഭോജ്യമായ പാലട പ്രഥമനോട് ചേര്‍ത്ത് കഴിയ്ക്കാന്‍ അതിവിശേഷം. ബോളി വിജയിക്കട്ടെ. പിന്നെ “എന്റെ കുടുംബം എന്നെ കാത്തുനില്‍ക്കുകയാണ്“ എന്ന വാചകത്തിന്റെ മധുരം. അത് ബോളി-പാലട കോമ്പിനേഷനേയും തോല്‍പ്പിക്കും. പ്രശസ്തിക്കും പത്രവാര്‍ത്തകളില്‍ വരാനും വേണ്ടി വമ്പന്‍ സ്രാവുകള്‍ വരെ കാത്തുകെട്ടിക്കിടക്കുന്ന ഒരു കാലഘട്ടത്തില്‍, മനോജ്, നിങ്ങളും വിജയിക്കട്ടെ.] |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്