നിങ്ങളാരാണ്? നിങ്ങളൊരു ടെററിസ്റ്റല്ലേ? അല്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല. തെളിയിക്കണം. എന്താണ് നിങ്ങളുടെ ഐഡന്റിറ്റി? അച്ഛന്റേം അമ്മേടേം പേരുകള്‍? ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍? ഗ്രോസറി വാങ്ങിച്ച ചരിത്രം? കഴിഞ്ഞ ബുധനാഴ്ച പത്തിനും രണ്ടിനുമിടയ്ക്ക് എവിടെയായിരുന്നു? വെള്ളിയാഴ്ച പല്ലുവേദന വന്നപ്പോള്‍ ഏത് മരുന്ന് കഴിച്ചു? ശനിയാഴ്ച ഭാര്യയ്ക്ക് മെന്‍സസായിരുന്ന സമയത്ത് നിങ്ങള്‍ സ്ഖലിച്ചതെവിടെ വെച്ച്? ഇത്തരം എല്ലാ വിവരങ്ങളും തരുന്ന ചിപ്പ് ഘടിപ്പിച്ച ഐഡി കാര്‍ഡ് എവിടെ? എടുക്ക് ഐഡി കാര്‍ഡ്. എവിടെ അത്? എന്താ അത് കഴുത്തിലെ വള്ളിയില്‍ തൂക്കിയിടാത്തത്?
നാളെ നമ്മള്‍ നേരിടാന്‍ പോകുന്ന ചില ചോദ്യങ്ങള്‍. ഡോണ്ട് വറി, അധികമൊന്നും നാളെയാവില്ല.
ടെററിസം വ്യാപകമായതിനെത്തുടര്‍ന്നാണ് ഐഡന്റിറ്റി വെളിപ്പെടുത്തല്‍ നിര്‍ബന്ധിതമായത്. (ടെററിസം വ്യാപകമായതല്ല, ആക്കിയതാണ് എന്നത് മറ്റൊരു സത്യം. കുറ്റത്തിനു മുമ്പേ ശിക്ഷകൊടുത്ത് ചിലരെ ലോകം നിര്‍ബന്ധിത ചാവേറുകളാക്കുന്നു).
ജോലിചെയ്യുന്നവര്‍ക്കും ക്ലയന്റ്സിനും മാത്രം അകത്തുകയറാവുന്ന രഹസ്യസ്വഭാവമുള്ള ജോലികള്‍ ചെയ്യുന്ന സ്ഥാപനങ്ങളിലും ഐഡി വെളിപ്പെടുത്തല്‍ നിര്‍ബന്ധമാണ്. അതുകൊണ്ടാണ് കഴുത്തിലെ വള്ളിയില്‍ (lanyard എന്ന് സാങ്കേതികനാമം) ഐഡി കാര്‍ഡുകള്‍ തൂക്കിയിട്ട് നടക്കുന്ന ആളുകളുടെ അശ്ലീലദ്രൃശ്യം എപ്പോഴും കണ്ണില്‍പ്പെടുന്നത്. ഇതിനെ നിങ്ങള്‍ കണ്‍.വീനിയന്‍സ് എന്ന് വിളിക്കുമായിരിക്കും. എന്നാല്‍ എനിയ്ക്കിത് ഭയം നിറഞ്ഞ ഓക്കാനമുണ്ടാക്കുന്നു. കണ്‍.വീനിയന്‍സിന്റെ ആട്ടിന്തോലിട്ടാണ് ഇങ്ങനെ പലതും വരുന്നത്.
ഐഡി ചോദിയ്ക്കുന്നതില്‍ ഒരു ഭീഷണിയുടെ സ്വരമുണ്ട്. ശരിയായിരിക്കാം, നമ്മളെല്ലാം കൂടി ഈ ലോകത്തെ ഇങ്ങനെയാക്കിയതാവാം. പക്ഷേ കോട്ടയം സമ്മേളനത്തിന് നമ്മുടെ വലിയ സഖാക്കള്‍ എന്തിനാണ് വള്ളി കഴുത്തിലിട്ടത്? ഊഹിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല. കാര്‍ഡ് പോക്കറ്റിലിട്ടാല്‍പ്പോരായിരുന്നോ?
കമലഹാസന്‍ എന്ന പേര് കമാല്‍ ഹസ്സന്‍ എന്നു വായിച്ച് ഹിന്ദുവായി വേഷം മാറിപ്പോകുന്ന മുസ്ലീം ഭീകരനാണെന്നു കരുതി അമേരിക്കയിലെ എയര്‍പോര്‍ട്ടില്‍ അദ്ദേഹത്തെ തടഞ്ഞുവെച്ച ആപ്പീസര്‍മാര്‍ക്കായിരുന്നോ കോട്ടയത്തെ സെക്യൂരിറ്റി ചുമതല?
ഗോവണിയിറങ്ങുന്ന വീയെസ്സിന്റെ കഴുത്തില്‍ മാത്രമല്ല വള്ളി, മറ്റൊരു ഫോട്ടോയില്‍ സഖാക്കള്‍ എസ്സാര്‍പ്പിയ്ക്കും കാരാട്ടിനുമുണ്ട് ആ കൊരലാരം.
ഈ പോക്ക് നമ്മളെ എവിടെ എത്തിക്കും?
വോട്ടെടുപ്പ് ഫലം:
സഖാക്കള്‍ ഐഡി കഴുത്തില്‍ തൂക്കിയതില്‍ തെറ്റുണ്ടോ?
ഇല്ല [36.4%]
ഉണ്ട് [18.2%]
ഒരു ഐഡിയില്‍ എന്തിരിക്കുന്നു? [45.5%]
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്