12 May 2008
അച്ചടി മാഗസിനുകളേ, ഇ-തിലേ ഇ-തിലേ...മനോരമയുടെ രാഷ്ട്രീയത്തോട് കടുത്ത എതിര്‍പ്പുണ്ടെങ്കിലും ന്യൂയോര്‍ക്ക് ടൈംസിനും വാഷിംഗ്ടണ്‍ പോസ്റ്റിനും പിന്നാലെ ലോകമെമ്പാടുമുള്ള ഓണ്‍ലൈന്‍ പത്രങ്ങളില്‍ [അതോ പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷനുകളിലോ?] മനോരമ ഓണ്‍ലൈന് മൂന്നാം സ്ഥാനമാണുള്ളതെന്നു കേട്ടപ്പോളുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ വിഷമം [പണ്ണിയത് ഉദ്ദേശിച്ചു തന്നെ].
ഇത് സാധ്യമായതിന് പിന്നില്‍ മനോരമയുടെ പ്രൊഫഷണലിസത്തോടൊപ്പം പ്രൊഫഷണല്‍ ഗതികേടു മൂലമുള്ള മറുനാടന്‍ മലയാളികളുടെ ബാഹുല്യവുമുണ്ട്. ഒപ്പം മലയാള്‍-ഇ എന്ന് പിരിച്ചെഴുതേണ്ടും വിധം പുരോഗമിച്ചിരിക്കുന്ന നമ്മുടെ ഇ-സാക്ഷരതയും. ക്രെഡിറ്റ് കാര്‍ഡ് വഴി പണം വാങ്ങി ഇ-വായന ഓസിയല്ലാതാക്കിയാലും ടോപ് ടെന്നിന്റെ ഉന്നതങ്ങളില്‍ത്തന്നെ മനോരമ വിലസുമെന്നുറപ്പ്. വാര്‍ത്തയോടുള്ള ആക്രാന്തം മലയാളിയെ സംബന്ധിച്ചിടത്തോളം രോഗാതുരം. അതേസമയം നമ്മുടെ പ്രസിദ്ധമായ വാരികകളും മാസികകളുമൊന്നും ഓണ്‍ലൈനില്‍ ലഭ്യമല്ലായിരുന്നു. തലക്കെട്ടുകളും ആദ്യപാരഗ്രാഫുകളും ഓണ്‍ലൈനില്‍ കാണിച്ചു കൊതിപ്പിച്ച്, അച്ചടിച്ച കുത്തിക്കെട്ട് സാധനം വാങ്ങിപ്പിക്കാനുള്ള ശ്രമമാണ് മനോരമ ഗ്രൂപ്പടക്കം ഇപ്പോളും നടത്തിക്കൊണ്ടിരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ് വഴി വിദേശമലയാളികള്‍ക്കും വരിക്കാരാവാം. എന്നാല്‍ പോസ്റ്റോ കൊറിയറോ വഴി സാധനം വരും വരെ കാത്തിരിക്കണം.ഇ-ക്കാലത്ത് അതിനാരെക്കിട്ടും? ഇ-താദ്യമായിപ്പോള്‍ മാറ്റിമറിച്ചിരിക്കുന്നത് കലാകൌമുദിയാണെന്നു തോന്നുന്നു. കലാകൌമുദി എന്നു കേട്ടാല്‍ ബ്ലോഗിംഗ് ചെയ്യുന്ന പലരും വാളെടുക്കുമെന്നറിയാം. എന്നാലും കലാകൌമുദി കാത്തുനിന്ന പ്രീഡിഗ്രിക്കാല ബുധനാഴ്ചകളെ, വന്ന വഴികളെ, ഇളവെയിലേറ്റിരുന്ന മാമ്പൂഞ്ചില്ലകളെ, എങ്ങനെ നീ മറക്കും കുയിലേ? സാഹിത്യവാരഫലം, എം. പി. നാരായണപിള്ളയുടെ തട്ടുപൊളിപ്പന്‍ ലേഖനങ്ങള്‍ ["വിപ്ലവമിപ്പോള്‍ വരുന്നത് തോക്കിന്‍ കുഴലിലൂടെയല്ല, എം. പി. നാരായണപിള്ളയുടെ വാണക്കുറ്റികളിലൂടെയാണ്" എന്ന് ലാബെല്ലാ രാജന്‍ അക്കാലത്തെ ഒരു കവിതയില്‍], ജയചന്ദ്രന്‍ നായരുടെ തറഞ്ഞുകേറുന്ന എഡിറ്റോറിയലുകള്‍, നമ്പൂതിരിയുടെ പെണ്ണുങ്ങള്‍, രണ്ടാമൂഴം [അതിന് വിശേഷമായി ഉപയോഗിച്ചിരുന്ന ടൈപ്പ്ഫെയ്സ്], ബാലചന്ദ്രന്റെ ഗസല്‍ [അതിന് 200 രൂപയാണ് പ്രതിഫലം കൊടുത്തതെന്നു കേട്ടപ്പോള്‍ ജയചന്ദ്രന്‍ നായരോട് തോന്നിയ ദേഷ്യം], [തിളങ്ങുന്ന ഗദ്യം മാത്രമെഴുതിയ മലയാറ്റൂരിന്റെ] ബ്രിഗേഡിയര്‍ കഥകള്‍, യു. എ. ഖാദറിന്റെ തൃക്കോട്ടൂര്‍ കഥകള്‍, ഇ. എം. അഷ്രഫിന്റേയും സുന്ദറിന്റെയും സദാശിവന്റെയും ഫീച്ചറുകള്‍ [അതിലൊന്നിനെപ്പറ്റി ഈയിടെ വെള്ളെഴുത്ത് എഴുതി. ഓസ്ട്രേലിയയില്‍ നിന്ന് നാട്ടില്‍ വന്നപ്പോള്‍ ആരോ പറഞ്ഞുകേട്ടിട്ടാവണം ഈ ബ്ലോഗ് കണ്ട് സുന്ദര്‍ കമന്റിട്ടിരുന്നു. അങ്ങനെ ഒബ്രിയുടെ ആത്മകഥാപരിഭാഷ വായിച്ച കാലത്തെ പരിചയം പുതുങ്ങി], ഒരു ഓണപ്പതിപ്പില്‍ വായിച്ച, ഒറ്റവായനയില്‍ മനപ്പാഠമായ, സുഗതകുമാരിയുടെ അനുരാഗികള്‍ക്കായ്, അയ്മനം ജോണിന്റെ ഓറിയോണ്‍, കള്ളിക്കാട് രാമചന്ദ്രന്‍, ഈ. വി. ശ്രീധരന്‍... കലാകൌമുദി ഒരു കാലത്ത് വിഷ്ഫുള്‍ തിങ്കിംഗിന്റെ ആവിഷ്കാരമായിരുന്നു. പേജ് ഹെഡ്ഡറുകളായി വാക്കുകള്‍ക്ക് പകരം ഉപയോഗിച്ചിരുന്ന ഗ്രാഫിക് ഐക്കണുകളാണ് [കവിതയ്ക്ക് പീലി, നോവലിന് പിറ...] കണ്ണുകളുടെ ഓര്‍മയില്‍. മനുഷ്യനെപ്പോലെ തന്നെയാണ് മനുഷ്യസൃഷ്ടികളും. കയറ്റിറക്കങ്ങള്‍ സ്വാഭാവികം. ജയചന്ദ്രന്‍ നായരും നമ്പൂതിരിയും വാരഫലവും ഒറ്റയടിക്ക് പോയപ്പോള്‍ കലാകൌമുദി ക്ഷീണിച്ചെന്നതു നേര്. എന്നാല്‍ ലന്തന്‍ ബത്തേരി വന്നത് ജയചന്ദ്രന്‍ നായര്‍ എഡിറ്ററല്ലാത്ത സമീപകാല കലാകൌമുദിയിലല്ലേ? ഇപ്പോളുമുണ്ട് മിസ്സാക്കാന്‍ പാടില്ലാത്ത പലതും. ഉദാഹരണത്തിന് ഇപ്പോള്‍ പ്രസിദ്ധീകരിക്കപ്പെടുന്ന ടോംസിന്റെ ആത്മകഥ. ടോംസിന്റെ വരയും യേശുദാസിന്റെ സിനിമാപ്പാട്ടുമെല്ലാമാണ് ഒരുപാട് തലമുറകളില്‍പ്പെട്ട മലയാളികളുടെ അസ്ഥിയിലെ കാത്സിയം [‘അസ്തിയിലെ’ എന്നും വായിക്കാം]. അതുകൊണ്ട് ഹരികുമാറും മറ്റും കാരണമായ കൊസ്രാക്കൊള്ളികളോട് ഞാനങ്ങ് ക്ഷമിച്ചു. കലാകൌമുദി വാരിക ഇപ്പോള്‍ മുഴുവനായും നെറ്റില്‍ വായിക്കാം. ഒരു വര്‍ഷത്തെ ഇ-വരിസംഖ്യ 1050 രൂപ മാത്രം. സംഗതി ഏത് ക്രെഡിറ്റ് കാര്‍ഡ് വഴിയും കൊടുക്കാം. [ദുബായില്‍ ഒരു കലാകൌമുദിയുടെ വില നാലര ദീര്‍ഹനിശ്വാസമാണെന്നിരിക്കെ ഒരു കൊല്ലത്തെ 52 ഇഷ്യൂസിന് 234 ദിര്‍ഹം വരും. ഏതാണ്ട് 2340 രൂപാ. കാടു വെട്ടി ഉണ്ടാക്കുന്ന കടലാസ് വേസ്റ്റാക്കുന്നില്ലെന്ന പച്ച നിറമുള്ള ന്യായവും കണക്കിലെടുക്കുമ്പോള്‍ എല്ലാം കൊണ്ടും സന്തോഷം [പഴയ വീക്കിലികള്‍ ഇങ്ങനെ കൂട്ടിവെച്ചാല്‍ ഞാനതെല്ലാമിടുത്ത് തീയിടും എന്നാക്രോശിക്കുന്ന ഭാര്യമാരുള്ളവര്‍ക്ക് E-രട്ടിമധുരം]. കലാകൌമുദി മാത്രമല്ല സഹോദരങ്ങളായ വെള്ളിനക്ഷത്രം [മനോരമ വീക്കിലിയുടെ പൈങ്കിളി ഫോര്‍മുല തിരുത്തിക്കുറിച്ച് മനോരമയെക്കൊണ്ട്പോലും അനുകരിപ്പിച്ച മംഗളവും ബാലരമയുടെ ഫോര്‍മുല തിരുത്തിക്കുറിച്ച് ബാലരമയെക്കൊണ്ട് പോലും അനുകരിപ്പിച്ച പൂമ്പാറ്റയുമ്പോലെ നാനയില്‍ നിന്ന് ബാര്‍ബര്‍ഷാപ്പ്-ഡെന്റല്‍ ക്ലിനിക്ക് സിനിമാജേര്‍ണലിസത്തെ അവിടെത്തന്നെക്കിടത്തി തിരുത്തിയെഴുതിയ നക്ഷത്രം], ക്രൈമിന്റെ അനുകരണമായ ഫയര്‍, വനിതകള്‍ക്കുള്ള സ്നേഹിത, ജ്യോതിഷബാധിതര്‍ക്കുള്ള മുഹൂര്‍ത്തം [ഒരമ്പലം കത്തിയാല്‍ അത്രയും അന്ധവിശ്വാസം നശിച്ചു എന്നു പറഞ്ഞ സി. കേശവന്റെ പാരമ്പര്യം മറന്നേക്കുക], ആയുരാരോഗ്യം [മാത്തുക്കുട്ടിച്ചായന്റെയും വീരേന്ദ്രച്ചായന്റെയും സമാന ടൈറ്റിലുകള്‍ ഓര്‍ക്കുമ്പോള്‍ ഈ ആ ടൈറ്റിലിന് ഒരുമ്മ.]... എല്ലാം ഒറ്റയ്ക്കോ കൂട്ടായോ ഇങ്ങനെ സ്ക്രീനില്‍ ലഭ്യമാക്കാം. സമകാലിക മലയാളം വാരികയുടെ ചില പേജുകള്‍ ഇ-ങ്ങനെ പണം കൊടുക്കാതെ തന്നെ വായിക്കാന്‍ കിട്ടുന്നുണ്ട്. എന്നാല്‍ ഒരു മലയാളം മാഗസിന്‍ മുഴുവന്‍ ഇങ്ങനെ കിട്ടുന്നത് ഇതാദ്യമാണെന്ന് തോന്നുന്നു. ഇത് യൂണികോഡ് ആണോ സാങ്കേതികമികവുണ്ടോ എന്നെല്ലാം വിവരമുള്ളവര്‍ പറയട്ടെ. മനോരമ, മാതൃഭൂമി, മംഗളം, മാധ്യമം വീക്കിലികള്‍, പച്ചക്കുതിര, വനിത, ഗൃഹലക്ഷ്മി, മഹിളാരത്നം, കന്യക, കേരളശബ്ദം, നാന, സിനിമാ ദീപിക, ഭാഷാപോഷിണി, ബാലരമ, ബാലഭൂമി... കൂട്ടരേ, ഇ-തിലേ ഇതിലേ... |
11 May 2008
മേഘങ്ങളിലും ബ്രാന്ഡിംഗ്അണ്ടിപ്പിള്ളിക്കാവ് വീനസില്‍ സിനിമമാറുമ്പോള്‍ ‘തെയ്യനം തെയ്യനം തെയ്യനം’ എന്ന ചെണ്ടകൊട്ടിന്റെ അകമ്പടിയോടെ, സിനിമയുടെ പോസ്റ്ററൊട്ടിച്ച ഒരു ബോര്‍ഡും തലയില്‍ വെച്ച് നാട് ചുറ്റിയിരുന്ന പബ്ലിസിറ്റിയാണ് ആദ്യം കണ്ട രസികന്‍ മീഡീയം. [വിജയശ്രീ മരിച്ചപ്പോള്‍ പൂര്‍ത്തിയാകാതെ കിടന്ന രണ്ട് സിനിമകള്‍ ഒട്ടിച്ചുണ്ടാക്കിയ യൌവ്വനം വണ്ടിക്കാരിയുടെ പോസ്റ്ററാണ് ആദ്യം കണ്ട A പോസ്റ്റര്‍.] ഇപ്പോള്‍ സിനിമയിലെ നായകന്‍ കുടിക്കുന്ന ശീതളപാനീയത്തിന്റെ ബ്രാന്‍ഡ് ഒരു നിശ്ചിതബ്രാന്‍ഡായത് യാദൃശ്ചികമല്ലെന്നും അതിന്റെ പിന്നില്‍ ലക്ഷങ്ങളുടെ കളിയുണ്ടെന്നും നമുക്കറിയാം. ദുബായില്‍ വാങ്ങാന്‍ കിട്ടുന്ന കോഴിമുട്ടകളിന്മേല്‍ അവയുടെ എക്സ്പയറി ഡേറ്റ് പ്രിന്റു ചെയ്തിട്ടുണ്ടാകുമെന്ന് കേട്ടത്, അത് കാണും വരെ വിശ്വസിച്ചിട്ടില്ല. ഓര്‍ക്കാന്‍ ഇങ്ങനെ പല രസങ്ങളുമുണ്ട്: മുള്ളൂര്‍ക്കരയിലെ റബ്ബര്‍ത്തോട്ടത്തില്‍ മരുന്നടിക്കാനുപയോഗിക്കുന്ന ഒരു ചെറുവിമാനത്തില്‍ ഒരു തൃശൂര്‍പ്പൂരത്തിന് നോട്ടീസ് വിതറിയത്; ഇരുന്നൂറ് വര്‍ഷമെങ്കിലും മുമ്പ് പുഷ്കിന്‍ എഴുതിയ ഒരു കവിതയില്‍ കടന്നുകൂടിയ ഒരു സ്വിസ് വാച്ച് ബ്രാന്‍ഡിന്റെ 2006-ലെ പരസ്യത്തില്‍ ആ കമ്പനിക്കാര്‍ പുഷ്കിനെ ഉപയോഗിച്ചത്; ദുബായില്‍ റണ്‍-വേയില്‍ പരസ്യം വന്നത്; വിമാനം ഒരു ബാനറും കെട്ടി വലിച്ച് രാവിലത്തെയും വൈകുന്നേരത്തേയും ദുബായ്-ഷാര്‍ജാ ട്രാഫിക് ജാം എന്ന വമ്പന്‍ മാധ്യമത്തിനരികിലൂടെ താഴ്ന്ന് പറന്നത്; ഇവിടത്തെ ചില പത്രമാസികളേക്കാള്‍ പരസ്യക്കൂലി ഈടാക്കുന്നത് ഗര്‍ഹൂദ് ബ്രിഡ്ജ് എന്ന മാധ്യമാണെന്നറിഞ്ഞത്; പഴയ ഒരു മലയാളം സിനിമയില്‍പ്പോലും കല്പകാ ബസാറിന്റെ കലണ്ടര്‍ മറിച്ച് കെ. ആര്‍. വിജയ സമയം കളഞ്ഞത്... ഗള്‍ഫില്‍ ജീവിക്കുന്നവര്‍ക്ക് കൃത്രിമമഴ വാര്‍ത്തയല്ല. മിക്കവാറും എല്ലാ വര്‍ഷവും യുഎഇയ്ക്കു മേലുള്ള മേഘങ്ങളില്‍ ചെറുവിമാനങ്ങളില്‍ച്ചെന്ന് മഴവിത്തുകള്‍ [ചിലയിനം ലവണങ്ങള്‍] വിതച്ച് മഴ പെയ്യിക്കുന്ന പരിപാടി ഈയാഴ്ചയും നടന്നു. എന്നാല്‍ അമേരിക്കയില്‍ നിന്നുള്ള ഒരു വാര്‍ത്ത അഡ്വെര്‍ടൈസിംഗിലൂടെ അരി മേടിക്കുന്ന എന്റെയും കണ്ണു തള്ളിച്ചു. ഫ്രാന്‍സിസ്കോ ഗൂറെ എന്ന മുന്മാന്ത്രികന്‍ വികസിപ്പിച്ചെടുത്തിരിക്കുന്ന ഒരു മെഷീനാണ് താരം. ഇതുപയോഗിച്ച് വിവിധ ആകൃതികളിലുള്ള മേഘത്തുണ്ടുകള്‍ ഉണ്ടാക്കാം. വായുവും കുറച്ച് ഹീലിയവും നിറച്ചുണ്ടാക്കുന്നാ വലിയ കുമിളകള്‍ തന്നെ ഇത്. സ്നോമാസ്റ്റേഴ്സ് എന്ന കമ്പനി നടത്തുന്ന ഗൂറെ പറയുന്നത് നൈക്കിയുടെ കൊള്ളിയാനും മക്ഡൊണാള്‍ഡിന്റെ മഞ്ഞ ‘ന’യും ഇതുപോലെ ഉണ്ടാക്കി വിടാമെന്നാണ്. എന്നല്ല അടുത്ത മാസം തന്നെ മിക്കി മൌസിന്റെ തലയുടെ ഷേപ്പുള്ള ‘ഫ്ലോഗോസ്’ ഫ്ലോറിഡയിലെ ഒര്‍ലാന്‍ഡോയിലുള്ള വാള്‍ട്ട് ഡിസ്നി വേള്‍ഡിനു മുകളില്‍ ഒഴുകിനടക്കുമെന്നും ഉറപ്പായിക്കഴിഞ്ഞു. 6 കിലോ മീറ്റര്‍ വരെ ഉയരത്തില്‍ 48 കിലോമീറ്ററോളം സഞ്ചരിക്കാന്‍ ഈ ബ്രാന്‍ഡഡ് മേഘങ്ങള്‍ക്ക് സാധിക്കും. ഒരു മേഘം ഉണ്ടാക്കാന്‍ വേണ്ട നേരം 15 സെക്കന്റ്. ഇനി ഇത് വെറുമൊരു കൌതുകവാര്‍ത്തയാണെന്ന് വിചാരിച്ചെങ്കില്‍ തെറ്റി - ഓസ്ട്രേലിയ, സിംഗപ്പൂര്‍, മെക്സിക്കോ, ജര്‍മനി എന്നിവിടങ്ങളില്‍ കമ്പനിക്ക് വിതരണക്കാരായിക്കഴിഞ്ഞു. ഒരു ദിവസം 3500 ഡോളറാണ് ഈ മേഘപമ്പിന്റെ വാടക. മേഘങ്ങളേ കീഴടങ്ങുവിന്‍ എന്ന് നമ്മുടെ കവി പാടിയത് അറം പറ്റി. |
10 May 2008
മരിക്കുന്നതിന് മുമ്പ് വായിക്കേണ്ട 1001 പുസ്തകങ്ങള്‍
അധികം വായിക്കുന്തോറും ബുദ്ധി കുറയും എന്നെഴുതിക്കൊണ്ടാണ് എം. കൃഷ്ണന്‍ നായര്‍ ഒരു സാഹിത്യ വാരഫലം അവസാനിപ്പിച്ചത്. അങ്ങേരുടെ കാര്യത്തില്‍ അത് തീര്‍ത്തും ശരിയായിരുന്നു. അതു കൊണ്ടല്ലേ ഒന്നാന്തരം കവിയായിരുന്ന വൈലോപ്പിള്ളിയെ അങ്ങേര്‍ക്ക് കണ്ണില്‍പ്പിടിയ്ക്കാതിരുന്നത്? എനിക്കറിയാവുന്ന മറ്റ് രണ്ട് വമ്പന്‍ വായനക്കാര്‍ - അവരുടേയും ബുദ്ധി കുറഞ്ഞു വന്നു കൊണ്ടിരുന്നതായാണ് അനുഭവം. രണ്ടുപേരും എഴുതിയിട്ടുള്ള ഒരു വാചകം പോലും വായിക്കാന്‍ കൊള്ളില്ലായിരുന്നു. ഇത് ശാസ്ത്രീയമാകാന്‍ കാര്യമുണ്ട്. ബുദ്ധിയും ബുദ്ധിയുടെ പ്രകാശനവും ചിന്തയുമായും ബന്ധപ്പെട്ടിരിക്കുന്നു. മറ്റുള്ളവന്റെ എഴുത്തുകള്‍ മാത്രം ഫുള്‍ടൈം വായിച്ചുകൊണ്ടിരിക്കുന്നവന് എവിടെ സ്വന്തമായി ചിന്തിക്കാന്‍ നേരം?
വായന ചില പെഡാന്റിക്കുകള്‍ക്ക് രോഗമായിത്തീരുന്നു. ഓരോ സാഹിത്യവാരഫലവും വായിച്ച് അതിലെ പാശ്ചാത്യപ്പുസ്തകപ്പേരുകളുടെ ലിസ്റ്റുണ്ടാക്കി തൃശ്രൂര്‍ കറന്റ് ബുക്സിലേയ്ക്ക് ആഴ്ച തോറും വണ്ടി കയറിയിരുന്ന ഒരു ബന്ധുവുണ്ട്. അവര്‍ വാങ്ങി മുഴുവന്‍ തേങ്ങ പോലെ കൊണ്ടു നടന്നിരുന്ന George Perec-ന്റെ ലൈഫ് എ യൂസേഴ്സ് മാനുവലിനെപ്പറ്റിയുള്ള പി. കെ. രാജശേഖരന്റെ ലേഖനം കഴിഞ്ഞയാഴ്ചത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കണ്ടിരുന്നു. ഇത്രയുമൊക്കെ മുന്നറിയിപ്പ് തന്നിട്ടാണ് മരിക്കുന്നതിന് മുമ്പ് വായിക്കേണ്ട ആയിരത്തൊന്ന് കിത്താബുകളുടെ ലിസ്റ്റ് ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത്. നാളെ പറഞ്ഞില്ലെന്ന് പറയരുതല്ലൊ. ലിസ്റ്റുകളെ എന്നും എനിക്കിഷ്ടമായിരുന്നു. അതുകൊണ്ടാണ് പോപ്പുലര്‍ നോവലിസ്റ്റ് ഇര്‍വിങ് വാലസ് സഹരചന നടത്തിയ ബുക്ക് ഓഫ് ലിസ്റ്റ്സ് എന്ന പുസ്തകം വാങ്ങി ഫിലോസഫി മാത്രം വായിക്കുന്ന ഒരു പ്രൊഫസര്‍ക്ക് സമ്മാനിച്ച് അങ്ങേരുടെ തെറി കേട്ടത്. ഇതൊരു പാശ്ചാത്യലിസ്റ്റാണ്. പാശ്ചാത്യമായ എല്ലാ ലിസ്റ്റുകളെയും പോലെ ഒരു ഒറ്റക്കണ്ണന്‍ ലിസ്റ്റ്. ഗാന്ധിജിക്ക് സമാധാനത്തിനും കസാന്ദ്സാകിസിനും ടോള്‍സ്റ്റോയ്ക്കും ഇതുവരെ കുന്ദേരയ്ക്കും എഴുത്തിനും കൊടുക്കാതെ കിസിംഗര്‍ക്ക് സമാധാനത്തിനും ഗോള്‍ഡിംഗിന് എഴുത്തിനും കൊടുത്തിട്ടുള്ള വെടിമരുന്ന് മണക്കുന്ന സമ്മാനം പോലൊരു ലിസ്റ്റ്. അതുകൊണ്ട് ധാരാളം ഇന്ദുപ്പ് ചേര്‍ത്ത് മാത്രം ഇതാസ്വദിക്കുക. ലോകം കണ്ട എക്കാലത്തെയും മികച്ച എഴുത്തുകാരന്‍ രത്നാകരന്‍ aka വാത്മീകിയാണെന്ന് എവിടെയോ വായിച്ചതോര്‍ക്കുന്നു. ആദികവിയെ അതിശയിക്കാന്‍ പിന്നാലെ എഴുതിയവര്‍ക്കാര്‍ക്കും കഴിയാതിരുന്നത് അവരെല്ലാം മുന്‍പ് ആരെങ്കിലും എഴുതിയതെന്തെങ്കിലും വായിച്ചതുകൊണ്ടായിരിക്കാമെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. എങ്കിലും ഈ ലിസ്റ്റ് പങ്കുവെയ്ക്കാനുള്ള മോഹം അടക്കാന്‍ വയ്യ. എന്തൊക്കെയായാലും ഇതൊരു ലിസ്റ്റാണല്ലൊ എന്ന് സമാധാനിച്ച് ‘വായിച്ച് മുരടിയ്ക്കുവിന്‍’ എന്ന ആശംസയോടെ... |
1 Comments:
good work keep it up
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്