30 June 2008
നാവിനിഷ്ടം, പല്ലിന് കഷ്ടം
കഴിഞ്ഞ ഒക്ടോബറില്‍ ഈ ബ്ലോഗിലിട്ട 'ശുക്ലസഞ്ചിയും ഒരു മാര്‍ക്കറ്റ് ഇക്കണോമി' എന്നൊരു പോസ്റ്റില്‍ മൊണോപ്സണിയെ പരിചയപ്പെടുത്തിയിരുന്നു. ഒരു വില്‍പ്പനക്കാരന്‍ മാത്രമുള്ള മാര്‍ക്കറ്റിനെ എന്തുവിളിക്കുമെന്ന് നമുക്കറിയാം - മൊണോപ്പളി [monopoly]. കേരളത്തിലെ ഒരു ഉദാഹരണന്‍ നമ്മുടെ വൈദ്യുതി ബോര്‍ഡ്. അതുപോലെ ഒരു വാങ്ങല്‍കാരന്‍ മാത്രമുള്ള മാര്‍ക്കറ്റുമുണ്ട്. അതാണ് മൊണോപ്സണി [monopsony]. ഒക്ടോബറില്‍ അതിനു ഞാന്‍ ഉദാഹരണം പറഞ്ഞത് കേരളത്തിലെ ഏക കൊക്കോ ബയറായി വിലസിയിരുന്ന കാഡ്ബറീസിനെ. എന്നാല്‍ സ്വിസ് ചോക്കലേറ്റ് കമ്പനിയായ ചോക്ലേറ്റ് സ്റ്റെല്ല എന്ന കമ്പനി കാഡ്ബറീസിന്റെ 'കുത്തക' തകര്‍ക്കുന്നുവെന്ന പത്രവാര്‍ത്ത കണ്ടപ്പോള്‍ ആ ചോക്ലേറ്റിന്റെ കഷ്ണം പങ്കുവെയ്ക്കാതെങ്ങനെ?
തൊടുപുഴ ആസ്ഥാനമായുള്ള കേരള അഗ്രികള്‍ച്ചറല്‍ ഡെവലപ്മെന്റ് സൊസൈറ്റിയാണ് [കാഡ്സ്]സ്റ്റെല്ല്ലയ്ക്കു വേണ്ടി കൊക്കോ സംഭരണം നടത്തുക. കര്‍ഷകരില്‍ നിന്ന് കിലോയ്ക്ക് 26-33 രൂപയ്ക്ക് പച്ചകൊക്കോ വാങ്ങി ഉണക്കി കിലോയ്ക്ക് 105 രൂപയ്ക്കാണ് സ്റ്റെലയ്ക്ക് വില്‍ക്കുക. ഉണങ്ങിയാല്‍ 33% സത്ത് ബാക്കി കിട്ടുന്ന ഇനത്തിനാണ് 105. കൂടുതല്‍ 'റിക്കവറി' ഉള്ളതിന് കൂടുതല്‍ വില കൊടുക്കും. അന്താരാഷ്ട്ര വിപണിയില്‍ കാഡ്ബറീസിന്റെ പ്രധാന എതിരാളിയാണ് പോലും സ്റ്റെല്ല. [പച്ചബീന്‍സിന്, എര്‍ണാളം ഭാഷേപ്പറഞ്ഞാ, കിലോത്തിന് 20-26 രൂപേണ് ഈ കാഡ്ബറീസുകാര് ഇതുവരെ കൊട്ത്തിര്ന്നേച്ചത്. അതുവെച്ച് നോക്കുമ്പ സ്റ്റെല്ലച്ചേടത്തി ചെയ്തത് ജോറ്] ഓഫ് സീസണായ സെപ്തംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലൊഴികെ മാസന്തോറും 23.5 ടണ്‍ കൊക്കോ കൊടുക്കാമെന്നാണ് കരാര്‍. കേരളത്തിലെ കോക്കോ ഉത്പ്പാദനത്തിന്റെ 60%-വും ഇടുക്കിയിലാണെന്നും പത്രദ്വാരത്തിലൂടെ അറിയാന്‍ കഴിഞ്ഞു. [ആ ക്രെഡിറ്റ് വയനാടിനാണെന്നാണ് ഞാന്‍ ധരിച്ചിരുന്നത്] എന്റെ പ്രിയനോവലിസ്റ്റ്, ബ്രസീലുകാരനായ ജോര്‍ജ് അമാദോയുടെ [ഷോര്‍ഷ് അമാദോ?] ഉശിരന്‍ നോവലുകളിലാണ് കൊക്കോ യുദ്ധങ്ങളുടെ ചോരപ്പുഴകള്‍ കണ്ടിട്ടുള്ളത്, വിശേഷിച്ചും വയലന്റ് ലാന്‍ഡ് എന്ന ചെറുനോവലില്‍. അത് പക്ഷേ വന്‍കിട കര്‍ഷകര്‍ തമ്മിലുള്ള യുദ്ധങ്ങളായിരുന്നെങ്കില്‍ ഇത് മള്‍ട്ടിനാഷനല്‍ കൊക്കോ യുദ്ധം. പട്ടി തന്നെ പട്ടിയെ തിന്നുന്ന മാര്‍ക്കറ്റിംഗ് വാര്‍. മള്‍ട്ടിനാഷനല്‍ എന്നാല്‍ കുത്തക എന്ന് മലയാളത്തിലാക്കുന്നവര്‍ കൌടില്യന്‍ പറഞ്ഞ ഈ മുള്ളു കൊണ്ട് മുള്ളെടുക്കല്‍ ഓര്‍ക്കുക. മള്‍ട്ടി നാഷനലെങ്കില്‍ മള്‍ട്ടിനാഷനല്‍, കുത്തക പൊളിയട്ടെ. [എല്ലാ കുത്തകയും മൊണൊപ്പൊളിയല്ല, എല്ലാ മൊണൊപ്സണിയും കുത്തകയല്ല എന്നും ഓര്‍ക്കുക]. ച് ച് ച് ചിക്കന്‍, ച് ച് ച് ചീസ്, ച് ച് ച് ചോക്കലേറ്റ് എന്നെല്ലാം കേട്ടാല്‍ വായില്‍ കപ്പലോടിയ്ക്കുന്ന കുട്ടികളോട് കടങ്കഥയായി ചോദിക്കാനുള്ളതാണ് തലക്കെട്ട്. ശരിയുത്തരം പറയുന്നവര്‍ക്ക് സമ്മാനമായി ചോക്കലേറ്റ് ഒഴിച്ച് എന്തും. |
20 June 2008
കണ്‍സ്ട്രക്ഷന്‍ ബൂ’മറാങ്ങ്’
ഒരു കുഴി കുന്നാക്കുമ്പോളപ്പുറ-
മിരു കുഴിയാകു മതോര്‍ക്കേണം. ഒരു കാന തൂര്‍ത്തൊരു മതിലു കെട്ടുമ്പോള്‍ ഇരു കാനയുണ്ടാക്ക യാണു നമ്മള്‍. Labels: കവിത, തിരിച്ചറിവ്, പരിഹാസം, പുരോഗതി |
15 June 2008
ഭൂമിയില്‍ ഇപ്പോള്‍ മഴ പെയ്യുകയാവും
മനുഷ്യര്‍ ജീവിക്കുന്ന ഭൂമിയില്‍ ഇപ്പോള്‍ മഴ പെയ്യുന്നുണ്ടാവും. അറേബ്യന്‍ ഗ്രഹത്തില്‍ ജീവിതപര്യവേഷണത്തിന് പോയിരിക്കുന്ന ഏതൊരു ഏഷ്യന്‍ ബഹിരാകാശ സഞ്ചാരിയെയും പോലെ എനിക്കും ഇപ്പോള്‍ ആ മഴ മനസ്സുകൊണ്ട് കൊണ്ട് കാല്‍പ്പനി പിടിച്ച് കിടക്കാന്‍ കൊതിയുണ്ട്..
അരുത്, മഴയെപ്പറ്റി ഒരിക്കലും കാല്‍പ്പനികനാകരുത് എന്ന് തീരുമാനിച്ചിട്ടുള്ളതാണ്. പട്ടിണി കിടന്നിട്ടില്ലെങ്കിലും റേഷനരിച്ചോറുണ്ട് വളര്‍ന്ന സവര്‍ണബാല്യത്തില്‍ത്തന്നെ തലച്ചോററിയാതെ എടുത്തിട്ടുള്ളതാണ് ആ തീരുമാനം. [ആ തീരുമാനത്തിന് അന്നനുഭവിച്ചിട്ടുള്ള വ്യാജവും നിര്‍മിതവുമായ മിഡ് ല്‍ ക്ലാസ് സ്നേഹപ്പട്ടിണിയുമായി ബന്ധമൊന്നുമില്ല]. നിങ്ങളുടെ രാഷ്ട്രീയം നിങ്ങളുടെ തലച്ചോറിന്റെ തീരുമാനവുമല്ല. അമ്മയും അച്ഛനും സര്‍ക്കാരുദ്യോഗസ്ഥരായിരുന്നു. അതുപോലെ തന്നെയായിരുന്നു അന്നത്തെ ഭൂരിപക്ഷം സ്കൂള്‍കൂട്ടുകാരുടേയും സ്ഥിതി - മിക്കവാറും എല്ലാവരും മിഡ്ല്‍ ക്ലാസ്. എങ്കിലും ആ 'മിക്കവാറു'മിന് പുറത്ത് ഒരു വലിയ ലോകമുണ്ടെന്ന് അന്നേ അറിഞ്ഞിരുന്നു. ഇടവത്തിലും കര്‍ക്കടകത്തിലും തുലാത്തിലുമെല്ലാം മഴ മുറുകുമ്പോള്‍ തുരുത്തുകളില്‍ നിന്ന് വന്നിരുന്ന കുട്ടികള്‍ ദിവസങ്ങളോളം ആബ്സെന്റായിരിക്കും. ചെറിയ പഴമ്പിള്ളിത്തുരുത്തുകാര്‍ക്ക് കടക്കാനുണ്ടായിരുന്ന ചെറിയ കടത്തില്‍പ്പോലും വഞ്ചി ഇറക്കാന്‍ പറ്റാത്ത അവസ്ഥയാണെങ്കില്‍ വലിയ പഴമ്പിള്ളിത്തുരുത്തുകാരുടെ കാര്യം പറയാനുണ്ടോ? പാലിയം കടവ് എന്നറിയപ്പെടുന്ന ചെറിയ പഴമ്പിള്ളിത്തുരുത്തുകാരുടെ കടവിലെ പുഴ, കെട്ടിയവന്റെ വീട്ടിലേയ്ക്ക് പെരിയാറിന് കൂട്ടുപോകുന്ന മെലിഞ്ഞ ഏഴാംക്ലാസുകാരി കസിനാണെങ്കില്‍, വലിയ പഴമ്പിള്ളിത്തുരുത്തിനും കരിപ്പായിക്കടവിനുമിടയില്‍ സാക്ഷാല്‍ പെരിയാറാണ്. ചമ്രവട്ടത്തേയ്ക്ക് കെട്ടിച്ചിരിക്കുന്ന ചേച്ചി, വയസ്സായ വിധവയേപ്പോലെ ഉണങ്ങുന്ന മേടത്തിലും, എത്രയോ കാലം കൂടി കാമഭ്രാന്തനായ കെട്ടിയവനെ കാണാന്‍ പോകുന്ന കാമഭ്രാന്തിയായ കെട്ടിയോളുടെ അപകടകരമായ പുളപ്പിനെ പുറംശാന്തത കൊണ്ട് മറയ്ക്കുന്നവളാണ് പെരിയാര്‍. എങ്കില്‍ ആറാന ചത്ത് ഒഴുകിപ്പോയാല്‍ മാത്രം ആഘോഷിച്ചിരുന്ന തോറാനപ്പെരുന്നാളിന്, തിരുവാതിര ഞാറ്റുവേലയ്ക്ക്, അവളുടെ കണ്ണില്‍ നോക്കാനോ കമന്റടിയ്ക്കാനോ അവള്‍ക്ക് കുറുകെ കടത്തുവഞ്ചി കുത്താനോ ധൈര്യമുള്ള ആണുങ്ങളുണ്ടോ? [കടത്തുവഞ്ചി 'തുഴയുകയോ? ച്ഛായ്, അത് മറ്റേ നിളയിലോ വല്ല പേട്ട കായലിലോ. പൈങ്കിളിപ്പാട്ടുകാരാ, പെരിയാറിനെ വിട്ടുപിടി.] എങ്കിലും തുരുത്തുകാരിലേറെയും ചെത്തുകാരുടെ മക്കളായിരുന്നു. അതുകൊണ്ട് അവരുടെ മഴക്കാല വറുതി ഏതാനും ആബ്സെന്റുകളില്‍ ഒതുങ്ങി. അതായിരുന്നില്ല ദിവസക്കൂലിപ്പണിക്കാരുടെ മക്കളുടെ സ്ഥിതി. കല്‍പ്പണിക്കാരുടെ മക്കള്‍, ആശാരിമാരുടെ മക്കള്‍, വാലമ്മാരുടെ മക്കള്‍ [അരയന്മാര്‍ കടലില്‍ മീന്‍പിടിക്കുന്നവരാണെങ്കില്‍ കായലിലും പുഴയിലും മീന്‍പിടിക്കുന്നവരാണ് വാലന്മാര്‍ എന്നാണ് അന്നും ഇന്നും ധരിച്ചുവെച്ചിരിക്കുന്നത്], ചുമട്ടുകാരുടെ മക്കള്‍, തലച്ചുമടായി സാധനങ്ങള്‍ വിറ്റു നടന്നിരുന്നവരുടെ മക്കള്‍ [ചെറുനാരങ്ങേയ്... എന്ന് ഒരീണത്തില്‍ നീട്ടിവിളിയ്ക്കുന്ന ഹമീദ്, ഡഡ്ഡി നിക്കറ് ഡഡ്ഡി നിക്കറ് എന്ന് നിര്‍ത്താതെ പാടിക്കൊണ്ടുപോകുന്ന പൊക്കം കുറഞ്ഞ ആ തടിയന്‍...], ചെറുകിട പീടികനടത്തിപ്പുകാരുടെ മക്കള്‍, കണ്ണി കിളയ്ക്കല്‍ വേലി കെട്ടല്‍ കൊളം വെട്ടല്‍ പുല്ലു പറിയ്ക്കല്‍ തുടങ്ങിയ പൊറമ്പണികള്‍ ചെയ്യുന്നവരുടെ മക്കള്‍... മഴക്കാലം അവരുടെയെല്ലാം വയറ്റത്തടിയ്ക്കുന്നത് ഓരോ തവണയും കണ്ടു. പിന്നീട് വരുന്ന ഒരു സീസണിനും കരകയറ്റാനാകാത്ത ആഴങ്ങളിലേയ്ക്ക് ഓരോ പേമാരിയും അവരെ കൊണ്ടുപോയി. ['പില്‍ക്കാലം' അവരില്‍ പലരെയും രക്ഷപ്പെടുത്തി. എങ്കിലും ഇറ്റുകഞ്ഞിത്തെളി കിട്ടാതെ വയറ്റിലെച്ചോരഞരമ്പ് പുകഞ്ഞ് അവര്‍ താണ്ടിയ കഷ്ടകാണ്ഠത്തിന്‍ കടുംകറ, ഓറഞ്ചുനീരില്‍ ഹിമക്കട്ട ചാലിച്ച് പകരുന്ന ശീതതീക്ഷ്ണമാം പെഗ്ഗുകള്‍ക്ക് മായ്ക്കാന്‍ കഴിയുമോ? പണക്കാരായാലും 'മുജ്ജന്മജീവിതം' ഏല്‍പ്പിച്ച കോമ്പ്ലക്സുകള്‍ മറ്റുള്ളവര്‍ക്ക് അളന്നും അളക്കാതെയും കൊടുത്ത് അവരില്‍ ചിലരെങ്കിലും ഇരകളായി തുടരുന്നു]. പിന്നീട് എറണാകുളം നഗരവാസിയായപ്പോഴും മഴയോട് കാല്‍പ്പനികത തോന്നിയില്ല. ദിവസക്കൂലിയ്ക്കായി കടലില്‍ പോകുന്നവരോട് ജോഗ്രഫിക്കലായി കൂടുതല്‍ അടുത്തതുകൊണ്ടാവാം, മാര്‍ക്കറ്റിലെ ചുമട്ടുകാരെയും ചെറുകിട കച്ചവടക്കാരെയും ഓട്ടോറിക്ഷ ഓടിയ്ക്കുന്ന അടുത്ത വീട്ടിലെ ചിന്നമ്മച്ചേച്ചിയേയും കണ്ടതുകൊണ്ടാവാം, നനഞ്ഞൊലിയ്ക്കുന്ന ചെറിയ ചേരിക്കുടിലുകള്‍ എറണാകുളത്തും കണ്ടതുകൊണ്ടാകാം [അലക്കിയിട്ട തുണികള്‍ ഉണങ്ങാത്തതുകൊണ്ടല്ല]... മഴക്കാലത്തു മാത്രം മനസ്സ് കമ്മ്യൂണിസ്റ്റായത്. [കറന്റുപോകുമ്പോള്‍ മാത്രം വിയര്‍ക്കുന്നവരെപ്പറ്റി എന്തുപറയാനാണ്? അതുപോലെ മഴക്കാലത്തു മാത്രം, അതും മനസ്സുകൊണ്ട് മാത്രം കമ്മ്യൂണിസ്റ്റാകുന്നവരെപ്പറ്റി എന്തു പറഞ്ഞിട്ടെന്തിനാണ്?] അതുകൊണ്ട് മഴക്കവിതകള്‍ വായിക്കാതെ തള്ളി. എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്ന മഴഫീച്ചറുകള്‍ എന്നും ഓക്കാനമുണ്ടാക്കി. മഴയെ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫര്‍മാരുടെ മിടുക്കിനോട് ഒരു പിണ്ണാക്കും തോന്നിയില്ല. മഴപ്പുസ്തകം കണ്ടപ്പോള്‍ ചുണ്ടു കോട്ടി. ഏങ്കിലും ഭൂമിയില്‍ ഇപ്പോള്‍ മഴക്കാലമായിരിക്കുമെന്നോര്‍ക്കുമ്പോള്‍ മഴയെ ഓര്‍ത്ത് ഇതാദ്യമായി കാല്‍പ്പനികനാകാന്‍ തോന്നുന്നു. അതോ ഉള്ളില്‍ ചാകാതെ കിടന്നിരുന്ന കപട പെറ്റിബൂര്‍ഷ്വാ തലയുയര്‍ത്തുന്നതോ? ദുബായിലെ [ഓര്‍ക്കുന്നു - ദില്ലിയിലേയും] ജൂണ്‍ ജൂലായ്കള്‍ ചുട്ട് പൊരിയുമ്പോളാണ് കേരളം നനയുന്നത് എന്നതായിരിക്കണം ഇപ്പോളത്തെ ഈ ഇടയിളക്കത്തിന്റെ ഒരു കാരണം. മറ്റൊന്ന് നൊമാദിന്റെ ‘ഒരുമിച്ച് നനയുമ്പോഴും തനിയെ’ എന്ന ഉള്ള് തൊടുന്ന കവിതയാണ്. അത് വായിക്കാന്‍ നൊമാദിന്റെ ബ്ലോഗില്‍ ചെല്ലുമ്പോള്‍ അവിടെ ഇടിവെട്ടിപ്പെയ്യുന്ന ഇടവപ്പാതിയേയും കേള്‍ക്കാം. ടെക്നോളജിയുടെ കാലത്തെ കാവ്യസ്വാദനത്തിന്റെ സാധ്യതകള്‍ ആര്‍ക്ക് പ്രവചിക്കാന്‍ കഴിയുമായിരുന്നു? ഒരു ഗിമ്മിക്കായി തോന്നാത്ത വിധവും അത് മാത്രമായി ഡോണ്‍ലോഡ് ചെയ്ത്, വോള്യം കൂട്ടിയിട്ട്, പുതപ്പില്‍ ചുരുണ്ടുകിടക്കാന്‍ തോന്നുംവിധവും ആ മഴ അത്രമേല്‍ സ്വാഭാവികം. [നൊമാദിന്റെ കവിതകള്‍ക്കൊന്നിനും ഇത്തരം താങ്ങുകളുടെ ആവശ്യമില്ലെന്നത് വേറെ കാര്യം]. തീര്‍ന്നില്ല. നൊമാദിന്റെ കവിത, സമാനഭാവങ്ങള്‍ എവിടെയൊക്കെയോ പങ്കുവെയ്ക്കുന്ന ഗണ്‍സ് ആന്‍ഡ് റോസസിന്റെ പ്രസിദ്ധമായ നവംബര്‍ റെയിന്‍ എന്ന കിടിലന്‍ ഗാനത്തെയും ഓര്‍മിപ്പിച്ചു. തൊണ്ണൂറുകളുടെ തുടക്കത്തില്‍, എംടീവി ഇന്ത്യയില്‍ വന്ന കാലത്ത് കണ്ട അതിന്റെ ഗംഭീര വിഡിയോയും മറക്കുവതെങ്ങനെ? ഇതാ ലിങ്ക് - ഒരു കൊല്ലം മുമ്പ് മാത്രം അപ്.ലോഡ് ചെയ്തിരിക്കുന്ന ഈ വിഡിയോ ലിങ്ക് 1.6 കോടി തവണ ആളുകള്‍ കണ്ടുകഴിഞ്ഞു! ലിറിക്സ് ഇവിടെ. എന്തായാലും മഴയുടെ അകാല്‍പ്പനികതയിലേയ്ക്ക് തിരിച്ച് എറിയപ്പെടാതെ വയ്യ. വൃഷണത്തിന് കുത്തിപ്പിടിയ്ക്കുന്ന തമിഴ് ദളിത് കവിതയുമായി അത് ചെയ്യുന്നത് ആതവന്‍ ദീക്ഷണ്യ. [തമിഴ് ദളിത് കവിതകളുടെ ഈ പരിഭാഷാഭാഗം എടുത്തുചേര്‍ക്കുന്നത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ നിന്ന്. പരിഭാഷകര്‍ എന്‍. ഡി. രാജ് കുമാറും എന്റെ പഴയ ചങ്ങാതിമാരിലൊരാള്‍ കൂടിയായ കെ. എന്‍. ഷാജിയും] “താമസിക്കാന്‍ വീടും തിന്നാന്‍ ചോറുമുണ്ടെങ്കില്‍ സൌകര്യമായിരുന്ന് എഴുതാം ഇല്ലേടാ # * @ ? ഒന്നോര്‍ത്തോ - മഴയെപ്പോഴും ജനാലയ്ക്കു പുറത്താണ് നിനക്ക് ഞങ്ങള്‍ക്കത് സ്വന്തം വയറ്റിപ്പിഴപ്പിനു മീതെയും!“-- |
12 June 2008
ബ്ലഡി മേരി
ലോകത്തിലെ ഏറ്റവും പ്രശസ്തയായ കോക്ക്ടെയിലാണ് ബ്ലഡി മേരി. തക്കാളിജ്യൂസും വോഡ്കയുമാണ് ബ്ലഡി മേരിയുടെ മുഖ്യ ഉള്ളടക്കം. ഉള്ളി, കാരറ്റ്, സെലെറി എന്നിവയുടെ കുഴമ്പ്, ബ്രോത്ത്, വോര്‍സെസ്റ്റര്‍ഷെയര്‍ സോസ് തുടങ്ങിയവയാണ് മറ്റ് ഉപദംശങ്ങള്‍.
ക്യാനുകളിലോ കുപ്പികളിലോ ഇവിടെ ദുബായില്‍ വാങ്ങാന്‍ കിട്ടുന്ന പഴച്ചാറുകളില്‍ എനിക്കേറെ പ്രിയപ്പെട്ടത് തക്കാളിച്ചാറായത് അതുകൊണ്ടല്ല, തക്കാളിജ്യൂസിന്റെ നൈസര്‍ഗിക സ്വാദ് ഇഷ്ടപ്പെട്ടതുകൊണ്ടാണ്. പോരാത്തതിന് കിഡ്നിയില്‍ കല്ലില്ലാത്തതും വായില്‍ ഇടയ്ക്കിടെ പുണ്ണ് വരുന്നതും [aphthous ulcer] തക്കാളിജ്യൂസിനെ പ്രിയതരമാക്കാനുള്ള കാരണങ്ങളായി. സൌദി അറേബ്യയില്‍ ഉണ്ടാക്കുന്ന റാണിയാണ് ഇവിടെ ലഭിക്കുന്ന പ്രമുഖ ബ്രാന്‍ഡ്. അധികം ഡിമാന്‍ഡില്ലാത്ത സാധനമായതിനാല്‍ എല്ലാ ഗ്രോസറികളിലും കിട്ടില്ല എന്നൊരു പ്രശ്നമുണ്ട്. ബ്ലഡി മേരിയുടെ ബ്ലഡിനെപ്പറ്റി ഇതെല്ലാമോര്‍ത്തത് ഇന്ന് ഇ-മെയിലായി കിട്ടിയ ഒരു തക്കാളിക്കഥ വായിച്ചിട്ടാണ്. ഇതാ അതിന്റെ പരിഭാഷ: മൈക്രോസോഫ്റ്റിന്റെ ഓഫീസില്‍ ഒരു പ്യൂണിന്റെ ഒഴിവുണ്ടെന്നറിഞ്ഞ് ഒരു ചെറുപ്പക്കാരന്‍ ഇന്റര്‍വ്യൂവിനു ചെന്നു. ഇന്റര്‍വ്യൂ കഴിഞ്ഞപ്പോള്‍ മാനേജര്‍ പറഞ്ഞു: "നിങ്ങളെ അപ്പോയിന്റ് ചെയ്തിരിക്കുന്നു. ജോയിന്‍ ചെയ്യുന്നതിനുമുമ്പ് നിങ്ങള്‍ ഒരു ഫോറം പൂരിപ്പിച്ചു തരണം. ഫോറം നിങ്ങള്‍ക്ക് ഈ-മെയിലായി അയച്ചുതരാം. എന്താണ് നിങ്ങളുടെ ഈ--മെയില്‍ ഐഡി?". ഈ-മെയില്‍ ഐഡിയോ? അയാള്‍ പകച്ചു. അങ്ങനെ ഒരു സാധനത്തെപ്പറ്റി അയാള്‍ കേട്ടിട്ടേ ഇല്ലായിരുന്നു. "എനിക്ക് ഈ-മെയില്‍ ഐഡി ഇല്ല" അയാള്‍ പറഞ്ഞു. "അതിനര്‍ത്ഥം നിങ്ങള്‍ ജീവിച്ചിരിക്കുന്നില്ല എന്നാണ്. ജീവിച്ചിരിക്കാത്ത ആള്‍ക്ക് ജോലി തരാന്‍ വയ്യ", മാനേജര്‍ കൈ കഴുകി. നിരാശനായി പുറത്തിറങ്ങിയ ചെറുപ്പക്കാരന്‍ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. പോക്കറ്റില്‍ ആകെയുള്ളത് ഇരുപത് ഡോളര്‍. ഒടുവില്‍ അയാള്‍ക്കൊരു ബുദ്ധി തോന്നി. മാര്‍ക്കറ്റില്‍ പോയി ആ ഇരുപത് ഡോളര്‍ കൊടുത്ത് അയാളൊരു പെട്ടി തക്കാളി വാങ്ങി. അതും ചുമന്ന് വീടുവീടാന്തരം കയറിയിറങ്ങി നടന്ന് വിറ്റപ്പോള്‍ ഉച്ചയൂണിന് മുമ്പുതന്നെ അയാള്‍ക്ക് 36 ഡോളര്‍ കിട്ടി. ഉച്ചതിരിഞ്ഞും അയാള്‍ അതാവര്‍ത്തിച്ചു. വൈകീട്ട് വീട്ടില്‍ പോകുമ്പോള്‍ അയാളുടെ കയ്യില്‍ 65 ഡോളറുണ്ടായിരുന്നു. അങ്ങനെ അയാളൊരു ബിസിനസ്സുകാരനായി. 5 കൊല്ലം കഴിയുമ്പോളേയ്ക്കും ഒരുപാട് ലോറികളും ഗോഡൌണുകളുമൊക്കെയുള്ള ഒരു വലിയ റീടെയ് ലര്‍ ആയത്രെ അയാള്‍. അപ്പോളാണ് കുടുംബാഗങ്ങള്‍ക്കെല്ലാം ഇന്‍ഷുറന്‍സ് എടുക്കാമെന്ന് അയാള്‍ വിചാരിച്ചത്. ഇന്‍ഷുറന്‍സ് കമ്പനിയുടെ സെയിത്സ്മാന്‍ വന്ന് പോളിസികളെപ്പറ്റി അയാളോട് വിശദീകരിച്ചു. ഒടുക്കം സെയിത്സ്മാന്‍ അയാളോട് അയാളുടെ ഈ-മെയില്‍ ഐഡി ചോദിച്ചു. "ഇല്ല, എനിക്ക് ഈ-മെയില്‍ ഐഡി ഇല്ല" അയാള്‍ മറുപടിച്ചു. ഹെന്ത്, കോടീശ്വരനായ ഒരു ബിസിനസ്സുകാരന് ഈ-മെയില്‍ ഐഡി ഇല്ലെന്നൊ? സെയിത്സ്മാന് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. അയാളയാളുടെ ഡയലോഗ് വിരുത് പുറത്തെടുത്തു: "ഈ-മെയില്‍ ഐഡി ഇല്ലാതെ തന്നെ നിങ്ങള്‍ കോടീശ്വരനായി. അപ്പോള്‍ ഒരു ഈ-മെയില്‍ ഐഡി കൂടി ഉണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നുവെന്ന് സങ്കല്‍പ്പിച്ചു നോക്കൂ". മറുപടി പറയാന്‍ അയാള്‍ക്ക് ഒട്ടും ആലോചിയ്ക്കേണ്ടി വന്നില്ല. "ഓ, സങ്കല്‍പ്പിക്കാനൊന്നുമില്ല. ഒരു ഈ-മെയില്‍ ഐഡി ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ മൈക്രോസോഫ്റ്റിലെ പ്യൂണായേനെ”. ഗുണപാഠം 1: ഇന്റര്‍നെറ്റ് നിങ്ങളുടെ ജീവിതവിജയത്തിലേയ്ക്കുള്ള വഴി തുറക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല. ഗുണപാഠം 2: ഈ-മെയില്‍ ഐഡിയും ഇന്റര്‍നെറ്റ് പ്രാവീണ്യവും ഇല്ലെങ്കിലും അധ്വാനിച്ചാല്‍ നിങ്ങള്‍ക്ക് കോടീശ്വരനാകാം. ഗുണപാഠം 3: ഈ കഥ ഈ-മെയില്‍ വഴിയാണ് നിങ്ങള്‍ക്ക് കിട്ടുന്നതെങ്കില്‍ ഒരു പ്യൂണിനെപ്പോലെ ജീവിച്ചു മരിയ്ക്കാന്‍ നിങ്ങള്‍ക്കുള്ള സാധ്യത വളരെ അധികം. PS: എനിയ്ക്ക് ഇത് തിരിച്ച് ഈ-മെയില്‍ ചെയ്തിട്ട് കാര്യമില്ല. ഞാന്‍ എന്റെ ഈ-മെയില്‍ ഐഡി ക്ലോസ് ചെയ്ത് തക്കാളി വില്‍ക്കാന്‍ പോയിരിക്കുന്നു. 2 Comments:
Links to this post: |
03 June 2008
‘ബോളിവുഡ്’ തുലയട്ടെ
ഇന്നലെ ഒരു കുഞ്ഞ് ഇന്റര്‍വ്യൂ വായിച്ചു - നമ്മുടെ മനോജ് നൈറ്റ് ശ്യാമളന്റെ. ഈ ബ്ലോഗിലെ ഇതിനു മുമ്പത്തെ പോസ്റ്റിന് കിട്ടിയ പരിഹാസ കമന്റുകളുമായി ചേര്‍ത്തുവായിക്കുമ്പോള്‍ ഒരു കോയിന്‍സിഡന്‍സ്. ശ്രീനിവാസനും മനോജും കണ്ണൂക്കാരാണല്ലൊ. ഇതിനു മുമ്പത്തെ പോസ്റ്റിന് ആദ്യം കിട്ടിയ കമന്റ് തന്നെ പരിഹാസമായാണ് ഞാനെടുത്തത്. രണ്ടാമത് പരിഹസിച്ചയാള്‍ പക്ഷേ ആദ്യകമന്റിനെ പ്രശംസയായെടുത്തെന്ന് തോന്നുന്നു. നമ്മുടെ ലക്ഷ്യം ശ്രീനിയോ പ്രിയനോ മനോജ് നെല്ലിയാട്ട് ശ്യാമളനോ പോലുമല്ല, ചുരുങ്ങിയ പക്ഷം ഒരു സ്പില്‍ബെര്‍ഗെങ്കിലും വരട്ടെ ഈ ബ്ലോഗില്‍ നിന്ന് ഇന്‍സ്പയേഡ് ആകാന്‍ എന്നാണ് എന്റെ ഈഗോപാലകൃഷ്ണമേനോന്‍ പറയുന്നത്. അതിനയാള്‍ക്ക് മലയാളമറിയില്ലെങ്കില്‍, ദുബായ് എന്ന സിനിമയില്‍ മമ്മൂട്ടി പറയുമ്പോലെ, “ലെറ്റ് ഹിം ലേണ്‍ മലയാളം”. [ഐ ഡോണ്ട് കെയര്‍ എന്നു പറയുന്നില്ല. അങ്ങനെ വിചാരിക്കുകയോ പറയുകയോ ചെയ്യുമ്പഴാണ് നമ്മ ഏറ്റവും കെയര്‍ ചെയ്യണത് എന്ന് ഇന്നലെ മന:പ്പുസ്തകത്തില്‍ വായിച്ചേയുള്ളു].
പരസ്യവ്യവസായത്തിന്റെ ആധുനിക കുലപതികളിലൊരാളായ ലിയോ ബണെറ്റ് പറയുന്നു: “നക്ഷത്രങ്ങളെ പിടിയ്ക്കാന്‍ ചാടുമ്പോള്‍ നക്ഷത്രം കിട്ടണമെന്ന് നിര്‍ബന്ധമൊന്നുമില്ല. ഏതായാലും കയ്യില്‍ ചെളിയുമായി നമ്മള്‍ തിരിച്ചുവരില്ല” [When we reach for the stars, we may not quite get one. But we may not come up with a handful of mud either]. സ്മാള്‍ ഡ്രീം ഈസ് എ ബിഗ് സിന്‍ എന്നു പറഞ്ഞപ്പോള്‍ ചിന്മയാനന്ദനും അതു തന്നെ ഉദ്ദേശിച്ചത് [സ്മാള്‍ അടിച്ചാലും ജനം കുടിയന്‍ എന്നു വിളിക്കും, ലാര്‍ജ് അടിച്ചാലും കുടിയനെന്നു വിളിക്കും. എന്നാപ്പിന്നെ ലാര്‍ജ് അടിച്ചൂടേ എന്ന് മലയാളം]. അതുകൊണ്ടാണ് സ്പില്‍ബെര്‍ഗിനെത്തന്നെ ഉന്നം വയ്ക്കാമെന്നു വെച്ചത്. ഇന്റര്‍വ്യൂവില്‍ മനോജ് നൈറ്റ് ശ്യാമളനെ ഇന്റര്‍വ്യൂ ചെയ്തയാളുടെ പേരില്ല.[ഇന്ത്യ അബ്രോഡ് ന്യൂസ് സര്‍വീസിന്റെ [IANS] പേരിലാണ് ഇന്റര്‍വ്യൂ പ്രസിദ്ധീകരിച്ചിരിക്കുന്നത്]. ഇന്റര്‍വ്യൂവിലെ പെനള്‍ട്ടിമേറ്റ് ചോദ്യം ഇങ്ങനെ: ഹൊറര്‍ സിനിമകള്‍ കണ്ടാണോ താങ്കള്‍ വളര്‍ന്നത്? ഉത്തരം: ഹൊറര്‍ സിനിമകള്‍ എനിക്കിഷ്ടമാണ്. ഒരു ചോദ്യം കൂടി ചോദിച്ച് അവസാനിപ്പിച്ചാല്‍ ഉപകാരമായിരുന്നു - എന്റെ കുടുംബം എന്നെ കാത്തുനില്‍ക്കുകയാണ്. അങ്ങനെ അവസാനചോദ്യം: ഓകെ. നിങ്ങള്‍ നിങ്ങടെ സിനികളില്‍ തല കാട്ടാറുണ്ടല്ലൊ? സുഭാഷ് ഗായ് ആണോ നിങ്ങളുടെ പ്രചോദനം? ഉത്തരം: നിങ്ങളുടെ ചോദ്യത്തിന്റെ രണ്ടാം ഭാഗത്തിനുള്ള ഉത്തരം ‘അല്ല’ എന്നാണ്, കാരണം അതാരാണെന്ന് എനിക്കറിയില്ല. എനിക്കിഷ്ടം തോന്നുന്ന റോളാണെങ്കില്‍ ഞാനഭിനയിച്ചുവെന്നു വരും, അത്രമാത്രം... ആ അവസാനചോദ്യത്തിന് ഉത്തരം പറഞ്ഞ മനോജിന്റെ naivete എനിക്കിഷ്ടപ്പെട്ടു - സുഭാഷ് ഗായോട് എനിക്കൊരു വിരോധവുമില്ലെങ്കിലും. സുഭാഷ് ഗായ് ആരായാലെന്ത്? ഇന്ത്യന്‍ സിനിമ എന്നാല്‍ ഹിന്ദി സിനിമ എന്ന് മാത്രം വിചാരിച്ചുകൊണ്ട് ചോദ്യങ്ങള്‍ ചോദിക്കാന്‍ പോയാല്‍ ഇങ്ങനെയിരിക്കും. അതോ IANS ചീഫിന്റെ ശത്രുവാണോ സുഭാഷ് ഗായ്? ഇനി ഇതിനൊരു മറുപുറവുമുണ്ട് - ഹിന്ദി സിനിമയെ ബോളിവുഡ് എന്ന് വിളിക്കുന്ന വങ്കത്തം, അടിമത്തം, പാപ്പരത്തം. ഹിന്ദിസിനിമാലോകത്തെ ബുദ്ധിജീവികളായ നാനാ പടേക്കര്‍, മനോജ് വാജ്പൈ തുടങ്ങിയവര്‍ക്ക് മുതല്‍ മഹാകവികളുടെ മക്കളായ ബച്ചനും ഷബാനയ്ക്കും വരെ വെറുപ്പാണത്രെ ഹിന്ദി സിനിമയെ ബോളിവുഡ് എന്ന് വിളിക്കുന്നതിനോട്. പിന്നെ ആര്‍ക്കാണിത് നിര്‍ബന്ധം - മീഡിയക്കോ? അതുപോരാഞ്ഞിപ്പോള്‍ തമിഴ്, മലയാളം, കന്നഡ, തെലുങ്ക് സിനികളേയും വുഡ് ചേര്‍ത്ത പേരുകളിട്ട് വിളിക്കുന്നു. മോളിവുഡ്, കോളിവുഡ്... എന്നതാ ഇത്? ഹോളിവുഡ് പോലെ കോടമ്പാക്കം എന്നൊരു മൊഞ്ചുള്ള പേരുള്ളപ്പോള്‍ വൈ ഈ വൈകൃതം? [ഓഫ്: തുളു ബ്രാഹ്മണരുടെ വകയായുള്ള ഒരടിപൊളി മധുരപലഹാരമാണ് ബോളി. കടലമാവ് നേര്‍പ്പിച്ച് ദോശപോലെ ഉണ്ടാക്കി പഞ്ചസാരപ്പാവില്‍ മുക്കിയെടുത്ത് ഉണ്ടാക്കുന്ന സാധനം. കേരളീയ മലയാളികളുടെ വിശിഷ്ടഭോജ്യമായ പാലട പ്രഥമനോട് ചേര്‍ത്ത് കഴിയ്ക്കാന്‍ അതിവിശേഷം. ബോളി വിജയിക്കട്ടെ. പിന്നെ “എന്റെ കുടുംബം എന്നെ കാത്തുനില്‍ക്കുകയാണ്“ എന്ന വാചകത്തിന്റെ മധുരം. അത് ബോളി-പാലട കോമ്പിനേഷനേയും തോല്‍പ്പിക്കും. പ്രശസ്തിക്കും പത്രവാര്‍ത്തകളില്‍ വരാനും വേണ്ടി വമ്പന്‍ സ്രാവുകള്‍ വരെ കാത്തുകെട്ടിക്കിടക്കുന്ന ഒരു കാലഘട്ടത്തില്‍, മനോജ്, നിങ്ങളും വിജയിക്കട്ടെ.] |
1 Comments:
who ever take coco.. we need mittayi :)
Cool analysis Mr..... Err.. no name of author?
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്