02 November 2008
മ്യാവൂ!പ്ലാസ്റ്റിക്കിനേയും ഹോമോസെക്ഷ്വാലിറ്റിയേയും പ്രകൃതിവിരുദ്ധം എന്നാണ് നിങ്ങൾ വിളിക്കുന്നത്. എനിക്കത് മനസ്സിലാവുന്നില്ല. അത് ഉണ്ടാകുന്ന/ഉണ്ടാക്കപ്പെടുന്ന വഴികൾ എങ്ങനെയുമായിക്കോട്ടെ, പ്രകൃതിയിലുള്ള ഒരു സാധനം പ്രകൃതിവിരുദ്ധമാകുന്നതെങ്ങനെ? അല്ലെങ്കിലും പ്രകൃതി എന്നു പറയുമ്പോൾ സർവം തികഞ്ഞ ഒരു സാധു, എല്ലാവന്റേയും അമ്മൂമ്മ എന്നൊരു ധ്വനി നിങ്ങടെ എല്ലാ പ്രയോഗങ്ങളിലും ഉണ്ട്. പ്രകൃതിചികിത്സയുടെ ആരാധകരെ മുട്ടി നടക്കാൻ വയ്യ. ഗ്രീൻ പീസ് മസാലയുടെ കാര്യം പറയാനുമില്ല. മൂന്നാം ലോകങ്ങളിലെ ഹൈഡൽ പവർ പ്രൊജക്റ്റുകളെ അട്ടിമറിച്ച് അവിടെയെല്ലാം വലിയ ജനറേറ്ററുകൾ ഇറക്കുമതി ചെയ്യിപ്പിക്കാൻ ലക്ഷ്യമിടുന്നതടക്കമുള്ള സ്പോൺസേഡ് പ്രതിരോധങ്ങളുടെ ഒരു തുമ്പ് മാത്രമല്ലെ ഗ്രീൻപീസ്? ആദിവാസികൾക്കും നക്സലൈറ്റുകൾക്കും സഹായം നൽകുന്ന അതിഭീകരമായ അമേരിക്കൻ കോർപ്പറേറ്റ് ട്രോജൻ കുതിരയിസം? ഗ്രീൻപീസിന്റെ കാര്യം അതാണെങ്കിൽ പൊറോട്ട ഒരു നോൺ-ഫുഡാണെന്നാണ് മറ്റൊരു വാദം. പ്ലാസ്റ്റിക്കിനെ പറഞ്ഞ തെറികൾ സമാഹരിച്ചാൽ ഞാൻ ഒരു കൊടുങ്ങല്ലൂർ ഭരണിക്ക് ഒരു തൃശ്രൂർ-കൊടുങ്ങല്ലൂർ കെ. കെ. മേനോനിൽ ഭരണിക്കുപോകുന്ന ഒരു കൂട്ടം ദളിതരുടെ നടുക്കിരുന്ന് വന്ന വരവ് തോറ്റുപോകും. അങ്ങനെ പറയാനാണെങ്കിൽ കുടുംബമാണ് ഏറ്റവും പ്രകൃതിവിരുദ്ധവും ജനാധിപത്യവിരുദ്ധവും സോഷ്യലിസ്റ്റ് വിരുദ്ധവുമായ സാധനം. അതുകൊണ്ട് അതു വിട്ടുപിടി. ഒരഞ്ചാറ് മാസം മുമ്പാണ് പൂച്ചകളുടെ പ്രസവരക്ഷ എന്നൊരു പോസ്റ്റ് എഴുതാൻ ആഞ്ഞത്. എൻസൈക്ലോപീഡിയ നോക്കുമ്പോലെ ദേവനെ വിളിച്ചിരുന്നു. പിന്നെ അത് ഡ്രാഫ്റ്റിൽ കുടുങ്ങി. ഇതിനു തൊട്ടുമുമ്പുള്ള പോസ്റ്റിന് ഒരു അനോനിയിട്ട തട്ടുപൊളിപ്പൻ കമന്റിലെ മാതൃഭാവസ്തുതി വായിച്ചപ്പോൾ ഇത് വീണ്ടും തേട്ടി വന്നു. അതിവിടെ കക്കുന്നു. [കുഞ്ഞുപിള്ളേരുടെ അജീർണശർദ്ദിലിനാണ് ഞങ്ങൾ കക്കൽ എന്നു പറയുന്നത്]. ഏറ്റവും അഗണൈസിംഗ് ആയ വിലാപം കുഞ്ഞിനെ കാണാതായ പൂച്ചയുടേതാണ്. ഒരിയ്ക്കലെങ്കിലും കേട്ടിട്ടുണ്ടോ അത്? കുഞ്ഞിനെ പട്ടിയോ കാടൻപൂച്ചയോ പിടിച്ചതാകാം. അല്ലെങ്കിൽ മൂത്രം, കാഷ്ടം, കരച്ചിൽ തുടങ്ങിയ ശല്യങ്ങൾ കാരണം വീട്ടിലെ ചെക്കൻ എല്ലാ കുഞ്ഞുങ്ങളേം സഞ്ചിയിലാക്കി വായ കെട്ടി സൈക്കിളിൽ കേറ്റി ദൂരെക്കൊണ്ട് കളഞ്ഞതാകും. എന്തായാലും പോയത് പെറ്റ തള്ളയ്ക്ക് പോയി. അയ്യോ, അതറിഞ്ഞാലുള്ള ആ തള്ളയുടെ കരച്ചിൽ കേൾക്കാൻ വയ്യ. ഒരിയ്ക്കലെങ്കിലും കേട്ടിട്ടുണ്ടോ അത്? ഞാൻ ഒരിയ്ക്കലല്ല പല തവണ കേട്ടിട്ടുണ്ട്. പല തവണയും ആ കഥയിലെ ചെക്കൻ ഞാനായിരുന്നു. ചെറുപ്പത്തിൽ കമ്മൂണിസ്റ്റാവത്തവന് ഹൃദയവും വലുതായിട്ടും കമ്മൂണിസ്റ്റായിത്തുടരുന്നവന് തലച്ചോറും ഇല്ലെന്നല്ലേ മഹദ്വചനം? ഞാൻ ചെറുപ്പത്തിൽ കമ്മൂണിസ്റ്റ് വിരുദ്ധനായിരുന്നു. ഇപ്പോൾ അതിനോടൊരു ആഭിമുഖ്യം തോന്നുന്നു. അതെ, ഹൃദയവുമില്ല, തലച്ചോറുമില്ല. അതെ, ഹൃദയമില്ലാതിരുന്നതുകൊണ്ടാണ് പല തവണ പല ബാച്ച് പൂച്ചക്കുഞ്ഞുങ്ങളെ കണ്ടെയ്നർ ലോറികൾ വരുന്ന വഴിവക്കിലടക്കം പലയിടങ്ങളിലായി ഉപേക്ഷിച്ചിട്ടുള്ളത്. സഞ്ചിയുടെ പ്ലാസ്റ്റിക് ഭിത്തി തുളച്ചുവരുന്ന കുഞ്ഞുങ്ങളുടെ വിലാപം മറക്കാം. തിരിച്ചുവന്ന് കുറച്ചു കഴിയുമ്പോൾ കേൾക്കുന്ന തള്ളയുടെ കരച്ചിൽ, വയ്യ. ശരിയാണ് അനോനീ, പ്രിയസഖി ഗംഗേ പറയൂ, പ്രിയമാനസനെവിടേ എന്ന കാമഭ്രാന്ത് ഒരു വിരലുകൊണ്ട് ചിലപ്പോൾ ശമിപ്പിക്കാൻ കഴിഞ്ഞു എന്നു വരും. അതുകൊണ്ട് എന്റെയാചോദ്യം - "പതിനാറാം വയസ്സിൽ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെടണോ എൺപത്തിനാലാം വയസ്സിൽ കന്യകയായി മരിക്കണോ?" അതിനേക്കാൾ പ്രധാനം നിങ്ങളുടെ ചോദ്യം തന്നെ - "പതിനാലാം വയസ്സിൽ ബലാൽത്സഗത്തിലൂടെ അമ്മയാകണോ അതോ എൺപത്തിനാലാം വയസ്സിലും അമ്മയാകാതെ തന്നെ മരിയ്ക്കണോ" എന്ന ചോദ്യം. കരച്ചിലിനേക്കാൾ ആഴത്തിലാണ് പാല് വന്ന് വീർക്കുന്ന മുലകൾ ആഴ്ന്നിറങ്ങി വേദനിപ്പിക്കുന്നത്. മുലപ്പാൽ പിഴിഞ്ഞു കളഞ്ഞ് ജോലിക്കു പോകുന്ന സൗദിയിലെ നഴ്സുമാരെപ്പറ്റി സാദിക് എഴുതിയിരുന്നല്ലൊ. അതിന്റെ മറ്റൊരു വെർഷൻ ഞാനെന്റെ കുടുംബത്തിൽ അനുഭവിച്ചിട്ടുണ്ട്. ഞാൻ ബീയേക്കു ചേർന്ന ആഴ്ചയായിരുന്നു ചേച്ചിയുടെ ആദ്യപ്രസവം. മാസം തികഞ്ഞിരുന്നു. പക്ഷേ നിശ്ചിത തീയതിയുടെ തലേന്ന് പൊക്കിൾക്കൊടി ചുറ്റി ഗർഭപാത്രത്തിൽക്കിടന്ന് കുഞ്ഞ് മരിച്ചു. പിറ്റേന്ന്, ഭാഗ്യം, സിസേറിയൻ വേണ്ടി വന്നില്ല, താനേ പ്രസവിച്ചു. തള്ളയുടെ പുള്ളിനൊപ്പം പുഷ് ചെയ്യാൻ ചാപിള്ളയ്ക്ക് കഴിയാത്തതുകൊണ്ട്, ചാപിള്ളയെ പുറത്തെടുക്കാൻ സിസേറിയൻ സാധാരണമാണെന്ന് ഡോ. റോസലിൻ പേടിപ്പിച്ചിരുന്നു. മഞ്ഞച്ച കുഞ്ഞിനെ ഒരു നോക്ക് കണ്ടത് മറക്കാം. പക്ഷേ മാറത്ത് പാലു വിങ്ങി ചേച്ചി കാണിച്ച പരാക്രമം! ഹൊ. നമുക്ക് മനുഷ്യർക്ക് പക്ഷേ മുല്ലപ്പൂക്കൾ വെച്ചുകെട്ടി വിങ്ങൽ കുറയ്ക്കാം, പാല് വറ്റിയ്ക്കാം. പോരാത്തതിന് അതിനിപ്പോൾ നല്ല ഇംഗ്ലീഷ് മരുന്നുകളും സുലഭമാണ്. പൂച്ചകൾക്ക് എങ്ങനെ മുല്ലപ്പൂ വെച്ചുകെട്ടികൊടുക്കും? മക്കളെ കാണാതാകുമ്പോഴുടൻ അവ പുറപ്പെടുവിക്കുന്ന വന്യവിലാപങ്ങളേക്കാൾ ആഴത്തിൽ മുറിപ്പെടുത്തും പിന്നീടുള്ള ദിവസങ്ങളിൽ പാല് തിങ്ങിയ മാറിടങ്ങളോടെയുള്ള അവയുടെ അസ്വാസ്ഥ്യങ്ങൾ. ചുവന്നും വെളുത്തും വീർത്ത് ഇപ്പോൾ പൊട്ടുമെന്ന് തോന്നിപ്പിച്ച് അവയിൽ ചിലതിന്റെ മുലക്കണ്ണുകൾ നോക്കിയ നോട്ടങ്ങളുടെ ഓർമകൾ ഇപ്പോളും എന്നെ പൊള്ളിക്കുന്നു. എന്നാൽ - അതൊരു വലിയ എന്നാലും തന്നെ - ഇതിനേക്കാളെല്ലാം മുകളിലേയ്ക്ക് മറ്റൊരോർമയുടെ പല്ലുകളാഴുന്നു. പൂച്ച സാധാരണയായി മൂന്നോ നാലോ കുഞ്ഞുങ്ങളെയാണല്ലൊ ഒരു തവണ പ്രസവിയ്ക്കുന്നത്. അങ്ങനെ തീരെ കുഞ്ഞുങ്ങളായിരിക്കെത്തന്നെ കുഞ്ഞുങ്ങളുടെ കുഞ്ചിയ്ക്ക് മുറിയാതെ കടിച്ചു പിടിച്ച് തള്ള അവറ്റെ പല സ്ഥലങ്ങളിൽ കൊണ്ടുപോകുന്ന ഒരു പരിപാടിയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ പൂച്ചപ്രണയിയായ ഞങ്ങളുടെ പാച്ചിയുടെ [അച്ഛന്റെ പെങ്ങൾ പാർവതി, പാർവതിച്ചേച്ചി ലോപിച്ച് പായിച്ചേച്ചിയും പിന്നെയും ലോപിച്ച് പാച്ചിയുമായി] പാച്ചിയുടെ ഭാഷയില്‍പ്പറഞ്ഞാൽ 'ഏഴില്ലം കടത്തൽ'. അതായത് ഏഴ് വീടുകളിലെങ്കിലും, അല്ലെങ്കിൽ ഒരേ വീടിന്റെ ഏഴ് വിദൂര ഇടങ്ങളിലെങ്കിലും, ഇങ്ങനെ മക്കളെയും കൊണ്ട് പൂച്ച പോകുമെന്നാണ് പാച്ചിയുടെ ഭാഷ്യം. പൂച്ചയുടെ മറ്റൊരു സ്വഭാവവിശേഷവും പാച്ചി കുട്ടിക്കാലത്തു തന്നെ പറഞ്ഞുതന്നു. അത് ഞെട്ടിപ്പിക്കുന്നതായിരുന്നു. പെറ്റ് ഒന്നോരണ്ടോ ദിവസത്തിനുള്ളിൽത്തന്നെ തള്ളപ്പൂച്ച തന്റെ തന്നെ ഒന്നോ ചിലപ്പോൾ രണ്ടോ കുഞ്ഞുങ്ങളെ ശാപ്പിടുമെന്ന്. അത് പൂച്ചയുടെ പ്രസവരക്ഷയാണെന്നും പാച്ചി പറഞ്ഞു. പൂച്ച പെറ്റ് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽത്തന്നെ ഒന്നു രണ്ട് പൂച്ചക്കുഞ്ഞുങ്ങളെ കാണാതാകുന്ന സ്ഥിരം പരിപാടിയിലെ വില്ലൻ വല്ല പട്ടിയോ കാടൻപൂച്ചയോ ആണെന്നാണ് ഞാൻ ധരിച്ചിരുന്നത്. എന്തായാലും പാച്ചി പറഞ്ഞത് മുഴുവനായി വിഴുങ്ങാൻ എന്നെ കിട്ടുമായിരുന്നില്ല. കുഞ്ഞിന് വേദനിക്കാത്ത വിധം അതിനെ ഠപ് എന്ന് ഒരൊറ്റവിഴുങ്ങലാണ് തള്ളപ്പൂച്ച നടത്തുന്നത് എന്നുവരെ പറഞ്ഞുകളഞ്ഞു പാച്ചി. അനുഭവം ഗുരു എന്നാണല്ലൊ. വർഷങ്ങൾ കഴിഞ്ഞാണ് ഇക്കാര്യത്തിലെ ഗുരുവിനെ എറണാകുളം ഘരാനയിൽ വെച്ച് കണ്ടുമുട്ടിയത്. വില്ലിംഗ്ഡൺ ഐലണ്ടിൽ ഞങ്ങളന്ന് താമസിച്ചിരുന്ന പോർട്ട് ട്രസ്റ്റ് ക്വാർട്ടേഴ്സിലെ അമ്മയും അച്ഛനും ജോലിക്കു പോയിരിക്കുന്ന ഒരു പകൽ. മഹാരാജാസ് ഈവനിംഗിൽ ബീയേക്കു പഠിക്കുകയാണ് അക്കാലം ഞാൻ. അന്നു രാവിലെ പെറ്റ ഒരു പൂച്ച കട്ടിൻ ചോട്ടിൽ കുട്ടികളോടൊപ്പം കിടക്കുന്നു. സെറ്റിയിലിരിന്ന് വായിക്കുന്ന എനിക്ക് തള്ളേം മക്കളേം കാണാം. പെട്ടെന്നതാ ആ തള്ളപ്പൂച്ച ഒരു കുഞ്ഞിനെ തിന്നാൻ തുടങ്ങുന്നു. ജീവനോടെ, മെല്ലെ മെല്ലെ, കടിച്ചു മുറിച്ച്. തിന്നപ്പെടുമ്പോൾ ആ കുഞ്ഞ് ചെറുതായൊന്ന് ഞരങ്ങിയോ? ഓർമയില്ല. പാച്ചി പറഞ്ഞ ആദ്യപാതി ശരിയായിരിക്കാം. ഇത് പൂച്ചയുടെ പ്രസവരക്ഷയായിരിക്കാം. രണ്ടാം പാതി ശരിയല്ല. വേദനിപ്പിക്കാതെയല്ല, ജീവനോടെ കടിച്ചു മുറിച്ചാണ് തീറ്റ. ബാക്കിയുള്ള കുഞ്ഞുങ്ങളിൽ ഒന്നിനെ കാടൻപൂച്ചയോ പട്ടിയോ പിടിച്ചാലോ വീട്ടിലെ ചെക്കൻ നാടുകടത്തിയാലോ കരഞ്ഞുവിളിക്കുന്ന അമ്മയുടെ വർഗം തന്നെ അതും. എന്റെ ഞെട്ടൽ, പ്രകൃതിയുടെ ക്രൂരതയോർത്തുള്ള അന്നത്തെയാ സംത്രാസം, അതിന്നും വിട്ടിട്ടില്ല. ഇതാദ്യമായി എഴുതാനാഞ്ഞ് ദേവനെ വിളിച്ചപ്പോൾ ദേവൻ പറഞ്ഞത് അത് പ്രസവരക്ഷയല്ലെന്നാണ്. ഒരേ സമയം മൂന്നിലധികം കുഞ്ഞുങ്ങളെ പാലൂട്ടി വളർത്താനുള്ള ആരോഗ്യം പൂച്ചകൾക്കില്ലത്രെ. മറ്റ് സഹോദരങ്ങൾക്കു വേണ്ടി ആ ഒരെണ്ണം ജീവൻ ബലിയർപ്പിക്കുന്നതാണെന്ന് ചുരുക്കം. ഹൊ, എന്നാലും അതൊരു വല്ലാത്ത രീതിയിലുള്ള ബലിയായിപ്പോയി. പെറ്റ തള്ള തന്നെ കൊച്ചിനെ പച്ചയ്ക്ക് തിന്നുന്ന ഏർപ്പാട്. അതിനും ശേഷമാണ് പൂച്ചകളുടെ സെക്സ് ലൈവായി കണ്ടത്. അതും മഹാഭീകരം തന്നെ. ഒരു കാടൻ റേപ്പ്. എല്ലാ ഫെലൈൻ കക്ഷികളും അങ്ങനെ തന്നെ ആണോ ആവോ? ഒരു സിംഹസെക്സിന്റെ സ്റ്റിൽ ഫോട്ടോ കണ്ടപ്പോൾ എല്ലാ മാർജാരന്മാരും അങ്ങനെ തന്നെ അങ്ങനെ തന്നെ എന്ന് പേടിച്ചു പോയി. ആൺപൂച്ച പെണ്ണിന്റെ പുറത്തുകയറിയിരുന്ന് അതിക്രൂരമാം വിധം അതിന്റെ കഴുത്തിൽ മുറുകെ കടിച്ചുപിടിച്ചാണ് സം യോഗം സാധ്യമാക്കുന്നത്. ആ റേപ്പ് പെണ്ണ് എൻ ജോയ് ചെയ്യുന്നുണ്ടോ എന്നു ചോദിച്ചാൽ, ഒരു സാക്ഷിക്ക് പറയാനുണ്ടാവുക അല്ലെന്നായിരിക്കും. വേദനിച്ച് കരഞ്ഞ് രക്ഷപ്പെടാൻ തന്നെയാണ് അതിന്റെ വെപ്രാളം. അത് വിട്ടുപോകാതിരിക്കാൻ തന്നെയാണ് കണ്ടൻപൂച്ച കടിച്ചു പിടിച്ചിരിക്കുന്നതും. അതിനെപ്പറ്റി അക്കാലത്തു കേട്ട ഒരു എക്സ്പ്ലനേഷൻ വിശ്വസിക്കാൻ പറ്റിയിട്ടില്ലിതുവരെ. ആൺപൂച്ചയുടെ ഉദ്ധൃതമായ ലിംഗത്തിന് അസഹനീയമായ ചൂടാണത്രെ. അതുകൊണ്ടാണുപോലും പെണ്ണിനത് സന്തോഷത്തോടെ സ്വീകരിയ്ക്കാൻ കഴിയാത്തത്. പൂച്ചയുടെ സെക്സിന്റെ കാര്യം ഇതാണെങ്കിൽ പൂച്ചയുടെ മേൽത്തട്ട് ശത്രുവായ പട്ടിയുടെ കാര്യമോ? ഇടവഴികളിലും മറ്റും മുന്നിൽ വന്ന് പെട്ടിട്ടുള്ള ശ്വാനരതി ആരിലാണ് സഹതാപമുണർത്താതിരിക്കുക. [പൂച്ചയുടെ കീഴ്ത്തട്ട് ശത്രുവായ എലിയുടെ കാര്യം എന്താണോ എന്തൊ!]. കുട്ടിക്കാലം ചെലവഴിച്ച അച്ഛന്റെ വീട്ടിൽ, അതായിരുന്നു ആ വീടിന്റെ സുവർണകാലം, അക്കാലത്ത് ഒരു ടൈമിൽ അവിടെ എട്ടു പൂച്ചകളുണ്ടായിരുന്നു. എന്നിട്ടും ഒരു കാലത്തും അവയെ സ്നേഹിക്കാൻ പറ്റിയിട്ടില്ല. അനിയത്തിയിൽ നിന്ന് പാരമ്പര്യമായി കിട്ടിയ പൂച്ചസ്നേഹവും കൊണ്ടായിരിക്കണം അച്ഛൻ ക്വാർട്ടേഴ്സിൽ പാർക്കാൻ പോയത്. എന്തായാലും പിന്നാലെ പോയ ഞങ്ങൾക്കെല്ലാം - അമ്മയ്ക്കും ചേച്ചിയ്ക്കും എനിക്കും - ദേഷ്യമായിരുന്നു പൂച്ചകളെ. പട്ടിക്കാട്ടത്തിന്റെ ദുർഗന്ധത്തെ തോല്‍പ്പിക്കുന്ന ഒരു ദുർഗന്ധമേയുള്ളു - പൂച്ചമൂത്രത്തിന്റെ. എങ്കിലും പാച്ചിയുടെ പൂച്ചകുലത്തിലെ ഒരുത്തിയെ മറക്കാൻ വയ്യ. റാണി എന്നായിരുന്നു അവളുടെ പേര്. പൂച്ചയെ ഇഷ്ടമല്ലാതിരുന്ന ഞങ്ങളുടെ മൃഗീയഭൂരിപക്ഷം മാനിച്ച്, പാച്ചിയുടെ സങ്കടം വക വെയ്ക്കാതെ, അതിനെ നാല് പുഴയിലെ കടത്തുകൾ കടത്തി, പത്ത് പതിനഞ്ച് ഏരിയൽ കിമീ ദൂരത്തുള്ള പുത്തൻ വേലിക്കരയിൽ കൊണ്ടാക്കി ആരോ ഒരിക്കൽ. അഞ്ചാറ് ദിവസം കഴിഞ്ഞപ്പോൾ ഒരു ഞായറാഴ്ച ഉച്ചയ്ക്ക് എല്ലാരും ഇരുന്നും കിടന്നുമെല്ലാം ഉച്ചമയക്കത്തിന്റെ ആലസ്യം നുകർന്നിരിക്കെ അതാ വരുന്നു റാണിപ്പൂച്ച "മ്യാവൂ". തീർന്നില്ല. സ്കൂൾ ടീച്ചറായിരുന്ന അമ്മ അക്കാലത്ത് വിളിച്ചെടുത്ത ഒരു വലിയ കുറിയുടെ കാശുകൊണ്ട് ഒരു കാറ് വാങ്ങി ടാക്സിയിട്ടു. കെ. എൽ. ഇ. 551. ഗോതുരുത്തുകാരൻ മാത്തപ്പനു മുമ്പ് അങ്കമാലിക്കാരൻ വർഗീസായിരുന്നു ഡ്രൈവർ. ഒരു ദിവസം വൈകീട്ട് പോകുമ്പോൾ പിറ്റേന്നത്തെ മലയാറ്റൂ പെരുന്നാളോട്ടത്തിനു വേണ്ടി അയാൾ കാറ് അങ്കമാലിയ്ക്ക് കൊണ്ടുപോകുമ്പോൾ ഡിക്കിയിലെ ചാക്കിൽ റാണിയുമുണ്ടായിരുന്നു. അങ്കമാലി-ചേന്ദമംഗലം പത്തുമുപ്പത് കിലോമീറ്റർ ദൂരം, മരണ വേഗത്തിൽ വണ്ടികളോടുന്ന റോഡുകൾ, ഇഷ്ടികക്കളങ്ങൾ ഭൂമിയെ ചുട്ടുതിന്ന് മയങ്ങിക്കിടക്കുന്ന ചെങ്ങമനാട്ടെയും കുന്നുകരയിലേയും പാടങ്ങൾ, രൗദ്രയായ പെരിയാറിന്റെ ഹെഡ്ഡോഫീസ്, ചാലക്കുടിപ്പുഴയുടെ ശാഖകൾ... അതെല്ല്ലാം പിന്നിട്ട് വൃദ്ധയായ ആ മാർജാരസ്ത്രീ ഒന്നൊന്നരമാസം കഴിഞ്ഞപ്പോൾ ചേന്ദമംഗലത്തെ വീട്ടിൽ വന്നു കയറിയതെങ്ങനെ? ബ്രൗണിഷ് ഗ്രേ നിറമുള്ള റാണി നടന്നു വരുമ്പോൾ പല പേറ് പെറ്റ് തൂങ്ങിയ അതിന്റെ അമ്മിഞ്ഞകൾ ഇടത്തേയ്ക്കും വലത്തേയ്ക്കും ആടിയിരുന്നു. ഒരിക്കലും അരയ്ക്ക് മുകളിൽ ഡ്രെസ്സിട്ടു കണ്ടിട്ടില്ലാത്ത അമ്മൂമ്മയെ ഓർപ്പിച്ചിരുന്നു അപ്പോൾ റാണി. എട്ടു പൂച്ചകളുള്ള ആ വീടിന്റെ കിഴക്കോറത്തുണ്ടായിരുന്ന ഒരു പരുത്തിയിന്മേൽ അക്കാലത്ത് ഒരു പകൽ ഒരു കാക്ക പെറ്റിട്ട് രണ്ടു ദിവസത്തിലേറെ പ്രായമാകാത്ത ഒരു പൂച്ചക്കുഞ്ഞിനേയും കൊണ്ട് എവിടെ നിന്നോ പറന്നു വന്ന് ലാൻഡു ചെയ്തു. അതിന്റെ കണ്ണ് ശെരിക്കും തുറന്നിട്ടുപോലുമില്ലായിരുന്നു - അത്രയും കുഞ്ഞ്. അതിനപ്പോളും പാതിജീവനുണ്ടായിരുന്നു. അതിന്റെ അവസാനത്തെ കരച്ചിൽ താഴത്തേയ്ക്ക് എത്തിയിരുന്നു. ഞാൻ കാക്കയെ ഒരു കല്ലെടുത്തെറിയാൻ കുനിഞ്ഞു. രക്ഷയുടെ പകുതിവഴിയും പിന്നിട്ട് അപ്പുറത്തേയ്ക്ക് പോയിരുന്ന ആ പൂച്ചക്കുഞ്ഞിനെ ഇനി രക്ഷിക്കാനാവില്ലെന്ന് മനസ്സിലാക്കിയ ആരോ ആവണം എന്നെ തടഞ്ഞു. ആ കാക്ക ജീവനോടെ അതിനെ തിന്നാൻ തുടങ്ങി. തിന്നു തുടങ്ങിയ ഉടൻ ആ സ്ഥലം അത്ര പന്തിയല്ലെന്നു കണ്ട് പിന്നെയും അതിനെയും കൊണ്ട് എങ്ങോട്ടോ പറന്നുപോയി. ഇക്കഴിഞ്ഞ കർക്കടകത്തിൽ നാട്ടിലുണ്ടായിരുന്നപ്പോൾ, ഒരു രാത്രി, പറവൂരുന്ന് രണ്ട് ബിയറും കഴിച്ച് വീട്ടിൽ വന്ന് അത്താഴത്തിന് കൈ കഴുകുമ്പോൾ വടക്കേപ്പറമ്പിൽ ഒരു പൂച്ചയുടെ മരണവെപ്രാളം. മഴ വക വെയ്ക്കാതെ ഒരു ടോർച്ചുമെടുത്ത് നോക്കാനിറങ്ങിയപ്പോൾ, അപ്പോളും ആരോ വിലക്കി - "അത് സാരല്ല്യ ചേട്ടാ, ഒരു പട്ടി ഒരു പൂച്ചേപ്പിടിച്ചതാ". ഭാഗവതത്തിൽ ജീവോ ജീവസ്യ ജീവനം എന്നു വായിച്ചത് അതിനും മുമ്പായിരുന്നതുകൊണ്ട് അത്താഴം മുടങ്ങിയില്ല. വസന്തവായുവിൽ വസൂരിരോഗാണുവുണ്ടെന്നും പറന്നു നടക്കുന്ന ആ സുന്ദരിശലഭത്തിനു പിന്നാലെ ഒരു ഓന്ത് നാക്കു നീട്ടുന്നുണ്ടെന്നും വൈലോപ്പിള്ളി പറഞ്ഞപോലെ, റാണിയും ഓരോ പ്രസവശേഷവും ഒരു കുഞ്ഞിനെയെങ്കിലും കടിച്ചു തിന്നിരുന്നോ? പ്രകൃതിയെപ്പറ്റി അധികം പറയണ്ട.
|
25 September 2008
എങ്കി ഇനി കങ്കാരുവിനെ തിന്ന് തുടങ്ങാം
നെല്‍പ്പാടങ്ങളില്‍ മഴക്കാലത്ത് കണ്ടുവരുന്ന ശംഖ്-കക്ക കുടുംബക്കാരനാണ് ഞവുഞ്ഞ്. അതിനെ മാത്രം തിന്ന് ജീവിക്കുന്ന ഒരു പക്ഷിയുണ്ടത്രെ. ത്രെ എന്നല്ല, ഉണ്ട്. ഞവുഞ്ഞോടനെന്നാണ് ടിയാന്റെ പേര്. കണ്ടിട്ടുണ്ടെന്നല്ല തിന്നിട്ടുണ്ടെന്നു പറയണം. എയര്‍ഫോഴ്സില്‍ നിന്ന് പെന്‍ഷന്‍ പറ്റിയ അമ്മാവന്റെ Twelve Bore എന്ന് വിളിച്ചിരുന്ന തോക്കിന് ഇരയായതാണൊരിക്കല്‍. അത് വംശനാശഭീഷണി നേരിടുന്ന പക്ഷിയാണോ എന്നൊന്നും അന്നും ഇന്നും അറിയില്ല. ഒരു കാര്യം അറിയാം - ശിക്ഷ ലഭിക്കാതിരിക്കാനുള്ള ലൂപ്പ് ഹോളല്ല അറിവില്ലായ്മ.
ഞങ്ങള്‍ പച്ചക്കായയും കുരുമുളകും ധാരാളം വീരസ്യവും ചേര്‍ത്ത് കൂട്ടാന്‍ വെച്ച് കഴിച്ചത് ഈ ഭൂമുഖത്തെ അവസാനത്തെ ഞവുഞ്ഞോടന്‍ ഫാമിലിയിലെ ഭാര്യയോ ഭര്‍ത്താവോ ആയിരുന്നെങ്കിലോ? അയ്യോ, പിന്നീടെപ്പോളോ ചങ്കില്‍ത്തറഞ്ഞ ആ എല്ലുങ്കഷ്ണം ഒരിക്കലും എടുക്കാന്‍ കിട്ടിയിട്ടില്ല. കണ്ടാണശ്ശേരി മുതല്‍ കാണിപ്പയ്യൂര്‍ വരെ നീണ്ടുപരന്നു കിടക്കുന്ന പാടത്ത് കൊക്കുകളെ വെടിവെയ്ക്കാന്‍ പോയതായിരുന്നു അമ്മാവന്‍. കൂനമ്മൂച്ചിക്കുള്ള നെടുവരമ്പിന്റെ വഴിയ്ക്കുള്ള പൊര്വാര എന്ന് വിളിച്ചിരുന്ന ഭാഗത്ത് കണ്ടതോ ഒരു ഞവുഞ്ഞോടനെ. കണ്ടാല്‍ കൊക്കിനേക്കാള്‍ വലിപ്പത്തില്‍, കൊക്കിനേയും പരുന്തിനെയും എര്‍ളാടനെയും ഓര്‍മിപ്പിക്കുന്ന കടുംബ്രൌണ്‍ തൂവല്‍ക്കാരന്‍. ഞവുഞ്ഞിനെ മാത്രം തിന്ന് ജീവിക്കുന്ന എലീറ്റ് ക്ലാസല്ലെ, ഇതുവരെ തിന്നിട്ടുള്ളതിലും വെച്ച് ഏറ്റവും സ്വാദ് അതിന്റെ ഇറച്ചിയ്ക്കു തന്നെയായിരുന്നു എന്ന് പറയാതെങ്ങനെ? അക്കാലത്തെ ക്രൂരമായ സ്വാദുകളില്‍ പിന്നെ ഓര്‍മയുള്ളത് കഴുകന്റെ അളിയന്‍ കൂറ്റന്‍ എന്ന പക്ഷിയുടേതാണ്. മേലേപ്പുരയുടെ പടിഞ്ഞാപ്രത്തുള്ള പ്ലാവിന്റെ കൊമ്പില്‍ ഉച്ചത്തെ ആ ആലസ്യത്തില്‍ വന്നിരുന്നതായിരുന്നു പാവം. ഠേ! ഉശിരന്‍ മലയാള ഗദ്യം എന്നൊക്കെ എഴുന്നള്ളിച്ച് സക്കറിയയുടെ ലോബിയിംഗില്‍ പുന:പ്രസിദ്ധീകരിക്കപ്പെട്ട എം. പി. ശിവദാസമേനോന്റെ [1890-1962] മലബാറിലെ ശിക്കാര്‍ എന്ന പുസ്തകം ഉത്പ്പാദിപ്പിക്കുന്ന പ്രകൃതിവിരുദ്ധ രാഷ്ട്രീയത്തെ കലാകൌമുദിയില്‍ ഡോ. പി. കെ. രാജശേഖരന്‍ എന്ന ഉശിരന്‍ നിരൂപകന്‍ കശക്കിയത് വായിച്ച് സക്കറിയയോട് രോഷം തോന്നി. കണ്ണില്‍ അല്ല വയറ്റില്‍ത്തന്നെ കോല്‍ അല്ല എല്ലുങ്കഷ്ണം കിടക്കെ അന്യന്റെ കണ്ണിലെ കരട് നോക്കാന്‍ എന്തെളുപ്പം. അതല്ല wit - ശിവദാസമേനോന്റെ ഉശിരന്‍ ഗദ്യം എന്നൊക്കെപ്പറഞ്ഞ് കൊട്ടിഘോഷിച്ചത് പഴയ സിനിമാനിരൂപകന്‍ കോഴിക്കോടന്‍ എഴുതിയ ഗദ്യമായിരുന്നു. സക്കറിയയ്ക്ക് ഇക്കാര്യം ഇപ്പോളും അറിയുമോ ആവോ? മദ്രാസ് പ്രസിഡന്‍സി കോളേജില്‍ നിന്ന് ഇംഗ്ലീഷ് ഓണേഴ്സ് ബിരുദം നേടി 1922 മുതല്‍ 27 വര്‍ഷക്കാലം കോഴിക്കോട്ടെ സാമൂതിരി കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായിരുന്ന ശിവദാസമേനോന്‍ അക്കാലത്ത് ഇംഗ്ലീഷിലെഴുതിയ ശിക്കാര്‍ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ചത് ഇല്ലസ്ട്രേറ്റഡ് വീക്കിലിയില്‍. അത് കോഴിക്കോടന്‍ എന്ന അപ്പുക്കുട്ടന്‍ നായര്‍ പരിഭാഷപ്പെടുത്തിയതാണ് നാമിന്ന് കൊട്ടിഘോഷിക്കുന്ന മലബാറിലെ ശിക്കാര്‍. മനോരമ വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്ന മാത്തുക്കുട്ടി ജെ. ഇട്ടന്റെ വാളയാറിലെ മോഴ, ശിക്കാരി കുട്ടിയമ്മയുടെ നായാട്ടു കഥകള്‍ തുടങ്ങിയവയാണ് മലബാറിലെ ശിക്കാറിന്റെ പിന്‍.ഗാമികള്‍. കാടെല്ലാം നാടായപ്പോള്‍ ശിക്കാരി ശംഭുവിന്റെ തമാശകളില്‍ അതൊടുങ്ങി. ഒടുവിലിതാ 'വനസമ്പത്ത് സംരക്ഷിക്കൂ' എന്നാവശ്യപ്പെടുന്ന പരസ്യത്തില്‍ കേരളത്തിലെ വനം വകുപ്പ് ശിക്കാരി ശംഭുവിനെ മോഡലാക്കിയിരിക്കുന്നു. ക്രിയേറ്റിവിറ്റി ഒരു വെടിയുണ്ടയാണെന്ന് ഈ പരസ്യം തെളിയിക്കുന്നു. പറയാന്‍ വന്നത് അതല്ല. ഞവുഞ്ഞോടന്‍, കഴുകന്റളിയന്‍ കൂറ്റന്‍... പുത്തന്‍ രുചികളെ പേടിയില്ലെന്ന് വരുത്താന്‍ ശ്രമിച്ചതാണ്. അതിന്റെ തുടര്‍ച്ചയായാണ് ദുബായില്‍ പൊറുത്തു തുടങ്ങിയ കാലത്തൊരിക്കല്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ കണ്ട ക്യാമല്‍ മില്‍ക്ക് വാങ്ങിച്ച് രുചിച്ചു നോക്കിയത്. സത്യം പറഞ്ഞാല്‍ ഒട്ടകപ്പാലിന് പശൂമ്പാലുമായി സ്വാദില്‍ വലിയ വ്യത്യാസമൊന്നുമില്ലായിരുന്നു. ഗുണദോഷങ്ങളിലെ വ്യത്യാസം അറിയാന്‍ ശ്രമിച്ചുമില്ല. മുഖച്ഛായയില്‍ മനുഷ്യനോട് ഏറ്റവുമടുത്തു നില്‍ക്കുന്ന മൃഗം ഒട്ടകമാണെന്ന് തോന്നിയിട്ടുണ്ട്. കണ്ണാടിയിലടക്കം പലപ്പോഴായി ഒരുപാട് ഇരുകാലി ഒട്ടകങ്ങളുടെ മുഖങ്ങളില്‍ കണ്ടിട്ടുള്ള ദൈന്യത അതേപടി സ്ഥിരമായി കണ്ടിട്ടുള്ളത് ഒട്ടകമുഖങ്ങളില്‍. അതുകൊണ്ട് ഒട്ടകത്തിന്റെ മാംസം രുചിച്ചു നോക്കാന്‍ ധൈര്യം കിട്ടിയില്ല. അങ്ങനെ പോകുമ്പോള്‍ അതാ കിടക്കുന്നു പത്രദ്വാരത്തില്‍ ഒരു വാര്‍ത്ത: ഭൂമിയെ രക്ഷിക്കൂ, കങ്കാരുഎറച്ചി തിന്നൂ! സംഗതി സീരിയസ്സാണ്. ശാസ്ത്രജ്ഞന്മാരുടെ കണ്ടുപിടുത്തമാണ്. അല്ലെങ്കിലും അവര്‍ക്കെല്ലാം സീരിയസ്സാണല്ലൊ. പാല് നല്ലതാണെന്ന് അവര് ഗവേഷിച്ച് കണ്ടുപിടിച്ചത് കേട്ട് നമ്മുടെ കുര്യന്‍ ഗുജറാത്തിലെ ദരിദ്രനാരായണന്മാരെ ഉദ്ബോധിപ്പിച്ച് ഇന്ത്യയില്‍ ധവളവിപ്ലവം ഉണ്ടാക്കി, അമുല്‍ കുര്യനായി. അപ്പോള്‍ ദേ സായിപ്പു പറയുന്നു പാല് തടിയ്ക്ക് കേടാണെന്ന്. ഇവര്‍ക്കിദെന്തിന്റെ കേടാണ്? കാര്യം നമ്മുടെ ഡോഡാഡേയുടെ ഒരു സ്റ്റാറ്റസ് മെസേജില്‍ കണ്ടപോലാ - തിയറിയുടെ ശക്തമായ പിന്തുണയില്ലെങ്കില്‍ അനുഭവത്തില്‍ വിശ്വസിക്കരുത്. ബീഫ് ബര്‍ഗറ് തിന്നണത് അവസാനിപ്പിച്ച് കങ്കാരു ബര്‍ഗറ് തിന്നാനാണ് പുതിയ ഗവേഷണഫലങ്ങള്‍ ആഹ്വാനം ചെയ്യുന്നത്. കാരണം ഭൂമിയുടെ ഓസോണ്‍പാളി നേരിടുന്ന ഏറ്റവും വലിയ ഭീഷണി പശു, പോത്ത്, എരുമ വര്‍ഗങ്ങളില്‍ നിന്നാണത്രെ. അവറ്റ കീഴ്ശ്വാസമായും ഏമ്പക്കമായും പുറത്തുവിടുന്ന മീതേയ്ന്‍ ആണ് ഓസോണ്‍ പാളിയെ പൊളിച്ചുകളയുന്ന ഗ്രീന്‍ ഹൌസ് വാതകങ്ങളുടെ കൂട്ടത്തിലെ മുഖ്യവില്ലന്‍. അതേസമയം കങ്കാരുക്കളുടെ ദഹനേന്ദ്രിയം പശുവര്‍ഗത്തിന്റേതില്‍ നിന്ന് വ്യത്യസ്തമായതിനാല്‍ അവറ്റിങ്ങള്‍ക്ക് ഗ്യാസ് ട്രബ്ള്‍ ഇല്ല. അന്തരീക്ഷത്തിന് കാര്‍ബണ്‍ ഡയോക്സൈഡിനേക്കാള്‍ 20 മടങ്ങ് ഭീഷണിയാണ് മീതേയ്ന്‍ എന്നാണ് കണ്ടുപിടുത്തം. അതായത് ബീഫ് തീറ്റ കൂടിയാല്‍ കാള, പോത്ത് വര്‍ഗങ്ങളുടെ ഡിമാന്‍ഡ് കൂടുന്നതോടൊപ്പം ഭൂമിയില്‍ വളരുന്ന അവയുടെ എണ്ണവും അതുവഴി അവ മൂലമുള്ള ഗ്യാസ് ട്രബ് ള്‍ ഭീഷണിയും കൂടും. കങ്കാരു മാംസത്തിനെ ആകര്‍ഷകമാക്കുന്ന ഒരു സംഗതി കൂടിയുണ്ട് - അതില്‍ ഫാറ്റിന്റെ അളവ് താരതമ്യേന കുറവാണ്, പ്രൊട്ടീന്‍ കണ്ടെന്റോ കൂടുതലും. ഓസ്ട്രേലിയയാണല്ലൊ കങ്കാരുവിന്റെ തറവാട്. ഓസ്ട്രേലിയയിലെ സ്ഥിതിയെങ്ങനെ? അവിടെ ജീവിക്കുന്ന മലയാളികളും കങ്കാരു എറച്ചി വാങ്ങി വറുത്തരച്ച് കറി വെയ്ക്കുന്നുണ്ടോ? തേങ്ങാക്കൊത്തുകളിട്ട് ഗാര്‍നിഷ് ചെയ്യുന്നുണ്ടോ? കങ്കാരു ബര്‍ഗര്‍ സുലഭമാണോ? സഞ്ചിയില്‍ എപ്പോളും മകനെ/മകളെ കൊണ്ടുനടക്കുന്നതുകൊണ്ട് മറ്റ് ജന്തുക്കളുടേതിനേക്കാള്‍ കങ്കാരുവിന്റെ മാതൃഭാവമാണ് ഏറ്റവും ഹൃദയസ്പര്‍ശിയായിട്ടുള്ളത്. ഇറച്ചിക്കുവേണ്ടി കങ്കാരുക്കളെ കൂട്ടമായി വളര്‍ത്തുമെന്നോ? അറവിന് നേരമാകുമ്പോള്‍ മകനെ/മകളെ നിലത്തിറക്കി നിര്‍ത്തിയിട്ട് അമ്മയെ അറക്കാന്‍ കൊണ്ടുപോകുമെന്നോ? ലാമ്പ് റോസ്റ്റ് എന്നെല്ലാം പറയുമ്പോലെ ജോയ് റോസ്റ്റും ഡെലിഷ്യസ് ആണെന്നോ? മൂന്നു വട്ടം ഭാഗവതം വായിച്ചപ്പോളും കണ്ണില്‍ത്തടഞ്ഞ ഒരു ശ്ലോകം ഉദ്ധരിച്ച് നിര്‍ത്തിയേക്കാം: അഹസ്താനി സഹസ്താനാം അപദാനി ചതുഷ്പദാം ഫല്‍ഗൂനി തത്ര മഹതാം ജീവോ ജീവസ്യ ജീവനം കയ്യുള്ളത് കയ്യില്ലാത്തതിനെ ഭക്ഷിക്കുന്നു, നാലു കാലുള്ളത് കാലില്ലാത്തതിനെ ഭക്ഷിക്കുന്നു, ബലമുള്ളത് ബലമില്ലാത്തതിനെ ഭക്ഷിക്കുന്നു. ജീവന്‍ ജീവനെ ഭക്ഷിച്ചു ജീവിക്കുന്നു. [ജീവിതമേ, നീയെത്രെ ക്രൂരന്‍] Labels: ആഹാരം, ഓസ്ട്രേലീയ, നായാട്ട്, പരിസ്ഥിതി, ഭാഗവതം |
2 Comments:
മനുഷ്യനെന്തു ക്രൂരതയാ മിണ്ടാപ്രാണികളോട് കാട്ടുന്നത്. എല്ലാത്തിനും അനുഭവിക്കും. റാണിയെ കുറിച്ചോത്തിട്ട് സങ്കടം സഹിക്കാന്‍ വയ്യ.
താന്‍ ചെയ്യുന്ന ദുഷ്ടത്തരങ്ങള്‍ക്ക് ശിക്ഷ കിട്ടിയാലും അതേത് കുറ്റത്തിനാണെന്ന് ദൈവം ഓര്‍മ്മിപ്പിക്കാത്തത് കഷ്ടം തന്നെ.
പൂച്ചമ്മയുടെ ഒരുപാടു മക്കളെ ദൂരെക്കൊണ്ടു കളഞ്ഞ് ആ അമ്മമനസ്സിനേയും ശരീരത്തേയും ദ്രോഹിച്ചു. അതിനു ദൈവം കൊടുത്ത ശിക്ഷകണ്ടോ.ഒടുവില്‍ ഉദരത്തില്‍ വച്ചേ കുഞ്ഞു മരിച്ച് ആ പൂച്ചമ്മ അനുഭവിച്ച എല്ലാ വേദനകളും അനുഭവിക്കാന്‍ ഇടയാക്കി.
ഇനി മറ്റൊരു കഥ. ഒരു ദുഷ്ട സ്ത്രീ പൂച്ചയുടെ മേല്‍ തിളച്ച വെള്ളം ഒഴിച്ചു. പൂച്ച തൊലി വെന്തുരുകി നരകയാതന അനുഭവിച്ചു മരിച്ചു. അതിനുശേഷം
ആ സ്ത്രീ പ്രസവിച്ച കുട്ടികള്‍ക്കൊന്നും തൊലിയുണ്ടാകാതെയാണ് ജനിച്ചത്. ഒരു കുട്ടിയും ജീവിച്ചു കിട്ടിയുമില്ല. താന്‍ ചെയ്യുന്ന ദ്രോഹങ്ങള്‍ക്കുള്ള ശിക്ഷ ദൈവം തരാതിരിക്കുമോ?
എല്ലാ ജന്തുക്കള്‍ക്കും ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമുണ്ട്. കഴിയുന്നതും അവയെ ദ്രോഹിക്കാതെ ഇരിക്കുക.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്