ബൈലൈന്‍

April 15th, 2008

ചുവന്നുതുടുത്ത തീഗോളം, പൊട്ടിത്തെറി, ഭൂമികുലുക്കുന്ന പ്രകമ്പനം, ചിതറിത്തെറിക്കുന്ന ശരീരാവശിഷ്ടങ്ങള്‍… ഞട്ടി ഉണര്‍ന്ന് നോക്കുമ്പോള്‍ വിയര്‍ത്തൊലിച്ച് കിടക്കുകയായിരുന്നു ഞാന്‍. മൂന്നുനാലു ഗ്ലാസ് വെള്ളം ഒന്നിച്ചെടുത്തു കുടിച്ചു. കിതപ്പ് മാറുന്നില്ല. സമയം പുലര്‍ച്ചെ 3:45. വീണ്ടും കിടന്നു. ഉറക്കം വരുന്നില്ല. മനസ്സ് വല്ലാതെ അസ്വസ്ഥമാകുന്നു. കണ്ണടയ്ക്കുമ്പോള്‍ വീണ്ടും പഴയ ദൃശ്യങ്ങള്‍, കാതടപ്പിക്കുന്ന മുഴക്കം. ഒന്നുറക്കെ നിലവിളിക്കണമെന്നു തോന്നുന്നു . ഭ്രാന്ത് പിടിക്കുന്നു എനിക്ക്. അയാള്‍ എന്നെ ഉറക്കം കെടുത്തുകയാണ്. ഒരാളുടെ അപകട മരണം. എന്റെ കണ്മുന്നില്‍. അറം പറ്റിയ വാക്കുകള്‍, അതും അയാള്‍ അങ്ങിനെ എന്നോട് പറഞ്ഞ് മണിക്കൂറുകള്‍ മാത്രം കഴിഞ്ഞപ്പോള്‍. കണ്ണടയ്ക്കുമ്പോള്‍ അയാളുടെ മുഖം, കതുകളില്‍ അയാള്‍ എന്നോട് അവസാനമായി പറഞ്ഞ ആ വാക്കുകള്‍… ഞാന്‍ അപ്പോള്‍ അങ്ങിനെ ചോദിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ അയാളത് പറയില്ലായിരുന്നു. ആ വാക്കുകള്‍ അറം പറ്റില്ലായിരുന്നു. ആ സംഭവം എന്നെ ഇത്രമാത്രം അലോസരപ്പെടുത്തില്ലായിരുന്നു. അസ്വസ്ഥമായ മനസുമായി ഉറക്കം കിട്ടാതെ ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.

മാധ്യമ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമയ്ക്ക് തൃശ്ശൂരിലെത്തിയ കാലം. പരീക്ഷ കഴിഞ്ഞ് കോഴ്സിന്റെ റിസല്‍ട്ട് കാത്തിരിക്കണ സമയം. മുഖ്യധാരാ മാധ്യമലോകത്തെതുന്നതിനു മുന്‍പ് ചില ഉച്ചപ്പത്രങ്ങളിലും, ലോക്കല്‍ ചാനലുകളിലും പയറ്റി നടക്കുന്നകാലമാണത്. അതൊരു പൂരക്കാലമായിരുന്നു. പൂരങ്ങളുടെ പൂരം, തൃശൂര്‍പൂരം. പൂരത്തിന് കാഴ്ചവട്ടങ്ങളൊരുക്കുന്ന തിരുവമ്പാടി, പാറമേക്കാവ് ദേശക്കാരേക്കാള്‍ ആവേശമാണ് പൂരക്കാലം തൃശൂരിലെ സായാഹ്നപത്രങ്ങള്‍ക്ക്. ഒന്നൊന്നര മാസം മുന്‍പ് തുടങ്ങും പൂരത്തിന്റെ ഒരുക്കങ്ങള്‍. പന്തലുപണി, എക്സിബിഷന്‍, കുട, ചാമരം, ആലവട്ടം, ആനകള്‍, വെടിക്കെട്ട്, അങ്ങിനെപൊകും പൂരവിഭവങ്ങള്‍. ആ ഒരു പൂരക്കലത്താണ് പുതുതായി തുടങ്ങിയ “കേരളവാര്‍ത്ത” എന്നൊരു സായാഹ്നപത്രത്തിലെത്തുന്നത്. അങ്ങിനെ പൂരക്കാഴ്ചവട്ടങ്ങളില്‍ ഞാനുമൊരു പങ്കാളിയായി.

തുടര്‍ന്ന് വായിക്കുക

- ജെ.എസ്.

1 അഭിപ്രായം »

അദ്ധ്യാപകര്‍ അന്‍പത്തഞ്ചാം വയസ്സില്‍ വിരമിക്കണോ?

April 10th, 2008

surabhila vaasantham [surabhilavaasantham@gmail.com]



ഇതു മാര്‍ച്ചു മാസം. വിദ്യാഭ്യാസ വര്‍ഷത്തിന്റെ അവസാന മാസം.കുറെ അദ്ധ്യാപകര്‍ വിദ്യാലയങ്ങളുടെ പടിയിറങ്ങിപ്പോകുന്ന അവസരം, റിട്ടയര്‍മെന്റിന്റെ ഭാഗമായി.

ഇത്തരുണത്തില്‍ കുറച്ചു വസ്തുതകള്‍ ഇവിടെ കുറിക്കാനാഗ്രഹിക്കുന്നു. ബഹുജനം പലവിധമെന്നപോലെ അദ്ധ്യാപകവൃന്ദവും പലവിധം. ചിലര്‍ തങ്ങളുടെ തൊഴിലിനോടു നൂറു ശതമാനവും നീതിപുലര്‍ത്തുന്നവര്‍. നല്ലൊരു അദ്ധ്യാപകന്‍ നല്ലൊരു വിദ്യാര്‍ത്ഥികൂടി ആയിരിക്കണമെന്ന പ്രമാണത്തില്‍ അടിയുറച്ചു വിശ്വസിച്ചു, അതിനനുസരിച്ചു നാനാവിധത്തില്‍ അറിവു സമ്പാദിച്ച്‌ ആ അറിവുകളൊക്കെ ക്രോഡീകരിച്ച്‌, നല്ല നോട്ടുകള്‍ തയ്യാറാക്കി, പഠിപ്പിക്കല്‍ എന്ന പരിപാവനമായ കര്‍മ്മം അങ്ങേയറ്റം ആത്മാര്‍ത്ഥതയോടു കൂടി ചെയ്യുന്നവര്‍. ഇപ്പറഞ്ഞതിനൊരപവാദമായി മറ്റൊരു കൂട്ടരുമുണ്ട്‌. അദ്ധ്യാപകര്‍ എന്ന തസ്തികയില്‍ പെടുന്നവര്‍ തന്നെയാണ്‌ അവരെങ്കിലും, അദ്ധ്യാപനം അവര്‍ക്ക്‌ രണ്ടാമതായി മാത്രം പരിഗണിക്കപ്പെടേണ്ട ഒരു തൊഴില്‍ ആണ്‌. മറ്റു ചിലതൊക്കെയാണ്‌ ഒന്നാമതായി പരിഗണിക്കപ്പെടുന്നത്‌. ഉദാഹരണമായി, പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ മാത്രം മുഴുകി ക്ലാസ്സുകള്‍ എടുക്കാതെ നടക്കുന്നവര്‍ ഉണ്ട്‌. അവരെ ആര്‍ക്കും ഒന്നും ചെയ്യാന്‍ കഴിയില്ല. മേലധികാരികള്‍ക്കുപോലും, കാരണം അവരുടെ കൈയില്‍ പാര്‍ട്ടിയുണ്ട്‌. ചോദ്യം ചെയ്യുന്നവര്‍ അനുഭവിക്കേണ്ടി വരും. മറ്റൊരു കൂട്ടര്‍ക്ക്‌, കിട്ടുന്ന വേതനം ഒന്നും തികയില്ല. ആയതിനാല്‍ അവര്‍ പ്രൈവറ്റായി ട്യൂഷന്‍ എടുത്ത്‌ ജോലിയില്‍ നിന്നു കിട്ടുന്നതിന്റെ ഒരു നാലഞ്ചിരട്ടിയെങ്കിലും സമ്പാദിച്ചുകൂട്ടുന്നു. അവര്‍ നല്ല അദ്ധ്യാപകരല്ലേ എന്നു ചോദിച്ചാല്‍ ആണ്‌ എന്നു തന്നെയാണുത്തരം. അതുകൊണ്ടാണല്ലോ അവരെത്തേടി കുട്ടികളും അവരുടെ മാതാപിതാക്കളും എത്തുന്നത്‌ പ്രൈവറ്റ്‌ ട്യൂഷനായി. ഇവര്‍ അധികാദ്ധ്വാനം ചെയ്ത്‌ കൂടുതല്‍ സമ്പാദിച്ചു കൂട്ടുന്നതിനെ ഒരു തെറ്റായി കാണുന്നില്ല(നിയമപരമായി അതു തെറ്റാണെങ്കിലും). ഇവരുടെ ഒരു ദോഷം എന്തെന്നാല്‍, ഈ അദ്ധ്യാപകര്‍ക്ക്‌ അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ കുട്ടികളോട്‌ തീരെ പ്രതിബദ്ധത ഉണ്ടാവില്ല എന്നതാണ്. സിലബസ്‌ തീര്‍ക്കാന്‍ പറ്റിയില്ലെങ്കില്‍, അവധിദിനങ്ങളില്‍ സെഷ്യല്‍ ക്ലാസ്സ്‌ വച്ചുതീര്‍ക്കുക എന്നതൊന്നും അവരുടെ നിഘണ്ഡുവിലില്ല. ഉയര്‍ന്ന ഫീസ്‌ നല്‍കി വീട്ടില്‍ ട്യൂഷന്‌ എത്തുന്നവരെ തഴയുന്നതെങ്ങിനെ? വിദ്യാഭ്യാസ സ്ഥാപനത്തിലുള്ള പ്രൈവറ്റ്‌ ട്യൂഷന്‌ കാശു മുടക്കാന്‍ കഴിയാത്ത പാവപ്പെട്ട കുട്ടികള്‍ എങ്ങനേയും പോട്ടെ. അവര്‍ തോറ്റാലെന്ത്‌ ജയിച്ചാലെന്ത്‌. നമുക്കു കിട്ടാനുള്ളതു മുഴുവനുമിങ്ങു കിട്ടും. ഇനി ഈ മൂന്നു വര്‍ഗത്തിലും പെടാത്ത ചിലരുണ്ട്‌. ചില സമ്പന്ന കുടുംബങ്ങളിലെ സന്തതികള്‍. വെറുതേ വീട്ടിലിരിക്കാന്‍ വയ്യാത്തതുകൊണ്ടു ജോലിക്ക്‌ അപേക്ഷിച്ചു. ജോലി കിട്ടുകയും ചെയ്തു. അതു കൊണ്ട്‌ വരുന്നു, മാസം ഒരു നല്ലതുക ശമ്പളമായി കിട്ടും, പഠിപ്പിക്കലൊക്കെ അത്രയ്കത്രയ്ക്കു മതി.ഇതില്ലെങ്കിലും പട്ടിണിയൊന്നും കിടക്കാന്‍ പോകുന്നില്ല. ഈ വിചാരധാരയാണിവര്‍ക്ക്‌.

മാര്‍ച്ചു മാസത്തില്‍ പെന്‍ഷന്‍ പറ്റി പിരിയുമ്പോള്‍, മേല്‍പ്പറഞ്ഞ എല്ലാ വിഭാഗത്തിലും പെട്ട അദ്ധ്യാപകരുടെ ഉള്ളില്‍, വേതനത്തില്‍ വരുന്ന ഗണ്യമായ കുറവു മനസ്സിനെ അലട്ടും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ ഏറ്റവും ആദ്യം പറഞ്ഞ വിഭാഗത്തില്‍ പെടുന്നവര്‍ക്ക്‌ അതു മാത്രമല്ല മനസ്സിനു വേദന സമ്മാനിക്കുക. തങ്ങള്‍ വര്‍ഷങ്ങള്‍ കൊണ്ട്‌ ആര്‍ജ്ജിച്ചെടുത്ത്‌ കുട്ടികള്‍ക്ക്‌ സസന്തോഷം പകര്‍ന്നു കൊടുത്ത്‌ കൊണ്ടിരിക്കുന്ന ഈ വിജ്ഞാന സമ്പത്തു ഇനിയും പകര്‍ന്നേകാന്‍ വേദിയില്ലല്ലോ എന്നതും കൂടിയാകും അവരുടെ മനോവേദന. തീര്‍ച്ചയായും അങ്ങനെയുള്ള അദ്ധ്യാപകര്‍ പിരിഞ്ഞുപോകുന്നത്‌, സമൂഹത്തിനു, പ്രത്യേകിച്ചു വിദ്യാര്‍ത്ഥി സമൂഹത്തിന്‌ ഒരു വന്‍ നഷ്ടം തന്നെയാണ്‌.

മനുഷ്യന്റെ ശരാശരി ആയുസ്സൊക്കെ കൂടിയിരിക്കുന്ന ഇക്കാലത്ത്‌, 55 വയസ്സ്‌ എന്നത്‌ ഒരു വലിയ പ്രായമൊന്നുമല്ല. നമ്മുടെ അഛനമ്മമാരുടെ കാലത്ത്‌ പെന്‍ഷന്‍ പറ്റിപ്പിരിയുന്ന ഒരു അദ്ധ്യാപകന്റെ രൂപവും ഭാവവും ഒന്നുമല്ല, ഇന്നു റിട്ടയര്‍ ചെയ്യുന്നവര്‍ക്കുള്ളത്‌. അതായത്‌ പ്രായാധിക്യം കൊണ്ടുള്ള അവശതകളാല്‍ ഇനി പഠിപ്പിക്കാന്‍ വയ്യ എന്നൊരവസ്ഥയില്‍ എത്തിനില്‍ക്കുന്നവരല്ല അവര്‍ എന്നര്‍ത്ഥം. ഇനിയും നല്ലരീതിയില്‍ അദ്ധ്യാപനം നടത്താനുള്ള ഊര്‍ജ്ജം അവരില്‍ ബാക്കിനില്‍ക്കുന്നു. പുറമെ ഭാരിച്ച വിജ്ഞാന സമ്പത്തും ഉണ്ട്‌. ഈ ഒരവസ്ഥയില്‍, ആദ്യം പറഞ്ഞ ഗണത്തില്‍പ്പെട്ട അദ്ധ്യാപകര്‍ പിരിഞ്ഞുപോകുന്നത്‌ ഒരു വന്‍ നഷ്ടം തന്നെയാണ്‌.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്നതിനെതിരെ രണ്ടു വാദമുഖങ്ങളാണുള്ളത്‌. ഒന്ന്, യോഗ്യത ആര്‍ജ്ജിച്ചു നില്‍ക്കുന്ന യുവ തലമുറയുടെ അവസരം നഷ്ടപ്പെടുത്തുന്നു. രണ്ട്‌, സര്‍ക്കാരിന്‌ അധികം സാമ്പത്തിക ബാദ്ധ്യത വരുത്തുന്നു. സീനിയറായ അദ്ധ്യാപകന്‍ തുടരുകയാണെങ്കില്‍ കൊടുക്കേണ്ടുന്ന വേതനം, ഒരു തുടക്കകാരനു നല്‍കേണ്ടല്ലോ. ഈ രണ്ടു കാര്യങ്ങളും പരിഗണിച്ചു കൊണ്ടു തന്നെ, എന്നാല്‍ പ്രഗല്‍ഭരായ അദ്ധ്യാപകരുടെ അദ്ധ്യാപന ശേഷിയും വിജ്ഞാനസമ്പത്തും തുടര്‍ന്നും സമൂഹത്തിന്‌ ലഭിക്കത്തക്കവിധം നമുക്കെന്തു ചെയ്യാമെന്നു നോക്കാം.

അദ്ധ്യാപകസമൂഹത്തിന്റെ മൊത്തത്തിലുള്ള പെന്‍ഷന്‍പ്രായ വര്‍ദ്ധന ഒരിക്കലും പാടില്ല. കാരണം ജോലിയോടു നീതി പുലര്‍ത്താത്ത അദ്ധ്യാപകരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതുകൊണ്ട്‌ സര്‍ക്കാരിനു നഷ്ടമല്ലാതെ, സമൂഹത്തിനു യാതൊരു ഗുണവും വരാനില്ല. അങ്ങനെയുള്ളവരെ ഒരിക്കലുംസര്‍വീസില്‍ തുടരാനനുവദിക്കരുത്‌. അതേസമയം അദ്ധ്യാപനം വളരെ ആത്മാര്‍ത്ഥതയോടെ ചെയ്യുന്നവരെ കുറച്ചുനാള്‍ കുടി പഠിപ്പിക്കാനനുവദിച്ചാല്‍ അതവര്‍ക്കും സമൂഹത്തിനും ഒരു പോലെ ഗുണകരമാകും. ഏതേതൊക്കെ അദ്ധ്യാപകരെയാണ്‌ അങ്ങനെ സര്‍വീസില്‍ തുടരാനനുവദിക്കേണ്ടത്‌ എന്ന് നിശ്ചയിക്കേണ്ടത്‌ പ്രധാനമായും വിദ്യാര്‍ത്ഥി സമൂഹം തന്നെയാണ്‌. വിദ്യാര്‍ത്ഥികള്‍ അദ്ധ്യാപകരെ വിലയിരുത്തുന്ന ഒരു സമ്പ്രദായം ഇപ്പോള്‍ തന്നെ കോളേജുകളില്‍ നിലവിലുണ്ട്‌. ഒരു വിദ്യാര്‍ത്ഥിക്കാണല്ലൊ ഒരദ്ധ്യാപകന്‍ അയാള്‍ക്ക്‌ എത്രത്തോളം പ്രയോജനപ്പെടുന്നു എന്നു വിലയിരുത്താനാവുന്നത്‌. പിന്നെ മേലധികാരികള്‍ക്കും ഒരദ്ധ്യാപകന്റെ ജോലിയിലുള്ള ആത്മാര്‍ത്ഥയെക്കുറിച്ചൊക്കെ ഒരു ധാരണ തീര്‍ച്ചയായും കാണും. ഇതൊക്കെ വച്ച്‌ ഒരു അദ്ധ്യാപകനെ വിലയിരുത്താം. ആ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഒരു ഉന്നതാധികാരിക്ക്‌ ഈ അദ്ധ്യാപകന്‍ ഇനിയും സര്‍വീസില്‍ തുടരണോ വേണ്ടയോ എന്നു തീരുമാനിക്കാം. വിലയിരുത്തല്‍ വിദ്യാര്‍ഥികളുടേയും മറ്റദ്ധ്യാപകരുടേയും ഇടയില്‍ നടത്തുന്ന ഒരു രഹസ്യ ചോദ്യാവലിയിലൂടെ ആകാം.ഈ രീതിയാണ്‌ ഒരദ്ധ്യാപകനെ വിദ്യാര്‍ഥികളെക്കൊണ്ട് വിലയിരുത്തുന്നതിനു വേണ്ടി ഇപ്പോള്‍ അവലംബിച്ചു വരുന്നത്‌. അങ്ങനെ അര്‍ഹതയുള്ളവരെ മാത്രം സര്‍വീസില്‍ തുടരാനനുവദിക്കുക.

ഇനി അധിക സാമ്പത്തിക ബാദ്ധ്യത എന്നത്‌ പരിപൂര്‍ണ്ണമായി ഒഴിവാക്കാനാകില്ലെങ്കിലും, കുറക്കാം. ഇങ്ങനെ സര്‍വീസില്‍ തുടരാനനുവദിക്കുന്ന അദ്ധ്യാപകര്‍ക്ക്‌ റിട്ടയര്‍മന്റ്‌ സമയത്ത്‌ അവര്‍ക്കുണ്ടായിരുന്ന വേതനം അനുവദിക്കേണ്ടതില്ല. എന്നാല്‍ പെന്‍ഷന്‍ പറ്റി പിരിഞ്ഞിരുന്നുവെങ്കില്‍ കിട്ടുമായിരുന്ന വേതനത്തില്‍ നിന്ന് കൂടതല്‍ കൊടുക്കുകയും വേണം . അതായത്‌ സര്‍വീസ്‌ വേതനത്തിന്റെയും പെന്‍ഷന്‍ വേതനത്തിന്റെയും ഒരു ശരാശരി വേതനമോ മറ്റോ ആയി ഫിക്സ്‌ ചെയ്യുക. ഒരു തവണ ഒരു വര്‍ഷത്തേയ്ക്കുമാത്രം സര്‍വീസ്‌ നീട്ടിക്കൊടുക്കുക. അടുത്തവര്‍ഷവും തുടരണോ എന്നത്‌ കര്‍ക്കശമായ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ മാത്രം നിശ്ചയിക്കുക. പിന്നെ പ്രായം കൂടുന്നതനുസരിച്ച്‌ വേതനവും കുറച്ചു കൊണ്ടു വരുക. അതായത്‌ വേതനത്തില്‍ ഒരു ഡിക്രിമന്റ്‌ ഒരോ വര്‍ഷവും . അതു മൂന്നോ അഞ്ചോ വര്‍ഷം കൊണ്ടു പെന്‍ഷന്‍ വേതനത്തില്‍ എത്തിനില്‍ക്കത്തക്കവണ്ണം ക്രമീകരിക്കാം. അതു കഴിഞ്ഞാല്‍ തുടരണോ വേണ്ടയോ എന്നത്‌ അദ്ധ്യാപകന്‍ തന്നെ തീരുമാനിച്ചോളും.

ഈയൊരു രീതി പ്രാവര്‍ത്തികമാക്കാമെങ്കില്‍, പരിചയസമ്പന്നരായ അദ്ധ്യാപകരുടെ സേവനം കുറച്ചു നാള്‍ കൂടി സമൂഹത്തിന്‌ ഉപകാരപ്രദമായ രീതിയില്‍ ഉപയോഗപ്പെടുത്താം. മാത്രമല്ല, ഈ രീതി അവലംബിച്ചാല്‍ മടിയന്മാരും ഉഴപ്പന്മാരുമായ അദ്ധ്യാപകരും തങ്ങളുടെ കര്‍മ്മ രംഗത്ത്‌ കുറെക്കൂടി നന്നാകാന്‍ നോക്കും, സ്വയം മെച്ചപ്പെടുത്താന്‍ ശ്രമിക്കും.

റിട്ടയര്‍മെന്റിനു ശേഷം ഒരദ്ധ്യാപകനു സര്‍വീസ്‌ നീട്ടിക്കൊടുക്കണമോ എന്നു നിശ്ചയിക്കുന്ന ഉന്നതാധികാര കമ്മിറ്റിയുടെ തീരുമാനങ്ങള്‍ വളരെ സുതാര്യമായിരിക്കണം.

മുന്നോട്ടു വയ്ക്കുന്ന ഈ നിര്‍ദേശങ്ങള്‍ ഗവണ്‍മന്റ്‌ ഒന്നു ശ്രദ്ധിച്ചിരുന്നുവെങ്കില്‍.

- ജെ.എസ്.

അഭിപ്രായം എഴുതുക »

ബൂലോകകവിത ഒരു വര്‍ഷം പിന്നിട്ടു

March 29th, 2008

കവിത വരണ്ട് പോകുന്നു, ടെക്നോളജി കവിതയെ കൊല്ലുന്നു എന്ന വിലാപം ഉയര്ന്ന കാലത്ത്, ബൂലോകത്ത് കാവ്യവിപ്ലവം ഉണ്ടാക്കിയ ഉദ്യമമായിരുന്നു ബൂലോക കവിത. അത് ഒരു വര്‍ഷം പിന്നിടുകയാണ്. ബൂലോക കവിതയുടെ അമരക്കാരനായ കവി വിഷ്ണുപ്രാസാദ് വാര്‍ഷികത്തോട് അനുബദ്ധിച്ച് എഴുതിയ കുറിപ്പ് താഴെ.

“2007 മാര്‍ച്ച് 13 ന് പി.പി രാമചന്ദ്രന്റെ ഒരു കവിതയുമായി തുടങ്ങിയ ബൂലോകകവിത ഒരു വര്‍ഷം പിന്നിട്ടത് ആരും ശ്രദ്ധിച്ചുകാണില്ല.ഈ ഒരു വര്‍ഷത്തിനിടയില്‍ തന്നെയാണ് പല ബൂലോകകവികളും ശ്രദ്ധേയമായ കവിതകളുമായി വന്നത്.ആഗ്രഹിച്ചതുപോലെ കവിതാചര്‍ച്ചയ്ക്കുള്ള ഒരിടമായി നമുക്കിത് വളര്‍ത്തിയെടുക്കാനായില്ലെങ്കിലും കവിതാവായാനക്കാരുടെ ഇഷ്ടപ്പെട്ട ഇടമായി ഇതു മാറിയിട്ടുണ്ട്.കവികളും അല്ലാത്തവരുമായ നാല്പതിലധികം എഴുത്തുകാരുടെ ഈ കൂട്ടായ്മയ്ക്ക് വരും കാലങ്ങളിലെന്തു ചെയ്യാമെന്ന് ചിന്തിക്കേണ്ട സമയമായിരിക്കുന്നു.ധാരാളം കവിതകള്‍ ബൂലോകത്ത് ഉണ്ടാവുന്നുണ്ട്.അവ വേണ്ട വിധം വായിക്കപ്പെടുന്നില്ല എന്നതാണ് പരമാര്‍ഥം.കവിത വിതച്ചതു പോലെയുള്ള ബ്ലോഗുകള്‍ നല്ല പരിശ്രമങ്ങളാണ്.ഹരിതകത്തെ പ്രോമോട്ടു ചെയ്യുക എന്നതു മാത്രമാണോ അതിന്റെ ലക്ഷ്യം എന്ന് സംശയമുണ്ടെങ്കിലും.”

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭാരതീയ കവിതകളുടെ അറബ്‌ പരിഭാഷാ സമാഹാരം പുറത്തിറങ്ങുന്നു

March 16th, 2008

പ്രശസ്‌ത അറബ്‌ കവിയും യു.എ.ഇ. പൗരനുമായ ഡോ. ഷിഹാബ്‌ എം. ഘാനിം അറബിയിലേയ്‌ക്ക്‌ പരിഭാഷപ്പെടുത്തിയ ഭാരതീയ കവിതകളുടെ സമാഹാരം പ്രസിദ്ധീകരണത്തിന്‌ തയ്യാറായി. മിര്‍സാ ഗാലിബും ടാഗോറും മുതല്‍ 1969-ല്‍ ജനിച്ച സല്‍മ വരെയുള്ള മുപ്പതോളം കവികളുടെ 77 കവിതകളുള്‍പ്പെടുന്ന ഈ ബൃഹദ്‌സമാഹാരത്തില്‍ മലയാളത്തിന്റെ സാന്നിദ്ധ്യവും ശ്രദ്ധേയമാണ്‌. കക്കാട്‌, അയ്യപ്പപ്പണിക്കര്‍, ആറ്റൂര്‍, കടമ്മനിട്ട, സച്ചിദാനന്ദന്‍, കെ. ജി. ശങ്കരപ്പിള്ള, ബാലചന്ദ്രന്‍ ചുള്ളിക്കാട്‌ എന്നിവരാണ്‌ മലയാളത്തില്‍ നിന്നുള്ള കവികള്‍.

അലി സര്‍ദാര്‍ ജാഫ്രി, കൈഫി ആസ്‌മി, മുന്‍പ്രധാനമന്ത്രി വാജ്‌പയ്‌ തുടങ്ങിയവരുടെ കവിതകളും ഈ സമാഹാരത്തിലുണ്ട്‌. വിവിധ ഭാരതീയ ഭാഷകളിലെഴുതപ്പെട്ടിട്ടുള്ള കവിതകളുടെ ഇംഗ്ലീഷ്‌ പരിഭാഷകളെ അടിസ്ഥാനപ്പെടുത്തിയാണ്‌ വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നതെന്ന്‌ ഡോ. ഷിഹാബ്‌ ഘാനിം പറഞ്ഞു.

അതേസമയം ജയന്ത മഹാപത്ര, കമലാ സുരയ്യ (മാധവിക്കുട്ടി) തുടങ്ങിയവരുടെ ഇംഗ്ലീഷ്‌ ഭാഷയിലെഴുതപ്പെട്ടിട്ടുള്ള കവിതകള്‍ നേരിട്ടു തന്നെ അറബിയിലേയ്‌ക്ക്‌ പരിഭാഷപ്പെടുത്തിയതും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

സംസ്‌ക്കാരങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങളല്ല സംഭാഷണങ്ങളാണ്‌ നടക്കേണ്ടത്‌ എന്ന അവബോധമാണ്‌ ഇത്തരമൊരു സംരംഭത്തിന്‌ തന്നെ പ്രേരിപ്പിച്ചതെന്ന്‌ ഡോ. ഘാനിം പറയുന്നു. ഇതിനു മുമ്പ്‌ മലയാളത്തില്‍ നിന്നുള്ള ഒരു കൂട്ടം കവിതകള്‍ അറബിയിലേയ്‌ക്ക്‌ പരിഭാഷപ്പെടുത്തി ആനുകാലികങ്ങളിലും പുസ്‌തകരൂപത്തിലും പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. ഘാനിമിന്റെ കവിതകളുടെ മലയാള വിവര്‍ത്തനം നേരത്തെ കറന്റ്‌ ബുക്‌സ്‌ പ്രസിദ്ധീകരിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലയാളത്തിന്റെ സുകൃതാംശു

March 5th, 2008

(പ്രശസ്ത സാഹിത്യകാരനും, വിവര്‍ത്തകനും, കേരളവര്‍മ്മ കോളജിലെ മുന്‍ പ്രിന്‍സിപ്പലുമായിരുന്ന ഡോക്ടര്‍ സുധാംശു ചതുര്‍വേദിയുമായി ജി. മനു നടത്തിയ അഭിമുഖം)

ഡോക്ടര്‍ സുധാംശു ചതുര്‍വേദി
ഇതു ഡോക്ടര്‍ സുധാംശു ചതുര്‍വേദി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ജനിച്ചു വളര്‍ന്ന് ഇരുപത്തിയൊന്നാം വയസുതൊട്ട്‌ മലയാളഭാഷ പടിച്ച്‌, ആ ഭാഷയെ കീഴടക്കിയ ഭാരതീയ സാഹിത്യത്തിലെ അതുല്യ പ്രതിഭ. മലയാളം പോലെ സുന്ദരമായ മറ്റൊരു ഇന്ത്യന്‍ഭാഷയില്ലെന്ന് മലയാളിക്കു മനസ്സിലാക്കിത്തന്ന മറുനാട്ടുകാരന്‍. കാളിദാസ നാടക സര്‍വ്വസ്വവും, ഭാസനാടകസര്‍വ്വസ്വവും, കുട്ടികളുടെ യേശുദേവനും മലയാളത്തില്‍ എഴുതിയ വിജ്ഞാനത്തിണ്റ്റെ നിറകുടം. തകഴിയുടെ കയറും, കേശവദേവിന്‍‌റെ ഓടയില്‍നിന്നും, ഉറൂബിന്‍‌റെ സുന്ദരികളും സുന്ദരന്‍മാരും, അഴീക്കോടിന്‍‌റെ തത്വമസിയും അടക്കം നിരവധി മലയാള ഗ്രന്ഥങ്ങള്‍ ഹിന്ദിയിലേക്ക്‌ വിവര്‍ത്തനം ചെയ്ത ഭാഷാസ്നേഹി. നൂറ്റമ്പതോളം പുസ്തകങ്ങളുടെ കര്‍ത്താവ്‌. സത്യത്തിന്‍‌റെ മുന്നിലല്ലാതെ മറ്റൊരിടത്തം തലകുനിക്കാത്ത ധീരനായ എഴുത്തുകാരന്‍. മൂന്നു ജീവചരിത്രം അടക്കം ഈ മഹാപ്രതിഭയെപ്പറ്റി നിരവധി പുസ്തകങ്ങള്‍ വന്നിട്ടുണ്ടെങ്കിലും മലയാളം വേണ്ടവിധം ഇദ്ദേഹത്തെ അംഗീകരിച്ചുണ്ടോ എന്ന് സംശയം ആണു. അടുക്കള വിശേഷങ്ങളും, പൈങ്കിളിക്കഥകളും പറഞ്ഞുനടക്കുന്ന സിനിമാക്കാര്‍ക്ക്‌ വരെ പത്മശ്രീ വാരിക്കൊടുക്കുന്ന ബ്യൂറോക്രസിയും, കച്ചവട മാധ്യമങ്ങളും ഈ സാംസ്കാരിക നായകനു അര്‍ഹിക്കുന്ന പ്രാധാന്യം കൊടുത്തിട്ടുമില്ല. അധികാരത്തിന്‍‌റെ ഇടനാഴിയില്‍ അംഗീകാരത്തിനു കാത്തുകെട്ടിക്കിടക്കാന്‍ താല്‍പര്യം ഇല്ലാത്ത, വര്‍ത്തമാന ജീവിതത്തിന്‍‌റെ കെട്ടുകാഴ്ച്ചകളില്‍ നിന്ന് ഒഴിഞ്ഞുമാറി തന്‍‌റേതായ ഒറ്റയടിപ്പതായിലൂടെ സഞ്ചരിക്കുന്ന, മരണത്തെയും പുഞ്ചിരിയോട്‌ സ്വീകരിക്കാന്‍ തയ്യാറായിയിരിക്കുന്ന, തൊട്ടുവന്ദിക്കുവാന്‍ യോഗ്യതയുള്ള ഒരു കാല്‍പാദം തേടിയലയുന്ന ഭാരതീയ യുവത്വത്തിനു ചൂണ്ടിക്കാണിച്ചു കൊടുക്കാന്‍ പാകത്തില്‍ വിരലിനെണ്ണാന്‍ മാത്രമുള്ള വ്യക്തിത്വങ്ങളില്‍ അഗ്രഗണ്യനായ, ഈ കര്‍മ്മയോഗിയുടെ ജീവിതത്തിലൂടെ ഒരു ചെറിയ യാത്ര…
ജി. മനു
? മലയാളത്തെ സ്നേഹിക്കുവാനുണ്ടായ സാഹചര്യം
= ആദ്യ പ്രധാനമന്ത്രി ശ്രീ.ജവഹര്‍ലാല്‍ നെഹ്രുവിന്‍‌റെ ഒരു വെല്ലുവിളി ഏറ്റെടുത്തായിരുന്നു തുടക്കം. എന്‍‌റെ ഇരുപത്തിയൊന്നാം വയസില്‍. ഏറ്റവും കഠിനമായ ദക്ഷിണെന്ത്യന്‍ ഭാഷയായ മലയാളം പഠിക്കാമോ എന്ന് അദ്ദേഹം ചോദിച്ചു. ധൈര്യത്തൊടെ അതു ഏറ്റെടുത്തു. ദില്ലി യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു അങ്ങനെ “അ” മുതല്‍ തുടങ്ങി. പ്രൊഫ: ഒ.എം.അനുജനെപ്പോലെയുള്ള പ്രഗത്ഭരുടെ കീഴിലായിരുന്നു പഠനം. പിന്നെ ഈ ഭാഷയുടെ സൌന്ദര്യം, പാരമ്പര്യം, സാഹിത്യസമ്പന്നത ഇവയൊക്കെ ഒരു ലഹരിയായ്‌ പടരുകയായിരുന്നു. അപ്പോഴേക്കും ഞാന്‍ ഹിന്ദിയില്‍ പല കൃതികളും പ്രസിധീകരിച്ചിരുന്നു. ഭാരത്തിലെ ഒട്ടുമിക്ക സാഹിത്യപ്രതിഭകളുമായി അടുത്തിഴപഴകാനും ഉള്ള സാഹചര്യം ഉണ്ടായിരുന്നു.
? കേരളത്തിലേക്കുള്ള യാത്ര?
= പുനലൂരിലെ ഹിന്ദി ട്രെയിനിംഗ്‌ കോളജിലെ പ്രിന്‍സിപ്പല്‍ ആയി ഇരുപത്തിരണ്ടാം വയസില്‍ നിയമനം കിട്ടി. അങ്ങനെ കേരളത്തില്‍ എത്തി. അതിനു മുമ്പു തന്നേ “ഓടയില്‍ നിന്ന്” ഹിന്ദിയിലേക്കു ഞാന്‍ വിവര്‍ത്തനം ചെയ്തിരുന്നു. അധികനാള്‍ അവിടെ തുടര്‍ന്നില്ല. തുടര്‍ന്ന് “ഹൈദരാബാദ്‌ ഹിന്ദി പ്രചാര്‍ സഭ” യുടെ കേരളത്തിലെ വിദ്യാലയങ്ങളുടെ മുഴുവന്‍ ചുമതലയും ഏറ്റെടുത്തു തിരുവനന്തപുരത്തേക്കു മാറി.
? ആ കാലയളവിലാണല്ലൊ അങ്ങ്‌ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുമായി സൌഹൃദം സ്ഥാപിക്കുന്നത്‌?
= അതെ. ഡോ.പി.കെ. നാരായണപിള്ള, കൈനിക്കര പദ്മനാഭന്‍പിള്ള, കൈനിക്കര കുമാരപിള്ള, കെ.സുരേന്ദ്രന്‍, ജഗതി എന്‍.കെ.ആചാരി, ഒ.എന്‍.വി, വയലാര്‍, പ്രൊഫ്‌. എന്‍. കൃഷ്ണപിള്ള, എം.പി.അപ്പന്‍, മുണ്ടശ്ശേരി തുടങ്ങിയ ഒട്ടുമിക്ക സാഹിത്യകാരും സുഹൃത്തുക്കളായി. മലയാള ഭാഷ ഒരു മാസ്മരലഹരിപോലെ എന്നില്‍ നിറയുകയായിരുന്നു. അക്കാലത്ത്‌ കോഴിക്കോട്ടു വച്ചു നടന്ന ഒരു ശിബിരത്തില്‍ മൂന്നരമണിക്കൂറ്‍ “കാവ്യത്തിണ്റ്റെ പ്രയോജനം” എന്ന വിഷയത്തില്‍ സംസാരിക്കുക ഉണ്ടായി. അന്നണു എം.ടി, തിക്കോടിയന്‍, കുട്ടിക്കൃഷണമാരാര്‍, ഉറൂബ്‌, കെ.ടി.മുഹമ്മദ്‌, എന്‍.വി.കൃഷ്ണവാര്യര്‍ തുടങ്ങിയവരുമായി സൌഹൃദം സ്ഥാപിക്കുന്നത്‌. പിന്നെയാണു കേരളവര്‍മ്മ കോളജില്‍ ലക്ചററായി നിയമനം കിട്ടിയത്‌.
? വിവര്‍ത്തനത്തിനു എല്ലാവരും അങ്ങയെ സമീപിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്‌.
= നിരവധി മലയാള കൃതികള്‍ ഹിന്ദിയിലേക്കു മൊഴിമാറ്റം നടത്തുകയുണ്ടായി.ഒപ്പം തന്നെ മലയാളത്തിലും ഹിന്ദിയും ഉള്ള സ്വതന്ത്ര കൃതികളും.അന്നത്തെ പ്രശസ്ത ആനുകാലിങ്ങളായ ജനയുഗം, കുങ്കുമം, മലയാളരാജ്യം തുടങ്ങിയവയില്‍ സൃഷ്ടികള്‍ വന്നുകൊണ്ടേയിരുന്നു. കേരളഭൂഷണത്തില്‍ ചിരഞ്ജിത്തിണ്റ്റെ നാടകത്തിന്‍‌റെ പരിഭാഷയായ “ആ ചിത്രം” പ്രസിധീകരിച്ചതു അപ്പൊഴാണു. ജനയുഗത്തില്‍ കുട്ടികള്‍ക്കായി “തുളസീദാസ്‌” ഖണ്ഡശ: പ്രസിധീകരിക്കപ്പെട്ടു. ലാല്‍ ബഹാദുറ്‍ ശാസ്ത്രിയുടെ ജീവചരിത്രമായ “കര്‍മ്മ ധീരന്‍‌റെ കാല്‍പ്പാടുകള്‍” പുസ്തകമായി ഇറങ്ങി. കൈനിക്കരയുടെ “വേലുത്തമ്പി ദളവ” ഹിന്ദിയിലേക്കു മൊഴിമാറ്റം നടത്തിയതും ആ സമയത്താണു.
? ശ്രീ ജി.ശങ്കരക്കുറുപ്പ്‌ മസ്തിഷ്കം കൊണ്ടെഴുതുന്ന കവിയാണു എന്ന വിമര്‍ശനം നേരിടുമ്പോള്‍ അങ്ങ്‌ അത്‌ എതിര്‍ത്തതും പിന്നെ ഹിന്ദിസാഹിത്യത്തില്‍ അദ്ദേഹത്തെ പരിചയപ്പെടുത്തുകയും ആദ്യത്തെ ജ്ഞാനപീഠം കിട്ടാന്‍ അദ്ദേഹത്തിനു അവസരം ഉണ്ടാക്കി കൊടുത്തു എന്ന് പറയപ്പെടുന്നതിനെപ്പറ്റി…
= അതെ. മലയാളത്തിലെ അസാമാന്യപ്രതിഭകളില്‍ ഒരാളാണു ജി. അസൂയകൊണ്ടോ എന്തൊ ഒരു വിഭാഗം അദ്ദേഹത്തിനു എതിരായിരുന്നു. അക്കാലത്താണു അദ്ദേഹത്തിന്‍‌റെ “സന്ധ്യ” എന്ന കാവ്യം തര്‍ജ്ജമ ചെയ്യുന്നത്‌. ഹിന്ദി സാഹിത്യലോകം രണ്ട്‌ കൈയും നീട്ടി അതു സ്വീകരിക്കുകയും മറ്റെല്ലാ ഭാഷാകൃതികളെയും പിന്തള്ളി മലയാളത്തിനു ആദ്യ ജ്ഞാനപീഠം കിട്ടാന്‍ വഴിതെളിയുകയും ചെയ്തു. ഇതു കാരണം ആദ്യം പലരും എന്നൊട്‌ വിരോധം വച്ചു പുലര്‍ത്തിയിരുന്നു. പിന്നെ അവയൊക്കെ മാറുകയും ചെയ്തു.
? അങ്ങയുടെ ആദ്യ സ്വതന്ത മലയാള നോവല്‍?
= “നദി സമുദ്രത്തിലേക്കു തന്നെ” എന്ന നോവല്‍. ഇതിന്‍‌റെ കൈയെഴുത്തു പ്രതി കണ്ടാണു ശ്രീ പുത്തേഴത്തു രാമന്‍ മേനോനു എന്നോടുള്ള വിരോധം മാറിയത്‌.
? മലയാളത്തില്‍ നേടിയ ഡോക്ടറേറ്റ്‌?
= 1971 ല്‍ ആണു കേരള യൂണിവേഴ്സിറ്റി എനിക്ക്‌ ഡോക്റ്ററേറ്റ്‌ തരുന്നത്‌. “ഹിന്ദി-മലയാളം പ്രശ്നനാടകങ്ങള്‍ ഒരു താരതമ്യപടനം” എന്ന വിഷയത്തില്‍.
? മലയാളി അല്ലാത്ത അങ്ങ്‌ കേരളത്തിലെ ഒരു കോളജിന്‍‌റെ പ്രിന്‍സിപ്പല്‍ ആയി നിയമിക്കപ്പെടുക എന്നൊക്കെ പറയുമ്പോള്‍
=ഗീതയില്‍ പറഞ്ഞിട്ടില്ലെ. എവിടെയാണു നാം എന്നത്‌ നമ്മുടെ നിയന്ത്രണത്തില്‍ അല്ല. കര്‍മ്മത്തില്‍ ഉറച്ചു നിന്നാല്‍ അര്‍ഹതപ്പെട്ടത്‌ തേടിവരും. സമരങ്ങളും കോലാഹലങ്ങളും രാഷ്ട്രീയ ഇടപെടലുകളും സസ്പെന്‍ഷനും വരെ എന്നെ തേടിയെത്തിയിട്ടുണ്ട്‌. കൊലക്കത്തിയുമായി എന്‍‌റെ മുന്നില്‍ വന്ന് നിന്ന ഒരാളെ ഇപ്പൊഴും ഓര്‍ക്കുന്നു. “എന്‍‌റെ ശരീരത്തെ ഇല്ലാതാക്കാം താങ്കള്‍ക്ക്‌ പക്ഷേ എന്നെ ഇല്ലാതാക്കാന്‍ താങ്കള്‍ക്കൊ, താങ്കളെ ഇല്ലാതാക്കന്‍ എനിക്കോ കഴിയില്ല” ഇത്‌ ഞാന്‍ പറഞ്ഞപ്പൊള്‍ തൊഴുകൈയുമായി അയാള്‍ നിന്നത്‌ ഓര്‍ക്കുന്നു ഞാന്‍. ധൈര്യം, സത്യം, കര്‍മ്മനിഷ്ഠ ഇതു മൂന്നും ഉണ്ടെങ്കില്‍ നിങ്ങള്‍ തോല്‍ക്കില്ല. ആര്‍ക്കും നിങ്ങളെ തോല്‍പ്പിക്കാന്‍ ആവില്ല. എന്‍‌റെ സസ്പന്‍ഷന്‍ ഓര്‍ഡര്‍ മൂന്നം ദിവസം റദ്ദാക്കുവാന്‍ ഒരു ഫോണ്‍ കോള്‍ പോലും എനിക്കു ചെയ്യേണ്ടിവന്നിട്ടില്ല.
? അടിയന്തിരാവസ്ഥക്കാലത്ത്‌ “ആല്‍ ഇന്ത്യാ റൈറ്റേഴ്സ്‌ കോണ്‍ഫറന്‍സ്‌” സംഘടിപ്പിക്കുവാന്‍ അങ്ങ്‌ മുന്‍ കൈ എടുത്തതും ഇതേ ധൈര്യത്തിണ്റ്റെ പുറത്തല്ലെ.
= തീര്‍ച്ചയായും. നോക്കൂ. മരണത്തെപ്പോലും പുഞ്ചിരിയോട്‌ നേരിടാന്‍ പടിക്കണം. “ഞാന്‍ പോലും എന്‍‌റെ അല്ല ” എന്ന് വിശ്വസിക്കുക. ഏല്‍പ്പിക്കപ്പെട്ട കര്‍മ്മം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. സ്വറ്‍ണ്ണം തിളക്കിയെടുക്കുന്നത്‌ അഗ്നിയുടെ ചൂടിലാണു. “പ്രയാസത്തില്‍ നിന്നാണു പ്രകാശം ഉണ്ടാവുന്നത്‌”. തടസ്സങ്ങളും പ്രതിസന്ധികളും കണ്ട്‌ ഭയക്കരുത്‌. മറിച്ച്‌ അവ നിങ്ങള്‍ക്കുള്ള അവസരങ്ങള്‍ ആണെന്നു വേണം കരുതാന്‍. മനക്കരുത്തു പകരാന്‍ ഈശ്വരന്‍ തരുന്ന അവസരങ്ങള്‍. ഏത്‌ ലോകത്തും ചെന്ന് ജീവിക്കാന്‍ പോലും മറ്റൊന്നും ആലോചിക്കാത്ത മലയാളിയോട്‌ മനക്കരുത്തിനേക്കുറിച്ച്‌ പറഞ്ഞുതരേണ്ട്‌ കാര്യമുണ്ടോ?
? കാളിദാസ, ഭാസ നാടക സര്‍വ്വസ്വങ്ങളെപ്പറ്റി?
= എന്‍‌റെ സ്വപ്നം ആയിരുന്നു അവ. കാളിദാസന്‍‌റെയും ഭാസന്‍‌റെയും സമ്പൂര്‍ണ്ണ കൃതികള്‍ മലയാളത്തില്‍ ആക്കുക. മൂലവും ലളിതമായ വിവര്‍ത്തനവും ഒന്നിച്ചു എഴുതിയിരിക്കുന്നു അതില്‍. കേരളം അത്‌ രണ്ടുകൈയും നീട്ടി സ്വീകരിച്ചതില്‍ അതിയായ സന്തോഷം ഉണ്ട്‌. ഇപ്പോള്‍ ഇവ രണ്ടും പുന:പ്രസിധീകരിക്കേണ്ടി വരുന്നു.
? മലയാളിക്കു പോലും ദഹിക്കാത്ത അഴീക്കൊട്‌ മാഷിന്‍‌റെ തത്വമസി വിവര്‍ത്തനം ചെയ്തതിനെപ്പറ്റി. അതുപോലെ തന്നെ മലയാളിക്ക്‌ ഇന്ന് അന്യമായ പത്തൊമ്പതാം നൂറ്റാണ്ടിലെ സംസാരശൈലി ഏറെയുള്ള തകഴിയുടെ കയറിന്‍‌റെ വിവര്‍ത്തനം?
= ഇവ രണ്ടും വെല്ലുവിളികളായി തന്നെ ഏറ്റടുത്തതാണു. ഇവര്‍ രണ്ട്‌ പേര്‍ക്കും ഇതിന്‍‌റെ പരിഭാഷയെപ്പറ്റി ആശങ്കകള്‍ ഉണ്ടായിരുന്നു. പുറത്ത്‌ വന്നപ്പോള്‍ ആ ആശങ്കകള്‍ ഒക്കെ മാറി. ഉത്തരേന്ത്യന്‍ വായനാസമൂഹം മുന്‍പില്ലാതിരുന്ന ആവേശത്തോടെയാണിവ സ്വീകരിച്ചത്‌.
? നിരവധി അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടല്ലോ അങ്ങയ്ക്ക്‌.
= “രാംഗേയ്‌ രാഘവ പര്യടന്‍ പുരസ്കാര്‍”, ബാലസാഹിത്യത്തിനുള്ള “ഐ.സി.സി.ഇ” അവാര്‍ഡ്‌, കേന്ദ്രസാഹിത്യ അക്കാദമി എന്‍ഡോവ്‌ മെണ്റ്റ്‌ അവാര്‍ഡ്‌, “വിദ്യാവാരിധി പുരസ്കാരം” അങ്ങനെ ഒട്ടനവധി.
? മലയാളത്തിന്‍‌റെ ഇന്നത്തെ അവസ്ഥ.
= മാറ്റം എന്തിനും വേണമല്ലൊ. സാഹിത്യം സജീവമാണു. വിശ്വസാഹിത്യത്തിലെ മാറ്റങ്ങളെ ഇവിടെയും കൊണ്ടുവരാന്‍ ഒരുപാട്‌ ചെറുപ്പക്കാര്‍ ഉത്സാഹിക്കുന്നു. പക്ഷേ, നിങ്ങള്‍ നിങ്ങളുടെ ഭാഷയെ വേണ്ടാവിധം സംരക്ഷിക്കുന്നില്ല. സംസ്കാരം ഭാഷയുടെ ഉപോല്‍പ്പന്നം ആണെന്ന് ഓര്‍ക്കുക. ബഹളത്തില്‍ മുങ്ങിപ്പോവുകയാണു ഇന്നത്തെ യുവത്വം. നയിക്കാന്‍ ആരുമില്ലാത്ത അവസ്ഥ.വൃദ്ധ ഗൃഹങ്ങളിലേക്കുള്ള ഘോഷയാത്രയായി ഒരു സാധാരണ മലയാളിയുടെ ജീവിതം മാറുന്നോ എന്നൊരു പേടിയില്ലാതില്ല. എങ്കിലും എഴുത്ത്‌ എന്നത്തെയും പോലെ നിലനില്‍ക്കുന്നു എന്നത്‌ ആശാവഹം ആണ്‌.

- ജെ.എസ്.

വായിക്കുക:

6 അഭിപ്രായങ്ങള്‍ »

Page 13 of 14« First...1011121314

« Previous Page« Previous « ബുക്കിന്റെ കാലം കഴിഞ്ഞുവോ? വരുന്നൂ ബ്ലുക്കുകള്‍
Next »Next Page » ഭാരതീയ കവിതകളുടെ അറബ്‌ പരിഭാഷാ സമാഹാരം പുറത്തിറങ്ങുന്നു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine