"ഒരു ചെമ്പനീര്‍ പൂവിറുത്ത്‌…"

January 18th, 2009

ആ – മുഖവും ഇ – മുഖവും ഉള്ള മലയാളത്തിലെ ആദ്യ പുസ്തകം. നവ സാങ്കേതികതയും നവ സാമ്പത്തികതയും കാലത്തേയും ഭാഷയേയും മാറ്റിയ ഈ കാലത്ത്‌ അഥവാ ATM – ഉം SMS – ഉം പോലെയുള്ള അക്ഷരങ്ങള്‍ക്ക്‌ വേണ്ടി സാധാരണക്കാരന്റെ വിരല്‍ തുമ്പുകള്‍ പരതുന്ന ഈ കാലത്ത്‌ സൂക്ഷ്മാലം കൃതങ്ങളായ സെന്‍സറുകള്‍ ഘടിപ്പിച്ച കഥകള്‍ ഈ പുസ്തകത്തില്‍ ഉടനീളം കാണാം.

കഥകളെ ക്കുറിച്ച്‌ ശ്രീ. മുഞ്ഞിനാട്‌ പദ്മ കുമാര്‍ : സ്വയം സന്നദ്ധമാവുകയും, ദുരന്തങ്ങള്‍ മുന്‍കൂട്ടി കണ്ട്‌ വിളിച്ചു പറയുകയും ചെയ്യുന്നു ഈ കഥകള്‍. മലയാളത്തില്‍ ഇത്തരം കഥകള്‍ അപൂര്‍വ്വമാണ്‌. ഈ അപൂര്‍വതയാകാം ബഹളമയമായ ഈ ലോകത്ത്‌ സുരക്ഷിത നായി ക്കൊണ്ട്‌ രാധാകൃഷ്ണന്‌ കഥകള്‍ എഴുതാന്‍ കഴിയുന്നതിന്റെ പിന്നിലും.

കഥകളെ ക്കുറിച്ച്‌ ശ്രീമതി. കവിതാ ബാലകൃഷ്ണന്‍ : ആശാന്‍, ചങ്ങമ്പുഴ, ഒ. എന്‍. വി., യേശുദാസ്‌ , ഒ. വി. വിജയന്‍ , മുകുന്ദന്‍, ചുള്ളിക്കാട്‌, മാധവിക്കുട്ടി തുടങ്ങി ഓരോരുത്തരുടേയും പ്രാമാണിക കാലങ്ങളില്‍ സാഹിതീയമായ ബ്ലോട്ടിംഗ്‌ പേപ്പറുകളും ഇലക്ട്രിക്‌ സര്‍ക്യൂട്ടുമായി കുറേ മനുഷ്യര്‍ സമൌനം ഇവരോടൊത്ത്‌ പോയിരുന്നതിന്‌ ഇന്ന്‌ ഒട്ടേറെ തെളിവുകളുണ്ട്‌. (മലയാളി) ജീവിതത്തിന്റെ സമസ്ത മേഖലകളിലും പാഠാന്തരതകളുടെ മല വെള്ള ക്കെട്ടുകള്‍ തന്നെ ഉണ്ട്‌. സാഹിത്യവും പ്രാമാണികതകളും ഇന്ന്‌ പാഠവും ചരിത്രവുമായി ക്കഴിഞ്ഞു.

ഇനി പ്രയോഗമാണ്‌ മുഖ്യം. പാഠ പ്രയോഗങ്ങളുടെ പ്രതിരോധ വൈദഗ്ധ്യത്തില്‍ , മുന്‍പേ പോയ ‘വായനാ മനുഷ്യര്‍’ ബാക്കി വച്ചതു പലതും കാണാം. (പ്രയോഗ വൈദഗ്ധ്യത്തിന്റെ ആശാന്മാര്‍ കുറച്ചേ ഉണ്ടായിരുന്നുള്ളൂ പ്രമാണിമാ ര്‍ക്കിടയി ല്‍പ്പോലും ബഷീര്‍, വി. കെ. എന്‍, എന്നിങ്ങനെ…)

എന്തും ഏതും വാക്യത്തില്‍ പ്രയോഗിക്കുന്ന പുതിയ കൂട്ടത്തിന്റെ പ്രതി സന്ധികളിലാണ്‌ പ്രിയപ്പെട്ട ആര്‍. രാധാകൃഷ്ണന്‍ വിലസുന്നത്‌.

വരിക ള്‍ക്കിട യിലൂടെ ഊളിയിടുക, അതാണ്‌ കഥയുടെ (സന്മാര്‍ഗ്ഗ) പാഠം. ഒറ്റ പ്പേജില്‍ തപസ്സു ചെയ്ക, അതാണ്‌ ഈ കഥാ കൃത്തിന്റെ (രീതി) ശാസ്ത്രം.

കഥാകാരനെ ക്കുറിച്ച്‌…

ആര്‍. രാധാകൃഷ്ണന്‍, പാലക്കാട്‌ എന്ന പേരില്‍ പത്രങ്ങളിലും, ആനുകാലിക പ്രസിദ്ധീ കരണങ്ങളിലും നൂറില്‍ പരം പ്രതികരണങ്ങള്‍ എഴുതിയിട്ടുണ്ട്‌. anagathasmasru.blogspot.com എന്ന വിലാസത്തിലും രചനകള്‍ പോസ്റ്റ്‌ ചെയ്യാറുണ്ട്‌. (അനാഗതശ്മശ്രു എന്ന ബ്ലോഗര്‍)

ഇപ്പോള്‍ പാലക്കാട്ടെ കേന്ദ്ര ഗവണ്‍മെന്റ്‌ സ്ഥാപനമായ ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡില്‍ ഐ. ടി. സെന്റര്‍ മേധാവിയാണ്‌.

വില: 60 രൂപ

പുസ്തകം വാങ്ങുവാന്‍ താഴെ പ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക:
ശ്രീ. ആര്‍. രാധാകൃഷ്ണന്‍: 00-91-9446416129
ശ്രീ. അശോകന്‍: 00-91-9447263609

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അറിവിന്റെ ആകൃതിയുള്ള കവിതകള്‍ – വിഷ്ണുപ്രസാദ്

January 10th, 2009

അറിവിന്റെ ആകൃതിയുള്ള കവിതകളാണ് വിനോദിന്റേത്. അത് രുചി വേണ്ടിടത്ത് കൊഴ കൊഴാന്ന് കൂട്ടു നില്‍ക്കുന്നില്ല. സമകാലിക സാഹിത്യ രാഷ്ട്രീയ – രാഷ്ട്രീയേതര രോഗങ്ങള്‍ക്കുള്ള മരുന്നുകളുടെ കൂട്ടില്‍ അതിന് അംഗത്വം വേണ്ട. ഉണങ്ങി ച്ചുളിയുന്നവയെ മിനുക്കി നിര്‍ത്താന്‍ അത് ഉത്സാഹിക്കുന്നുമില്ല. എങ്കിലും കവിതയുടെ ഈ വരണ്ട (DRY) ജീവിതം കവിതയുടേതു മാത്രമാണെന്ന് വിനോദ് വായനക്കാരനെ തിരുത്തുന്നുണ്ട്. എഴുത്തിനേക്കാള്‍ എഴുത്തുകാരന്റെ ജീവിതം തുറിച്ചു നോക്കുന്ന മലയാളി വായനക്കാരനുള്ള ഒരു പ്രഹരം എന്ന നിലയിലാണ് ഈ കവിത ഞാനാദ്യം വായിച്ചത്. ആ കവിതയുടെ മറ്റു പല മാനങ്ങളും പലരും വെളിപ്പെടുത്തിയതാണ്.

സുഷിര കാണ്ഡത്തില്‍ ഒരു മനുഷ്യന്റെ സ്വര്‍ഗ്ഗാരോഹണ ശ്രമം കാണാം. നരകത്തില്‍ നിന്ന് സ്വര്‍ഗ്ഗത്തിലേക്കുള്ള തന്റെ നോട്ടത്തിന് തന്റെ തന്നെ നഷ്ട ബോധം കരടായി നില്‍ക്കുന്നു. നഷ്ട ബോധം എന്ന ഈ കരടിനെ കടക്കാനുള്ള ശ്രമം അതിനെ പാപമോ പുണ്യമോ ആയി പരിണമിപ്പിച്ചേക്കാം. ഈ അപ്രവചനീയതയെ നേരിടുക എന്നത് ലക്ഷ്യങ്ങളുടെ കൃത്യതയുള്ള ഒരാള്‍ക്ക് നിശ്ചയമായും ഒരു പ്രതിസന്ധിയാണ്. ഇത്തരം സന്ദിഗ്ദ്ധതകളിലാണ് വിനോദിന്റെ കവിതകള്‍ പൊതുവെ അഭിരമിക്കുന്നത്. ലോകത്തെ ക്കുറിച്ച് ധനാത്മകമോ ഋണാത്മകമോ ആയ ഏതു തരം വീക്ഷണമാണ് അവ മുന്നോട്ടു വെക്കുന്നതെന്ന് ഒരു കണക്കെടുപ്പു കാരനെ പ്പോലെ നോക്കുമ്പോള്‍ പ്രത്യാശകളുടെ ബാരോമീറ്ററിലെ ഏറ്റവും ചെറിയ അങ്കനങ്ങളി ലെവിടെയോ അവ നിശ്ചലമായി നില്‍ക്കുന്നത് കാണാം. ഈ താഴ്ന്ന അങ്കനത്തിലേക്ക് അതിനെ ഇടിച്ചു നിര്‍ത്തുന്നത് അതിനു പൂരകമായത്ര നിരാശകളുടെ ഘനം തന്നെയാവണം. അസാധ്യതകളുടെ വിരസ വ്യംഗ്യം എന്ന് ജീവിതത്തെ സൂചന എന്ന കവിതയില്‍ കവി തിരിച്ചറിയുന്നതും ഇതിനോട് കൂട്ടി വായിക്കേണ്ടതാണ്. വെളിച്ചം ഇരുട്ടിനെ ക്കുറിച്ചും കാഴ്ചകള്‍ നിഴലിനെ ക്കുറിച്ചുമുള്ള സൂചനകളാണ്. പക്ഷേ വെളിച്ചം കൊണ്ട് കാണാനാവില്ല ഇരുട്ടിനെ. നിഴലിനെ നിറം തേച്ച് ചിത്രമാക്കാ നുമാവില്ല. അസാധ്യതകള്‍ അസാധ്യതകള്‍ തന്നെ.

ജീവിതത്തെ അത്രയേറെ അപഗ്രഥിക്കുകയും ഉള്‍ക്കാഴ്ച കളിലേക്ക് തുറന്നിടുകയും ചെയ്യുന്ന കവിതകള്‍ ബ്ലോഗിലെങ്കിലും വിനോദിന്റെ മാത്രം പ്രത്യേകതയാണ്. മടക്ക വിവരണം എന്ന കവിതയില്‍ ഇതു വരെ വന്നത് അവനവനെ കാണാനാനെന്ന് പറയാതെ പറയുന്നുണ്ട് കവി. തന്നോടു തന്നെയുള്ള തര്‍ക്കമാണ് പലപ്പോഴും വിനോദിനു കവിത. ഒരു താര്‍ക്കികന്റെയോ രസ തന്ത്രജ്ഞന്റെയോ കൃത്യത അയാള്‍ എപ്പോ‍ഴും തന്റെ കവിതയില്‍ ആവാഹിക്കാന്‍ ശ്രമിക്കുന്നു.

കണ്ണാടിയില്‍ എന്ന കവിത നോക്കൂ. മൂന്നു കാലങ്ങളിലേക്ക് ഒരു മുഖത്തെ പിടിച്ചു വെച്ചുള്ള നോട്ടമുണ്ടതില്‍. (പ്രിസം എന്ന കവിത ഇതിനോട് ചേര്‍ത്തു വായിക്കേണ്ട ഒന്നാണെന്ന് തോന്നുന്നു.) കണ്ണാടിയിലെ കാലം നോട്ടം എന്ന അര്‍ഥത്തില്‍ സങ്കീര്‍ണമാവുന്നു. ഒരര്‍ഥത്തില്‍ സങ്കീര്‍ണമായ ലോകത്തെ തന്റെ നോട്ടങ്ങളിലൂടെ അഴിക്കുകയോ പിരിക്കുകയോ തന്നെയാണ് വിനോദ് കവിതയില്‍ ചെയ്യുന്നത്. ഈ കവിതയ്ക്ക് ലതീഷ് മോഹന്‍ എഴുതിയ ഒരു കമന്റ് പ്രസക്തമായിതോന്നുന്നു.

:latheesh mohan said…
ഭൂതം, ഭാവി,വര്‍ത്തമാനം എന്നിങ്ങനെ സ്ഥല കാലങ്ങളുടെ കെട്ടു പാടില്‍ വിനോദിന്റെ കവിതകള്‍ കുടുങ്ങി പോകുന്നത്, വല്ലാത്തൊരു ഊര്‍ജ നഷ്ടത്തിനും ചെറുപ്പ നഷ്ടത്തിനും ഇടയാക്കുന്നുണ്ടോ എന്നൊരു തോന്നല്‍…

അറിവ് വാര്‍ദ്ധക്യ സഹജമായ ഒന്നായി കരുതി പ്പോരുന്ന ഒരു സാമ്പ്രദായികതയില്‍ വിശ്വസിക്കുക കൊണ്ടാവണം വിനോദിന്റെ കവിതകളില്‍ നമ്മെ പ്പോലുള്ള സാധാരണ വായനക്കാര്‍ക്ക്(ലതീഷ് മോഹന്‍ നിശ്ചയമായും ഒരു സാധാരണ വായനക്കാരനല്ല.) ചെറുപ്പത്തെ കാണാന്‍ കഴിയാതെ പോകുന്നത്.

തന്റെ കാലത്ത് മനുഷ്യ ബന്ധങ്ങള്‍ക്കിടയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന വരള്‍ച്ച കവി അടയാള പ്പെടുത്തുന്നുണ്ട് ഒഴിവിടത്തെ പ്പറ്റി പറഞ്ഞു നോക്കുന്നു എന്ന കവിതയില്‍. എന്തും കെട്ടി പ്പൊക്കാന്‍ ഉറപ്പുള്ള ഉറപ്പുകള്‍ / ഇടം / നിരപ്പ് ചെങ്കല്‍ മടയായി മാറുന്നത് വേദനാജനകവും സുപരിചിതവുമായ വര്‍ത്തമാന കാല യാഥാര്‍ഥ്യമാണ്. ഈ പരിണതി ഒട്ടും ആകസ്മിക മല്ലെന്നതാ ണേറ്റവും വേദനാകരം.

ക്യൂ എന്ന്ന കവിതയ്ക്ക് റോബിയുടെ ഒരു കമന്റ് രസകരമാണ്:

റോബി said…
വിനോദിന്റെ കവിത വായിക്കുന്നത്‌ സിഐഡി പണിയാകണമെന്ന മുന്‍ധാരണയില്‍ ഇന്നലെ ആദ്യം കണ്ടപ്പോള്‍ ബുദ്ധി കൊണ്ടു വായിച്ചു. ഒരിടത്തുമെത്തിയില്ല്ല..:) ഇന്നു രാവിലെ ഒന്നു വായിച്ചപ്പോള്‍ പുതിയൊരു വെളിച്ചം. ഇനി നാളെ ഒന്നു കൂടി നോക്കണം..:)

വായനക്കാരനെ അത്രയെളുപ്പം പരിഗണിക്കുന്നതല്ല ആ കവിതകള്‍. കൌതുകത്തിന് പടച്ചുണ്ടാക്കിയതല്ല അവ.

വിവര്‍ത്തനം എന്ന കവിതയില്‍ ഒരു കൊറിയന്‍ അനുഭവമുണ്ട്. ബാറിന്റെ ചവിട്ടു പടികളിലൊന്നില്‍ ഏങ്ങിക്കരയുന്ന ഒരാള്‍. കിം – മോങ് – ഹൊ എന്നാണ് അയാളുടെ പേര്, ടാക്സി ഡ്രൈവര്‍. അയാള്‍ സൊജുവിന്റേയും സിഗരറ്റിന്റേയും മണം തെറിപ്പിച്ച് പലതും പറഞ്ഞു. ലോകത്തിലെ എല്ലാ മനുഷ്യരും പാവങ്ങളാണ് എന്നായിരിക്കില്ല അയാള്‍‍ പറഞ്ഞതെങ്കിലും കവി അങ്ങനെ മനസ്സിലാക്കുന്നു. ഈ മനസ്സിലാക്കലാവണം വിനോദിനെ കവിയാക്കുന്നത്. (കിം – മോങ് – ഹൊ = എന്തിനാ‍ടാ മോങ്ങുന്നേ എന്ന് ഒരു വായനക്കാരന്റെ വിവര്‍ത്തനം)

വാക്കുകളുടെ പെരുങ്കല്ലുകള്‍ കെട്ടി വെച്ച് ഭാഷയുടെ തണുത്ത ആഴത്തിലേക്ക് കൂപ്പു കുത്തുന്ന കവിത എന്ന് വിനോദ് ഒരു കവിതയില്‍ പറയുന്നുണ്ട്. എന്തെല്ലാം തലങ്ങളാ ണീയൊരു കാവ്യ പ്രസ്താവനയില്‍ ഒളിച്ചിരിക്കുന്നത്? മരണം / മോചനം തന്നെയാണ് കവിത. അത് കേവലമായ ഒരു മരണവുമല്ല. ഉറപ്പിച്ച ഒരു ആത്മാഹുതിയാണ്. മരണത്തിലേക്ക് / മോക്ഷത്തിലേക്ക് ധ്യാനിച്ചും ഇന്ദ്രിയ നിഗ്രഹത്തിലൂടെയും സഞ്ചരിച്ചിരുന്ന സന്യാസ പാരമ്പര്യങ്ങളെ ഓര്‍മിപ്പിക്കുന്നുണ്ട് ഇത്.

മലയാള വായനക്കാര്‍ക്ക് ഒരു പുതിയ കാവ്യാനുഭവം സമ്മാനിക്കും വിനോദിന്റെ പുസ്തകം. വിനോദിനും ബുക്ക് റിപ്പബ്ലിക്കിനും എന്റെ ആശംസകള്‍.

വിഷ്ണു പ്രസാദ്



- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

നിന്റ്റെ ഓര്‍മ്മക്ക് – ഷീല ടോമി

October 22nd, 2008

മരിക്കും സ്മൃതികളില്‍ ജീവിച്ചു പോരും ലോകം
മറക്കാന്‍ പഠിച്ചതു നേട്ടമാണെന്നാകിലും,
ഹസിക്കും പൂക്കള്‍ കൊഴിഞ്ഞില്ലെങ്കിലൊരുനാളും
വസന്തം വസുധയില്‍ വന്നിറങ്ങില്ലെന്നാലും,
വ്യര്‍ത്ഥമായാവര്‍ത്തിപ്പൂ‍ വ്രണിതപ്രതീക്ഷയില്‍
മര്‍ത്യനിപ്പദം രണ്ടും, “ഓര്‍ക്കുക വല്ലപ്പോഴും“. (പി. ഭാസ്കരന്‍)

വര്ഷങ്ങള്‍ക്കു ശേഷം ഞാനിന്ന് മനുവിനെക്കുറിച്ച് ഓര്‍ത്തുപോയി. ഓര്‍മ്മിക്കുവാന്‍ കാരണം ബുക് ഷെല്‍ഫില്‍ പരതി നടക്കുന്‍പോള്‍ കയ്യില്‍ കിട്ടിയ എം.ടി കഥകളുടെ സമാഹാരമാണ്‍. ആ പുസ്തകത്താളുകളില്‍ കുനുകുനെ കണ്ട കയ്യക്ഷരം പകര്‍ന്ന സാഹോദര്യത്തിന്റ്റെ ഇളവെയില്‍ വര്‍ഷങ്ങള്‍ താണ്ടി മറ്വിയുടെ മഞ്ഞുമറ നീക്കി ഒഴുകി പരന്ന പോലെ…….

ഓര്‍ക്കുക വല്ലപ്പോഴും എന്ന് അവസാനമായ് മൊഴിഞ്ഞ് മണലാരണ്യത്തിന്റ്റെ അനന്തവിശാലതിയെലെങ്ങൊ അപ്രത്യക്ഷമായ പുഞ്ചിരി. ഒരുപാട് സങ്കടങ്ങള്‍ ഉള്ളിലൊതുക്കി ചിരിച്ച് ജീവിക്കുന്ന അനേകായിരം പ്രവാസികളില്‍ ഒരാളായിരുന്നു അവനും.

സ്ഥലം അബുദാബിയിലെ പ്രശസ്തമായ ഒരു എക്സ്ചേഞ്ച് കമ്പനി. ഒരു ഇന്ത്യന്‍ ബാങ്കിന്റ്റെ മണിഡ്രോയിങ്സ് വെരിഫിക്കേഷനു വേണ്ടിയാണ്‍ ഞാന്‍ അന്നവിടെ എത്തിയത്. അകൌണ്ട്ന്ടിനെ കാത്തിരുന്നപ്പോള്‍ കൈയില്‍ ഫയലുകളുമായ് ഒരു ചെറുപ്പക്കാരനെത്തി. അയാളുടെ കണ്ണുകള്‍ നാലു ചുറ്റും ആരെയൊ പരതി. പിന്നെ മടിച്ച് മടിച്ച് ചോദിച്ചു.

“മാഡം, ഓഡിറ്ററ് എവിടെ?”
“ഞാന്‍ തന്നെ.”
ഒരു കുസൃതിചിരിയോടെ അയാള്‍ പറഞ്ഞു, “ അയ്യൊ, അറിഞ്ഞില്ല. പുതിയ ഓഡിറ്ററ് വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ ഒരു വയസനെയാ ഭാവനയില്‍ കണ്ടതു”
ഞാനും ചിരിച്ചു. “ചെറുപ്പക്കാരികള്‍ കണക്കു നോക്കിയാല്‍ ശരിയാവുമോന്ന് നോക്കട്ടെ.”

കാലവും കണക്കുകളും വേഗത്തില്‍ മുന്നോട്ട് നീങ്ങി.

നാടിന്റ്റെ പട്ടിണി മാറ്റുന്ന പ്രവാസി എന്ന പ്രയാസി നാട്ടിലേക്കൊഴുക്കുന്ന കോടികളുടെ കണക്കുകള്‍ക്കിടയിലും മനു വാചാലനാകും. നാട്ടില്‍ അവനെ കാത്തിരിക്കുന്ന പ്രേയസിയെയും ലക്ഷ്മിമോളെയും പറ്റി….. മാത്രമല്ല, ആകാശത്തിനു കീഴിലുള്ള എന്തും അവനു വിഷയമാകും.

““മിണ്ടാതിരുന്നൊന്ന് ജോലി ചെയ്തൂടെ..!” പലപ്പോഴും ഓര്‍മപ്പെടുത്തി.
“പറഞ്ഞു തീര്‍ക്കാതെ ബാക്കി വക്കുന്ന വാക്കുകളെല്ലാം കണ്ണടച്ച് കഴിയുന്‍പൊ കരഞ്ഞോണ്ട് പിന്നാലെ വന്നാലൊ” മനുവിന്റ്റെ മറു ചോദ്യം! കൂടെ ഒരു വിഡ്ഢിച്ചിരിയും.

ഒരു ദിവസം ഒരു പൂച്ചയുടെ നഖങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളുമായാണ്‍ അവന്‍ എന്നെ എതിരേറ്റത്. മനുവിന്റ്റെ കൈയില്‍ ഒരു ആനുകാലികത്തില്‍ എം.ടി യുടെ “ഷെര്‍ലെക്കി“നെ കുറിച്ച് ഞാന്‍ എഴുതിയ ആസ്വാദനമുണ്ട്. മുറിച്ച് കളഞ്ഞിട്ടും വീണ്ടും വളര്‍ന്നു വരുന്ന അമേരിക്കന്‍ പൂച്ചയുടെ നഖങ്ങളെകുറിച്ചുള്ള എന്റ്റെ പരാമര്‍ശങ്ങളില്‍ പിടിച്ചു തൂങ്ങിയിരിക്കുകയാണ്‍ മനു.

അന്ന് ലെഡ്ജര്‍ ഷീറ്റുകളിലൂടെ ഷെര്‍ലക്ക് മുരണ്ടുകൊണ്ടു നടന്നു. മണല്‍ നഗരത്തില്‍ വെയിസ്റ്റ് ബിന്നുകള്‍ക്കിടയിലൂടെ മാത്രം അലയാന്‍ വിധിക്കപ്പെട്ട മാര്‍ജാരവീര്യത്തോടെ. അന്നവന്‍ പറഞ്ഞു തീര്‍ത്തതിന്റ്റെ സാരം പ്രവാസിയുടെ ബാലന്‍സ്ഷീറ്റ് ആയിരുന്നു. പ്രവാസം വിധിക്കപ്പെട്ടവന്റ്റെ മനസ്സും ഇതു പോലുള്ള നഖങ്ങല്‍ക്കുള്ളില്‍ കുടുങ്ങിയിരിക്കുകയാണ്‍. ഗള്‍ഫുകാരനായാലും അമേരിക്കക്കാരനായാലും അതിജീവനത്തിനു വേണ്ടിയുള്ള അന്തര്‍ദാഹം അവനെ ആഗോളസ്വപ്നങ്ങള്‍ക്കടിമയാക്കുന്നു. നേടുന്നവര്‍ ഒരുപാടുണ്ട്. എന്നാല്‍ സ്വന്തമായ ഇടവും ഭാഷയും ആത്മസത്തയും പലപ്പോഴും അവന്‍ അറിയാതെ നഷ്ടമാവുന്നു. ജോബ് മാര്‍കറ്റില്‍ വെള്ളത്തൊലിക്കരനു മുന്നില്‍ അവന്റ്റെ ബുദ്ധിക്ക് താണവില നിശ്ചയിക്കപ്പെടുന്നു. സ്വന്തം നാട് നല്‍കാത്ത സാമ്പത്തിക ഭദ്രത കിട്ടുമെന്ന വിശ്വാസത്തില്‍ എല്ലാ വിവേചനങ്ങളും അവന്‍ വിസ്മരിക്കുന്നു!

അങ്ങനെയങ്ങനെ ഞങ്ങളുടെ സംഭാഷണങ്ങളില്‍ സാഹിത്യവും സംസ്കാരവും പതിവ് വിഷയങ്ങളായി. മാക്കോണ്ട (ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍) മുതല്‍ കോക്കാഞ്ചറ (ആലാഹയുടെ പെണ്മക്കള്‍) വരെ എത്ര ഭൂമികകള്‍ ഞങ്ങള്‍ നടന്നു കയറി! ഇടുങ്ങിയ ബാച്ചലര്‍ മുറിയില്‍ പ്രിയമുള്ളവരുടെ ഓര്‍മകളില്‍ മനസ്സുലയുന്‍പോള്‍ അയാള്‍ക്കഭയമായത് പുസ്തകങ്ങളായിരുന്നു.

“ഭാര്യയേയും മകളേയും ഇങ്ങ് കൊണ്ടു വന്നൂടെ” എന്നു ചോദിച്ചാല്‍ സമയമായില്ല എന്നായിരുന്നു മറുപടി. “ അവരോടൊപ്പം കഴിയാന്‍ എത്രകൊതിക്കുന്നു! പക്ഷെ, കുടുംബമായ് താമസിച്ചാല്‍ അധികമൊന്നും മിച്ചം വക്കാനുണ്ടാവില്ല. ആദ്യം ന്റ്റെ മോള്‍ക്കായ് ഇത്തിരി സമ്പാദിക്കട്ടെ. ഭാര്യ നാട്ടില്‍ ടീച്ചറാ. അവളുടെ ജോലിയും സ്ഥിരമാകട്ടെ. പിന്നെ അവര്‍ ലോങ് ലീവെടുത്ത് ഇങ്ങ് പറന്നു വരില്ലെ”

ആ വാക്കുകള്‍ക്കിടയില്‍ മനുവിന്റ്റെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയത് ഇന്നലെ എന്ന പോല്‍ ഓര്‍മിക്കുന്നു!
ലക്ഷ്മിമോളുടെ പിറന്നാളിന്‍ ബാച്ചലറ് അടുക്കളയില്‍ തയ്യാറാക്കിയ പായസവുമായാണ്‍ മനു എത്തിയത്. രാവിലെ പിറന്നാള്‍ ആശംസിക്കാന്‍ മനു ലക്ഷ്മി മോളെ വിളിച്ചു. ഫോണ്‍ വച്ചശേഷം തേങ്ങിക്കരഞ്ഞ ആ അച്ഛനെ ആശ്വസിപ്പിക്കാന്‍ കൂട്ടുകാര്‍ ഉണ്ടാക്കിയതാണത്രെ പായസം. അതാണ്‍ പ്രവാസത്തിന്റ്റെ പുണ്യം. രക്തബന്ധങ്ങള്‍ വരണ്ടുണങ്ങുന്‍പോള്‍ പോലും നിര്‍ത്താതെ പെയ്യുന്ന സൌഹൃദത്തിന്റ്റെ ചാറ്റല്‍ മഴ!

അങ്ങനെ ഒരിക്കല്‍ മനു നാട്ടിലേക്കു പറന്നു. തിരികെ വന്നപ്പോള്‍ കൂടെ ഭാര്യയും മോളുമുണ്ട്. എനിക്കായി കുറെ പുസ്തകങ്ങളും കരുതിയിരുന്നു അവന്‍. എം.ടി യുടെയും ബഷീറിന്റ്റെയും കഥാസമാഹാരങ്ങളും ഒരു ശബ്ദതാരാവലിയുമുണ്ടായിരുന്നു.

“മരുഭൂമിയിലെ വരണ്ടകാറ്റില്‍ ഭാവനയും വാക്കുകളുമൊക്കെ എങ്ങോ പോയ് ഒളിക്കുമ്പോലെ…. എഴുതാനിരിക്കുന്‍പൊ ഒന്നും പേനത്തുന്‍പില്‍ വരണില്ല” എന്റ്റെ മടിയെ സാധൂകരിക്കാനായ് ഒരിക്കല്‍ ഞാനങ്ങനെ പറഞ്ഞിരുന്നു. അതിനു അവന്‍ എന്നെ ഒന്നു കളിയാക്കിയതാ, ശബ്ദതാരാവലിയിലൂടെ.

“ ഇനി വാക്കു കളഞ്ഞു പോയെന്നും പറഞ്ഞ് എഴുതാതിരിക്കന്ട. ഒളിച്ചുപോണതെല്ലാം ഇതിലുണ്ടാവും. ഇതിലും കാണാത്ത വാക്കുകള്‍ വേണങ്കില്‍ ബഷീറിനെ വായിച്ചോളൂ.“

ഇങ്ങനെയൊക്കെ ആയിരുന്നു മനു. സത്യത്തില്‍ കുറെ ആശയങ്ങളും പുസ്തകങ്ങളും മാത്രമായിരുന്നില്ലെ മനു എനിക്കു! കൂടുതല്‍ ഒന്നും അറിയാന്‍ ഞാന്‍ ശ്രമിച്ചിരുന്നില്ല.

മനുവിന്റ്റെ ഭാര്യയുമായ് സംസാരിച്ചപ്പോഴാണ്‍ ഞെട്ടിക്കുന്ന ആ സത്യം അറിഞ്ഞത്. അവന്‍ ഒരു വൃക്കരോഗിയാണ്‍. കുറേയായി ചികിത്സയിലാണ്‍. പ്രകൃതിചികിത്സ, യോഗ അങ്ങനെയെന്തൊക്കെയോ ഉണ്ടായിരുന്നു.. ഇടക്ക് ഡയാലിസിസും തുടങ്ങിക്കഴിഞ്ഞിരുന്നു!

എന്തൊക്കെ മറച്ചു വച്ചു കൊണ്ടാണ്‍ സോദരാ നീ ഇത്രനാള്‍ ചിരിച്ചും കളി പറഞ്ഞും ഓടി നടന്നത്! ആരുടെയൊക്കെയോ സങ്കടങ്ങളെ പറ്റി വാചാലനായിക്കൊണ്ടിരുന്നത്!

മനുവിന്റ്റെ ഭാര്യയില്‍ പ്രതീക്ഷയുടെ കിരണ്‍ങ്ങള്‍ ഞാന്‍ കണ്ടു. മോളെ ചേര്‍ത്തു പിടിച്ച് അവള്‍ പറഞ്ഞു. “ മോള്‍ക്കിപ്പം എന്നെ വേണ്ട. എല്ലാത്തിനും അച്ഛന്‍ മതി. അച്ഛന്‍ ചോറുരുട്ടി കൊടുക്കണം. അച്ഛന്‍ ഉറക്കി കൊടുക്കണം. അച്ഛനു വയ്യെന്നു പറഞ്ഞാലും അച്ഛന്റ്റെ വിരലില്‍ തൂങ്ങി ഷോപ്പിങ്ങിനു പോണം. അച്ഛനെയൊന്നു കാണാന്‍ എത്രനാള്‍ അവള്‍ കാത്തിരുന്നതാ.. ഭഗവാന്‍ എല്ലാം കാണുന്നുണ്ട്.. ഇല്ലെ ?”

അവളെ ആശ്വസിപ്പിക്കാനുള്ള വാക്കുകള്‍ ഒരു ശബ്ദതാരാവലിയില്‍ നിന്നും എനിക്കു കിട്ടിയില്ല.

അധികം താമസിയാതെ ഞങ്ങള്‍ അബുദാബി വിട്ട് ദോഹയിലേക്ക് പോന്നു.

“പോകും മുന്നേ എല്ലാരും കൂടി ഒന്ന് വീട്ടില്‍ വരണംട്ടൊ.“ അവസാനമായ് കണ്ടപ്പോള്‍ മനു പറഞ്ഞു. പക്ഷെ, തിരക്കുകള്‍ക്കിടയില്‍ ആ സന്ദര്‍ശനം നടന്നില്ല.

ദോഹയിലെത്തി മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആ ദുരന്ത വാര്‍ത്ത ഞങ്ങളെ തേടിയെത്തി. മനു യാത്രയായി….. പറയാന്‍ ഒരുപാടൊരുപാട് ബാക്കിവച്ച്….
സ്നേഹത്റ്റിന്റ്റെ ഒരു ചെറു പുഞ്ചിരി, ഒരു നല്‍ മൊഴി പ്രിയമുള്ളവര്‍ക്ക് കൊടുക്കാന്‍ നേരമില്ലാതെ എങ്ങോ പായുന്ന യന്ത്രമനുഷ്യരുടെ ലോകത്തില്‍നിന്നും അവന്‍ പറന്നകന്നു…

നമുക്കായി കാത്തിരിക്കുന്നവര്‍ക്ക് നാം തിരികെ കൊടുക്കാത്ത സമയവും സ്നേഹവും ദൈവത്തിന്റ്റെ കണക്കു പുസ്തകത്തില്‍ നമ്മുടെ ലയബിലിറ്റീസ് ആയി എഴുതപ്പെടുന്നുണ്ടാവുമൊ! പ്രപഞ്ചത്തില്‍ ഊര്‍ജത്തിന്‍ മരണമില്ലെന്ന് ശാസ്ത്രം പറയുന്നു. പിരിഞ്ഞുപോയവരുടെ ചിന്തകളുടെയും അഭിലാഷങ്ങളുടെയും ഊര്‍ജം ഏതോ അദൃശ്യകിരണങ്ങളായ് നമ്മെ വലയം ചെയ്യുന്നുണ്ടാവുമൊ!

മനുവിന്റ്റെ ഭാര്യക്ക് ഭര്‍ത്താവിനൊപ്പം കഴിയാന്‍ കിട്ടിയത് എത്ര കുറഞ്ഞ ദിനങ്ങള്‍…! ആ കുഞ്ഞിന്‍ അച്ഛന്റ്റെ വാത്സല്യം നുകരാനായത് എത്ര മാത്രകള്‍….!

ഭാര്യയുടെ ജോലി സ്ഥിരമാകും വരെ നാട്ടില്‍ നിര്‍ത്താനുള്ള മനുവിന്റ്റെ തീരുമാനം എത്രയോ നന്നായ്. മോളെ താലോലിച്ച് കൊതി തീരാതെ അവന്‍ പോയെങ്കിലും അവളെ പൊന്നു പോലെ നോക്കാന്‍ ടീച്ചര്‍ക്കാവും എന്ന ചിന്ത അവസാനനിമിഷങ്ങളില്‍ അവനു ആശ്വസമേകി കാണും. മനു ശരിയായ ചികിത്സകള്‍ എടുത്തിരുന്നില്ലെ എന്നു പോലും സംശയിക്കുന്നു. രക്ഷ കിട്ടില്ലാ എന്ന ചിന്ത അവനെ തളറ്ത്തിയിട്ടുണ്ടാവുമൊ? സമ്പാദ്യം ചികിത്സക്കായ് പാഴാക്കാതെ പ്രിയമുള്ളവര്‍ക്കായ് കരുതി വക്കുകയായിരുന്നുവൊ നീ സോദരാ!

ആഢംബരങ്ങളില്‍ മുങ്ങി നില്‍ക്കുന്ന ഗള്‍ഫ് നഗരികളില്‍ ആരോരുമറിയാതെ ഇതുപോല്‍ മെഴുകുതിരികളായ് ഉരുകി തീരുന്ന ഒരുപാടൊരുപാട് സഹോദരങ്ങളുണ്ടാവാം. പലരും നാട്ടിലേക്ക് മടങ്ങുന്നതു തന്നെ രോഗങ്ങളുടെ ഭാണ്ഡവുമായാണല്ലൊ. ജോലിഭാരവും മനോദുഖങ്ങളും തെറ്റായ ജീവിതചര്യകളും ഭക്ഷണശീലങ്ങളും ഒക്കെ ചേറ്ന്ന് നല്‍കുന്ന സമ്പാദ്യവുമായി….! സ്വന്തം ആരോഗ്യവും സമ്പാദ്യവും നാളേക്കു വേണ്ടി സൂക്ഷിക്കുവാന്‍ നമ്മള്‍ തന്നെയല്ലെ മുന്‍ കരുതല്‍ എടുക്കേണ്ടത്? ഫണ്ടുശേഖരണത്തിനായ് മാത്രം ഇവിടെയെത്തുന്ന രാഷ്ട്രീയക്കാരുടെയൊ പ്രവാസി സംഗമം എന്നറിയപ്പെടുന്ന ഷോകളുടെയൊ അജണ്ടകളില്‍ പെടാത്ത കാര്യമാണല്ലൊ അത്.

എം.ടി കഥകളെ സ്നേഹിച്ചിരുന്ന അക്ഷരങ്ങളുടെ കൂട്ടുകാരാ, നിന്റ്റെ ഓര്‍മ്മക്ക് ഈ കുറിപ്പ് ഞാന്‍ സമര്‍പ്പിക്കുന്നു…. അപാരതയിലെ അദൃശ്യകണികയായ് തീര്‍ന്ന നീ ഈ വാക്കുകളുടെ സ്പന്ദനം വായിച്ചെടുക്കുമല്ലൊ……..!

ഷീല ടോമി (sheela.tomy@gmail.com

- ജെ.എസ്.

വായിക്കുക:

10 അഭിപ്രായങ്ങള്‍ »

നവരാത്രിയും, ദസ്സറയും, ബൊമ്മി കുലുവും മസ്കറ്റില്‍ – സപ്ന അനു ബി. ജോര്‍ജ്ജ്

October 17th, 2008

ദസ്സറയുടെ പര്യായം തന്നെയാണ് ദുര്‍ഗ്ഗ പൂജയും, നവരാത്രിയും അവസാനത്തെ യാണ് ദസ്സറ സൂചിപ്പിക്കുന്നത്. നമ്മുടെ കേരളത്തില്‍ ‘പൂജ’ എന്നറിയപ്പെടുന്ന ഈ ദുര്‍ഗ്ഗ പൂജയുടെ ദിവസം ആണ് എഴുത്തി നിരുത്തും മറ്റും നടക്കുന്നത്. ഇന്‍ഡ്യയുടെ പല ഭാഗത്തു പല തരത്തിലാണ്, ഈ ഉത്സവം ആഘോഷിക്കുന്നത്. നവരാത്രി, ദസ്സറ, വിജയ ദശമി എന്നിവയെല്ലാം തന്നെ ദുര്‍ഗ്ഗ പൂജയുടെ വൈവിദ്ധ്യങ്ങള്‍ തന്നെയാണ് ആഘോഷിക്കുന്നത്. എല്ലാ പൂജകളും രാവണന്റെ മേല്‍ രാമന്‍ നടത്തുന്ന വിജയത്തിന്റെ ആഘോഷമാണ്. തമിഴ് നാട്ടില്‍ ആദ്യത്തെ 3 ദിവസം ലക്ഷിമീ ദേവിക്കു വേണ്ടിയുള്ള പൂജ, സമൃദ്ധിക്കും അഭിവൃത്തിക്കും വേണ്ടുയുള്ള പൂജ. അതിനടുത്ത മൂന്നു ദിവസം സരസ്വതി ദേവിക്കുള്ള പൂജ, വിജ്ഞാനത്തിന്റെയും സംഗീത സാഹിത്യാദി കലകളുടെ ദേവീ പൂജ. അവസാന 3 ദിവസം ദുര്‍ഗ്ഗ ദേവിക്കു വേണ്ടുള്ള പൂജ, ശക്തിയുടെ പ്രതീകമായ ദേവിക്കു വേണ്ടിയുള്ള പൂജ.

തമിഴ് നാട്ടിലും കര്‍ണ്ണാടകയിലും ‘ബൊമ്മിക്കുലു’ എന്നറിയപ്പെടുന്ന,ഈ പൂജ, 9 ദിവസം നീണ്ടുനില്‍ക്കുന്ന ഉപവാസം കൂടിയാണ്. നവം അഥവാ ‘9’ രാത്രി, നീണ്ടു നില്‍ക്കുന്ന പൂജ. ‘അശ്വീന’ എന്ന ദിവസം തുടങ്ങുന്നു ,ഈ നവമി ഉപവാസം. ദസ്സറ / വിജയ ദസ്സമി എന്നത് പത്താം ദിവസം ആണ്. പ്രത്യേകമായി തയ്യാറാക്കിയ നടകളില്‍, പല വിധത്തില്‍ അലങ്കരിച്ച പാവകളും, ദേവീ വിഗ്രഹങ്ങളും മറ്റും അലങ്കരിച്ചു വക്കുന്നു. ഇതിനാണ് ‘ബൊമ്മി കുലു’ എന്നു പറയുന്നത്. പരമ്പരാഗതമായ രീതിയില്‍ അല്‍ങ്കരിക്കുന്ന ‘ഈ രാജകീയമായ ഈ ദുര്‍ഗ്ഗാ ദേവിയുടെ’ ഈ അലങ്കാരം, 3,5,7,9,11 നടകളായാണിത് വെക്കുന്നത്. എല്ലാ പാവകളും ‘രാജാവും റാണിയും’ ആണും പെണ്ണുമായി ഒരു ജോടിയായിട്ടാണ് വെക്കുന്നത്.

പരമ്പരാ ഗതമായ വിശ്വാസത്തില്‍ അധിഷ്ടിതമായ ഈ നടകള്‍ ഉണ്ടാക്കുന്നതിന്റെ ആദ്യ പടിയില്‍ എല്ലാ ദേവീ രൂപങ്ങളും കൂടെ ഒരു കലശവും വെക്കുന്നു. അടുത്ത പടിയായി ഗണപതി, കൃഷ്ണന്‍, ശിവന്‍ എന്നിങ്ങനെ എല്ലാ ദേവന്മാരും, തന്നെ വരുന്നു. ആദ്യത്തെ നടകളെല്ലാം തന്നെ, ദേവി ദേവന്മാരെ ക്കൊണ്ടു നിറഞ്ഞിരിക്കും. തിക്കി ത്തിരക്കി എല്ലാ ദേവന്മാരെ വെക്കുന്നതു പോലെ പല തരത്തിലുള്ള പാവകളെയും, ചില നടയില്‍ പഴങ്ങളും മറ്റും വെക്കുന്നു. ഒരിത്തിരി കലാ ബൊധമുള്ള ആര്‍ക്കും തന്നെ, വളരെ വ്യത്യസ്ഥമായ ‘കുലു’ തയ്യാറക്കാന്‍ സാധിക്കും. വളരെ വര്‍ഷങ്ങളുടെ പ്രയത്നത്താല്‍ ധാരാളം ബൊമ്മകള്‍ / പാവകള്‍ ശേഖരിക്കുന്നവര്‍ ഉണ്ട്. നടകളുടെ എണ്ണം ചിലപ്പോള്‍ മുറിയുടെ അത്രെയും തന്നെ പൊക്കത്തില്‍ വരെ നീളുന്നു. ഏറ്റവും ഒടുവിലായി പല തരത്തിലുള്ള പച്ചക്കറികള്‍ കൊണ്ടുള്ള രൂപങ്ങളും, കലാപരമായി അലങ്കരിച്ച തടാകങ്ങളും മറ്റും തന്നെ ഇന്നു വെക്കുന്ന രീതിയും ഉണ്ട്.

നവതിയുടെ അവസാന ദിവസം ആണ് ആയുധങ്ങളും,പാഠ പുസ്തകങ്ങളും, ഉപകരണങ്ങളും മറ്റും പൂജക്കു വെക്കുന്നത്. നല്ല ഒരു തുടക്കത്തിന്റെ നവതിയാണ് ഈ നവരാത്രി. ഇവിടെ മസ്കറ്റിലും ഒട്ടു മുക്കാലും ഹൈന്ദവ വീടുകളില്‍ ഈ ‘ബൊമ്മികുലു’ വെക്കുകയുണ്ടായി. കൂട്ടുകാരും വീട്ടുകാരും ആയവര്‍ എല്ലാവരെയും ഓരോ വീട്ടുകാരും ക്ഷണിക്കുന്നു ‘കൊലു’ കാണാന്‍ വേണ്ടി. അതിഥിയി ചെല്ലുന്ന എല്ലാവര്‍ക്കും തന്നെ, കഴിക്കാനായി പല തരത്തിലുള്ള കടല കൊണ്ടു ണ്ടാക്കുന്ന ‘ചുണ്ടല്‍ ‘ ,മധുരം,തേപ്ല് ( നെയ്യും മൈദയും കുഴച്ചുണ്ടാക്കുന്ന ഒരു ചപ്പാത്തി രൂപത്തിലുള്ള പ്രസാദം) എന്നിവ നല്‍കുന്നു. പ്രാസാദമായി കുങ്കുമവും, മഞ്ഞളും, വെറ്റില പാക്ക് എന്നിവയും, എന്തെങ്കിലും ചെറിയ ഒരു സമ്മാനവും നല്‍കുന്നു. സരസ്വതീ ദേവിയുടെ കടാക്ഷമായാണ് ഈ പ്രസാദത്തെ കാണുന്നത്.

സപ്ന അനു ബി. ജോര്‍ജ്ജ്

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ബ്ലോഗിലെ ഇത്തിരി വെട്ടം – വര്‍ഷിണി

September 25th, 2008

ബ്ലോഗ് – ആശയ വിനിമയത്തിന്‍റെ പുത്തന്‍ മാധ്യമം. കഥ, കവിത, ടെക്നോളജി എന്നതിനപ്പുറം ബ്ലോഗില്‍ ഇപ്പോള്‍ ആത്മീയത മുന്നേറുകയാണ്. അന്ത്യ പ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിത കാലഘട്ടത്തെ പുനരവതരിപ്പിക്കുന്ന സാര്‍ത്ഥ വാഹക സംഘം എന്ന പേരിലുള്ള ബ്ലോഗിന് വന്‍ ജന പ്രീതിയാണ് ലഭിച്ചിരിക്കുന്നത്. http://www.pathwaytomadina.blogspot.com/ എന്ന ബ്ലോഗില്‍ പ്രവാചക ജീവിതത്തിന്‍റെ നേര്‍ക്കാഴ്ചകളും ഇസ്ലാമിക സംസ്ക്കാരത്തിന്‍റെ ചരിത്രവും പ്രാധാന്യവു മെല്ലാമാണ് വായനക്കാര്‍ക്ക് പകര്‍ന്ന് നല്‍കുന്നത്.

ദുബായില്‍ ജോലി ചെയ്യുന്ന മലപ്പുറം മാറാക്കര സ്വദേശി ഇത്തിരിവെട്ടം എന്ന ബ്ലോഗ് നാമത്തില്‍ അറിയപ്പെടുന്ന റഷീദ് ചാലില്‍ ആണ് ഈ ബ്ലോഗിന് പിന്നില്‍. ജബല്‍ അലിയിലെ ഒരു കമ്പനിയിലെ ഐടി സെക്ഷനിലെ ജീവനക്കാരനാണ് ഇദ്ദേഹം. തന്‍റെ ആദ്യ ബ്ലോഗ് പോസ്റ്റിന് ലഭിച്ച വന്‍ പ്രതികരണമാണ് പിന്നീട് 26 പോസ്റ്റുകളിലേക്ക് ഇത് വളര്‍ന്നതെന്ന് റഷീദ് പറയുന്നു.

ഇന്നേ വരെ മദീന സന്ദര്‍ശിക്കാന്‍ അവസരം കൈ വന്നിട്ടില്ലാത്ത ഒരാള്‍ തന്‍റെ വായനയിലൂടെയും അറിവിലൂടെയും സ്വരുക്കൂട്ടിയ ഓര്‍മ്മ ചിത്രങ്ങളാണ് ഈ ബ്ലോഗില്‍ രേഖപ്പെടുത്തി യിരിക്കുന്നത്. വായനക്കാരെ കൂടി യാത്രാ സംഘത്തില്‍ അണി നിരത്താന്‍ പോന്ന അവതരണ ശൈലിയാണ് ഈ ബ്ലോഗിന്‍റെ പ്രത്യേകത. ഇസ്മായീല്‍ എന്ന വയോധികന്‍റേയും സഈദ് എന്ന മദീനാ നിവാസിയുടേയും ഓര്‍മ്മകളി ലൂടെയാണ് ഈ തീര്‍ത്ഥാടക സംഘത്തിന്‍റെ പ്രയാണം. തന്‍റെ ഈ ബ്ലോഗ് പുസ്തകമാക്കി ഇറക്കണ മെന്നാണ് റഷീദിന്‍റെ ഇപ്പോഴത്തെ ആഗ്രഹം.

പ്രവാചകന്‍റെ ദൗത്യവും സന്ദേശവും ഏറെ തെറ്റിദ്ധരിപ്പി ക്കപ്പെട്ടു കൊണ്ടിരിക്കുന്ന വര്‍ത്തമാന കാലത്ത് ഈ ബ്ലോഗിന്‍റെ പ്രസക്തി വളരെ വലുതാണ്. സ്നേഹത്തിന്‍റേയും കാരുണ്യത്തിന്‍റേയും ഇത്തിരി വെട്ടം പരന്നൊഴുകുന്നത് ഓരോ വായനക്കാരനും തിരിച്ചറിയുന്നുണ്ട്.

വര്‍ഷിണി

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

Page 9 of 14« First...7891011...Last »

« Previous Page« Previous « My Love for Krishna
Next »Next Page » നവരാത്രിയും, ദസ്സറയും, ബൊമ്മി കുലുവും മസ്കറ്റില്‍ – സപ്ന അനു ബി. ജോര്‍ജ്ജ് »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine