05 March 2008
മലയാളത്തിന്റെ സുകൃതാംശു
(പ്രശസ്ത സാഹിത്യകാരനും, വിവര്‍ത്തകനും, കേരളവര്‍മ്മ കോളജിലെ മുന്‍ പ്രിന്‍സിപ്പലുമായിരുന്ന ഡോക്ടര്‍ സുധാംശു ചതുര്‍വേദിയുമായി ജി. മനു നടത്തിയ അഭിമുഖം)
ഡോക്ടര്‍ സുധാംശു ചതുര്‍വേദി ഇതു ഡോക്ടര്‍ സുധാംശു ചതുര്‍വേദി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ജനിച്ചു വളര്‍ന്ന് ഇരുപത്തിയൊന്നാം വയസുതൊട്ട് മലയാളഭാഷ പടിച്ച്, ആ ഭാഷയെ കീഴടക്കിയ ഭാരതീയ സാഹിത്യത്തിലെ അതുല്യ പ്രതിഭ. മലയാളം പോലെ സുന്ദരമായ മറ്റൊരു ഇന്ത്യന്‍ഭാഷയില്ലെന്ന് മലയാളിക്കു മനസ്സിലാക്കിത്തന്ന മറുനാട്ടുകാരന്‍. കാളിദാസ നാടക സര്‍വ്വസ്വവും, ഭാസനാടകസര്‍വ്വസ്വവും, കുട്ടികളുടെ യേശുദേവനും മലയാളത്തില്‍ എഴുതിയ വിജ്ഞാനത്തിണ്റ്റെ നിറകുടം. തകഴിയുടെ കയറും, കേശവദേവിന്‍റെ ഓടയില്‍നിന്നും, ഉറൂബിന്‍റെ സുന്ദരികളും സുന്ദരന്‍മാരും, അഴീക്കോടിന്‍റെ തത്വമസിയും അടക്കം നിരവധി മലയാള ഗ്രന്ഥങ്ങള്‍ ഹിന്ദിയിലേക്ക് വിവര്‍ത്തനം ചെയ്ത ഭാഷാസ്നേഹി. നൂറ്റമ്പതോളം പുസ്തകങ്ങളുടെ കര്‍ത്താവ്. സത്യത്തിന്‍റെ മുന്നിലല്ലാതെ മറ്റൊരിടത്തം തലകുനിക്കാത്ത ധീരനായ എഴുത്തുകാരന്‍. മൂന്നു ജീവചരിത്രം അടക്കം ഈ മഹാപ്രതിഭയെപ്പറ്റി നിരവധി പുസ്തകങ്ങള്‍ വന്നിട്ടുണ്ടെങ്കിലും മലയാളം വേണ്ടവിധം ഇദ്ദേഹത്തെ അംഗീകരിച്ചുണ്ടോ എന്ന് സംശയം ആണു. അടുക്കള വിശേഷങ്ങളും, പൈങ്കിളിക്കഥകളും പറഞ്ഞുനടക്കുന്ന സിനിമാക്കാര്‍ക്ക് വരെ പത്മശ്രീ വാരിക്കൊടുക്കുന്ന ബ്യൂറോക്രസിയും, കച്ചവട മാധ്യമങ്ങളും ഈ സാംസ്കാരിക നായകനു അര്‍ഹിക്കുന്ന പ്രാധാന്യം കൊടുത്തിട്ടുമില്ല. അധികാരത്തിന്‍റെ ഇടനാഴിയില്‍ അംഗീകാരത്തിനു കാത്തുകെട്ടിക്കിടക്കാന്‍ താല്‍പര്യം ഇല്ലാത്ത, വര്‍ത്തമാന ജീവിതത്തിന്‍റെ കെട്ടുകാഴ്ച്ചകളില്‍ നിന്ന് ഒഴിഞ്ഞുമാറി തന്‍റേതായ ഒറ്റയടിപ്പതായിലൂടെ സഞ്ചരിക്കുന്ന, മരണത്തെയും പുഞ്ചിരിയോട് സ്വീകരിക്കാന്‍ തയ്യാറായിയിരിക്കുന്ന, തൊട്ടുവന്ദിക്കുവാന്‍ യോഗ്യതയുള്ള ഒരു കാല്‍പാദം തേടിയലയുന്ന ഭാരതീയ യുവത്വത്തിനു ചൂണ്ടിക്കാണിച്ചു കൊടുക്കാന്‍ പാകത്തില്‍ വിരലിനെണ്ണാന്‍ മാത്രമുള്ള വ്യക്തിത്വങ്ങളില്‍ അഗ്രഗണ്യനായ, ഈ കര്‍മ്മയോഗിയുടെ ജീവിതത്തിലൂടെ ഒരു ചെറിയ യാത്ര... ജി. മനു ? മലയാളത്തെ സ്നേഹിക്കുവാനുണ്ടായ സാഹചര്യം = ആദ്യ പ്രധാനമന്ത്രി ശ്രീ.ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ഒരു വെല്ലുവിളി ഏറ്റെടുത്തായിരുന്നു തുടക്കം. എന്‍റെ ഇരുപത്തിയൊന്നാം വയസില്‍. ഏറ്റവും കഠിനമായ ദക്ഷിണെന്ത്യന്‍ ഭാഷയായ മലയാളം പഠിക്കാമോ എന്ന് അദ്ദേഹം ചോദിച്ചു. ധൈര്യത്തൊടെ അതു ഏറ്റെടുത്തു. ദില്ലി യൂണിവേഴ്സിറ്റിയില്‍ ചേര്‍ന്നു അങ്ങനെ "അ" മുതല്‍ തുടങ്ങി. പ്രൊഫ: ഒ.എം.അനുജനെപ്പോലെയുള്ള പ്രഗത്ഭരുടെ കീഴിലായിരുന്നു പഠനം. പിന്നെ ഈ ഭാഷയുടെ സൌന്ദര്യം, പാരമ്പര്യം, സാഹിത്യസമ്പന്നത ഇവയൊക്കെ ഒരു ലഹരിയായ് പടരുകയായിരുന്നു. അപ്പോഴേക്കും ഞാന്‍ ഹിന്ദിയില്‍ പല കൃതികളും പ്രസിധീകരിച്ചിരുന്നു. ഭാരത്തിലെ ഒട്ടുമിക്ക സാഹിത്യപ്രതിഭകളുമായി അടുത്തിഴപഴകാനും ഉള്ള സാഹചര്യം ഉണ്ടായിരുന്നു. ? കേരളത്തിലേക്കുള്ള യാത്ര? = പുനലൂരിലെ ഹിന്ദി ട്രെയിനിംഗ് കോളജിലെ പ്രിന്‍സിപ്പല്‍ ആയി ഇരുപത്തിരണ്ടാം വയസില്‍ നിയമനം കിട്ടി. അങ്ങനെ കേരളത്തില്‍ എത്തി. അതിനു മുമ്പു തന്നേ "ഓടയില്‍ നിന്ന്" ഹിന്ദിയിലേക്കു ഞാന്‍ വിവര്‍ത്തനം ചെയ്തിരുന്നു. അധികനാള്‍ അവിടെ തുടര്‍ന്നില്ല. തുടര്‍ന്ന് "ഹൈദരാബാദ് ഹിന്ദി പ്രചാര്‍ സഭ" യുടെ കേരളത്തിലെ വിദ്യാലയങ്ങളുടെ മുഴുവന്‍ ചുമതലയും ഏറ്റെടുത്തു തിരുവനന്തപുരത്തേക്കു മാറി. ? ആ കാലയളവിലാണല്ലൊ അങ്ങ് മലയാളത്തിലെ പ്രശസ്ത എഴുത്തുകാരുമായി സൌഹൃദം സ്ഥാപിക്കുന്നത്? = അതെ. ഡോ.പി.കെ. നാരായണപിള്ള, കൈനിക്കര പദ്മനാഭന്‍പിള്ള, കൈനിക്കര കുമാരപിള്ള, കെ.സുരേന്ദ്രന്‍, ജഗതി എന്‍.കെ.ആചാരി, ഒ.എന്‍.വി, വയലാര്‍, പ്രൊഫ്. എന്‍. കൃഷ്ണപിള്ള, എം.പി.അപ്പന്‍, മുണ്ടശ്ശേരി തുടങ്ങിയ ഒട്ടുമിക്ക സാഹിത്യകാരും സുഹൃത്തുക്കളായി. മലയാള ഭാഷ ഒരു മാസ്മരലഹരിപോലെ എന്നില്‍ നിറയുകയായിരുന്നു. അക്കാലത്ത് കോഴിക്കോട്ടു വച്ചു നടന്ന ഒരു ശിബിരത്തില്‍ മൂന്നരമണിക്കൂറ്‍ "കാവ്യത്തിണ്റ്റെ പ്രയോജനം" എന്ന വിഷയത്തില്‍ സംസാരിക്കുക ഉണ്ടായി. അന്നണു എം.ടി, തിക്കോടിയന്‍, കുട്ടിക്കൃഷണമാരാര്‍, ഉറൂബ്, കെ.ടി.മുഹമ്മദ്, എന്‍.വി.കൃഷ്ണവാര്യര്‍ തുടങ്ങിയവരുമായി സൌഹൃദം സ്ഥാപിക്കുന്നത്. പിന്നെയാണു കേരളവര്‍മ്മ കോളജില്‍ ലക്ചററായി നിയമനം കിട്ടിയത്. ? വിവര്‍ത്തനത്തിനു എല്ലാവരും അങ്ങയെ സമീപിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. = നിരവധി മലയാള കൃതികള്‍ ഹിന്ദിയിലേക്കു മൊഴിമാറ്റം നടത്തുകയുണ്ടായി.ഒപ്പം തന്നെ മലയാളത്തിലും ഹിന്ദിയും ഉള്ള സ്വതന്ത്ര കൃതികളും.അന്നത്തെ പ്രശസ്ത ആനുകാലിങ്ങളായ ജനയുഗം, കുങ്കുമം, മലയാളരാജ്യം തുടങ്ങിയവയില്‍ സൃഷ്ടികള്‍ വന്നുകൊണ്ടേയിരുന്നു. കേരളഭൂഷണത്തില്‍ ചിരഞ്ജിത്തിണ്റ്റെ നാടകത്തിന്‍റെ പരിഭാഷയായ "ആ ചിത്രം" പ്രസിധീകരിച്ചതു അപ്പൊഴാണു. ജനയുഗത്തില്‍ കുട്ടികള്‍ക്കായി "തുളസീദാസ്" ഖണ്ഡശ: പ്രസിധീകരിക്കപ്പെട്ടു. ലാല്‍ ബഹാദുറ്‍ ശാസ്ത്രിയുടെ ജീവചരിത്രമായ "കര്‍മ്മ ധീരന്‍റെ കാല്‍പ്പാടുകള്‍" പുസ്തകമായി ഇറങ്ങി. കൈനിക്കരയുടെ "വേലുത്തമ്പി ദളവ" ഹിന്ദിയിലേക്കു മൊഴിമാറ്റം നടത്തിയതും ആ സമയത്താണു. ? ശ്രീ ജി.ശങ്കരക്കുറുപ്പ് മസ്തിഷ്കം കൊണ്ടെഴുതുന്ന കവിയാണു എന്ന വിമര്‍ശനം നേരിടുമ്പോള്‍ അങ്ങ് അത് എതിര്‍ത്തതും പിന്നെ ഹിന്ദിസാഹിത്യത്തില്‍ അദ്ദേഹത്തെ പരിചയപ്പെടുത്തുകയും ആദ്യത്തെ ജ്ഞാനപീഠം കിട്ടാന്‍ അദ്ദേഹത്തിനു അവസരം ഉണ്ടാക്കി കൊടുത്തു എന്ന് പറയപ്പെടുന്നതിനെപ്പറ്റി... = അതെ. മലയാളത്തിലെ അസാമാന്യപ്രതിഭകളില്‍ ഒരാളാണു ജി. അസൂയകൊണ്ടോ എന്തൊ ഒരു വിഭാഗം അദ്ദേഹത്തിനു എതിരായിരുന്നു. അക്കാലത്താണു അദ്ദേഹത്തിന്‍റെ "സന്ധ്യ" എന്ന കാവ്യം തര്‍ജ്ജമ ചെയ്യുന്നത്. ഹിന്ദി സാഹിത്യലോകം രണ്ട് കൈയും നീട്ടി അതു സ്വീകരിക്കുകയും മറ്റെല്ലാ ഭാഷാകൃതികളെയും പിന്തള്ളി മലയാളത്തിനു ആദ്യ ജ്ഞാനപീഠം കിട്ടാന്‍ വഴിതെളിയുകയും ചെയ്തു. ഇതു കാരണം ആദ്യം പലരും എന്നൊട് വിരോധം വച്ചു പുലര്‍ത്തിയിരുന്നു. പിന്നെ അവയൊക്കെ മാറുകയും ചെയ്തു. ? അങ്ങയുടെ ആദ്യ സ്വതന്ത മലയാള നോവല്‍? = "നദി സമുദ്രത്തിലേക്കു തന്നെ" എന്ന നോവല്‍. ഇതിന്‍റെ കൈയെഴുത്തു പ്രതി കണ്ടാണു ശ്രീ പുത്തേഴത്തു രാമന്‍ മേനോനു എന്നോടുള്ള വിരോധം മാറിയത്. ? മലയാളത്തില്‍ നേടിയ ഡോക്ടറേറ്റ്? = 1971 ല്‍ ആണു കേരള യൂണിവേഴ്സിറ്റി എനിക്ക് ഡോക്റ്ററേറ്റ് തരുന്നത്. "ഹിന്ദി-മലയാളം പ്രശ്നനാടകങ്ങള്‍ ഒരു താരതമ്യപടനം" എന്ന വിഷയത്തില്‍. ? മലയാളി അല്ലാത്ത അങ്ങ് കേരളത്തിലെ ഒരു കോളജിന്‍റെ പ്രിന്‍സിപ്പല്‍ ആയി നിയമിക്കപ്പെടുക എന്നൊക്കെ പറയുമ്പോള്‍ =ഗീതയില്‍ പറഞ്ഞിട്ടില്ലെ. എവിടെയാണു നാം എന്നത് നമ്മുടെ നിയന്ത്രണത്തില്‍ അല്ല. കര്‍മ്മത്തില്‍ ഉറച്ചു നിന്നാല്‍ അര്‍ഹതപ്പെട്ടത് തേടിവരും. സമരങ്ങളും കോലാഹലങ്ങളും രാഷ്ട്രീയ ഇടപെടലുകളും സസ്പെന്‍ഷനും വരെ എന്നെ തേടിയെത്തിയിട്ടുണ്ട്. കൊലക്കത്തിയുമായി എന്‍റെ മുന്നില്‍ വന്ന് നിന്ന ഒരാളെ ഇപ്പൊഴും ഓര്‍ക്കുന്നു. "എന്‍റെ ശരീരത്തെ ഇല്ലാതാക്കാം താങ്കള്‍ക്ക് പക്ഷേ എന്നെ ഇല്ലാതാക്കാന്‍ താങ്കള്‍ക്കൊ, താങ്കളെ ഇല്ലാതാക്കന്‍ എനിക്കോ കഴിയില്ല" ഇത് ഞാന്‍ പറഞ്ഞപ്പൊള്‍ തൊഴുകൈയുമായി അയാള്‍ നിന്നത് ഓര്‍ക്കുന്നു ഞാന്‍. ധൈര്യം, സത്യം, കര്‍മ്മനിഷ്ഠ ഇതു മൂന്നും ഉണ്ടെങ്കില്‍ നിങ്ങള്‍ തോല്‍ക്കില്ല. ആര്‍ക്കും നിങ്ങളെ തോല്‍പ്പിക്കാന്‍ ആവില്ല. എന്‍റെ സസ്പന്‍ഷന്‍ ഓര്‍ഡര്‍ മൂന്നം ദിവസം റദ്ദാക്കുവാന്‍ ഒരു ഫോണ്‍ കോള്‍ പോലും എനിക്കു ചെയ്യേണ്ടിവന്നിട്ടില്ല. ? അടിയന്തിരാവസ്ഥക്കാലത്ത് "ആല്‍ ഇന്ത്യാ റൈറ്റേഴ്സ് കോണ്‍ഫറന്‍സ്" സംഘടിപ്പിക്കുവാന്‍ അങ്ങ് മുന്‍ കൈ എടുത്തതും ഇതേ ധൈര്യത്തിണ്റ്റെ പുറത്തല്ലെ. = തീര്‍ച്ചയായും. നോക്കൂ. മരണത്തെപ്പോലും പുഞ്ചിരിയോട് നേരിടാന്‍ പടിക്കണം. "ഞാന്‍ പോലും എന്‍റെ അല്ല " എന്ന് വിശ്വസിക്കുക. ഏല്‍പ്പിക്കപ്പെട്ട കര്‍മ്മം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുക. സ്വറ്‍ണ്ണം തിളക്കിയെടുക്കുന്നത് അഗ്നിയുടെ ചൂടിലാണു. "പ്രയാസത്തില്‍ നിന്നാണു പ്രകാശം ഉണ്ടാവുന്നത്". തടസ്സങ്ങളും പ്രതിസന്ധികളും കണ്ട് ഭയക്കരുത്. മറിച്ച് അവ നിങ്ങള്‍ക്കുള്ള അവസരങ്ങള്‍ ആണെന്നു വേണം കരുതാന്‍. മനക്കരുത്തു പകരാന്‍ ഈശ്വരന്‍ തരുന്ന അവസരങ്ങള്‍. ഏത് ലോകത്തും ചെന്ന് ജീവിക്കാന്‍ പോലും മറ്റൊന്നും ആലോചിക്കാത്ത മലയാളിയോട് മനക്കരുത്തിനേക്കുറിച്ച് പറഞ്ഞുതരേണ്ട് കാര്യമുണ്ടോ? ? കാളിദാസ, ഭാസ നാടക സര്‍വ്വസ്വങ്ങളെപ്പറ്റി? = എന്‍റെ സ്വപ്നം ആയിരുന്നു അവ. കാളിദാസന്‍റെയും ഭാസന്‍റെയും സമ്പൂര്‍ണ്ണ കൃതികള്‍ മലയാളത്തില്‍ ആക്കുക. മൂലവും ലളിതമായ വിവര്‍ത്തനവും ഒന്നിച്ചു എഴുതിയിരിക്കുന്നു അതില്‍. കേരളം അത് രണ്ടുകൈയും നീട്ടി സ്വീകരിച്ചതില്‍ അതിയായ സന്തോഷം ഉണ്ട്. ഇപ്പോള്‍ ഇവ രണ്ടും പുന:പ്രസിധീകരിക്കേണ്ടി വരുന്നു. ? മലയാളിക്കു പോലും ദഹിക്കാത്ത അഴീക്കൊട് മാഷിന്‍റെ തത്വമസി വിവര്‍ത്തനം ചെയ്തതിനെപ്പറ്റി. അതുപോലെ തന്നെ മലയാളിക്ക് ഇന്ന് അന്യമായ പത്തൊമ്പതാം നൂറ്റാണ്ടിലെ സംസാരശൈലി ഏറെയുള്ള തകഴിയുടെ കയറിന്‍റെ വിവര്‍ത്തനം? = ഇവ രണ്ടും വെല്ലുവിളികളായി തന്നെ ഏറ്റടുത്തതാണു. ഇവര്‍ രണ്ട് പേര്‍ക്കും ഇതിന്‍റെ പരിഭാഷയെപ്പറ്റി ആശങ്കകള്‍ ഉണ്ടായിരുന്നു. പുറത്ത് വന്നപ്പോള്‍ ആ ആശങ്കകള്‍ ഒക്കെ മാറി. ഉത്തരേന്ത്യന്‍ വായനാസമൂഹം മുന്‍പില്ലാതിരുന്ന ആവേശത്തോടെയാണിവ സ്വീകരിച്ചത്. ? നിരവധി അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടല്ലോ അങ്ങയ്ക്ക്. = "രാംഗേയ് രാഘവ പര്യടന്‍ പുരസ്കാര്‍", ബാലസാഹിത്യത്തിനുള്ള "ഐ.സി.സി.ഇ" അവാര്‍ഡ്, കേന്ദ്രസാഹിത്യ അക്കാദമി എന്‍ഡോവ് മെണ്റ്റ് അവാര്‍ഡ്, "വിദ്യാവാരിധി പുരസ്കാരം" അങ്ങനെ ഒട്ടനവധി. ? മലയാളത്തിന്‍റെ ഇന്നത്തെ അവസ്ഥ. = മാറ്റം എന്തിനും വേണമല്ലൊ. സാഹിത്യം സജീവമാണു. വിശ്വസാഹിത്യത്തിലെ മാറ്റങ്ങളെ ഇവിടെയും കൊണ്ടുവരാന്‍ ഒരുപാട് ചെറുപ്പക്കാര്‍ ഉത്സാഹിക്കുന്നു. പക്ഷേ, നിങ്ങള്‍ നിങ്ങളുടെ ഭാഷയെ വേണ്ടാവിധം സംരക്ഷിക്കുന്നില്ല. സംസ്കാരം ഭാഷയുടെ ഉപോല്‍പ്പന്നം ആണെന്ന് ഓര്‍ക്കുക. ബഹളത്തില്‍ മുങ്ങിപ്പോവുകയാണു ഇന്നത്തെ യുവത്വം. നയിക്കാന്‍ ആരുമില്ലാത്ത അവസ്ഥ.വൃദ്ധ ഗൃഹങ്ങളിലേക്കുള്ള ഘോഷയാത്രയായി ഒരു സാധാരണ മലയാളിയുടെ ജീവിതം മാറുന്നോ എന്നൊരു പേടിയില്ലാതില്ല. എങ്കിലും എഴുത്ത് എന്നത്തെയും പോലെ നിലനില്‍ക്കുന്നു എന്നത് ആശാവഹം ആണ്. Labels: മനു 6 Comments:
Links to this post: |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്