29 May 2008

കുറുമാന്റെ യൂറോപ്യന്‍ സ്വപ്നങ്ങള്‍ - ഒരവലോകനം -നിത്യന്‍

ഉത്തരം കിട്ടാത്ത ഒരു പാടു ചോദ്യങ്ങളുണ്ട്‌. ഒരു നോവല്‍ അവലോകനം ചെയ്യാന്‍ നിത്യനുള്ള യോഗ്യത എന്താണ്‌? ഉത്തരമില്ലാത്ത പത്തു ചോദ്യങ്ങളുടെ ഗജ മേളയില്‍ തിടമ്പെടുഴുന്നെള്ളിക്കാനുള്ള യോഗ്യത ആ ചോദ്യത്തിനു തന്നെയായിരിക്കും. ദൈവം സഹായിച്ച്‌ നോവല്‍ പോയിട്ട്‌ ഒരര കഥ വരെ എഴുതേണ്ടി വന്നിട്ടില്ല.




നാടകാന്തം കപിത്വം എന്നതാരോ തെറ്റി നാടകാന്തം കവിത്വം എന്നെഴുതിയിട്ടുണ്ട്‌. അതു കൊണ്ട്‌ നാടകത്തില്‍ കൈ വച്ചതേയില്ല. കപിത്വം പ്രസവ വാര്‍ഡു മുതല്‍ നിഴലു പോലെ പിന്‍തുടരുന്നതു കൊണ്ട്‌ കഷ്ടപ്പെട്ടുണ്ടാക്കേണ്ട കാര്യവുമില്ല. സാധാരണ ഗതിയില്‍ നാടകം പൊട്ടിയാലാണ്‌ കപിത്വം ഉപകാരത്തിനെത്തുക. കല്ലും വടിയും കൊണ്ടാല്‍ കാറ്റു പോകുന്ന പണ്ടത്തെ ഗോലി സോഡാ കുപ്പിയും ചീമുട്ടയും തക്കാളിയും ഒന്നിനൊന്ന്‌ മത്സരിച്ച്‌ സൗന്ദര്യ റാണിമാരെപ്പോലെ വേദിയിലേക്ക്‌ മാര്‍ച്ചു ചെയ്യുമ്പോഴാണ്‌ കപിത്വം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടത്‌. ചാട്ടവും പിന്നെയൊരോട്ടവും അനിവാര്യമായി വരുന്ന അവസരമാണത്‌. ഗ്രഹണം പോലെ വല്ലപ്പോഴും ഒത്തുവരുന്നത്‌. അതു കൊണ്ടു തന്നെ കഥകളിക്കാരുടെ മെയ്‌ വഴക്കം നാടക നടന്‍മാര്‍ക്കും വേണ്ടതാണ്‌.



'നാനൃഷി കവി' എന്നാണ്‌. നിത്യനില്‍ നിന്നും ഒരു തെമ്മാടിയിലേക്ക്‌ വലിയ ദൂരമൊന്നുമില്ലെങ്കിലും അഥവാ ദൂരമൊട്ടുമില്ലെങ്കിലും സന്ന്യാസിയിലേക്കെത്തുവാന്‍ ചുരുങ്ങിയത്‌ 100 പ്രകാശ വര്‍ഷമെങ്കിലും സഞ്ചരിക്കേണ്ടി വരും. അങ്ങിനെ പലേ കാരണങ്ങള്‍ ‍കൊണ്ടും കൈയ്യില്‍ കിട്ടിയിട്ടും കവിതയെ ഉപദ്രവിക്കേണ്ടെന്നു കരുതി. സന്ന്യാസിക്ക്‌ തെമ്മാടിയാവാന്‍ പ്രത്യേകിച്ചൊരു എന്‍ട്രന്‍സ്‌ പരീക്ഷയുടെ ആവശ്യമൊന്നുമില്ല. എന്നാല്‍ തെമ്മാടിക്ക്‌ സന്ന്യാസിയാവണമെങ്കില്‍ സാഹസം ചില്ലറയൊന്നുമല്ല.



ഫെയില്‍ഡ്‌ പോയറ്റ്‌ ബികംസ്‌ ദ ക്രിറ്റിക്‌ എന്നത്‌ സായിപ്പിന്റെ കണ്ടുപിടുത്തമാണ്‌. ആഗണത്തില്‍ നമ്മളെ തളയ്‌ക്കുവാന്‍ പറ്റുകയില്ല. കാരണം ഒന്നാം ക്ലാസില്‍ ചേരാത്തവന്‍ ഒന്നാം ക്ലാസില്‍ തോല്‍ക്കുകയില്ല.



ഇനിയും യോഗ്യതാ സര്‍ട്ടിഫിക്കറ്റും തിരക്കി വരുന്നവരോട്‌.



ചെമ്പില്‍ നിന്നും കയറി ഇലയിലേക്കിറങ്ങിയാലാണ്‌ പാല്‍ പായസത്തിന്‌ സര്‍ട്ടിഫിക്കറ്റു കിട്ടുക. സര്‍ട്ടിഫിക്കറ്റ്‌ അച്ചടിക്കുന്ന കടലാസും മഷിയും പ്രസും എല്ലാം ആസ്വദിച്ചു കഴിക്കുന്നവന്റെ നാവാണ്‌. പാചകക്കാരന്റെ പണി ഇലയിലെത്തിക്കുന്നതോടു കൂടി കഴിയുന്നു. സദ്യയുണ്ണുന്നവന്‍ രുചിയറിയുന്നത്‌ വെപ്പുകാരന്റെ നാവിലൂടെയല്ല. ജന്മനാ പാചകക്കാരായ മഹാന്‍മാര്‍ക്കു മാത്രമേ സദ്യയെക്കുറിച്ച്‌ അഭിപ്രായം പറയുവാന്‍ അര്‍ഹതയുള്ളൂ എന്നെവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഇതു വായനക്കാരനും ബാധകമാണ്‌. എഴുത്തുകാര്‍ക്കും.



ആത്മകഥാ ശൈലിയില്‍ തികഞ്ഞ അഭ്യാസിയുടെ ചടുലതയോടെ അനായാസതയോടു കൂടി കഥ പറഞ്ഞു പോകുന്നു കുറുമാന്‍. സങ്കീര്‍ണമായ ടെക്‌നിക്കുകളൊന്നുമില്ലാതെ യൂറോപ്യന്‍ സ്വപ്‌നങ്ങളുടെ നറേറ്ററായി സ്വയം അവരോധിച്ചു കൊണ്ടാണ്‌ കുറുമാന്റെ മുന്നേറ്റം. ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളെ ഉദാത്തമായ ഭാവനയുടെ ചിറകുകളിലേക്കാവാഹിക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിക്കുന്നു ഒരു വലിയ പരിധി വരെ.



നഗ്നമായ ജീവിത യാഥാര്‍ത്ഥ്യങ്ങളെ അങ്ങിനെ തന്നെ ചിത്രീകരിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുക തീര്‍ച്ചയായും നോവലല്ല. നോവല്‍ (പുതിയത്‌) ആയി അതില്‍ വല്ലതുമുണ്ടായിരിക്കണം. ഒന്നും ഒന്നും കൂട്ടിയാല്‍ തീര്‍ച്ചയായും ഗണിത ശാസ്‌ത്രത്തില്‍ ഒറ്റയുത്തരമേ കാണൂ. ഒന്നും ഒന്നും ജീവിതത്തില്‍ കൂട്ടുമ്പോള്‍ കിട്ടുന്ന ഉത്തരം പലതായിരിക്കും. കേരളത്തില്‍ ചിലപ്പോള്‍ രണ്ടെന്നു കിട്ടും. ചൈനയിലെത്തിയാല്‍ ഉത്തരം ഒന്നു തന്നെയായിരിക്കും. ഇനി പാക്കിസ്ഥാനിലെത്തിയാല്‍ ഒന്നും കൂട്ടിയാല്‍ കിട്ടുന്നത്‌ എണ്ണിത്തിട്ടപ്പെടുത്താന്‍ ലക്ഷണമൊത്തൊരു കണക്കപ്പിള്ളയെ നിയമിക്കേണ്ടിയും വരും.



മനുഷ്യന്റെ ചിന്ത നേര്‍രേഖയില്‍ സഞ്ചരിക്കുമ്പോഴാണ്‌ മഹത്തായ കണ്ടുപിടുത്തങ്ങള്‍ നടക്കുന്നത്‌, ചിന്ത ചളിക്കുണ്ടിലെ നീര്‍ക്കോലിയെപ്പോലെ കണ്ട ദ്വാരത്തിലെല്ലാം തലയിട്ട്‌ തിരിച്ചൂരി വളഞ്ഞു പുളഞ്ഞു അലസ ഗമനം നടത്തുമ്പോഴാണ്‌ മഹത്തായ സാഹിത്യ സൃഷ്ടികള്‍ ജന്മമെടുക്കുക. അതായത്‌ നേര്‍ രേഖയില്‍ സഞ്ചരിക്കുന്ന ജീവിതത്തിന്റെ നഗ്നമായ ചിത്രീകരണമല്ല സാഹിത്യം. ആ ജീവിതത്തിന്‌ ഭാവനയുടെ പട്ടു പാവാട തുന്നിക്കൊടുക്കലാണ്‌ സാഹിത്യകാരന്റെ കുലത്തൊഴില്‍.



കൈകാര്യം ചെയ്യപ്പെടുന്നത്‌ ഒരേ വിഷയമാവാം. അവതരണം യൂണീക്ക്‌ ആയിരിക്കണം. സഞ്ചാര സാഹിത്യം ഒരുപാടാളുകള്‍ കൈകാര്യം ചെയ്‌തിട്ടുണ്ട്‌. കുറുമാന്റെ 'യൂറോപ്യന്‍ സ്വപ്‌നങ്ങള്‍ സഞ്ചാര സാഹിത്യമെന്ന ഗണത്തില്‍ പെടാം പെടാതിരിക്കാം. ആത്മ കഥയാവാം അല്ലാതിരിക്കാം. മാറി നിന്നു കൊണ്ട്‌ നമുക്ക്‌ പല എഴുത്തുകാരെയും നോക്കാം. മയ്യഴിപ്പുഴയുടെ തീരങ്ങളെഴുതിയ മുകുന്ദനും ഖസാക്കിന്റെ ഇതിഹാസകാരനും ഒക്കെ നമ്മുടെ മുന്നിലുണ്ട്‌. പലര്‍ക്കും സ്വന്തം കഥ പറഞ്ഞു കഴിഞ്ഞപ്പോ പിന്നെ വലുതായൊന്നും പറയാനുണ്ടായിരുന്നില്ലെന്നതാണ്‌ സത്യം. വിശ്വത്തോളം വളരാന്‍ പറ്റിയവര്‍ വളരേ വിരളം.



പ്രണയം മനുഷ്യന്റെ ശക്തിയാണോ അതോ ദൗര്‍ബല്യമാണോ? യൂറോപ്യന്‍ സ്വപ്‌നാടനത്തില്‍ കുറുമാനു കുറുകേയിട്ട ഹര്‍ഡില്‍സ്‌ ആവുന്നില്ല മൂപ്പരുടെ പ്രണയം പോലും ആദ്യ ഘട്ടത്തില്‍. അതു കൊണ്ടു തന്നെയായിരിക്കാം എത്രയോ സ്‌കോപ്പുണ്ടായിരുന്നിട്ടു കൂടി കുറുമാന്‍ പ്രണയത്തിന്‌ വലിയ പ്രാധാന്യം കല്‌പിക്കാതെ ചില്ലറ വരികളിലൊതുക്കിക്കൊണ്ട്‌ തിരിഞ്ഞു നോക്കാതെ നടന്നതും. അവിടെ കുറുമാന്‍ വിജയിക്കുന്നു. അത്ര കണ്ട്‌ അക്കരപ്പച്ചമാനിയ നോവലിലെ കുറുമാനെ ഗ്രസിച്ചിരിക്കുന്നു. അതു മനുഷ്യ സ്വഭാവം കൂടിയാണ്‌. പശുവിനെപ്പോലെയാണ്‌ മനുഷ്യന്‍ പലപ്പോഴും പെരുമാറുക. മുട്ടോളം പുല്ലില്‍ കെട്ടിയാലും അടുത്ത പറമ്പിലേക്കായിരിക്കും നാവുനീളുക.



ഏതൊരു ശരാശരി മലയാളിയെയും പോലെ ഭാസുരമായ ഒരു ഭാവി സ്വപ്‌നം കണ്ട്‌ സായിപ്പിന്റെ ചെരുപ്പന്വേഷിച്ചു പുറപ്പെടുകയാണ്‌ കുറുമാന്‍. വര്‍ത്തമാനത്തില്‍ ചത്താലും തരക്കേടില്ല, ഭാവി സുരക്ഷിതമായിരിക്കണം എന്ന ശരാശരി മലയാളി സങ്കല്‌പത്തെ തന്റെ സ്വതസിദ്ധമായ നര്‍മ്മ ബോധത്തിലൂടെ സംസ്‌കരിച്ചെടുത്ത്‌ കലയുടെ ഉദാത്തമായ ഒരു തലത്തിലേക്കുയര്‍ത്തി അവിടേക്ക്‌ വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്നു.



കൈകാര്യം ചെയ്‌ത്‌ പരാജയപ്പെടുവാന്‍ ഏറ്റവും എളുപ്പവും വിജയിക്കുവാന്‍ ഏറ്റവും വിഷമവുമുള്ള സംഗതിയാണ്‌ ഹാസ്യം. വിരലിലെണ്ണാവുന്നവര്‍ക്കു മാത്രം വെന്നിക്കൊടി പാറിക്കാന്‍ പറ്റിയ മഞ്ഞു മലയാണത്‌. കുഞ്ചനും, ഹാസ്യസാഹിത്യം എന്നൊന്നില്ല എന്നുറക്കെ പ്രഖ്യാപിച്ച സാഹിത്യ വിമര്‍ശകനും കേരളക്കരയെ ചിരിപ്പിച്ച്‌ ചിന്തിപ്പിക്കാന്‍ മാത്രമായി ജന്മമെടുത്ത സഞ്ചയനും പിന്നെ വികെഎന്നും വിരാജിച്ച ഹാസ്യത്തിന്റെ സൂര്യനസ്‌തമിക്കാത്ത നാടിന്‌ ബ്രിട്ടന്റെ ഗതിവരാതെ നോക്കുവാന്‍ ആണ്‍ കുട്ടികളുണ്ടെന്ന്‌ തെളിയിച്ചുകൊണ്ട്‌ പുതിയ തലമുറയിലെ എഴുത്തുകാരുടെ ബഹിരാകാശമായ ബൂലോഗത്ത്‌ ഒരു പടയൊരുക്കം നടക്കുന്നുണ്ട്‌. കൊടകരക്കാരന്റെയും കുറുമാന്റെയുമൊക്കെ നേതൃത്വത്തില്‍. കുറുമാന്‍ തീര്‍ച്ചയായും അനുഗൃഹീതനാണ്‌. സ്വാഭാവികത നഷ്ടപ്പെടാതെയുള്ള നര്‍മ്മോക്തികള്‍ ഒരുപാടുണ്ട്‌. ചിലയിടത്തെങ്കിലും സ്വാഭാവികത നഷ്ടപ്പെട്ട്‌ കൃത്രിമത്വം അടക്കിവാഴുന്നുമുണ്ട്‌. ഹാസ്യം അമൃത ധാരയാണെന്നു പറഞ്ഞിട്ടുണ്ട്‌ സഞ്‌ജയന്‍. അതു കൊണ്ട്‌ അതു ധാരയായി ഒഴുകിത്തന്നെ വരണം.



യൂ കേന്‍ നെവര്‍ സ്‌റ്റെപ്‌ ഇന്‍ ടു എ റിവര്‍ ട്വൈസ്‌ എന്നാണല്ലോ. അതായത്‌ അനുഭവം എന്നൊന്നില്ല എല്ലാം നൂതനമാണ്‌ എന്ന സെന്‍ ദര്‍ശനം. മനുഷ്യന്‍ പുതിയ സാഹിത്യ സൃഷ്ടികള്‍ക്കു പിന്നാലോയോടുന്നതിന്റെ കാരണവും വേറൊന്നല്ല. മറിച്ചായിരുന്നെങ്കില്‍ വ്യാസനും കാളിദാസനം വിഷ്‌ണു ശര്‍മ്മനും അപ്പുറത്തേക്ക്‌ നമ്മുടെ സാഹിത്യം സഞ്ചരിക്കേണ്ടിയിരുന്നില്ല. വിഷയം നൂതനമാവുന്നില്ല, പലപ്പോഴും നോക്കിക്കാണുന്ന കണ്ണുകളാണ്‌ നൂതനം.



ഒരു ഷെര്‍ലകിന്റെ നിരീക്ഷണപാടവം കുറുമാനിലുണ്ട്‌. ഫ്രാന്‍സില്‍ നിന്നും സ്വിസിലേക്കു കടക്കാനുള്ള തന്ത്രം കുറുമാന്റെ തൂലിക വിവരിക്കുന്നത്‌ ശ്രദ്ധിച്ചാല്‍ മതി. മദ്യത്തിലും മയക്കുമരുന്നിലും ഭാവി ചികയുന്ന പിയറിനേയും അഡ്രിനേയും സവിശേഷമായ ചാതുരിയോടു കൂടി കുറുമാന്‍ അവതരിപ്പിക്കുന്നു. ഒപ്പം യൂറോപ്പിനെ വിടരാതെ പിന്തുടരുന്ന വര്‍ണ വിവേചനത്തിനു നേരെയും തിരിയുന്നു. സൗഹൃദങ്ങളുടെ പുതിയ മേച്ചില്‍ പുറങ്ങളില്‍ നിന്നും കണ്ടെത്തിയ ബന്ധങ്ങളിലൂടെ സുഹൃത്‌ ബന്ധത്തിന്‌ ഒരു പുതിയ മാനം കാട്ടിത്തന്നു കൊണ്ട്‌ കുറുമാന്‍ ആ ബന്ധങ്ങള്‍ക്ക്‌ വിട പറയുന്നു. ഫിന്‍ലാന്റിലേക്കായി. പിടിക്കപ്പെടുവാനായി മാത്രം.



പരിഷ്‌കൃത സമൂഹത്തിലെ മനുഷ്യാവകാശ ബോധത്തെയും സംസ്‌കാര സമ്പന്നരായ ഫീനിഷ്‌ പോലീസുകാരെയും തനതു ശൈലിയില്‍ തന്റെ തുലികക്ക്‌ കുറുമാന്‍ വിഷയീഭവിപ്പിക്കുന്നു. ഇവിടുത്തെ ശുദ്ധവായുവിലും മെച്ചപ്പെട്ടതാണ്‌ സായിപ്പിന്റെ ജയില്‍ എന്നൊരവബോധം അതുണ്ടാക്കുന്നുവോ എന്ന്‌ വായനക്കിടയില്‍ തോന്നിയിട്ടുണ്ട്‌. ഒപ്പം തന്നെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ തന്നെ ഭാഗമായി മാറിക്കൊണ്ടിരിക്കുന്ന അഴിമതിയുടെ ജീര്‍ണമുഖവും സൂറി എന്ന കൗണ്‍സലിലൂടെ അനാവരണം ചെയ്യപ്പെടുന്നു.



ഇടതു കാല്‍ വച്ചു കയറിയാല്‍ സ്റ്റേഷന്‍ മുടിക്കാന്‍ വന്ന വകയില്‍ നാലെണ്ണവും വലതു കാല്‍ വച്ചാല്‍ വേളി കഴിച്ചു കൊണ്ടു വന്ന വക ഒരു നാലെണ്ണവും രണ്ടു കാലും കൊണ്ടു ചാടിക്കയറിയാല്‍ തുള്ളിക്കളിക്കാന്‍ വന്ന വകയില്‍ ചറ പറായും നടയടിയായി ചാര്‍ത്തിക്കൊടുക്കുന്ന നമ്മുടെ പോലീസുകാരെ (ചിലരെങ്കിലും) ഫീനിഷ്‌ പോലീസുകാരുമായി താരതമ്യം ചെയ്‌തു നോക്കാവുന്നതാണ്‌. കുറുമാനെ പറ്റിയുള്ള എല്ലാ വിവരങ്ങളും ഫയലുകളായി കൈകളിലുണ്ടായിരുന്നിട്ടു കൂടി ആവോളം സിഗരറ്റും കാപ്പിയും കൊടുത്ത്‌ ഇവിടുത്തെ രാഷ്ട്രീയക്കാരുടെയല്ല, മറിച്ച്‌ യഥാര്‍ത്ഥ സ്‌നേഹത്തിന്റെ ഭാഷയില്‍ സത്യം കുറുമാന്റെ വായില്‍ നിന്നുംതന്നെ ഊറ്റിയെടുത്ത പുതിയ ജനുസ്സില്‍ പെട്ട പോലീസുകാര്‍ തീര്‍ച്ചയായും വായനക്കാരെ ഇരുത്തി ചിന്തിപ്പിക്കും.



എസ്‌.കെയുടെ ഒരു തെരുവിന്റെ കഥയിലെ ഹേഡിന്റെ 'സത്യം' കണ്ടുപിടിക്കാനുള്ള വിദ്യയുടെ ആദ്യ ഘട്ടം കൗബോയ്‌ അന്ത്രു (?) വിന്റെ കൈകള്‍ രണ്ടും പിന്നോട്ട്‌ ജനലിനോടു കെട്ടുകയായിരുന്നു. ആദ്യത്തെ മൊട്ടുസൂചി കൗബോയിയില്‍ കുട്ടന്‍നായര്‍ (?) കണ്ടുപിടിച്ച പിന്‍ കുഷനിലേക്ക്‌ ചെല്ലുന്നതോടെ മിഠായിത്തെരുവിലെ മോഷണത്തിന്റെ ചുരുളഴിഞ്ഞു തുടങ്ങി. ഒന്നാമത്തെ സൂചി കയറുമ്പോഴേക്കും കളവ്‌ സ്വപ്‌നത്തില്‍ കൂടി നടത്താത്ത അന്ത്രു കൗബോയ്‌ തന്നെത്തന്നെ പ്രതിയാക്കി ലക്ഷണമൊത്തൊരു മോഷണക്കഥ മിനഞ്ഞുണ്ടാക്കി. സിനിമാക്കഥയല്ലാതെ വേറൊരു കഥ പറഞ്ഞു ശീലമില്ലാത്ത കൗബോയിയുടെ കഥ പാതിയില്‍ മുറിയുമ്പോള്‍ മൊട്ടു സൂചികള്‍ ഒന്നൊന്നായി അന്ത്രുവിലേക്കു മാര്‍ച്ചു ചെയ്‌തു. കുട്ടന്‍ നായര്‍ക്കു വേണ്ട സത്യം ഇങ്ങോട്ടും. അങ്ങിനെ അന്ത്രു കൊടും കുറ്റവാളിയായി. ദുര്‍ഗുണ പരിഹാര പാഠശാലയിലേക്കു യാത്രയുമായി.



ആദ്യം ചോദിച്ച ചോദ്യം ഒന്നു കൂടി ആവര്‍ത്തിക്കുന്നു. പ്രണയം ശക്തിയോ അതോ ദൗര്‍ബല്യമോ? നമ്മുടെ എല്ലാ ശക്തിയും ഒരര്‍ത്ഥത്തില്‍ ദൗര്‍ബല്യം തന്നെയാണ്‌. ഗ്രീക്ക്‌ ഇതിഹാസം അക്കിലസിന്റെ ശരീരമാണ്‌ ശക്തി. വീക്ക്‌നെസൂം അവിടെത്തന്നെയാണ്‌. അക്കിലെസ്‌ ഹീല്‍ എന്ന പ്രയോഗം നോക്കുക. ദുര്യോധനന്റെ ശക്തിയും ഉരുക്കിന്റെ പേശികളായിരുന്നു. തുട ദൗര്‍ബല്യവും. അസ്ഥിയും മാംസവും പോലെയാണ്‌ ശക്തിയും ദൗര്‍ബല്യവും. ഒന്നായി തന്നെയേ നില്‍ക്കുകയുള്ളൂ. യൂറോപ്പിലേക്കു കടക്കാന്‍ ഒരു പക്ഷേ കുറുമാനെ പ്രേരിപ്പിച്ചത്‌ പ്രണയമാവാം. ഒടുക്കം പ്രണയം അവതാളത്തിലാവുമെന്ന അവസ്ഥയില്‍ ജീവന്‍ പണയം വെച്ചു നേടിയ വന്‍ വിജയം തൃണവല്‌ഗണിച്ചു കൊണ്ട്‌ തിരികെയെത്തുന്നു. ഒരേ സമയം പ്രണയം ശക്തിയും ദൗര്‍ബല്യവുമാണെന്നു തെളിയിച്ചു കൊണ്ട്‌.



ഒരു ചിരിയില്‍ തുടങ്ങുന്ന വായന മണിക്കൂറുകള്‍ക്കകം കലാമണ്ഡലം കൃഷ്‌ണന്‍ നായരുടെ മുഖത്തെ ഭാവഹാവാദികളെക്കാളും ഒരു നാലെണ്ണം വായനക്കാരന്റെ മുഖത്തേക്കാവാഹിപ്പിച്ചു കൊണ്ട്‌ ഒടുക്കം ഒരു മരണ വീട്ടില്‍ കാലു കുത്തിയ പ്രതീതി ഉളവാക്കി അവസാനിപ്പിക്കുന്നു. ഇതിനിടയില്‍ അക്ഷരത്തെറ്റുകളുടെ പൂരക്കളി പലയിടത്തും അരങ്ങേറിയിട്ടുണ്ട്‌. അത്‌ എളുപ്പം തിരുത്താവുന്നതേയുള്ളു. 'ത' യും 'ധ'യും മാറിമാറി ഉപയോഗിച്ചു പോയിട്ടുണ്ട്‌ പലയിടത്തും.



വാക്കുകള്‍ ഫ്രോക്കു പോലെയായിരിക്കണം എന്ന കാര്യം കുറുമാന്‌ നന്നായി വശമുണ്ട്‌. മറക്കേണ്ടതു മറക്കാനും തുറന്നു കാട്ടേണ്ടതു തുറന്നു കാട്ടാനും വേണ്ട എറ്റവും ചുരുങ്ങിയ നീളമാണ്‌ വാക്യത്തിന്റെ മാതൃകാ നീളം. ഫ്രോക്കിന്റെയും. അതു പള്ളീലച്ചന്റെ ളോഹ പോലെയായാല്‍ പിന്നെ തിരിഞ്ഞു നോക്കാന്‍ മഹാപാപികളേ കാണൂ.



ആഗോളവല്‍ക്കരണത്തിന്റെ ബൈ പ്രൊഡക്‌റ്റായി ഒരു നൂതന വായനാ ശൈലി രൂപപ്പെട്ടു കഴിഞ്ഞു. ട്രാന്‍സ്‌-അറ്റ്‌ലാന്റിക് റീഡിംഗ്‌ എന്നോ മറ്റോ ആണ്‌ അതറിയപ്പെടുന്നത്‌. ഒരു ദിവസത്തിന്‌ 24 മണിക്കുര്‍ പോരെന്നുള്ള അവസ്ഥക്ക്‌ പരിഹാരമായി ചിന്ന പുസ്‌തകങ്ങളാണ്‌ പ്രസാധകര്‍ പ്രേത്സാഹിപ്പിക്കുന്നത്‌. അതായത്‌ മാക്‌സിമം ഒരു വിമാനം അറ്റ്‌ലാന്റിക്‌ സമുദ്രം താണ്ടുവാന്‍ എടുക്കുന്ന സമയം കൊണ്ട്‌ വായിച്ചു കൊള്ളേണ്ടവ അല്ലെങ്കില്‍ തള്ളേണ്ടവ. കുറുമാന്റെ നോവലിനും ഈ ഒരു ഗുണമുണ്ട്‌. 'അവകാശിക'ളെ കണ്ട്‌ ബോധം പോയ ഒരവസ്ഥ തീര്‍ച്ചയായും ഇല്ല. കയ്യിലെടുത്ത പുസ്‌തകം ഒറ്റയിരിപ്പിന്‌ വായിച്ചു തീര്‍ക്കാം. കുറുമാന്‌ കഥ പറയാനറിയാം. എല്ലാവിധ ആശംസകളും.



- നിത്യന്‍

Labels: ,

3അഭിപ്രായങ്ങള്‍ (+/-)
Links to this post

3 Comments:

നിത്യന്‍ ലളിതസുന്ദരമായി പറഞ്ഞത് ഞാന്‍ ഇത്ര അപഗ്രഥിച്ചുള്ള എഴുത്തൊന്നും എനിക്കു വശമില്ലല്ലൊ എന്ന സങ്കടം കാരണം എഴുതാതിരുന്നതാണ്.

വേറിട്ടൊരു ശൈലിയാണ് മാഷെ നിത്യാ നിങ്ങടെ...

കുറുമാന്റേതു പോലെ. ഞാനു അടുത്ത കാലത്ത് ഇത്ര ഉത്സാഹത്തോടെ ഒരു പുസ്തകവും, അതും ഒറ്റയിരുപ്പിന്, വായിച്ചിട്ടില്ല. ഏതാണ്ടൊരു കൊല്ലം മുമ്പ്, എറണാകുളത്തുവെച്ച് കുറുവിന്റെ പുസ്സ്സപ്രാസ്നത്തിനിടെ, പബ്ലിഷറായ റെയിന്‍ബോ രാജേഷും ഇതുതന്നെ പറഞ്ഞപ്പോള്‍, ദ്രാവകം അശരീരിയായി പുറത്തിറങ്ങിയതാണെന്നേ തോന്നിയുള്ളൂ. അല്ലായിരുന്നു എന്ന് എനിക്കിപ്പോള്‍ ബോദ്ധ്യാണ്.

ഇത്രേള്ളൂ.

June 4, 2008 8:29 PM  

ആണത്തമുള്ള ഭാഷ, കെട്ടുറ്റപ്പുള്ള ശൈലി, ലാളിത്യമുള്ള ഭാഷ... താങ്കളുടെ വാക്കുകളില്‍ ഊര്‍ജ്ജമുണ്ട് നിത്യന്‍...

ആശംസകള്‍

ജയകൃഷ്ണന്‍ കാവാലം

June 5, 2008 1:58 PM  

Kuruman is a great writer. His book as I have read in one sitting-it is a flow. I have read only Randamoozham of MT like this in one night. We in Muscat were lucky to see and get introduced to Kuruman and I got the book from him. Kuruman write more but to give a speach.
Gopikrishnan S Menon Muscat

June 26, 2008 11:42 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



28 May 2008

യൂണിക്കോഡ് മലയാളം ബൈബിളിന്റെ പുതിയ version

കൈപ്പള്ളി എന്ന ബ്ലോഗറുടെ പ്രതിഭയും, ഇച്ഛാശക്തിയും വെളിവാക്കുന്ന നെറ്റിലെ അത്ഭുതങ്ങില്‍ ഒന്നാണ് യൂണിക്കോഡ് മലയാളം ബൈബിള്‍. യൂണിക്കോഡ് മലയാളം ബൈബിളിന്റെ പുതിയ version പ്രവര്‍ത്തിച്ച് തുടങ്ങി.




പുതിയ സൌകര്യങ്ങള്‍:




1) വചനങ്ങള്‍ക്ക് permalink. നിങ്ങളുടെ ചര്‍ച്ചകള്‍കും പഠനത്തിനും quote ചെയ്യാനുള്ള സൌകര്യം.
2) Registration ഒന്നും ഇല്ലാതെതന്നെ അവസാനം വായിച്ച page തുറന്നു കാണിക്കും.
3) അന്വേഷണ സൌകര്യം എപ്പോഴും ലഭ്യമാണു്.
4) Microsftന്റെ Technology യില്‍ നിന്നും വിട്ടുമാറി പൂര്ണമായും open source technology ഉപയോഗിക്കുന്നു. MySql ഉം PHP യും.
5) ഭാവി Mobile deviceഉകളില്‍ കാണാന്‍ സൌകര്യം.
6) ചിത്രങ്ങള്‍ കഴിവതും ഒഴിവാക്കി CSS മാത്രം ഉപയോഗിക്കുന്നു.

Labels: ,

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



20 May 2008

വിദ്യ കൊണ്ട്‌ പ്രബുദ്ധരായി

വിദ്യ കൊണ്ട്‌ പ്രബുദ്ധരായ ശേഷം വ്യവസായം കൊണ്ട്‌ അഭിവൃദ്ധിപ്പെടുവാന്‍ മലയാളികളെ ഉപദേശിച്ചത്‌ ദാര്‍ശനീകനായ ആ സന്ന്യാസി വര്യനാണ്‌. ശ്രീ നാരായണ ഗുരുദേവന്‍. പറഞ്ഞതപ്പടി ശിഷ്യന്‍മാര്‍ നടപ്പിലാക്കി. 'വിദ്യ' തന്നെ വ്യവസായമാക്കി ഒറ്റയടിക്ക്‌ പ്രബുദ്ധരാവുക മാത്രമല്ല വല്ലാതങ്ങ്‌ അഭിവൃദ്ധിപ്പെട്ട്‌ കാണിച്ചു കൊടുക്കുകയും ചെയ്‌തു. മന്നത്താചാര്യനും അനുയായികളോടു പറഞ്ഞത്‌ ഏതാണ്ടിതു തന്നെയായിരുന്നു. മന്നം ഷുഗര്‍മില്ലും ഒട്ടനവധി സ്‌കൂളുകളും സ്ഥാപിക്കാന്‍ മൂപ്പര്‍ മുന്‍കൈയ്യെടുത്തതും നാടു നന്നാക്കാന്‍ വേണ്ടി ത്തന്നെയായിരുന്നു.



രണ്ടു കൂട്ടരുടെയും നേരവകാശികളായി അരങ്ങിലാടി ത്തിമര്‍ത്തവര്‍ ലേശം കൂടുതല്‍ പ്രബുദ്ധരായി പ്പോയതാണ്‌ വലിയ കുഴപ്പം. താമസിയാതെ സര്‍വ്വ ജാതി-മത നപൂംസകങ്ങളും എന്നും ലാഭം മാത്രമുണ്ടാക്കി ചരിത്രം സൃഷ്ടിച്ച 'വിദ്യ' തന്നെ വ്യവസായമാക്കി ഹരിശ്രീ കുറിച്ചു. വളര്‍ന്നു. പിന്നെ കൊഴുത്തു.



ആരെയും കുറ്റം പറഞ്ഞിട്ട്‌ കാര്യമില്ല. വിദ്യയാണ്‌ കുഴപ്പമുണ്ടാക്കിയത്‌. 'വിദ്യാഭ്യാസം' എന്നൊരര്‍ത്ഥം വിദ്യയ്‌ക്കുണ്ടെങ്കിലും കണ്‍കെട്ടും മായാജാലവുമടക്കം സകല സംഗതികളും 'വിദ്യ' പെറ്റ മക്കളു തന്നെയാണ്‌.



ഗുരു കാണാത്തത്‌ കണ്ടെത്തുമ്പോഴാണ്‌ ശിഷ്യന്‍ ഗുരിക്കളാവുക. ഗുരുവിന്റെ കണ്ണില്‍ പെടാതിരുന്ന 'വിദ്യ' യെടുത്ത്‌ ഗുരുവിന്റെ തന്നെ കണ്ണു കുത്തിപ്പൊട്ടിക്കുകയാണ്‌ ഒരു ശിഷ്യന്‌ നല്‌കാന്‍ പറ്റുന്ന ഏറ്റവും മുന്തിയ ഗുരുദക്ഷിണ.



ആരു ഭരിച്ചാലും നമ്മുടേത്‌ നമുക്ക്‌ കിട്ടണം. പണിക്കര്‍ കണ്ടുപിടിച്ച്‌ പകര്‍പ്പവകാശത്തിനു കാശു വാങ്ങാതെ സകല ജാതി മത കോമരങ്ങള്‍ക്കും പകര്‍ന്നു കൊടുത്ത സമദൂര സിദ്ധാന്തം അതിലേക്കുള്ള മാര്‍ഗമാണ്‌. അതായത്‌ ആര്‍ക്കും നമ്മളെതിരല്ല. ഒറ്റ കണ്ടീഷന്‍. നമ്മള്‍ 'വിദ്യ' കൊണ്ട്‌ പ്രബുദ്ധരാവുന്നതിനും വിദ്യ വിറ്റ്‌ അഭിവൃദ്ധിപ്പെടുന്നതിനും സംഘടന കൊണ്ട്‌ അന്ധരാകുന്നതിനും ആരും ഇടങ്കോലിടരുത്‌. ഇത്രേയുള്ളൂ.


ഇപ്പോള്‍ സംഭവിച്ചത്‌ നോക്കുക. സ്വന്തം പേര്‌ നാലിടത്തു നാലു വിധമെഴുതുന്ന എല്ലാവരും എസ്‌. എസ്‌. എല്‍. സി പാസായി. ഇനി ഇവരെക്കൊണ്ട്‌ ആര്‍ക്ക്‌ പ്രയോജനം? സ്വാശ്രയ മുതലാളിമാര്‍ക്ക്‌ ഇഷ്ടം പോലെ കൊള്ളയടിക്കാന്‍ ഇത്ര നല്ലൊരവസരം ലോക ചരിത്രത്തില്‍ ഇന്നേ വരെ ഉണ്ടായിട്ടില്ല. അതിന്റെ ക്രഡിറ്റ്‌ അഭിനവ മുണ്ടശ്ശേരിക്കു തന്നെയാണ്‌. മടിയില്‍ കനമുള്ള രക്ഷിതാക്കളുടെ മുഴുവന്‍ പിള്ളേരും നാളെ അഭയം പ്രാപിക്കുക സ്വാശ്രയ കൊള്ള സംഘം നടത്തുന്ന കലാലയങ്ങളെയായിരിക്കും. യാതൊരു ഗതിയുമില്ലാത്തവരാകട്ടെ പീടിക മുകളില്‍ മാടം കെട്ടി പിള്ളാരെ പിടിക്കാന്‍ നടക്കുന്ന പാരലല്‍ കോളേജുകളിലേക്കും. ആര്‍ക്കെന്തു ഗുണം?



പാസാവാനുള്ള യോഗ്യത ഉത്തരത്തിന്റെ ആദ്യ ഭാഗമായ ചോദ്യത്തിന്റെ നമ്പര്‍ എഴുതി വെയ്‌ക്കണം. അതിനും മിനക്കെടാന്‍ പറ്റാതെ പോയത്‌ ആ എട്ടു ശതമാനത്തിനാണ്‌. ശരിക്കും ആ എട്ടു ശതമാനമെന്നു കേട്ടാല്‍ അപമാന പൂരിതമാകണം അന്തരംഗം. അതായത്‌ ബേബി പോയിട്ട്‌
ഗ്രാന്റ്‌ഫാദന്‍ വന്നാലും അക്കൂട്ടര്‍ ഇനി പ്രബുദ്ധരാവാന്‍ സാദ്ധ്യതയില്ല.



പണ്ടൊരു രാജാവ്‌ രാജ്യത്തെ മടിയന്‍മാരെ കണ്ടുപിടിക്കാന്‍ നടത്തിയ ഒരു പരീക്ഷണമാണ്‌ ഓര്‍മ്മ വരുന്നത്‌. ചെണ്ടകൊട്ടി നാടൊക്കെ വിളംബരം നടത്തി ; പ്രദേശത്തെ സകലമാന മടിയന്‍മാര്‍ക്കും നാളെ മുതല്‍ ശാപ്പാട്‌ കൊട്ടാരത്തില്‍. മടിയന്‍മാരെ മൊത്തം പല്ലക്കിലേറ്റി സൈന്യം മടി കൂടാതെ കൊട്ടാരത്തില്‍ എത്തിക്കൂന്നതായിരിക്കും. അങ്ങിനെ മൊത്തം മടിയന്‍മാരും കൊട്ടാരത്തിലെത്തി. വിസ്‌തൃതമായ പന്തലില്‍ ഉപവിഷ്ടരായി. സദ്യ വിളമ്പാന്‍ രാജാവ്‌ ഉത്തരവിട്ടു. മുഴുവനായൂം വിളമ്പി ത്തീര്‍ന്ന്‌ ഉണ്ണാന്‍ തുടങ്ങുമ്പോള്‍ തന്നെ പന്തലിനു തീക്കൊടുക്കാന്‍ സൈന്യാധിപനും കൊടുത്തൂ വേറൊരു ഉത്തരവ്‌. തീയ്യാളാന്‍ തൂടങ്ങിയപ്പോഴേക്കും മടിയന്‍മാര്‍ മരണയോട്ടം തുടങ്ങി. തീയ്യാളി പ്പടര്‍ന്നിട്ടും എഴുന്നേറ്റു പോവാതിരുന്ന മൂന്നെണ്ണത്തിനോട്‌ സേനാനായകന്‍ ഓടി രക്ഷപ്പെടാന്‍ അലറി. കിട്ടിയ മറുപടി വേണമെങ്കില്‍ കൊണ്ടു വന്നതു പോലെ പല്ലക്കിലെടുത്ത്‌ കൊണ്ടു പോയി ക്കൊള്ളാനായിരുന്നു.



ഓടി രക്ഷപ്പെട്ടവരൊന്നും മടിയന്‍മാരല്ല. ഓടാന്‍ യാതൊരു മടിയുമുണ്ടായിരുന്നില്ലല്ലോ. അവര്‍ക്കെല്ലാം രാജാവിന്റെ വക 25 ചാട്ടയടി വിധിച്ചു. പുറമേ ചുമന്നു കൊണ്ടു വന്ന വകയില്‍ എക്ട്രാ പവര്‍ ഒരഞ്ചടി വീതം സൈന്യം സ്‌പെഷ്യല്‍.



ചത്താലും സ്വയമോടി പ്പോവാന്‍ തയ്യാറല്ലാതിരുന്ന മൂന്നാളുകളേ യഥാര്‍ത്ഥ മടിയന്‍മാരായുള്ളൂ. ദൈവം തമ്പുരാന്‍ വിചാരിച്ചാലും രക്ഷയില്ലാത്ത മൂന്നേ മൂന്നാളുകള്‍. അവരെ ആസ്ഥാന മടിയന്‍മാരായി വാഴ്‌ത്തി ആസ്ഥാന പണ്ഡിതന്‍മാരോടൊപ്പം ഇരുന്നു കൊള്ളാന്‍ രാജാവ്‌ കല്‌പിച്ചു. അവറ്റകള്‍ക്ക്‌ ശിഷ്ട കാലത്തേക്കുള്ള വഹ ഖജനാവില്‍ നിന്നും കൊടുത്തു കൊള്ളുവാനുമായിരുന്നു ഉത്തരവ്‌.



രാജാവ്‌ മന്ത്രിയായവതരിച്ച 'വിദ്യ' അഥവാ മായജാലമാണല്ലോ ജനാധിപത്യം. ബേബി സാറിനും ചെയ്യാവുന്നത്‌ അതു തന്നെയാണ്‌. ഇപ്പോ തോറ്റ 8 ശതമാനത്തിനെയും തേങ്ങയെ എണ്ണ ക്കുരുവാക്കിയതു പോലെ ആസ്ഥാന മടിയന്‍മാരായി പ്രഖ്യാപിക്കുക. അനന്തരം അവറ്റകളുടെ ശിഷ്ട കാലത്തേക്കുള്ളത്‌, അതായത്‌ ഒരു 100 കൊല്ലം ചുരുങ്ങിയത്‌, തടിക്കും തലയ്‌ക്കും യാതോരു തേയ്‌മാനവും സംഭവിക്കാതെ ആളുകള്‍ ചാവുകയില്ല, ഖജനാവില്‍ നിന്നും വകയിരുത്തുക. അതിനുള്ള വഹയില്ലെങ്കില്‍ ഖജനാവു തന്നെ അങ്ങേല്‌പിച്ചു കൊടുത്തേക്കുക. അവരും വാഴട്ടെ ഇനിയങ്ങോട്ട്‌. ഒരു മന്ത്രിയായി ഭവിക്കാന്‍ എസ്‌. എസ്‌. എല്‍. സി പാസാവണമെന്ന്‌ എവിടെയും പറഞ്ഞിട്ടില്ല.
പ്രധാനമന്ത്രിവരെ ആവാം. ഒരു കുഴപ്പവുമില്ല.



നിത്യന്‍
http://www.nithyankozhikode.blogspot.com/

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കാവലിനും കൂട്ടിനും ശ്വാനന്മാര്‍

വീടിനു കാവലായും വീട്ടുകാര്‍ക്ക്‌ ഒരു അരുമയായും നായ്ക്കളെ വളര്‍ത്തുന്നത്‌ സാധാരണമാണ്‌. പഴയ കാലത്തെതില്‍ നിന്നും വ്യത്യസ്ഥമായി ഇന്ന് സാധാരണക്കാര്‍ പോലും "ബ്രാന്റഡ്‌" നായ്ക്കളെയാണ്‌ വളര്‍ത്തുവാന്‍ താല്‍പര്യപ്പെടുന്നത്‌. ഉദാഹരണമായി "ഹച്ചിന്റെ പരസ്യത്തില്‍ ഉള്ള നായക്കുട്ടി എന്റെ വീട്ടിലും ഉണ്ട്‌" എന്ന് അഭിമാനത്തോടെ പറയുന്നവര്‍ ഇന്ന് ധാരാളം. പലരും മറ്റുള്ളവര്‍ക്കു മുമ്പില്‍ മേനി നടിക്കുവാന്‍ നായ്ക്കളെ വളര്‍ത്താറുണ്ട്‌.


വീടു കാവലിനായി നായ്ക്കളെ തിരഞ്ഞെടുക്കുമ്പോള്‍ ജര്‍മ്മന്‍ ഷെപ്പെര്‍ഡ്‌, ഡോബര്‍മാന്‍ പിന്‍ഷ്വര്‍, ലാബ്രഡോര്‍ റിട്രീവര്‍, ഗ്രേറ്റ്‌ ഡാന്‍, റോട്ട്‌ വീലര്‍, ഡാല്‍മേഷ്യന്‍, രാജപാളയം (ജന്മദേശം തമിഴ്‌നാട്ടിലെ രാജപാളയം എന്ന സ്ഥലത്ത്‌) തുടങ്ങിയ വര്‍ക്കിങ്ങ്‌ ഗ്രൂപ്പില്‍ പെട്ട നായ്ക്കളെയാണ്‌ പരിഗണിക്കേണ്ടത്‌. ഇതില്‍ റോട്ട്‌ വീലര്‍ എന്ന വിഭാഗത്തില്‍ പെടുന്ന നായക്കള്‍ അപകടകാരികളാണ്‌. പൊതുവേ "വണ്‍ മാന്‍ ഡോഗ്‌" എന്ന് അറിയപ്പെടുന്ന ഇവയെ വേണ്ട വിധം ശ്രദ്ധിക്കാതിരുന്നാല്‍ പല വിധത്തിലുള്ള അപകടങ്ങളും ക്ഷണിച്ചു വരുത്തുകയാകും ഫലം. ഇവയെ സ്ത്രീകള്‍ക്ക്‌ പൊതുവെ കൈകാര്യം ചെയ്യുവാന്‍ ബുദ്ധിമുട്ടായിരിക്കും.അപകടകാരിയായതിനാല്‍ ചില രാജ്യങ്ങളില്‍ ഇവയെ നിരോധിച്ചിട്ടുണ്ട്‌ എന്നാണ്‌ അറിയുന്നത്‌. എന്നാല്‍ കാവലിനു വളരെയധികം മിടുക്കന്മാരാണ്‌ ഈ വിഭാഗത്തില്‍ പെട്ട നായക്കള്‍ എന്നത്‌ വിസ്മരിക്കാനാകില്ല.


ഡോബര്‍ മാനും, ജര്‍മ്മന്‍ ഷെപ്പേര്‍ഡും, ലാബ്രഡോറും, പൊതുവെ വളര്‍ത്തുവാന്‍ എളുപ്പമുള്ളവയാണ്‌. സ്ത്രീകളുമായും കുട്ടികളുമായും ഏറ്റവും കൂടുതല്‍ ഇണങ്ങുന്നതും താരതമ്യേന അപകടകാരിയും അല്ലാത്തതാണ്‌ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട നായക്കള്‍. താരതമ്യേന ശൗര്യം കുറവാണ്‌ ഈ വിഭാഗത്തില്‍ പെടുന്നവക്ക്‌ (ലാബര്‍ഡോര്‍ വിഭാഗത്തില്‍ പെട്ട നായ്ക്കള്‍ സിനിമയിലെ ചില രംഗങ്ങളില്‍ ആളുകളെ കടിച്ചു കീറുന്നത്‌ കണ്ടിട്ട്‌ തെറ്റിദ്ധരിക്കേണ്ട). വര്‍ക്കിങ്ങ്‌ ഗ്രൂപ്പില്‍ പെട്ടുന്ന നായ്ക്കള്‍ക്ക്‌ ധാരാളം വ്യായാമം ആവശ്യമാണ്‌. വീടിനു ചുറ്റും മതിലോ വേലിയോ കെട്ടിത്തിരിച്ച്‌ അവയെ തുറന്നു വിടാവുന്നതാണ്‌. പെണ്‍ പട്ടികള്‍ക്കാണ്‌ നായ്ക്കളേക്കാള്‍ കാവലിനു ജാഗ്രത കൂടുതല്‍.
വീടിനകത്ത്‌ അരുമയായി വളര്‍ത്തുവാന്‍ പൂഡില്‍, പോമറേനിയന്‍, ഡാഷ്‌ ഹൂണ്ട്‌, പഗ്ഗ്‌ തുടങ്ങിയ വിഭാഗത്തില്‍ പെടുന്നവയെ തിരഞ്ഞെടുക്കാം. വീടിനകത്ത്‌ രോമം കൊഴിയുവാനും മറ്റും ഉള്ള സാധ്യത കണക്കിലെടുക്കുമ്പോള്‍ താരതമ്യേന രോമം കുറഞ്ഞ ഡാഷ്‌ ഹൂണ്ട്‌ ആയിരിക്കും കൂടുതല്‍ നല്ലത്‌.(സൂക്ഷിച്ചില്ലേല്‍ നല്ല കടിയും കിട്ടും)




നായക്കുട്ടികളെ തിരഞ്ഞെടുക്കുമ്പോള്‍: ആദ്യം തന്നെ തങ്ങള്‍ക്ക്‌ ഏതു വിഭാഗത്തില്‍ പെട്ട നായ്ക്കുട്ടികളെ ആണ്‌ വേണ്ടതെന്ന് നിശ്ചയിക്കുക. നായ്ക്കുട്ടികള്‍ക്ക്‌ വേണ്ടത്ര തൂക്കവും ആരോഗ്യവും ഉണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്‌. കണ്ണില്‍ നിന്നും മറ്റു ശരീരഭാഗങ്ങളില്‍ നിന്നും വെള്ളം ഒലിക്കുന്നവയെ തിരഞ്ഞെടുക്കരുത്‌. ഉറക്കം തൂങ്ങികളെയും നടക്കാന്‍ ബുദ്ധിമുട്ടുള്ളവരെയും വേണ്ടെന്ന് വെക്കുക. ഓരോ വംശത്തിനും നിറത്തിലും ആകാരത്തിലും മറ്റും അതിന്റേതായ പ്രത്യേകതകള്‍ ഉണ്ട്‌. ഇത്തരം കാര്യങ്ങളില്‍ വ്യതിയാനം ഉള്ളവയെ ഒഴിവാക്കുക.




കച്ചവടക്കാര്‍ പലപ്പോഴും അതിശയോക്തി നിറഞ്ഞ കാര്യങ്ങളും തന്തക്കും തള്ളക്കും മല്‍സരങ്ങളില്‍ സമ്മാനം കിട്ടിയിട്ടുണ്ടെന്നും മറ്റും പറയും തുടര്‍ന്ന് വന്‍ വിലയായിരിക്കും നായ്ക്കുട്ടികള്‍ക്ക്‌ പറയുക. വിപണിയിലെ വില നിലവാരത്തെക്കുറിച്ച്‌ അന്വേഷിച്ചതിനു ശേഷം മാത്രം വാങ്ങുക. കച്ചവടക്കാര്‍ പലയിടങ്ങളില്‍ നിന്നും വാങ്ങി കൊണ്ടു വന്ന് വില്‍ക്കുന്നത്‌ സാധാരണമാണ്‌. അതിനാല്‍ നായ്ക്കുട്ടികളുടെ തള്ളയേയും തന്തയേയും കണ്ട്‌ ബോധ്യപ്പെട്ടതിനു ശേഷം വാങ്ങുന്നതായിരിക്കും കൂടുതല്‍ നല്ലത്‌. പേഡിഗ്രി ഉള്ളവയെ ആണ്‌ നിങ്ങള്‍ തിരഞ്ഞെടുക്കുന്നതെങ്കില്‍ സര്‍ട്ടിഫിക്കറ്റ്‌ യദാര്‍ത്ഥമാണോ എന്ന് പരിശോധിച്ച്‌ ഉറപ്പു വരുത്തേണ്ടതുണ്ട്‌. (പെഡിഗ്രി എന്നത്‌ കെന്നല്‍ ക്ലബ്ബുകള്‍ നായക്കളുടെ വംശ ശുദ്ധിക്ക്‌ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്‌ ആണ്‌) പൊതുവെ ഇവക്ക്‌ വില കൂടുതല്‍ ആയിരിക്കും. ടെയിനിങ്ങ്‌ കിട്ടിയ നായക്കള്‍ക്കും മല്‍സരങ്ങളില്‍ സമ്മാനം നേടിയ നായക്കള്‍ക്കും ഇറക്കുമതി ചെയ്തവക്കും വില കൂടുതല്‍ ആണ്‌. റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും ചില യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും നായ്ക്കളെ ഇറക്കുമതി ചെയ്യാറുണ്ട്‌ ഇവയുടെ വില ലക്ഷങ്ങളാണ്‌.


ഭക്ഷണവും പരിചരണവും: നായക്കളുടെ ഭക്ഷണ ക്രമത്തിലും നല്ലവണ്ണം ശ്രദ്ധിക്കേണ്ടതുണ്ട്‌. നായക്കള്‍ക്ക്‌ രണ്ടു നേരം ഭക്ഷണം നല്‍കുന്നതായിരിക്കും നല്ലത്‌. രാത്രിയില്‍ നായ്ക്കള്‍ക്ക്‌ ഭക്ഷണം ഒഴിവാക്കിയാല്‍ അവ രാത്രിയില്‍ ഉറങ്ങാതിരിക്കുവാന്‍ നല്ലതാണെന്ന് അഭിപ്രായപ്പെടുന്നവര്‍ ഉണ്ട്‌. കേടായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ അവക്ക്‌ നല്‍കരുത്‌. ചോറ്‌ പാല്‌ ഇറച്ചി മുട്ട എന്നിവക്ക്‌ പുറമേ പാക്കറ്റില്‍ വരുന്ന ഡോഗ്‌ ഫുഡ്ഡുകളും നല്‍കാവുന്നതാണ്‌. വിറ്റാമിന്‍ ഗുളികകളും വിരയിളക്കുവാനുള്ള മരുന്നുകളും സമയാ സമയങ്ങളില്‍ നല്‍കണം. കൂടാതെ കരള്‍ സംബന്ധമായ അസുഖങ്ങള്‍ വരാതിരിക്കുവാനുള്ള കുത്തി വെപ്പുകളും നല്‍കേണ്ടതുണ്ട്‌. റാബീസിനെതിരായ കുത്തി വെയ്പ്പും ഒരു വിദഗ്ദനായ വെറ്റിനറി ഡോക്ടരുടെ ഉപദേശപ്രകാരം നല്‍കാവുന്നതാണ്‌.




നായക്കള്‍ക്ക്‌ മുറിവു പറ്റിയാല്‍ അവയുടെ മുഖവും കൈകാലുകളും കെട്ടിയിടാതെ മരുന്ന് പുരട്ടുവാന്‍ ശ്രമിക്കരുത്‌. ആറു മാസത്തില്‍ ഒരിക്കലെങ്കിലും നായയെ ഡോക്ടറെ ക്കൊണ്ട്‌ പരിശോധിപ്പിക്കുന്നത്‌ നല്ലതാണ്‌. നായ്ക്കളെ വൃത്തിയായി ബ്രഷ്ചെയ്തും കുളിപ്പിച്ചും സൂക്ഷിക്കുക. (ബാര്‍ സോപ്പ്‌ ഉപയോഗിക്കരുത്‌ അത്‌ നായ്ക്കളുടെ സ്കിന്നിലെ എണ്ണ മയം തീരെ ഇല്ലാതാക്കും) കുളിപ്പിക്കുമ്പോള്‍ അവയുടെ ചെവിയില്‍ വെള്ളം കയറാതിരിക്കുവാന്‍ പഞ്ഞി വെക്കുന്നത്‌ നല്ലതാണ്‌ അതുപോലെ ചെവിക്കകത്ത്‌ ചെള്ള്‌ പേന്‍ മുതലായവ ഉണ്ടോ എന്ന് പരിശോധിക്കുക. ചെള്ള്‌ പേന്‍ എന്നിവയെ ഒഴിവാക്കുവാന്‍ വേണ്ട പൗണ്ടറുകള്‍ വിപണിയില്‍ ലഭ്യമാണ്‌. ഓര്‍ക്കുക നായ്ക്കളില്‍ നിന്നും മുതിര്‍ന്നവരെക്കാള്‍ കുട്ടികള്‍ക്ക്‌ വളരെ പെട്ടെന്ന് പല വിധ രോഗങ്ങള്‍ പകരാം, അതുപോലെ അവയെ കളിപ്പിക്കുമ്പോള്‍ പല്ലും നഖവും കൊണ്ടുള്ള മുറിവുകളും ഉണ്ടാകാം. മുറിവു പറ്റിയാല്‍ ഉടനെ ഡോക്ടറെ കണ്ട്‌ ചികിത്സ തേടാന്‍ മറക്കാതിരിക്കുക. അത്‌ റാബീസ്‌ വാക്സിന്‍ നല്‍കിയ നായ്ക്കളില്‍ നിന്നായാലും.


കൂട്‌: വീടു നിര്‍മ്മിക്കുന്ന വേളയില്‍ തന്നെ സ്ഥാനം നിശ്ചയിക്കുകയും അതിനനുസരിച്ച്‌ നായ്കൂട്‌ ക്രമീകരിക്കുക. ഗേറ്റും ഫ്രണ്ട്‌ ഡോറും നായക്കള്‍ക്ക്‌ കാണാന്‍ സാധിക്കുന്ന വിധത്തില്‍ ആയിരുന്നാല്‍ കൂടുതല്‍ നല്ലത്‌. വളര്‍ത്തുവാന്‍ ഉദ്ദേശിക്കുന്ന ഇനം അനുസരിച്ച്‌ വലിപ്പം കൂടിനുണ്ടായിരിക്കണം. ഒന്നിലധികം എണ്ണത്തെ വളര്‍ത്തുവാന്‍ ഉദ്ദേശ്യം ഉണ്ടെങ്കില്‍ തുറക്കാവുന്ന രീതിയില്‍ കള്ളികള്‍ തിരിക്കുന്നതും നല്ലതാണ്‌. കൂടിനു ചുരുങ്ങിയത്‌ അഞ്ചടിയെങ്കിലും പൊക്കം ഉണ്ടായിരിക്കണം. കൂടു കഴുകുമ്പോള്‍ ഉണ്ടാകുന്ന വെള്ളവും നായയുടെ മൂത്രവും ഒഴുകിപ്പോകുവാന്‍ ആവശ്യത്തിനു സ്ലോപ്പ്‌ നല്‍കിയിരിക്കണം നല്‍കിയിരിക്കണം. നാചുറല്‍ സ്റ്റോണുകള്‍ കൊണ്ട്‌ ഫ്ലോറിങ്ങ്‌ നടത്തുന്നത്‌ നന്നായിരിക്കും.


പ്രചനനം: നായ്‌ വളര്‍ത്തല്‍ ഒരു നല്ല വരുമാന മാര്‍ഗ്ഗം കൂടിയാണ്‌. വളര്‍ത്തി പ്രജനനം ചെയ്യീച്ച്‌ വില്‍ക്കുവാന്‍ ഉദ്ദേശിക്കുന്നവര്‍ വിപണിയില്‍ കൂടുതല്‍ ആവശ്യക്കാരുള്ള വിഭാഗത്തില്‍ പെട്ട നായ്ക്കളെ വേണം തിരഞ്ഞെടുക്കുവാന്‍. ജര്‍മ്മന്‍ ഷെപ്പേര്‍ഡ്‌, ഡാഷ്‌ ഹൂണ്ട്‌, ഡോബര്‍മാന്‍ തുടങ്ങിയവക്ക്‌ എല്ലാ കാലത്തും ആവശ്യക്കാര്‍ ഉണ്ട്‌. പെഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ ഉള്ള നായ്ക്കള്‍ക്ക്‌ വില കൂടുതല്‍ ലഭിക്കും. ഇനി നിങ്ങളുടെ കൈ വശം ഗുണ നിലവാരമുള്ള "സ്റ്റഡ്‌ ഡോഗ്‌" ഉണ്ടെങ്കില്‍ പെണ്‍ പട്ടിയുമായി മേറ്റ്‌ ചെയ്യിക്കുന്നതിനു പണമായോ പകരം നായ്‌ കുട്ടിയേയോ പ്രതിഫലമായി വാങ്ങാവുന്നതാണ്‌. മദിലക്ഷണം (പെണ്‍ പട്ടിയുടെ യോനിയില്‍ നിന്നും രക്തവും അടങ്ങിയ ശ്രവം വരും) കാട്ടുന്ന പെണ്‍ പട്ടിയെ മുങ്കൂട്ടി നിശ്ചയിച്ച ആണ്‍ പട്ടിയുടെ കൂട്ടിലേക്ക്‌ വിടുകയാണ്‌ പതിവ്‌. ചില പട്ടികള്‍ പരസ്പരം കടി കൂടാന്‍ ഇടയുണ്ട്‌ ഇത്‌ ശ്രദ്ധിക്കണം. (കൂടാതെ ഹീറ്റായ പെണ്‍ പട്ടിയുടെ സമീപം മണം പിടിച്ച്‌ എത്തുന്ന "ഭൈമീ കാമുകന്മാരെ" ശ്രദ്ധിച്ചില്ലേല്‍ സംഗതി കുഴപ്പമാകും) സാധാരണയായി 60 ദിവസമാണ്‌ ഒരു പെണ്‍ പട്ടിയുടെ ഗര്‍ഭ കാലം. വിവിധ ഇനങ്ങള്‍ക്കനുസരിച്ച്‌ 2 മുതല്‍ 14 വരെ കുട്ടികള്‍ ഉണ്ടാകാം. പ്രസവിച്ച ശേഷം പെണ്‍ പട്ടി കുട്ടികളെ തിന്നുന്നത്‌ ശ്രദ്ധിക്കേണ്ടതുണ്ട്‌. വേണ്ടത്ര പോഷകാഹാര ക്കുറവാണിതിനു കാരണം എന്ന് പറയപ്പെടുന്നു. പ്രസവിച്ച പട്ടിക്ക്‌ ഗ്ലൂക്കോസ്‌ ചേര്‍ത്ത വെള്ളവും ദഹിക്കുവന്‍ എളുപ്പമുള്ള ഭക്ഷണവും നല്‍കേണ്ടതുണ്ട്‌. പട്ടി പാല്‍ നല്‍കുവാന്‍ വിസ്സമ്മതിക്കുകയോ വേണ്ടത്ര പാല്‍ ഇല്ലാതിരിക്കുകയോ ചെയ്താല്‍ കൃത്രിമമായി കുട്ടികളെ ഫീഡ്‌ ചെയ്യെണ്ടതുണ്ട്‌. പ്രസവിച്ചു കിടക്കുന്ന പട്ടികളുടെ അടുത്തു പോകുമ്പോള്‍ ശ്രദ്ധിക്കുക ചിലപ്പോള്‍ അവ അപകടകാരികള്‍ ആകാറുണ്ട്‌. ഡോബര്‍മാന്‍, റോട്ട്‌ വീലര്‍ തുടങ്ങിയ ചില ജാനസ്സുകളുടെ വാല്‍ മുറിച്ചു കളയാറുണ്ട്‌. പ്രസവിച്ച്‌ രണ്ടാഴ്ച കഴിഞ്ഞതിനു ശേഷം രണ്ടാമത്തേയോ മൂന്നാമത്തേയോ കശേരുവില്‍ വച്ച്‌ വിദഗ്ദനായ ഒരു ഡോക്ടര്‍ക്ക്‌ അനായാസം ചെയ്യാവുന്നതാണിത്‌. ആണ്‍ പട്ടിക്കും പെണ്‍ പട്ടിക്കും പെഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ ഉണ്ടെങ്കില്‍ അവയുടെ കുട്ടികള്‍ക്കും പെഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കും. ഇതിനു ചില നിബന്ധനകള്‍ ഉണ്ട്‌.


ട്രെയിനിങ്ങ്‌: ട്രെയിനിങ്ങ്‌ നല്‍കിയാല്‍ വളരെയധികം കാര്യങ്ങള്‍ ചെയ്യുവാന്‍ നായ്ക്കള്‍ക്കാകും. മണം പിടിക്കുന്നതിനുള്ള ഇവയുടെ കഴിവ്‌ ഒന്നു വേറെ തന്നെയാണ്‌. വളര്‍ത്തു നായക്കള്‍ക്ക്‌ അടിസ്ഥാനപരമായ കാര്യങ്ങളില്‍ ട്രെയിനിങ്ങ്‌ നല്‍കുന്നത്‌ നല്ലതാണ്‌. സാധാരണയായി ഇരിക്കുവാനും കുര നിര്‍ത്തുവാനും വിളിച്ചാല്‍ നമ്മുടെ അടുത്തേക്ക്‌ വരുവാനും ചില പ്രത്യേക സ്ഥലത്ത്‌ മാത്രം വിസര്‍ജ്ജനം നടത്തുക തുടങ്ങിയ കാര്യങ്ങളില്‍ ട്രെയിനിങ്ങ്‌ ഉടമക്ക്‌ തന്നെ നല്‍കാവുന്നതാണ്‌. അപരിചിതരില്‍ നിന്നും ഭക്ഷണം സ്വീകരിക്കുവാതിരിക്കാന്‍ ഇവയെ പരിശീലിപ്പിക്കുക. പരിശീലനത്തിനായി ഇന്ന് പ്രൊഫഷണല്‍ ഡോഗ്‌ ട്രെയിനര്‍മാരെ ലഭ്യമാണ്‌. കൂടാതെ ഇതിനായി സ്കൂളുകളും ഉള്ളതായി അറിയുന്നു.


ഒരിക്കല്‍ കൂടെ ഓര്‍ക്കാന്‍:

* മറ്റുള്ളവര്‍ വളര്‍ത്തി വലുതാക്കിയ നായ്ക്കളെ വാങ്ങാതിരിക്കുക. അതു പോലെ മറ്റുള്ളവരെ ക്കൊണ്ട്‌ നിങ്ങളുടെ നായ്ക്കളെ ലാളിക്കുവാന്‍ അനുവധിക്കാതിരിക്കുക.

* ബൗണ്ടറിയില്ലാത്തിടത്ത്‌ നായ്ക്കളെ അഴിച്ചിട്ടു വളര്‍ത്താതിരിക്കുക.

* പ്രചനനത്തിനായി നായ്ക്കളെ "മേറ്റ്‌" ചെയ്യീക്കുമ്പോള്‍ അവ രോഗാവസ്ഥയില്‍ അല്ലെന്ന് ഉറപ്പു വരുത്തുക.

* ഒരു പ്രസവത്തില്‍ കൂടുതല്‍ കുട്ടികള്‍ ഉള്ള പട്ടികളുടെ കുട്ടികളെ ഒഴിവാക്കുക.

* പരിചയക്കാരില്‍ നിന്നും മാത്രം നായക്കുട്ടികളെ വാങ്ങുവാന്‍ ശ്രദ്ധിക്കുക.

* അസുഖമുള്ളതോ കാഴ്ചക്കുറവ്‌ കേള്‍വിക്കുറവ്‌ നടക്കാന്‍ ബുദ്ധിമുട്ട്‌ എന്നിവയുള്ള നായ്കുട്ടികളെ ഒഴിവാക്കുക.

* വളര്‍ന്നു വരുമ്പോള്‍ നിയന്ത്രിക്കുവാന്‍ കഴിയുന്നില്ലെങ്കില്‍ അത്തരം നായ്ക്കളെ ഒഴിവാക്കുക.* നായ്ക്കളില്‍ നിന്നും കുട്ടികളെ അകത്തി നിര്‍ത്തുക.

* സമയാ സമയങ്ങളില്‍ മരുന്നുകളും കുത്തി വെപ്പുകളും നല്‍കുക, നായക്ക്‌ വേണ്ടത്ര പരിചരണവും പരിഗണനയും നല്‍കുവാന്‍ കഴിയാത്തവര്‍ ദയവു ചെയ്ത്‌ അവയെ വളര്‍ത്താതിരിക്കുക.

* അനാവശ്യമായി അവയെ ഉപദ്രവിക്കരുത്‌. ട്രെയിനിങ്ങിനു നല്ല ക്ഷമ വേണം. (അതു മനുഷ്യനല്ല നായയാണെന്ന ബോധത്തോടെ പെരുമാറുക)

* ഭക്ഷണം വെള്ളം വ്യായാമം എന്നിവ കൃത്യമായി നല്‍കുക. ദീര്‍ഘകാലം അവയെ തുടലില്‍ ഇടാതിരിക്കുക.

* നായ്‌ വളര്‍ത്തലില്‍ മുന്‍ പരിചയം ഇല്ലാത്തവരും വേണ്ടത്ര കമാന്റിങ്ങ്‌ പവര്‍ ഇല്ലാത്തവരും വംശ ശുദ്ധിയുള്ള റോട്ട്‌ വീലര്‍ വിഭാഗത്തില്‍ പെട്ടവയെ ഒഴിവാക്കുക. ഒരു മനുഷ്യനെ കടിച്ചുകൊല്ലുവാന്‍ റോട്ട്‌ വീലര്‍ വിഭാഗത്തില്‍ പെടുന്ന നായക്ക്‌ നിഷ്‌പ്രയാസം സാധിക്കും.


നായ്‌ വളര്‍ത്തലിനെ കുറിച്ച്‌ വിശദീകരിക്കുന്ന നിരവധി പുസ്തകങ്ങള്‍ വിപണിയില്‍ ലഭ്യമാണ്‌.


ഇനി ഒരു അനുഭവ രഹസ്യം കൂടെ. പകല്‍ സമയത്ത്‌ നായയെ മറ്റുള്ളവരെ കാണിക്കാതെ വീടിനു പുറകു വശത്തോ മറ്റോ ഒളിപ്പിച്ചു വളര്‍ത്തിയാല്‍ അവക്ക്‌ കൂടുതല്‍ ശൗര്യം ഉണ്ടായിരിക്കും.


വാല്‍ മൊഴി: ഈയ്യിടെ രാഷ്ടീയക്കാര്‍ തമ്മില്‍ കൊമ്പ്‌ കോര്‍ത്തപ്പോള്‍ പരസ്പരം ശ്വാനന്മാരോട്‌ ഉപമിക്കുകയുണ്ടയി. ഇക്കൂട്ടര്‍ ഒരു കാര്യം ഓര്‍ത്താല്‍ നന്ന്. "നായയെ മന്ത്രിയോടും മുന്‍ മന്ത്രിയോടും ഉപമിച്ച്‌ അവഹേളിക്കരുത്‌. നായ്ക്കള്‍ മനുഷ്യരേക്കാള്‍ വിശ്വസ്ഥരും നന്ദിയുള്ളവരുമാണ്‌!"

skumar

http://naaykkal.blogspot.com/

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



12 May 2008

ഊട്ടിയില്‍ നടന്ന തമിഴ് മലയാളം കവി സംഗമത്തില്‍ നിന്ന്

പ്രസിദ്ധ തമിഴ് മലയാളം എഴുത്തുകാരനായ ജയമോഹന്‍ ഒരു ദിവസം രാവിലെ എന്നെ വിളിച്ച് ഊട്ടിയില്‍ ഒരു തമിഴ്-മലയാള കവിതാ ക്യാമ്പ് മെയ് മാസത്തില്‍ നടക്കുന്നുണ്ടെന്നും അതിലേക്ക് എന്നെയും തെരഞ്ഞെടുത്തിട്ടുണ്ടെന്നും വരാമോ എന്നും ചോദിച്ചു. അക്ഷരാര്‍ഥത്തില്‍ എന്നെ അത്ഭുതപ്പെടുത്തുകയും വളരെയധികം സന്തോഷിപ്പിക്കുകയും ചെയ്തു. ജയമോഹന്‍ ഞാന്‍ വളരെയധികം ബഹുമാനിക്കുന്ന ഒരെഴുത്തുകാരനാണ്. വ്യക്തിപരമായി അടുപ്പമില്ലാത്ത ഒരു എഴുത്തുകാരനും എന്നെ ഇതേവരെ വിളിച്ചിട്ടില്ല. കവിതകള്‍ ഞാന്‍ അദ്ദേഹത്തിന് അയച്ചു കൊടുക്കയോ ക്യാമ്പില്‍ പങ്കെടുക്കണമെന്ന് അപേക്ഷിക്കുകയോ ചെയ്തിട്ടുമല്ല. ഹരിതകത്തില്‍ നിന്ന് പി.പി.രാമചന്ദ്രന്‍ മാഷാണ് ഒരു ലിസ്റ്റ് തയ്യാറാക്കി കൊടുത്തത്... അതില്‍ നിന്നാണത്രേ അദ്ദേഹം എന്നെയും തെരഞ്ഞെടുത്തത്. ജയമോഹനെ പോലെ വലിയ ഒരെഴുത്തുകാരന്‍ വിളിച്ചതിന്റെ ആനന്ദം എനിക്ക് മറച്ചു വെക്കാനാവുമായിരുന്നില്ല. തസ്കര ഗോത്രങ്ങളെക്കുറിച്ച് എഴുതിയ, പന്നിക്കും ചായ വാങ്ങിക്കൊടുക്കുന്ന തോട്ടികളെക്കുറിച്ച് എഴുതിയ ജയമോഹന്‍...






അതേ തുടര്‍ന്ന് എന്റെ പത്തു കവിതകള്‍ ഞാന്‍ ജയമോഹന്‍ ആവശ്യപ്പെട്ടതനുസരിച്ച് അയച്ചു കൊടുത്തു. അധികം വൈകാതെ ആ മനുഷ്യന്‍ അതിന് മറുപടിയും അയച്ചു:




Dear Vishnu,





Just read and translated your poems. Only one poem about stone god is not so good. It is very conventional. All other poems are really beautiful. You have a spontaneous sharp poetic diction and fresh imagery. Recently I am not listening poetry in Malayalam, because I am not reading malayalam magazines in these days. So I have not listened you till now. I don't know how much Malayalam readers will appreciate you, because popular Malayalam readers are generally not so much sharp and they expect emotional, romantic, and lyrical poems from their poets. Never give a dime to them. Never cater for them. What you are writing now is definitely on the path of great poetry, and it will be recognized once.




Jeyamohan


മലയാളത്തില്‍ നിന്ന് ഒന്‍പതു കവികള്‍ ഉണ്ടായിരുന്നു. പി.പി രാമചന്ദ്രന്‍, കല്പറ്റ നാരായണന്‍, അന്‍‌വര്‍ അലി, പി രാമന്‍, സെബാസ്റ്റ്യന്‍, എസ്.ജോസഫ്, വീരാന്‍ കുട്ടി, ബിന്ദു കൃഷ്ണന്‍ എന്നിവര്‍. എല്ലാവരും പ്രഗത്ഭര്‍. സത്യത്തില്‍ ക്യാമ്പില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് ഒരു ഭയം എനിക്ക് ഉണ്ടായി. അടുത്ത കാലത്തൊന്നും ഒരു കവിത പോലും അച്ചടി മാധ്യമങ്ങളില്‍ വരാത്ത, ഒരു പുസ്തകം പോലും പ്രസിദ്ധീകരിക്കാത്ത (ചുവപ്പ് പച്ച കറുപ്പ്...മറക്കുന്നില്ല) തമിഴോ ഇംഗ്ലീഷോ എന്തിന് മലയാളം തന്നെ നന്നായി സംസാരിക്കാനറിയാത്ത ഞാന്‍ എന്തിനാണ് ക്യാമ്പില്‍ പങ്കെടുക്കുന്നതെന്നും പങ്കെടുത്തിട്ട് എന്ത് വിശേഷമെന്നും കരുതിയിരുന്നു. ഒന്നു രണ്ടുസുഹൃത്തുക്കള്‍ എന്റെ മനോഭാവം മനസ്സിലാക്കി സ്നേഹപൂര്‍വം പോകണമെന്ന് ഉപദേശിച്ചു.




മെയ് 1,2,3 തീയതികളിലായിരുന്നു ക്യാമ്പ്. ദേവതച്ചന്‍, സുകുമാരന്‍, മോഹനരംഗന്‍, വാ.മണികണ്ഠന്‍, മകുടേശ്വരന്‍, യുവന്‍, രാജാ സുന്ദര രാജന്‍ എന്നീ തമിഴ് കവികളായിരുന്നു തമിഴിനെ പ്രതിനിധാനം ചെയ്തിരുന്നത്. അയച്ചു കൊടുത്ത കവിതകള്‍ ജയമോഹന്‍ തമിഴിലേക്ക് മൊഴിമാറ്റം നടത്തിയിരുന്നു. അതു പോലെ തമിഴ് കവിതകള്‍ മലയാളത്തിലേക്കും അദ്ദേഹം വിവര്‍ത്തനം ചെയ്തു. തമിഴില്‍ നിന്ന് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ കവിതകള്‍ ഹരിതകത്തില്‍ വായിക്കാം. മലയാളത്തില്‍ നിന്ന് തമിഴിലേക്ക് പരിഭാഷപ്പെടുത്തിയ കവിതകള്‍ ജയമോഹന്‍ തന്റെ സൈറ്റില്‍ പ്രസിദ്ധീകരിച്ചു വരുന്നു. ഇങ്ങനെ തമിഴിലേക്ക് പരിഭാഷപ്പെടുത്തിയ മലയാളകവിതകള്‍ എല്ലാ തമിഴ് കവികള്‍ക്കും ജയമോഹന്‍ നേരത്തേ അയച്ചു കൊടുത്തു. ജയമോഹന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ തമിഴ് കവിതകള്‍ പി.പി.ആര്‍ പങ്കെടുക്കുന്ന മലയാള കവികള്‍ക്കെല്ലാം മുന്‍‌കൂട്ടി എത്തിച്ചു കൊടുത്തു.






ഊട്ടി ഫേണ്‍ ഹില്ലിലെ നിത്യചൈതന്യ യതിയുടെ ആശ്രമമായ ശ്രീനാരായണ ഗുരു കുലത്തിലായിരുന്നു ക്യാമ്പ്. ഭക്ഷണത്തിനോ താമസത്തിനോ രജിസ്ട്രേഷന്‍ ഫീസ് ഒന്നും വാങ്ങിയിരുന്നില്ലെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം ഞാന്‍ ജയമോഹന് ഫോണ്‍ ചെയ്തപ്പോഴാണ് അദ്ദേഹത്തിന്റെ ഭാര്യ അരുള്‍മൊഴിയാണ് ക്യാമ്പിന്റെ ചെലവുകളെല്ലാം വഹിച്ചതെന്ന് അറിയാന്‍ കഴിഞ്ഞത്. (ഇത് ഏകദേശം പതിനായിരം രൂപ വരുമത്രേ). വേറൊന്ന് ഇത്തരത്തിലുള്ള കവി സംഗമങ്ങള്‍ ജയമോഹന്‍ ആദ്യമായല്ല സംഘടിപ്പിക്കുന്നത് എന്നാണ്. കുറ്റാലത്ത് പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് നടത്തിയ ക്യാമ്പിനെ പറ്റി ജയമോഹന്‍ എഴുതിയത് ഓര്‍ക്കുന്നു. അക്കാലത്ത് ജയമോഹന്‍ ഭാഷാപോഷിണിയില്‍ കുറച്ച് ലേഖനങ്ങള്‍ ചെയ്തിരുന്നു. അതില്‍ നിന്നു കിട്ടിയ കാശു കൊണ്ടാണത്രേ ആ ക്യാമ്പ് സംഘടിപ്പിച്ചത്!





കേരളത്തിലും ഇത്തരം കവി സദസ്സുകള്‍ ഉണ്ടായിരുന്നുവെന്ന് പി.പി.ആര്‍. ഓര്‍ക്കുന്നു. എം. ഗോവിന്ദന്റെ നേതൃത്വത്തില്‍ നടന്നിരുന്ന അത്തരമൊരു സദസ്സില്‍ താന്‍ പങ്കെടുത്തിരുന്നുവെന്നും പി.പി.ആര്‍. പറഞ്ഞു. ഇത്തരുണത്തില്‍ കേരളത്തില്‍ അക്കാദമിക്കായും അല്ലാതെയും നടക്കുന്ന കവിതാ ക്യാമ്പുകളെ ഒന്ന് വിലയിരുത്തുന്നത് രസകരമായിരിക്കും. ഞാന്‍ അവസാനമായി പങ്കെടുത്ത ഒരു ക്യാമ്പ് മന്ചേരിയില്‍ പി.സുരേന്ദ്രന്‍ നേതൃത്വം നല്‍കിയ ഒരു ക്യാമ്പാണ്. എത്രയോ യുവ എഴുത്തുകാര്‍ അതില്‍ പങ്കെടുത്തിരുന്നു. നമ്മുടെ ലതീഷ്മോഹനൊക്കെ ആ ക്യാമ്പില്‍ ഉണ്ടായിരുന്നു. അവിടെയൊക്കെ ഈ യുവ എഴുത്തുകാര്‍ മുതിര്‍ന്ന എഴുത്തുകാരുടെസുദീര്‍ഘങ്ങളായ പ്രസംഗങ്ങള്‍ക്ക് ഇരുന്നുകൊടുക്കാനുള്ള ഉപകരണങ്ങള്‍ മാത്രമായിരുന്നു പലപ്പോഴും. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പോലെ ഒരു കവി ഹസ്സനെ (ആരും അറിയാന്‍ വഴിയില്ല, ഇപ്പോഴും) പ്പോലെ പ്രതിഭയുള്ള ഒരു പാവം പിടിച്ച ചെറുപ്പക്കാരനെ തന്റെ ജാട ഒന്നു കൊണ്ടു മാത്രം ആക്ഷേപിക്കുന്നതുംകേട്ട് ഇരിക്കേണ്ടി വന്നു ആ ക്യാമ്പില്‍. അതിനു ശേഷം ഞാന്‍ ഒരു ക്യാമ്പിലും പങ്കെടുത്തിട്ടില്ല.






കവിതകളെ എങ്ങനെയാണ് വിലയിരുത്തിയത് എന്നൊക്കെ പി.പി.ആറിന്റെ ലേഖനത്തില്‍ പറയുന്നുണ്ട്. പ്രസംഗങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. എന്തിന് അവസാന ദിവസം ഒരു ഫീഡ് ബാക്ക് സെഷന്‍ പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ പങ്കെടുത്ത എല്ലാ കവികളുടെയും നാലഞ്ചു കവിതകള്‍ അതാതു കവികള്‍ക്ക് വായിക്കാനുംഅവയെല്ലാം ഏതു നിലയ്ക്കായാലും വിലയിരുത്തപ്പെടാനും അവസരമുണ്ടായി. രാമന്‍, യുവന്‍ തുടങ്ങിയ കവികള്‍ ചര്‍ച്ചയിലുടനീളം ഇടപെട്ടിരുന്നു. തന്റേതടക്കമുള്ള പുതിയ കവിത ഭാഷാനുഭവം നല്‍കുന്നില്ലെന്നായിരുന്നു രാമന്റെ പ്രധാന പരാതി. പുതിയ കവിത ഒരു ഇമേജോ കൌതുകമോ ഒക്കെ ആയി നില്‍ക്കുന്നുവെന്നാണ് രാമനും പി.പി.ആറുമൊക്കെ പറയുന്നത്.






വരികള്‍ ഓര്‍ത്തെടുക്കാന്‍ പറ്റായ്ക, ഇന്ന കവിത എന്ന് കൃത്യമായി പറയാന്‍ പറ്റായ്ക - പകരം ഇന്ന ഇന്ന ആശയങ്ങളുള്ള കവിത എന്ന് പലപ്പോഴും കവിതാസ്വാദകര്‍ക്കും കവികള്‍ക്കും ഓര്‍ക്കേണ്ടി (ഓര്‍മപ്പെടുത്തേണ്ടി) വരിക തുടങ്ങിയ ദോഷങ്ങളാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. രാമന്‍ ക്യാമ്പില്‍ വായിച്ച പല കവിതകളും ഈയൊരു പ്രശ്നത്തോടുള്ള അയാളുടെ പ്രതികരണങ്ങളായാണ് വായിക്കപ്പെട്ടത്. ജോസഫ് മീന്‍‌കാരന്‍ വായിച്ചത് എനിക്ക് നല്ല ഒരു ഓര്‍മയാണ്. ആ കവിതയുടെ പ്രത്യേകത തന്നെയാണത്. ബിന്ദുകൃഷ്ണന്റെ ചൊല്ലിച്ചൊല്ലി എന്ന കവിത ശ്രദ്ധേയമായി. വീരാന്‍ കുട്ടി തന്റെ പ്രസിദ്ധമായ പൂത്തപടി എന്ന കവിത അവതരിപ്പിച്ചു. കാറ്റേ കടലേ, വിണ്ട ശില്പം തുടങ്ങിയ കവിതകളാണ് പി.പി ആര്‍ അവതരിപ്പിച്ചത്.



ഉമ്മറക്കോലായില്‍നിന്ന്‌
രാത്രിയില്‍ എടുത്തുവയ്ക്കാന്‍ മറന്ന കിണ്ടി
കളവുപോയതുപോലെ
വയല്‍ക്കരയിലുള്ള ഒരു കുന്ന്‌
പുലര്‍ച്ചയ്ക്കു കാണാതായി.
മഴയും വെയിലും എവിടെയെല്ലാം തിരഞ്ഞു!





കാറ്റേ കടലേ എന്ന കവിതയിലെ കിണ്ടി ഒരു സവര്‍ണബിംബമാണെന്ന മട്ടിലൊക്കെ ഒരു വിമര്‍ശനം വീരാന്‍ കുട്ടി തൊടുത്തുവെച്ചിരുന്നു. അടുത്തകാലത്ത് ഒരുപ്രതിരോധോപകരണം (എക്സ്പ്രെസ്സ് ഹൈവേ പ്രശ്നം) എന്ന നിലയില്‍ ഉപയോഗിക്കപ്പെട്ട ഏക കവിതയാണ് കാറ്റേ കടലേ എന്ന കവിത. ആരുടെയുംആഹ്വാനമില്ലാതെ നാട്ടുകാര്‍ ഫോട്ടോസ്റ്റാറ്റ് എടുത്ത് എന്‍‌ലാര്‍ജ് ചെയ്ത് വായനശാലകളിലും പൊതുസ്ഥലങ്ങളിലും ഒട്ടിച്ചു വെച്ച കവിതയാണത്. മലയാളിയുടെ വിമര്‍ശനത്തിലെ കാപട്യം തിരിച്ചറിയാന്‍ ഇതൊക്കെ പോരേ... :)




കൊച്ചുകുഞ്ഞുങ്ങളുടെ
കോട്ടുവായിടുമ്പോഴത്തെ ഭാവം
എനിക്കിഷ്ടമാണ്.
ഒരു സ്വാദുമില്ല ജീവിതത്തിന്.
എന്നിട്ടവര്‍ വലിയ മുഷിച്ചിലോടെ
ലോകത്തിന് പുറംതിരിഞ്ഞ് കിടക്കും.






(കവിത-വന്നിട്ടധികമായില്ല)




കല്പറ്റ നാരായണന്റെ ഈ കവിത അവിടെ പലരും അയവിറക്കുന്നതു കണ്ടു. ഈ കവിത എന്നെ ഓര്‍മിപ്പിച്ചത് പി രാമന്റെ പുറപ്പാട് എന്ന കവിതയാണ്. അമ്മയെ നോക്കി കുതിച്ചു ചാടുന്ന, അറിയാമുഖങ്ങള്‍ കണ്ട് പുളുത്തിക്കരയുന്ന കുട്ടന് ‍(ചെറിയ കുഞ്ഞ്) ഒരു ദിവസം സന്ദര്‍ശകര്‍ വന്ന് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ അവരോടോപ്പം പോകാന്‍ നോക്കുന്നു. അമ്മ കൈ നീട്ടിയിട്ടും തിരിച്ചു വരുന്നില്ല . തുടര്‍ന്ന് കവിത ഇങ്ങനെ:



അപ്പോള്‍ ഞാനറിഞ്ഞു, എന്റെ കുട്ടാ,
വിരസത നീ രുചിച്ചു കഴിഞ്ഞു.
മടുപ്പ് നീ മണത്തു.
നീ പുറപ്പെട്ടിരിക്കുന്നു...




അന്‍‌വര്‍ അലിയുടെ കവിതകള്‍ ക്യാമ്പില്‍ ശരിയായി വിലയിരുത്തപ്പെട്ടില്ല എന്നൊരു അഭിപ്രായമുണ്ട്. അദ്ദേഹത്തിന്റെ കവിതകള്‍ക്ക് മിക്കതിനും റഫറന്‍സ് ആവശ്യമായി വരുന്നുവെന്നതാണ് ഒരു ദോഷമായി പല തമിഴ് കവികളും ചൂണ്ടിക്കാട്ടിയത്. താനിപ്പോള്‍ തനിക്കു വേണ്ടിത്തന്നെയാണ് കവിതയെഴുതുന്നതെന്നതായിരുന്നു അന്‍‌വറിന്റെ മറുപടി.






തമിഴില്‍ ദേവതച്ചന്റെയും യുവന്റെയും കവിതകള്‍ എനിക്ക് ഇഷ്ടമായി. ദേവതച്ചന്‍ അവിടെ വായിച്ച ക്രിസ്തു ജനിക്കുന്നതിനു മുന്‍പ് എന്ന കവിതയും വായിക്കാഞ്ഞ സഞ്ചി എന്ന കവിതയും എനിക്ക് ഇഷ്ടമായ രചനകള്‍ ആണ്. യുവന്റെ ഈ കവിത നോക്കൂ






പച്ചക്കറി വണ്ടിയില്‍ ഊട്ടിയിലെത്തിയ സെബാസ്റ്റ്യന്‍ തന്റെ പുതിയ സമാഹാരത്തിന്റെ (കണ്ണിലെഴുതാന്‍ -പ്രണയ കവിതകള്‍) കോപ്പികള്‍ കൊണ്ടുവന്നിരുന്നു.
എനിക്കും കിട്ടി കണ്ണിലെഴുതാന്‍ ഒന്ന്.



എന്നെ സംബന്ധിച്ച് ഈ ക്യാമ്പ് പലതരത്തില്‍ പ്രയോജനപ്പെട്ടു. മലയാളത്തിലെ തന്നെ ഇതു വരെ പരിചയപ്പെടാന്‍ പറ്റാതിരുന്ന പല കവികളെയും നേരില്‍ പരിചയപ്പെടാനും മൂന്നു ദിവസം ഒരുമിച്ചു കഴിയാനും കഴിഞ്ഞുവെന്നതു തന്നെയാണ് ഏറ്റവും ആഹ്ലാദകരമായ സംഗതി. മറ്റൊന്ന് ഏതു നിലയ്ക്കായാലുംകവിതകള്‍ ശ്രദ്ധിക്കപ്പെടുകയും അഭിനന്ദിക്കപ്പെടുകയും ചെയ്തത്. തമിഴന്റെയും മലയാളിയുടെയും പ്രതികരണത്തിലെ വ്യത്യാസവും എനിക്ക് കാണാന്‍ കഴിഞ്ഞു. കവിത വായിച്ചു കഴിഞ്ഞപ്പോള്‍ ചുറ്റും കൂടുന്നത്, കെട്ടിപ്പിടിക്കുന്നത്, ഓട്ടോഗ്രാഫ് ചോദിക്കുന്നത്...എല്ലാം കുറച്ചു നേരം എന്നെ വികാരാധീനനാക്കി.




ക്യാമ്പ് കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ ലേശം ആത്മവിശ്വാസം എനിക്കു കൂടി എന്നു പറഞ്ഞാല്‍ നുണയാവില്ല. ക്യാമ്പ് വര്‍ത്തമാനങ്ങള്‍ പങ്കിട്ടപ്പോള്‍ ഒരു സുഹൃത്ത് അഹങ്കാരം കൂടാതെ നോക്കണം എന്ന് പകുതി കളിയായി ഉപദേശിക്കുകയും ചെയ്തു.
- വിഷ്ണുപ്രസാദ്

Labels:

14അഭിപ്രായങ്ങള്‍ (+/-)
Links to this post

14 Comments:

ഒട്ടും അറിയപ്പെടാത്ത,വെറുതെ മിണ്ടാതെ ഇരുന്ന, പ്രതിഭാശാലിയായ ഹസ്സന്‍ എന്ന ചെറുപ്പക്കാരനെ (അയാളുടെ അയപ്പെടാത്ത പ്രതിഭയില്‍ അസൂയ മൂത്തായിരിക്കണം) ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒരു പ്രകോപനവുമില്ലാതെ തന്റെ ജാടകൊണ്ടുമാത്രം ആക്ഷേപിച്ചതു കഷ്ടമായിപ്പോയി.(ജാടകൊണ്ടു മാത്രം ഒരാളെ ആക്ഷേപിക്കാന്‍ കഴിയുന്നത് എങ്ങിനെയെന്നോ, അതിനു ഹസ്സനെത്തന്നെ എന്തിനു തിരഞ്ഞെറ്റടുത്തു, എന്നോ ചോദിക്കരുത്. കഥയില്‍ ചോദ്യമില്ല.)

May 14, 2008 9:33 AM  

ഒരിക്കല്‍ ജയമോഹന്റെ ‘കൂട്ടായ്മ‘ യില്‍ ഞാനും പങ്കെടുത്തിട്ടുണ്ട്.മലയാളത്തിലെ വലിയ കവികളുടെ കവിതകള്‍ പുസ്തകം നോക്കിയെങ്കിലും തെറ്റു കൂടാതെ ചൊല്ലാനോ, അര്‍ത്ഥം പറയാനോ, ഒരു മലയാള വാക്യം പോലും അക്ഷരത്തെറ്റു കൂടാതെ എഴുതാനോ കഴിവില്ലാത്തയാളാണു ജയമോഹന്‍ എന്നെനിക്കു ബോധ്യപ്പെട്ട കാര്യമാണ്. ആര്‍ക്കും ഇക്കാര്യം പരിശോധിക്കം. സാഹിത്യ മാഫിയ ഉണ്ടാക്കി ആളാകാന്‍ ശ്രമിക്കുന്ന അല്പനാണ് ജയമോഹന്‍

May 14, 2008 10:40 AM  

jayamohavalayangal !

May 14, 2008 10:57 AM  

എസ്രാ പ‌ഉണ്ടിന്റെ കാലഹരണപ്പെട്ട ആശയങ്ങളുമായി മലയാളകവിതയെ ഭരിക്കാന്‍ മോഹിച്ചു വരുന്ന ജയമോഹന്റെ ക്ലിക്കിനെ ഒരിക്കല്‍ കെ.ആര്‍.ടോണി തൊലിയുരിച്ചുവിട്ടതാണ്.ജയമോഹന്റെ അക്ഷരത്തെറ്റൂകള്‍ക്ക് അദ്ദേഹത്തിന്റെ കത്തുകള്‍ തെളിവുകളായുണ്ട് പലരുടെ കയ്യിലും. കുമാരനാശാനേക്കാളും വലിയ കവി കല്പറ്റ നാരായണനാനെന്നു പരയാന്‍ ഉളുപ്പില്ലാത്ത ജയമോഹന്‍ മലയാളത്തിലെ മന്ദബുദ്ധികളെ കൂട്ടി അവരുടെ ആചാര്യനായി മലയാളകവിതയുടെ ഗതി നിയന്ത്രിക്കാമെന്നു വ്യാമോഹിക്കുന്നു. കവിതയിലെ പുതിയ തലമുറ ഇത്തരം കള്ളദൈവങ്ങളെയും വ്യാജസിദ്ധന്മാരെയും തിരിച്ചറിയുകതന്നെ ചെയ്യും.

May 14, 2008 1:21 PM  

ആത്മപ്രശംസയില്‍ ഡി.വിനയചന്ദ്രനോടും കല്പറ്റ നാരായണനോടും സുഭാഷ്‌ചന്ദ്രനോടും പ്രിയ ഏ.എസ്സിനോടുമൊക്കെ മത്സരിക്കാനാണോ വിഷ്ണുവിന്റെപുറപ്പാട്?

May 14, 2008 6:54 PM  

ഇതില്‍ അനോണിമസ് ആയ ചില പ്രതികരണങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ ബൂലോകകവിതയില്‍ പോസ്റ്റ് ചെയ്ത കമന്റുമായി ചേര്‍ത്തുവച്ച് അതു ഞാനാണോ എന്നു ചില സുഹൃത്തുക്കള്‍ അന്വേഷിച്ചു.അനോണിമസ് ആയി കമന്റ് എഴുതിയിരിക്കുന്നത് ഞാന്‍ അല്ല്ല എന്നു പറയാന്‍ മാത്രമാണ് ഈ കുറിപ്പ്. ഞാന്‍ എഴൂതിയ കമന്റ് ഈ ലിങ്കില്‍ കാണാം.
http://boolokakavitha.blogspot.com/2008/05/blog-post_4683.html

May 15, 2008 8:06 PM  

This post has been removed by the author.

May 15, 2008 8:43 PM  

അനോണിമസ് ആയി കമന്റെഴുതിയ ആള്‍(ക്കാര്‍) വൈയക്തികമായ പല പരാമര്‍ശങ്ങളും നടത്തിയിട്ടുള്ളത് മറ്റുള്ളവരെ തെറ്റിദ്ധരിക്കാന്‍ ഇടയാക്കും. ജയമോഹന്‍ സംഘടിപ്പിച്ച ക്യാമ്പില്‍ പങ്കെടുത്തയാളെങ്കിലും സ്വന്തം പേരു വെളിപ്പെടുത്തീയിരുന്നെങ്കില്‍ :(

May 15, 2008 8:47 PM  

ഇതില്‍ വിഷ്ണു എവിടെയാണ് അത്മപ്രശംസ നടത്തിയിട്ടുള്ളത് അനോണിമസ്സേ? ഇത്തരത്തിലൂള്ള ഒരു കൂട്ടായ്മക്ക്, അതും തീരെ പ്രതീക്ഷിക്കാത്ത ഇടങ്ങളില്‍നിന്ന് ക്ഷണം കിട്ടുമ്പോഴും, വായനക്കാര്‍ (ആസ്വാദകര്‍)വന്ന് പരിചയപ്പെട്ട് സന്തോഷം പങ്കുവെക്കുമ്പോഴും അല്‍പ്പസ്വല്‍പ്പം വികാരമൊക്കെ ഉണ്ടാവുന്നത് അത്രക്കു വലിയ തെറ്റാണോ?

പിന്നെ, വേണമെങ്കില്‍ ജാടകൊണ്ടും ഒരാളെ തേജോവധം ചെയ്യാനാകുമെന്ന് നേരിട്ട് മനസ്സിലാകണമെങ്കില്‍, ബാലചന്ദ്രനെപ്പോലുള്ളവരെ പരിചയപ്പെട്ടാല്‍ മാത്രം മതിയാകും.

ഡി.വിനയചന്ദ്രനും സുഭാഷുമൊക്കെ ആത്മപ്രശംസയുടെ ഉസ്താദുക്കളാണ് എന്നതിനോട് യോജിക്കുന്നു. തന്റെ പ്രണയാനുഭവങ്ങളെക്കുറിച്ചുള്ള വിനയചന്ദ്രന്റെ ഈയടുത്തകാലത്തെ ആത്മാലാപം തന്നെ നല്ല്ല ഉദാഹരണമാണ്. അതിനുപിന്നാലെ, കുഴൂരും, അനിലനും അവരുടെ പ്രണയാനുഭവങ്ങളെക്കുറിച്ച് എഴുതാന്‍ പോകുന്നുവെന്ന അറിയിപ്പു ഭീഷണിയും ഇ-പത്രത്തില്‍ കണ്ടു.

കവികളേ, നിങ്ങളുടെ പ്രണയാനുഭവങ്ങള്‍ക്ക്, ഞങ്ങളുടെ ഉത്ക്കണ്ഠകളെയും ജീവിതാനുഭവങ്ങളെയും പ്രതിഫലിപ്പിക്കാനോ, മാറ്റിമറിക്കാനോ കഴിയുന്നില്ലെങ്കില്‍, ആ പ്രണയാനുഭവങ്ങള്‍ നിങ്ങളുടെ സ്വകാര്യസുഖങ്ങളും ഓര്‍മ്മകളുമായിതന്നെയിരിക്കുന്നതല്ല്ലേ അതിന്റെ ഒരു സുഖം? അതിന്റെ ഒരു ശരി?

സുഭാഷ് ചന്ദ്രനും ആത്മപ്രശംസയില്‍ അത്രക്ക് മോശമല്ലെന്ന് അനുഭവമുണ്ട്. എങ്കിലും അനോണിമസ്സേ, വിഷ്ണുവിന്റെ ഈയൊരു ലേഖനത്തില്‍ അതിന്റെ ഒരു പൊടിപോലും കാണാനാവുന്നില്ലല്ലോ.

അഭിവാദ്യങ്ങളോടെ
രാജീവ് ചേലനാട്ട്

May 17, 2008 10:03 AM  

കുഴൂരും, അനിലനും അവരുടെ പ്രണയാനുഭവങ്ങളെക്കുറിച്ച് എഴുതാന്‍ പോകുന്നുവെന്ന അറിയിപ്പു ഭീഷണിയും ഇ-പത്രത്തില്‍ കണ്ടു.

രാജീവ്
നല്ല പരിഹാസം.
ഈ പത്രത്തില്‍തന്നെ കുറേ നാളുകളായി അത് കിടപ്പുണ്ടല്ലോ. വായിച്ച് വിമര്‍ശിക്കാനുള്ള ഓപ്ഷനുമുണ്ട്. പിന്നെന്തിനാണ് ഇവിടെ ഇങ്ങനെ ഒരു പരാമര്‍ശം എന്നു മനസ്സിലായില്ല.

May 18, 2008 3:07 PM  

നൂറു കവിതകള്‍ പോലും എഴുതിത്തികച്ചിട്ടില്ലാത്ത ബാലചന്ദ്രന്‍ ചുള്ളിക്കാട് എഴുത്തു നിര്‍ത്തി രംഗം വിട്ടുപോയിട്ടും രാജീവിനെയും വിഷ്നുവിനെയും പോലുള്ള കവികള്‍ക്ക് അദ്ദേഹത്തോടുള്ള വിരോധം തീര്‍ന്നിട്ടില്ല എന്നത് ചുള്ളിക്കാടിന്റെ കവിത്വ ശക്തിക്കു മതിയായ തെളിവാണ്.ആ മനുഷ്യനെ അവഗണിക്കാന്‍ ഒരുതരത്തിലും ഇക്കൂട്ടര്‍ക്കു കഴിയുന്നില്ല. ഡി.വിനയചന്ദ്രനെപ്പോലെ ഒരു വലിയ കവിയുടെ അനുഭവലോകത്തെ സങ്കല്പിക്കാന്‍പോലും രാജീവനെപ്പോലുള്ള പൊട്ടക്കവികള്‍ക്കു സാധിക്കില്ല.വിനയചദ്രന്റെ കവിത്വത്തോടുള്ള കുശുമ്പിന്റെ കൂടെ ലൈംഗിക അസൂയകൂടിയായപ്പോള്‍ രാജീവനു സമനില തെറ്റുന്നു.

May 19, 2008 9:00 AM  

“മഹത്തായ കവിതകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എന്റെ കവിതകള്‍ നിസ്സാരമാണ്.അവ കാലത്തെ അതിജീവിക്കുകയില്ല“എന്നു മനോരമ വാരാ‍ന്ത്യപ്പതിപ്പില്‍ തുറന്നെഴുതിയ ബാ‍ലചന്ദ്രന്‍ ചുള്ളിക്കാടിന് എന്തെങ്കിലും ജാടയുണ്ടെന്നു തോന്നുന്നില്ല.
”ഞാന്‍ ഒരു വലിയ നടനൊന്നുമല്ല. വെറും അഭിനയത്തിഴിലാളി മാത്രം.” (മാതൃഭൂമി വാരാന്ത്യം)എന്നു പരസ്യമായി പ്രഖ്യാപിച്ച് നാലാംകിട സീരിയലുകളില്‍ അഭിനയിച്ച് ഉപജീവനം നടത്തുന്ന ബാലചന്ദ്രന്‍ എന്തു ജാട കാണിച്ചെന്നാണ് പറയുന്നത്?

സ്ഥാനമാനങ്ങളുടെയോ ബഹുമതികളുടെയോ അവാര്‍ഡുകളുടെയോ‍ പരിവേഷങ്ങളൊന്നും ബാലചന്ദ്രനില്ല.വെറുമൊരു സര്‍ക്കാ‍ര്‍ ഗുമസ്തനും സീരിയല്‍ സഹനടനും ഒക്കെയായി ജീവിച്ചുപോകുന്ന ആ സാധുമനുഷ്യന്‍ എന്തു ജാട കാണിക്കാനാണ്? മറ്റു കവികളെപ്പോലെ ആഴ്ച്ചതോറും കവിതകളെഴുതി അയാള്‍ വായനക്കാരെ ദ്രോഹിക്കുന്നുമില്ല.

1980 മുതല്‍ എനിക്കു ബാലചന്ദ്രനെ അറിയാം. കോളേജില്‍ എന്റെ സീനിയര്‍ ആയിരുന്നു അദ്ദേഹം.അടുത്ത സുഹൃത്ത് എന്നു പറയുന്നില്ലെങ്കിലും ഞങ്ങള്‍തമ്മില്‍ അന്നുമുതല്‍ നല്ല പരിചയമുണ്ട്.അദ്ദേഹത്തോടു ചില കാര്യങ്ങളില്‍ വിയോജിപ്പുണ്ടെങ്കിലും അദ്ദേഹം ജാടയാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല.ജാടയായ ഒരാളുടെ പുസ്തകങ്ങള്‍ വിലകൊടുത്തുവാങ്ങി വായിക്കാന്‍ മാത്രം വിഡ്ഡികളല്ല മലയാളികള്‍. (ബാലചന്ദ്രന്റെ പുസ്തകങ്ങളുടെ എത്രയെത്ര പതിപ്പുകളാണ് മലയാളികള്‍ വാങ്ങിത്തീര്‍ക്കുന്നതെന്നു പുസ്തകശാലയില്‍ അന്വേഷിച്ചാല്‍ മറ്റ് എഴുത്തുകാരുടെ ബി.പി.കൂടും.)എന്തായാലും തരം കിട്ടുമ്പോഴൊക്കെ ബാലചന്ദ്രനെ കുറ്റം പറഞ്ഞ് ആളാവാന്‍ ശ്രമിക്കുന്ന ബുദ്ധിജീവിനാട്യക്കാരുടെ ജാട ഇപ്പോഴും തുടരുന്നു എന്നത് അനോണി പറഞ്ഞ പോലെ ബാ‍ലചന്ദ്രന്റെ ശക്തിയെ സൂചിപ്പിക്കുന്നു.

May 19, 2008 11:29 AM  

ചുള്ളിക്കാട് വേറെ എന്തൊക്കെയാണെങ്കിലും ജാഡയaണെന്ന് എനിക്കും തോന്നിയിട്ടില്ല. തോണ്ണൂറിന്റെ തുടക്കത്തില്‍ ഒരു പക്ഷെ അങ്ങനെ വിളിക്കാമായിരുന്നു. എന്നാല്‍ ഇന്ന് ജാഡയുടെ ഡെഫനീഷ്യന്‍ തന്നെ മാറിയിരിക്കുന്നു. അന്ന് ചുള്ളിക്കാടിന്റെ കവിതകളെ മാര്‍ക്സിയന്‍ വിമര്‍ശനത്തില്‍ ക്ഷുദ്രമാണ് എന്ന് പറഞ്ഞ പല ബുദ്ധിജീവികളും ഇന്ന് ദയനീയമായി ഗ്ലോബലൈസേഷന്റെ ഭാരം താങ്ങാനാവാതെ അതിനടിയില്‍ കിടന്ന് നിലവിളിക്കാന്‍ ചമ്മലായത് കൊണ്ട് വളിച്ച ചിരിയുമായി ഊരയ്ക്ക് മുളച്ച ആല്‍ തണലായി എന്ന് പറഞ്ഞിരിക്കുന്നുണ്ട്.

May 19, 2008 4:09 PM  

ജയമോഹനന്റെ വന്ധ്യംകരണ ക്യാമ്പുകളില്‍ അടിമത്തം രക്തത്തിലുള്ള മലയാള കവികള്‍ അഭിനന്ദനത്തിന്റെയും അംഗീകാരത്തിന്റെയും എല്ലിന്‍ കഷണങ്ങള്‍ക്കായി ഓച്ഛാനിച്ചു നില്‍ക്കുന്നു! കേഴുക പ്രിയനാടേ!!

May 20, 2008 4:52 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വാസ്തു വിനയാകുമ്പോള്‍

നമ്മുടെ പാരമ്പര്യ ഗൃഹ നിര്‍മ്മാണ രീതികള്‍ ഭാരതീയ പുരാണങ്ങളും വിശ്വാസങ്ങളുമായി ബന്ധപ്പെട്ടതോ‌ അല്ലെങ്കില്‍ അതില്‍ നിന്നു ഉരുത്തിരിഞ്ഞു വന്നതോ ആണ്‌. പുരാണങ്ങളില്‍ പലയിടത്തും വാസ്തു ശാസ്ത്രത്തെക്കുറിച്ച്‌ പരാമര്‍ശിക്കുന്നുമുണ്ട്‌. മയനാല്‍ നിര്‍മ്മിതമായ കൊട്ടാരത്തെക്കുറിച്ച്‌ വിശദമായി മഹാഭാരതത്തില്‍ പരാമര്‍ശിക്കുന്നുണ്ട്‌. ആധുനീക കാലത്ത്‌ അതില്‍ പറയുന്ന പല കാര്യങ്ങളും നിഷ്‌പ്രയാസം നിര്‍മ്മിക്കാവുന്നതുമാണ്‌.





വാസ്തു നമ്മുടെ പല വിശ്വാസങ്ങളുമായും ആചാരങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്നു. അല്ലെങ്കില്‍ അന്നുള്ളവര്‍ അന്നത്തെ ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയെ നില നിര്‍ത്തുവാനും കെട്ടിട നിര്‍മ്മാണത്തിന്റെ കണക്കുകളെ ഏകീകരിക്കുവാനോ എളുപ്പമാക്കുവാനോ വേണ്ടി അവര്‍ ചില നിയമങ്ങളും അതിനായി ഉണ്ടാക്കി. കൊട്ടാരങ്ങള്‍ക്കും ക്ഷേത്രങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും ചാതുവര്‍ണ്യ വ്യവസ്ഥയ്ക്കനുസൃതമായി ഓരോ വിഭാഗങ്ങള്‍ക്കും വ്യത്യസ്ഥമായി വീടുകള്‍ക്കും അവര്‍ വ്യത്യസ്ഥ അളവുകളും ഡിസൈനുകളും വിഭാവനം ചെയ്തിരുന്നു. പഴയ കാലത്തെ കേരളീയ നിര്‍മ്മിതികളെ കുറിച്ചു പറയുമ്പോള്‍ വാസ്തു ശാസ്ത്രത്തിന്റെ നിര്‍ണ്ണായക സ്വാധീനം ഉണ്ടെന്നതില്‍ സംശയമില്ല. ഭൂരിഭാഗം കെട്ടിടങ്ങളും ഓടും മരവും കല്ലും കൊണ്ടു നിര്‍മ്മിച്ചതായിരുന്നു. അവയുടെ മരപ്പണികള്‍ താഴെ വെച്ചു തന്നെ നിര്‍മ്മിക്കുന്നതിനാല്‍ തെറ്റുകള്‍ സംഭവിക്കതിരിക്കുവാന്‍ അവര്‍ ചില പൊതു കണക്കുകള്‍ അനുസരിച്ചായിരുന്നു വീടുകള്‍ നിര്‍മ്മിച്ചിരുന്നത്‌.ഇന്നിന്ന രീതിയില്‍ ഉള്ള ഗൃഹത്തിന്റെ ചുറ്റളവും ഉയരവും ഇത്രയായിരിക്കും എന്ന് ഒരു അംഗീകൃത കണക്ക്‌ തച്ചന്മാരുടെ കൈയ്യില്‍ ഉണ്ടായിരുന്നു. ഇതുപ്രകാരം ഇന്ന ഡിസൈനിലുള്ള ഇത്ര ചുറ്റളവുള്ള വീടിനു വേണ്ടുന്ന വസ്തുക്കള്‍ എത്ര വേണമെന്നുകണക്കുകൂട്ടുവാനും അതിന്റെ മരപ്പണിയുടെ അളവുകള്‍ കണ്ടെത്തുവാനും വളരെ എളുപ്പമായിരുന്നു.





ആധുനിക നിര്‍മ്മാണ സങ്കേതങ്ങളുടെ വരവോടെ പഴയരീതിയിലുള്ള നിര്‍മ്മാണത്തിന്റെ ബുദ്ധിമുട്ടുകള്‍ പലതും ഒഴിവായി.കോണ്‍ക്രീറ്റ്‌ കോളങ്ങളും ബീമുകളും സര്‍വ്വസാധാരനമായതോടെ കെട്ടിടങ്ങളുടെ രൂപത്തിലും വലിപ്പത്തിലുമെല്ലാം കൂടുതല്‍ വഴക്കം വന്നു.കാലാനുസൃതമായ ഈ മാറ്റത്തെ പാരമ്പര്യവാദികള്‍ പക്ഷെ അംഗീകരിക്കുവാന്‍ കൂട്ടാക്കിയില്ലെങ്കിലും ഗൃഹനിര്‍മ്മാണത്തിലെ പല പരീക്ഷണങ്ങള്‍ക്കും പുതുതലമുറയിലെ എഞ്ചിനീയര്‍മാരും ആര്‍ക്കിടെക്റ്റുകളും തുടക്കം കുറിച്ചു.ബേക്കറേപോലുള്ളവര്‍ ഒരുപടികൂടെ കടന്നു വൃത്താകൃതിയിലും മറ്റും ഉള്ള രൂപങ്ങളിലും വീടുനിര്‍മ്മിക്കുവാന്‍ തുടങ്ങി.





കേരളത്തിന്റെ ഗൃഹനിര്‍മ്മാണചരിത്രത്തില്‍ നിര്‍ണ്ണായകമായ മാറ്റം വരുന്നത്‌ ഗള്‍ഫ്‌ പണത്തിന്റെ വരവോടെയാണ്‌.ഓടിട്ടപലവീടുകള്‍ക്കുമുമ്പിലും കോണ്‍ക്രീറ്റ്‌ മേല്‍ക്കൂരകളോടുകൂടിയ കൂട്ടിച്ചേര്‍ക്കലുകള്‍ പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങി.തുടര്‍ന്ന് പൂര്‍ണ്ണമായും കോണ്‍ക്രീറ്റ്‌ വീടുകളും അതില്‍ തന്നെ ചരിഞ്ഞ മേല്‍ക്കൂരകളും വന്നു.ഇക്കാലത്ത്‌ വീടുകള്‍ക്ക്‌ ഓടുമേയല്‍ അപ്രത്യക്ഷമായിത്തുടങ്ങി.എന്നാല്‍ പിന്നീട്‌ ചരിച്ച്‌ വാര്‍ക്കുന്ന മേല്‍ക്കൂരകള്‍ക്കുമുകളില്‍ ഓടുപതിക്കുന്ന രീതി വന്നു.പഴയകാല സ്മരണകള്‍ നിലനിര്‍ത്തുന്ന രീതിയില്‍ പൂമുഖവുംചാരുപടിയും നടുമുറ്റവും ഉള്ള വീടുകളില്‍ വരെ എത്തിനില്‍ക്കുന്നു അത്‌. ഓടില്‍ നിന്നും കോണ്‍കൃീറ്റുനിര്‍മ്മിതികളിലേക്കുള്ള മാറ്റം സംഭവിക്കുന്ന കാലഘട്ടത്തില്‍ ആരും വാസ്തുവിനു കാര്യമായ പ്രസക്തിനല്‍കിയിരുന്നില്ല.പുതിയ സാങ്കേതികവിദ്യ പൂര്‍ണ്ണമായും എഞ്ചിനീയര്‍മാരുടേയും ഈരംഗത്ത്‌ സാങ്കേതികവിദ്യാഭ്യാസമുള്ളവരുടെയും നിയന്ത്രണത്തിലായിരുന്നതിനാല്‍ ഇക്കാര്യങ്ങളെ ആരും ഗൗരവമായെടുത്തില്ല.ആകൃതിയെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളില്‍ വിപ്ലവകരമായ മാറ്റം ഉണ്ടായതും ഇക്കാലത്താണ്‌. ബേക്കറുടേയും മറ്റും സ്വാധീനം കൂടെയുണ്ടായിരുന്നു ഇക്കാര്യത്തില്‍.75 മുതല്‍ 90കള്‍ വരെ കേരളീയസമൂഹം ഒരു പുരോഗമനപാതയില്‍ ആയിരുന്നു.അക്കാലത്തെ വിപ്ലവപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എല്ലാമേഘലയിലുമെന്നപോളെ നിര്‍മ്മാണമേഘലയിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തി.





90കളുടെ ആരംഭത്തോടെ കേരളീയസമൂഹത്തില്‍ കൂട്ടുകുടുമ്പവ്യവസ്ഥിതി തകരുകയും അണുകുടുമ്പങ്ങള്‍ പ്രത്യക്ഷമാവുകയും ചെയ്തു.ഇത്‌ കേരളീയസമൂഹത്തിന്റെ ആത്മവിശ്വാസത്തിന്റെ തകര്‍ച്ചയുടെകൂടെ കാലഘട്ടമായി. എല്ലാവരിലും ഒരു ഒറ്റപ്പെടലിന്റേയും സുരക്ഷിതത്വമില്ലായ്മയുടെയും ഭീതിജനിപ്പിക്കുന്ന നാളുകളായിരുന്നു പിന്നീടിങ്ങോട്ട്‌.ഇക്കാര്യത്തില്‍ സാമ്പത്തികമായി ഉള്ളവനും ഇല്ലാത്തവനും ഒരുപേലെയായി.





ഇതേ കാലഘട്ടത്തില്‍ തന്നെയായിരുന്നു പുരോഗമനപ്രസ്ഥാങ്ങളുടെ തകര്‍ച്ചയും അപ്പോഴുണ്ടായ വിടവിലേക്ക്‌ ആള്‍ദൈവങ്ങളും അന്ധവിശ്വാസങ്ങളും നുഴഞ്ഞുകയറി.എങ്ങോ പൊടിപിടിച്ചുകിടന്ന ആചാരങ്ങളും വിശ്വാങ്ങളും ഓരോന്നായി പ്രത്യക്ഷപ്പെടുവാന്‍ തുടങ്ങി.ജ്യോതിഷത്തിനു പ്രശ്നപരിഹാരകര്‍മ്മങ്ങള്‍ക്കും മുമ്പത്തേക്കാള്‍ അധികം പ്രാധാന്യം വന്നു.അക്കൂട്ടത്തില്‍ നിര്‍മ്മാണമേഘലയില്‍ വാസ്തുവിനു വന്‍ പ്രചാരണം നല്‍കുവാന്‍ ചില തല്‍പ്പരകക്ഷികള്‍ മുന്നിട്ടിറങ്ങുകകൂടെ ചെയ്തതോടെ വാസ്തുനോക്കാതെ കാര്യങ്ങള്‍ നടക്കില്ലെന്നായി.പുതുതായിവെക്കുന്ന കെട്ടിടങ്ങള്‍കുമാത്രമല്ല നിലവിലുള്ള കെട്ടിടങ്ങളുടെ കണക്കുകളും പുനപരിശോധിക്കപ്പെട്ടു. വ്യക്തിപരമായുണ്ടാകുന്ന പല പ്രശ്നങ്ങള്‍ക്കും നിധാനം വീടിന്റെ അളവിലുള്ള തെറ്റുകളും വിവിധമുറികളുടെ സ്ഥാനങ്ങളുടെ അപാകതകളുമാണെന്ന് കണ്ടെത്തി.





ആധുനിക ശാസ്ത്രത്തിന്റെ ബാലപാഠം പോലുമറിയാത്ത ആശാരിമാര്‍ ലക്ഷങ്ങള്‍മുടക്കി നിര്‍മ്മിക്കുന്ന വീടുകളുടെ പ്ലാനുകള്‍ തയ്യാറാക്കുവാന്‍ തുടങ്ങി.യാതൊരു ദീര്‍ഘവീക്ഷണമോ കലാബോധമോ ഇല്ലാത്ത ഇത്തരക്കാരുടെ "ഡിസൈനുകള്‍"ക്കനുസൃതമായി നാട്ടിലെങ്ങും അസൗകര്യങ്ങളും അപാകതകളും നിറഞ്ഞ വീടുകള്‍ പ്രത്യക്ഷമായി.വാസ്തുവിന്റെ പേരില്‍ ആളുകള്‍ അതെല്ലാം സഹിച്ചു.എഞ്ചിനീയറിങ്ങ്‌ മേഘലയില്‍ ഉന്നത സാങ്കേതിക വിദ്യാഭ്യാസം ലഭിച്ചവര്‍ ഇത്തരക്കാരുടെ മുമ്പില്‍ തികച്ചും "അപ്രസക്തരായി".നാടെങ്ങും വാസ്തു വിദഗ്ദന്മാരുടെ ബോര്‍ഡുകള്‍ പ്രത്യക്ഷമായി.എഞ്ചിനീയര്‍മാരുടേയും ആര്‍ക്കിടെക്റ്റുകളുടേയും ഡിസൈനുകള്‍ സാങ്കേതികവിദ്യാഭ്യാസം അശേഷം ലഭിച്ചിട്ടില്ലാത്ത ആശാരിമാര്‍ പൊളിച്ചെഴുതി.ഓരോമുറികളുടേയും വലിപ്പത്തെക്കുറിച്ചോ അവയിലെ ഫര്‍ണീച്ചറുകള്‍ക്കും മറ്റും അനുസൃതമായി ഡിസൈന്‍ ചെയ്യുന്നതിനെക്കുറിച്ചോ സാമാന്യവിവരം പോലുമില്ലാത്ത ഇത്തരം മുറിവൈദ്യന്മാരുടെ അറിവില്ലായ്മമൂലം പലര്‍ക്കും വന്‍ സാമ്പത്തിക നഷ്ടമാണുണ്ടായിട്ടുള്ളത്‌. ഇവര്‍ പറയുന്ന "ശാസ്ത്രനിയമങ്ങള്‍" തന്നെ പലദിക്കിലും പലവിധമായി. വാസ്തുവിനെ ധനാഗമനമാര്‍ഗ്ഗമായി കണ്ടെത്തിയ ചിലര്‍ വിട്ടുവീഴ്ചകള്‍ക്കും തയ്യാറായിതുടങ്ങി.ഇന്നു പല "വാസ്തുവിദഗ്ദരും" നിര്‍മ്മാതാവിന്റെ താല്‍പര്യത്തിനനുസൃതമായി എത്രമാത്രം വഴങ്ങാമോ അത്രയും തയ്യാര്‍ എനിക്ക്‌ എന്റെ വിഹിതം കിട്ടിയാല്‍ മതി എന്ന രീതിയിലും എത്തിനില്‍ക്കുന്നു.





പ്രാചീന വാസ്തുശാസ്ത്രം വിഭാവനം ചെയ്യുന്ന രീതിയില്‍ ആധുനീക കെട്ടിടങ്ങള്‍ നിര്‍മ്മിക്കുക പ്രായോഗികമല്ല.കോര്‍ണറുകളിലേക്ക്‌ വീടിന്റെ മുഖം വരാതിരിക്കുകയും കിഴക്കുഭാഗത്തു അടുക്കള വരിക,മുറികള്‍ക്കു വേണ്ടത്ര വെന്റിലേഷന്‍ ഉണ്ടായിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ നോക്കുകയും കൂടാതെ ചുറ്റളവു വാസ്തു വിഭാവനം ചെയ്യുന്ന രീതിയില്‍ ആക്കുകയും ചെയ്യുക എന്നതാണ്‌ ഒരു മനസ്സമാധാനത്തിനായി ഇന്നു പലരും ചെയ്യുന്നത്‌.ഒരു പരിധിവരെ ഇതു വലിയ കുഴപ്പം ഉണ്ടാക്കുന്നില്ല.അല്ലാതെ പൂര്‍ണ്ണമായി വാസ്തുശാസ്ത്രം വിഭാവനം ചെയ്യുന്നതോ അല്ലെങ്കില്‍ അതിന്റെ പേരില്‍ അറിയപ്പെടുന്നതുമായ നിയമങ്ങള്‍ നടപ്പിലാക്കുക പ്രായോഗികമല്ല.ഉദാഹരണമായി ഈയ്യിടെ ചില വിദ്വാന്മാര്‍ പറയുന്നുണ്ട്‌ മുകള്‍നിലയിലേക്കുള്ള സ്റ്റെയര്‍കേസ്‌ മുന്‍ വാതിലില്‍ നിന്നുനോക്കിയാല്‍ കാണരുതെന്നും ഗൃഹത്തിന്റെ നാലുമൂലകളും മുറിയരുതെന്നും. ഇതു എത്രമാത്രം പായോഗികമാണെന്നത്‌ സ്വയം ചിന്തിച്ചാല്‍ മതിയാകും.





വാസ്തുശാസ്ത്രം ഒരു കാലഘട്ടത്തിന്റെ കെട്ടിട നിര്‍മ്മാണത്തിനാവശ്യമായ രീതിയില്‍ രൂപകല്‍പ്പന ചെയ്തതാണെന്നും ആധുനിക കാലഘട്ടത്തില്‍ അതിനനുസൃതമായ മാറ്റങ്ങളോടെ പുതിയ സങ്കേതങ്ങളെ സ്വീകരിച്ച്‌ അത്‌ വിഭാവനം ചെയ്യുന്ന സൗകര്യങ്ങളെസ്വീകരിക്കുകയും ആണു വേണ്ടത്‌.പ്രാചീന സമൂഹത്തിലെ മനുഷ്യരുടെ വസ്ത്രധാരണരീതിയും ഭക്ഷണക്രമവും അല്ലല്ലോ നാം ഇന്നു പിന്തുടരുന്നത്‌.കാലാനുസൃതമായ മാറ്റങ്ങളെ സ്വീകരിക്കില്ലെന്നു ശഠിക്കുന്ന അല്ലെങ്കില്‍ വിശ്വാസങ്ങളുടേയും ആചാരങ്ങളുടേയും ചങ്ങളക്കെട്ടുകളില്‍ ബന്ധിച്ചിടുന്ന തലമുറകള്‍ ലോകപുരോഗതിക്കു ഭൂഷണമല്ല.





പാരമ്പര്യമായി ലഭിച്ച അറിവുകളെ ആധുനികമായ അറിവുകളുമായി താരതമ്യം ചെയ്തും പറ്റാവുന്ന മേഘലകളില്‍ സമന്വയിപ്പിച്ചുകൊണ്ടും മുന്നോട്ടുപോകുന്നതിനുപകരം ശിലായുഗം വിശ്വാസങ്ങളില്‍ മുറുകെപിടിക്കുന്നത്‌ ആധുനിക സമൂഹത്തിനു ഭൂഷണമല്ല.അന്ധവിശ്വാസങ്ങളുടെപേരില്‍ പൊളിച്ചുമാറ്റലുകളുംകൂട്ടിച്ചേര്‍ക്കലുകളും ഹോമങ്ങളും നടത്താതെ ശാസ്ത്രീയ സത്യങ്ങളെ അംഗീകരിക്കുക.കേരളം ഒരു നവോധാനപ്രക്രിയക്ക്‌ വിധേയമാകേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.





ഓര്‍ക്കുക വേണ്ടത്ര അറിവുള്ള ഒരു നല്ല ഡിസനറുടെ വീക്ഷണവും സാദാരണ നാട്ടിന്‍പുറത്തെ ഒരു ആശാരിയുടെയും തമ്മില്‍ അജഗജാന്തരം ഉണ്ടായിരിക്കും.എപ്പോഴും ഗൃഹനിമ്മാണത്തിനൊരുങ്ങുമ്പോള്‍ ഡിസൈന്‍ ചെയ്യുവാന്‍ ഒരു വിദഗ്ദനെ തന്നെ സമീപിക്കുക.
S. Kumar

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

പ്രസക്തമായ പോസ്റ്റ്.

യുക്തിബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തില്‍, വാസ്തുവും, ആള്‍ദൈവങ്ങളും, ഹോളിസ്റ്റിക് ഹീലിംഗുകളുമൊക്കെ പൊടിപൊടിക്കും.

ആറ്റുകാലുകളും പൊയ്ക്കാലുകളും, പൈസക്ക് പ്രീപബ്ലിക്കേഷന്‍ നിരക്കില്‍ പ്രാണായാമം വില്‍ക്കുന്ന ഞരമ്പുരോഗികളും, ഉമ്മവെച്ചുമ്മവെച്ച് കുളിപ്പിച്ച് സുഖിപ്പിച്ച് മക്കളെ കിടത്തിയുറക്കുന്ന അമ്മമാരും, മറ്റുമതക്കാര്‍ നടത്തുന്ന പാഠശാലകളിലേക്ക് സമുദായാംഗങ്ങള്‍ തങ്ങളുടെ മക്കളെ പറഞ്ഞയക്കരുതെന്ന് തീട്ടൂരം ഇറക്കുന്ന വ്യാജ ഇടയന്മാരും, മധ്യയുഗത്തിന്റെ മൌഢ്യത്തില്‍ തങ്ങളെയും സമുദായത്തെയും ആണിയടിച്ചുറപ്പിക്കുന്ന ഫത്‌വ വീരന്മാരും,ഒക്കെ രംഗം അടക്കിഭരിക്കുകയാണിവിടെ.

മധ്യയുഗത്തിലേക്ക് വളരെവേഗത്തില്‍ നടന്നടുക്കുകയാണ് മലയാളികള്‍.

May 17, 2008 10:22 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്