10 June 2008

അക്ഷരം മോഷ്ടിച്ചെങ്കിലെന്ത് അത് പേരിനു വേണ്ടിയായിരുന്നില്ലേ…

കുറേ വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവം…




കാവാലം എന്ന കുഗ്രാമത്തിൽ റോഡ് വരുന്നതിനും മുൻപുള്ള കാലം.
ഞങ്ങൾ കുറേ സാഹിത്യാസ്വാദകന്മാരുടെ ഒരു സദസ്സുണ്ടായിരുന്നു. സാഹിത്യഭ്രമം തലക്കു പിടിച്ച് വാക്കുകൾ കൊണ്ടു തമ്മിലടിച്ചു തുടങ്ങിയ പ്രസ്തുത സദസ്സ് കയ്യാങ്കളി തുടങ്ങുന്നതിനു മുൻപേ പിരിച്ചു വിടുന്നതിനും മുൻപു നടന്ന ഒരു സംഭവമാണിത്.




ആ സുഹൃദ്‌സദസ്സിൽ ഒരു കവിയുടെ പരിവേഷമുണ്ടായിരുന്ന ആളാണ് ശ്രീ. അനിൽ. ഇടക്കിടെ ഓരോ മുറിക്കവിതകളും, മുഴുവൻ കവിതകളും എഴുതി സദസ്സിൽ പ്രകാശിപ്പിക്കുകയും, കയ്യടിയും വിമർശനവുമൊക്കെ ഏറ്റു വാങ്ങുകയും ചെയ്യുമായിരുന്നു ആശാൻ. അങ്ങനെയിരിക്കെ ഒരു ദിവസം അദ്ദേഹം ഒരു കവിതയുമായി പ്രത്യക്ഷപ്പെട്ടു. കവിതയുടെ പേര് ‘പാർവ്വതി’. അദ്ദേഹം തന്നെ അതു ചൊല്ലി. കേൾക്കും തോറും വീണ്ടും വീണ്ടും കേൾക്കണമെന്നു തോന്നിപ്പോകുന്ന വരികൾ. ആകർഷകമായ ശൈലി. ആ കവിതയെ എങ്ങനെയൊക്കെ വർണ്ണിച്ചാലും മതിയാവാത്തവണ്ണം മനോഹരമായി തോന്നിയെനിക്ക്. അത്രയും ആകർഷകവും, പുതുമയുമുള്ളതായിരുന്നു അതിലെ ഓരോ വരികളും, വാക്കുകളും. യാതൊരു ലോഭവുമില്ലാതെ ഞങ്ങളെല്ലാവരും ആ കവിതയെ വാഴ്ത്തി. അപ്പൊഴും അവിശ്വസനീയമായ അദ്ദേഹത്തിന്റെ രചനാപാടവം ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. ഞാൻ ഇടക്കിടെ ചോദിക്കുമായിരുന്നു, ഇതു സത്യത്തിൽ താങ്കൾ തന്നെ എഴുതിയതാണോ എന്ന്. അദ്ദേഹം ആണയിട്ടും, തലയിൽ കൈ വച്ചും, പരിഭവിച്ചുമൊക്കെ തന്റെ മൌലികത വെളിപ്പെടുത്തിക്കൊണ്ടുമിരുന്നു.




ആ കവിത കേട്ടു കോരിത്തരിച്ച ഞാൻ അദ്ദേഹം പള്ളിയറക്കാവു ക്ഷേത്രോത്സവത്തോടനുബന്ധിച്ച് കവിതാലാപനം എന്ന പേരിൽ അദ്ദേഹം തന്നെ ആവിഷ്കരിച്ച സ്വന്തം കവിതകളെ കവിതന്നെ വേദിയിൽ അവതരിപ്പിക്കുന്ന പരിപാടിയുടെ അവതാരകനായി. ഭൌതിക പ്രപഞ്ചത്തിലെ പ്രേമഭാവനയെ ശിവപാർവ്വതീലീലയിൽ ആവാഹിച്ച കവി, ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ ഉത്തുംഗതയിൽ നിന്നുകൊണ്ടല്ലാതെ ഇത്തരം ഒരു സൃഷ്ടി ഉണ്ടാവുകയില്ല തന്നെ… തുടങ്ങി ഘോരഘോരം അവതരണം ഗംഭീരമാക്കി… തുടർന്ന് അദ്ദേഹത്തിന്റെ കവിതാലാപനവും, കയ്യടിയും എല്ലാം നടന്നു.




ഈ സംഭവത്തെ തുടർന്ന് ആവേശം ഉൾക്കൊണ്ട കവി, പൂക്കൈതയാറിന്റെ അക്കരെയും, ഇക്കരെയുമായി നാട്ടിലെ വിവിധ ക്ലബ്ബുകൾ നടത്തിയ പരിപാടികളിലും പോയി കയ്യടി വാങ്ങി. ഈ ഏർപ്പാട് വരും വർഷങ്ങളിലും നീണ്ടു നിന്നിരുന്നു എന്നു നാട്ടുകാർ പറയുന്നതു കേട്ടു. ചുരുക്കത്തിൽ ‘കടൽമാതിൻ പൂവാടമേ പുണ്യഭൂവേ‘ എന്നു മഹാ കവി വള്ളത്തോൾ പോലും ആവേശത്തോടെ വിളിച്ച കാവാലത്തിന്റെ ആസ്ഥാന കവിയായി ശ്രീ അനിൽ മാറിക്കഴിഞ്ഞിരുന്നു.




ഇടക്കിടെ കാവാലത്തു പോകുമ്പോഴെല്ലാം എങ്ങനെയും സമയം കണ്ടെത്തി ഞാൻ ആ മഹാനുഭാവന്റെ അടുത്തു ചെന്നിരുന്ന് ആ കവിത പാടിച്ചു കേൾക്കും. പാർവ്വതി എന്നിൽ ആവേശമായി നിറഞ്ഞു നിൽക്കുന്നു. ഇപ്പൊഴും. എപ്പൊഴൊക്കെ പാടിക്കഴിയുമ്പൊഴും ഞാൻ ചോദിക്കും, ഇതു താങ്കൾ തന്നെ എഴുതിയതാണോ?... വീണ്ടും ആണയിടീൽ, തലയിൽ തൊടീൽ, പരിഭവം…




വർഷങ്ങൾ കഴിഞ്ഞു… ജീവിതം ഗ്രാമവും, ജില്ലയും, സംസ്ഥാനവും, രാജ്യവും, കടലും കടന്ന് ഭൂഖണ്ഡം തന്നെ വിടുമെന്ന സ്ഥിതിയായപ്പോൾ കലിയുഗവരദന്റെ പുണ്യമല ഒന്നു ചവിട്ടണമെന്ന ഒരാഗ്രഹം മനസ്സിൽ വർദ്ധിച്ചു വന്നു. അന്നദാന പ്രഭുവിന്റെ, ആശ്രിത വത്സലന്റെ, സത്യമായ പതിനെട്ടു പടികൾക്കധിപന്റെ തിരുസന്നിധിയിൽ ചെന്ന് ഒരിക്കലും ആരാലും നിർവചിക്കാൻ കഴിയാത്ത ആത്മനിർവൃതി ഏറ്റുവാങ്ങി അയ്യനയ്യന്റെ പുണ്യമലയിറങ്ങി.




പമ്പയിലെത്തിയപ്പോൾ ഒരു മാവേലിക്കര ബസ്സു മാത്രമേ അപ്പോൾ പുറപ്പെടുന്നുള്ളു എന്നറിഞ്ഞു. എന്നാൽ അതിൽ കയറിയാൽ തീർത്ഥാടനം ഒന്നു കൂടി വിപുലമാക്കാമല്ലോ എന്ന പ്രതീക്ഷയിൽ അതിൽ കയറിയിരുന്നു. ഒന്നുറങ്ങിയെണീറ്റപ്പൊഴേക്കും മാവേലിക്കരയെത്തി. തീ പോലെ പൊള്ളുന്ന വെയിലിൽ, നഗ്നപാദനായി പ്രൈവറ്റ് ബസ് നിർത്തുന്ന സ്ഥലത്തേക്ക് യാത്രയായി. പോകുന്ന വഴിയിൽ ഒരു ബുക്ക്സ്റ്റാൾ കണ്ട് , അവിടെ പുറത്തു നിരത്തി വച്ചിരുന്ന ചില പുസ്തകങ്ങളിൽ കണ്ണോടിച്ചു നിന്നു. ആ സമയം അവിടെ സ്ഥാപിച്ചിരുന്ന ഒരു സിഡി പ്ലേയറിൽ നിന്നും ഏതോ ഒരു കവിയുടെ ഒരു കവിത ഒഴുകി വരുന്നുണ്ടായിരുന്നു. ആദ്യത്തെ കവിത കഴിഞ്ഞു അടുത്ത കവിത തുടങ്ങിയതും ഞാൻ ഞെട്ടി. ശരിക്കും ഞെട്ടി. നമ്മുടെ സാക്ഷാൽ അനിലിന്റെ പാർവ്വതി!!!. എനിക്കു സന്തോഷമായി. എന്റെ നാട് ഇത്രയും വികസിച്ചതും, അടുത്തു പരിചയമുള്ള ഒരു നാട്ടുകാരന്റെ കവിത ഈ ലോകം മുഴുവൻ കേൾക്കാൻ തുടങ്ങിയിരിക്കുന്നെന്നും ഓർത്ത് കുറച്ചു നേരം നിന്നഭിമാനിച്ചു.




അപ്പോൾ അകത്തുനിന്നും മാന്യനായ കടയുടമ പുറത്തു വന്ന് ഏതു പുസ്തകമാണ് സ്വാമിക്കു വേണ്ടതെന്നാരാഞ്ഞു. സ്വപ്നത്തിൽ നിന്നു ഞെട്ടിയുണർന്നതു പോലെ ഞാൻ ചോദിച്ചു, ഈ കേൾക്കുന്ന കവിത ആരുടേതാണ്??? എന്റെ നാട്, എന്റെ നാട്ടുകാരൻ എന്ന് ഉറക്കെ വിളിച്ചു കൂവുവാൻ ശരണമന്ത്രങ്ങൾ കരുത്തു പകർന്ന കണ്ഠവുമായി ഞാൻ വെമ്പി നിന്നു. അപ്പോൾ അയാൾ പറഞ്ഞു




“ഇത് അനിൽ പനച്ചൂരാന്റെ കവിതയാണ്. അദ്ദേഹം തന്നെയാണ് പാടിയിരിക്കുന്നത്. “




ഞാൻ അന്തം വിട്ടു. ഞങ്ങളുടെ ആസ്ഥാനകവിയായ അനിലിന്റെ പേരിനോടൊപ്പം പനച്ചൂരാൻ ഉള്ളതായി എനിക്കറിവില്ലായിരുന്നു. വിളിച്ചുകൂവൽ അല്പനേരത്തേക്കു നീട്ടി വച്ചിട്ട് ഞാൻ ചോദിച്ചു
അദ്ദേഹത്തിന്റെ ഫോട്ടോ ഉണ്ടാവുമോ ആ കവറിലോ മറ്റോ?
ഉണ്ടല്ലോ, ഞാൻ കാണിച്ചു തരാമെന്നു പറഞ്ഞ് കടക്കാരൻ അകത്തേക്കു പോയി. ഞാൻ ചിന്തിച്ചു എന്തുകൊണ്ടാണദ്ദേഹം കാവാലം എന്നു ചേർക്കാതെ പനച്ചൂരാൻ എന്നാക്കിയത്?. വീട്ടു പേരതല്ലല്ലൊ… അധികസമയം ചിന്തിക്കേണ്ടി വന്നില്ല അതാ വരുന്നു ഫോട്ടോയുമായി കടക്കാരൻ!.




ഇപ്പൊഴാണ് ഞാൻ ‘ഞെട്ടലിന്റെ’ അന്തസത്തയറിഞ്ഞു ഞെട്ടിയത്…




കാവാലത്തുകാരൻ അനിലല്ല അത്. ക്രാന്തദർശിത്വം കണ്ണുകളിൽ സ്ഫുരിക്കുന്ന, അറിവിന്റെ ആഴങ്ങളെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാവാത്ത തന്റെ ഏതാനും കൃതികൾ കൊണ്ടു തന്നെ മലയാളിമനസ്സുകളെ കീഴടക്കിയ ഇന്ന് ഏതു കൊച്ചു കുഞ്ഞിനും തിരിച്ചറിയാൻ കഴിയുന്ന സാക്ഷാൽ അനിൽ പനച്ചൂരാൻ എന്ന അനുഗ്രഹീത കവിയെ ഞാൻ ആദ്യം കാണുന്നത് അന്നായിരുന്നു. (അദ്ദേഹത്തിന്റെ തന്നെ പ്രവാസികളുടെ പാട്ട് എന്ന കവിതയായിരുന്നു പാർവ്വതിക്കു മുൻപ് അവിടെ കേട്ടത്)




ഒരു കയ്യിൽ ഇരുമുടിയും, മറുകയ്യിൽ ആ സി ഡി കവറും പിടിച്ചു കൊണ്ട് അവിടെനിന്ന് ഞാൻ അതുവരെ കേട്ടും, അറിഞ്ഞും വന്നിട്ടുള്ള മുഴുവൻ തെറികളും സ്ഥലകാലബോധമില്ലാതെ വിളിച്ച്, ശരണമന്ത്രങൾകൊണ്ട് പവിത്രമാക്കിയ എന്റെ നാവിന്റെ പുണ്യത്തെ മുഴുവൻ ബലികഴിച്ചു. ഒരു അയ്യപ്പന് ഇങ്ങനെയൊക്കെയും തെറി പറയാൻ കഴിയുമോ എന്ന് ഒരു പക്ഷേ ആ കടക്കാരന് തോന്നിയിട്ടുണ്ടാവും.




ഞാൻ അയാളോട് ആ സിഡി നിർബന്ധിച്ചു വാങ്ങി. അയാളതു വിൽക്കാൻ വച്ചതല്ലായിരുന്നിട്ടും, പുതിയ സിഡിയുടെ വില നൽകാമെന്നു പറഞ്ഞതു കൊണ്ടും, കാര്യങ്ങളുടെ ‘കിടപ്പ്‘ മനസ്സിലായതു കൊണ്ടും നല്ലവനായ ആ മനുഷ്യൻ എനിക്കാ സിഡി തന്നു.




അടുത്ത ദിവസം തന്നെ ഞാൻ കാവാലത്തേക്കു പോയി. കാവാലത്തിന്റെ ‘അ’സ്ഥാന കവിയെ പോയി കണ്ടു. സാധാരണ ചോദിക്കാറുള്ളതു പോലെ തന്നെ കണ്ട മാത്രയിൽ പാർവ്വതി ഒന്നു പാടിക്കേൾപ്പിക്കാൻ പറഞ്ഞു. പക്ഷേ എന്തോ തിരക്കിലായിരുന്ന കവി‘പുങ്കൻ‘ പിന്നീടാവാമെന്നു പറഞ്ഞു. പിന്നെ എനിക്കു പിടിച്ചു നിൽക്കാനായില്ല. ആ സിഡി മുഖത്തേക്കു വലിച്ചെറിഞ്ഞു വായിൽ തോന്നിയതെല്ലാം പറഞ്ഞു.
രണ്ടു ദിവസം കാവാലത്തു താമസിച്ച ശേഷമാണ് ഞാൻ തിരികെ പോയത്. അത്രയും സമയം ഇടക്കിടെ അവിടെ പോയി ഞാൻ ചീത്ത വിളിച്ചു കൊണ്ടേയിരുന്നു.




പാർവ്വതി പോലെ ഒരു കൃതി എഴുതിയുണ്ടാക്കുവാൻ ആ കവി അനുഭവിച്ചിട്ടുണ്ടാകാവുന്ന ആത്മപീഡനത്തിന്റെ ഒരംശമെങ്കിലും തിരിച്ചറിയാൻ കഴിയുമായിരുന്നെങ്കിൽ ഈ മഹാപാപി അതു സ്വന്തം കൃതിയായി നാട്ടുകാരുടെ മുൻപിൽ കൊട്ടിഘോഷിക്കുമായിരുന്നോ?. കാവാലത്തുകാർക്കാണെങ്കിൽ ഈ കൊടും പാതകം തിരിച്ചറിയാൻ കഴിയാതെയും പോയി. ഞാനുൾപ്പെടെയുള്ള കുറേ മണ്ടന്മാർ കയ്യടിക്കാനും… അന്ന് അനിൽ പനച്ചൂരാൻ അത്ര കണ്ട് സുപരിചിതനായിരുന്നില്ല. എന്നാൽ ഈ വിദ്വാൻ എവിടെ നിന്നോ ഈ പാട്ടു കേട്ടിരുന്നു. വരികൾക്കോ, വാക്കുകൾക്കോ, ഈണത്തിനോ യാതൊരു വ്യത്യാസവുമില്ലാതെ, ആ കവിത ആലപിക്കുമ്പോൾ പനച്ചൂരാൻ എവിടെയൊക്കെ ശ്വാസമെടുത്തിട്ടുണ്ടോ അതിൽ പോലും വ്യത്യാസമില്ലാത്ത ഒരു ഉഗ്രൻ മോഷണം!!!. അതായിരുന്നു സംഭവം.




ഇനി മേലിൽ പുറം ചൊറിയാൻ പോലും പേന കൈ കൊണ്ടു തൊടരുതെന്നു ഭീഷണിപ്പെടുത്തി ഞാൻ അവിടെ നിന്നും പോയി. (ഈ സംഭവം ഒരു തമാശക്കഥയായേ പരിഗണിക്കേണ്ടതുള്ളൂ, കാരണം ആ കവിതയോടുള്ള കടുത്ത ആരാധന മൂലം അയാൾ അങ്ങനെ പറഞ്ഞെന്നേയുള്ളൂ എന്നാണ് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞത്)




അയ്യപ്പപണിക്കർ മരിച്ചു കഴിഞ്ഞ് ഏകദേശം ഒരാഴ്ച്ചയായിക്കാണും, ‘പ്രകാശമായ്‘ എന്ന പേരിൽ എന്റേതായി ഒരു അനുശോചനക്കുറിപ്പ് നിഷ്കളങ്കൻ ഓൺലൈനിലും, തുടർന്ന് കേരളകവിതയിലും പ്രസിദ്ധീകരിക്കയുണ്ടായി. വാസ്തവത്തിൽ അത് ഞങ്ങളുടെ ഫാമിലി ഗ്രൂപ്പിനു വേണ്ടി മാത്രം എഴുതപ്പെട്ടവയാണ്. എങ്ങനെയോ അത് മറ്റിടങ്ങളിലേക്കും പോയി എന്നതാണു സത്യം. അത് ഒരു സൃഷ്ടി ആയിരുന്നില്ല, മറിച്ച് ഗുരുനാഥന്റെ ഓർമ്മയ്ക്കുമുൻപിൽ സമർപ്പിക്കപ്പെട്ട ചില നെടുവീർപ്പുകൾ മത്രമായിരുന്നു.




എന്നാൽ പിന്നീട് അതി വിദഗ്ധമായ ഒരു എഡിറ്റിംഗും, അല്പം തലയും, വാലുമൊക്കെയായി പ്രസ്തുത കൃതി ഒരു ഇന്റർനാഷണൽ ജേർണലിൽ വായിക്കുവാനുള്ള മഹാഭാഗ്യം എനിക്കുണ്ടായി. മറ്റൊരു വിദ്വാന്റെ പിതൃത്വത്തിൽ!!!. കഥാപാത്രങ്ങളെല്ലാം അതൊക്കെത്തന്നെ, പേരിൽ അങ്ങോട്ടും ഇങ്ങോട്ടും ഒരു വ്യത്യാസം, കേന്ദ്ര കഥാപാത്രം അയ്യപ്പപണിക്കർ തന്നെ. സാഹചര്യങ്ങൾ പലതും അതേപടി…




ശരിക്കും മോഷണം ഒരു കല തന്നെയാണോ?...
ചിലപ്പോൾ ആയിരിക്കും.




വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ എന്നു അഖിലലോകകള്ളന്മാർക്കുവേണ്ടി വക്കാലത്ത് ഏറ്റെടുത്ത് പരിഭവിച്ച ആ മഹാമനുഷ്യനേക്കുറിച്ചുള്ള വെറും നിസ്സാരനായ ഈയുള്ളവന്റെ ഓർമ്മക്കുറിപ്പുകൾ പോലും മോഷ്ടിക്കപ്പെട്ടിരിക്കുന്നു!!!. (ആ സ്ഥിതിക്ക് അദ്ദേഹത്തിന്റെ എത്രയെണ്ണം അടിച്ചുമാറ്റപ്പെട്ടിട്ടുണ്ടാവാമെന്ന് അത്ഭുതപ്പെട്ടു പോവുകയാണ്.)




അദ്ദേഹം തീർത്ത കാവ്യപ്രപഞ്ചം ഇന്നും തുടരുന്നുവെങ്കിലും അയ്യപ്പപണിക്കർ എന്ന യുഗം അവസാനിച്ചിരിക്കുന്നു… അല്ലായിരുന്നെങ്കിൽ അദ്ദേഹത്തോടു തന്നെ ചോദിക്കാമായിരുന്നു ‘അക്ഷരക്കള്ളന്മാരെ’ അങ്ങേയ്ക്ക് എങ്ങനെ ന്യായീകരിക്കാൻ കഴിയുമെന്ന്.




ഇല്ല, പരിഹാസത്തിന്റെ കൂരമ്പുകൾ ഒളിപ്പിച്ചതെങ്കിലും തേങ്ങാക്കള്ളന്മാരോടും, കോഴിക്കള്ളന്മാരോടും സഹാനുഭൂതിയോടെ സം‍വദിച്ച സൌമ്യനും ശാന്തനുമായ ആ മഹാത്മാവിന് ഒരു കാലത്തും ഇത്തരം അക്ഷരക്കള്ളന്മാരോട് ക്ഷമിക്കുവാൻ കഴിയില്ല.




കോഴിയെ മോഷ്ടിക്കുന്നവന്റെയും, സ്വർണ്ണം മോഷ്ടിക്കുന്നവന്റെയും പിന്നിൽ വിശപ്പ് എന്നൊരു ന്യായീകരണമെങ്കിലും നൽകി അവരോട് ക്ഷമിക്കാം. എന്നാൽ അക്ഷരം മോഷ്ടിക്കുന്നവന്റെ - മറ്റുള്ളവരുടെ അനുഭവങ്ങളെയും, ആത്മാവിനെത്തന്നെയും യാതൊരു ലജ്ജയും കൂടാതെ മോഷ്ടിക്കുന്ന- ഭാഷയുടെ മഹനീയതയ്ക്കു പോലും തീരാക്കളങ്കമായ, സാംസ്കാരിക കേരളത്തിന്റെ മക്കളെന്നും, ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഉദ്യാനപാലകരെന്നുമൊക്കെ നടിച്ചുകൊണ്ട് ശുദ്ധ തോന്നിവാസം കാണിക്കുന്ന ഇത്തരം സാഹിത്യ നപുംസകങ്ങളായ ഭാഷാവ്യഭിചാരികളുടെ ദുർവൃത്തികളെ ഏതു തരത്തിൽ ന്യായീകരിക്കാൻ കഴിയും എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. സ്വയം ചിന്തിക്കുമ്പോൾ പോലും ഇവർക്കൊന്നും ലജ്ജ തോന്നാത്തതെന്താണെന്നു ചിന്തിച്ചു പോവുകയാണ്.




ഭാവനാ സമ്പന്നരായ ഒരു പിടി കലാകാരന്മാരുടെ ബ്ലോഗുകളിൽ കോപ്പി റൈറ്റും, പ്രൈവസി പോളിസിയുമൊക്കെ സഹിതം പ്രസിദ്ധീകരിച്ച ചില കൃതികൾ ചില ജാലികകൾ മോഷ്ടിച്ച് അവരുടെ വെബ് സൈറ്റിൽ പ്രസിദ്ധീകരിക്കുകയുണ്ടായി. അതേക്കുറിച്ച് അന്വേഷിച്ചപ്പോൾ, നല്ല ഭാഷാജ്ഞാനവും, പദ സമ്പത്തും, ശൈലീശുദ്ധിയും കൈമുതലായുള്ള ആ എഴുത്തുകാർക്ക് അവരുടെ നിഘണ്ടുവിലെങ്ങും ഇല്ലാത്ത (ശബ്ദതാരാവലിയിലുമില്ല – ചിലപ്പോൾ പുതിയ ചില ആക്ഷൻ സിനിമകളുടെ തിരക്കഥ വായിച്ചാൽ അതിൽ കാണാൻ കഴിഞ്ഞേക്കും) ആരും കേട്ടിട്ടു പോലുമില്ലാത്ത പഞ്ചവർണ്ണ തെറികളാണ് മറുപടിയായി ലഭിച്ചതെന്നു പറയപ്പെടുന്നു. അതേ തുടർന്ന് എല്ലാവരും തങ്ങളുടെ ബ്ലോഗുകൾ കറുപ്പു നിറമാക്കി പ്രതിഷേധവാരം ആചരിക്കുന്നു. ഈയുള്ളവനും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിഷ്കളങ്കൻ ഓൺലൈൻ എന്ന പേരിലുള്ള ബ്ലോഗും കറുപ്പു നിറമാക്കി പ്രതിഷേധിക്കുകയാണ്.




എന്നാൽ ഇതിനൊരന്ത്യമുണ്ടാകുമോ?, കൊലപാതകിക്കും, ഏഴു വയസ്സു തികയാത്ത മകളെ ബലാത്സംഗം ചെയ്തു കൊന്നവനും, പട്ടച്ചാരായം വാറ്റി നാട്ടുകാരുടെ കണ്ണിന്റെ ഫിലമെന്റ് തെറിപ്പിച്ചവനും വേണ്ടിപ്പോലും അവകാശത്തെയും, സ്വാതന്ത്ര്യത്തെയും കുറിച്ച് സിമ്പോസിയങ്ങളും, ഉപന്യാസമത്സരങ്ങളും നടത്തി കയ്യടി വാങ്ങുന്നവരുടെ ദേഹത്തു മുട്ടിയിട്ടു നടക്കാൻ മേലാത്ത നാടാണ് കേരളം. എന്നാൽ ഒരു പിടി കലാകാരന്മാരുടെ കൊച്ചു കൊച്ചു സ്വപ്നപുഷ്പങ്ങളുടെ മേൽ മുറുക്കി തുപ്പുന്നവർക്കെതിരേ ഒരു വാക്കുകൊണ്ടെങ്കിലും പ്രതികരിക്കാൻ ആരെങ്കിലും ഉണ്ടാവുമോ എന്ന് നമുക്കു കാത്തിരുന്നു കാണാം…



- ജയകൃഷ്ണൻ കാവാലം
© nishkalankanonline
www.nishkalankanonline.blogspot.com

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



07 June 2008

റിയല്‍ എസ്റ്റേറ്റും പ്രവാസികളും

പ്രവാസികളെ സംബന്ധിച്ചേടത്തോളം നാട്ടില്‍ ഒരു ഇന്‍വെസ്റ്റ്‌മന്റ്‌ എന്നത്‌ എന്നും ഒരു സ്വപ്നമാണ്‌. ജോലിയുടെ അരക്ഷിതാവസ്ഥ അവനെ നിക്ഷേപങ്ങളെ കുറിച്ച്‌ ഗൗരവപൂര്‍വ്വം ചിന്തിപ്പിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ബാങ്കുകളില്‍ നിന്നും നികഷേപങ്ങള്‍ക്കുള്ള പലിശനിരക്ക്‌ ആകര്‍ഷകമല്ലെന്ന് തോന്നിയതിനാല്‍ പലരും ഷെയര്‍ മാര്‍ക്കറ്റിലും,മ്യൂച്വല്‍ ഫണ്ടുകളിലും, റിയല്‍ എസ്റ്റേറ്റിലും നിക്ഷേപങ്ങള്‍ നടത്തുവാന്‍ തുടങ്ങി. ഷയര്‍ മാര്‍ക്കറ്റിന്റെ ഒരു "റിസ്ക്ക്‌" കണക്കിലാക്കുമ്പോള്‍ അതിനെക്കുറിച്ച്‌ വ്യക്തമയ ധാരണയില്ലാത്തവര്‍ അതില്‍ വലിയ താല്‍പര്യം എടുക്കാന്‍ നില്‍ക്കില്ല. ഇത്തരം ആളുകള്‍ മറ്റു രംഗങ്ങളെ കുറിച്ച്‌ ആലോചിക്കുവാന്‍ തുടങ്ങി.ഇന്നത്തെ സാഹചര്യത്തില്‍ കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശ്‌ കേരളത്തില്‍ വ്യവസായരംഗത്ത്‌ നിക്ഷേപം നടത്തുന്നതുവാന്‍ സാമാന്യ ബോധമുള്ള ആരും തുനിയില്ല.



പ്രവാസി മലയാളിയെ സംബന്ധിച്ചേടത്തോളം നിഷേപങ്ങള്‍ എന്നും ഒരു ആവേശമാണ്‌.അതിനായി അവര്‍ കൂടുതല്‍ ലാഭസാധ്യതയുള്ള പുതിയ രംഗങ്ങളെ എന്നും അന്വേഷിച്ചുകൊണ്ടിരിക്കും. ഈ അവസരം മുതലെടുത്തുകൊണ്ട്‌ പല "തട്ടിപ്പ്‌ സംരംഭങ്ങളും" പരസ്യകോലാഹലങ്ങളൂടേയും വന്‍ പ്രചരണകോലാഹലങ്ങളൂടേയും അകമ്പടിയോടെ കടന്നുവന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു തേക്ക്‌ ആട്‌ മാഞ്ചിയം,എണ്ണപ്പന ജനകീയ സിനിമാ നിര്‍മ്മാണം തുടങ്ങി വ്യത്യസ്ഥ സ്കീമുകള്‍. നിങ്ങള്‍ ഒരു യൂണിട്‌ ഒരു നിശ്ചിത തുക മുടക്കി എടുക്കുമ്പോള്‍ പതിനഞ്ചും ഇരുപതും വര്‍ഷങ്ങള്‍ക്ക്‌ ശേഷം അവര്‍ ലക്ഷങ്ങള്‍ തിരികെ തരും എന്നുള്ള മനം മയക്കുന്ന പരസ്യവാചകങ്ങള്‍ മാര്‍ക്കറ്റിങ്ങിനായി വാക്ചാതുര്യമുള്ള ആളുകള്‍ കൂടാതെ ചില പ്രശസ്തരുടെ "ഉറപ്പുകള്‍". ഇത്തരം സംരംഭങ്ങളില്‍ വന്‍ നിക്ഷേപം നടത്തുകയും ഒടുവില്‍ പണം നഷ്ടപ്പെടുകയും ചെയ്തവരില്‍ ഭൂരിപക്ഷവും പ്രവാസികള്‍ ആയിരുന്നു.ഇത്തരം തട്ടിപ്പുകാരുടെ പ്രധാനലക്ഷ്യം എന്നും പ്രവാസികള്‍ തന്നെയായിരുന്നു.



കൊച്ചിയിലെ സ്മാര്‍ട്ട്‌ സിറ്റി പോളുള്ള പ്രോജക്ടുകളുടെ ചര്‍ച്ചകള്‍ തുടങ്ങിയതോടെ അവിടെ റിയല്‍ എസ്റ്റേറ്റ്‌ രംഗം വന്‍ കുതിപ്പാണ്‌ നടത്തിയത്‌. ഇതിന്റെ ചുവടുപിടിച്ച്‌ കേരളത്തിലെ കൊച്ചുപട്ടണങ്ങളിലും റിയല്‍ എസ്റ്റേറ്റ്‌ രംഗം കുതിക്കുവാന്‍ തുടങ്ങി. ഒന്നുരണ്ടുവര്‍ഷം മുമ്പ്‌ ഉണ്ടായിരുന്നതിനേക്കാള്‍ പലമടങ്ങായി ഭൂമിയുടെ വില.ഇത്‌ പലര്‍ക്കും ഈ രംഗത്ത്‌ നിഷേപങ്ങള്‍ നടത്തുവാന്‍ പ്രചോദനമായി.കേരളത്തിലെ പല പ്രധാന നഗരങ്ങളിലും സമീപ പ്രദേശങ്ങളിലും ചിലര്‍ വന്തോതില്‍ ഭൂമിവാങ്ങിക്കൂട്ടുകയും തുടര്‍ന്ന് പ്ലോട്ടുകളായിതിരിച്‌ അതിനു അവര്‍ പലമടങ്ങ്‌ വില നിശ്ചയിക്കുകയും ചെയ്യുന്നു. ഭൂമിവില ഇനിയും വന്‍ തോതില്‍ ഉയരും എന്നതിനാല്‍ പലരും അവര്‍ പറയുന്ന മോഹവിലക്ക്‌ ഭൂമി കൈക്കലാക്കുന്നു. ഇന്നിപ്പോള്‍ കേരളത്തിനു പുറത്തും ഇത്തരം പ്ലോട്ടുകള്‍ക്ക്‌ വന്‍ ഡിമാന്റായി മാറിയിരിക്കുന്നു.



ഇത്തരം സംരംഭങ്ങളില്‍ നിക്ഷേപിക്കുന്നവര്‍ അവരുടെ ഭൂമിസംബന്ധമായ ഡോക്യുമെന്റുകളും നിബന്ധനകളും കൃത്യമായി പരിശോധിച്ച്‌ മനസ്സിലാക്കാന്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. വ്യവഹാരങ്ങളില്‍ പെട്ട്‌ ഭൂമിയാണോ, ഇതിനുമേല്‍ എന്തെങ്കിലു തരത്തിലുള്ള ലോണുകള്‍ ഉണ്ടോ അല്ലെങ്കില്‍ കൂട്ടുകുടുമ്പ സ്വത്താണെങ്കില്‍ എല്ലാ അവകാശികളുടേയും അനുമതിപത്രം വാങ്ങിയിട്ടുണ്ടോ തുടങ്ങിയ ഒത്തിരി കാര്യങ്ങള്‍ ശ്രദ്ധിക്കുവാനുണ്ട്‌. വിദഗദനായ ഒരു ഡോക്യുമന്റ്‌ റൈറ്ററെക്കൊണ്ടോ അല്ലെങ്കില്‍ ഒരു അഭിഭാഷകനെക്കൊണ്ടോ പരിശോധിച്ച്‌ തട്ടിപ്പുകള്‍ ഇല്ലെന്ന് ഉറപ്പുവരുത്തുക. ഇല്ലാത്തപക്ഷം നിങ്ങളുടെ നിക്ഷേപങ്ങള്‍ "തേക്ക്‌ മാഞ്ചിയം" സ്കീം പോലെ ഒരു നാള്‍ തട്ടിപ്പാണെന്ന് തിരിച്ചറിയുമ്പോളേക്കും വൈകിയിരിക്കും.



ശ്രദ്ധിക്കേണ്ട മറ്റൊരു സംഗതി ബാങ്കില്‍ പണയം വെച്ച ഭൂമി വാങ്ങുമ്പോഴാണ്‌. വാങ്ങുന്ന വ്യക്തി ലോണ്‍ അടച്ചുതീര്‍ത്ത്‌ ബധ്യത തീര്‍ത്ത്‌ ആധാരം എടുത്ത്‌ ഉടമസ്ഥനു നല്‍കുകയും തുടര്‍ന്ന് ഉടമസ്ഥന്‍ സ്ഥലം വാങ്ങാന്‍ പണം നല്‍കിയ വ്യക്തിയുടെ പെരില്‍ റെജിസ്റ്റര്‍ ചെയ്തു നല്‍കുവാന്‍ തയ്യാറാകാതിരിക്കുകയും പണം തിരികെ നല്‍കാതിരിക്കുകയും ചെയ്ത്‌ വഞ്ചിതരായ പ്രവാസികള്‍ നിരവധിയാണ്‌.



കേരളത്തിനു പുറത്ത്‌ ചെറിയ പ്ലോട്ടുകളും വന്‍ തൊട്ടങ്ങളും വാങ്ങുന്ന ഒത്തിരി മലയാളികള്‍ ഉണ്ട്‌.അന്യ സംസ്ഥാനങ്ങളില്‍ നിഷേപം നടത്തുമ്പോള്‍ അവിടെ അത്‌ സുരക്ഷിതമാണോ എന്നകാര്യം കൂടെ പരിഗണിക്കെണ്ടതുണ്ട്‌. ഭൂമി വെട്ടിപ്പിടിക്കല്‍ എന്ന് നാട്ടിന്‍ പുറങ്ങളില്‍ പണ്ടു പറയാറുള്ള സംഗതി ഇവിടങ്ങളില്‍ ധാരാളമായി നടക്കുന്നുണ്ട്‌. തുടര്‍ന്ന് കേസും മറ്റും ആകുമ്പോള്‍ അത്‌ കൈകാര്യം ചെയ്യുവാന്‍ പലപ്പോഴും പ്രവാസികള്‍ക്ക്‌ ബുദ്ധിമുട്ടാകും സമയനഷ്ടവും ധനനഷ്ടവും കൂടാതെ മനസ്സമാധാനവും ഇല്ലാതാകും.




ഭൂമികഴിഞ്ഞാല്‍ അടുത്ത നിക്ഷേപസാധ്യത കെട്ടിടങ്ങളില്‍ ആണ്‌. കേരളത്തിനകത്തും പുറത്തുമായി വരുന്ന നിരവധി വില്ല/ഫ്ളാറ്റു പ്രൊജക്ടുകളുടെ പരസ്യം ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.ഭൂമിയെപോലെ തന്നെ ഫ്ളാറ്റുകള്‍ക്കും ഡിമാണ്റ്റ്‌ വാന്‍ തോതില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സമയം ആണിത്‌.പ്രൊജക്ട്‌ അനൌണ്‍സ്‌ ചെയ്യുമ്പോള്‍ ബുക്ക്‌ ചെയ്ത്‌ പിന്നീട്‌ ഡിമാണ്റ്റ്‌ വര്‍ദ്ധിക്കുമ്പോള്‍ വില്‍ക്കുകയോ ആകാം വാങ്ങിയ ശേഷം വാടകക്ക്‌ നല്‍കുകയോ(നിര്‍മ്മാതാക്കളെ തന്നെ ഏല്‍പ്പിച്ചാല്‍ അവര്‍ കെട്ടിടം വാടക്ക്‌ നല്‍കി മാസാമാസം ഉടമസ്ഥന്‌ വാടക നല്‍കുന്നഉണ്ട്‌) കേരളത്തില്‍ പേരെടുത്ത പല ബില്‍ഡേഴ്സും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക്‌ കൂടുതല്‍ സൌകര്യങ്ങള്‍ നല്‍കുവാന്‍ അനുദിനം മത്സരിച്ചുകൊണ്ടിരിക്കുന്ന കാഴ്ചയാണ്‌ നമുക്ക്‌ കാണാനാകുക.ഇന്ന്‌ റെഡി ടു ലിവ്‌ ഫ്ളാറ്റുകളും വില്ലകളും കേരളത്തില്‍ ധാരാളം വന്നുകൊണ്ടിരിക്കുന്നു.




ഇത്തരം സംരംഭങ്ങളില്‍ നിക്ഷേപിക്കുവാന്‍ ഒരുങ്ങുമ്പോള്‍ അവര്‍ ചെയ്ത മുന്‍ പ്രൊജക്ടുകളെകുറിച്ചും അതിണ്റ്റെ ഇപ്പോഴത്തെ നിലവാരത്തെക്കുറിച്ചും അറിഞ്ഞിരിക്കുന്നത്‌ നല്ലതാണ്‌. മികച്ച ഡിസൈനുകളും നിര്‍മ്മാണത്തിലെ ഗുണനിലവാരം ഉറപ്പുവരുത്തുവാനും ശ്രദ്ധിക്കുന്ന നിര്‍മ്മാതാക്കളില്‍ നിന്നും മാത്രം കെട്ടിടങ്ങള്‍ വാങ്ങുവാന്‍ ശ്രദ്ധിക്കുക.അമിതലാഭം ലഭിക്കുവാനായും വിലകുറച്ചു നല്‍കുവാനായും നിര്‍മ്മാണത്തിലും മറ്റു സര്‍വ്വീസിലും നിലവാരം ശ്രദ്ധിക്കാത്തവരെ ഒഴിവാക്കുക.




ഫ്ളാറ്റുകളുടെ ഒരു ന്യൂനത എന്നുപറയാവുന്നത്‌ അതിണ്റ്റെ ഡിസൈന്‍ ചിലപ്പോള്‍ നിങ്ങളുടെ ആവശ്യത്തിന് അനുസൃതമായി ക്കൊള്ളണം എന്നില്ല.പൊതുവായ താലര്യങ്ങളെ മുന്‍ നിര്‍ത്തിക്കൊണ്ടായിരിക്കും ഫ്ളാറ്റുകള്‍ ഡിസൈന്‍ ചെയ്യുക. എന്നാല്‍ ഫ്ളാറ്റുകളുടെ പുറം ഭാഗത്തെയും പൊതു സ്റ്റ്ര്‌കചറിനേയും ബാധിക്കാത്ത വിധത്തിലുള്ള മാറ്റങ്ങള്‍ പല നിര്‍മ്മതക്കാളും അനുവധിക്കാറുണ്ട്‌.ഇത്തരം കാര്യങ്ങള്‍ നിര്‍മ്മാണം ആരംഭിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ ഡിസൈനര്‍/ആര്‍ക്കിടെക്റ്റുമായി ആലോചിച്ച്‌ വേണ്ട നിര്‍ദ്ധേശങ്ങള്‍ കെട്ടിട നിര്‍മ്മാതാവിനു നല്‍കി കരാറില്‍ ഏര്‍പ്പെടുന്നത്‌ നന്നായിരിക്കും.




പ്രൊജക്ടുകളുടെ പരസ്യത്തിനായി തയ്യാറാക്കുന്ന ബ്രോഷറുകള്‍ മൂവികള്‍ എന്നിവയില്‍ കാണുന്ന രീതിയില്‍ ആയിരിക്കണം എന്നില്ല കെട്ടിടത്തിണ്റ്റെ യദാര്‍ഥ പശ്ചാത്തലവും മറ്റും.പലപ്പോഴും പ്രൊജക്ടിണ്റ്റെ സമീപത്തുള്ള ആരാധനാലയങ്ങള്‍, സ്കൂളുകള്‍, ബസ്റ്റാണ്റ്റുകള്‍, ആശുപത്രികള്‍, മാളുകള്‍, പ്രധാനജംഗ്ഷനുകള്‍ എന്നിവ ഹൈലൈറ്റ്‌ ചെയ്യാറുണ്ട്‌.പക്ഷെ ഇവയിലേക്കുള്ള ദൂരം എത്രയാണെന്നും അവിടേക്കുള്ള വഴി സഞ്ചാരയോഗ്യമാണോ എന്നും പരിശോധിച്ച്‌ ഉറപ്പുവരുത്തുക, കാരണം ഇത്തരം ഘടകങ്ങളെ കൂടേ അടിസ്ഥാനമാക്കിയാണ്‌ പ്രസ്തുത പ്രൊജക്ടിണ്റ്റെ വിലനിശ്ചയിക്കുന്നത്‌.ഉദാഹരണത്തിനു കേരളത്തിലെ ഒരു പ്രമുഖ ക്ഷേത്രത്തിനു സമീപം അലെങ്കില്‍ എയര്‍പ്പോര്‍ട്ടിനോ ഐടിപാര്‍ക്കിനോ സമീപം എന്നൊക്കെ പരസ്യത്തില്‍ കണ്ടാലും പ്രൊജക്ട്‌ വരുന്ന സ്ഥലം ചതുപ്പാണോ വഴി മോശമാണോ എന്നൊക്കെ അവിടെ പോയി നോക്കിയാലെ അറിയാന്‍ പറ്റൂ.




ശ്രദ്ധിക്കേണ്ട മറ്റൊന്നാണ്‌ കെട്ടിടത്തിണ്റ്റെ പ്ളാനിണ്റ്റെ സ്കെയില്‍.ബ്രോഷറിലെ പ്ളാനില്‍ സൌകര്യങ്ങള്‍ കൂടുതല്‍ തോന്നുമെങ്കിലും യദാര്‍ഥ മുറികള്‍ അത്രക്ക്‌ വലിപ്പം ഉണ്ടായിക്കൊള്ളണം എന്നില്ല.അതുകൊണ്ട്‌ പ്ളാനിലെ അളവുകള്‍ പ്രത്യേകം ശ്രദ്ധിക്കുക.ഫ്ളാറ്റാണെങ്കില്‍ നിങ്ങള്‍ വാങ്ങിക്കുവാന്‍ പോകുന്ന യൂണിറ്റ്‌ ഏതു നിലയില്‍ ആണെന്നും അത്‌ ഏതുദിശയിലേക്കാണെന്നും അവിടെ നിന്നുംനോക്കിയാല്‍ നിങ്ങള്‍ക്ക്‌ ലഭിക്കുന്ന വ്യൂ എന്താണെന്നും അറിയുവാന്‍ ശ്രമിക്കുക. പ്രൊജക്ടിണ്റ്റെ ഡിസൈന്‍ സംബന്ധിയായ അഭിപ്രയങ്ങള്‍ ഒരു നല്ല ആര്‍ക്കിടെക്റ്റു/ഡെസൈനെരുമായും നിയമപരമായ വിഷയങ്ങള്‍ ഡോക്യുമെണ്റ്റിണ്റ്റെ വിശദാംശങ്ങള്‍ എന്നിവ ഒരു നല്ല അഭിഭാഷകനുമായി ചര്‍ച്ചചെയ്യുന്നത്‌ നന്നായിരിക്കും.




പല ബില്‍ഡേഴ്സും തങ്ങളുടെ ഫ്ളാറ്റുകളില്‍ സ്വിമ്മിങ്ങ്‌ പൂള്‍, പ്ളേ ഏരിയ,ജിം, തുടങ്ങി ഒത്തിരി സൌകര്യങ്ങള്‍ തമസക്കാര്‍ക്കയി ഒരുക്കാറുണ്ട്‌.ഇതിണ്റ്റെയടക്കം ഫ്ളാറ്റിണ്റ്റെ മെയ്ണ്റ്റനസ്‌ ചിലവുകള്‍ ഏകദേശം എത്രയാണ്‌ ഈടാക്കുക അതു മാസത്തിലാണോ വര്‍ഷത്തിലാണോ എന്നുകൂടെ മുങ്കൂട്ടി അറിഞ്ഞിരിക്കുന്നത്‌ നല്ലതാണ്‌.




കെട്ടിട നിര്‍മ്മാതാക്കളുമായും, ലോണുകള്‍ക്കായി ബാങ്കുകളുമായും ഉണ്ടക്കുന്ന ഉടമ്പടികള്‍ വേണ്ടത്ര സമയമെടുത്ത്‌ സാവകാശം വായിച്ചുമനസ്സിലാക്കുക.എന്തെങ്കിലും സംശയങ്ങളോ മറ്റോ ഉണ്ടെങ്കില്‍ കരാറില്‍ ഏര്‍പ്പെടുന്നതിനു മുമ്പുതന്നെ അത്‌ ദൂരീകരിക്കുക. ഉദാഹരണമായി കെട്ടിടം നിര്‍മ്മിക്കുന്ന സ്ഥലത്തിണ്റ്റെ ആധാരം പണയത്തിലാണൊ, കെട്ടിടത്തിനു തദ്ദേശ സ്വയംഭരണ സ്ഥപനങ്ങളില്‍ നിന്നും മറ്റു അതോരിറ്റികളില്‍ നിന്നും നിര്‍മ്മാണാനുമതി ലഭിച്ചിട്ടുണ്ടോ എന്നും ഉണ്ടെങ്കില്‍ എത്ര ഏരിയ എത്രനിലകള്‍ എന്നെല്ലാം രേഖപ്പെടുത്തിയിരിക്കുന്നു എന്ന്‌ പരിശോധിച്ച്‌ ഉറപ്പുവരുത്തുക. നിര്‍മ്മാതാക്കള്‍ കെട്ടിടത്തിണ്റ്റെ വിശദാംശങ്ങള്‍ തരാതിരിക്കുകയോ അല്ലെങ്കില്‍ അവര്‍ നല്‍കുന്ന രേഖകളില്‍ എന്തെങ്കിലും സംശയം തോന്നുന്ന പക്ഷം പ്രസ്തുത പ്രൊജക്ട്‌ വരുന്ന തദ്ദേശ സ്വയം ഭരണസ്ഥാപനത്തില്‍ വിവരാവകാശ നിയമം അനുസരിച്ച്‌ പത്തുരൂപയടച്ച്‌ അപേക്ഷ സമര്‍പ്പിച്ചാല്‍ അവിടെ നിന്നും വിശദാംശങ്ങള്‍ ലഭിക്കും. അപ്രൂവ്ഡ്‌ പ്ളാനിണ്റ്റേയും മറ്റും പകര്‍പ്പ്‌ ലഭിക്കുവാന്‍ നിശ്ചിത ഫീസ്‌ അടച്ചാല്‍ മതി.




കേരളത്തിലെ കെട്ടിട നിര്‍മ്മാണ ചട്ടം കോര്‍പ്പറേഷനുകള്‍,മുന്‍സിപ്പാലിറ്റികള്‍ എന്നിവയെക്കൂടാതെ എല്ലാ പഞ്ചായത്തുകളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. പ്രസ്തുത നിയമം ലംഘിച്ചുകൊണ്ട്‌ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഗവണെന്‍മെണ്റ്റിനു തടയാവുന്നതും പൊളിച്ചുനീക്കാവുന്നതുമാണ്‌.അതുകൊണ്ടുതന്നെ നിങ്ങള്‍ വാങ്ങുന്ന പ്രൊജക്ട്‌ ഈ നിയമം അനുസരിച്ചാണ്‌ നിര്‍മ്മിക്കുന്നത്‌/നിര്‍മ്മിച്ചിരിക്കുന്നത്‌ എന്ന്‌ ഉറപ്പുവരുത്തുക.കെട്ടിടം നിര്‍മ്മാണവുമായി ബന്ധപ്പെട്ടോ അല്ലെങ്കില്‍ വാങ്ങുന്ന ആളുമായി ബില്‍ഡര്‍ ഉണ്ടക്കുന്ന കരാറിലോ ഏതെങ്കിലും വിധത്തിലുള്ള ലംഘനം ഉണ്ടായാല്‍ തീര്‍ച്ചയയും കോടതിയെ സമീപിക്കാവുന്നതാണ്‌.




ബങ്കുകളില്‍ നിന്നും മറ്റും ലോണെടുക്കുമ്പോള്‍ ഒത്തിരി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്‌. ബാങ്കുകളുടെ ടേംസ്‌ ആണ്റ്റ്‌ കണ്ടീഷന്‍സ്‌ അടങ്ങുന്ന രേഖകള്‍ പലതും അനവധി പേജുകള്‍ ഉള്ളതായിരിക്കും. പ്രവാസികളെ സംബന്ധിച്ചേടത്തോളം സമയക്കുറവുമൂലവും ലോണ്‍ എളുപ്പത്തില്‍ ലഭിക്കുവാനുള്ള തിരക്കുകൊണ്ടും പലപ്പോഴും രേഖകള്‍ മുഴുവന്‍ വായിച്ചുനോക്കാതെ ഡോക്യുമെണ്റ്റുകളില്‍ സൈന്‍ ചെയ്യാന്‍ സാധ്യതയുണ്ട്‌.ഇതു പലപ്പോഴും പിന്നീട്‌ അപ്രതീക്ഷിതമായ ബുദ്ധിമുട്ടുകള്‍ക്ക്‌ ഇടയാക്കിയേക്കാം. ലോണ്‍ എടുക്കും മുമ്പുതന്നെ അവരുടെ പലിശയെ സംബന്ധിച്ചും ഈടാക്കുന്ന ചാര്‍ജ്ജുകള്‍/സര്‍വ്വീസ്‌ ചാര്‍ജ്ജുകള്‍ എന്തെങ്കിലും "ഹിഡന്‍ ചാര്‍ജ്ജുകള്‍" ഉണ്ടെങ്കില്‍ അത്‌ എന്നിവ എത്രയാണെന്ന്‌ കൃത്യമായി മനസ്സിലാക്കുക.തിരിച്ചടവിനെ സംബന്ധിച്ചും അടവു മുടങ്ങുകയോ ലോണ്‍ എടുക്കുന്ന വ്യക്തി ജോലിചെയ്യാന്‍ സാധ്യമാകാത്ത വിധം രോഗബാധിതനാകുകയോ മരിക്കുകയോ ചെയതാല്‍ ഇന്‍ഷൂറന്‍സോ മറ്റു വല്ല പദ്ധതികളോ ഉണ്ടോ ലോണ്‍ നിലവില്‍ ഉള്ളപ്പോള്‍ പ്രസ്തുത കെട്ടിടം വില്‍ക്കുന്നതിനുള്ള കണ്ടീഷന്‍സ്‌ എന്തൊക്കെ എന്നിവയെകുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്‌.




തീച്ചയായും റിയല്‍ എസ്റ്റേറ്റ്‌ സാമ്പത്തികമായി നേട്ടം ഉണ്ടാക്കുവാന്‍ ഒത്തിരി സാധ്യതകള്‍ ഉള്ള ഒരു ബിസിനസ്സ്‌ ആണ്‌. ധനകാര്യ സ്ഥാപനങ്ങള്‍ ഇത്തരം നിക്ഷേപങ്ങള്‍ക്ക്‌ ധാരാളം ലോണുകളും നല്‍കുന്നുണ്ട്‌. നമ്മുടെ വരുമാനത്തേയും തിരിച്ചടക്കാനുള്ള ശേഷിയേയും കൂടെ കണക്കിലെടുത്ത്‌ മാത്രം നിഷേപങ്ങള്‍ നടത്തുക. ഇല്ലെങ്കില്‍ ലോണടക്കുവാനുള്ള തത്രപ്പടില്‍ നമ്മുടെ ജീവിതത്തിലെ സ്വസ്തതയും സമാധാനവും നഷ്ടമാകും.




NB. റിയല്‍ എസ്റ്റേറ്റ്‌ ബിസിനസ്സ്‌ മോശമാണെന്നോ അല്ലെങ്കില്‍ ഏതെങ്കിലും ബില്‍ഡേഴ്സ്‌ മോശമാണെന്നോ സമര്‍ഥിക്കുവനോ അല്ല ഈ കുറിപ്പിണ്റ്റെ ഉദ്ദേശ്യം.




S.kumar
http://www.paarppidam.blogspot.com/

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്






ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്