പ്രശസ്‌ത അറബ് കവിയും യു.എ.ഇ. പൗരനുമായ ഡോ. ഷിഹാബ് എം. ഘാനിം അറബിയിലേയ്‌ക്ക് പരിഭാഷപ്പെടുത്തിയ ഭാരതീയ കവിതകളുടെ സമാഹാരം പ്രസിദ്ധീകരണത്തിന് തയ്യാറായി. മിര്‍സാ ഗാലിബും ടാഗോറും മുതല്‍ 1969-ല്‍ ജനിച്ച സല്‍മ വരെയുള്ള മുപ്പതോളം കവികളുടെ 77 കവിതകളുള്‍പ്പെടുന്ന ഈ ബൃഹദ്‌സമാഹാരത്തില്‍ മലയാളത്തിന്റെ സാന്നിദ്ധ്യവും ശ്രദ്ധേയമാണ്. കക്കാട്, അയ്യപ്പപ്പണിക്കര്‍, ആറ്റൂര്‍, കടമ്മനിട്ട, സച്ചിദാനന്ദന്‍, കെ. ജി. ശങ്കരപ്പിള്ള, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരാണ് മലയാളത്തില്‍ നിന്നുള്ള കവികള്‍.
അലി സര്‍ദാര്‍ ജാഫ്രി, കൈഫി ആസ്‌മി, മുന്‍പ്രധാനമന്ത്രി വാജ്‌പയ് തുടങ്ങിയവരുടെ കവിതകളും ഈ സമാഹാരത്തിലുണ്ട്. വിവിധ ഭാരതീയ ഭാഷകളിലെഴുതപ്പെട്ടിട്ടുള്ള കവിതകളുടെ ഇംഗ്ലീഷ് പരിഭാഷകളെ അടിസ്ഥാനപ്പെടുത്തിയാണ് വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നതെന്ന് ഡോ. ഷിഹാബ് ഘാനിം പറഞ്ഞു.
അതേസമയം ജയന്ത മഹാപത്ര, കമലാ സുരയ്യ (മാധവിക്കുട്ടി) തുടങ്ങിയവരുടെ ഇംഗ്ലീഷ് ഭാഷയിലെഴുതപ്പെട്ടിട്ടുള്ള കവിതകള്‍ നേരിട്ടു തന്നെ അറബിയിലേയ്‌ക്ക് പരിഭാഷപ്പെടുത്തിയതും ഈ സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്‌ക്കാരങ്ങള്‍ തമ്മില്‍ സംഘര്‍ഷങ്ങളല്ല സംഭാഷണങ്ങളാണ് നടക്കേണ്ടത് എന്ന അവബോധമാണ് ഇത്തരമൊരു സംരംഭത്തിന് തന്നെ പ്രേരിപ്പിച്ചതെന്ന് ഡോ. ഘാനിം പറയുന്നു. ഇതിനു മുമ്പ് മലയാളത്തില്‍ നിന്നുള്ള ഒരു കൂട്ടം കവിതകള്‍ അറബിയിലേയ്‌ക്ക് പരിഭാഷപ്പെടുത്തി ആനുകാലികങ്ങളിലും പുസ്‌തകരൂപത്തിലും പ്രസിദ്ധീകരിച്ചിട്ടുള്ള ഡോ. ഘാനിമിന്റെ കവിതകളുടെ മലയാള വിവര്‍ത്തനം നേരത്തെ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചിരുന്നു.
Labels: അറബി, കവിത, പുസ്തകം
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്