ചീര തോരന്‍

October 25th, 2011

cheera thoran-epathram

ചീരകള്‍ പലതരം ഉണ്ട്‌. പെരുംചീര, വേലിചീര, കുപ്പചീര, മുള്ളന്‍ചീര, ചുവന്ന ചീര, സാമ്പാര്‍ ചീര. ഇത്രയുമേ എനിക്ക് അറിയൂ. എന്റെ വീട്ടില്‍ ധാരാളം ചീര ഉണ്ടായിരുന്നു. ഇതില്‍ കൂടുതലും വേലി ചീരയും ചുവന്ന ചീരയും ആയിരുന്നു. പുറത്തു നിന്നും വാങ്ങുന്ന പച്ചക്കറികള്‍ വീട്ടില്‍ സ്വതവേ ഉപയോഗിക്കുന്നത് കുറവാണ്. അതിനാല്‍ ഈ ചീരകളൊക്കെ മാറി മാറി ഊണ് മേശയില്‍ സ്ഥാനം പിടിച്ചിരുന്നു. സ്വാദ് കൂടുതല്‍ വേലി ചീരയ്ക്കാണ് എന്നാണ് എന്റെ അഭിപ്രായം.

ചീരയുടെ കൂടെ മുട്ട, പരിപ്പ്, ചക്കക്കുരു എന്നിവയൊക്കെ ചേര്‍ത്ത് വ്യത്യസ്തമാക്കം. ഏതായാലും താഴെ പറയുന്ന ചീര തോരന്‍ ഒരു സിമ്പിള്‍ തോരന്‍ ആണ്. ചുവന്ന ചീര തോരന്‍ :-)

ചേരുവകള്‍

ചീര – അര കിലോ
തേങ്ങ ചിരവിയത് – ഒരു കപ്പ്
പച്ചമുളക് ചെറുതായി അരിഞ്ഞത് – മൂന്ന്
സവാള ചെറുതായി അരിഞ്ഞത് – രണ്ട്
ചുവന്നുള്ളി – 4 എണ്ണം
വെളുത്തുള്ളി – 3 അല്ലി
മുളക്പൊടി – ഒരു ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കടുക് – ആവശ്യത്തിന്
കറിവേപ്പില – ആവശ്യത്തിന്
എണ്ണ – രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

ചീര ചെറുതായി അരിഞ്ഞെടുക്കുക. എണ്ണ ചൂടാക്കി കടുക് വറക്കുക. ഇതിലേക്ക് കറിവേപ്പില, ചുവന്നുള്ളി, വെളുത്തുള്ളി, പച്ചമുളക് എന്നിവ അരിഞ്ഞത് ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മുളകുപൊടിയും മഞ്ഞള്‍പൊടിയും ചേര്‍ക്കുക. പൊടികള്‍ മൂത്തു കഴിയുമ്പോള്‍ ചെറുതായി ഒന്ന് ചതച്ച തേങ്ങയും അരിഞ്ഞ സവാളയും ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് ചീരയിലയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി മൂടി വച്ച് വേവിക്കുക. പാകത്തിന് ചീര വെന്തുകഴിഞ്ഞാല്‍ വാങ്ങി വയ്ക്കാം.

- ലിജി അരുണ്‍

വായിക്കുക:

അഭിപ്രായം എഴുതുക »

വെജിറ്റബിള്‍ ഖിച്ടി

October 23rd, 2011

ഒരു വടക്കേയിന്ത്യന്‍ വിഭവമാണ് ഖിച്‌ടി. അരിയും പരിപ്പും ആണ് ഇതിന്റെ പ്രധാന ചേരുവകള്‍. ബാക്കിയൊക്കെ നമ്മുടെ ഇഷ്ടം പോലെ ചേര്‍ക്കാം. വെള്ളം അധികം ചേര്‍ത്ത് നന്നായി വേവിച്ചതാണ് ഒറിജിനല്‍ ഖിച്ടി. എന്നാല്‍ എന്റെ വീട്ടില്‍ എല്ലാവര്ക്കും താല്‍പ്പര്യം അധികം നീളാത്ത പുലാവ് പോലെ ഇരിക്കുന്ന ഖിച്ടി ആണ്. ധാരാളം പച്ചക്കറികളും പരിപ്പും ചേര്‍ക്കുന്നതിനാല്‍ നല്ല പോഷക സമൃദ്ധമായ ഒരു വിഭവമാണ് ഇത്.

ചേരുവകള്‍

ഉരുളക്കിഴങ്ങ് – ഒന്ന്
കാരറ്റ് –  ഒന്ന്
ബീന്‍സ് – 7-8 എണ്ണം
ഗ്രീന്‍പീസ് – ഒരു കപ്പ്‌
തക്കാളി ഒന്ന്
സവാള – ഒന്ന്
വെളുത്തുള്ളി – ആറു അല്ലി
ഇഞ്ചി – ഒരു ചെറിയ കഷ്ണം
പച്ചമുളക് – രണ്ട്
ഏലയ്ക്ക – രണ്ടെണ്ണം
പട്ട – ചെറിയ കഷണം
ഗ്രാമ്പൂ നാലെണ്ണം
ഉപ്പ് – ആവശ്യത്തിന്
ജീരകം – കാല്‍ ടീസ്പൂണ്‍
പെരുംജീരകം  – കാല്‍ ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – കാല്‍ ടീസ്പൂണ്‍
മുളക് പൊടി – കാല്‍ ടീസ്പൂണ്‍
നെയ്യ് – 2 ടേബിള്‍സ്പൂണ്‍
ബിരിയാണി അരി – ഒരു കപ്പ്
ചെറു പയര്‍ പരിപ്പ് – അരക്കപ്പ്
ചുവന്ന പരിപ്പ് (മസൂര്‍ ദാല്‍ ) – അരക്കപ്പ്
മല്ലിയില – ഒരു പിടി

തയ്യാറാക്കുന്ന വിധം

പച്ചക്കറികള്‍ എല്ലാം ചെറുതായി നുറുക്കുക. പച്ചമുളക് നെടുകെ കീറുക, ഇഞ്ചി, വെളുത്തുള്ളി പൊടിയായി അരിഞ്ഞെടുക്കുക. ഒരു കുക്കര്‍ അടുപ്പത്ത് വച്ച് 2 ടേബിള്‍സ്പൂണ്‍ നെയ്യ് ഒഴിച്ചു ചൂടാക്കുക. ജീരകവും പെരുംജീരകവും ഏലയ്ക്ക പട്ട ഗ്രാമ്പു എന്നിവയും ഇടുക. ഇവ പൊട്ടി കഴിയുമ്പോള്‍  സവാള ഇഞ്ചി പച്ചമുളക് വെളുത്തുള്ളി എന്നിവ ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടിയും മുളക്പൊടിയും ചേര്‍ത്ത് വഴറ്റുക. തക്കാളി ചേര്‍ത്ത് നന്നായി ഉടയ്ക്കണം. ഇതിലേക്ക് കഴുകി വാരിയ അരിയും പരിപ്പുകളും ചേര്‍ത്ത് നന്നായി ഇളക്കുക. ഇനി പച്ചക്കറികള്‍ ചേര്‍ക്കാം. ഉപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. 2 കപ്പ്‌ വെള്ളം ചേര്‍ത്ത് കുക്കര്‍ അടച്ചു വെച്ച് 2 വിസില്‍ വരെ വേവിക്കാം. തുറക്കുമ്പോള്‍  മല്ലിയില ചേര്‍ക്കുക. സാലഡും അച്ചാറും പപ്പടവും ചേര്‍ത്ത് കഴിക്കാം.

കുറിപ്പ്‌ : കഞ്ഞി പോലെയുള്ള ഖിച്ടി ഇഷ്ടമുള്ളവര്‍ക്ക് വേവിക്കുമ്പോള്‍ അര കപ്പ് വെള്ളവും കൂടെ ചേര്‍ക്കാം.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫിഷ്‌ മോളി

October 20th, 2011

fish moly-epathram
മീന്‍ കറിയെന്ന് കേട്ടാല്‍ വായില്‍ വെള്ളമൂറും. വീട്ടില്‍ പലതരത്തിലുള്ള മീന്‍ കറികള്‍ ഉണ്ടാക്കാറുണ്ട്. തേങ്ങാ അരച്ചും, കുടമ്പുളി ഇട്ടും, തക്കാളി ചേര്‍ത്തും ഒരു പാട് രീതിയില്‍ മീന്‍ വയ്ക്കാം. എന്നാല്‍ ഫിഷ്‌ മോളി ഇവയില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായ ഒരു ഫിഷ്‌ കറിയാണ്. വളരെ നേര്‍ത്ത രുചിയുള്ള അധികം മസാലയും എരിവും ഇല്ലാത്ത ഒരു കറിയാണ് ഇത്. മാത്രവുമല്ല ഇത് ചോറിന്റെ കൂടെ സാധാരണ കഴിക്കാറില്ല. അപ്പം, പുട്ട്, ഇടിയപ്പം, ബ്രെഡ്‌ ഇവയൊക്കെയാണ് ബെസ്റ്റ്‌ കോമ്പിനേഷന്‍സ്‌. എനിക്ക് ഏതായാലും അപ്പത്തിന്റെ കൂടെ ഫിഷ്‌ മോളി കഴിക്കുന്നതാണ് ഏറ്റവും ഇഷ്ടം. ഇതു തയ്യാറാക്കാന്‍ റെഡിയായിക്കോളൂ

ചേരുവകള്‍

മീന്‍ – ഒരു കിലോ ‌(നെയ്‌ മീന്‍, കരിമീന്‍, ഹമ്മൂര്‍ ഇവയില്‍ എതെങ്കിലും)
സവാള – 3 വലുത് നേര്‍മയായി അരിഞ്ഞത്
പച്ച മുളക്‌ – 50 ഗ്രാം നെടുകെ കീറിയത്
ഇഞ്ചി ചതച്ചത്‌ – 25 ഗ്രാം
മഞ്ഞള്‍ പൊടി – അര റ്റീസ്പൂണ്‍
കുരുമുളക് പൊടി – അര റ്റീസ്പൂണ്‍
വെളിച്ചെണ്ണ – 100 മില്ലി
കറിവേപ്പില – 2 തണ്ട്‌
തേങ്ങാ – ഒന്ന്
വിനാഗിരി – 2 ടേബിള്‍സ്പൂണ്‍
ഉപ്പ്‌ ‌ പാകത്തിന്
നെയ്യ് – 1 ടേബിള്‍സ്പൂണ്‍
കശുവണ്ടി – 1 ടേബിള്‍സ്പൂണ്‍
കിസ്മിസ്‌ – 1 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

മീന്‍ ഇടത്തരം വലിപ്പമുള്ള കഷണങ്ങളായി മുറിച്ചു വയ്ക്കുക.തേങ്ങയുടെ ഒന്നാമത്തെയും രണ്ടാമത്തെയും പാല്‍ വെവ്വേറെ എടുത്തു വയ്‌ക്കുക. പാത്രത്തില്‍ എണ്ണ ചൂടാക്കി അതില്‍ അരിഞ്ഞു വച്ച സവാള, ഇഞ്ചി, കറിവേപ്പില, പച്ചമുളക്‌ എന്നിവ വഴറ്റുക. അതിലേക്ക്‌ മഞ്ഞള്‍ പൊടിയും കുരുമുളക് പൊടിയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് രണ്ടാം പാല്‍ ഒഴിക്കണം. പാകത്തിന് ഉപ്പും വിനാഗിരിയും ചേര്‍ക്കുക. കഷണങ്ങളാക്കിയ മീന്‍ ഇതിലേക്ക് ഇട്ടു മൂടി വച്ച് 10-15 മിനിറ്റ് വേവിക്കുക. മീന്‍ വെന്തു കഴിയുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്ത്‌ ചെറുതായൊന്ന് തിളപ്പിച്ച്‌ അടുപ്പില്‍ നിന്നെടുക്കുക. മീന്‍ വെന്തു കഴിഞ്ഞാല്‍ പിന്നെ സ്പൂണ്‍ കൊണ്ട് ഇളക്കരുത് . കഷ്ണങ്ങള്‍ ഉടയും. പത്രം ചെറുതായി ഒന്ന് ചുറ്റിച്ചു മാത്രം എടുക്കുക. നെയ്യ് ചൂടാക്കി കശുവണ്ടിയും കിസ്സ്മിസ്സും വറുത്തെടുത്ത് ഫിഷ്‌ മോളിക് മുകളില്‍ തൂവുക. അപ്പം, പുട്ട്, ഇടിയപ്പം, ചപ്പാത്തി എന്നിവയുടെ കൂടെ കഴിക്കാം.

- ലിജി അരുണ്‍

വായിക്കുക: ,

അഭിപ്രായം എഴുതുക »

തക്കാളി മോര് കറി

October 19th, 2011

moru-curry

എന്റെ വീട്ടില്‍ ഓര്‍മ വച്ചപ്പോള്‍ മുതല്‍ പശു ഉണ്ടായിരുന്നു. ധാരാളം പാലും. അധികം വരുന്ന പാല് തൈരായും പിന്നീട് മോരായും രൂപാന്തരപ്പെട്ടിരുന്നു. മോര് ഇല്ലാത്ത ഒരു ഉച്ചയൂണ് വളരെ വിരളമായിരുന്നു. മോര് അധികം വരുമ്പോള്‍ എന്റെ മമ്മി ചെയ്യുന്ന പരിപാടി മോര് കാച്ചി വയ്ക്കുക അല്ലെങ്കില്‍ മോര് കറി ഉണ്ടാക്കുക എന്നതാണ്. മോര് കറി എന്ന് പറയുമ്പോള്‍ അതില്‍ കഷ്ണങ്ങള്‍ എന്തെങ്കിലും ഉണ്ടാവും. എന്റെ വീട്ടില്‍ സാധാരണയായി ഏത്തക്ക, വെള്ളരിക്ക, കുമ്പളങ്ങ, ചേമ്പ്, പപ്പായ എന്നിവ ഒക്കെയായിരുന്നു മോര് കറിയില്‍ ചേര്‍ക്കുക. എന്നാല്‍ ഞാന്‍ ദുബായില്‍ വന്നതിനു ശേഷം എന്റെ ബന്ധുവായ ടെജി ചേച്ചിയുടെ അടുത്ത് നിന്നും ആണ് തക്കാളി ചേര്‍ത്ത മോര് കറി വയ്ക്കാന്‍ പഠിച്ചത്. വളരെ എളുപ്പം ആര്‍ക്കും തയ്യാറാക്കാവുന്ന ഒരു മോര് കറിയാണ് ഇത്. സാധാരണ മോര് കറി ഉണ്ടാക്കുന്ന പോലെ തേങ്ങാ അരയ്ക്കണ്ട എന്ന പ്രത്യേകതയും ഉണ്ട്.

ഈ കറിയും പപ്പടവും ഉണ്ടെങ്കില്‍ ഊണ് കുശാലാക്കാം.. :) ഒരു നല്ല ബാച്ചലര്‍ കറിയാണ് ഇത്. ഒന്ന് പരീക്ഷിക്കൂ..

ചേരുവകള്‍

കട്ട തൈര് – 200 മില്ലി
നല്ല പഴുത്ത വലിയ തക്കാളി – ഒന്ന് (12 കഷ്ണം ആക്കുക )
ഇഞ്ചി – ചെറുതായി അരിഞ്ഞത് അര ടീസ്പൂണ്‍
വെളുത്തുള്ളി – ചെറുതായി അരിഞ്ഞത് അര ടീസ്പൂണ്‍
പച്ചമുളക് – നെടുകെ പിളര്‍ന്നത് 2 എണ്ണം
ചുവന്നുള്ളി – 4-5 എണ്ണം ചെറുതായി അരിഞ്ഞത്
കറിവേപ്പില – ഒരു തണ്ട്
ഉലുവ – അര ടീസ്പൂണ്‍
കടുക് – ഒരു ടീസ്പൂണ്‍
ജീരകം – അര ടീസ്പൂണ്‍
വറ്റല്‍മുളക് – 2 എണ്ണം
മുളക് പൊടി – അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടേബിള്‍സ്പൂണ്‍
വെള്ളം – 100 മില്ലി
ഉപ്പ് – പാകത്തിന്

തയാറാക്കുന്ന വിധം

തൈര് വെള്ളവും ഉപ്പും ചേര്‍ത്ത് മിക്സിയില്‍ നന്നായി അടിച്ച് എടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി കടുക്, ഉലുവ, ജീരകം എന്നിവ വറക്കുക. വറ്റല്‍ മുളക് പൊട്ടിച്ചു ഇതിലേക്ക് ഇടുക. അറിഞ്ഞു വെച്ചിരിക്കുന്ന ചുവന്നുള്ളി, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കുക. ഇഞ്ചിയും വെളുത്തുള്ളിയും അല്പം ബ്രൌണ്‍ നിറം ആകുമ്പോള്‍ മഞ്ഞള്‍പ്പൊടിയും മുളകുപൊടിയും ചേര്‍ത്ത് വഴറ്റുക. പൊടികള്‍ മൂത്തു കഴിയുമ്പോള്‍ തക്കാളി കഷ്ണങ്ങള്‍ ചേര്‍ത്ത് ഇളക്കി, മൂടി വച്ച് ഒരു 3-4 മിനുറ്റ് വേവിക്കുക. തക്കാളി ഉടയരുത്. എന്നാല്‍ വേവുകയും വേണം. തീ നന്നായി കുറച്ചിട്ടു തൈര് ചേര്‍ത്ത് ഇളക്കി ഒരു മിനിട്ടിനകം വാങ്ങി വയ്ക്കുക. മോര് കറി റെഡി.

കുറിപ്പ്‌ : തൈര് ചേര്‍ത്ത് കഴിഞ്ഞു തീ അധികം ആയാല്‍ അത് പിരിഞ്ഞു പോകും. പിന്നീട് പനീര്‍ കറിയായി കഴിക്കേണ്ടി വരും :)

- ലിജി അരുണ്‍

വായിക്കുക: ,

1 അഭിപ്രായം »

പാഷന്‍ ഫ്രൂട്ട് മാങ്കോ പഞ്ച്

October 18th, 2011

mango passion fruit punch-epathram

എന്റെ വീട്ടില്‍ ഒരു പുളിമരത്തിന്മേല്‍ പാഷന്‍ ഫ്രൂട്ട് പടര്‍ന്നു കയറിയിരുന്നു. വേനല്‍ക്കാലത്ത് സമൃദ്ധമായി വിളഞ്ഞിരുന്ന ഈ പഴം നല്ല കാറ്റടിക്കുമ്പോള്‍ താഴേക്കു പൊട്ടി വീണിരുന്നു. പക്ഷെ കടുത്ത ചവര്‍പ്പ് കാരണം ആരും ഇതിനു വല്യ വില കല്‍പ്പിച്ചിരുന്നില്ല. എന്നാല്‍ കാറ്റിലും മഴയിലും കിണറ്റിന്‍ കരയില്‍ നില്‍ക്കുന്ന നാട്ടു മാവിന് ചുറ്റും നല്ല തെരക്കായിരിക്കും. കാരണം മാങ്ങക്കു നല്ല മധുരം ആണല്ലോ.. ഏതായാലും ഇയ്യിടെയാണ് പാഷന്‍ ഫ്രൂട്ടും മാങ്ങയും ചേര്‍ന്നാല്‍ ഒരുഗ്രന്‍ പാനീയം ആകും എന്ന് മനസ്സിലായത്‌. വീട്ടില്‍ ഒരു പാഷന്‍ ഫ്രൂട്ട്‌ ചെടിയുണ്ടായാല്‍ പുതുമയോടെ “ഗാര്‍ഡന്‍ ഫ്രഷായ ജ്യൂസ്‌ കുടിക്കാം..

Passionfruitvine-epathram
ധാരാളം വൈറ്റമിന്‍ ഉള്ള ഒരു ഫലമാണ് പാഷന്‍ ഫ്രൂട്ട്. ഇതിനു പുറമേ കാര്‍ബോ ഹൈഡ്രേറ്റ്, മാംസ്യം, ഫോസ്ഫറസ്‌, കാല്‍സ്യം, പൊട്ടാസ്യം, സോഡിയം, ഇരുമ്പ്‌ എന്നിവയും അടങ്ങിയിരിക്കുന്നു. ഔ‍ഷധമേന്‍മയും ഈ ഫലത്തിനുണ്ട്‌. ഇതിലുള്ള ഘടകങ്ങള്‍ക്ക്‌ ഉറക്കമില്ലായ്മ, മന:സംഘര്‍ഷം എന്നിവയെ കുറക്കാനാവും. പാഷന്‍ ഫ്രൂട്ട്‌ ജ്യൂസ്‌ പുരാതന കാലം മുതല്‍ ഉറക്കകുറവിനുള്ള ഔ‍ഷധമായി ഉപയോഗിക്കുന്നു.

പാഷന്‍ ഫ്രൂട്ട് : 2 എണ്ണം
മാങ്ങാ : ഒരെണ്ണം
പഞ്ചസാര : 1/2 കപ്പ്,
സോഡാ : 200 ml
വെള്ളം : ഒരു ഗ്ലാസ്
തേന്‍: 3 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

പാഷന്‍ ഫ്രൂട്ടില്‍ നിന്നും കാമ്പ് എടുക്കുക. ഇത് ഒരു സ്പൂണ്‍ കൊണ്ട് നന്നായി ഉടക്കുക. വെളുത്ത തൊലി ഉള്ളത് നീക്കം ചെയ്യണം. കുരു മാത്രം നീരോട് കൂടി എടുത്തു വയ്ക്കുക. നന്നായി പഴുത്ത മാങ്ങ മിക്സിയില്‍ ഇട്ടു പഞ്ചസാരയും വെള്ളവും ചേര്‍ത്ത് അടിച്ചു എടുക്കണം. ഇത് എടുത്തു വച്ചിരിക്കുന്ന പാഷന്‍ ഫ്രൂട്ട് ജ്യുസിലേക്ക് ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് സോഡാ ചേര്‍ക്കുക. ഗ്ലാസുകളില്‍ ഒഴിച്ച് മുകളില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് വിളമ്പുക. മധുരം ആവശ്യാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

Page 11 of 12« First...89101112

« Previous Page« Previous « മിക്സ്ഡ് വെജിറ്റബിള്‍ ആന്‍ഡ്‌ ഫ്രൂട്ട് സലാഡ്‌
Next »Next Page » തക്കാളി മോര് കറി »



പ്രഷര്‍കുക്കര്‍ ബിരിയാണി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine