ചേന ചെറുപയര്‍ മെഴുക്കുപുരട്ടി

December 24th, 2011

payar-chena-mezhukupuratti-epathram
ഇന്ന് എന്താ കറി വയ്ക്കുക എന്ന് ഓര്‍ത്ത്‌ ഫ്രിഡ്ജ്‌ തുറന്നു നോക്കിയപ്പോള്‍ അത് കാലിയായി ഇരിക്കുന്നു. മാര്‍ക്കറ്റില്‍ പോവാനുള്ള മടി കാരണം പച്ചക്കറികള്‍ ഒന്നും ഇല്ല വീട്ടില്‍ ..:-( നോക്കുമ്പോ അതാ ഒരു കഷ്ണം ചേന ആരും കാണാതെ പാത്തു പതുങ്ങി ഇരിക്കുന്നു. ഹോ രക്ഷപ്പെട്ടു. ഇന്ന് ഇവനെ വച്ച് കാര്യം സാധിക്കാം..:-) പക്ഷെ പുറത്തെടുത്തു നോക്കിയപ്പോള്‍ ചേനയുടെ ഒരു വശം ചീഞ്ഞു തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ ആഴ്ച അവിയല്‍ വയ്ക്കാന്‍ മേടിച്ചതിന്റെ ബാക്കി ഇരുന്നതാ.. പാവം.. ഇനി എന്ത് ചെയ്യും? ഈ ചെറിയ ഒരു കഷ്ണം ചേന കൊണ്ട് കാര്യം നടക്കില്ല.. ഒരു കറിക്ക് തികയില്ല. എന്റെ കണ്ണുകള്‍ അടുക്കളയിലെ അലമാരികള്‍ പരതി. വളരെ കാലത്തിനു ശേഷം ബുദ്ധി വര്‍ക്ക്‌ ചെയ്യിപ്പിച്ചു. ചേനയുടെ കൂടെ പറ്റിയ പല പല കോമ്പിനേഷന്‍സ് ആലോചിച്ചു. സാധാരണ എന്റെ വീട്ടില്‍ ചേനയും വന്‍പയറും ഇട്ടു എരിശ്ശേരി ഉണ്ടാക്കാറുണ്ട്. അതേ ഞാന്‍ കഴിച്ചിട്ടുള്ളു. ഏതായാലും ചുവന്ന പയര്‍ ഇനി ഇട്ടു കുതിര്‍ത്തു എടുക്കുമ്പോഴേക്കും ചേന മൊത്തം ചീയും..:-) അപ്പൊ ചെറുപയര്‍ ആയാലോ.. യുറേക്കാ.. :-) ചേന ചെറുപയര്‍ മെഴുക്കുപുരട്ടി!!! ഇന്ന് അങ്ങനെയൊരു സംഗതി ആവട്ടെ. വച്ച് നോക്കി. കൊള്ളാം.. കഞ്ഞിക്ക് പറ്റിയ കറിയാണ്. :-) അപ്പൊ ഇന്ന് ചോറും കാച്ചിയ മോരും, മെഴുക്കുപുരട്ടിയും.. ..:-)

ചേരുവകള്‍

ചെറുപയര്‍ – ഒരു കപ്പ്‌ 3-4 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തത്
ചേന – ഒരു കപ്പ്‌ – ചെറുതായി നുറുക്കിയത്
ചുവന്നുള്ളി – 15 എണ്ണം
വെളുത്തുള്ളി – 7-8 അല്ലി
വറ്റല്‍മുളക് – 5 എണ്ണം
കറിവേപ്പില – 2 തണ്ട്
കുരുമുളക്പൊടി – ഒരു ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
എണ്ണ – 2 ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചെറുപയറും ചേനയും ഉപ്പിട്ട് നികക്കെ വെള്ളമൊഴിച്ചു പ്രഷര്‍കുക്കറില്‍ രണ്ടു വിസില്‍ വരുന്നത് വരെ വേവിക്കുക. ചുവന്നുള്ളി, വെളുത്തുള്ളി, വറ്റല്‍മുളക് എന്നിവ നന്നായി ചതച്ച്‌ എടുക്കുക. ഒരു പാനില്‍ എണ്ണ ചൂടാക്കി ചതച്ച ചേരുവയും കറിവേപ്പിലയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്ക് കുരുമുളക്പൊടി ചേര്‍ത്ത് ഇളക്കുക. വേവിച്ചു വച്ചിരിക്കുന്ന ചേന പയര്‍ കൂട്ട് ഇതിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക. 3-4 മിനുട്ടിന് ശേഷം തീ ഓഫു ചെയ്യുക.

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ചിക്കന്‍ ഫ്രൈ വിത്ത്‌ റ്റൊമാറ്റോ

November 18th, 2011

chicken-with tomato-epathram

ഇതാദ്യമായാണ് ഞാന്‍ ഒരു ചിക്കെന്‍ റെസിപ്പി പോസ്റ്റ്‌ ചെയ്യുന്നത്. സാധാരണ ചിക്കന്‍ റെസിപ്പികളില്‍ നിന്നും വ്യത്യസ്തമായ ഒന്നാണ് ഇത്. വളരെ എളുപ്പം തയ്യാറാക്കാം. കുത്തിയിരുന്ന് സവാള അരിഞ്ഞു കരയണ്ട. :-) കാരണം ഇത് ‘സവാള ഫ്രീ’ ആണ്. കുറച്ചു പൊടികളും തക്കാളിയും ഉണ്ടെങ്കില്‍ ചുരുങ്ങിയ സമയത്തില്‍ തയ്യാറാക്കാം. ബാച്ചലെഴ്സിനു പറ്റിയ ഒരു ചിക്കന്‍ കറി ആണ്.
ചേരുവകള്‍

ഇളം ചിക്കന്‍ – അര കിലോ
മുളക്പൊടി – 4 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
ഗരംമസാലപ്പൊടി – അര ടീസ്പൂണ്‍
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌ – അര ടീസ്പൂണ്‍
തക്കാളി – മൂന്ന്
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – 100 മില്ലി
കറിവേപ്പില – ഒരു തണ്ട്
വെള്ളം – അര കപ്പ്‌

പാകം ചെയ്യുന്ന വിധം

ചിക്കന്‍ വൃത്തിയാക്കി ഇടത്തരം കഷ്ണങ്ങള്‍ ആക്കുക. ഇതിലേക്ക് മുളക്പൊടി, മഞ്ഞള്‍പ്പൊടി, ഗരംമസാലപ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്‌, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കി അര മണിക്കൂര്‍ നേരം ഫ്രിഡ്ജില്‍ വയ്ക്കുക. ഒരു പാനില്‍ 2 ടേബിള്‍സ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ചിക്കന്‍ കഷണങ്ങള്‍ അതിലേക്കു ചേര്‍ത്ത് ഇളക്കി ചിക്കന്‍ വേകുവാന്‍ മാത്രം വേണ്ടത്ര വെള്ളം ഒഴിച്ച് മൂടി വച്ച് വേവിക്കുക. ഗ്രേവി അധികം ആകരുത്.ചിക്കന്‍ പകുതി വേവാകുമ്പോള്‍ ഇടത്തരം കഷണങ്ങള്‍ ആക്കിയ തക്കാളി ഇതിലേക്ക് ചേര്‍ത്ത് വരട്ടി എടുക്കുക. തക്കാളി നന്നായി വെന്തുടഞ്ഞു ചിക്കന്‍ കഷ്ണങ്ങളില്‍ പിടിക്കണം. വെള്ളം വറ്റിയ ശേഷം വെളിച്ചെണ്ണ ഒഴിച്ച് ഗ്രേവി കുറുകുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് ഇളക്കി വാങ്ങി വയ്ക്കാം. ചപ്പാത്തി ചോറ് എന്നിവയുടെ കൂടെ വിളമ്പാം.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദാല്‍ ഫ്രൈ

October 18th, 2011

dal-fry-epathram

പരിപ്പിനോടുള്ള എന്റെ സ്നേഹം ഡല്‍ഹി ജീവിതത്തില്‍ നിന്നും കിട്ടിയതാണ്. പല തരം പരിപ്പുകള്‍ പല രീതിയില്‍ പാകം ചെയ്തു ചോറിനും ചപ്പാത്തിക്കും കഴിക്കുക ഒരു ശീലമാണ് അവിടെ. പരിപ്പ് ഏതു രൂപത്തില്‍ കിട്ടിയാലും എനിക്ക് സന്തോഷം ആണ്. മാത്രവുമല്ല അത്താഴത്തിനു ചപ്പാത്തിക്ക് ഒരു നല്ല കൂട്ട് കൊടുക്കുവാന്‍ പരിപ്പിന് മാത്രമേ കഴിയൂ എന്ന് എനിക്ക് തോന്നാറുണ്ട്. :-) ഏതായാലും പയര്‍, കടല, പരിപ്പ് എന്നീ കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രമേഹം കുറയ്‌ക്കാന്‍ സഹായിക്കും എന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.

ഈ ദാല്‍ ഫ്രൈ നിങ്ങള്‍ ഉദ്ദേശിക്കുന്ന ദാല്‍ ഫ്രൈ ആണോ എന്ന് എനിക്ക് പിടുത്തമില്ല. എന്തായാലും ഞാന്‍ ഉണ്ടാക്കുന്ന ദാല്‍ ഫ്രൈ ഇങ്ങനെയാണ്. ‘ലിജീസ്‌ വേര്‍ഷന്‍’ എന്ന് വിളിക്കാം. :)

ചേരുവകള്‍

തുവര പരിപ്പ് 1/4 കപ്പ്
ചെറുപയര്‍ പരിപ്പ് 1/4 കപ്പ്
ചുവന്ന പരിപ്പ് 1/4 കപ്പ്
സവാള  – 1 എണ്ണം ചെറുതായി അരിഞ്ഞത്
മഞ്ഞള്‍പൊടി – അര ടീസ്പൂണ്‍
വെളുത്തുള്ളി – അരിഞ്ഞത് ഒരു ടീസ്പൂണ്‍
പച്ച മുളക് – 4 എണ്ണം
ജീരകം – അര ടീസ്പൂണ്‍
കടുക് – അര ടീസ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
മല്ലിയില – ഒരു പിടി
എണ്ണ – ഒരു ടീസ്പൂണ്‍
വറ്റല്‍ മുളക് – 2 എണ്ണം

തയ്യാറാക്കുന്ന വിധം

പരിപ്പ് കഴുകി വൃത്തിയാക്കുക. പ്രഷര്‍കുക്കറില്‍ പരിപ്പ് ഇരട്ടി വെള്ളവും മഞ്ഞള്‍ പൊടിയും ഉപ്പും ചേര്‍ത്ത് 3 വിസില്‍ വരുന്നത് വരെ വേവിക്കുക.  ആവി പോയി കഴിയുമ്പോള്‍ തുറന്ന് നീളത്തില്‍ കീറിയ 2 പച്ച മുളക് ചേര്‍ത്ത് മൂടിവെച്ച് വേവിക്കുക. മറ്റൊരു പാത്രത്തില്‍ എണ്ണയൊഴിച്ച് ജീരകം, കടുക്, വറ്റല്‍മുളക് എന്നിവ വറക്കുക. ഇതിലേക്ക് അരിഞ്ഞ് വെച്ചിരിക്കുന്ന വെളുത്തുള്ളിയും വലിയ ഉള്ളിയും ബാക്കി മുളകും ചേര്‍ക്കുക. ഇവ ബ്രൌണ്‍ നിറം ആകുമ്പോള്‍ വേവിച്ചുവെച്ചിരിക്കുന്ന പരിപ്പിലേക്ക് ചേര്‍ക്കുക. നന്നായി ഇളക്കി തീ ഓഫ് ചെയ്യുക. മുകളില്‍ മല്ലിയില വിതറുക. ദാല്‍ ഫ്രൈ റെഡി. :)

- ലിജി അരുണ്‍

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« തലശ്ശേരി ബിരിയാണി
മിക്സ്ഡ് വെജിറ്റബിള്‍ ആന്‍ഡ്‌ ഫ്രൂട്ട് സലാഡ്‌ »



പ്രഷര്‍കുക്കര്‍ ബിരിയാണി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine