ഈന്തപ്പഴം പായസം

September 11th, 2012

dates payasam-epathram

ഇന്നലെ ഞങ്ങളുടെ അടുത്ത ഫ്ലാറ്റിലെ സാബിറ ആന്റി ഒരു പെട്ടി ഈന്തപ്പഴം കൊണ്ടുവന്നു തന്നു. ഞാനും ഹയകുട്ടിയും കൂടി കയറി ഇറങ്ങി തിന്ന് അത് പകുതിയാക്കി. ഇന്ന് രാവിലെ മുതല്‍ അല്‍പ്പം പായസം കുടിക്കാന്‍ ഒരു മോഹം. ആപ്പ ഊപ്പ പായസം ഒന്നുമല്ല.. ചെറുപയര്‍ പരിപ്പ് പായസം. :-) വൈകുന്നേരം ഉണ്ടാക്കാം എന്ന് വച്ചു. ഉച്ചമയക്കം ഒക്കെ കഴിഞ്ഞ്‌ എണീറ്റ്‌ വന്നപ്പോള്‍ ഭയങ്കര മടി. എന്നാല്‍ പായസം കഴിക്കാനുള്ള കൊതിയ്ക്ക് ഒരു കുറവുമില്ല. അപ്പോഴതാ നമ്മുടെ ഈന്തപ്പഴം ബാക്കി ഇരിക്കുന്നു. മോനെ… മനസ്സില്‍ ലഡ്ഡു പൊട്ടി. :-) ഇന്നത്തെ പായസത്തിലെ ഹീറോ ഇവന്‍ തന്നെ. ഈന്തപ്പഴം പായസം :-) ഇതിനു മുന്‍പ്‌ ഉണ്ടാക്കിയിട്ടില്ല. എങ്കിലും ഏകദേശം ഒരു ഐഡിയ വച്ചു അങ്ങ് ഉണ്ടാക്കി.. വളരെ എളുപ്പത്തില്‍ നല്ല സ്വാദുള്ള പായസം റെഡി.. :-)

ചേരുവകള്‍
ഈന്തപ്പഴം – 20 എണ്ണം
പാല്‍ – അര ലിറ്റര്‍
പഞ്ചസാര – 4 ടേബിള്‍സ്പൂണ്‍
റവ – ഒരു ടേബിള്‍സ്പൂണ്‍
ഏലയ്ക്കാ പൊടിച്ചത് – ഒരു ടീസ്പൂണ്‍
വെള്ളം – ഒരു ഗ്ലാസ്‌
കശുവണ്ടി – ഒരു ടേബിള്‍സ്പൂണ്‍
കിസ്മിസ്‌ – ഒരു ടേബിള്‍സ്പൂണ്‍
നെയ്യ് – രണ്ടു ടേബിള്‍സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഈന്തപ്പഴം കുരു കളഞ്ഞ് ചെറിയ കഷണങ്ങള്‍ ആയി നുറുക്കുക. ഒരു ഗ്ലാസ്‌ വെള്ളം തിളപ്പിച്ചത് ഇതിലേക്ക് ഒഴിക്കുക. ഇത് അടുപ്പില്‍ വച്ചു നന്നായി അലിയിപ്പിക്കുക. നല്ല കുറുകിവരുമ്പോള്‍ തീ കുറയ്ക്കുക. പാല്‍ ചേര്‍ത്ത് നന്നായി ഇളക്കുക. തിള വരുമ്പോള്‍ പഞ്ചസാരയും റവയും ചേര്‍ക്കുക. കുറുകുന്നത് വരെ ഇളക്കി കൊടുക്കുക. മധുരം ആവശ്യാനുസരണം കൂട്ടാം. വാങ്ങുന്നതിന് മുന്‍പ് ഏലയ്ക്കാപ്പൊടി ചേര്‍ത്ത് ഇളക്കുക. കശുവണ്ടിയും കിസ്മിസും നെയ്യില്‍ വറുത്ത് ചേര്‍ക്കുക. പായസം തയ്യാര്‍…

- ലിജി അരുണ്‍

വായിക്കുക:

2 അഭിപ്രായങ്ങള്‍ »

ഷാര്‍ജ ഷെയ്ക്ക്

January 16th, 2012

sharjah shake-epathram
എനിക്ക് മില്‍ക്ക് ഷെയ്ക്കുകള്‍ വല്യ താല്‍പ്പര്യം ഇല്ലാ. ജ്യൂസ്‌ ആണ് ഇഷ്ടം. കഴിഞ്ഞ ദിവസം വിശന്നു വീട്ടില്‍ എത്തിയപ്പോള്‍ അതാ കുറച്ചു ചിക്കു മേടിച്ചത് നന്നായി പഴുത്ത് ഇരിക്കുന്നു. ഫ്രിഡ്ജില്‍ ‘സ്കിംഡ് മില്‍ക്കും’. പഞ്ചസാരയ്ക്ക് പകരം അല്പം തേന്‍ ഒഴിക്കാം. ഒരു ഷെയ്ക്ക് അടിച്ചു നോക്കിയാലോ.. ചിക്കുവിനെ കൂടാതെ ഒരു പഴവും കൂടെ അടിക്കാം.. :) അങ്ങനെ നോടിയിടയ്ക്കുള്ളില്‍ എന്റെ ‘ദുബായ് ഷെയ്ക്ക്’ റെഡി ആയി. വലിയ ഡിമാന്‍ഡ് കാരണം എനിക്ക് അല്പം മാത്രമേ കിട്ടിയുള്ളൂ. എന്തായാലും നല്ല സ്വാദ് ഉണ്ടായിരുന്നു.

ചേരുവകള്‍

ചിക്കു (സപ്പോര്‍ട്ട) നന്നായി പഴുത്തത് – 2 എണ്ണം
ചെറുപഴം നന്നായി പഴുത്തത് – 1 എണ്ണം
പാല്‍ – 2 ഗ്ലാസ്‌
തേന്‍ – 1 ടേബിള്‍സ്പൂണ്‍
വാനില എസ്സെന്‍സ് – കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

ചിക്കുവും ചെറുപഴവും ചെറുതായി അരിഞ്ഞു മിക്സിയില്‍ അര ഗ്ലാസ് പാല്‍ ചേര്‍ത്ത് അടിക്കുക. ഇതിലേക്ക് തേനും, വാനില എസ്സെന്സും ബാക്കിയുള്ള പാലും ചേര്‍ത്ത് വീണ്ടും അടിക്കുക. മധുരം കൂടുതല്‍ വേണമെങ്കില്‍ അല്പം പഞ്ചസാരയും ചേര്‍ത്ത് അടിക്കാം. നീണ്ട ഗ്ലാസുകളില്‍ ഒഴിച്ച് മുകളില്‍ അല്‍പ്പം തേന്‍ ചുറ്റിച്ച് ഒഴിച്ച് അലങ്കരിച്ചു വിളമ്പുക.

കുറിപ്പ് : വാനില എസ്സെന്സിനു പകരം 1-2 ഏലയ്ക്ക പൊടിച്ചത് ചേര്‍ത്താലും നന്നായിരിക്കും.

- ലിജി അരുണ്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

സേമിയാ പായസം

November 1st, 2011

semiya payasam-epathram

ഇന്നലെ എന്റെ പിറന്നാള്‍ ആയിരുന്നു. എന്നോട് വൈകിട്ട് അടുക്കളയില്‍ കയറണ്ട, ഞാന്‍ നേരത്തേ വരും, ഡിന്നര്‍ ഉണ്ടാക്കി തരാം എന്നൊക്കെ പറഞ്ഞാണ് എന്റെ ഭര്‍ത്താവ് രാവിലെ ഓഫീസില്‍ പോയത്. അതോര്‍ത്തു രണ്ടു സുഹൃത്തുക്കളെയും ഞാന്‍ ഭക്ഷണത്തിന് വിളിച്ചു. വൈകുന്നേരം ആയപ്പോള്‍ പതിവ് പോലെ വിളിച്ചു പറയുന്നു, ”മോളെ, ഞാന്‍ ലേറ്റ് ആകും, ഡിന്നര്‍ പുറത്തു നിന്നും ആകാം.” :-( ഞാന്‍ ആണെങ്കില്‍ ഹോട്ടല്‍ ഭക്ഷണത്തോട് വല്യ താല്പര്യം ഇല്ലാത്ത ആളാണ്‌. ”വേണ്ട, വേണ്ട ഞാന്‍ ഉണ്ടാക്കികൊള്ളാം” എന്ന് പറഞ്ഞു ഞാന്‍ ഓഫീസില്‍ നിന്നും വീടെത്തി.

ലിഫ്റ്റില്‍ നിന്നും ഇറങ്ങിയപ്പോള്‍ തന്നെ നല്ല ബിരിയാണി മണം. ഹോ, നല്ല ചിക്കന്‍ ബിരിയാണി കഴിച്ചിട്ട് എത്ര ദിവസമായി. ഏതു ഫ്ലാറ്റില്‍ ആണോ ബിരിയാണി ഉണ്ടാക്കിയിരിക്കുന്നത്. ചെന്നിട്ട് ഞാനും ബിരിയാണി ഉണ്ടാക്കിയാലോ? വേണ്ടാ..ആകെ മടുത്താണ് ഓഫീസില്‍ നിന്നും വരുന്നത് . പോരാത്തതിന് ആറു കഴിഞ്ഞു സമയം. ഇനി ബിരിയാണിയും മറ്റും ഉണ്ടാക്കി വരുമ്പോള്‍ പാതിരാത്രി ആവും.. മാത്രവുമല്ല എന്റെ ഹയ  മോള്‍ ഞാന്‍ വരാന്‍ കാത്തിരിക്കുകയാണ്. മമ്മ വന്നുകഴിഞ്ഞാല്‍ ഉടനെ തന്നെ അടുക്കളയില്‍ കയറുന്നത് അവള്‍ക്കു സഹിക്കില്ല. അപ്പൊ ബിരിയാണി മോഹത്തിനെ മുളയിലെ നുള്ളി കളഞ്ഞു. എന്തെങ്കിലും തട്ടിക്കൂട്ട് പരിപാടി നടത്താം.. അതേ രക്ഷയുള്ളൂ. അങ്ങനെ ആലോചിച്ചു നടന്നു ചെന്ന് വാതില്‍ തുറന്നപ്പോള്‍, അതാ ബിരിയാണി മണം എന്റെ അടുക്കളയില്‍ നിന്നും തന്നെയാ. :-) എന്റെ കുഞ്ഞിപ്പെണ്ണിന്റെ കയ്യില്‍ ഒരു കൊച്ചു പാത്രത്തില്‍ പായസവും.. :-) മമ്മി (അമ്മായിയമ്മ )എനിക്ക് വേണ്ടി തലശ്ശേരി ബിരിയാണിയും സേമിയാപായസവും വെച്ചിരിക്കുന്നു. :-) എന്തൊരു സന്തോഷം. ഈ അടുത്ത കാലത്തെങ്ങും ഇത്രെയും ഞാന്‍ സന്തോഷിച്ചിട്ടില്ല..:-) മമ്മിയ്ക്ക് നന്ദി പറഞ്ഞു, പായസം കുടിച്ചപ്പോള്‍ എന്തൊരു സുഖം. പായസത്തിനു നല്ല സ്വാദ്. പിറന്നാളിനു മധുരം കൂടിയ പോലെ :-)ഏതായാലും പായസത്തിന്റെ ചിത്രവും മമ്മിയുടെ അടുത്ത് നിന്നും റെസിപ്പിയും എടുത്തു. ഇത് മമ്മിക്ക് ‘ഡെഡിക്കേറ്റ് ‘ ചെയ്തിരിക്കുന്നു. :-) തലശ്ശേരി ബിരിയാണി റെസിപ്പി ഞാന്‍ നേരത്തെ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

സേമിയാ പായസം എന്ന് പറയുമ്പോള്‍, മടിയന്മാരുടെ പായസം എന്നാണ് എന്റെ ചാച്ചന്‍ കളിയാക്കുക. കാരണം പായസം ഉണ്ടാക്കുകയും വേണം എന്നാല്‍ അധികം കഷ്ട്ടപെടാന്‍ പറ്റുകയും ഇല്ല എന്നുള്ളവരുടെ പായസമാണത്രേ സേമിയ പായസം. വീട്ടില്‍ എപ്പോഴും ചെറുപയര്‍ പരിപ്പ് പായസം ആയിരുന്നു സ്റ്റാര്‍. സേമിയാ പായസം വല്ലപ്പോഴുമേ ഉണ്ടാക്കൂ. എന്നാല്‍ എനിക്ക് ഇഷ്ടപ്പെട്ട പായസങ്ങളില്‍ ഒന്നാണ് ഇത്. എളുപ്പമാണ് ഉണ്ടാക്കാന്‍ എന്ന പ്രാധാന കാരണം കൊണ്ട് തന്നെ. ഉണ്ടാക്കി നോക്കുമ്പോള്‍ മനസിലാകും. ട്രൈ ചെയ്യാം??? :-)

ചേരുവകള്‍

സേമിയ – നൂറു ഗ്രാം
പാല്‍ – അര ലിറ്റര്‍
വെള്ളം – അര കപ്പ്
പഞ്ചസാര – 4 ടേബിള്‍സ്പൂണ്‍ (മില്‍ക്ക് മെയ്ഡ് ഉണ്ടെങ്കില്‍ ഇത്രയും പഞ്ചസാര ചേര്‍ക്കണ്ടതില്ല)
നെയ്യ്‌ – രണ്ടു ടേബിള്‍സ്പൂണ്‍
കശു വണ്ടി – രണ്ടു ടേബിള്‍സ്പൂണ്‍
കിസ് മിസ്‌ – രണ്ടു ടേബിള്‍സ്പൂണ്‍
ഏലയ്ക്ക പൊടിച്ചത് – മൂന്നെണ്ണം

തയാറാക്കുന്ന വിധം

നെയ്യ്‌ ചൂടാക്കി കശുവണ്ടിയും കിസ്സ്‌ മിസ്സും വറുത്തു എടുക്കുക. സേമിയ ഇതേ നെയ്യില്‍ ചെറുതായി വറുത്തെടുക്കുക. അടിയില്‍ പിടിച്ചു കരിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇതിലേക്ക് വെള്ളം തിളപ്പിച്ച്‌ ഒഴിക്കുക. സെമിയ പകുതി വേവാകുമ്പോള്‍ പാല്‍ ചേര്‍ക്കുക. ഇതിലേക്ക് ആവശ്യത്തിനു പഞ്ചസാരയും ഏലയ്ക്ക പൊടിച്ചതും ചേര്‍ത്ത്‌ ഇളക്കുക. മില്‍ക്ക് മെയ്ഡ് ഉപയോഗിക്കുകയാണെങ്കില്‍ ഈ സമയത്ത് അതും ചേര്‍ക്കാം. പാല്‍ തിളക്കുമ്പോള്‍ തീ കുറച്ചു വയ്ക്കുക. കുറുകി വരുമ്പോള്‍ തീ അണയ്ക്കുക. തണുക്കുമ്പോള്‍ പായസം അല്പം കൂടി കുറുകിയിരിക്കും. അത് കണക്കാക്കി വേണം അടുപ്പില്‍ നിന്നും വാങ്ങാന്‍. വാങ്ങിയ ശേഷം കിസ്മിസും കശുവണ്ടിയും ചേര്‍ത്ത്‌ ഇളക്കിയ ശേഷം ചെറു ചൂടോടെ വിളമ്പാം.

- ലിജി അരുണ്‍

വായിക്കുക: , , ,

1 അഭിപ്രായം »


« കടലക്കറി
ഇഡ്ഡലിയും തേങ്ങാ ചമ്മന്തിയും »



പ്രഷര്‍കുക്കര്‍ ബിരിയാണി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine