27 July 2008
അതിരപ്പിള്ളി പദ്ധതി: വിധി കാത്ത് ചാലക്കുടി പുഴയും
“നര്‍മ്മദയില്‍ പണിതു കൊണ്ടിരിക്കുന്ന സര്‍ദാര്‍ സരോവര്‍ അണക്കെട്ട് വീണ്ടും ഉയരം കൂട്ടി ക്കൊണ്ടിരിക്കുന്നു. ഈ മഴക്കാലം ഇവിടുത്തെ ജനങ്ങള്‍ക്ക് കണക്കില്ലാത്ത ദുരിതമാണ് സമ്മാനിച്ചത്. അതു കൊണ്ട് തന്നെ അതിരപ്പിള്ളിയെ മറ്റൊരു സര്‍ദാര്‍ സരോവര്‍ ആക്കരുതെന്നും തദ്ദേശ വാസികളുടെ മേലുള്ള അധികാരത്തെ ചവിട്ടി മെതിക്കരുത് എന്നും അഭ്യര്‍ത്ഥിക്കുന്നു” -മേധാ പട്കര്‍
ഒരു പുഴ കൂടി മരണ വിളി കാത്തു കിടക്കുന്നു. വികസന ദേവതയുടെ ബലി ക്കല്ലിനു മുന്നില്‍ ഊഴം കാത്തു കഴിയുന്ന ചെറു നീരുറവ മുതല്‍ ജലാശയങ്ങളും മഹാ നദികളും വരെ നീണ്ടു കിടക്കുന്ന ഇരകളുടെ പരമ്പരയില്‍ മറ്റൊന്ന്,ഇനി യൊരിക്കലും കാണാനാവില്ല നിങ്ങള്‍ക്ക് ഈ ചാലക്കുടി യാറിനെ, അതിരപ്പിള്ളിയെ, വാഴച്ചാലിനെ, അത് നമ്മുടെ നഷ്ടം. ഇനി വരുന്നൊരു തലമുറക്കോ? ഓ! അവര്‍, വെള്ളം കുപ്പിയില്‍ മാത്രം കണ്ട് ശീലമുള്ളോര്‍, ജലം വാട്ടര്‍ തീം പാര്‍ക്കിലെ കൌതുക വസ്തുവായി ആസ്വദിക്കുമ്പോള്‍ അവര്‍ക്ക് ഇതെങ്ങനെ ആഘാതം എന്നാവും! അതിരപ്പിള്ളി ജല വൈദ്യുത പദ്ധതി യുദ്ധ കാല അടിസ്ഥാനത്തില്‍ നടപ്പിലാക്കു വാനാണ് ഭരണകൂടം ശ്രമിച്ചു കൊണ്ടിരിക്കുന്നത് അതിന് ഇടതോ വലതോ എന്ന വ്യത്യാസമില്ല. നിരവധി കള്ളങ്ങള്‍ നിരത്തിയും അവ ജനങ്ങള്‍ ക്കിടയില്‍ പ്രചരിപ്പിച്ചും ചാലക്കുടി പുഴയ്ക്കു കുറുകെ അണ കെട്ടി വൈദ്യുതി ഉല്പാദിപ്പിക്കു മ്പോള്‍ കിട്ടുന്നതി നേക്കാള്‍ എത്രയോ അധികം സാമൂഹിക, പാരിസ്ഥിതിക നഷ്ടമാകും സംഭവിക്കുക യെന്നത് ഇത് നടപ്പിലാക്കു ന്നവര്‍ക്ക് വിഷയമേയല്ല. അതിരപ്പിള്ളി പദ്ധതിയെ പ്രദേശത്തുള്ളവരും കേരള ക്കരയിലെ നിരവധി സാംസ്കാരിക - സാമൂഹിക പ്രവര്‍ത്തകരും എതിര്‍ത്തിട്ടും നമ്മുടെ സര്‍ക്കാര്‍ എന്തിനിത്ര നിര്‍ബന്ധം പിടിക്കുന്നുവെന്നത് അത്ഭുതകരമായി തോന്നുകയാണ്. അതാണ് വികസനത്തിന്റെ രാഷ്ട്രീയ ശാഠ്യം! ജീവനോടെ ഒഴുകാനുള്ള പുഴയുടെ അവകാശത്തെ കുരുതി കഴിച്ചതു കൊണ്ടുള്ള നഷ്ടങ്ങള്‍ ഇതിനകം നമ്മളേറെ അനുഭവിച്ചു കഴിഞ്ഞിട്ടുണ്ട്. ഒരു നദിയുടെ നാശം വലിയൊരു ഭൂപ്രദേശത്തിന്റെ ജീവിതത്തെയും സംസ്കാരത്തെയും ബാധിക്കുമെന്നത് ആരെയും ഓര്‍മ്മ പ്പെടുത്തേ ണ്ടതില്ല. നശിപ്പിക്കു വാനായി നമുക്ക് കാടും, പുഴയും ഇനിയില്ലെന്നതും സത്യം. അവശേഷിക്കുന്ന വയെങ്കിലും എന്തു വില കൊത്തും നില നിര്‍ത്തേണ്ടതിനു പകരം നശിപ്പിക്കു വാനാണ് നാം ഇന്ന് മുന്‍കൈ എടുക്കുന്നത് എന്നതാണ് ഏറെ കഷ്ടം. എന്താണ് അതിരപ്പിള്ളി പദ്ധതി ചാലക്കുടി പുഴയില്‍ വാഴച്ചാല്‍ വെള്ളച്ചാട്ടത്തിന് 400 മീറ്റര്‍ മുകളിലാണ് അതിരപ്പിള്ളി അണക്കെട്ട് നിര്‍മ്മിക്കാന്‍ കെ എസ് ഇ ബി ഉദ്ദേശിക്കുന്നത്. 23 മീറ്റര്‍ ഉയരവും 311 മീറ്റര്‍ നീളവുമുള്ള ഡാമില്‍ നിന്നും ടണല്‍ വഴി വെള്ളം ഏഴ് കിലോമീറ്റര്‍ താഴെ, അതിപ്പിള്ളി വെള്ളച്ചാട്ടത്തിനും താഴെ, കണ്ണങ്കുഴി തോടിന്റെ കരയില്‍ സ്ഥാപിക്കുന്ന പവര്‍ഹൌസില്‍ എത്തിക്കുന്നു. ഇതിന് 160 മെഗാവാട്ട് സ്ഥാപിതശേഷിയുണ്ടെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഇതിന്റെ വാര്‍ഷിക ഉത്പാദനക്ഷമത 23 മെഗാവാട്ടിന് സമമായ 23.3 കോടി യൂണിറ്റ് മാത്രമാണ്, 650 കോടിയാണ് ഈ പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. കെ എസ് ഇ ബിയുടെ തന്നെ കണക്കുപ്രകാരം (അതും പെരുപ്പിച്ചാണ് പറയുന്നത്) പദ്ധതിയുടെ പ്രവര്‍ത്തനക്ഷമത വെറും 16 ശതമാനമാണ്. ഇപ്പോള്‍തന്നെ വന്‍ ബാധ്യതയില്‍ തുടരുന്ന കെ എസ് ഇ ബിയെ ഇത് കൂടുതല്‍ കടക്കെണിയിലേക്കാണ് നയിക്കുക. വൈകീട്ട് ആറു മുതല്‍ 11 വരെ വൈദ്യുതി കൂടുതല്‍ ആവശ്യം വരുന്ന സമയത്താണ് ഈ പദ്ധതിയുടെ ഗുണം ലഭിക്കുകയെന്ന് അവകാശപ്പെടുംബോള്‍ വൈദ്യുതി ഏറ്റവും ആവശ്യമായ വേനല്‍കാലത്ത് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം പുഴയിലൊഴുകുന്നില്ല എന്നതാണ് സത്യം. നീരൊഴുക്കിന്റെ തെറ്റായ കണക്കുനിരത്തി ഇ ഐ എയുടെ അബദ്ധജഢിലവും അപൂര്‍ണവുമായ പഠനത്തെ മുന്‍നിര്‍ത്തിയാണ് ഈ പദ്ധതി നടപ്പിലാക്കുവാന്‍ കെ എസ് ഇ ബി ശ്രമിക്കുന്നത്. പാത്രക്കടവ് പദ്ധതിക്കുവേണ്ടിയും ഇതേ തന്ത്രംതന്നെയാണ് കെ എസ് ഇ ബി പയറ്റിനോക്കിയത്. പൂര്‍ത്തിയാക്കാന്‍ ഒട്ടനവധി പദ്ധതികള്‍ ഇനിയും ബാക്കിയുണ്ട്, വൈദ്യുതി വകുപ്പ് ഇത്രയേറെ കടക്കെണിയിലാണെന്നിരിക്കെ ഇങ്ങനെ നിരന്തരം പുതിയ പദ്ധതികള്‍ ഉണ്ടായെ തീരൂ എന്ന ശാഠ്യം ആര്‍ക്കുവേണ്ടിയാണെന്നാണ് മനസ്സിലാകാത്തത്. വൈദ്യുതികമ്മി എന്ന പച്ചക്കള്ളം കേരള ജനത കാലാകാലാങ്ങളായി കേട്ടുകൊണ്ടിരിക്കുന്ന ഒന്നാണ് വൈദ്യുതികമ്മി. മാത്രമല്ല,ഓരോരുത്തരും ദിനംപ്രതി ലോഡ്ഷെഡ്ഡിങ്, പവര്‍കട്ട്, വോള്‍ട്ടേജ് ക്ഷാമം ഇവയിലേതെങ്കിലുമൊന്ന് അനുഭവിക്കുന്നവരാണ്. അതിനാല്‍ വൈദ്യുതി കമ്മിയെന്ന വാദം ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യതനേടിക്കഴിഞ്ഞു. ഇവിടെയണ് കെ എസ് ഇ ബിയുടെ കള്ളങ്ങള്‍ വിജയിക്കുന്നത്. ഓരോ പുതിയ പദ്ധതി വിഭാവനം ചെയ്യുമ്പോഴും അതിന്റെ പ്രവര്‍ത്തനശേഷിയെ പെരുപ്പിച്ച് കാണിക്കുകയും പ്രവര്‍ത്തനാനുമതി നേടിയെടുക്കുകയും ചെയ്യുന്നു. വൈദ്യുതി കമ്മിയെക്കുറിച്ച് നാം വേവലാതി പ്പെടുന്നതിനെപ്പറ്റി പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ സി. ആര്‍. നീലകണ്ഠന്‍ ഉന്നയിക്കുന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. “നാം ഉപയോഗിക്കുന്ന ഭക്ഷണമടക്കമുള്ള എല്ലാ വസ്തുക്കളും ഏതാണ്ട് 90 ശതമാനവും പുറത്തുനിന്നും വരുന്നവയാണ് .(അന്യസംസ്ഥാനങ്ങളില്‍ നിന്നും മറ്റും) അതായത് 90 ശതമാനം കമ്മിയാണ്. ഈ കമ്മിയെപ്പറ്റി നമുക്കൊരു വേവലാതിയുമില്ല. എന്നാല്‍ പ്രത്യക്ഷത്തില്‍ അനുഭവപ്പെടുന്ന (യഥാര്‍ഥത്തിലല്ല) 10-15 ശതമാനം വൈദ്യുതി കമ്മിയെപ്പറ്റി നാം ഏറെ വേവലാതിപ്പെടുന്നു.” വൈദ്യുതി കമ്മിയുണ്ടെന്ന് വിശ്വസിച്ചു പോരുന്ന കുറെ പേരെങ്കിലും നമുക്കിടയിലുണ്ട്. ലോവര്‍ പെരിയാര്‍, ഏലൂര്‍, ബ്രഹ്മപുരം എന്നീ നിലയങ്ങല്‍ പ്രവര്‍ത്തിച്ചിട്ടും കേന്ദ്രപൂളില്‍നിന്നും ആവശ്യത്തിന് വൈദ്യുതി ലഭ്യമായിട്ടും എന്തുകൊണ്ടാണ് പിന്നെയും കമ്മിയുണ്ടാകുന്നത്. യഥാര്‍ഥ പ്രശ്നം കമ്മിയല്ല, മറിച്ച് 5000 കോടിയോളം കടബാധ്യതയുള്ള കെ എസ് ഇ ബിയ്ക്ക് ഇനിയും വൈദ്യുതി വങ്ങാനുള്ള പണമില്ല എന്നതാണ്. ഈ 5000 കോടി എങ്ങനെ കടബാധ്യത വന്നു ഇതാണ് എത്രയും പെട്ടെന്ന് അന്വേഷണവിധേയമാക്കേണ്ടത്.ഇതിനിടയിലേക്കാണ് 650 കോടിയുടെ ബാധ്യതകൂടി ചേര്‍ത്ത് കൂടുതല്‍ നഷ്ടക്കണക്കെഴുതാന്‍ കെ എസ് ഇ ബി ശ്രമിക്കുന്നത്. ഏറ്റവും പ്രവര്‍ത്തനക്ഷമത കുറഞ്ഞ അതിരപ്പിള്ളി പദ്ധതിക്ക് വേണ്ടിവരുന്ന ചെലവ് ഈ ഭാരത്തെ ഇനിയും കൂട്ടൂകയേയുള്ളൂ. കാലതാമസം 650 കോടിയെന്നത് ഇനിയും ഇരട്ടിയായി വര്‍ദ്ധിച്ചേക്കാം. പദ്ധതിയുടെ മുടക്കുമുതല്‍ തന്നെ ലഭിക്കാന്‍ ഏറെ കാത്തിരിക്കേണ്ടിവരും. പാരിസ്ഥിതിക സാമൂഹിക നഷ്ടങ്ങള്‍ വേറെയും. അതുകൂടി കണക്കിലെടുത്താല്‍ നഷ്ടം മാത്രം വരുത്തിവെക്കുകയും പരിസ്ഥിതിക്ക് വലിയ ആഘാതമുണ്ടാക്കുന്ന ഈ പദ്ധതി എന്തിനു വേണ്ടിയാണ്? ആര്‍ക്കു വേണ്ടിയാണ്? കേരളത്തില്‍ ഇന്ന് പ്രതിവര്‍ഷം 1700 കോടി യൂണിറ്റ് വൈദ്യുതി ലഭിക്കനുള്ള സാധ്യത നിലവിലുണ്ട്. എന്നാല്‍ 2004-05 കാലയളവില്‍ ഉപയോഗിച്ചത് 1270 കോടി യൂണിറ്റാണ്. ഇതില്‍ പ്രസരണ വിതരണ നഷ്ടം തന്നെ 336 കോടി യൂണിറ്റാണ്. കെ എസ് ഇ ബിയുടെ കണക്കുപ്രകാരം വൈദ്യുത ഉപഭോക്താക്കളുടെ വാര്‍ഷിക വര്‍ദ്ധനവ് ഏഴ് ശതമാനമാണ്. അങ്ങിനെ വന്നാല്‍ തന്നെ 2008ല്‍ 1554 കോടിയൂണിറ്റാണ് ആവശ്യം വരിക. 336 കോടിയൂണിറ്റ് പ്രസരണ വിതരണത്തിലൂടെ പാഴാകുന്നതിന് പകരമായി വെറും 23 കോടി യൂണിറ്റുല്പാദിപ്പിക്കുന്ന അതിരപ്പിള്ളി പദ്ധതി എങ്ങനെ ഗുണകരമാകും? പദ്ധതിമൂലമുണ്ടാകുന്ന സാമൂഹിക, പാരിസ്ഥിതിക നഷ്ടങ്ങള്‍ ഏത് കണക്കില്‍ വകയിരുത്തും? എല്ലാ അര്‍ത്ഥത്തിലും നഷ്ടം മാത്രമുണ്ടാക്കുന്ന ഈ പദ്ധതി നടപ്പിലാക്കിയാലെ കേരളത്തിലെ വൈദ്യുതി പ്രതിസന്ധി മാറുകയുള്ളൂ എന്ന് കെ എസ് ഇ ബി നിര്‍ബന്ധം പിടിക്കുന്നത് സത്യസന്ധമല്ല. കേരളത്തില്‍ 995 മെഗാവാട്ട് സ്ഥാപിതശേഷിയില്‍ വൈദ്യുതി ഉത്പാദനത്തിനായി ചെറുതും വലുതുമായ 38 അണക്കെട്ടുകള്‍ നിലവിലുണ്ട്. പശ്ചിമഘട്ട മേഖലയിലെ 31500 ഹെക്ടര്‍ വനഭൂമിയാണ് ഇതിനുവേണ്ടി നശിപ്പിക്കപ്പെട്ടത്. നശിപ്പിക്കപ്പെട്ട വനമേഖലക്കുപകരം മറ്റൊരിടത്ത് മരങ്ങള്‍ വെച്ചുപിടിപ്പിച്ച് സന്തുലിതാവസ്ഥ നിലനിര്‍ത്തുമെന്ന് എല്ലായ്പ്പോഴും പറയാറുണ്ടെങ്കിലും അന്നേവരേ അത് പാലിച്ചിട്ടില്ല. വനന്‍ശീകരണം മൂലം കേരളത്തിലെ 41 നദികളിലെയും നീരൊഴുക്ക് ഗണ്യമായി കുരഞ്ഞു കൊണ്ടിരിക്കുകയാണ്. നമ്മുടെ കുടിവെള്ള ക്ഷാമത്തിന് മറ്റൊരു കാരണം തേടേണ്ടതില്ലല്ലോ? കേരളത്തിലെ ഒരു ജലവൈദ്യുതി പദ്ധതിയും നാളിതുവരെ സ്ഥാപിത ശേഷിയുടെ 50 ശതമാനം പോലും വൈദ്യുതി ഉത്പാദനം നടത്തിയിട്ടില്ല. (പ്രസരണ വിതരണ നഷ്ടത്തിനുപുരമെയാണിത്) ഇടുക്കി പദ്ധതിയുടെ സ്ഥാപിതശേഷി 780 മെഗവാട്ടായിരുന്നു, എന്നാല്‍ ലഭിക്കുന്നതോ 273.7 മെഗാവാട് മാത്രം. ഷോളയാര്‍- ശേഷി 54 മെഗവാട്ട്, ലഭിക്കുന്നത് 26.6 മെഗാവാട്ട്. പെരിങ്ങല്‍കുത്ത് സ്ഥാപിതശേഷി 32 മെഗാവാട്ട് ലഭിക്കുന്നത് 19.6 മെഗാവാട്ട്. മറ്റുള്ള നിലയങ്ങളും ഭിന്നമല്ല. കണക്കുകള്‍ സൂചിപ്പിക്കുന്നത് നാളിതുവരെ പദ്ധതി അവതരണസമയത്ത് കെ എസ് ഇ ബി ജനങ്ങള്‍ക്കു മുന്നില്‍ വെക്കുന്ന കണക്കുകള്‍ പച്ചക്കള്ളമാണെന്നാണ്. ഈ കള്ളങ്ങള്‍ക്കുമുമ്പില്‍ കേരളത്തിലെ പ്രകൃതിവിഭവങ്ങള്‍ക്ക് ഒരു വിലയുമില്ലേ? 27 പഞ്ചായത്തുകളിലെയും രണ്ട് മുനിസിപ്പാലിറ്റികളിലെയും ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്ന ഒരു പദ്ധതിക്കുവേണ്ടിയാണോ സര്‍ക്കാര്‍ ഇത്ര കടുംപിടുത്തം പിടിക്കുന്നത് ?. ഇനിയും ഒരണക്കെട്ടിനെ താങ്ങാനുള്ള ശേഷി കേരളത്തിനുണ്ടോ? അണക്കെട്ട് ഒരു മണ്ടന്‍വിദ്യയാണെന്ന് ലോകം തിരിച്ചറിഞ്ഞിട്ടും ഏറെ പ്രബുദ്ധരെന്ന് പറയുന്നവര്‍ എന്തുകൊണ്ടാണ് ഇത്തരം പദ്ധതികളുമായി മുന്നോട്ട് പോകുന്നത് ? വൈദ്യുതി പ്രതിസന്ധിക്ക് പ്രായോഗികമായ എത്ര ബദല്‍ മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കപ്പെട്ടുകഴിഞ്ഞിരിക്കുന്നു. പക്ഷെ അതൊന്നും കെ എസ് ഇ ബി മുഖവിലക്കെടുക്കാത്തതെന്തേ? പാരിസ്ഥിതിക നഷ്ടങ്ങള്‍ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി വന്നാലുണ്ടാകുന്ന പാരിസ്ഥിതിക നഷ്ടങ്ങള്‍ കണക്കാക്കാനാവാത്തത്ര വലുതാണ്. അനന്യമായ ഇക്കോവ്യൂഹമാണ് ചലക്കുടി പുഴയുടെ തീരം. ഇതിനെപറ്റി കാര്‍യ്യക്ഷമമായ ഒരു പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടില്ല്ല. ‘WAPCOS’ എന്ന കമ്പനി നടത്തിയ പഠനം പദ്ധതി ഏതുവിധേനയും നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുന്ന കെ എസ് ഇ ബി യുടെ ഇംഗിതത്തിനനുസരിച്ചുള്ളതായിരുന്നു. പദ്ധതി പ്രദേശത്ത് താമസിക്കുന്ന ‘കാടര്‍’ വിഭാഗത്തില്‍പെടുന്ന ആദിവാസികളുടെ പുനരധിവാസത്തെ ക്കുറിച്ചോ അവരുടെ ജീവിത്തെക്കുറിച്ചോ ഒന്നും പറയുന്നില്ല. ജല ജന്തുക്കളെ ക്കുറിച്ചോ, വന്യജീവികളെ ക്കുറിച്ചോ കാര്യമായ പഠനം നടത്തിയിട്ടില്ല, ഉള്ളവ തന്നെ അപൂര്‍ണമാണ്. പുഴയോരകാടുകളെക്കുറിച്ച് നടത്തിയ പഠനം പ്രഹസനമാണ്. പറമ്പിക്കുളം - പൂയംകുട്ടി വനമേഖലയെ ബന്ധിപ്പിക്കുന്ന ആനത്താര കടന്നുപോകുന്ന പ്രദേശം വെള്ളത്തിനടിയിലാകും. ഈ പ്രദേശത്ത് അവശേഷിക്കുന്ന അപൂര്‍വം ആനത്താരയാണ് ഇതോടെ ഇല്ലാതാവുക. പശ്ചിമഘട്ടത്തില്‍ തന്നെ സമുദ്രനിരപ്പില്‍ നിന്നും 200-300 മീറ്റര്‍ ഉയരത്തിലുള്ള പുഴയോരക്കാടുകല്‍ അവശേഷിക്കുന്ന ഏക ഇടമാണിത്. N B F G R (നാഷ്ണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോഴ്സ്സ്) റിപ്പോര്‍ട്ട് പ്രകാരം ചാലക്കുടിപുഴ ഇന്ത്യയിലെ തന്നെ ഏറ്റവും മത്സ്യവൈവിധ്യമുള്ള പുഴയാണ്. ഫ്രഞ്ച് ഇന്‍സ്റ്റിറ്റ്യുട്ട് പോണ്ടിച്ചേരിവനം വകുപ്പിനുവേണ്ടി 2000-ല്‍ നടത്തിയ പഠനം (Biodiversity Conservation Strategy and Action Plan for Kerala) മാങ്കുളം കഴിഞ്ഞാല്‍ കേരളത്തില്‍ ഹൈ കണ്‍സര്‍വേഷന്‍ വാല്യൂ (75%) ഉള്ള പ്രദേശം വാഴച്ചാല്‍ ഡിവിഷനാണെന്ന് കാണിക്കുന്നു. അതിനാല്‍ മുങ്ങിപ്പോകുന്ന കാടിന്റെ വിസ്തൃതിക്കൊപ്പം അതിന്റെ മൂല്യവും കണക്കിലെടുക്കേണ്ടതുണ്ട്. ഇവിടെ ഒരു പദ്ധതിയുടെ കാര്‍യ്യത്തിലും അങ്ങനെ ചെയ്യാറില്ല. അതിരപ്പിള്ളി പദ്ധതി നടപ്പിലായാല്‍ മുങ്ങിപ്പോകുന്ന പ്രദേശം കേരളത്തില്‍ ഇന്ന് നിലനില്‍ക്കുന്ന പരിസ്ഥിതി വ്യൂഹത്തിന്റെ (Low Elevation Riparion Forest Ecosystem) ഏക കണ്ണിയാണ്. കൂടാതെ വംശനാശം നേരിടുന്ന മലമുഴക്കി വേഴാമ്പലടക്കം 225 സ്പീഷിസില്‍പെട്ട പക്ഷികളുടെ ആവാസകേന്ദ്രമാണ് അതിരപ്പിള്ളി പുഴയോരക്കാടുകള്‍ . ഇതില്‍ നാലിനം വേഴാമ്പലുകളെ കാണുന്ന കേരളത്തിലെ ഏക ഇടമാണിതെന്ന് പക്ഷിനിരീക്ഷകര്‍ പറയുന്നു. മലമുഴക്കി വേഴാമ്പല്‍ , പാണ്ടന്‍ വേഴാമ്പല്‍ , കോഴി വേഴാമ്പല്‍ , നാട്ടുവേഴാമ്പലെന്നിവയാണവ. 1700 ച: കി മീ വിസ്തൃതിയുള്ള ചാലക്കുടിപ്പുഴത്തടത്തിന്റെ 1100 ച് കി മീ കേരള വനം വകുപ്പിന്റെ കീഴിലാണ്, ഇതില്‍ തന്നെ നിത്യഹരിതവനസസ്യങ്ങളുടെ വിസ്തൃതി വെറും 100 കി മീ ആയി ഇതിനകം ചുരുങ്ങിക്കഴിഞ്ഞു. ഇതുതന്നെ തുണ്ടം തുണ്ടമായി ചിതറിക്കിടക്കുകയാണ്. ചാലകുടി പുഴയിലെ നീരൊഴുക്ക് വര്‍ഷംതോറും കുറഞ്ഞുവരികയാണെന്ന് പ്രദേശം സന്ദര്‍ശിക്കുന്നവര്‍ക്ക് മനസ്സിലാവും. മഴക്കാലത്ത് മാത്രമാണ് ചാര്‍പ്പ തോട് ഒഴുകുന്നതും ചാര്‍പ്പ വെള്ളച്ചാട്ടം കാണാന്‍ കഴിയുന്നതും. കണ്ണന്‍കുഴി തോടിന്റെ അവസ്ഥയും മറ്റൊന്നല്ല. കെ എസ് ഇ ബി നീരൊഴുകിന്റെ കള്ളക്കണക്കുണ്ടാക്കിയത് എന്തിനുവേണ്ടിയാണെന്ന് അന്വേഷിക്കേണ്ടതുണ്ട്. ഈപദ്ധതിക്കുവേണ്ടി കെ എസ് ഇ ബി കാണിക്കുന്ന ആവേശം ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്കുവേണ്ടിയും മറ്റു ഊര്‍ജ്ജ സ്രോതസ്സുകള്‍ക്കുവേണ്ടിയും കാണിക്കാത്തത് എന്തുകൊണ്ടാണ് ? “ജലക്ഷാമം രൂക്ഷമായികൊണ്ടീക്കുന്ന ഇക്കാലത്ത് വൈദ്യുതിയുടെ ഉത്പാദനത്തില്‍ ജലവൈദ്യുതിയുടെ സാങ്കേതിക ഭാവി എന്തായിരിക്കും?” എന്ന എം എന്‍ വിജയന്‍ മാഷിന്റെ ചോദ്യം വളരെ പ്രസക്തമാണ്. ഈ പദ്ധതിമൂലം കാര്‍ഷികമേഖലക്കുണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ ഭയാനകമാണ്. 14000 ഹെക്ടര്‍ കൃഷിഭൂമിയുടെ ആശ്രയമായ തുമ്പൂര്‍മുഴി പദ്ധതിയുടെ പ്രവ്ര്ത്തനം അവതാളത്തിലാവും. 27 ഗ്രാമപഞ്ചായത്തുകളിലേയും രണ്ട് മുനിസിപ്പാലിറ്റികളിലെയും ജലസേചന ആവശ്യങ്ങള്‍ക്കായി നിലവില്‍ ഏറെ പ്രയോജനകരമാണ് തുമ്പൂര്‍മുഴി പദ്ധതി. ഒരു ഗ്രാവിറ്റി ടൈപ്പ് ഡൈവര്‍ഷനും 188 കി മീ വ്യാപിച്ചുകിടക്കുന്ന ഇടതുകര കനാലും 203 കി മീ നീളത്തില്‍ കിടക്കുന്ന വലതുകര കനാലും ഉള്‍പ്പെട്ടതാണ് തുമ്പൂര്‍മുഴി പദ്ധതി. 390 കി മീ നീളത്തില്‍ തൃശൂര്‍, എറണാംകുളം ജില്ലകളില്‍ വ്യാപിച്ചുകിടക്കുന്ന കനാല്‍ സംവിധാനത്തെ അതിരപ്പിള്ളി പദ്ധതി എങ്ങനെ ബാധിക്കുമെന്ന് പഠനം നടത്തിയിട്ടില്ല. ഇത്രയും തദ്ദേശവാസികളുടെ കൃഷി, കുടിവെള്ളം എന്നിവയെ ബാധിക്കുന്ന പ്രശ്നമായിട്ടും, ഭൂരിപക്ഷം വരുന്ന ജനങ്ങള്‍ എതിര്‍ത്തിട്ടും തങ്ങളുടെ ഇഷ്ടപ്രകാരം ഉണ്ടാക്കിയെടുത്ത റിപ്പോര്‍ട്ടിന്റെ ബലത്തില്‍ മുന്നോട്ടുപോകുന്ന കെ എസ് ഇ ബി യുടെ ഉദ്ദേശശുദ്ധിയെ സംശയിക്കാതെ തരമില്ല. ബദല്‍ മാര്‍ഗ്ഗങ്ങള്‍ വിശ്വ സുസ്ഥിര ഊര്‍ജ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (W I S E) ഡയറക്ടര്‍ ജനറലായ ജി മധുസൂദനന്‍ ഐ എ എസ് കേരള ജനതയ്ക്കുമുമ്പില്‍വെച്ച ബദല്‍ മാര്‍ഗങ്ങള്‍ക്ക് നമ്മുടെ രാഷ്ടീയ നേതൃത്വങ്ങള്‍ പുല്ലുവിലയാണ് കല്‍പ്പിച്ചത്. കാറ്റ്, സൂര്യന്‍, ജൈവികാവശിഷ്ടങ്ങള്‍ എന്നിവയില്‍നിന്നും വൈദ്യുതിയുല്പാദിപ്പിക്കാന്‍ ഉതകുന്ന മികച്ച സാങ്കേതികവിദ്യ ഇന്ന് ലഭ്യമാണ്. എന്നാല്‍ ഈ വഴിയെ എത്തിനോക്കാന്‍ പോലും നമ്മുടെ വൈദ്യുതി വകുപ്പ് തയ്യാറല്ല. കാറ്റില്‍നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ആഗോള സ്ഥാപിതശേഷി ഇപ്പോള്‍ 40000 മെഗാവാട്ട് കഴിഞ്ഞിരിക്കുന്നു, (നാമിപ്പോഴും കാലഹരണപ്പെട്ട കാറ്റാടി യന്ത്രത്തിന്റെ ഓര്‍മയിലാണ്) യൂറോപ്പില്‍ 2010 ല്‍ എഴുപത്തയ്യായിരം മെഗാവാട്ടും 2020 ആകുന്നതോടെ ഒന്നര ലക്ഷവും ഇതുവഴി കണ്ടെത്താനാണ് ശ്രമിക്കുന്നത്. അതിനുള്ള പദ്ധതികല്‍ നടപ്പിലാക്കികഴിഞ്ഞു. ഈ മേഖലയില്‍ ഇന്ത്യയുടെ സാധ്യതകള്‍ വളരെയേറെയാണെങ്കിലും നാം വളരെ പിന്നിലാണെന്നതാണ് സത്യം ഇന്ത്യയില്‍ 40000 മെഗാവാട്ട് വൈദ്യുതി കാറ്റില്‍നിന്നു മാത്രം ഉത്പാദിപ്പിക്കാന്‍ കഴിയും. മികവുട്ട സാങ്കേതികവിദ്യ ലഭ്യമാകുന്നതോടുകൂടി ഇത് ഒരു ലക്ഷം മെഗാവാട്ടായി ഉയര്‍ത്താനും സാധിക്കും. എന്നാല്‍ നാം ആണവകരാര്‍ ഒപ്പിട്ട് അമേരിക്കയുടെ ചതിക്കടിമെടാനാണ് നമ്മുടെ മുഖ്യധാരാ രാഷ്ടീയനേതൃത്വത്തിനു താല്പര്യം. സാമ്രാജ്യത്വ അജണ്ടകള്‍ക്കനുസരിച്ച് ഭരണചക്രം തിരിക്കാന്‍ ഇവര്‍ പരസ്പരം മത്സരിക്കുന്നു. ഈ ചതിയുടെ പേരും ഊര്‍ജ്ജസുരക്ഷ എന്നതാണ് ഏറെ രസകരം. കേരളത്തില്‍ കാറ്റില്‍നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാന്‍ സാധ്യതകള്‍ വലുതാണ്. 16 സ്ഥലങ്ങള്‍ അനുയോജ്യമാണെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു. രാമക്കല്‍മേട്, പറമ്പുക്കെറ്റിമേട്, സക്കുളത്തുമേട്, നല്ലശിങ്കം, കൈലാസ് മേട്, കഞ്ഞിക്കോട്, കോട്ടത്തറ, കുളത്തുമേട്, പൊന്മുടി, സേനാപതി, കോലാഹലമേട്, കോട്ടമല, കുറ്റിക്കാനം, പാഞ്ചാലിമേട്, പുള്ളിക്കാനം, തോലന്നൂര്‍ എന്നിവിടങ്ങളിലാണിത്. ഇതില്‍ തന്നെ ആദ്യത്തെ പത്തുസ്ഥലങ്ങള്‍ നല്ല ലാഭത്തില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ വേണ്ട കാറ്റിന്റെ ഘനിമ (Wind Power Density) ഉള്ളവയാണെന്ന് കണ്ടിട്ടുണ്ട്. അതുപോലെ സൂര്യപ്രകാശത്തില്‍നിന്നും വൈദ്യുതി എന്ന ആശയം ലോകത്ത് ഏറെ പ്രചാരം നേടിക്കഴിഞ്ഞു, ഈ രംഗത്തും നമ്മള്‍ ഏറെ പിന്നിലാണ്. കേരളത്തില്‍ മാത്രം 36 ലക്ഷം ടണ്‍ ജൈവ അവശിഷ്ടമാണ് പ്രതിവര്‍ഷം ലഭിക്കുന്നത്. ഇതിനെ വേണ്ടവിതത്തില്‍ ഉപയോഗിച്ചാല്‍ ഒരു മെഗാവാട്ടിന് പ്രതിവര്‍ഷം പതിനായിരം ടണ്‍ എന്ന കണക്കില്‍ 360 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയും. എന്നാല്‍ മേല്പറഞ്ഞ വിഷയങ്ങളില്‍ ജി മധുസൂദനന്‍ ഐ എ എസ് നല്‍കിയ നിര്‍ദേശങ്ങള്‍ക്ക് നാം ഒരു വിലയും കല്പിക്കുകയുണ്ടായില്ല. “ഇടതുപക്ഷ സര്‍ക്കാരിന്റെ വൈദ്യുതി മന്ത്രിയായിരുന്ന എസ് ശര്‍മ്മയുമായും, യു ഡി എഫ് മന്ത്രിയായിരുന്ന കടവൂര്‍ ശിവദാസനുമായും ഇക്കാര്യം യഥാസമയങ്ങളില്‍ ചര്‍ച്ചചെയ്തിരുന്നു. രണ്ടര വര്‍ഷംകൊണ്ട് മഹാരാഷ്ട്രയില്‍ 400 മെഗാവാട്ട് ശേഷിയുള്ള വിന്‍ഡ് പവര്‍ സ്റ്റേഷന്‍ സ്ഥാപിച്ച അനുഭവമായിരുന്നു ഇതിന്റെ പിന്‍ബലം, എന്നാല്‍ ജന്മനാട് എനിക്ക് നിരാശ മാത്രമാണ് നല്‍കിയത് “ ജി മധുസൂദനന്‍ പറയുന്നു. ( ഇദ്ദേഹം മഹാരാഷ്ട്ര എനര്‍ജി ഡവലപ്പ്മെന്റ് ഏജന്‍സിയുടെ ഡയറക്ടര്‍ ജനറലായി പ്രവര്‍ത്തിച്ചിരുന്നു) നമ്മുടെ ബ്യൂറോക്രസിയുടെ കരാളഹസ്തം ജനങ്ങളെ എത്രമാത്രം ഞെരുക്കി ഇല്ലാതാക്കികൊണ്ടിരിക്കുകയാണെന്ന സത്യത്തെ നേരിടാന്‍ എല്ലാവരും മറക്കുകയാണ്. അതിരപ്പിള്ളി പദ്ധതിക്ക് 650 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്ഥാപിതശേഷിയായി അവകാശപ്പെടുന്നത് 163 മെഗാവാട്ടും, 67.70 ലക്ഷം വരുന്ന ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന രണ്ട് കോടിയിലധികം വരുന്ന സാധാരണ ബള്‍ബുകള്‍ക്ക് പകരം നല്ലതരം സി എഫ് എല്‍ ബള്‍ബുകള്‍ നല്‍കാന്‍ 140-150 കോടിയെ വരൂ, ഇതില്‍ നിന്നു മാത്രം കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന വൈകുന്നേരങ്ങളില്‍ 300-350 മെഗാവാട്ടിന്റെ കുറവ് വരുത്താനാവും. ചെറുകിട ജലവൈദ്യുത പദ്ധതികളെയും മറ്റു ബദല്‍ മാര്‍ഗങ്ങളെയും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്, അല്ലാതെ ഇനിയും കാട് ഇല്ലാതാക്കി അണക്കെട്ട് കെട്ടാനും അത്യന്തം അപകടകാരിയായ ആണവോര്‍ജ്ജ ത്തിനുവേണ്ടി മുതലാളിത്ത രാജ്യങ്ങള്‍ക്കു മുന്നില്‍ യാചിക്കാനുമല്ല മുതിരേണ്ടത്. ഊര്‍ജ്ജോല്പാദന രംഗത്ത് പഞ്ചായത്തുകള്‍ക്ക് ചെറുകിട പദ്ധതികള്‍ക്ക് സഹായങ്ങള്‍ നല്‍കിയും, ബദല്‍ മാര്‍ഗങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരണം നടത്തിയും നിലവിലെ ഊര്‍ജ്ജപ്രതിസന്ധിക്ക് പരിഹാരം കാണാവുന്നതേയുള്ളൂ. ഊര്‍ജ്ജോല്പാദനരംഗത്ത് സംസ്ഥാനത്തിന് പുതിയ നയം സ്വീകരിക്കേണ്ടിയിരിക്കുന്നു. കൂടാതെ കെ എസ് ഇ ബിയുടെ അഴിമതിയും കെടുകാര്യസ്ഥതയും തുടച്ചുനീക്കുകയും വമ്പന്‍ കമ്പനികള്‍ നല്‍കാനുള്ള കുടിശ്ശിക നിര്‍ബന്ധമായും പിരിച്ചെടുക്കുകയും വേണം. കാലഹരണപ്പെട്ട വിതരണ സംവിധാനത്തെ മെച്ചപ്പെട്ട സാങ്കേതികവിദ്യയുടെ സഹായത്താല്‍ നവീകരിക്കുകയും വൈദ്യുതിമോഷണം തടയുകയും ചെയ്താല്‍ തന്നെ ഈ വകുപ്പ് ലാഭത്തിലേക്ക് കുതിക്കും. ഇതിനൊന്നും ശ്രമിക്കാതെ, പൂര്‍ത്തിയാകാതെ കിടക്കുന്ന പദ്ധതികള്‍ മുഴുമിപ്പിക്കാതെ, പുതിയ പദ്ധതികള്‍ക്കുപിന്നാലെ പായുന്ന പ്രവണത ഇനിയെങ്കിലും കെ എസ് ഇ ബി അവസാനിപ്പിക്കണം. അതിരപ്പിള്ളി പദ്ധതി വരുന്നതോടെ വെള്ളച്ചാട്ടം നിലയ്ക്കും, അതോടെ കേരള ടൂറിസം വകുപ്പിനും അതുമായി ബന്ധപ്പെട്ടുജീവിക്കുന്ന അഞ്ഞൂറിലധികം വരുന്ന കുടുംബങ്ങള്‍ക്കും വന്‍ നഷ്ടമാണുണ്ടാക്കുക. പ്രതിവര്‍ഷം എട്ട് ലക്ഷം സന്ദര്‍ശകരാണ് ഇവിടെ എത്തുന്നത്. ടൂറിസത്തേയും കുടിവെള്ളത്തെയും പരിസ്ഥിതിയേയും ബാധിക്കുന്ന ഈ പദ്ധതി നമുക്ക് വേണോ? ഒട്ടേറെ ബദല്‍ മാര്‍ഗങ്ങള്‍ മുന്നിലുള്ളപ്പോള്‍ എന്തിനാണ് ജീവജലം മുട്ടിക്കുന്ന, ജീവജാലങ്ങളെ നശിപ്പിക്കുന്ന, പച്ചപ്പിനെ ഇല്ലാതാക്കുന്ന, ജീവന്റെ ഉറവുകളെ കെടുത്തുന്ന ഈ പദ്ധതിക്കായി ഇത്ര വാശിപിടിക്കുന്നത്. നാളെ ഒരു തുള്ളിവെള്ളത്തിനായി നമ്മുടെ കുഞ്ഞുങ്ങള്‍ വിലപിക്കുമ്പോള്‍ പ്രായശ്ചിത്തം നമുക്ക് ചെയ്യാനാവുക? ഇന്ന് ഈ സത്യത്തെ തിരിച്ചറിഞ്ഞില്ലെങ്കില്‍ ഇനിയൊരിക്കലും നമുക്കീ ഹരിതഭൂമിയെ തിരികെ ലഭിക്കില്ല. - ഫൈസല്‍ ബാവ faisal@epathram.com |
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്