വരുംകാല യുദ്ധങ്ങള്‍ വെള്ളത്തിനു വേണ്ടി ആകുമെന്ന പ്രവചനത്തെ പറ്റി നാം ഒരു പാടു ചര്‍ച്ച ചെയ്തതാണ്. ഇപ്പോഴിതാ തീവ്രവാദത്തിനും ജലം ഒരു വിഷയമാകുന്ന അവസ്ഥ വന്നിരിക്കുന്നു. വെള്ളത്തിന്റെ വിപണി വളരുന്നതോടൊപ്പം ആകുലതയും വളരുന്നുണ്ട്. സാമ്രാജ്യത്വ ശക്തികളുടെ ഇംഗിതത്തിനു വഴങ്ങി, ഒട്ടു മിക്ക മൂന്നാം ലോക രാജ്യങ്ങളും വഴി വിട്ട വികസനവും ജല മലിനീകരണവും തുടരുകയാണ്. ഇതിന്റെ തിക്ത ഫലം പല രാജ്യങ്ങളും അനുഭവിക്കുന്നുമുണ്ട്. ലോകത്തിനു തന്നെ ഭീഷണിയായി തീവ്രവാദം വളര്‍ന്നു വരുന്ന സാഹചര്യത്തില്‍ ജല തര്‍ക്കങ്ങള്‍ തീവ്രവാദ സംഘടനകള്‍ ഏറ്റെടുത്താല്‍ ഉണ്ടാകുന്ന അവസ്ഥ ഭീകരമായിരിക്കും.
ജല ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തില്‍ അസംതൃപ്തരായ ജനങ്ങള്‍ക്കു മേല്‍ തങ്ങളുടെ ആവശ്യങ്ങള്‍ തിരുകി കയറ്റാന്‍ തീവ്രവാദ സംഘങ്ങള്‍ക്ക് എളുപ്പം കഴിയും. പ്രത്യേകിച്ച് സ്വാതന്ത്ര്യം ലഭിച്ച് അറുപത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്ത്യയിലെ കുടി വെള്ള ക്ഷാമം ദിനം പ്രതി വര്‍ദ്ധിച്ചു വരുമ്പോള്‍, ജല പദ്ധതികള്‍ക്കായി ആയിരങ്ങളെ കുടി ഇറക്കുമ്പോള്‍, പുനരധിവാസം വെറും കടലാസു പ്രഖ്യാപനം മാത്രമാകുമ്പോള്‍, ജനങ്ങള്ക്കി ടയിലേക്ക് ജലമെന്ന വിഷയം ഉയര്‍ത്തി ക്കാട്ടി ജല തര്‍ക്കങ്ങള്‍ മൂര്‍ച്ഛിപ്പിക്കാന്‍ തീവ്രവാദ സംഘടനകള്‍ക്ക് എളുപ്പത്തില്‍ കഴിയും. ഈ അവസ്ഥയെ കണ്ടില്ലെന്നു നടിച്ചാല്‍ നമുക്കുണ്ടാവുന്ന നഷ്ടം വളരെ വലുതായിരിക്കും.
ഇപ്പോള്‍ തന്നെ ലഷ്കറ ത്വയ്യിബ സ്ഥാപക നേതാവും ജമാഅത്തെ മുത്വവ്വ യുടെ നേതാവുമായ ഹാഫിസ് സെയ്ദ് ഇന്ത്യക്കെതിരെ യുദ്ധം ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരിക്കുന്നു. ജനകീയ വിഷയങ്ങളെ എടുത്ത് തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയാണ് ഇവര്‍ ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്. ജല തര്‍ക്കത്തെ പുതിയ ജല തീവ്രവാദ മാക്കാനാണ് സെയ്ദിന്റെ ശ്രമം. വരും കാലയുദ്ധങ്ങള്‍ ജലത്തിനു വേണ്ടിയാകും എന്ന ഓര്‍മ്മപ്പെടു ത്തലിനു മീതെ ജല തീവ്രവാദവും ഉണ്ടാക്കുമെന്ന ധ്വനി ഹാഫിസ് സെയ്ദിന്റെ വാക്കുകളില്‍ ഒളിച്ചിരിക്കുന്നുണ്ട്.
ജല തീവ്രവാദമെന്ന ആശയം ഇവര്‍ ഉയര്‍ത്തി കൊണ്ടു വരുന്നതിനു പിന്നില്‍ ആഗോള തലത്തിലുള്ള ഒരു അജണ്ട ഒളിച്ചിരിക്കുന്നുണ്ട്. അത് ജലത്തിന്റെ വിപണിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. 250 രാജ്യങ്ങള്‍ താണ്ടി വിവിധ നദികള്‍ ഒഴുകി കൊണ്ടിരിക്കുന്നുണ്ട്. അപ്പോള്‍ ജല തര്‍ക്കങ്ങള്‍ മുറുകിയാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ ഊഹിക്കാമല്ലോ. ആണവായുധം തീവ്രവാദികളുടെ കൈകളില്‍ എത്തിയാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പോലെ തന്നെയാണ് ജല തര്‍ക്കങ്ങള്‍ ഇവര്‍ ഏറ്റെടുത്താലും ഉണ്ടാകുക. ഒന്ന് നശീകരണ ആയുധമാണെങ്കില്‍ ജലം ജനത്തെ തമ്മില്‍ തല്ലിക്കാന്‍ പറ്റിയ വിഷയമാണ്. അത് തീവ്രവാദികള്‍ വേണ്ട വിധത്തില്‍ പ്രയോഗിച്ചാല്‍?
ജീവന്റെ നിലനില്‍പ്പിന് ജലം അത്യാവശ്യമാണ്. വരും കാലം വെള്ളത്തെ സ്വര്‍ണ്ണത്തേക്കാള്‍ വിലമതിക്കും. അതിനാലാണ് പരിസ്ഥിതി പ്രവര്‍ത്തകയും എഴുത്തുകാരിയുമായ മോഡ് ബാര്‍ലെ വെള്ളത്തെ “ബ്ലൂ ഗോള്‍ഡ് ”എന്ന് വിശേഷിപ്പിച്ചത്.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്