ഈ വിചിത്രജീവിയെ നിങ്ങള്‍ കണ്ടിട്ടുണ്ടോ? ഇംഗ്ലീഷില്‍ purple frog / pig nose frog എന്നും മലയാളത്തില്‍ പാതാള തവളയെന്നുമാണ് ഇവന്റെ പേര്. നാസിക ബട്രച്ചുസ് സഹ്യദ്രെന്സിസ് (Nasikabatrachus sahyadrensis) എന്ന ശാസ്ത്ര നാമം കേട്ട് പേടിക്കരുത്, . സംസ്കൃതത്തില്‍ 'nasika' എന്നാല്‍ മൂക്ക് എന്നാണല്ലോ, ആ വാക്കില്‍ നിന്നാണ് ഈ ശാസ്ത്രീയ നാമത്തിന്റെ ഉറവിടം. 'batrachus' എന്നാല്‍ തവള എന്നും, sahyadrensis എന്നതു സഹ്യാദ്രിയെ സൂചിപ്പിക്കാനും. ഇന്ത്യക്കാരനായ എസ്. ഡി. ബിജു, ബെല്‍ജിയം കാരനായ ഫ്രാങ്കി ബോസ്സുയ്റ്റ് എന്നീ ശാസ്ത്രജ്ഞര്‍ ആണ് നമ്മുടെ സഹ്യാദ്രി യില്‍ നിന്ന് വിചിത്രരൂപിയായ ഇവനെ കണ്ടെത്തിയത്. പര്‍പിള്‍ നിറവും ഏക ദേശം 7 സെന്റീമീറ്റര്‍ നീളവും ഉള്ള തടിച്ച ഇവന് ചില്ലറക്കാരനല്ല എന്നാണ് ജനിതക പരിശോധനയില്‍ തെളിഞ്ഞത്. കാരണം ഇവന്റെ പൂര്‍വികര്‍ 175 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ദിനോസര്‍കള്‍ക്കൊപ്പം ചാടി ചാടി നടന്നവര്‍ ആണത്രേ. ഇവന്റെ അടുത്ത ബന്ധുക്കള്‍ ഇന്ത്യയില്‍ നിന്ന് വളരെ അകലെ മടഗാസ്കറിന് അടുത്ത് സീഷെല്‍സ് ദ്വീപില്‍ ആണ് ഉള്ളത് എന്നത് കൌതുകകരമായ വസ്തുതയാണ് . ഇതിനു ശാസ്ത്ര ലോകത്തിന്റെ മറുപടി കേള്‍ക്കണ്ടേ! ഒരു കാലത്ത് ഇന്ത്യ, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഭാഗം ആയിരുന്നു എന്നും ഇന്ത്യ, ആഫ്രിക്കയില്‍ നിന്ന് വേര്‍പെട്ടു ഏഷ്യയില്‍ ചേര്‍ന്ന സമയത്ത് ഇവരുടെ പൂര്‍വികരും അതോടൊപ്പം എത്തി എന്നുമാണ് അവരുടെ നിഗമനം. 70 വര്‍ഷങ്ങള്‍ക്കു ശേഷമാണു ജന്തുലോകം ഒരു തവള വര്ഗ്ഗത്തിനെ പുതിയതായി കണ്ടെത്തുന്നത്. അതിനാല്‍ ശാസ്ത്ര ലോകം ഇവന്റെ കണ്ടെത്തലിനെ ഒരു നൂറ്റാണ്ടിന്റെ കണ്ടുപിടിത്തം എന്നാണു വിശേഷിപ്പിക്കുന്നത്.
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്